Tuesday, November 19, 2019

അമ്മച്ചിന്തുകൾ 79
അമ്മയുടെ ബാങ്ക് പാസ്സ് ബുക്കിൽ പണം ഈടാക്കിയതിൻറെ രേഖകൾ അനവധി ഉണ്ടായിരുന്നു. എത്രമാത്രം അമ്മ സാമ്പത്തികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന് ആ രേഖകൾ ഞങ്ങളെ ബോധ്യമാക്കിത്തന്നു.

എന്നാൽ അമ്മയുടെ മനസ്സിനെ കക്ക പോലെ നീറ്റിയിരുന്നത് ഒറ്റക്കാര്യമായിരുന്നു. അതറിഞ്ഞ ഞങ്ങൾ എന്ന മക്കൾ ആ നിമിഷം തന്നെ എന്നേക്കുമായി മരണപ്പെട്ടു പോയി..

കഴിവുകെട്ട മക്കളെന്ന കുറ്റബോധത്തിൽ നിന്ന് ഞങ്ങൾ ആരും പിന്നീടൊരിക്കലും രക്ഷപ്പെട്ടില്ല.. ഇന്നും രക്ഷപ്പെട്ടിട്ടില്ല. ഞങ്ങളുടെ അമ്മയെ മറക്കാൻ കഴിയാത്തതു കൊണ്ട് ഇനി ഈ ജീവിതത്തിൽ എന്നെങ്കിലും രക്ഷപ്പെടുമെന്നും തോന്നുന്നില്ല.

അച്ഛനെപ്പോലെ അമ്മയും എന്നും കൃത്യമായി ഡയറി എഴുതിയിരുന്നു. സെറിബ്രൽ സ്ട്രോക്ക് വന്ന് പൂർണമായും ബോധശൂന്യയാവുന്നതിനടുപ്പിച്ചുള്ള ദിവസങ്ങളിൽ പോലും അമ്മ ഡയറി എഴുത്ത് മുടക്കിയിട്ടില്ല.

ഞങ്ങളെ ഈ കഴിവുകെട്ട മക്കളെ ജീവിതം മുഴുവൻ ചുട്ടുപൊള്ളിക്കുന്ന വരികൾ അമ്മ ആ ഡയറിയിൽ എഴുതി വെച്ചു..

ഡോക്ടർ അങ്കിളും ആൻറിയും കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് അമ്മ അറിയാതെ ഞങ്ങൾ ഡയറി പരിശോധിച്ചത്...

മറ്റുള്ളവരുടെ ആൺമക്കൾ ഒരിക്കലും അമ്മയുടെ ആൺമക്കളാവില്ലെന്ന് ...

ആരുമില്ലാത്തവൾ, വിധവ , ആരോഗ്യം കുറഞ്ഞവൾ.. ഇങ്ങനെയുള്ളവർ ജീവിച്ചിട്ട് എന്തിനെന്ന്....

മക്കൾ തെറ്റിദ്ധരിക്കുമോ... വെറുക്കുമോ എന്ന്...

ആരോടു പറയും.. എന്തു പറയും.. എങ്ങനെ പറയുമെന്ന്..

അമ്മയ്ക്ക് പേടിയാണ്..

അമ്മ ഒറ്റയ്ക്ക് കിടക്കില്ല .. ഇനി. അമ്മയ്ക്ക് പേടിയാണ്.

അങ്ങനെ ഒരിക്കൽ അമ്മ ചവിട്ടിയിട്ടുണ്ട്. ചവിട്ടിത്തെറിപ്പിച്ചിട്ടുണ്ട്.

അമ്മയ്ക്ക് ഭ്രാന്ത് ഉണ്ടെന്ന് പറഞ്ഞ ഒരു കാലം ഞങ്ങൾക്ക് ഓർമ്മ വന്നു. അമ്മയുടെ ഭയം ഭ്രാന്താണെന്ന് മെഡിക്കൽ പശ്ചാത്തലമുള്ള സഹോദരങ്ങളെ ഉദ്ധരിച്ച് പറഞ്ഞ ആ ദിവസം ഡയറിയിൽ ചവിട്ടായി തന്നെ അടയാളപ്പെട്ടിരുന്നു.

അമ്മ 'പുലയാടി മോളേ 'എന്ന് വിളിക്കപ്പെട്ട ദിവസവും ചുവന്ന് വീങ്ങി നിന്നിരുന്നു.. അച്ഛൻ പോലും അമ്മയെ അങ്ങനെ വിളിച്ചിട്ടില്ല. പക്ഷേ, അമ്മയെ 'കഴുവേറീടെ മോളെ' എന്ന് വിളിക്കുമായിരുന്നു അച്ഛൻ.

അമ്മ എന്തു കുറ്റമാണ് ചെയ്തിട്ടുള്ളത്?

എന്തിനാണ് അമ്മ വേദനിച്ചിരുന്നതെന്ന് കൃത്യമായി മനസ്സിലായപ്പോൾ കൊലപാതകം വളരെ അഭിലഷണീയമായ ഒരു കാര്യമായി ഞങ്ങൾക്ക് തോന്നി. പക്ഷേ, ധൈര്യം ഉണ്ടായിരുന്നില്ല. അതു നടപ്പിലാക്കാനാവശ്യമായ കഴിവുണ്ടായിരുന്നില്ല ഞങ്ങൾക്ക്.. കുറേ പണം കൊടുത്തു ക്വട്ടേഷൻ ടീമിനെ ഏർപ്പാടാക്കണമെന്ന് ഞങ്ങൾ കൊതിച്ചിട്ടുണ്ട്. അതിനു പണം വേണമല്ലോ. നോട്ടടിക്കാൻ പറ്റുമോ എന്നാലോചിച്ചിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ ലോട്ടറി കിട്ടണമെന്ന് മോഹിച്ചിട്ടുണ്ട്. രാത്രിയും പകലും ഉറക്കമില്ലാതെ ഭക്ഷണം കഴിക്കാതെ വെന്തു നീറിയിട്ടുണ്ട്.

പീഡിതരെയും ചൂഷിതരേയും ഈച്ചയെ പോലേ നിസ്സാരമാക്കി.. പീഡകരെയും ചൂഷകരേയും ഏതെങ്കിലും തരത്തിൽ, വളരെ ചെറുതായി പോലും ന്യായീകരിക്കുന്ന എല്ലാവരും ഞങ്ങളുടെ കണ്ണിൽ മനുഷ്യത്വമില്ലാത്തവരായി അധ:പതിച്ചതങ്ങനെയാണ്. അന്ന് മുതൽ ഞങ്ങളുടെ ജീവിതം വല്ലാതെ മാറി. എല്ലാ വ്യവസ്ഥാപിത സമൂഹ സങ്കല്പങ്ങളേയും ഞങ്ങൾ സംശയിച്ചു. പുതിയ പുതിയ ആളുകൾ ഏതെങ്കിലും പീഡകരെയും ചൂഷകരേയും ന്യായീകരിച്ചു പ്രത്യക്ഷപ്പെടുമ്പോൾ ഞങ്ങൾ അറിഞ്ഞു ഇവരിലും തക്കം കിട്ടിയാൽ പ്രത്യക്ഷപ്പെടുന്ന പീഡകരും ചൂഷകരും ഒളിച്ചിരിപ്പുണ്ടെന്ന്.. അനാഥരെയും പൊതു സമൂഹം വേട്ടയാടുന്നവരേയും ഇവരെല്ലാവരും സാധിക്കുന്ന പോലെയൊക്കെ പീഡിപ്പിച്ചും ചൂഷണം ചെയ്തും രസിക്കുമെന്ന്..

വയ്യാത്ത അമ്മയെ പിരിഞ്ഞു ഭാഗ്യ ഒരു ദിവസം പോലും പിന്നീട് ജീവിച്ചിട്ടില്ല. അവളുടെ ജീവിതത്തിൻറെ കേന്ദ്രബിന്ദുക്കൾ അമ്മയും ചിംബ്ളുവുമായിരുന്നു. അവർ മാത്രമായിരുന്നു. അമ്മയും അങ്ങനെ ആയിരുന്നു.

അമ്മയെ അറിയിക്കാതെയാണ് ഭാഗ്യ കോടതിയിൽ പോയിരുന്നത്. അമ്മ ഒട്ടും വിഷമിക്കരുതെന്നായിരുന്നു അവളുടെ മനസ്സിൽ..

സ്ത്രീ പുരുഷനെതിരേ എന്തു കേസിനു പോയാലും ഒരേ നടപടിക്രമങ്ങളാണ്. പുരുഷനോ അയാളുടെ വീട്ടുകാരോ കോടതി നോട്ടീസ് സ്വീകരിക്കില്ല. കോടതി വർഷങ്ങളെടുത്ത് നോട്ടീസ് പുരുഷന്റെ വീട്ടിൽ പതിക്കും. അപ്പോൾ അവിടെ നിന്ന് ആരേലും വരും.. കോടതിയെ എങ്ങനൊക്കെ പലതരം സൂത്രങ്ങൾ പറഞ്ഞു കളിപ്പിക്കാം എന്ന് മാത്രം നോക്കും.

സ്ത്രീയുടെ പരാതിയിൽ ഒരു മറുപടി പോലും പുരുഷൻറെ ഭാഗത്ത് നിന്നും വരില്ല. പക്ഷേ, കോടതിയിൽ വന്ന് നിന്ന് സ്തീയേയും അവളുടെ വീട്ടുകാരേയും ഉച്ചത്തിൽ ചീത്ത പറയും. സ്ത്രീക്ക് ചാരിത്ര്യമില്ലെന്ന് പ്രഖ്യാപിക്കും. കുഞ്ഞിനെ കാണാതെ, കൊഞ്ചിക്കാതെ, കുളിപ്പിക്കാതെ, മാമു കൊടുക്കാതെ വാല്സല്യവും സങ്കടവും കൊണ്ടു നീറുന്ന പുരുഷൻറെ സങ്കടം പ്രകടിപ്പിച്ചു കാഴ്ചക്കാരുടേയും കേൾവിക്കാരുടേയും കണ്ണു നനയിക്കും..

മറുപടി നല്കാതെ സമയം നീണ്ടു പോയി കേസ് ഏകപക്ഷീയമായി വിധിയായാൽ പിന്നേം കുറേ സമയം കഴിഞ്ഞ് കേസ് കൺഡോൺ ചെയ്തു പ്രലപിക്കും. 'എൻറെ വാദം കോടതി കേട്ടില്ലേ.. സ്ത്രീയുടെ മാത്രം വാദം കേട്ട് കോടതി എന്നെ ചതിച്ചേ.. '

'തനിക്ക് തോന്നുമ്പോൾ അതുവരെ ഫ്രീസറിലിരുന്ന വിധിയെടുത്തോണ്ട് വന്ന് കോടതിയുടെ സമയം കളയുകയാണോ 'എന്ന് കോടതി പുരുഷനോട് ചോദിക്കില്ല. എന്നാൽ സ്ത്രീയോട് അങ്ങനെ ചോദിക്കും.. കേസ് തള്ളും. പിന്നെ സ്ത്രീ ഹൈക്കോടതിയിൽ പോകണം. ഹൈക്കോടതി പറയണം.. സ്ത്രീ നീതിക്കായി നിലവിളിച്ച് ഇങ്ങനെ അലഞ്ഞു നടക്കാൻ കോടതി കാരണമാകരുതെന്ന്.. ഇന്നും ഈ ദിവസവും അങ്ങനെ പറഞ്ഞിട്ടുണ്ട് കേരള ഹൈക്കോടതി...

കുട്ടിയെ എല്ലാ അവകാശവും ഒഴിവാക്കി നല്കിയാൽ ചെലവിന് കൊടുത്തു സംരക്ഷിക്കും. അമ്മക്ക് ചെലവിന് കൊടുക്കുന്ന പ്രശ്നമേയില്ല..

അമ്മ എന്ന സ്ത്രീ കോടതിയെ തൊഴും..തൊണ്ടയിടറിക്കൊണ്ട് അപേക്ഷിക്കും.. 'കാശും സ്വത്തും ചെലവും വേണ്ട.. ഈ കുടുക്ക് ഒന്ന് ഊരിത്തരാമോ' ?

അമ്മയായതുകൊണ്ട് മുഴുവൻ കുടുക്കും കോടതി ഊരിക്കൊടുക്കില്ല. ലേശം ബാക്കി വെക്കും. കുഞ്ഞിനെ എല്ലാ മാസവും ഇത്ര ദിവസം നല്കണമെന്ന് പറയും.. അവധിക്ക് ഇത്ര നാളെന്ന് പറയും.. കേസിനിടയിൽ അമ്മയുടെ വേദനയും പേടിയും ഭയവും ആകുലതയും അറിയുന്ന കോടതി കുഞ്ഞിന്റെ അച്ഛമ്മയും അച്ഛൻ പെങ്ങളുമില്ലാത്തിടത്ത് കുഞ്ഞിനേയും കൊണ്ട് അച്ഛൻ ഒറ്റയ്ക്ക് പാർക്കരുതെന്നും കല്പിക്കും.

പിന്നെ അത്തരമൊരു കാര്യം ആരംഭിക്കുന്നു. കുഞ്ഞിനെ കൊണ്ടു പോകുന്ന ദിവസം വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങും. എന്നാൽ ഞായറാഴ്ച വൈകിട്ട് അഞ്ചു മണിക്ക് രണ്ടു ദിവസമെന്ന കാലം.. നാല്പത്തെട്ടു മണിക്കൂർ എന്ന കാലം അവസാനിക്കില്ല. അത് പിറ്റേന്ന് പുലർച്ചെ വരേയും നീളാം.. കുട്ടിയുടെ അമ്മ ഒരു ജന്മത്തിൽ പല ജന്മം ജനിച്ച് ഉരുകി ഉരുകി മാസങ്ങളും വർഷങ്ങളും എണ്ണിത്തീർക്കുന്നു.

ഭാഗ്യ എന്ന അമ്മയെ അണച്ചു പിടിക്കാൻ സ്വന്തം അമ്മയല്ലേ ഉള്ളൂ..അമ്മ അതറിഞ്ഞിരുന്നു. എന്നും അണച്ചു പിടിച്ചിരുന്നു. ചിലപ്പോഴൊക്കെ എനിക്കും റാണിക്കും അസൂയ തോന്നുന്ന വിധത്തിൽ... അതുപോലെ പെറ്റമ്മയാണ് എല്ലാറ്റിലും മീതേ എന്ന് ഈ ലോകത്തോടു തെളിയിച്ച മകൾ കൂടിയാണല്ലോ എന്നും ഭാഗ്യ..

എൻറെ അനിയത്തി..

എൻറേയും റാണിയുടേയും അനിയത്തി.

2 comments:

Cv Thankappan said...

പൊട്ടിത്തെറിക്കുന്ന ബോംബുത്തന്നെയല്ലോ ഡയറി!!!
ആശംസകൾ

Muralee Mukundan , ബിലാത്തിപട്ടണം said...

ഭാഗ്യ എന്ന അമ്മയെ അണച്ചു പിടിക്കാൻ സ്വന്തം അമ്മയല്ലേ ഉള്ളൂ..അമ്മ അതറിഞ്ഞിരുന്നു. എന്നും അണച്ചു പിടിച്ചിരുന്നു. ചിലപ്പോഴൊക്കെ എനിക്കും റാണിക്കും അസൂയ തോന്നുന്ന വിധത്തിൽ... അതുപോലെ പെറ്റമ്മയാണ് എല്ലാറ്റിലും മീതേ എന്ന് ഈ ലോകത്തോടു തെളിയിച്ച മകൾ കൂടിയാണല്ലോ എന്നും ഭാഗ്യ..