Wednesday, July 29, 2020

ചൊക്ളി 26

                    വിശ്ശൊനാദസ്സാമീരെദ് വീടല്ല, മഡാണ്. അത് വീടല്ല..മഡോല്ല.. ആസ്പത്രിയാന്നാ ചൊക്ളിക്ക് തോന്നീത്. എട്ടേക്കറ് പറ്മ്പാണ്.. ഏയ് മക്കള്.. ആറ് മഡങ്ങള്.. പിന്നെ സാമീം ലളിതമ്മ്യാരും രാമേന്ദ്രൻ ഡോട്ടറും കൂടി പാർക്കണ വല്യ മഡോം..

താമരച്ചേട്ത്താര്ക്ക് മൂന്ന് ബസ്സ്. സാമീരേടോടെ അഞ്ചു ബസ്സ്.. അദ്ല് സാമിക്ക് വാശീണ്ട്.. ചേട്ത്താര് മൂന്ന് ബസ്സ് ഓരോന്നായി വേടിച്ചപ്പോ സാമി ഒന്നിച്ചാ വേടിച്ചു അഞ്ച് ബസ്സ്. എല്ലാ ബസ്സോള്ക്കും ഒര് പേരന്നെ… മഡത്ത്ലെ മോട്ടറ്സ്. പഴേ ലള്ത ബസ്സും ദിനേസ ബസ്സും ഒക്കെ പോയി. പുതിയ ബസ്സോളായി.

പൊഴമ്പള്ളത്തിൻറെ ഒര് പാകത്ത് താമരച്ചേട്ത്താര്.. മറ്റേ പാകത്ത് സാമി..

സാമീരെ മക്കളൊക്കീം ഡോട്ടറുമാരണ്. ഒക്കേം ഓരോ മഡത്തിലാണ്. വൈന്നാരായ ആൾക്കാര് വന്നൊടങ്ങും.. കാലത്ത് അവര് എല്ലാ ഡോട്ടറ് മാരും സറ്ക്കാര് ആസ്പത്തരീല് പണിക്ക് പൂവ്വൂം.. വൈന്നാരാണ് മഡത്തില് ആസ്പത്തരി തൊറ്ക്കല്..

ചൊക്ളി ക്കങ്ങട് സാസം മുട്ട്യൊടങ്ങി.. ചെന്നപ്പ തന്നെ..

പറേമ്പോ ചണ്ണക്കാലൻ..

ചിയ്യണ്ടാത്ത പണീല്യാ..

പട്ടേം നാളിയേരോം പറക്കല് മൊതല് ഡോട്ടറ്മാരടെ പഞ്ഞി വരെ എട്ത്ത് ചുടണം…

ഉഷമ്യാര് ഡോട്ടറ് പെണ്ണങ്ങള്യാ നോക്കാ.. പേറും കെർപ്പോം..

രാമേന്ദരൻ ഡോട്ടറ് എല്ലാറ്റിങ്ങളേം നോക്ക്ല്ണ്ട്. ആ ഡോട്ടറ് സാമീൻറെ മോൻന്ന് ദിനേസ്. തലേൻറേം നെരമ്പിൻറേം ഡോട്ടറാവാൻ പഡിക്ക്ണ്.. കോയിക്കോട്..

പ് റേമമ്യാര് ഡോട്ടറ് കുഞ്ഞിയോള്യാ നോക്കല്.. യേത് നേരോം കുഞ്ഞിക്കരച്ചലും തള്ളാര് രെ വാവോ പാട്ലും..

കിഷണമൂത്ത് രി ഡോട്ടറ് കാലും കൈയും ഒടിഞ്ഞോരേ.. നടൂം തല്ലി വീണോരെ.. തെങ്ങ്മ്മ്ന്ന് വീണോരേ..ഒക്ക്യാ നോക്ക്ല്.

സുന്നര് ഡോട്ടറ്.. പല്ല്മ്മ്യാണ് കളി.. ഡോട്ടറ്ടെ പല്ല് നല്ല തെള്ക്കാണ്.. ഒര് കേട്ല്ല..

നെഞ്ഞ് നോക്ക്ണ്ട്.. ജെയരാമൻ ഡോട്ടറ്.. അദികോം വയസ്സായോരാ.. നെലോളിട്ട് വരാ അവടെ..

എപ്പളും ചിറിക്കണ ഒര് ഡോട്ടറ്ണ്ട്. ചെവിടും മൂക്കും തൊള്ളേം നോക്കും. ക്ടാങ്ങളും തള്ളാരും ഒക്കെ വരൂം. അ ഡോട്ടറ്ക്ക് എപ്പളും സന്തോഷ്ണ്. ചിറിക്കാണ്ട് പൂവ് ല്യാ.. 'എന്താ.. സുഖല്ലേ..വെഷമൊന്നുല്യല്ലോ' ന്ന് ചോയിക്കും. വെങ്ങട്ടൂന്ന് വിശ്ശൊനാദസ്സാമിം ലളിതമ്മ്യാരും വിള്ക്കണ കേക്കാം..മ്മ്ടെ രാമേട്ടൻ എടയ്ക്ക് വരല്ണ്ട് അവടെ.. ആവത് ഇല്ല. ഇന്നാലും വരും...

പണിക്കാര്ക്ക് താമേയ്ക്കാൻ സലണ്ട്. മൂന്നേരോം തിന്നാനും ണ്ട്. കാൽത്ത് കാപ്പി.. ഇഡ്ഡലി.. ഉപ്പാവ്, കോയിക്കോട്ട, പച്ചൊള്ളം പോലത്തെ ചട്ടിണി.. വൈന്നാരം ചായ.. വട.. അല്ലേങ്ങി ബോണ്ട ഉച്ചക്ക് ചോറ്, കൊണ്ടാട്ടം, സ്രോന്ന് സാമ്പാറ്.. അല്ലെങ്കി ചേമ്പ് പുളിങ്കറി, ഓരോരോ എലോളും ചേനേം പടേറ്റി കായേം കൊറേ പച്ചമൊളകും ഇട്ട് വെളിച്ചെണ്ണ തളിച്ച് വേവിച്ച് ത്. പച്ചൊള്ളം ഉമ്മിണി ഒയിച്ച സമ്പാരം..

ഒക്കേം എന്തോരം വേണങ്ക്ലും ത് ന്നാം. ആരും ഒന്നും ചോയിക്കില്ല.. പണിക്കാര്ക്ക് തിന്നാൻ വെക്കണത് ജാനൂം അവളരെ തള്ളേം മുത്താച്ചീം കൂടീറ്റാണ്..

ജാനൂനെ ആണങ്ങള് പണിക്കാര് കുത്തിത്തൊള്ച്ച് നോക്ക്ണ്ട് ന്ന് ചൊക്ളി ക്ക് തിരിഞ്ഞു. മോറ് കണ്ടാ മടുത്തോന്നുല്ല. മുമ്പട്ട് കൊറേ മൊലേണ്ട്. പിമ്പട്ട് വല്യ ചന്ത്യോളും.. പിന്നെ കൊറേ തൽമുടീണ്ട്. അത്ണ് അവള് വെള്മ്പാൻ വരാത്തദ്. ചെന്ന അന്നന്നെ മുത്താച്ചീം ജാനൂൻറെ തള്ളേം ചൊക്ളീം കൂട്യായി വെള്മ്പല്.

വിശ്ശൊനാദസ്സാമ്യാ പറഞ്ഞേ…'മറിയപ്പാറേരെ മാപ്പള്ളാരെ എടക്കും കൊശത്തിയോളടേം ചെട്യച്ചോളടേം എടേലോന്നും പോണ്ട് രാ ചൊക്ളിയേ… നീയ് ഇബടെ കെട്ന്നോ.. നിനക്ക് എബടെ കെടന്നാല്ന്താ…. ആരൂല്യല്ലോ എബട്യായാലും..'

ചൊക്ളി ഒന്നും മിണ്ടീല്ല..

മയിലീനേം പപ്പിനീനേം കാണാണ്ടിര്ക്ക്ണ്ടേന്ന് ഒര് ദണ്ണപ്പാട് വന്ന് കേട്ടപ്പോ..

മയിലി ചിറിക്കും.. വാറ്റണ്ട.. അത് കെട്ട വേലൈ ന്ന് പറയും. അവള് ചിറിക്കണ കാണ് മ്പോ ഒര് കുള് ര് വര്ല്ണ്ട്. അവ് ളായിറ്റ് ഒരിസ്സ്ടം വന്നതാർന്നു..

സാമീരോരേ താമയിച്ചാ വാറ്റ് നിക്കും.. അത് മയിലിക്ക് ഇസ്ടാവും..

പപ്പിനി പണീട്ത്ത് കയിഞ്ഞോളും. വാറ്റും കലം ചോക്കലും ..

ഇന്നാലും പപ്പിന്യോടൊന്ന് പറേണം. ഇന്നട്ട് മതി സാമീരോരെ സ്തിരം നിക്കല്.. താമയിക്കലും..

No comments: