Tuesday, June 16, 2020

ഓരോരോ പെണ്ണുങ്ങൾ

                                                    
                                                
രാവിലെ എഴുന്നേല്പിച്ചത് പൂനത്തിന്റെ ഫോൺകോളാണ്. ദില്ലിയിൽ കൊടുംചൂടാണ്. അവൾ നാലു മണിക്കേ എഴുന്നേറ്റു കഴിഞ്ഞു. 'ഈ ചൂടിൽ ആർക്കു കഴിയും കിടന്നുറങ്ങാൻ... ദീദി..'

ശരിയാണ്..

പൂനത്തിന് നാലു പെൺകുട്ടികളാണ്. ഞാനവളെ ആദ്യം കാണുമ്പോൾ ഒര് കുഞ്ഞ് മുല കുടിക്കുന്നു, പിന്നെ ഒരു വാവ 'എനിച്ചും വേണം ദുദ്ദൂ 'എന്ന അമ്മപ്പാലെന്ന് കരയുന്നു. ഏറ്റവും വലിയ കുഞ്ഞ് മൂക്കീരു നുണഞ്ഞ് ചപ്രത്തലയുമായി എന്തെങ്കിലും തിന്നാൻ കിട്ടുമോന്ന് ചുറ്റും നോക്കുന്നു. തെരുവിൽ വീണു കിടക്കുന്ന ഒരു മിഠായിക്കടലാസ്സു പോലും ആ കുഞ്ഞ് എടുത്ത് നക്കി നോക്കും.. അന്നേരം ആ കുഞ്ഞിക്കണ്ണുകൾ കാണണം.. കൊതി, ആശ, നിരാശ, സങ്കടം.. എല്ലാം ഇങ്ങനെ കണ്ണീരാൽ എഴുതിയിരിക്കും അവയിൽ...

ഇരുപത്തൊന്നു വയസ്സുള്ള പൂനത്തിന് മൂന്നു മക്കൾ..

പൂനമെന്നല്ല ശരിക്കും പേര്, സിക്കിമിൽ നിന്ന് ദില്ലിയിൽ വന്നപ്പോൾ പഴയ പേര് വേണ്ടാന്ന് വെച്ചു... ദില്ലിക്കാർക്ക് വിളിക്കാൻ എളുപ്പത്തിൽ പേര് മാറ്റിയതാണ്..

ഭർത്താവ് ഉണ്ട്.. ദില്ലിക്കാരൻ.. സിക്കിമിലേക്ക് തിരിച്ചു പോവാൻ പൂനത്തിന് കഴിയില്ല.. അവർക്ക് അങ്ങനെയാണത്രേ.. അതിപ്പോൾ എല്ലായിടത്തും അങ്ങനെ തന്നെയായിരുന്നല്ലോ.. പെണ്ണ് വീട്ടീന്ന് ഇറങ്ങരുത്... നാട്ടീന്ന് ഇറങ്ങരുത്.. പഠിക്കരുത്... ചിരിക്കരുത്.. നോക്കരുത്...

സിക്കിമിൻറെ ഭംഗിയെപ്പറ്റി, അവിടുത്തെ പൂക്കളെപ്പറ്റി, മാസ്ക്കുകളെപ്പറ്റി പൂനം പറ്റുമ്പോഴെല്ലാം എന്നോട് പൊട്ടിപ്പൊളിഞ്ഞ ഹിന്ദിയിലും കൈകാലാംഗ്യത്തിലും വിശദീകരിക്കും..

അതൊരു കാലം.. ദുരിതങ്ങളുടെ, ദണ്ഡങ്ങളുടെ, കണ്ണീരിൻറെ മാത്രം കാലം..

ഒര് ആൺകുട്ടിയെ പെറണമല്ലോ. പൂനം പിന്നേയും ഗർഭിണിയായി. നാലാമത്തെ ആ ഗർഭം സ്വയം അലസിപ്പോയി. അവളുടെ ഭർത്താവ് കൊന്നില്ലെന്നേയുള്ളൂ. മണ്ണെണ്ണ ഒഴിച്ചത് അവളുടെ മേൽ മാത്രമല്ല, ആ മൂന്ന് പെൺകിടാങ്ങളുടെ ദേഹത്തുമാണ്..

എന്തായാലും കത്തിച്ചില്ല..

പൂനം അടുത്തുണ്ടായിരുന്ന ഫ്ളാറ്റുകളിൽ വീട്ടുജോലിക്ക് പോകും. അങ്ങനെയാണ് കഷ്ടപ്പെട്ട് ജീവിച്ചിരുന്നത്. ഏതു നേരവും ജോലിയാണ്..

അങ്ങനെ അഞ്ചാമത്തെ ഗർഭവും വന്നു. പെണ്ണിനെ പെറ്റാൽ കൊലപ്പെടുമെന്ന ഭീതിയിൽ പൂനം ദണ്ഡപ്പെട്ടു കഴിഞ്ഞു കൂടി..

പെറ്റത് പെണ്ണിനെ ആയിരുന്നു.. അന്ന് ആരോടും ചോദിക്കാതെ പൂനം ഗർഭമാവലങ്ങു നിറുത്തിച്ചു.. സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ ആദ്യമൊന്നും വഴങ്ങിയില്ല.. ഭർത്താവ് വന്നാലേ പറ്റൂ ഒപ്പിട്ടു തന്നാലേ പറ്റൂ എന്ന് വാശി കാണിച്ചു. നിയമം അങ്ങനെയാണെന്ന് പറഞ്ഞു.. പറ്റാവുന്നത്ര തടസ്സങ്ങൾ ഉന്നയിച്ചു.

എന്നാലും വന്ധ്യംകരണത്തിൻറെ ടാർഗറ്റ് തെകയ്ക്കണമെന്ന ഡോക്ടർമാരുടെ ആവശ്യവും തുണച്ചതുകൊണ്ട് ഒടുവിൽ പൂനം തന്നെ ജയിച്ചു.

നാലു പെൺമക്കളുടെ അമ്മയായ പൂനത്തിന് തിരികെ വന്നപ്പോൾ കിടക്കാൻ പോലും ഇടമുണ്ടായിരുന്നില്ല. ചേരിയിലെ ഒറ്റമുറി ഭർത്താവ് വേറെ ആർക്കോ കൊടുത്തിരുന്നു. കാശും മേടിച്ച് അയാൾ സ്ഥലം വിട്ടിരുന്നു.

പെറ്റ പെണ്ണ് അടഞ്ഞു കിടക്കുന്ന ആ മുറിയുടെ വാതിലിനു മുന്നിൽ ഇരുന്നു..

മുറി വാങ്ങിച്ച ആണിനും പെണ്ണിനും പൂനത്തിനെ കണ്ടപ്പോൾ കലി വന്നു. അവർ അവളെ പിടിച്ചുന്തുകയും ചവിട്ടുകയും ചെയ്തു.. ഓടയിലേക്ക് വീണ അവളുടെ തുടയെല്ല് ഒടിഞ്ഞു.

അപ്പോഴും ചത്തില്ല..

അന്നൊക്കെ അവൾ ജീവിച്ചിരുന്നത് കാണുമ്പോൾ ഞാൻ സ്വയം ധൈര്യപ്പെടുമായിരുന്നു. സ്ലം വിങ് ഡെവലപ്‌മെന്റിന് വേണ്ടി വലിയൊരു കോംപ്ളക്സ് പണിയുന്ന ജോലിയിലായിരുന്നു ഞാൻ.. ആ പൂർത്തിയാവാത്ത കെട്ടിടത്തിന്റെ ഒരു വരാന്തയിലാണ് പൂനം പ്ളാസ്റ്ററിട്ട കാലുമായി കിടന്നിരുന്നത്.നാലു മക്കൾ അവളുടെ ശരീരത്തിനു ചുറ്റുമായി എപ്പോഴും ചുരുണ്ട് കിടക്കുന്നുണ്ടാവും..

അതൊരു ബ്രഹ്മാണ്ഡ ചേരിയായിരുന്നതു കൊണ്ടാണ് പൂനം ചത്തു പോവാതിരുന്നത്. ആരെങ്കിലും എന്തെങ്കിലും ഒക്കെ കൊടുക്കും.. ഒരു കൈ സഹായിക്കും.. ഒരു ചായ, കടല വറുത്തത്, കുറച്ചുപ്പ് ചേർത്ത റൊട്ടി, സവാള, ഒരു പിടി ചോറ്.

ഒടുവിൽ അവൾ എഴുന്നേറ്റു.. അല്പം മുടന്തോ ഏക്കമോ നടക്കുമ്പോൾ ഒരു തിരിയലോ.. എന്തോ ഒരു കുഴപ്പമുണ്ടായിരുന്നു..

ഫ്ളാറ്റുകളിലെ ജോലി അവൾ അലഞ്ഞു നടന്നു മേടിച്ചെടുത്തു. എസ് എഫ് എസ് സ്കീമിലെ ഫ്ളാറ്റുകളിൽ പണി കിട്ടിയപ്പോഴാണ് പൂനത്തിന് ഒരു മാറ്റം വന്നത്..

അക്കാലത്ത് തന്നെ മൂന്നും നാലും അഞ്ചും കോടിയൊക്കെ വില മതിച്ചിരുന്നവയായിരുന്നു എസ് എഫ് എസ് ഫ്ളാറ്റുകൾ. കൊടും പണക്കാരാണ് അവിടെ പാർത്തിരുന്നത്.

അവിടെ ചിലരുമായി പൂനം അടുത്തു. ഒന്നൊരു മേജർ ജനറലായിരുന്നു. പിന്നൊരാൾ ഒരു സിനിമാക്കാരനും..

അവരുടെ വീട്ടിൽ ഡസ്റ്റിംഗ് ആണ് പൂനം ചെയ്തു പോന്നത്.. പുരുഷന്മാരുടെ ഇംഗിതത്തിനു വഴങ്ങിയ പൂനം പണം കൃത്യമായി മേടിച്ചു…

ആ സൈനികനോട് അവൾക്ക് ഒത്തിരി ഇഷ്ടമായിരുന്നു.. അയാൾ സുഗന്ധമേറിയ സോപ്പും ഷാംപൂവും നല്ല വസ്ത്രങ്ങളും അവൾക്ക് നല്കി. അയാൾ ഒരു പരമബോറൻ സൈനിക നായിരുന്നില്ല. ഒരു സൗന്ദര്യാരാധകൻ കൂടിയായിരുന്നു. അയാളെപ്പറ്റി പറയുമ്പോൾ അവളുടെ മുഖം നവോഢയെപ്പോലെ തുടുക്കും.. അവൾക്ക് ശരീരത്തിൻറെ ലാളനയും ആനന്ദവും പകർന്നു നല്കിയത് അയാളാണ്.. അയാൾ മാത്രമാണ്.

* * * *

പെൺമക്കൾ പഠിച്ചു. മൂന്നൂ പേരിൽ ഒരാൾ നഴ്സായി, രണ്ടു പേർ സർക്കാർ ഓഫീസുകളിൽ തൂപ്പുകാരായി, മണ്ണെണ്ണ യിൽ കുതിർന്ന് മരിക്കാൻ പോയവൾ സ്റ്റേറ്റ് ബാങ്കിൽ ഓഫീസറായി. എല്ലാവരും വിവാഹം കഴിച്ചു.. ഓഫീസർ മകൾ വിവാഹം ചെയ്തത് സിക്കിംകാരനെയാണ്..

ലോക്ഡൗണിനു മുമ്പേ ഓഫീസർ മോളുമൊത്ത് പൂനം അനേകകാലങ്ങൾക്ക് ശേഷം സിക്കിമിലേക്ക് പോയിട്ടു വന്നു…. ആ ആഹ്ളാദം അവളുടെ വാക്കുകളെ ആയിരം പാദസരങ്ങളാക്കി..

'ദീദി, എനിക്ക് സിക്കിമിൽ തിമ്പുർ കിട്ടി'യെന്ന് പറയുന്നത് കേൾക്കാൻ തന്നെ എനിക്കു ഒത്തിരി സന്തോഷമായിരുന്നു..

തിമ്പുർ എന്നാൽ ഒരു തരം കുരുമുളക്.. ചൈനയിലുണ്ടാകുന്നത്. എരിവ് കുറവാണ്.. നാരങ്ങയുടെ രുചിയാണ്..

പൂനം എനിക്കുണ്ടാക്കിത്തന്നിട്ടുള്ള രണ്ട് സിക്കിം വിഭവങ്ങൾ…

തക്കാളി ചുടുക, പച്ചമുളകും, വെള്ളുള്ളിയും ചുടുക. ഒന്നിച്ചരച്ച് ഉപ്പും അല്പം കടുകെണ്ണയും ചാലിക്കുക..

പിഞ്ചു ചൊറിതണം വൃത്തിയാക്കി കഴുകി എടുക്കുക. ചോളപ്പൊടി ചേർത്ത് കൊഴുത്ത് വരുന്ന തരത്തിൽ വെള്ളം തിളപ്പിക്കുക. ചുവന്ന മുളക് വെള്ളത്തിലിട്ട് കുതിർത്തതും വെളുത്തുള്ളിയും വേണ്ടത്ര തിമ്പുർ മണികളും ചേർത്ത് അരച്ചത് തിളക്കുന്ന വെള്ളത്തിൽ ചേർക്കുക, ചൊറിതണവും ചേർക്കുക, ചൊറിതണം പെട്ടെന്ന് വേവും. ഉപ്പും ശകലം മഞ്ഞൾപ്പൊടിയും ചേർക്കുക. ഒരു മത്തെടുത്ത് കടഞ്ഞ് ചൊറിതണവും ചോളപ്പൊടി ചേർത്തവെള്ളവും പരസ്പരം നന്നായി യോജിപ്പിക്കുക. ഇപ്പോൾ അതൊരു കൊഴുത്ത, മഞ്ഞയിൽ പച്ചരാശിയുള്ള സൂപ്പായിട്ടുണ്ടാകും…

വിഭവങ്ങളുടെ പേരുകൾ അവൾ പറഞ്ഞു തന്നിരുന്നു.. ഞാൻ മറന്നു പോയി. തിമ്പുറിന് പകരം സാധാരണ കുരുമുളക് ചേർത്ത് എനിക്ക് സൂപ്പുകൂട്ടാൻ തരുമ്പോൾ ഇതല്ല.. 'ദീദി. ഇതല്ല അതിൻറെ രുചി'യെന്ന് അവൾ അമ്പതു വട്ടം പറയുമായിരുന്നു.

അവർ ചോളപ്പൊടി കുറുക്കിയതിനൊപ്പമാണ് ഈ വിഭവങ്ങൾ കഴിക്കുന്നത്.

ഞാൻ ചോറിൻറേയും ചപ്പാത്തിയുടേയും ബ്രഡിൻറേയും ഒപ്പം കഴിക്കും.

തക്കാളി ചുടുമ്പോൾ പൂനം പറയും. 'ഇത് പെണ്ണിൻറെ ജീവിതമാണ് ദീദി.'

No comments: