Thursday, September 10, 2020
കോവിഡ് - ലാറിബേക്കറുടെ പ്രസക്തി
കോവിഡ് കാലത്തും കോവിഡ് അനന്തര കാലത്തും ലാറിബേക്കറുടെ പ്രസക്തി
ഗാന്ധിജിയുടെ പ്രസക്തി നഷ്ടപ്പെട്ടില്ലേ എന്ന് തർക്കിക്കുന്നതു പോലെയാണ് ലാറിബേക്കറുടെ പ്രസക്തി ഇപ്പോൾ ഇല്ലാതായില്ലേ എന്ന ചോദ്യവും. ഗാന്ധിജി ജീവിച്ചിരുന്ന കാലത്തും മരിച്ചതിനു ശേഷവും ഇത്തരം ഒരു ചോദ്യം അദ്ദേഹത്തെപ്പറ്റി നിലവിലുണ്ടായിരുന്നുവല്ലോ. എന്തിന്, അത് ഇന്നും ഉണ്ടല്ലോ...
എൻറെ ഓർമ്മ ശരിയാണെങ്കിൽ ഞാൻ ലാറിബേക്കറെ പരിചയപ്പെട്ട മുപ്പത്തിരണ്ട് വർഷം മുമ്പേ നിലനിന്നിരുന്ന ഒരു വാദമാണ് ലീക്കി ബേക്കർ എന്ന പരിഹാസപ്പേരുമിട്ട് ലാറിബേക്കറിൻറെ കെട്ടിടനിർമ്മാണ രീതികൾക്ക് യാതൊരു പ്രസക്തിയും ഇല്ല എന്ന് പറയുന്നത്. പ്രശസ്തരായ ആർക്കിടെക്റ്റുമാരും സാങ്കേതിക വൈദഗ്ദ്ധ്യം നേടിയ അധ്യാപകരും ഈ വാദം ഉന്നയിക്കുന്നത്, ന്യായങ്ങൾ നിരത്തുന്നത് ഞാൻ കേൾക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. ലാറിബേക്കർ മരിച്ചു പോയതിനു ശേഷവും ഈ ചോദ്യം ഇപ്പോഴും ചോദിക്കപ്പെടുന്നു.
അന്നു കേട്ടിരുന്ന വാദങ്ങളിൽ നിന്ന് വ്യത്യസ്തമായ ഒന്നും തന്നെ ഇപ്പോഴും ആരും പറയുന്നില്ല എന്ന് തന്നെയാണ് എൻറെ അനുഭവം.
ബേക്കർ പരിചയപ്പെടുത്തിയത് ഒരു കെട്ടിടനിർമ്മാണ രീതി മാത്രമല്ല. അതൊരു ബൃഹത്തായ ജീവിതപദ്ധതിയാണ്. ആ അർഥത്തിൽ അതിനെ കാണാൻ പഠിക്കുക എന്നത് അദ്ദേഹത്തിന്റെ കെട്ടിട നിർമ്മാണ രീതീയെ മനസ്സിലാക്കാൻ ഒരു പക്ഷേ, സഹായകരമായിരിക്കും.
ടെക്‌നോളജിയുടെ അനന്തസാധ്യതകളെ ധനികരുടെ ധൂർത്തിനായി യാതൊരു നിയന്ത്രണവുമില്ലാതെ ഉപയോഗിക്കുക എന്നതാണ് മനുഷ്യവംശം എല്ലാ കാലത്തും ചെയ്തു പോന്നിട്ടുള്ളത്. എല്ലാ മേഖലയിലും ഏറ്റവും മേന്മയേറിയത് എന്നും ധനികർക്കായി നീക്കിവെക്കപ്പെടുക എന്നതാണ് ചരിത്രം.
അധികാരവും മതവും ദാരിദ്ര്യത്തേയും ചൂഷണത്തേയും എല്ലാ രീതിയിലും നിലനിറുത്തുന്നതിനാവശ്യമായ പുതിയ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിൽ എന്നും മിടുക്ക് കാട്ടിയിട്ടുണ്ട്. ആ മിടുക്ക് സാധാരണ ജനത ഒരിക്കലും തിരിച്ചറിയാൻ പാടില്ല എന്ന നിർബന്ധവും അധികാരത്തിനും മതത്തിനും എന്നും ഉണ്ട്.
എല്ലാ തരത്തിലും ചൂഷണം ചെയ്യപ്പെടുന്ന സാധാരണ മനുഷ്യരോട് ആഹാരം, വസ്ത്രം, പാർപ്പിടം എന്നിവയാണ് ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങളെന്ന് പേർത്തും പേർത്തും ധനികരുടെ അധികാരം ഉദ്ബോധിപ്പിക്കുന്നു. എന്നാൽ ഒരിക്കലും ആ ലക്ഷ്യത്തിൽ സാധാരണ മനുഷ്യർ എത്താതിരിക്കാനാവശ്യമായ എല്ലാത്തരം ചരടുവലികളും അതേസമയം നടത്തുകയും ചെയ്യുന്നു.
ഇവ മൂന്നും ലഭ്യമാവുമ്പോഴാണല്ലോ പിന്നെ വിദ്യാഭ്യാസം, ഗവേഷണം, ആത്മാഭിമാനം, സ്വാതന്ത്ര്യബോധം തുടങ്ങിയ അപകടകരമായ രുചിക്കൂട്ടുകൾ അധികാരസമവാക്യങ്ങളെ നിശിതമായി ചോദ്യം ചെയ്തു തുടങ്ങുക…
ഇന്ത്യൻ സാഹചര്യത്തിൽ ഗവൺമെന്റ് എഴുതിത്തള്ളുന്ന കൊടും പണക്കാരുടെ കടം പോട്ടേ, അവരിൽ നിന്ന് പിരിക്കേണ്ട നികുതി മാത്രം ശരിക്കു പിരിച്ചാൽ മതി, അനവധി കോടി മനുഷ്യർ പലതരം ഇല്ലായ്മകളിൽ നിന്ന് രക്ഷപ്പെടും.
ലാറിബേക്കർ പാർപ്പിടം നിർമ്മിക്കാൻ സഹായിക്കുന്ന വെറുമൊരു സാങ്കേതിക വിദഗ്ധൻ മാത്രമായിരുന്നില്ല. മിക്കവാറും എല്ലാവരും തന്നെ കണ്ണുമടച്ചു ധൂർത്തടിക്കുന്ന പ്രകൃതി സമ്പത്തിനെ ഏറ്റവും അത്യാവശ്യമാണെങ്കിൽ ഏറ്റവും കുറച്ചു മാത്രം ഉപഭോഗിക്കുക എന്ന പാരസ്പര്യത്തിൻറെ സന്ദേശം ജീവിതകാലം മുഴുവൻ പകരാൻ ശ്രമിച്ച ഒരു മനുഷ്യസ്നേഹി കൂടിയാണ്.
കെട്ടിട നിർമ്മാണത്തിലെ ഫാഷനുകളും ട്രെൻറുകളും മിനുക്കങ്ങളും മിനുസങ്ങളും വർദ്ധിക്കുന്നത് എപ്പോഴും കൊടും പണക്കാരുടേയും കൊടും പണക്കാരാവാൻ നോമ്പ് എടുക്കുന്ന ഇടത്തരക്കാരുടേയും കെട്ടിട നിർമ്മിതികളിലാണ്. അവരാണ് പ്രകൃതി സമ്പത്തിന് സാരമായി ശോഷണം വരുത്തി വൻസൗധങ്ങൾ തീർക്കുകയും ഇൻവെസ്റ്റ്മെൻറ് എന്ന രീതിയിൽ വൻസൗധങ്ങളെ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ പൂട്ടിയിടുകയും ചെയ്യുന്നത്. ഒരാൾ എന്തുമാത്രം അനാവശ്യമായി പ്രകൃതി സമ്പത്തിനെ ധൂർത്തടിക്കുന്നുവോ അത്രയധികം ആ കെട്ടിടം പ്രസിദ്ധമായീ തിരുന്നു.
ഇന്ത്യൻ സാഹചര്യത്തിൽ അതിക്രൂരമായി വേട്ടയാടുന്ന കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കുവാൻ ആവശ്യമായ പാർപ്പിടങ്ങൾ നിർമ്മിക്കുന്നതി
ൽ ബേക്കർ രീതികൾക്ക് അസാമാന്യമായ പാടവമുണ്ടെന്ന് ഉത്തരേന്ത്യയിൽ ലാറിബേക്കർ കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിച്ചു കൂട്ടിയ ഇരുപതുവർഷക്കാലം എന്നെ കൃത്യമായി പഠിപ്പിച്ചു. എൻറെ ഭർത്താവായ ആർക്കിടെക്ട് ആർ ഡി പത്മകുമാറുമൊത്ത് പത്തു വർഷം ലാറിബേക്കർ ബിൽഡിംഗ് സെൻററിലും അടുത്ത പത്തുവർഷക്കാലം കോസ്റ്റ് ഫോർഡിൻറെ ഹരിയാനയിലുണ്ടായിരുന്ന ഗുഡ്ഗാവ് ബ്രാഞ്ചിലും പ്രവർത്തിച്ച അനുഭവമാണ് ഈ ബോധ്യത്തിനു ഹേതു. എൻറെ ഭർത്താവിന്റെ മുപ്പത്തിമൂന്ന് വർഷം നീണ്ട വാസ്തുവിദ്യാ ജീവിതത്തിൽ ലാറിബേക്കർ ടെക്‌നോളജി മാത്രമേ സൈറ്റുകൾക്ക് ആവശ്യമായ പുതുക്കങ്ങളോടെ അദ്ദേഹം അനുവർത്തിച്ചിട്ടുള്ളൂ. സ്വന്തം ജോലിയിൽ മാത്രമല്ല ജീവിതത്തിലും അതെ…
അദ്ദേഹം ഡിസൈൻ ചെയ്തു നിർമ്മിച്ച ഒരേരൊരു കെട്ടിടം മാത്രമേ പൊളിച്ചുക ളഞ്ഞിട്ടുള്ളൂ. അത് അതിൻറെ ഉടമസ്ഥർ തമ്മിലുണ്ടായ അസ്വാരസ്യത്തിൻറെ ഭാഗമായിട്ടായിരുന്നു. കെട്ടിടത്തിന്റെ സാങ്കേതികപ്പിഴവ് കൊണ്ടല്ല.
കോൺക്രീറ്റ് കെട്ടിട നിർമ്മാണരംഗത്ത് കടന്ന് വന്നിട്ട് നൂറിലധികം വർഷമായില്ല. എന്നാൽ അതിന്റെ ഉറപ്പിനെപ്പറ്റി ആവശ്യത്തിലധികമുള്ള പ്രചരണം നിമിത്തം സാധാരണ മനുഷ്യർ കോൺക്രീറ്റിൻറെ ശക്തിയെക്കുറിച്ച് തികഞ്ഞ ബോധ്യത്തിലാണ്. ഇപ്പോൾ നമ്മൾ കാണുന്നുണ്ട് ഫ്ളാറ്റ് റൂഫായും ചരിഞ്ഞ റൂഫായും വാർത്ത പക്കാ കോൺക്രീറ്റ് കെട്ടിടങ്ങൾ എല്ലാം പലവർണങ്ങളിലുള്ള ഷീറ്റ് കുടകളുടെ നിഴലിൽ തല കുമ്പിട്ട് നില്ക്കുന്നത്. ചോർച്ചയും കെട്ടിടത്തിനകത്തെ ചൂടും തന്നെയാണ് ഈ പലവർണ ഷീറ്റ് കുടകൾ നിവരാൻ കാരണം.
കോൺക്രീറ്റ്, സിമൻറ്, സ്റ്റീൽ, ഗ്ളാസ്, മാർബിൾ… അങ്ങനെ വിലപിടിപ്പുള്ള കെട്ടിട നിർമ്മാണ സാമഗ്രികൾ കൊണ്ട് ചെയ്യുന്ന, പണം കോരിയൊഴിച്ചുണ്ടാക്കുന്ന, കെട്ടിടങ്ങളുടെ സാങ്കേതികപ്പിഴവുകൾ നമ്മൾ അങ്ങനെ നിശിതമായി ഓഡിറ്റ് ചെയ്യില്ല. കാരണം അത് കൊടും പണക്കാരുടെ വ്യവസായവും കരാറും ഉത്പന്നങ്ങളുമാണ്. എന്നാൽ ലാറിബേക്കർ ഉപയോഗിച്ച, അദ്ദേഹത്തിന്റെ അനുയായികൾ ഉപയോഗിക്കുന്ന ചുടുകട്ട, വെട്ടുകല്ല്, മണ്ണിഷ്ടിക, കുമ്മായം, മുള, ഓട്, പുനരുപയോഗ്യമായ എന്തും ഏതും കെട്ടിടനിർമ്മാണത്തിൻറെ ബലക്കുറവിനെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു എന്നതിനെപ്പറ്റി നമ്മൾ കനപ്പെട്ട പുസ്തകങ്ങൾ തന്നെ രചിച്ചേക്കും.
ഒരു പ്രകൃതി സ്നേഹി എഴുതിയത് വായിച്ചിരുന്നു. ലാറിബേക്കർ കേരളത്തിലെ നെൽകൃഷി നശിപ്പിക്കാനായി വിദേശ ഫണ്ട് പറ്റി ഇവിടെ ജീവിക്കുന്ന ഒരു സാങ്കേതിക വിദഗ്ധനാണെന്ന്… കാരണം കേരളത്തിലെ നെല്പാടങ്ങൾ മുഴുവൻ ഇഷ്ടികക്കളമാക്കി തീർത്തത് ബേക്കറിൻറെ സിമൻറ് പൂശാത്ത കെട്ടിടനിർമ്മാണ രീതിയാണെന്ന്. സിമൻറ് പൂശിക്കൊണ്ട് ഉണ്ടാക്കിയ ഇഷ്ടികക്കെട്ടിടങ്ങളുടെ എത്ര കുറച്ചു ശതമാനം മാത്രമേ വരൂ ബേക്കർ രീതിയിൽ പണിത കെട്ടിടങ്ങൾ!!!. ഒരിക്കലും നെല്പാടത്തെ മേല്മണ്ണ് എടുത്തല്ല ചുടുകട്ട ഉണ്ടാക്കുന്നതും. കൃഷി യുടെ കോർപ്പറേറ്റ് വല്ക്കരണമാണ് കർഷകൻറെ നടു ഒടിക്കാൻ തുടങ്ങിയത്. അക്കാര്യം നമ്മൾ സൗകര്യപൂർവം മറന്നുകളയും.
തദ്ദേശീയമായി ലഭ്യമാകുന്ന കെട്ടിട നിർമ്മാണ പദാർത്ഥങ്ങൾ ഉപയോഗിച്ച് ശാസ്ത്രീയമായി ഡിസൈൻ ചെയ്ത് ഏറ്റവും അത്യാവശ്യമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ച് പരമാവധി പ്രകൃതി ചൂഷണം കുറച്ച് വാസസ്ഥലം പണിയാനാണ് ബേക്കർ പറഞ്ഞത്. പഠിപ്പിച്ചത്. അദ്ദേഹം പറഞ്ഞത് മതഗ്രന്ഥങ്ങൾ പോലേയോ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പോലേയോ കാറ്റും വെളിച്ചവും കയറാൻ പാടില്ലാത്ത വാചകങ്ങൾ അല്ല.
അത് അങ്ങനെയാണെന്ന് വാശി പിടിക്കുകയും ഇടത്തരമോ അതിലും കുറഞ്ഞതോ ആയ ഉൾക്കാഴ്ചയോടെ കെട്ടിടങ്ങൾ സംവിധാനം ചെയ്യുകയും ചെയ്താൽ ആ കെട്ടിടങ്ങൾക്ക് സംഭവിക്കുന്ന വീഴ്ചകൾക്ക് ലാറിബേക്കർ ഒരിക്കലും ഉത്തരവാദിയാകുകയില്ല.
ചുടുകട്ട, വെട്ടുകല്ല്, കാട്ടുകല്ല്, കരിങ്കല്ല്, സാൻഡ് ലൈം ബ്രിക്, ഫ്ളൈ ആഷ് ബ്രിക്, പാറപ്പൊടി, കുമ്മായം, മണ്ണ്, മണല്, സാൻഡ് സ്റ്റോൺ, സ്ലേറ്റ്, കോട്ടാസ്റ്റോൺ,കടപ്പക്കല്ല്, ബാംബൂ പ്ളൈ, പഴയതും പുതിയതുമായ തടികൾ, പന, പച്ചക്കറികളും പഴങ്ങളും പാക്ക് ചെയ്തു വരുന്ന പീഞ്ഞപ്പെട്ടി, കേടായ ട്രങ്ക് പെട്ടി, മുള, തെങ്ങ്, ഓല, പനയോല, പൊട്ടിയ ഗ്ളാസ് പീസുകൾ, ഉടഞ്ഞ ടൈലുകൾ, തറയോടുകൾ, ഉടഞ്ഞ സിറാമിക് പാത്രങ്ങൾ, കാറ്റാടിക്കഴകൾ, സിർക്കൊണ്ട പുല്ലുകൾ ഇതൊക്കെയും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ബേക്കർ രീതിയിൽ കെട്ടിടങ്ങൾ പണിയുമ്പോൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. കെട്ടിട നിർമ്മാണ പദാർത്ഥങ്ങൾ തെരഞ്ഞെടുക്കുന്നതിൽ യാതൊരു നിരോധനരേഖയും ബേക്കർ രീതിയിൽ ഇല്ല.അനാവശ്യമായ ഊർജ്ജോപഭോഗം നടത്തി നിർമ്മിക്കുന്ന കെട്ടിടനിർമ്മാണ പദാർത്ഥങ്ങൾ കഴിയുന്നത്ര ഒഴിവാക്കാൻ മാത്രമേ ബേക്കർ നിർദ്ദേശിച്ചിട്ടുള്ളൂ. അതിൻറെ കാരണം ഊർജ്ജം എന്നത് സദാ കുറഞ്ഞുകൊണ്ടിരിക്കുന്ന അലഭ്യമായിക്കൊണ്ടിരിക്കുന്ന ഒന്നാണെന്നതാണ്. ഇന്ത്യൻ ജീവിത പരിതസ്ഥിതിയിൽ പ്രത്യേകിച്ചും അതങ്ങനെയാണ്. ഒരു തരത്തിലുള്ള ഊർജോപഭോഗവും സാധിക്കാത്ത മനുഷ്യരുണ്ട്… സിംഗാഡ എന്ന കുളവാഴ പോലേയുള്ള സസ്യത്തിന്റെ കായ് വെയിലത്തിട്ട് ഉണക്കി കല്ലുകൊണ്ട് ഇടിച്ചുപൊടിച്ച് ആ പൊടി പച്ചവെളളത്തിൽ കലക്കി കുടിച്ച് ജീവൻ നിലനിറുത്തുന്ന മനുഷ്യരുണ്ട് ഇന്ത്യയിലിന്നും. ആഹാരം പാകം ചെയ്യാൻ ആവശ്യമായ ഊർജ്ജം പോലും അലഭ്യമായ മനുഷ്യർ ജീവിച്ചിരിക്കുന്ന നമ്മുടെ രാജ്യത്ത് അനാവശ്യമായ ഊർജ്ജോപഭോഗം ക്രിമിനൽ കുറ്റം തന്നെയാണ്. കാർബൺ എമിഷൻ കൂടുന്ന രീതിയിൽ ഏതു തരം ഊർജ്ജോപഭോഗം ചെയ്യുന്നതും ഭൂമിയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുകയാണെന്നും നമ്മൾ അറിയണം.
ബേക്കർ കെട്ടിടങ്ങൾക്ക് ഇരുപത്തഞ്ച് വർഷമേ ആയുസ്സുള്ളൂ എന്ന പ്രചാരണമാണ് അടുത്തത്. അത് തെറ്റാണെന്ന് പ്രഖ്യാപിച്ചു കൊണ്ട് തിരുവനന്തപുരത്തു തന്നെ സി ഡി എസ് കെട്ടിട സമുച്ചയം തലയുയർത്തി നില്ക്കുന്നുണ്ട്. ഇരുപത്തഞ്ചു വർഷത്തിനപ്പുറം കെട്ടിടങ്ങൾ അവയുടെ ഫാഷനും ശൈലിയും ലക്ഷ്യവും മാറ്റാൻ താത്പര്യപ്പെടുമെന്ന ബേക്കർ വാക്കുകളെ ഇങ്ങനെ കെട്ടിടത്തിന് ആയുസ്സില്ലെന്ന് പറഞ്ഞു പരത്തുന്നതിൽ സാധാരണ കെട്ടിട നിർമ്മാണ ലോബിക്ക് വലിയ പങ്കുണ്ട്. മാറ്റങ്ങളോട് എന്നും മുഖം തിരിച്ചു നില്ക്കാറുള്ള പൊതുസമൂഹത്തിനും പങ്കുണ്ട്. അച്ഛനുണ്ടാക്കിയ വീട്ടിൽ, മകൻ വളർന്ന് ഇരുപത്തഞ്ചു വയസ്സാവുമ്പോഴേക്ക് ചില അഡീഷൻസ് ആൻഡ് ആൾട്ടറേഷൻസ് വേണ്ടി വന്നേക്കാം. അങ്ങനെ ആ വീടൊരു പുതിയ ഭാവം സ്വീകരിക്കാം. നൂറു വർഷത്തേക്ക് ഏകതാനമായി മനുഷ്യ രുടെ ചലനങ്ങളേയും അഭിരുചികളേയും നിയന്ത്രിക്കുന്ന ഒരു നിശ്ചല നിർമ്മിതിയല്ല വീട്. അത് അതിൽ ജീവിക്കുന്ന മനുഷ്യരെപ്പോലെ ജീവാത്മകമായ ഒരു സത്തയാണ്. ചലനമുള്ള വീടിന്റെ ജീവൽസത്തയെ ഇരുപത്തഞ്ചു വർഷത്തിൻറെ ആയുസ്സായി കുറച്ചു കാണുന്നത് അറിവില്ലായ്മയാണ്… തെറ്റുമാണ്.
ബേക്കർ വീടുകൾക്ക് മെയിൻറനൻസ് ചെലവ് കുറവാണെങ്കിലും ഏതു കെട്ടിടത്തിനും അത്യാവശ്യമായ മെയിൻറനൻസ് അവക്കും ചെയ്യണം. വീട് പണിതു കഴിഞ്ഞാൽ പിന്നെ അതിൽ അങ്ങ് പാർത്തോണ്ടാൽ മതി യാതൊന്നും അന്വേഷിക്കേണ്ട എന്ന് അർഥമില്ല. അഥവാ അന്വേഷിക്കേണ്ടി വന്നാൽ അത് ബേക്കർ വീടു നിർമ്മാണ പദ്ധതികളുടെ വീഴ്ചയാണെന്നും അർഥമില്ല.
ബേക്കർ കെട്ടിട നിർമ്മാണ രീതിയിൽ പണിക്കാർ ഏറെ പ്രധാനമാണെന്നും അവരുടെ കൂലി അധികച്ചെലവാണെന്നുമാണ് മറ്റൊരു വാദം. കൃഷി കോർപ്പറേറ്റുകൾ ഏറ്റെടുക്കുകയും യഥാർത്ഥ കർഷകർ അഭയാർത്ഥികളായി അലയുകയും ചെയ്യുന്നതു പോലെ കെട്ടിട നിർമ്മാണം കോർപ്പറേറ്റുകളുടെ കൈയിലാവുമ്പോൾ പണിക്കൂലിയിൽ ഉണ്ടെന്ന് അവകാശപ്പെടുന്ന ലാഭം ആർക്കാണ് കിട്ടുക.? വൻകിട കെട്ടിടനിർമ്മാണക്കമ്പനികൾ തടിച്ചുകൊഴുക്കുമെന്നല്ലാതെ എന്താണ് അതിലുള്ള പ്രയോജനം.? നല്ലവണ്ണം ജോലി ചെയ്യാനറിയാവുന്ന കെട്ടിടനിർമ്മാണത്തൊഴിലാളികൾക്ക് വരുമാനം ഉണ്ടാകുകയല്ലേ വേണ്ടത്?. അതല്ലേ ശരി?.
പ്രത്യേക വൈദഗ്ധ്യം ഉള്ള പണിക്കാർക്ക് മാത്രമേ ബേക്കർ നിർമ്മാണം വഴങ്ങൂ എന്നൊരു പ്രചാരണമുണ്ട്. ഇന്ത്യയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ലാറിബേക്കർ നിർമ്മിതികൾ ചെയ്തതിൻറെ നേരിട്ടുള്ള അനുഭവത്തിൽ നിന്നുറപ്പിച്ചു പറയാം.. ഇതൊരു വ്യാജപ്രചാരണമാണ്. അർദ്ധ പട്ടിണിക്കാരായ ആ കെട്ടിടനിർമ്മാണ ത്തൊഴിലാളികൾ കൂടിപ്പോയാൽ ഒരാഴ്ച സമയം കൊണ്ട് എല്ലാ വിദ്യകളും സ്വായത്തമാക്കാറുണ്ട്. പലപ്പോഴും കേരളീയരായ പണിക്കാരെ സ്വന്തം കഴിവുകൊണ്ട് ബഹുദൂരം പിന്നിലാക്കുന്നതും കണ്ടിട്ടുണ്ട്.
ലാറിബേക്കർ കെട്ടിട നിർമ്മാണ രീതിയുടെ ബൃഹത്തായ ജീവിത പദ്ധതിയിൽ കൂടി ബോധ്യമുള്ളവരാകണം ആ രീതി പിൻതുടരുന്ന സാങ്കേതിക വിദഗ്ദ്ധർ. തങ്ങൾ അനുവർത്തിക്കുന്ന നിർമ്മാണ രീതിയിൽ പൂർണമായും വിശ്വാസമുള്ളവർ. ഓരോ ദിവസവും തങ്ങളുടെ അറിവിന്റെ മേഖലയെ വിപുലപ്പെടുത്താൻ മാനസികമായി ഒരുക്കമുള്ളവർ. പ്രയത്നിക്കാൻ തയാറുള്ളവർ. അവർക്കാണ് ഇത്തരം കെട്ടിട നിർമ്മാണത്തിൻറെ സാമൂഹിക പ്രാധാന്യത്തേയും ആവശ്യകതയേയും പറ്റി കെട്ടിടം പണിയാൻ ആഗ്രഹിക്കുന്നവരെ ശരിയായ രീതിയിൽ നയിക്കാൻ കഴിയുക.
ലാറിബേക്കർക്ക് അധികം നേർശിഷ്യരുണ്ടാവാൻ വയ്യ. അദ്ദേഹം അത്തരം ഒരു ഗുരു ചമയാനോ കൾട്ട് ഉണ്ടാക്കാനോ അനുയായികളാൽ വലയം ചെയ്യപ്പെടാനോ ഒരിക്കലും ആഗ്രഹിച്ചിട്ടുമില്ല. എങ്കിലും ലാറിബേക്കറെ കണ്ടു, കേട്ടു, ഷേക്ക് ഹാൻഡ് ചെയ്തു, ഒന്നിച്ചു ചായ കുടിച്ചു എന്നതിൻറെ പേരിൽ അദ്ദേഹത്തിന്റെ ഒരേയൊരു ശിഷ്യൻ, മാനസപുത്രൻ, ബേക്കറിൻറെ പേരിൽ അറിയപ്പെടുന്ന തെല്ലാം സത്യത്തിൽ എൻറെ ആവിഷ്ക്കാരങ്ങളാണ് എന്നൊക്കെ പേരു പറഞ്ഞു വലുപ്പം ചമയുന്നവരേയും കാണാനിടവന്നിട്ടുണ്ട്.
കേരളത്തിൽ കോസ്റ്റ് ഫോർഡിൻറെ ആരംഭകാലം മുതൽ ബേക്കർ സാങ്കേതികതയെ പിന്തുടരുകയും അറിവു വർദ്ധിച്ചു വരുന്തോറും കൂടുതൽ സംഭാവനകൾ ആ സാങ്കേതികതയിലേക്ക് നല്കുകയും ചെയ്തവരാണ് ജയ്ഗോപാൽ, ലത, സാജൻ, ശൈലജ എന്നീ ആർക്കിടെക്ടുമാർ. അവർക്കൊപ്പം കെ. പി. ജോർജ്, വനമാല, ഉഷാ നാരായണസ്വാമി, ദേവപ്രിയൻ, ദിലീപ്, സ്കന്ദകുമാർ, സരിത, ശാന്തിലാൽ, ശശികുമാർ, ഇന്ദിര അങ്ങനെ അനവധി സാങ്കേതിക വിദഗ്ധർ മുപ്പതോളം വർഷമായി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്.
പുതിയ തലമുറയിലും മിടുക്കരായ അനവധി പേർ ബേക്കർ സാങ്കേതിക തയെ വിജയകരമായി മുന്നോട്ട് നയിക്കുന്നു. ബിജു വർഗീസ്,നിക്സൻ, അജയ് ചെറിയാൻ, സീന, സജീവ്, ആശംസ് എന്നിവർ അവരിൽ പ്രധാനികളാണ്.
ഞാൻ എഴുതിയതിലധികം പേരുകൾ വിട്ടുപോയിട്ടുണ്ടെന്ന് എനിക്ക് തന്നെ നല്ല തീർച്ചയുണ്ട്.
കേരളത്തിൽ മാത്രമായി ഒതുങ്ങി നിന്നിട്ടില്ല ലാറിബേക്കർ കെട്ടിടനിർമ്മാണ രീതികൾ. ആ സാങ്കേതിക വിദ്യ പിൻതുടരുന്നവരും കേരളത്തിൽ മാത്രമല്ല. ദില്ലി, ഹര്യാന, ഉത്തരപ്രദേശ്, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ബീഹാർ, മഹാരാഷ്ട്ര, ഹിമാചൽ പ്രദേശ്, തമിഴ് നാട്, ആന്ധ്രാ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളിൽ ലാറിബേക്കർ നിർമ്മിതികൾ വളരെ ഭംഗിയായി നടപ്പിലാക്കപ്പെട്ടിട്ടുണ്ടെന്നും അവയ്ക്ക് ആവശ്യമായ സാങ്കേതിക വിദ്യാപാടവം ഉള്ളവർ ഉണ്ടെന്നും ഞാൻ നേരിട്ടു തന്നെ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. പതിനായിരം സ്ക്വയർഫീറ്റിൻറെ ആഡംബര സൗധങ്ങൾ മുതൽ നൂറ്റമ്പത് സ്ക്വയർഫീറ്റിൻറെ കുഞ്ഞു വീടുകൾ വരെ ഉത്തരേന്ത്യയിൽ ഈ ടെക്‌നോളജി ഉപയോഗിച്ച് പണിതിട്ടുണ്ട്.
ബേക്കർ ഒരു സാങ്കേതികതയും ഉപയോഗിച്ചിട്ടില്ല എന്ന് മുപ്പത് വർഷം മുമ്പേ
ആരോപിക്കുന്നവർ ഉണ്ടായിരുന്നു. ചെലവ് കുറയ്ക്കുന്നത്, അത്യാവശ്യത്തെ തിരിച്ചറിയുന്നത്, ഇന്ത്യ പോലൊരു ദരിദ്ര രാജ്യത്ത് കൂടുതൽ മനുഷ്യർക്ക് തലചായ്ക്കാനുള്ള ഇടത്തിൻറെ സാധ്യതയ്ക്കുള്ള മാർഗം നിർദ്ദേശിക്കുന്നത്, പ്രകൃതി ചൂഷണം കഴിയുന്നത്ര കുറയ്ക്കുന്നത്… ഇതൊന്നും സാങ്കേതികതയല്ലെങ്കിൽ പിന്നെന്താണ് സാങ്കേതികത ?
ഉത്തരപ്രദേശിലെ ഗാസിയാബാദ് ജില്ലയിലുള്ള അജയ്കുമാർ ഗർഗ് എൻജിനീയറിങ് കോളേജ് ലാറിബേക്കർ സാങ്കേതികതയുടെ അനുപമമായ നിദർശനമാണ്. അഞ്ചു ലക്ഷം സ്ക്വയർഫീറ്റ് ആണ് അവിടെ ഒറ്റ സൈറ്റിൽ പടുത്തുയർത്തിയിട്ടുള്ളത്. ലാറിബേക്കർക്കു പോലും സാധിച്ചിട്ടില്ലാത്ത ഒന്ന്. സാങ്കേതിക മികവിലും കലാപരമായ ഔന്നത്യത്തിലും ആ സ്ഥാപനം ലാറിബേക്കർ സാങ്കേതികതയുടെ തിലകക്കുറിയാകുന്നു. ലാറിബേക്കർ സാങ്കേതികത നിലനില്ക്കുമോ എന്ന് സംശയം തോന്നുന്നവർക്ക് ആ എൻജിനീയറിങ് കോളേജ് ഒന്ന് സന്ദർശിക്കാവുന്നതാണ്. പത്മകുമാറും, സിദ്ധാർത്ഥ് മിത്രയും, കോൺറാഡ് ഫെർണാണ്ടസും, പ്രദോഷ് കുമാറും, ബിപ്ളബ് തലപത്രയും ആയിരുന്നു സാങ്കേതിക വിദഗ്ധർ.
ഉത്തരേന്ത്യയിൽ വിജയകരമായി തന്നെ ബേക്കർ സാങ്കേതികതയെ അറിയുകയും നടപ്പിലാക്കുകയും ചെയ്യുന്നവരിൽ ഏറ്റവും പ്രമുഖനായ ഒരു ആർക്കിടെക്ടാണ് സിദ്ധാർത്ഥ് മിത്ര. സമീർ ജെയിൻ, നിഹാർ റെയ്ന, സഞ്ജയ് സെൻ ചൗധുരി, ദിനേശ്, ശശി, സൗമ്യ, ഗായത്രി, ജോഗീന്ദർ സിംഗ്… ഇവരെല്ലാം തന്നെ ബേക്കർ സാങ്കേതികതയിൽ സ്വന്തം കഴിവ് തെളിയിച്ചവരാണ്.
കോവിഡ് കാലത്ത് ബേക്കർ ചൂണ്ടിക്കാട്ടി യ ജീവിത പദ്ധതി അത്യാവശ്യത്തിൻറ ശാസ്ത്രം എല്ലാവരും സ്വായത്തമാക്കേണ്ടതാണ്. ഒരാൾ രോഗിയാവുന്നതിന് നമ്മളും കാരണക്കാരാണ് എന്ന് മനസ്സിലാക്കേണ്ട കാലം. ലാറിബേക്കർ എന്നും അത് പറഞ്ഞിരുന്നു. ചേരികളിൽ മനുഷ്യർ പാർക്കുന്നതിന് മാളികകളിൽ പാർക്കുന്നവരും കാരണക്കാരാണെന്ന്… വീടില്ലാത്തവർ വീടുള്ളവരുടെ കൂടി
ഉത്തരവാദിത്തമാണ്.
കോവിഡ് കാലത്തിനു ശേഷവും ലാറിബേക്കർ പറഞ്ഞതും പ്രവർത്തിച്ചതും പ്രസക്തമായിരിക്കും. നമുക്ക് അതുൾക്കൊള്ളാനുള്ള നിസ്വാർത്ഥത ഉണ്ടോ എന്നതു മാത്രമാണ് വിഷയം.
ഗവൺമെന്റ് എന്ന ഏറ്റവും വലിയ കെട്ടിടജന്മിക്ക് സ്വന്തം കെട്ടിടങ്ങൾ ലാറിബേക്കർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ചെയ്യാനുള്ള തീരുമാനം തീർച്ചയായും കൈക്കൊള്ളാം. കെട്ടിടനിർമ്മാണ രംഗത്തെ തീവെട്ടിക്കൊള്ളക്ക് ഒരറുതി വരാൻ അത് സഹായിക്കും. പക്ഷേ, പൂച്ചയ്ക്ക് ആരു മണികെട്ടും എന്നതാണല്ലോ എക്കാലത്തേയും മില്യൺ ഡോളർ ക്വസ്റ്റ്യൻ...
Subscribe to:
Post Comments (Atom)
1 comment:
ബേക്കർ പരിചയപ്പെടുത്തിയത്
ഒരു കെട്ടിടനിർമ്മാണ രീതി മാത്രമല്ല.
അതൊരു ബൃഹത്തായ ജീവിതപദ്ധതിയാണ്...
Post a Comment