Wednesday, September 9, 2020

ബാബേൽ ഗോപുരവും ഒരു കഷണം ചേനയും
ഞാൻ ഈ പ്രപഞ്ചത്തിലാരും തുണയില്ലാതെ പരമദാരിദ്ര്യത്തിലും തികഞ്ഞ ഗതികേടിലും കഴിഞ്ഞു കൂടുന്ന ആ അതിഭയങ്കര ദുരിതകാലമാണ്.

വയസ്സ് കഷ്ടിച്ച് ഇരുപത്തിനാല്, തൂക്കം നാല്പത് കിലോ, ബോയ് കട്ട് അടിച്ച തലമുടി. ഇരുണ്ട നിറം. എപ്പോൾ വേണമെങ്കിലും നിറയുന്ന കണ്ണുകൾ, സദാ ഗദ്ഗദം കൂടൂ കൂട്ടിയ നനവുള്ള ശബ്ദം..

ദില്ലിയിലെ ആർ കെ പുരത്ത് സെക്ടർ നാലിലെ ഒരു ഗവൺമെന്റ് ഫ്ളാറ്റിലാണ് പാർപ്പ്. അയ്യോ.. ആരും തെറ്റിദ്ധരിക്കല്ലേ...ആ ഫ്ളാറ്റിൽ മുഴുവനും പാർക്കുന്നത് ഞാനല്ല..

അതിൻറെ ഒരു കുഞ്ഞിക്കുടുക്കാസ് മുറിയിൽ മാത്രം ആണ് ഞാൻ.

കുളിമുറി കക്കൂസ് എന്നിവ വീട്ടുകാരുമായി ഷെയർ ചെയ്യണം. വീട്ടുകാർ അഞ്ച് പേരുണ്ട്.

എനിക്ക് കുടുക്കാസ് മുറി മതി..

എൻറേല് ഒത്തിരി വിലപ്പിടിപ്പുള്ള ഇത്രേം സ്വത്തുക്കൾ ഉണ്ട്. അത് വലിയ വിസ്താരമുള്ള മുറിയിലെന്ന പോലെ കുടുക്കാസ് മുറിയിലും അടുക്കി വെക്കാൻ പറ്റും.

മണ്ണെണ്ണ സ്റ്റൗവ്,
മണ്ണെണ്ണ കുപ്പി,
ഫണല് അല്ലെങ്കിൽ ചോർപ്പ്,
തീപ്പെട്ടി,
ഭാരതച്ചട്ടി,
2 ഡവറകൾ
വാല്പാത്രം അഥവാ സോസ്പാൻ.
രണ്ടു ഗ്ളാസ്,
ഒരു പ്ളേറ്റ്,
ഒരു മൺകലം,
4 മൺ അടപ്പു മൂടികൾ
കടുകെണ്ണ കുപ്പി
പച്ചക്കറി വെക്കുന്ന പ്ളാസ്റ്റിക് ട്രേ
ആക്സോ ബ്ളേഡ് കത്തി
പ്ളാസ്റ്റിക് ചോററുപാത്രം,
പുല്പായ,
തലയണ,
പുതപ്പ്.
ഒരു ബക്കറ്റ്,
ഒരു മഗ്,
നിർമ സോപ്പ്

കഴിഞ്ഞിട്ടില്ല ഇനീം ഉണ്ട് വിലമതിക്കാനാവാത്ത സ്വത്തുക്കൾ.

ചായപ്പൊടി,
പഞ്ചസാര,
മസൂർദാൽ,
ഉപ്പ്,
മഞ്ഞൾപ്പൊടി,
സാമ്പാർപൊടി,
പുളി

ഇതെല്ലാം വെക്കുന്ന കാൽ കിലോ വീതം കൊള്ളുന്ന പ്ളാസ്റ്റിക് ജാറുകൾ

അരിയും ഗോതമ്പ് പൊടിയും ഇട്ടു വെക്കുന്ന രണ്ട് അലൂമിനിയം ഡബ്ബകൾ.

ശ്രീമതി ബനശ്രീ മിത്ര തന്ന നാലുടുപ്പുകൾ, രണ്ടു ടർക്കി ടവ്വലുകൾ, കണ്ണൻ വാങ്ങിത്തന്ന രണ്ടു ഉടുപ്പുകൾ, ദിലീപ് വാങ്ങിത്തന്ന രണ്ടു ജോഡി ചെരിപ്പുകൾ.

അങ്ങനെ വല്യ അംബാനിയാണെന്ന് വിചാരിച്ചു പൊട്ടിപ്പൊളിഞ്ഞു പാളീസായ ഞാൻ കുടുക്കാസ് മുറിയിൽ പരമാവധി ഗമയിൽ ജീവിക്കാൻ പരിശ്രമിക്കുന്നു.

ഡെവലപ്‌മെന്റ് ആൾട്ടർനേററീവ്സിൻറെ ടൈം എക്സിബിഷൻ സൈറ്റിൽ മണ്ണിഷ്ടിക എണ്ണലാണ് എൻറെ ജോലി. രാജ്പഥിലെ ഇന്ദിരാഗാന്ധി നാഷണൽ സെൻറർ ഫോർ ആർട്സിലാണ് സൈറ്റ്.

ആശകളോ നിരാശകളോ പ്രതീക്ഷകളോ സ്വപ്നങ്ങളോ ഇല്ലാത്ത ശൂന്യമായ കാലം. ആകാശം പോലെയുള്ള, കടല് പോലേയുള്ള അപാരമായ ഏകാന്തത, മഹാനഗരത്തിൽ നമുക്ക് എന്തു പറ്റിയാലും ആരുമില്ല എന്ന ബോധം...ഒരു തടിക്കഷണം പോലെ ജീവിക്കുക.. ചത്തു പോകാത്തതുകൊണ്ടു മാത്രം അല്ലെങ്കിൽ അതിനു പോലും ധൈര്യമില്ലാത്തതുകൊണ്ടു മാത്രം ജീവിച്ചിരിക്കുക എന്ന കെങ്കേമമായ സ്ഥിതി..

എൻറെ പൊന്നു മോളെ മറന്നുകൊണ്ട് ഓർക്കുക. ഓർത്തുകൊണ്ട് മറക്കുക.. അങ്ങനെ ഒരു വിചിത്ര കാലത്തിലൂടെ ചാകാതെ നടക്കുമ്പോൾ പെട്ടെന്ന് ഒരു നാൾ എനിക്കൊരു മോഹമുദിച്ചു.

ഒരിത്തിരി ചേന മെഴുക്കുപുരട്ടി കഴിക്കണം. അമ്മീമ്മ ഉണ്ടാക്കിത്തരുന്ന
ആ രുചിയുടെ ഓർമ്മയിൽ എൻറെ കണ്ണിൽ നനവൂറി. കുരുമുളകും കറിവേപ്പിലയും വിതറിയ ചേന മെഴുക്കുപുരട്ടിയുടെ സ്വാദ് നാവിൽ നിറഞ്ഞു.

അപ്പോഴാണ് ബാബേൽ ഗോപുരം ചിതറിച്ച് കളഞ്ഞ് മനുഷ്യരെ പലഭാഷകൾ പറയുന്നവരാക്കി അകറ്റിമാറ്റിയ ദൈവത്തിന്റെ ചെയ്ത്ത് എത്ര ഭയങ്കര മായിരുന്നുവെന്ന് എനിക്ക് മനസ്സിലായത്…

ചേനേടേ ഹിന്ദി എന്താണ്?

ചേമ്പിൻറെ ഹിന്ദി അർബി.. ചേമ്പ് അല്ലല്ലോ ചേന..

എലിഫന്റ് ഫുട്ട് യാം ആണ് ഇംഗ്ലീഷിൽ ചേന.

ഹാഥി പൈർ അർബി (ആനക്കാലൻ ചേമ്പ്) ആയിരിക്കുമോ ഹിന്ദിയിൽ ഈ ചേന?

ദൈവത്തിന്റെ ഒരു ചതിയേ…

ഈ ലോകം മുഴുവൻ നമ്മുടെ ചേനയെ ചേനേന്ന് വിളിച്ചാൽ എന്താണൊരു കുഴപ്പം? ചേന ഹീബ്രുവിലോ അർമയിക്കിലോ പേർഷ്യനിലോ സംസ്കൃതത്തിലോ വല്ല ചീത്തയും വിളിച്ചു പറയുമോ?

അങ്ങനെ ശനിയാഴ്ച വൈകിട്ട് ഞാൻ മാർക്കറ്റിൽ പോയി. ചേനയെ കണ്ടു പിടിച്ചു. അത്ര തിരക്കൊന്നുമില്ലാത്ത ഒരിടത്ത് പൊത്തോന്ന് അങ്ങനെ ഇരിക്കാണ് എൻറെ പ്രിയപ്പെട്ട ചേന.

ഒരു അമ്മച്ചിയാണ് കടയിൽ. വട്ടക്കുട്ട കമിഴ്ത്തിയ പോലെയുള്ള മൂക്കുത്തിയും കാലിൽ വെള്ളിവളയങ്ങളും രണ്ടു കൈ നിറച്ചും കുപ്പിവളകളും ആയി, തല വഴി പുള്ളിസ്സാരിയും പുതച്ച ഒരു സീരിയസ് അമ്മച്ചി..

ചേനയെ തൊട്ടു കാണിച്ച് ഥോഡാ ഥോഡാ (കുറച്ച് കുറച്ച്) എന്ന് പറഞ്ഞു ഞാൻ.

അമ്മച്ചിക്ക് കണ്ടപാടെ എൻറെ ഒരു സാമ്പത്തിക, കുടുംബ സ്ഥിതി പിടി കിട്ടി. അവർ ഒരു ഥോഡാ കഷണം ചേന തന്നു.

കുഞ്ഞിക്കുടുക്കാസ് മുറീൽ വന്നു ഞാൻ വേഗം ചോറു വെച്ചു. കൈയിൽ കടുകെണ്ണ പുരട്ടി ചേന മുറിച്ചു.. എന്നാലും ലേശം ചൊറിച്ചിൽ ഉണ്ടായിരുന്നു. സാരമില്ല..

മഞ്ഞൾപ്പൊടി, പച്ചമുളക്, ഉപ്പ് ഒക്കെയിട്ട് വേവിച്ച് കടുകെണ്ണ ഒഴിച്ച് കടുകും ചുവന്നമുളകും കറിവേപ്പിലയും വറുത്തിട്ട് കുരുമുളകുപൊടി ഫ്ളാറ്റ് ഉടമസ്ഥയോട് ചോദിച്ചു മേടിച്ചു ചേന മെഴുക്കുപുരട്ടി യിൽ തൂവി.. ഒരു മണ്ണടപ്പ് മൂടി കൊണ്ട് പാത്രപാകം ആകും വരെ അടച്ചു വെച്ചു.

എന്നിട്ട് കുളിച്ച് വന്ന് ചോറും ചേന മെഴുക്കുപുരട്ടിയും സവാള ചീകിയതുമായി ഉണ്ടു തുടങ്ങി.

രണ്ട് മൂന്ന് ഉരുള കഴിച്ചതേ ഓർമ്മയുള്ളൂ.. പിന്നെ ചൊറിച്ചിലാണ്.. വായിൽ.. തൊണ്ടയിൽ.. ഇറങ്ങിപ്പോയ വഴി മുഴുവൻ..

എക്സ്റേയൊന്നും ആവശ്യമില്ല ആന്തരിക അവയവങ്ങൾ കണ്ടു പിടിക്കാൻ എന്നെനിക്ക് മനസ്സിലായി.. ചൊറിച്ചിൽ.. തൊലിപ്പുറത്ത് തന്നെ അതി ഭീകരമായ ചൊറിച്ചിൽ… അതങ്ങ് സൂക്ഷിച്ചു നോക്കിയാൽ മതി

ചൂടുവെള്ളം, പുളിവെള്ളം, ഉപ്പുവെള്ളം, ഇവ കുടിക്കൽ...പച്ചച്ചോറ് വാരിവാരി മിഴുങ്ങൽ…

ഒരു രക്ഷയുമില്ല..

രാത്രി രണ്ട് മണിയൊക്കെ ആയപ്പോൾ ചൊറിച്ചിൽ ഒതുങ്ങി. അതിനകം മെഴുക്കുപുരട്ടിക്കൊതി പോയിട്ട് ജീവിതക്കൊതി തന്നേയും എനിക്ക് തീർന്നു കിട്ടീരുന്നു.

പിറ്റേന്ന് ഞാൻ അമ്മച്ചിയുടെ കടയിൽ പോയി, വിവരം പറയുവാൻ തീരുമാനിച്ചു.

ങാഹാ..അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

അമ്മച്ചിയുടെ മുന്നിൽ എത്തിയപ്പോഴാണ് ബാബേൽ ഗോപുരം പിന്നേം വിശ്വരൂപം കാണിച്ചത്..

ചൊറിച്ചിൽ ...അതിൻറെ ഹിന്ദി എന്താണ്?

വലഞ്ഞില്ലേ ഞാൻ?

ഒടുവിൽ ചേന തൊട്ട് ഇടത്ത് കൈത്തണ്ടയിൽ ഞാൻ ചൊറിഞ്ഞു കാണിച്ചു. ചൊറിച്ചിലിൻറെ ശക്തി പ്രകടിപ്പിക്കാൻ വലത്തെ കൈവിരലുകൾ നല്ലോണം വളച്ചു പിടിച്ചു ചൊറിഞ്ഞു.

അമ്മച്ചിക്ക് ഒരു ഭാവഭേദവുമില്ല.

അറ്റകൈയിനാണ് ഞാൻ എൻറെ അവസാന അടവ് എടുത്തത്.

വായ തുറന്ന് നാക്ക് പുറത്തേക്ക് നീട്ടിയിട്ട് രണ്ടു കൈയിൻറെ വിരലുകളും മടക്കി ചൊറിഞ്ഞു കാണിച്ചു…

കുജ്ലി എന്ന ആ രത്‌ന വിലയുള്ള വാക്ക് ഞാൻ അങ്ങനാണ് പഠിക്കാൻ തുടങ്ങിയ ത്..…

പിന്നെ നമ്മുടെ ചേന.. ജീമികന്ദ്.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു പുതിയ വാക്കും പിടികിട്ടി ..