Friday, November 1, 2019

അമ്മച്ചിന്തുകൾ 67
ജീവിതം എത്ര പെട്ടെന്നാണ് തികച്ചും അപ്രതീക്ഷിതമായ കൊടും വളവുകളിലൂടേ യാത്ര ചെയ്യാൻ തുടങ്ങുകയെന്നോ...
അങ്ങനെ ആയിരുന്നു ആ മാറ്റങ്ങൾ..
അമ്മീമ്മയുടെ ചലനങ്ങൾ മന്ദഗതിയിലായി. ചടുപിടുന്നനെ കാര്യങ്ങൾ ചെയ്തിരുന്ന അമ്മീമ്മക്ക് അങ്ങനെ പറ്റാതായി. ചെറിയ സാധനങ്ങൾ പോലും അമ്മീമ്മയുടെ കൈയിൽ നിന്ന് വീഴാൻ തുടങ്ങി. സാരിയും ബ്ളൗസും ഉപേക്ഷിച്ച് അമ്മീമ്മ സ്ലീവ് ലെസ് ഗൗണുകൾ ധരിച്ചു. തലമുടിയുടെ നീളം വളരെയേറെ വെട്ടിക്കുറച്ചു. എത്ര വയ്യെങ്കിലും പറമ്പിലിറങ്ങി നടക്കുകയും ചെടികളോടും മരങ്ങളോടും കിന്നാരം പറയുകയും ചെയ്തിരുന്ന അമ്മീമ്മയ്ക്ക് മുറ്റത്തിറങ്ങാൻ വയ്യാതായി. കിടക്കാനേ ഇഷ്ടപ്പെടാതിരുന്ന അമ്മീമ്മ എപ്പോഴും കട്ടിലിനെ ആശ്രയിച്ചു.
അമ്മീമ്മക്ക് ആരുമില്ലെന്നും വയസ്സായി വയ്യാതായാൽ ആരും നോക്കുകയില്ലെന്നും ചൂണ്ടിക്കാണിക്കാത്ത, അങ്ങനെ വേദനിപ്പിക്കാത്ത ഒരാൾ പോലും ഞങ്ങളുടെ ജീവിതത്തിൽ കടന്നുവന്നിട്ടില്ല. കഴിഞ്ഞ ജന്മത്തിൽ അവർ ഒരു കൊടുംപാപിയായിരുന്നുവെന്നും അതാണ് അവർക്ക് സ്വന്തം മക്കളും ഭർത്താവുമില്ലാതെ പോയതെന്നും പറഞ്ഞിട്ടുള്ളവരോടൊക്കെ എനിക്ക് കഠിനമായ വെറുപ്പ് ഉണ്ടായിട്ടുണ്ട്. എന്നിട്ടും പലരേയും ഞാൻ ഇന്നും സഹിക്കുന്നത് അമ്മീമ്മയും അമ്മയും പകർന്നു തന്ന സഹിഷ്ണുതയുടെ പാഠങ്ങൾകൊണ്ടാണ്. ഞങ്ങൾ അമ്മീമ്മയുടെ മക്കളല്ല എന്നു പറയുന്നവരെയൊന്നും എനിക്ക് കാണാൻ കൂടി ഇഷ്ടമില്ല.
അമ്മ ഈ ലോകത്തിലാർക്കും തന്നെ സാധിക്കാത്ത വിധം സ്നേഹത്തോടെയാണ് അമ്മീമ്മയെ പരിചരിച്ചത്. അക്കാലങ്ങളിൽ അനിയത്തി അല്ല, അമ്മീമ്മയുടെ മകളായി തന്നെ അമ്മ പരിവർത്തനപ്പെട്ടു. അമ്മിണി എന്നൊരു അമ്മൂമ്മയായിരുന്നു അന്ന് വീട്ടുജോലിക്ക് സഹായിച്ചിരുന്നത്. ആ മൂന്നു പേരും ഇന്ന് ഈ ലോകത്തിലില്ല. വയ്യാത്ത ഒരു സ്ത്രീയെ വേറെ രണ്ടു സ്ത്രീകൾ കൂടി നാലഞ്ചു വർഷങ്ങളോളം മടുക്കാതെ വെറുക്കാതെ ശപിക്കാതെ പരിചരിച്ചു. അമ്മീമ്മക്ക് ആരുമില്ലെന്ന്‌ പറഞ്ഞവരുടെ, ആ പറമ്പും കൊച്ചു വീടും ഇഷ്ടദാനമായി ഞങ്ങൾക്ക് തന്നേക്കൂ അല്ലെങ്കിൽ സർക്കാരു കൊണ്ടു പോയീന്ന് വരും എന്ന് അമ്മീമ്മയുടെ ആരുമില്ലായ്മയെ പരിഹസിച്ചു രസിച്ചവരുടെ മുന്നിൽ അമ്മ എല്ലാ പ്രയാസങ്ങളും ഒരു പുഞ്ചിരിയോടെ സഹിച്ച് അമ്മീമ്മയെ സ്നേഹിച്ചു.
ഞങ്ങൾ ദില്ലിയിൽ നിന്ന് ഇടക്ക് വരും. റാണിയും ഭാഗ്യയുമാണ് അമ്മീമ്മയെ ശുശ്രൂഷിക്കാൻ അമ്മക്ക് അപ്പോഴെല്ലാം കൂട്ടായിരുന്നത്. ഞാൻ അധികം സമയം അമ്മീമ്മയുടേയോ അമ്മയുടേയോ അടുത്ത് നിന്നിട്ടില്ല. മകൾ മാത്രമായിരുന്നുവല്ലോ എൻറെ മനസ്സിൽ.
ആ സമയത്താണ് ഭാഗ്യയുടെ വിവാഹം നടന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരുന്നു വിവാഹം. അമ്മ തനിച്ചാണ് എല്ലാം ചെയ്തത്. ഒരുക്കങ്ങൾക്കൊന്നും ആരുമുണ്ടായിരുന്നില്ല എൻറെ അമ്മയുടെ കൂടെ. കല്യാണത്തിൽ ഞാൻ പങ്കെടുത്തു... ജയ് ഗോപാലും ലതയും കണ്ണൻറെ അമ്മാവനും വന്നു.
വരൻറെ വീട്ടിലെ റിസപ്ഷനിൽ ഞാനും എൻറെ മോളും പങ്കെടുത്തു. ഭാഗ്യ വിവാഹവേഷത്തിൽ എൻറെ മോളെ മടിയിൽ വെച്ചിരിക്കുന്ന ആ മനോഹര ചിത്രം എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.
ഭാഗ്യയുടെ വിവാഹം വളരെ പെട്ടെന്നായിരുന്നു . അതുകൊണ്ട് റാണിക്കും കണ്ണനും പങ്കെടുക്കുവാൻ സാധിച്ചില്ല.
അച്ഛനോട് അമ്മയെന്നല്ല, ഞങ്ങൾ ആരും ഒന്നും പറഞ്ഞില്ല. അച്ഛൻ അറിഞ്ഞപ്പോൾ ഫോൺ ചെയ്ത് അമ്മയെ പതിവു പോലെ ചീത്ത പറഞ്ഞു. മക്കൾ ശ്രദ്ധിക്കാതെ അമ്മ തെരുവിൽ തന്നെ ജീവിക്കേണ്ടി വരുമെന്ന് താക്കീത് കൊടുത്തു.
എൻറെ അമ്മയെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ വാക്കുകൾ ഞങ്ങൾ മൂന്നു മക്കളും അമ്മയെ വാർദ്ധക്യ കാലത്ത് ഉപേക്ഷിച്ചു കളയുമെന്നതായിരുന്നു. ഗുരുവായൂരമ്പലത്തിൽ പോയി ഇരിക്കേണ്ടി വരുമെന്നും ആരും നോക്കുകയില്ലെന്നും അച്ഛനെ വേദനിപ്പിച്ചതിന് അനുഭവിക്കുമെന്നും... അങ്ങനെ എന്തെല്ലാം എന്തെല്ലാം അമ്മ
കേട്ടിട്ടുണ്ടെന്നോ...
അമ്മ ആരോടും പ്രതികരിച്ചില്ല. അമ്മീമ്മയെ പരിചരിക്കുക മാത്രമാണ് അപ്പോൾ അമ്മയുടെ ജോലിയെന്ന് കരുതി അങ്ങനെ ജീവിച്ചു.
ആയുർവേദ ഡോക്ടർമാരേയും ഹോമിയോപ്പതി ഡോക്ടർമാരേയും മാത്രമാണ് അമ്മീമ്മയുടെ ചികിത്സക്കായി അമ്മ സമീപിച്ചത്. കഷായവും അരിഷ്ടവും ലേഹ്യവും പഞ്ചസാര ഗുളികകളുമായി അമ്മീമ്മയുടെ ചികിത്സ നീങ്ങിക്കൊണ്ടിരുന്നു..
ഭാഗ്യയും വീട്ടുകാരനും റാണിയും ഒന്നിച്ച് ഒരേ വീട്ടിലാണ് ആദ്യം ദില്ലിയിൽ പാർത്തിരുന്നതും ജോലിക്ക് പോയിരുന്നതും. അവൾ ഗർഭിണിയായപ്പോൾ എൻറടുത്തേക്ക് താമസം മാറ്റി.
മഞ്ഞപ്പിത്തം ബാധിച്ച് മരണവുമായി മുഖാഭിമുഖം നിന്നിട്ടും ഭാഗ്യ ജീവിതത്തിലേക്ക് മടങ്ങി വന്നതായിരുന്നു അക്കാലത്തേ ഏറ്റവും വലിയ നേട്ടം. ആംബുലൻസിൽ അവളേയും കയറ്റി ദില്ലിയിലെ നിരത്തുകളിലൂടെ സൈറൺ മുഴക്കി ഓടിയത് ഇന്നും മറക്കാൻ കഴിഞ്ഞിട്ടില്ല.
അവൾ മരിച്ചുവെന്ന് എങ്ങനെ അമ്മയെ അറിയിക്കുമെന്ന് എൻറെ തലയും നാവും പൊള്ളിപ്പിടഞ്ഞു. ഡോക്ടർമാർക്ക് അത്ര ഉറപ്പായിരുന്നു, മരണമെത്തുന്ന നേരമായെന്ന്...
ഭാഗ്യയുടെ മകൾ, ഞങ്ങൾക്കെല്ലാം പ്രത്യേകിച്ച് ഞങ്ങളുടെ അമ്മയ്ക്ക് നാലാമത്തെ പുത്രിയായി വരികയും ജീവിക്കുകയും വേണമായിരുന്നുവല്ലോ. അപ്പോൾ ഭാഗ്യക്ക് അങ്ങനെ മരിച്ചു പോവാൻ കഴിയില്ലല്ലോ.
ഞങ്ങളുടെ ജീവിതത്തിലെ പ്രായേണ ശാന്തമായ ഒരു കാലമായിരുന്നു തുടർന്നു വന്നത്. ഭാഗ്യക്ക് തങ്കക്കുടം പോലെ ഒരു മോളുണ്ടായി. അവളുടെ നിറം ഉത്തരേന്ത്യൻ കൂട്ടുകാരെ അതിശയിപ്പിച്ചു. ഞങ്ങളെല്ലാം കറുത്ത പട്ടാളങ്ങൾ.. ബ്ളാക്ക് ക്യാറ്റുകൾ.. അവർ തുറന്നു ചോദിച്ചു 'യേ രംഗ് കിസ് പർ ആയാ?'
അതു തന്നെ..കൊച്ചിന് ആരിൽ നിന്നാണീ നിറം കിട്ടിയതെന്ന്..
പെൺകുട്ടിയെ ജനിക്കാൻ വിട്ടതെന്തിന് എന്തുകൊണ്ട് ഞങ്ങൾ ചെയ്യും പോലെ നോക്കി കണ്ടെത്തി വയറു ശുദ്ധമാക്കിയില്ല എന്ന് ചോദിച്ചവരും ധാരാളം...
ജീവിതത്തിലേക്ക് ആളുകൾ വരുമ്പോൾ, കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഒക്കെ ഞങ്ങൾ അഞ്ചു സ്ത്രീകളും ആത്മാർഥമായി ആഹ്ളാദിച്ചു... ആരുമില്ലാത്തവരായ ഞങ്ങളുടെ എണ്ണവും കൂടുകയാണല്ലോ.
ലോകം എങ്ങനെയാണ് കണക്കെടുക്കുന്നതെന്ന് ഞങ്ങൾ അറിയാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ...

1 comment:

Cv Thankappan said...

ജീവിതത്തിലേക്ക് ആളുകൾ വരുമ്പോൾ, കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ ഒക്കെ ഞങ്ങൾ അഞ്ചു സ്ത്രീകളും ആത്മാർഥമായി ആഹ്ളാദിച്ചു... ആരുമില്ലാത്തവരായ ഞങ്ങളുടെ എണ്ണവും കൂടുകയാണല്ലോ.
ആശംസകൾ