14/09/2020
പണ്ട് എന്ന് വെച്ചാൽ നാലോ അഞ്ചോ വർഷം മുമ്പ് എഴുതിയതാണ്...
ഇന്നും ഒരു മാററവുമില്ല ഇതിനൊന്നും. ഇങ്ങനത്തെ മക്കളുണ്ടാവുന്നതിന് ലൈംഗിക ബന്ധത്തിൻറെ സമയത്തെ അമ്മയുടെ മനസ്ഥിതിയാണ് കാരണം എന്നൊക്കെ എഴുതിവെയ്ക്കുന്ന പ്രഗൽഭരുണ്ട്. ഇത്തരം കുഞ്ഞുങ്ങളുടെ അമ്മമാരെ ഏതുതരം തെറിയും വിളിക്കുന്ന ആണുങ്ങളും പെണ്ണുങ്ങളും ഉണ്ട്...
മനുഷ്യരോളം ക്രൂരതയുള്ള ഒരു ജീവി വർഗത്തേയും ഈ പ്രകൃതി ഇതുവരെ ജനിപ്പിച്ചു പോറ്റിയിട്ടില്ല....
ദില്ലിയിലെ അമര്‍കോളനിയില്‍..
ഉഡാന്‍ എന്ന സംഘടന..
കുഞ്ഞുങ്ങള്‍ ... കൊച്ചുകുഞ്ഞുങ്ങളാണെല്ലായിടത്തും.. പിന്നെ അവരുടെ അമ്മമാര്‍.. അമ്മൂമ്മമാരുമുണ്ട്. അച്ഛന്മാരും അപ്പൂപ്പന്മാരും ഇല്ല..
മിക്കവാറും കുഞ്ഞുങ്ങള്‍ മിണ്ടുകയില്ല, കളിക്കില്ല, എഴുന്നേല്‍ക്കില്ല, അവരുടെ കഴുത്ത് നേരെ നില്‍ക്കില്ല, അവരുടെ ദേഹം ഒരു വഴക്കവുമില്ലാതെ വടി പോലെ നില്‍ക്കുന്നു..
തലച്ചോറു തകരാറായവര്‍, ബുദ്ധികുറഞ്ഞവര്‍, മംഗോളിസവും ഡൌണ്‍ സിന്‍ഡ്രോമും ബാധിച്ചവര്‍...
ഓട്ടിസം ബാധിച്ച കുട്ടികളുമുണ്ട്... അവര്‍ എന്നെ കണ്ട് അലറി... എന്‍റെ കൈയിലുണ്ടായിരുന്ന ആഹാരം മാത്രം തട്ടിപ്പറിക്കുമ്പോലെ വാങ്ങിച്ചു... പിന്നെയും ഒച്ചയുണ്ടാക്കി..
ഞങ്ങളുടെ മക്കള്‍ക്ക് ഭ്രാന്താണെന്നാണു ആള്‍ക്കാര്‍ പറയുകയെന്ന് അവരുടെ അമ്മമാര്‍ കണ്ണീര്‍ തൂകി.. ഞങ്ങള്‍ക്കും ഞങ്ങളുടെ മക്കള്‍ക്കും ആരുമില്ലെന്നും അവര്‍ പറയാതിരുന്നില്ല.
ഇത്തരം കുട്ടികള്‍ ജനിക്കുമ്പോള്‍ അച്ഛന്മാര്‍ അമ്മയേയും മക്കളേയും വേണ്ട എന്ന് ഉപേക്ഷിക്കുന്നു. ഇത്തരം കുഞ്ഞുങ്ങളുടെ കസ്റ്റഡിക്ക് വേണ്ടി ഒരച്ഛനും അമ്മയോട് കേസു പറയുന്നില്ല. കഴിവില്ലാത്ത, അനവധി കാലം അല്ലെങ്കില്‍ ജീവിതകാലമത്രയും ചികില്‍സയും ശുശ്രൂഷയും വേണ്ട കുട്ടികള്‍ക്ക് ഒരേയൊരു രക്ഷാകര്‍ത്താവേ ഉള്ളൂ.. അമ്മ മാത്രം..
അസാധാരണരായ കുട്ടികള്‍ക്ക് വേണ്ടി ഉഡാന്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് അല്‍പമെങ്കിലും സ്വയമായി സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവുണ്ടാകാന്‍...സ്വന്തമായി എഴുന്നേല്‍ക്കാന്‍ കഴിയാത്തവര്‍ക്ക് പതുക്കെപ്പതുക്കെ പിടിച്ച് പിടിച്ച് എഴുന്നേല്‍ക്കാന്‍ കഴിയുമ്പോഴാണല്ലോ സ്വയം പര്യാപ്തതയുടെ ഒരു പാഠമാവുന്നത്..
വിശക്കുന്നുവെന്ന്, ദാഹിക്കുന്നുവെന്ന്, അപ്പി ഇടണമെന്ന്, മൂത്രമൊഴിക്കണമെന്ന് ... ഇതൊക്കെ തിരിച്ചറിയാന്‍ കഴിയുന്നത്... അതിനായി പഠിക്കേണ്ടി വരുന്നത്..
ആ കുട്ടികള്‍ക്കൊപ്പമാണ് ഞാന്‍.. ആ അമ്മമാര്‍ക്കൊപ്പം..അവരെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്കൊപ്പം...
ഇത്തരം യതൊരു കുറവുകളുമില്ലാത്ത മനുഷ്യരുടെ എല്ലാ പ്രശ്നങ്ങളും അവയുടെ സാന്ദ്രതയും ഈ കുഞ്ഞുങ്ങളുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ .... എന്നെ എന്തു പറയണമെന്നറിയാത്തൊരു അഗാധ നിശ്ശബ്ദതയിലേക്ക് വലിച്ച് താഴ്ത്തിക്കളയുന്നു...
എന്‍റെ ഇടതുകൈയില്‍ ബലമാര്‍ന്ന വഴക്കമില്ലാത്ത ഒരു കുഞ്ഞു വിരലുണ്ട്.. തള്ളപ്പൊക്കാച്ചി .. ചൂണ്ടു ചൂണ്ടാണി.. എന്ന് ഞാന്‍ വിരലുകളോരോന്നായി വിടര്‍ത്തിപ്പിടിച്ച് കളിപ്പിച്ചുകൊണ്ട് ആഹാരം നല്‍കുമ്പോള്‍ ബുദ്ധിമുട്ടി തുറക്കാന്‍ ശ്രമിക്കുന്ന ഒരു ചോരിവായുണ്ട്... കുഴഞ്ഞു വീഴുന്ന കഴുത്തിനെ പിടിച്ചുനിര്‍ത്താന്‍ പാടുപെടുന്ന ദയനീയമായ ചലനങ്ങളുണ്ട്..
കണ്ണമര്‍ത്തിത്തുടയ്ക്കുന്ന ഒരു അമ്മയുണ്ട്...
No comments:
Post a Comment