Monday, April 18, 2016

ഒരു സവിശേഷ സുവിശേഷ ദിനം

https://www.facebook.com/echmu.kutty/posts/425322080980425

ദുബായില്‍ നിന്ന് എന്‍റെ പ്രിയ സുഹൃത്ത് വിളിച്ചു ആശംസിച്ചപ്പോഴാണ് അനവധി തിരക്കുകള്‍ക്കിടയില്‍ ഞങ്ങള്‍ മറന്നു പോയിരുന്ന ആ ദിവസമാണിന്നെന്ന് ഞാന്‍ ഓര്‍മ്മിച്ചത്..
ഞങ്ങള്‍ ഒരുമിച്ച ദിവസമെന്നൊന്നും പറയാന്‍ പറ്റില്ല. കാരണം അത് വേറൊരു ഭയങ്കര ദുഷ്ട ദിവസമാണ്. അന്ന് പ്രാകലുകളും, തുലഞ്ഞ് പോകുമെന്ന, അനുഭവിക്കുമെന്ന, ശാപങ്ങളും, കണ്ണീരും പിന്നെ വഞ്ചകി, ദുഷ്ട എന്നൊക്കെയുള്ള വാഴ്ത്തുകളുമായിരുന്നു ആശംസകള്‍ ...
അതിനിടയില്‍ ഒരുപാടു മുഖങ്ങള്‍ ലിവ് ലൈഫ് കിംഗ് സൈസിലും വലിയ മുഖം മൂടികള്‍ ധരിച്ച് പിശാചുക്കളെപ്പോലെ പല്ലിളിച്ച് വേതാളനൃത്തം ചവിട്ടി. ഞങ്ങളുടെ അല്ല, എന്‍റെ നഷ്ടങ്ങള്‍ അതിഭയങ്കരമായിരുന്നു....അതൊന്നും ഓര്‍ക്കാനുള്ള ത്രാണി ഇപ്പോഴെനിക്കില്ല. നഷ്ടങ്ങളേയും വേദനകളേയും എല്ലാം തോളില്‍ ചുമന്നുകൊണ്ട് സ്നേഹത്തിലും സൌഹൃദത്തിലും മാത്രം വിശ്വാസവും പ്രതീക്ഷയും അര്‍പ്പിച്ച് കണ്ണീരുണങ്ങാത്ത ദിവസങ്ങള്‍ കടന്നു പോയി..
അങ്ങനെ ....

കാലങ്ങള്‍ കഴിഞ്ഞു പോയപ്പോള്‍ പൊടുന്നനെ
ഈയൊരു ദിവസം ഈ പ്രപഞ്ചത്തില്‍ ഉദിച്ചു. അന്നാണ് മുതിര്‍ന്നവര്‍ അവരുടെ മനസ്സമാധാനത്തിനു ഒരു അമ്പലത്തില്‍ പോയി ഒരു താലിയെങ്കിലും കെട്ടണമെന്ന് പറഞ്ഞത്. നൂലുപോലെ ഒരു വെള്ളി മോതിരമാണ് എന്‍റെ പ്രിയതമന്‍ എനിക്ക് ജീവിതത്തിലാകെ കൂടി സമ്മാനിച്ച വിലയേറിയ ആഭരണം. അങ്ങനെയുള്ള ഒരാളോട് പെട്ടെന്ന് താലിയുണ്ടാക്കാന്‍ പറഞ്ഞാല്‍ എന്തു ചെയ്യും ?. വല്ല ഇഷ്ടികത്തുണ്ടോ റ്റൈലിന്‍റെ കഷണമോ കരിങ്കല്ലു ചീവിയതോ മതിയെങ്കില്‍ യാതൊരു ബുദ്ധിമുട്ടുമില്ലാതെ താലിയും കൊണ്ട് ഓടി വരുമായിരുന്നു.

താലിക്ക് ഇതൊന്നും പോരല്ലോ.

മഞ്ഞള്‍ച്ചരടില്‍ കോര്‍ത്ത ഒരു താലി സ്വയം സംഘടിപ്പിച്ച് ഞാന്‍ അതിവേഗം ഒരു വധു ചമഞ്ഞു. എന്തൊരെളുപ്പമായിരുന്നു ആ കല്യാണം. മുല്ലപ്പൂവും ആഭരണങ്ങളും പട്ടുസാരിയും ആളും ബഹളവും ഒന്നുമില്ല... ശടേന്ന് ഒരു കല്യാണം.
കുറച്ച് ഫോട്ടോയൊക്കെ എടുത്ത് ‘ ദാ, എന്‍റെ കല്യാണം കഴിഞ്ഞു. ഇനി എന്‍റെ പെന്‍ഷന്‍, പി എഫ് ... അതു പോലെ മെഡിക്കല്‍ ബെനിഫിറ്റ് അതു മാതിരി എല്ലാറ്റിനും ഇവള്‍ക്ക് അവകാശമുണ്ടായിരിക്കും, നോക്കു. ‘ എന്ന് കേന്ദ്ര ഗവണ്മെന്‍റിനോട് പ്രിയതമന്‍ പറഞ്ഞു.
കണ്ണട വെച്ച ഗവണ്മെന്‍റ് പൊട്ടിച്ചിരിച്ചിട്ട് ആ ഫോട്ടൊയൊക്കെ എടുത്ത് ദൂരെക്കളഞ്ഞു. എന്നിട്ട് ‘ ഇതൊന്നും പറ്റില്ല, പോയി മാര്യേജ് സര്‍ട്ടിഫിക്കറ്റ് കൊണ്ടു വരൂ’ എന്ന് ഘോരശബ്ദത്തില്‍ ഉത്തരവായി.

അങ്ങനെ ഞങ്ങള്‍ പിന്നേം കല്യാണം കഴിച്ചു.
അത് വേറൊരു ദിവസമായിരുന്നു. അന്ന് ഹോമകുണ്ഡമൊക്കെ ജ്വലിപ്പിച്ച് മൂന്നു മണിക്കൂര്‍ ഹോമം കഴിച്ച് സപ്തപദിയൊക്കെ എടുത്ത് കല്യാണം കഴിച്ച് ഞങ്ങള്‍ ശരിക്കും ക്ഷീണിച്ചു. വര്‍ക് സൈറ്റിലെ പട്ടിണിപ്പാവങ്ങളായ ജോലിക്കാര്‍ക്കെല്ലാം സദ്യ കൊടുത്തു.
അങ്ങനെ ആ വിലയേറിയ മാര്യേജ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

എന്നാലും എളുപ്പമായിരുന്നു. ഉടുപുടവ, ആഭരണം, കാറ് ,വിമാനം... ഒന്നും വേണ്ടി വന്നില്ല. കുറച്ച് നെയ്യും ചന്ദനത്തിരിയും ആ പുരോഹിതനു നൂറ്റൊന്നു രൂപയും മാത്രമേ ചെലവായുള്ളൂ. ആര്യസമാജത്തിലായിരുന്നു ആ കല്യാണം..
ചിലപ്പോള്‍ എനിക്ക് തോന്നും ഞങ്ങള്‍ കല്യാണം കഴിച്ചിട്ട് നൂറു കൊല്ലമായി എന്ന്... ചിലപ്പോള്‍ തോന്നും ഇന്നലെയായിരുന്നുവെന്ന്... ഇനിയും ചിലപ്പോള്‍ തോന്നും ഞങ്ങള്‍ കല്യാണമേ കഴിച്ചിട്ടില്ലെന്ന്...

18 comments:

Echmukutty said...

ഏപ്രില്‍ 13 നു ആയിരുന്നു ആ ദിവസം . ഞങ്ങള്‍ വിദൂരത്തിലിരുന്ന് ആശംസിച്ചു.. ഒരു ചോക് ലേറ്റ് വാങ്ങിയെങ്കിലും കഴിയ്ക്കാന്‍ സാധിച്ചില്ല... ഉച്ചച്ചൂടില്‍ റോഡില്‍ വാടിത്തളര്‍ന്നിരിക്കുന്ന ഒരുകുഞ്ഞു വാവയ്ക്ക് ആ ചോക് ലേറ്റ് കൊടുത്തപ്പോള്‍ അത് ചിരിച്ചു...

ഇത്തവണത്തെ ആഘോഷം ആ ചിരിയായിരുന്നു.

സുധി അറയ്ക്കൽ said...

എച്മുച്ചേച്ചിയേ!!!!!!


നല്ല ഓർമ്മകൾ!!!

കുഞ്ഞുറുമ്പ് said...

:) ആശംസകൾ

റോസാപ്പൂക്കള്‍ said...

സന്തോഷം എച്ചുമുവേ

Geetha said...

ശരിക്കും എത്ര വർഷമായിട്ടുണ്ടാവും നിങ്ങൾതമ്മിൽ കല്യാണംകഴിച്ചിട്ട് . വളരെ ലളിതമായ മംഗല്യം. ആശംസകൾ.

ദീപ എന്ന ആതിര said...

അപ്പൊ ഇങ്ങള് ശരിക്കും മംഗലം കയ്ച്ചതാണ് ല്ല്യേ?

ഗൗരിനാഥന്‍ said...

കല്യാണങ്ങളൊന്നും ശരിക്കല്ലായിരുന്നൂന്ന് പറഞ്ഞ് മുന്ന് കല്യാണം കഴിച്ച എന്നോട് മത്സരിച്ചാ തോല്ക്കുംട്ടോ...ആ അഭ്യാസം ഏപ്രിലില് തന്നേ...എന്തായാലും സമാധാനത്തോടെ ജീവിക്കൂ....

ഗൗരിനാഥന്‍ said...

കല്യാണങ്ങളൊന്നും ശരിക്കല്ലായിരുന്നൂന്ന് പറഞ്ഞ് മുന്ന് കല്യാണം കഴിച്ച എന്നോട് മത്സരിച്ചാ തോല്ക്കുംട്ടോ...ആ അഭ്യാസം ഏപ്രിലില് തന്നേ...എന്തായാലും സമാധാനത്തോടെ ജീവിക്കൂ....

പ്രയാണ്‍ said...

Sneham...

കുഞ്ഞൂസ്(Kunjuss) said...

കല്യാണം എങ്ങിനെയെന്നല്ല, ജീവിതം എങ്ങിനെയെന്നല്ലേ എച്മൂ.... ആ സ്നേഹ സമൃദ്ധിയും സമാധാനവും എന്നും ഉണ്ടാകട്ടെ.... പ്രിയ കൂട്ടുകാരിക്ക് ആശംസകളോടെ....

Cv Thankappan said...

വിവാഹം സ്വര്‍ഗ്ഗത്തില്‍ എന്നല്ലേ ചൊല്ല്...
ജീവിതവും സ്വര്‍ഗ്ഗതുല്യമായിരിക്കട്ടെ!
ആശംസകള്‍

പട്ടേപ്പാടം റാംജി said...

സര്‍ട്ടിഫിക്കറ്റ് വേണം....

© Mubi said...

ആശംസകള്‍ എച്മൂ...

Echmukutty said...

ഈ അനുഭവക്കുറിപ്പിലൂടെ കടന്നു പോയി അഭിപ്രായമെഴുതി പ്രോല്‍സാഹിപ്പിച്ച എന്‍റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.. സ്നേഹം..

vettathan said...

സന്തോഷം നിറയട്ടെ

ദീപ എന്ന ആതിര said...

വരികളിലെ സന്തോഷം ജീവിതത്തില്‍ നിറയട്ടെ ...ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

വീട്ടുകാർക്കും.നാട്ടുകാർക്കും വേണ്ടിയും
,
ഗവർമേന്റിന് വേണ്ടിയുമൊക്കെ കല്ല്യാന്നിക്കലുകളുടെ

ഒരു ഘോഷയാത്ര തന്നെ നടത്തിയിട്ടുണ്ട് അല്ലേ

ആ ഓർമ്മ ദിനങ്ങൾ ഒരു പാട് കൊല്ലങ്ങൾ ഇനിയും ജീവിതത്തിൽ ഉണ്ടാകുമാറാകട്ടേ

Subrahmaniam Kesavan (ബാലസുബ്രഹ്മണ്യം) said...

ആ കുഞ്ഞുവാവയുടെ നിഷ്കളങ്കമായ ചിരിയില്‍നിന്ന് പകര്‍ന്നുകിട്ടിയ സന്തോഷം എന്നെന്നും കൂടെയുണ്ടാകട്ടെ..ആശംസകള്‍ ...