Friday, November 8, 2019

അമ്മച്ചിന്തുകൾ 71



അച്ഛൻ അങ്ങനെ അഭിപ്രായപ്പെട്ടത് എന്നെ വല്ലാതെ അധീരയാക്കി. .. പിന്നെ മറ്റു പലതിനെയും എന്ന പോലെ ഞാനതും വിട്ടു കളഞ്ഞു.

തുടർച്ചയായി ചുമച്ചിരുന്ന എനിക്ക് തൊണ്ടയിലെ സ്വാബ് പരിശോധിക്കണമെന്ന പ്രിസ്ക്രിപ്ഷൻ അച്ഛൻ എഴുതിത്തന്നു. ചെൽപ്പാർക്കിൻറെ പച്ച മഷിയിൽ നിന്ന് നീല മഷിയിലേക്ക് അച്ഛൻ കൂടു മാറിയിരിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. അച്ഛന്റെ കൈകൾ അനിയന്ത്രിതമായ വിറയലിൽ ബുദ്ധിമുട്ടുന്നുവെന്നും ഞാൻ കണ്ടു പിടിച്ചു.

അച്ഛനു അല്പം പരുങ്ങലുണ്ടായിരുന്നു. എങ്കിലും പറഞ്ഞത് ഇങ്ങനെയാണ്. ' നിങ്ങളെല്ലാവരും എന്നെ ഉപേക്ഷിച്ചു പോയപ്പോൾ കുറേയേറെ കള്ളു കുടിച്ചിട്ടുണ്ട്. അതാണ് വിറയൽ... '

ഞാൻ മൗനമായിരുന്നു.

അങ്ങനെയാണെങ്കിൽ അമ്മയും അമ്മീമ്മയും ഞങ്ങൾ മൂന്നു മക്കളും എൻറെ മോളുമടങ്ങുന്ന ആറു പെണ്ണുങ്ങൾ എത്രമാത്രം കള്ളു കുടിക്കണമെന്ന് ഓർത്തുപോയി ഞാൻ. ഞങ്ങൾ ഓരോരുത്തരുടേയും മുന്നിൽ അച്ഛന്റെ ഈ ന്യായം എത്ര വിചിത്രമാണ്!!

അച്ഛനെ ഞങ്ങൾ എയർപോർട്ടിൽ കൊണ്ടു വിട്ടു. ഒക്ടോബറിൽ വീണ്ടും വരാമെന്നും ഞങ്ങൾക്കൊപ്പം , മക്കളായ ഞങ്ങൾ മൂന്നുപേർക്കും ഒപ്പം മാറിമാറി താമസിക്കാമെന്നും ദില്ലിയും ആഗ്രയും ജയ്പൂരും ഹരിദ്വാറും ഹൃഷികേശും കാണാൻ പോകാമെന്നും അടുത്ത വർഷം നല്ല വേനല്ക്കാലത്ത് വൈഷ്ണോദേവിയേയും ബദരിനാഥനേയും കാണാൻ പോകാമെന്നും പറഞ്ഞ് വളരെ സന്തോഷത്തോടെയാണ് അച്ഛൻ മടങ്ങിയത്.

അമ്മ അച്ഛൻ അന്നു തൃക്കൂര് വീട്ടിലെ ത്തുമെന്ന് കരുതിയെങ്കിലും അദ്ദേഹം പോയില്ല. വിവാഹവിശേഷങ്ങൾ അറിയാൻ അമ്മക്ക് തിടുക്കമുണ്ടായിരുന്നു. അത് അച്ഛനും അറിയാമായിരുന്നുവല്ലോ. അതുകൊണ്ട് മൂന്നാലു ദിവസം കഴിഞ്ഞേ അച്ഛൻ പോയുള്ളൂ. അമ്മ അങ്ങനെ കാത്തിരിക്കട്ടെ...

എന്തായാലും കുട്ടികൾ സ്നേഹത്തോടെ പെരുമാറിയെന്നും കുട്ടികൾക്കൊപ്പം താമസിച്ച് മതിയായില്ലെന്നും അച്ഛൻ അമ്മയോട് പറഞ്ഞു. ഇനിയും പോകുന്നുണ്ടെന്നും അറിയിച്ചു.

കൃത്യം പതിനഞ്ചാം നാൾ രാവിലെ അഞ്ചു മണിക്ക് അമ്മ ഫോൺ ചെയ്തു അറിയിക്കുകയായിരുന്നു ഞങ്ങളെ..

അച്ഛൻ ഹാർട്ട് അറ്റാക്കായി ഒളരിക്കരയിലുള്ള മദേഴ്സ് ഹോസ്പിറ്റലിൽ കിടക്കുകയാണെന്ന്... രാത്രി രണ്ടു മണിക്ക് തൃശൂർ നഴ്‌സിങ് ഹോമിൽ വെച്ചാണ് അറ്റാക്ക് വന്നത്. അവിടെ നിന്ന് ഉടൻ തന്നെ മദേഴ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയാണുണ്ടായത്.

'സത്യമായും ഹാർട്ട് അറ്റാക്കാണോ' എന്ന് ചോദിക്കാൻ തോന്നുന്ന മക്കളായിരുന്നു ഞങ്ങൾ. എത്രയോ പ്രാവശ്യം ആശുപത്രിയിൽ ഈ അസുഖത്തിൻറെ പേരും പറഞ്ഞ് ഞങ്ങൾ അച്ഛനു വേണ്ടി സമയം ചെലവാക്കീട്ടുണ്ട്!! അന്നൊന്നും അത് ഹാർട്ട് അറ്റാക്ക് ആയിരുന്നില്ലല്ലോ.

എന്തായാലും അമ്മ അച്ഛനെ കാണാൻ പോയി. അപ്പോൾ അച്ഛൻ അമ്മയെ കാണുകയും സംസാരിക്കുകയും ചെയ്തു. അച്ഛനു കുഴപ്പമൊന്നുമില്ലെന്നും അമ്മ തിരിച്ചു പോയി അമ്മീമ്മയെ പരിചരിച്ചോളൂവെന്നും ഡിസ്ചാർജ് ആയാൽ തൃക്കൂര് വീട്ടിലേക്ക് തന്നെ വരാമെന്നും അച്ഛൻ അമ്മയെ യാത്ര യാക്കി.

തലേന്ന് തൃക്കൂര് വീട്ടിൽ നിന്ന് അമ്മ ഉണ്ടാക്കിക്കൊടുത്ത ഇലയടയും കഴിച്ച് കുറച്ചു അട പൊതിഞ്ഞ് എടുത്താണ് അച്ഛൻ പോന്നത്. ബാക്കി വന്ന ഇലയട അച്ഛൻ ഫ്രിഡ്ജിൽ വെച്ച് നഴ്‌സിംഗ് ഹോമിൽ പോയി. തൃക്കൂര് വീട്ടിൽ നിന്നിറങ്ങുമ്പോഴേ അച്ഛനു എന്തോ ഒരു അസ്വസ്ഥത ഉണ്ടായിരുന്നു. അട തിന്ന് ദഹനക്കേട് വരരുതെന്ന് കരുതി അമ്മ കുറച്ച് അഷ്ടചൂർണം മോരിൽ കലക്കി അച്ഛനു കുടിക്കാൻ കൊടുത്തു. ജീവിതകാലം മുഴുവൻ അമ്മയുടെ ആയുർവേദ പരിജ്ഞാനത്തേയും മരുന്നുകളേയും പുച്ഛത്തോടെ മാത്രം കണ്ടിരുന്ന അച്ഛൻ അന്ന് യാതൊരു അനിഷ്ടവും പ്രകടിപ്പിക്കാൻ ശ്രമിച്ചില്ല. ചുവരിൽ തൂങ്ങിയിരുന്ന എൻറെ ശൈശവകാലത്തെ ഫോട്ടോ കൈയിലെടുത്ത് ഏറെ നേരം നോക്കിയിട്ടാണ് അച്ഛൻ ഇറങ്ങിയത്.

ഞങ്ങൾ പലവട്ടം ഒളരിക്കര മദേഴ്സ് ഹോസ്പിറ്റലിൽ വിളിച്ചു. അച്ഛനു ശരിക്കും ഹാർട്ട് അറ്റാക്ക് തന്നെയാണ് വന്നതെന്ന് അങ്ങനെ ഞങ്ങൾ വ്യക്തമായി മനസ്സിലാക്കി. പിറ്റേന്ന് രാവിലെ റാണിയും ഭാഗ്യയുടെ വീട്ടുകാരനും ഒന്നിച്ച് കേരളത്തിലേക്ക് പറന്നു.

അപ്പോഴേക്കും അച്ഛന്റെ ബന്ധുക്കൾ എല്ലാവരും എത്തിയിരുന്നു. അവർ അച്ഛനെ ആംബുലൻസിൽ കയറ്റി ഇടപ്പള്ളിയിലുള്ള അമൃതാ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. റാണി വിമാനമിറങ്ങി ചെന്നത് അമൃതാ ആശുപത്രിയിലെ കാർഡിയാക് ഐ സി യൂവിലേക്കാണ്.

എല്ലാ സഹായത്തിനും തയാറായി അന്നും ജയ്ഗോപാലുണ്ടായിരുന്നു.

അമൃതാ ആശുപത്രിയിൽ അച്ഛന്റെ സഹപാഠികൾ പലരും ജോലി ചെയ്തിരുന്ന കാലമായിരുന്നു അത്. അച്ഛന്റെ അടുത്ത സുഹൃത്തായിരുന്ന ഡോ. വി. ബാലകൃഷ്ണനടക്കം പലരും അവിടെ ജോലിയിലുണ്ടായിരുന്നു. അച്ഛൻ ആരേയും കാണാൻ താല്പര്യപ്പെട്ടില്ല. റാണിക്കും അന്നേരം അറിയുമായിരുന്നില്ല.

റാണിയെ കണ്ടപ്പോൾ അച്ഛൻ അവളോട് സത്യം പറയാതിരുന്നില്ല. ആദ്യമായിട്ടാണ് അറ്റാക്ക് വരുന്നതെന്ന സത്യം. വന്നത് മൈൽഡ് അറ്റാക്കാണെങ്കിലും ആൻജിയോഗ്രാം ചെയ്യണമെന്ന് അച്ഛനറിയാമായിരുന്നു.

റാണി അച്ഛനെ സമാധാനിപ്പിച്ചു. 'ആൻജിയോ ചെയ്യാം. ഇവിടെ വേണമെങ്കിൽ ഇവിടെ.. അല്ല, ദില്ലീലെങ്കിൽ അവിടെ.. ഞങ്ങൾ എല്ലാവരും ദില്ലീലല്ലേ.. അവിടെ ആണെങ്കിൽ ഞങൾക്ക് അച്ഛനെ ശുശ്രൂഷിക്കാൻ കുറച്ചു കൂടി എളുപ്പമാണ്. പിന്നെ, പണം.. അതും പേടിക്കണ്ട.. എല്ലാം ഞങ്ങൾ നോക്കിക്കോളാം.. '

അച്ഛൻ ഒന്നും തന്നെ പറഞ്ഞില്ല. എല്ലാം മൂളി കേൾക്കുക മാത്രം ചെയ്തു.

ഒട്ടു കഴിഞ്ഞ്‌ അവളോട് ഒരു ഗ്ളാസ് വെള്ളം എടുത്തു തരാൻ ആവശ്യപ്പെട്ടു. അവൾ വായിലൊഴിച്ചു കൊടുത്ത വെള്ളം ഓരോ ഇറക്കായി അദ്ദേഹം കുടിച്ചു തീർത്തു ....

1 comment:

Cv Thankappan said...

ഇത്രേയുള്ളൂ മനുഷ്യന്റെ കാര്യം!
ആശംസകള്