Monday, November 18, 2019

അമ്മച്ചിന്തുകൾ 78

    
ഫോണിലൂടെ വധഭീഷണി ആണ് വന്നത്.. ആദ്യം എനിക്കും എൻറെ മോൾക്കും പിന്നെ ഭാഗ്യക്കും..

പെൺകുഞ്ഞിനെ ഞങ്ങളെപ്പോലെ ചീത്തയാക്കാതെ ഭർതൃഗൃഹത്തിൽ ഏല്പിക്കണമെന്നായിരുന്നു ഭാഗ്യക്ക് കിട്ടിയ ഭീഷണി. കുഞ്ഞിനെ എടുത്തുകൊണ്ട് പോകുമെന്ന അതിന് ആളെ ഏർപ്പാടാക്കിയിട്ടുണ്ടെന്ന ഭീഷണിയും ഒപ്പം വന്നു.

അന്നൊരു ഞായറാഴ്ച..

ആരേയാണ് വിളിക്കേണ്ടത്.. ആരോടാണ് പറയേണ്ടത് എന്നറിയാതെ ഞങ്ങൾ ആദ്യം കുറച്ചു നേരം പരിഭ്രമിച്ചു.

എൻറെ അനിയത്തിയായി പിറന്നതാണ് ഭാഗ്യ കേട്ട അപവാദങ്ങൾക്കെല്ലാം പ്രധാന കാരണം. ആദ്യം ആടിനെ പട്ടിയാക്കുക. പിന്നെ പട്ടിയെ പേപ്പട്ടിയാക്കുക.. അതുകഴിഞ്ഞ് പേപ്പട്ടിയെ തല്ലിക്കൊല്ലുക ... ഇത് രാഷ്ട്രീയത്തിൽ മാത്രമല്ല.. നമ്മുടെ കലഹങ്ങളുള്ള കുടുംബഘടനയിലും ഉൾച്ചേർന്നിട്ടുണ്ട്. ചീത്തപ്പേരും സംശയങ്ങളും ഉണ്ടാക്കിത്തീർക്കുന്നത് അങ്ങനെയാണ്.


ഞാൻ ബാലചന്ദ്രൻ ചുള്ളിക്കാടിന് ഫോൺ ചെയ്തു. ഗുരുവായൂരെന്തോ സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു ബാലൻ. തീർച്ചയായും വരാമെന്ന് പറഞ്ഞ് ബാലൻ ഫോൺ വെച്ചു.

അച്ഛന്റെ മരണത്തിന് കാരണമേ അല്ലെന്ന് ബാലൻ ഞങ്ങൾ മൂന്നു മക്കളോടും പ്രത്യേകം പ്രത്യേകം വിശദീകരിച്ചിരുന്നു. അതിനുശേഷം ഞങ്ങൾ തമ്മിൽ അങ്ങനെ സംസാരിച്ചിരുന്നതേയില്ല. സാഹചര്യം വന്നില്ല അതിന്. ബാലൻ എഴുതുന്നതൊക്കെ വായിക്കുമായിരുന്നു. ഭാഗ്യയെ അവളുടെ ഓഫീസിൽ വെച്ച് കണ്ടു മുട്ടിയപ്പോൾ 'ങാ, നീ ഭാഗ്യയല്ലേ... ഇവിടെയാണോ ജോലി ' എന്ന് ബാലൻ പരിചയം കാണിച്ചത് ഭാഗ്യ പറഞ്ഞിരുന്നു. അഞ്ചെട്ടു വർഷം മൗനമായിരുന്നിട്ട്, പിന്നേം ഒരാവശ്യവുമായി സംസാരിച്ചു തുടങ്ങിയാലും ഒരു പരിഭവവും വഴക്കും ചോദ്യം ചെയ്യലുമില്ലാതെ സംസാരിക്കുന്നവരാണ്, അപ്പോഴും പറ്റുന്ന സഹായമെല്ലാം ഞങ്ങൾക്ക് ചെയ്തു തരുന്നവരാണ് തന്നിട്ടുള്ളവരാണ് ജയ്ഗോപാലും ബാലനും .

ജയ്ഗോപാലും സാജനും ദേവപ്രിയനും സ്കന്ദനുമെല്ലാം അമ്മയ്ക്ക് ഓർമ്മക്കുറവ് എന്ന പ്രശ്നമറിഞ്ഞ് സങ്കടത്തോടെ കാണാൻ വന്നിരുന്നു. ജയ്ഗോപാലിനോട് ഭാഗ്യയുടെ ജീവിതം പ്രശ്നങ്ങളിലേക്ക് നീങ്ങുന്നുവെന്ന് ഞാൻ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

അന്ന് ബാലൻ വന്നു. കുറച്ചു വർഷങ്ങൾക്ക് മുമ്പേ ജോസഫിൻറെ മാത്രം സുഹൃത്തായി വന്ന ബാലൻ.. അതേ വരാന്തയിൽ...അതേ കസേരയിൽ..അവിടിരുന്ന് ബാലൻ ഭാഗ്യയെ കേട്ടു.. അവൾ ഇടക്ക് ഏങ്ങലടിച്ചു കരഞ്ഞു.. പിന്നെ മൗനിയായി.. പിന്നേയും എന്തൊക്കേയോ എണ്ണിപ്പെറുക്കി.

ബാലൻ ചായ കുടിച്ചു. അമ്മയോട് ധൈര്യമായിരിക്കാൻ പറഞ്ഞു. അമ്മ ഒന്നും മിണ്ടിയില്ല. ബാലനെ സൂക്ഷിച്ചു നോക്കുക മാത്രം ചെയ്തു.

ആഴ്ചയിൽ ഒന്നു രണ്ടു കോഴിമുട്ടയും എന്നും കഞ്ഞിയും പയറും തക്കാളിയും കഴിക്കാൻ പറ്റുമെങ്കിൽ മനുഷ്യന് ആരോഗ്യക്കുറവില്ലാതെ ജീവിച്ചു പോകാമെന്നും അതിനായി ഭാഗ്യ ആരുടെ മുന്നിലും തല കുനിക്കരുതെന്നും ബാലൻ പറഞ്ഞു. സാംസ്കാരികമായും ബൗദ്ധികമായും അധ:പതിച്ചവർക്കൊപ്പം ജീവിക്കുന്നത് അവസാനമില്ലാത്ത ദുരിതമാണെന്നും ബാലൻ പറയാതിരുന്നില്ല. 'നീ വിഷമിക്കരുത്. ഗുരുസ്വാമി ആയ നിൻറെ ചേച്ചിയുണ്ടല്ലോ ഒപ്പം. ധൈര്യമായി ഈ ജീവിതത്തിൽ നിന്ന് പുറത്ത് കടക്ക് ' എന്ന് ബക്കറ്റുകണക്കിന് ധൈര്യം കോരിയൊഴിച്ചിട്ടാണ് ബാലൻ മടങ്ങിയത്.

ഭാഗ്യ കുറെയേറെ സമാധാനവും ആത്മവിശ്വാസവും നേടുന്നതു വരെ ബാലൻ മിക്കവാറും എന്നുമെന്ന പോലെ അവളോട് ഫോണിൽ സംസാരിച്ചിരുന്നു. അവൾ മിടുക്കിയാകും വരെ ബാലൻ അതു തുടരുകയും ചെയ്തു.

അങ്ങനെയാണ് ദത്തു മാഷിന്റെയും ബാലൻറേയും പരിപൂർണ പിന്തുണയുമായി ഭാഗ്യ ഒരു ഉറച്ച തീരുമാനത്തിലേക്ക് നടന്നത്... നിയമസഹായം തേടിയത്...

കണ്ണൻറെ വീട്ടിൽ കണ്ണനും അനിയനും ഭാര്യയുമൊഴിച്ച് എല്ലാവരും ഭാഗ്യയുടെ ഈ ജീവിതസമരത്തിന് എതിരായി രുന്നു. അവർക്ക് ഇത് മനസ്സിലായില്ല. ഭാഗ്യ എൻറെ വഴി പിന്തുടരുക യാണെന്നും കണ്ണന് മറ്റൊരു പെൺകുഞ്ഞിൻറെ ഭാരം കൂടി ചുമക്കേണ്ടി വരുമെന്നും അവരെല്ലാവരും ഭയന്നു. അച്ഛനും അമ്മയും എന്നെ ഒത്തിരി വഴക്കു പറഞ്ഞിട്ടുമുണ്ട്. ഭാഗ്യ യുടെ വീട്ടുകാരൻ അവരുടെ ദൃഷ്ടിയിൽ ഒരു പാവവും നന്മനിറഞ്ഞവനുമാരുന്നു.

അമ്മയുടെ അസുഖത്തെ വല്ലാതെ ഭയന്നിരുന്നതുകൊണ്ട് ഭാഗ്യ അധികം വൈകാതെ എറണാകുളത്തേക്ക് ജീവിതം പറിച്ചു നട്ടു. അമ്മക്ക് ഒരാവശ്യം വന്നാൽ ഓടിയെത്താനാവണം എന്നതായിരുന്നു ആ പറിച്ചു നടലിൻറെ ഏക ഉദ്ദേശം.

ഇതുവരെയുള്ള
ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ള അമ്മ ഇനി വേദനിക്കരുതെന്ന് ഞങ്ങളും കരുതീരുന്നു. അമ്മയുടെ
സോഡിയം ലെവലിലെ വ്യത്യാസമാണെന്ന് ..
രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ ഉണ്ടാകാമെന്ന്..
വാര്‍ദ്ധക്യ സഹജമായ വിഷാദം പിടിപെട്ടതാണെന്ന്..
മരണഭയമാണെന്ന്...
ഡോക്ടര്‍മാര്‍ ഓർമ്മക്കുറവ് എന്ന രോഗത്തെ പറ്റി ഇങ്ങനെ എന്തൊക്കെയോ ഓരോ കൂടിക്കാഴ്ച യിലും പറഞ്ഞു തന്നു. ഞങ്ങള്‍ പകുതി വിശ്വസിച്ചു.. ബാക്കി വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് ഒരിക്കലും കഴിഞ്ഞില്ല. അമ്മീമ്മയുടേതല്ലാതെ മറ്റാരുടേയും പിന്തുണ അമ്മയ്ക്കുണ്ടായിട്ടില്ല. ചില ചില്ലറ ഘട്ടങ്ങള്‍ ഒഴിച്ചാല്‍.. എന്നും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസവും നിന്ദയും അടിയും തൊഴിയും മാത്രമായിരുന്നു അമ്മയുടെ അവാര്‍ഡുകള്‍. അപ്പോഴെല്ലാം ധൈര്യമായി പിടിച്ചു നിന്ന അമ്മയ്ക്ക് ഏതു ഓർമ്മക്കുറവു രോഗത്തിൻറെ ഭാഗമായാലും വിഷാദമെന്ന രോഗമുണ്ടാവുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസം വന്നില്ല.
എങ്കിലും അമ്മ ഒരു കിളിക്കുഞ്ഞിനെപ്പോലെ ചകിതയായിരുന്നുവെന്നതൊരു വാസ്തവം തന്നെയാണ്.

അമ്മയുടെ തല സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂന്നു മക്കളും ഞടുങ്ങി. വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന മഹാരോഗങ്ങളുടെ പേരുകള്‍ ഞങ്ങളുടെ ബോധമണ്ഡലത്തെ കാര്‍ന്നു തിന്നു.
സ്കാന്‍ റിപ്പോര്‍ട്ടില്‍ ഒന്നും തെളിഞ്ഞില്ല. കോശങ്ങളുടെ വാര്‍ദ്ധക്യസഹജമായ ശോഷണമല്ലാതെ..

പക്ഷെ, പഠിപ്പും വിവരവുമുള്ള പുതിയ തലമുറക്കാരായ ആ ഡോക്ടര്‍മാര്‍ ഒന്നടങ്കം ഉറപ്പിച്ചുപറഞ്ഞു.
അമ്മയ്ക്ക് ഡിമെന്‍ഷ്യ തന്നെ ആണെന്ന്.. ഓര്‍മ്മയുടെ പിടി വിട്ടു പോകുന്ന നൂലുവള്ളികളെ തെരഞ്ഞാണ് അമ്മ പരിഭ്രമത്തോടെ അലയുന്നതെന്ന്.. അതാണ് ഞാനീ ഭൂമിയില്‍ ഇല്ലല്ലോ എന്ന മാറ്റം അമ്മയ്ക്കുണ്ടാവുന്നതെന്ന്...

അമ്മയുടെ പക്കല്‍ പണം കൊടുക്കരുത്.

അമ്മയെ തനിച്ചാക്കരുത്...

അമ്മയോട് ദേഷ്യപ്പെടരുത്...

അമ്മ കുഞ്ഞാവുകയാണ്.. നിങ്ങള്‍ അമ്മമാരായല്ലോ. അതുകൊണ്ട് മക്കളെ നോക്കുന്നതു പോലെ അമ്മയെ നോക്കണം.

ഇനി പുതിയ കാര്യങ്ങളൊന്നും അമ്മ പഠിയ്ക്കില്ല.

പരിചയമായിരുന്നതൊക്കെ മറന്നു പോകും.

കഴിച്ചത് മറക്കും... ഭക്ഷണം തന്നില്ലെന്ന് പറയും...

അറിയാതെ മൂത്രമൊഴിക്കുകയും അപ്പിയിടുകയും ചെയ്യും. നിങ്ങളെ തിരിച്ചറിയാതാവും..... അങ്ങനെ പതിയെപ്പതിയെ അമ്മ ..

ഉമിനീര്‍ വറ്റിപ്പോയ ഞങ്ങള്‍ക്ക് പിന്നെ ശബ്ദിക്കാന്‍ കഴിഞ്ഞില്ല.

ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിച്ചിരുന്നു .ഡിമെന്‍ഷ്യ വ്യാപിക്കുന്നത് മെല്ലെയാക്കുന്ന മരുന്നുകള്‍ അമ്മ കഴിക്കാന്‍ തുടങ്ങി.
അമ്മയില്‍ ഒരു തരം വിറയലും ഊതിവീർക്കലും പ്രത്യക്ഷപ്പെട്ടതൊഴികേ വേറെ മാറ്റമൊന്നും വന്നില്ല. അമ്മ എപ്പോഴും ചിന്താകുലയായിരുന്നു.

ഇതെല്ലാം മനസ്സിലാക്കീട്ടാണ് ഭാഗ്യ വീടു മാറിയത്.. ജോലിയിടത്തു നിന്ന് അരമണിക്കൂറില്‍ അമ്മയ്ക്കരികേ എത്താവുന്ന സ്ഥലത്തായി അവളുടെ താമസം. മകളെ സ്ക്കൂള്‍ മാറ്റിച്ചേര്‍ത്തു. നേരത്തേ വീട്ടില്‍ സഹായത്തിനു നിന്നിരുന്ന അമ്മൂമ്മ പുതിയ വീട്ടിലും വന്നു താമസിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ അയ്യന്തോളിലെ സ്വന്തം വീട് വിട്ട് എറണാകുളം ജില്ലയില്‍, ചെറിയൊരു വാടക വീട്ടില്‍ അമ്മ താമസം തുടങ്ങി.

അമ്മയുടെ ചികില്‍സ തുടരാന്‍ എല്ലായ്പോഴും കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഓര്‍ത്ത് പുതിയൊരു ഡോക്ടറെ അന്വേഷിക്കുമ്പോഴാണ് വാടക വീടിന്‍റെ അടുത്തു തന്നെ അച്ഛന്‍റെ സുഹൃത്തായ ഞങ്ങള്‍ ചെറുപ്പത്തിലേ അങ്കിള്‍ എന്ന് വിളിച്ചു ശീലിച്ച ഡോക്ടറുണ്ടെന്ന് അറിഞ്ഞത്.

ഭാഗ്യ അവിടെ ചെന്ന് നെഞ്ചു പൊട്ടിക്കരഞ്ഞു. അവര്‍ അങ്കിളും ആന്‍റിയും രണ്ട് പേരും ഡോക്ടര്‍മാരായിരുന്നു. അമ്മ ഭാഗ്യയെ പ്രസവിച്ച ദിവസം, ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഏപ്രില്‍ മാസത്തിലെ ആ ദിവസം അവരിരുവരും അമ്മയേയും കുഞ്ഞിനേയും കാണാന്‍ വന്നിരുന്നു. ജോണ്‍സണ്‍സ് ബേബി സോപ്പും കുഞ്ഞുടുപ്പും പൌഡറുമായി..
ആ ഭാഗ്യ ജീവിതത്തിന്‍റെ ചാട്ടവാറേറ്റ്, നിസ്സഹായയായി മുന്നില്‍ വന്നു നിന്ന് കരയുന്നതു കണ്ടപ്പോള്‍ അവരുടെ കണ്ണുകളും നിറഞ്ഞു. അവളുടെ വാക്കുകള്‍ കേട്ട് അവരും ദു:ഖിച്ചു.
ഡിമെന്‍ഷ്യയോ അൾസ്ഹൈമേഴ്സോ ബാധിച്ച അമ്മ അവര്‍ക്കും ഒരു വലിയ സങ്കടമായി..

അപ്പോഴാണ് ഭാഗ്യയെ അമ്മ ഫോണില്‍ വിളിച്ചത്. ‘സമയം സന്ധ്യയാവുന്നു , കുട്ടി എന്താ വരാത്തത്? കുട്ടി എവിടെപ്പോയി?’

അങ്കിളിലെ പരിചയ സമ്പന്നനായ ഡോക്ടര്‍ ഉണര്‍ന്നു.

പിന്നെ ചോദ്യങ്ങളായി..

'അമ്മ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമോ?'

'ഉവ്വ്.'

'നമ്പറുകള്‍ സ്വയം ഡയല്‍ ചെയ്യുമോ?'

'ഉവ്വ്.'

'തെറ്റാതെ.. '

'അതെ... തെറ്റാതെ.'

'ഇത് നിന്‍റെ പുതിയ നമ്പറോ അതോ പഴയ നമ്പറോ'

'പുതിയ നമ്പര്‍ ... എടുത്തിട്ട് രണ്ടാഴ്ചയായതേയുള്ളൂ. അമ്മയ്ക്കീ നമ്പര്‍ കാണാപ്പാഠമാണ്. '

'അമ്മയ്ക്ക് എന്തൊക്കെ മരുന്നുകളാണ് കൊടുക്കുന്നത്. '

ഭാഗ്യ എല്ലാ മരുന്നുകളുടേയും പേര് ഒന്നൊഴിയാതെ ഉരുവിട്ടു.

അങ്കിള്‍ കല്‍പിച്ചു.

'നീ വീട്ടില്‍ ചെന്ന് ആ മരുന്നെല്ലാം എടുത്ത് കളയണം. ഷുഗറിന്‍റെയും പ്രഷറിന്‍റെയും മരുന്ന് മാത്രം കൊടുത്താല്‍ മതി. ഇത്രമാത്രം മരുന്നുകള്‍ കഴിച്ച് അവര്‍ ജീവിച്ചിരിയ്ക്കേണ്ട യാതൊരു കാര്യവുമില്ല. പിന്നെ നിന്‍റെ അമ്മയ്ക്ക് ഡിമെന്‍ഷ്യ ഇല്ല. അൽസ്ഹൈമേഴ്സ് ഇല്ല. ഉണ്ടെങ്കില്‍ അവര്‍ ഇത്ര കൃത്യമായി നിന്നെ അന്വേഷിക്കുമായിരുന്നില്ല. പുതിയ മൊബൈല്‍ നമ്പര്‍ പഠിയ്ക്കുമായിരുന്നില്ല. അമ്മയുടെ ദേഹം വിറയലും ഊതി വീർക്കലും എല്ലാം ഡിമെന്‍ഷ്യയ്ക്ക് കഴിയ്ക്കുന്ന ഗുളികയുടെ സൈഡ് ഇഫക്ടാണ്. അത് ഉടനടി നിറുത്തണം.'

ഭാഗ്യ കരയാന്‍ മറന്നു നിന്നു.

അങ്കിള്‍ സമാധാനിപ്പിച്ചുകൊണ്ട് ഇത്രയും കൂടി പറഞ്ഞു.

'അമ്മയുടെ ഭയത്തിനു വേറെ എന്തെങ്കിലും കാരണമുണ്ടാവും. നമുക്കന്വേഷിക്കാം. നീ സമാധാനിക്ക്.. അമ്മയെ കൂട്ടിക്കൊണ്ടു വരൂ. ഞങ്ങള്‍ പഴയ കൂട്ടുകാരല്ലേ... അമ്മ പറയും. എല്ലാം പറയും.'

ഭേദപ്പെട്ട മാര്‍ക്കും വേണ്ടത്ര പണവുമുണ്ടെങ്കില്‍ വൈദ്യവും ശസ്ത്രക്രിയയും ചികില്‍സയും എല്ലാവര്‍ക്കും പഠിയ്ക്കാം.. എന്നാല്‍ ഒരു ധന്വന്തരിയാവാന്‍ പരീക്ഷ പാസ്സായതുകൊണ്ടോ സ്കാന്‍ ചെയ്യാന്‍ എഴുതിക്കൊടുത്തതുകൊണ്ടോ ഇംഗ്ലീഷില്‍ ഇടമുറിയാതെ സംസാരിച്ചതുകൊണ്ടോ ഒന്നും സാധിക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് ആ നിമിഷം വീണ്ടും വീണ്ടും ബോധ്യമാവുകയായിരുന്നു .

അമ്മ അങ്കിളിനേയും ആൻറിയേയും കണ്ടു... സംസാരിച്ചു... പിന്നേയും കണ്ടു... പിന്നേയും കണ്ടു.. സംസാരിച്ചു.. പിന്നേയും സംസാരിച്ചു..

അമ്മ ഒന്നും മറന്നിരുന്നില്ല. ആ മനസ്സില്‍ ഒതുക്കിവെച്ച സങ്കടങ്ങളും അപമാനവും ഭയവും വേദനയുമുള്‍പ്പടെ ഒന്നും മറന്നിരുന്നില്ല.

അമ്മയ്ക്ക് ഡിമെന്‍ഷ്യ ഉണ്ടായിരുന്നില്ല
അൽസ്ഹൈമേഴ്സ് ഉണ്ടായിരുന്നില്ല. അമ്മയുടെ രോഗം ഓർമ്മകൾ ആയിരുന്നു. വ്യക്തമായ ഓർമ്മകൾ.. അതൊരിക്കലും ഓർമ്മക്കുറവുകളായിരുന്നില്ല....

1 comment:

Cv Thankappan said...

അമ്മയുടെ രോഗം ഓർമ്മകളായിരുന്നു. ഓർമ്മകളേ.....