Sunday, September 6, 2020

ചൊക്ളി 29

            

കൗശല്ലിയേരെ തന്ത സിമിൻറിട്ട തിണ്ണേ പുല്ല്പായ വിരിച്ച് രാമേട്ടനേം ചൊക്ളീനേം ഇര്ത്തി. മുറുക്കാൻള്ളത് പാളപ്പൊതി തൊറന്ന് മുന്നിൽക്ക് നീക്കി വെച്ചു.

മോൻ വെറ്റ തിന്നോന്ന് ചോയിച്ചു..

ചൊക്ളിക്ക് കുളർന്നു. മോൻന്ന് വിളിച്ചൊടങ്ങി ഇപ്പന്നെ..

രാമേട്ടനാ പറഞ്ഞ്. അവൻ വെറ്റ തിന്നേ കള്ളുകുടിക്കേ പൊകേടുക്കേ പൊടി വലിക്കേ ഒന്നും ചെയ്യില്ല.. നല്ല അദ്ദ്വാനിയാ. ങ്ങടെ മോള് രച്ചപ്പെട്ടൂന്ന് കൂട്ടിക്കൊ കോരാ..

കൗസൂ, മോളേ ഇമ്മീണി വെള്ളം കൊട്ക്ക്.. ന്നട്ട് അ കൊള്ളീം ചമ്മന്തീം ഇത്തിരി ചായടെ വെള്ളോം ഇങ്ങട്ടാ എട്ത്തോ.

കൗസുന്നാ തന്ത വിളിക്കണ പേര്… നല്ല പേരണ്. പപ്പിനീനേം കൊണ്ടരണന്ന്ണ്ടാര്ന്ന് ചൊക്ളിക്ക്. രാമേട്ടൻ സമ്മേയ്ച്ചില്ല. പപ്പിനീനെ നാട്ടാര് തോന്ന്യാസം പറേം. അവളേം കൊണ്ട് ങ്ങനെ ഒര് കാര്യത്തിന് പൊർപ്പട്ടാ ചെൽപ്പോ പണ്ടാരായാലോ.

കൗശല്ലിക്ക് പപ്പിനീനെ കാര്യണ്ടോന്ന് ഇമ്മക്കറീല്ല. അവളക്ക് ഇഷ്ടം ഇല്ലാണ്ട് കൊണ്ട് ചെന്നാ വല്യ ബുദ്ദിമ്മുട്ടാവും മൻസ്സിലായാന്നാണ് രാമേട്ടൻ പറഞ്ഞേ..

പെണ്ണങ്ങള് പെട്ടന്നൊന്നും എതൃപ്പ് പറേല്യാ.. പഷേ, മൻസില് കരട് കേറ്യാ എറ്ങ്ങാൻ വെഷ്മാണ്. പെണ്ണങ്ങള് വെറ്ത്താ പിന്നെ വെറ്ത്തന്യാ.. നേരെട്ക്കേരിക്കും വെറ്ക്കാനേ.. ഇന്നാലും വെറ്പ്പ് കേറ്യാ അതവറ്റേരേ നെഞ്ഞത്ത് കല്ലിച്ച് കെട്ക്കും.

ചൊക്ളി മൂളി കേട്ടു.

അവനേത് പെണ്ണിന്യാ അറീയ്യാ..പപ്പിനീന് ആകെനെ ബന്തണ്ട്ന്ന് തോന്ന്യ പെണ്ണൊര്ത്തി.

കൗശല്ലിക്ക് ഏനക്കേട് തോന്നണ്ണോന്നും നി ചിയ്യര്ത്. എന്താ വേണ്ടത് വേണ്ടാത്തത് ന്നൊക്കെ ചോയിച്ചറീണം. കള്ളത്തരം കാട്ടര്ത്. കാട്ട്യാ പെണ്ണങ്ങള് കണ്ടു പിടിക്കും. ചേരപ്പാമ്പിൻറെ കൂട്ടാ … നല്ല വായു ബലാ.. വെഷല്ലെങ്കിലും കടിച്ച് പണ്ടാറാക്കും. കടിച്ച മുറി ഈ ജമ്മത്ത് ഒണങ്ങ്ല്യാ. കളിക്കര്ത്…പെണ്ണങ്ങളോട്. അവളക്കിഷ്ടള്ള അഞ്ച് കാര്യം സന്തോഷ്ത്ത്ല് ചെയ്തട്ട് ഇഷ്ടല്ലാത്ത പയിനഞ്ച് കാര്യം ചെയ്താലും അവള് പോട്ടേന്ന് വെക്കും. അവ്ടെ നിർത്തണ്ണം. ഒള്ളൊള്ള കാലം അങ്ങനെ ചെയ്ത് കഴിഞ്ഞൂടാന്ന് വിചാരിക്കര്ത്.

രാമേട്ടൻ വരണ വഴിക്കൊക്കേം ചൊക്ളീനെ പടിപ്പിക്കേര്ന്നു.

'ഈ ചണ്ണക്കാലന്യാ രാമേട്ടൻ എനിക്കായിട്ട് കൊണ്ടോന്നത്? '

ഒച്ചീം വിളീം കേട്ട്പ്പോ ചൊക്ളി മാത്രല്ല,.അവളരെ തന്ത വരെ ഏൻറ്റാ നിന്ന്.

'ഇനിക്ക് വേണ്ട.. ഈ എഴജന്തൂനെ.'

'കൊല്ലുടി നിന്നേ, പണ്ടാറക്കുരിപ്പേ..' തന്ത കൊടത്തു പെണ്ണിൻറെ ചെള്ളയ്ക്ക്പ്പന്നെ ഒന്ന്..

ചൊക്ളിക്ക് മുള്ളാനും തൂറാനും മുട്ടി. ഈജ്ജാതി പെണ്ണങ്ങള് ണ്ട്ന്ന് രാമേട്ടനറീല്ലേരിക്കും.. അതല്ലേ ഇങ്ങത്തെ പെണ്ണങ്ങള് ഇണ്ടെന്ന് പറയാഞ്ഞേ...അതല്ലെ ഇങ്ങട് കൊണ്ടന്നേ..

രാമേട്ടൻ വിക്കി… പിന്നേം വിക്കി.. പെണ്ണിന് തന്ത കരണം അടിച്ച് പൊകച്ചിറ്റും ഒര് മട്ത്തം ഇല്യ.. ബിമ്മം മായിരി നിക്കന്നെ..

ഒടുക്കം രാമേട്ടൻ പറഞ്ഞു. 'കൗസോ.. ഇത്ത് രി കൂട്തലായി വായേലെ നാവ്. ഇങ്ങനൊന്നും പറേര്ത് നീയ്.. ആര്ക്കാ എപ്പ്ളാ ന്താ വരാന്ന് അറീല്ല…'

'മാർക്കിസ്റ്റ് രാമേട്ടൻ പ് രാക്ണ്… ദൈവല്യാത്തോര് പ് രാകിയാ കൊത്ത്ല്ല രാമേട്ടാ..' പെണ്ണ് ചീറി.

ചൊക്ളി അപ്പന്നെ എറങ്ങി.. ഒന്നും കേക്കാൻ നിന്ന്ല്ല.

അപ്പളാണ് കണ്ടേ.. സറ്ക്കാര് വണ്ടീമ്മേ പുത്യേ തരം ചെട്യോള് കൊണ്ടന്ന് കുയിച്ചിട്ണ്.. പപ്പിനീരേ മാവും പ് ലാവും പറച്ച് പറ്ച്ച് കളേണ്..

ചൊക്ളി ചെന്ന് ഇട്ത്തു ആ മാവും പ് ലാവും...

സറ്ക്കാര് വണ്ടി മുമ്പാക്കോം പോയി..

No comments: