Sunday, November 24, 2019

അമ്മച്ചിന്തുകൾ 81

 
എൻറെ മോൾ മിടുക്കി ആയി പഠിച്ചു.. ജോലി നേടി .. അവൾ പല ഭാഷകൾ നൈപുണ്യത്തോടെ കൈകാര്യം ചെയ്യുന്നതും ശാന്തവും വ്യക്തവുമായ നിലപാടുകളിൽ ഉറച്ചു നില്ക്കുന്നതും അമ്മ ഇഷ്ടപ്പെട്ടു. അവളോട് അതീവ വാൽസല്യമായിരുന്നു അമ്മയ്ക്ക്. അവൾ പൊട്ടിച്ചിരിച്ചു കേൾക്കുന്നത് അമ്മയെ ആനന്ദിപ്പിച്ചു. നല്ലൊന്നാന്തരം ഒരു ഇരട്ടക്കട്ടിലും മെത്തയുമൊക്കെ അവൾ വാങ്ങിയിട്ടു അമ്മയ്ക്കായി. ബോധം മറയുന്ന അന്നു വരെ അമ്മ ആ കട്ടിലിൽ തന്നെയാണ് ഉറങ്ങിയിരുന്നത്. ആ കട്ടിലിൽ കിടക്കുന്നതിൽ അമ്മക്ക് വലിയ അഭിമാനമായിരുന്നു.

ഞാൻ എഴുതാൻ തുടങ്ങിയത് അമ്മ സ്വന്തം വിജയമായി മനസ്സിലാക്കിയിരുന്നു. അച്ചടിച്ചു വന്ന എല്ലാ രചനകളും ഒന്നൊഴിയാതെ അമ്മ വായിച്ച് അഭിപ്രായങ്ങൾ രേഖപ്പെടുത്തി. അമ്മീമ്മക്കഥകൾ പ്രകാശനം ചെയ്യപ്പെട്ടപ്പോൾ സാഹിത്യ അക്കാദമിയിൽ വരണമെന്ന് ആരോഗ്യക്കുറവിലും അമ്മ ആശിച്ചിരുന്നു. കുട്ടി എഴുതാനാവുന്നത്രയും കാലം എഴുതണമെന്ന് അമ്മ എന്നോടു പറഞ്ഞിട്ടുണ്ട്. ഞാനെന്ന പ്രതിഭയെ ചുമന്ന അമ്മവയർ ധന്യമെന്ന ഒരു അഭിപ്രായം ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്യപ്പെട്ടത് കാണിച്ചു കൊടുത്തപ്പോൾ അമ്മ പുഞ്ചിരിയുടെ ഉദയസൂര്യനായി പ്രകാശം പൊഴിച്ചു. ഏറെ മനോഹരമായ ആ മന്ദഹാസം അമ്മ എനിക്കുമാത്രമായി തന്ന പ്രത്യേക സമ്മാനമായിരുന്നു.

നന്നായി വായിച്ചിരുന്ന അമ്മയുടെ രണ്ടു കണ്ണുകളിലും തിമിരം ബാധിച്ചത് പൊടുന്നനെ ആയിരുന്നു. അത് അമ്മയെ വലിയ വിഷമത്തിലാക്കി. റാണി എല്ലാ ചെലവും വഹിച്ച് അമ്മയുടെ ഓപ്പറേഷൻ ഒന്നാന്തരമായി നടത്തിച്ചു. ഞാനും ഭാഗ്യയും ചിംബ്ളുവുമായിരുന്നു ശുശ്രൂഷക്കായി ഒപ്പം നിന്നത്.

അങ്ങനെ വായനയെ അമ്മ സസന്തോഷം തിരിച്ചു പിടിച്ചു.

എൻറെ മോളുടെ വിവാഹം അമ്മ ജീവിതത്തിൽ ഏറ്റവും സന്തോഷിച്ച ഒരവസരമായിരുന്നു. ആർഭാടമൊന്നും കാണിച്ചില്ല ഞങ്ങൾ. ബുക്മാർക്കു പോലെ നീണ്ടതും വീതി കുറഞ്ഞതുമായ ഒരു സാധാരണ ക്ഷണക്കത്തുണ്ടാക്കി. കണ്ണൻറെ ഡിസൈൻ ആയിരുന്നു. എല്ലാ വിവരങ്ങളും രേഖപ്പെടുത്തിയ ആ സ്പെഷ്യൽ ക്ഷണക്കത്ത് അമ്മയ്ക്ക് ഏറെ ഇഷ്ടമായി.

നല്ല പട്ടുസാരി ധരിച്ച് തികഞ്ഞ പ്രൗഡിയോടെ അമ്മ കല്യാണ സ്വീകരണത്തിൽ പങ്കെടുത്തു. എല്ലാവരും തന്നെ അമ്മയോട് സംസാരിച്ചു. ആർക്കും മാറ്റി നിറുത്താൻ പറ്റാത്ത, നിസ്സാരമാക്കാൻ പറ്റാത്ത സാന്നിദ്ധ്യമായിരുന്നു അന്ന് ഞങ്ങളുടെ അമ്മ. റാണിയും കുടുംബവും കല്യാണത്തിന് വന്നില്ല എന്നത് അമ്മയെ സങ്കടപ്പെടുത്തി. എന്നാലും ആ സങ്കടം അമ്മ പുറത്തു കാട്ടിയില്ല. എല്ലാവരോടും ചിരിച്ചു സംസാരിച്ചു.. നന്നായി ആഹാരം കഴിച്ചു.. അമ്മ അങ്ങനെ സന്തോഷം പങ്കു വെച്ചു.

റാണിയുടെ ജീവിതം ആടിയുലഞ്ഞത് ഞങ്ങൾ എല്ലാവരും അറിഞ്ഞുവെങ്കിലും ഒന്നും തന്നെ അമ്മയോട് വെളിപ്പെടുത്തിയിരുന്നില്ല. അമ്മയുടെ അവസാന രണ്ടു വർഷങ്ങളായിരുന്നു ആ കനൽക്കാലം. അമ്മയുടേയും എൻറേയും ഭാഗ്യയുടേയും ജീവിതം ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടപ്പെട്ട ഒരവസ്ഥയോടാണ് റാണിയും പൊരുതിയത്. ആരുമില്ലായ്മ തന്നെയായിരുന്നു കാരണം. തികച്ചും ഭയാനകമായ ഒരു പൊരുതലായിരുന്നു അത്. സഹിച്ച ദുരിതങ്ങൾക്കും പണ നഷ്ടത്തിനുമൊന്നും അളവോ കണക്കോ ഇല്ല. പണമെല്ലാം അവളുടെ മാത്രം അധ്വാനവും സമ്പാദ്യവുമായിരുന്നു.

അമ്മയുടെ അവസാനകാലങ്ങളിലെ ആ രണ്ടു വർഷങ്ങളിൽ റാണി കൂടെക്കൂടെ വരുമായിരുന്നു. എപ്പോഴും തനിച്ചാണ് അവൾ വരിക.. ആ വരവും കൂടുതൽ എടുക്കുന്ന അവധികളും അമ്മയെ സംശയത്തിൽ ആഴ്ത്തി. പ്രോജക്ട് ആവശ്യത്തിന് ചെന്നൈ, ബാംഗ്ലൂർ, മാലി ദ്വീപ് ഇവിടെയൊക്കെ വന്നതാണെന്നും അതിനിടയിൽ രണ്ടു നാലു ദിവസം അമ്മയ്ക്കൊപ്പം ചെലവിടാമെന്ന് കരുതിയെന്നും അവൾ പറയും. ഞങ്ങൾ അതു ശരി വെക്കും. പ്രോജക്ടുകൾ സത്യമായിരുന്നു. ഔദ്യോഗിക ആവശ്യമായതുകൊണ്ട് തനിച്ചല്ലേ വരാനാവൂ..

അമ്മയുടെ അടുത്താവുമ്പോൾ
എല്ലാ വിഷമങ്ങള്‍ക്കുള്ളിലും നിന്നുകൊണ്ട് തന്നെ ആരോഗ്യം ക്ഷയിച്ച, വെഞ്ചാമരത്തലയുള്ള, പല്ലുകള്‍ കൊഴിഞ്ഞു തുടങ്ങിയ നടക്കാന്‍ പ്രയാസമുള്ള അമ്മയുടെ ദുര്‍ബല ശരീരം നല്‍കുന്ന ഊര്‍ജ്ജം എത്ര വലുതാണെന്നറിയാൻ ഞങ്ങൾക്കു സാധിച്ചിരുന്നു.

കുട്ടി വിഷമിക്കരുത്... കുട്ടി സങ്കടപ്പെടരുത്.. എല്ലാം ശരിയാവും..

ഇതിലും വലിയ ഉറപ്പ് ... ആര്‍ക്ക് എവിടുന്ന് തരാന്‍ കഴിയും..

അമ്മയുടെയും അമ്മീമ്മയുടെയും മക്കള്‍ക്ക് തളരാന്‍ അവകാശമില്ല... പൊരുതേണ്ട ബാധ്യതയുണ്ട് താനും.

അമ്മയെ ഒളിക്കാൻ കഴിഞ്ഞുവെന്ന് വിശ്വസിച്ചുകൊണ്ട് ഞങ്ങൾ സമരത്തിൽ പങ്കെടുത്തു. എല്ലാ അപമാനവും സങ്കടവും നഷ്ടങ്ങളും സഹിച്ചു.

റാണിയുടെ പൊരുതലിൽ പങ്കെടുത്തപ്പോഴാണ് നമ്മുടെ നിയമങ്ങളും കോടതികളും വക്കീലുമാരും ഒന്നും പഴയതിൽ നിന്നും ലവലേശം പോലും മാറിയിട്ടില്ലെന്ന് ഞങ്ങൾ പിന്നേയും മനസ്സിലാക്കിയത്.

യാതൊരു ജനാധിപത്യ മര്യാദകളും ഇല്ലാത്ത പുരുഷാധിപത്യത്തെ മാത്രം പരിപോഷിപ്പിക്കുന്ന കാപട്യത്തിൻറെ ഫാസിസ്റ്റ് യൂണിറ്റാണ് നിലനില്ക്കുന്ന നമ്മുടെ കുടുംബവ്യവസ്ഥ. ഇന്ത്യയിലെ എല്ലാ കോടതികളും നിയമങ്ങളും പറ്റുന്ന രീതിലൊക്കെ അതിനു ഒത്താശ ചെയ്തു കൊടുക്കും. അതിനെ അതിജീവിക്കുന്നത് മനുഷ്യ സാധ്യമല്ലെന്ന് തോന്നിപ്പോകും എപ്പോഴും...

ആ അതിജീവന പരിശ്രമത്തിനിടയിൽ റാണി അമ്മയെ കാണാൻ വന്ന് തിരിച്ചു പോയ ദിവസം.. ഉച്ചയോടെയാണ്, അമ്മക്ക് സെറിബ്രൽ സ്ട്രോക്ക് വന്നത്. അന്ന് രാവിലെ 'റാണിക്കുട്ടാ, നീയെങ്കേ?'എന്ന് വിളിച്ചു ചോദിച്ചതാണ് അമ്മയുടെ അവസാന ശബ്ദം...

പിന്നെ മരിക്കുവോളം അമ്മ ശബ്ദിച്ചില്ല. മരിക്കുവോളം അമ്മക്ക് ബോധം വന്നതുമില്ല...

1 comment:

Cv Thankappan said...

ഭർത്തൃദുഃഖത്തിനുശേഷം രോഗാവസ്ഥയിലായപ്പോൾ മക്കളുടെ പങ്കപ്പാടുകളും കാണേണ്ടിവന്ന 'അമ്മ!!!