Monday, June 15, 2020

ചേനപ്പൂ.., പിട്ലൈയും പിരണ്ടായ് തൊഹയലും..

                        


അപ്പോൾ ഭംഗിയായി..

ചേനപ്പൂ..

തോരനും പിട്ലൈയും..

നല്ല രുചികരമായ വിഭവങ്ങൾ..
                                                 
06/05/2020




                                                                    
07/05/2020


പിട്ലൈയും പിരണ്ടായ് തൊഹയലും..

അമ്മീമ്മ മാത്രമേ ഇതു രണ്ടും ഉണ്ടാക്കിത്തന്നിട്ടുള്ളൂ. അമ്മീമ്മയെ വിട്ടു പോന്നിട്ട് എൻറെ നിർമ്മിതിയായി പിട്ലൈ ചെയ്ത് അപമാനിതയായതിനു ശേഷം ഞാൻ ആ ഏർപ്പാടേ നിറുത്തി. എൻറെ മകൾ മുതിർന്നതിൽപ്പിന്നെ വല്ലപ്പോഴും ഒന്നോ രണ്ടോ തവണ ഉണ്ടാക്കിക്കൊടുത്തിട്ടുണ്ടാവണം. അവളും കണ്ണനും ഞാൻ എന്തുണ്ടാക്കിയാലും കഴിക്കും. കറിപ്പാത്രം എടുത്തെറിയുകയോ എൻറെ തലവഴി കമിഴ്ത്തുകയോ ഒന്നും ചെയ്യില്ല..

ചിലപ്പോൾ കടിച്ചമർത്തി കണ്ണൻ ഇങ്ങനെ പറയാറുണ്ട്.

'ഹൗ.. സഹിക്കാൻ പറ്റുന്നില്ല. എല്ലാറ്റിനും ഒരു പരിധിയില്ലേ '

എന്നിട്ട് അച്ഛനും അച്ഛന്റെ മോളും ചിരിക്കും.

അമ്മീമ്മ പാരിക്ക,( പാവക്ക എന്ന കയ്പക്ക) വാഴത്തണ്ട്, വഴുതനങ്ങ ഇവയെല്ലാം പിട്ലൈ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നു. ഞാനിന്ന് ചേനപ്പൂ കൊണ്ടും ഉണ്ടാക്കി..

അപ്പോൾ ശരി..

1. പിട്ലൈ

പച്ചക്കറി ഏതായാലും അല്പം വെള്ളത്തിൽ മഞ്ഞൾപ്പൊടി ചേർത്ത് വേവിക്കുക. കടലപരിപ്പോ തുവരപരിപ്പോ ഏതാണ് താല്പര്യമുള്ള തെങ്കിൽ അതും വേവിച്ച് വെക്കുക. ഇത് രണ്ടും ഒരുമിച്ച് ചേർത്ത് പുളിവെള്ളം ഒഴിച്ച്, ഒരു ചിന്നത്തിള വരുമ്പോൾ നിറുത്തുക.

തേങ്ങാ നിറം മാറാതെ വറുത്ത് വെക്കണം. കടലപ്പരിപ്പ്, ഉഴുന്ന് പരിപ്പ്, ചുവന്ന മുളക്, അല്പം കുരുമുളക്, അല്പം ഉലുവ, മുഴുവൻ മല്ലി ഇവയെല്ലാം എണ്ണയില്ലാതെ വറുത്ത് തേങ്ങയും ചേർത്തരച്ച് പച്ചക്കറി പരിപ്പ് മിശ്രിതത്തിൽ ചേർത്ത് തിളക്കുമ്പോൾ ചുവന്നമുളക്, കടുക്, കറിവേപ്പില,കായംപൊടി എന്നിവ പൊരിച്ചുകൊട്ടുക.

വേണമെങ്കിൽ ഒന്നോരണ്ടോ സ്പൂൺ തേങ്ങ ഇത്തിരി നെയ്യിൽ ചുമക്കേ വറുത്ത് മുകളിൽ വിതറി പിട്ലൈ അലങ്കരിക്കാം.

നല്ല രുചികരമായ വിഭവമാണ്. ചൂടു ചോറിൽ ചേർത്ത് കഴിക്കാൻ നല്ല സ്വാദാണ്. പാവക്കയുടെ കയ്പ് അറിയുകയേയില്ല.

2. പിരണ്ടായ് തൊഹയൽ..

പിരണ്ടായ് എന്നു പറഞ്ഞാൽ ആരാന്നോ?

നമ്മുടെ ചങ്ങലം പരണ്ട.

എല്ലൊടിഞ്ഞാൽ പണ്ടൊക്കെ ചങ്ങലംപരണ്ടയുടെ ചാറും തണ്ടും വെച്ച് തുണിയും മുളക്കഷ്ണവും ചേർത്ത് താങ്ങുകൊടുക്കുമായിരുന്നു. കൂടാതെ ദഹന സംബന്ധമായ സകല പ്രശ്നങ്ങൾക്കും ചങ്ങലംപരണ്ട സിദ്ധൗഷധമാണ്.

തൃക്കൂര് വീട്ടിൽ ഒരുമാതിരി എല്ലാ ഔഷധസസ്യങ്ങളും ഉണ്ടായിരുന്നു.

അമ്മീമ്മ ഇടയ്ക്കിടെ ഈ തൊഹയൽ അഥവാ ചമ്മന്തി ഉണ്ടാക്കിത്തരും. ചൂടുചോറും ഈ ചമ്മന്തിയും നല്ല ചേർച്ചയാണ്.

പിരണ്ടായ് തണ്ട് അഞ്ചാറു കഷണമെടുത്ത് അതിന്റെ നാലു വശവും നേർത്തതായി ചീവുക. ചതുരപ്പയറിൻറേയും കായുടേയും ഒക്കെ വശങ്ങൾ ചീവുന്നതു പോലേ. ഒന്നര ഇഞ്ച് നീളത്തിൽ മുറിക്കുക.

അല്പം നല്ലെണ്ണയിൽ തേങ്ങ, ഉഴുന്നുപരിപ്പ്, ചുവന്നമുളക്, ഇഞ്ചി, കറിവേപ്പില, പിരണ്ടായ് കഷണങ്ങൾ എന്നിവ ഓരോന്നായി ഇട്ട് വഴറ്റുക. അല്പം പുളിയും ഉപ്പും ചേർത്ത് നന്നായി അരച്ചെടുക്കുക.

അമ്മീമ്മയുടെ വിരൽത്തുമ്പുകളെ ഓർമ്മിച്ചുകൊണ്ട്...

'കോന്തേ.. ചാപ്പ്ട്... നല്ലാ ചാപ്പടണം എന്നോട് കോന്തയ് ' എന്ന് പറഞ്ഞ് ഭക്ഷണം തരാറുള്ളത് ഓർമ്മിച്ചുകൊണ്ട്...

ഞാൻ... ഇങ്ങനെ...


No comments: