Thursday, March 25, 2010

കറിക്കത്തി

അവളെ മർദ്ദിയ്ക്കുന്നത് അയാൾക്ക് ഒരു സാധാരണ കാര്യം മാത്രമായിരുന്നു. അവളുടെ മെലിഞ്ഞ ശരീരവും ചെറിയ മുഖവും എന്നും അടി ഇരന്നു വാങ്ങിക്കൊണ്ടിരുന്നു.

ഒരിയ്ക്കൽ പോലും അവളെ അടിച്ചത് ശരിയായില്ലെന്നോ അതിന് മാപ്പ് പറയണമെന്നോ അയാൾക്ക് തോന്നിയിട്ടില്ല.

അവൾ സംസാരിക്കുന്ന രീതി അയാളെ അരിശം കൊള്ളിച്ചു. മുഖഭാവങ്ങൾ അയാളെ വെറുപ്പിച്ചു. ആ പൊട്ടിച്ചിരി അയാളെ ഭ്രാന്തു പിടിപ്പിച്ചു. അവളെ കാണുമ്പോൾ തന്നെ, അയാൾക്ക് അസഹനീയമായ മടുപ്പ് തോന്നിയിരുന്നു.

എന്നിട്ടും അവർ ഭാര്യാഭർത്താക്കന്മാരായി കഴിഞ്ഞു കൂടിക്കൊണ്ടിരുന്നു.

വിവാഹത്തിന്റെ ആദ്യനാളുകളിൽ അവൾ പൊട്ടിച്ചിരിയ്ക്കാനും കലപില വർത്തമാനങ്ങൾ പറയുവാനും താല്പര്യം കാണിച്ചിരുന്നു.

അവൾ സമയോചിതമായല്ല, സംസാരിക്കുന്നതും പൊട്ടിച്ചിരിയ്ക്കുന്നതുമെന്ന് ചൂണ്ടിക്കാട്ടി അയാൾ മൂന്നോ നാലോ പ്രാവശ്യം പടപട എന്ന് മുഖത്തടിച്ചതിനു ശേഷമാണ് അവൾ ചിരിയ്ക്കുന്നതും സംസാരിയ്ക്കുന്നതും കുറച്ച് കൊണ്ട് വന്നത്.

അവളുടെ ഓരോ ചലനത്തിലും അയാൾ കുറവുകൾ മാത്രമേ കണ്ടുള്ളൂ. അത് ക്ഷമിയ്ക്കാൻ അയാൾക്ക് ഒരിയ്ക്കലും കഴിഞ്ഞതുമില്ല.

അവളല്ലാതെ മറ്റേതെങ്കിലും ഒരു സ്ത്രീയായിരുന്നു അയാളുടെ ഭാര്യയായിരുന്നെതെങ്കിൽ ഒരു പക്ഷെ, ദാമ്പത്യം ഭേദപ്പെട്ടതാകുമായിരുന്നുവോ?

ആവോ, ആർക്കറിയാം?

ദാമ്പത്യങ്ങൾ നന്നാക്കിത്തീർക്കാനുള്ള സൂത്രവാക്യം ദൈവം എല്ലാവർക്കും പഠിപ്പിച്ചു കൊടുക്കാറില്ലല്ലോ.

ജനൽക്കമ്പിയിലെ പൊടിയും ചുളിഞ്ഞ കിടക്കവിരിയും പോലും അയാളെ വല്ലാതെ രോഷാകുലനാക്കി. ചുക്കിലി വലകൾ അയാളുടെ സ്വാസ്ഥ്യം കെടുത്തി. അപ്പോഴെല്ലാം അവൾ ആ കൈപ്പടങ്ങളുടെ ശക്തിയറിഞ്ഞു.

അവളുടെ അടുക്കളയ്ക്ക് അയാളുടെ സങ്കല്പത്തിലുള്ള രുചിയുണ്ടായിരുന്നില്ല. സങ്കല്പത്തിലുള്ള ആ രുചിയെ വേണ്ടവിധം അവൾക്ക് പരിചയപ്പെടുത്തിക്കൊടുക്കാനയാൾക്ക് കഴിഞ്ഞതുമില്ല.

അവൾ കുറ്റബോധത്താൽ എന്നും സ്തബ്ധയായി.

അവളുടെ ശിരസ്സ് അപമാനത്താൽ എന്നും കുനിഞ്ഞു.

അവളുടെ ആ കീഴ്പ്പെടലാണോ അയാളെ ഇത്രയധികം കോപപ്പെടുത്തിയിരുന്നതെന്ന് അറിയില്ല. ഭക്ഷണം വെച്ച പാത്രങ്ങൾ കൊണ്ട് അവളെ പ്രഹരിക്കുന്നതിലും ആ പാത്രങ്ങൾ വലിച്ചെറിയുന്നതിലും അയാൾ സമർഥനായിരുന്നു.

അയാളുടെ പോക്കറ്റിൽ പണമുണ്ടായിരുന്നതുകൊണ്ടും ഹോട്ടലുകളിൽ ധാരാളം ഭക്ഷണം ലഭ്യമായിരുന്നതു കൊണ്ടും വീട്ടിലെ ആഹാരമില്ലായ്മ എന്ന അവസ്ഥയെ അയാൾ തൽക്ഷണം അതിജീവിച്ചു പോന്നു.

അടിയേറ്റ് തിണർത്ത കവിളുകളുമായി, അല്ലെങ്കിൽ ചോര കിനിയുന്ന മൂക്കുമായി അവൾ അടുക്കള വെടിപ്പാക്കുകയും പിറ്റേന്നും അതിന്റെ പിറ്റേന്നുമെല്ലാം പാചകം ചെയ്യുകയും വീട് വ്റുത്തിയാക്കുകയും അയാളുടെ അടിവസ്ത്രങ്ങളുൾപ്പടെയുള്ള എല്ലാ അഴുക്കു തുണികളും അലക്കിത്തേച്ച് വയ്ക്കുകയും ചെയ്തു കൊണ്ടിരുന്നു.

രാത്രികളിൽ അയാളുടെ ചാരെ അവൾ ഉറങ്ങി.

അയാളുടെ ശ്രദ്ധയോ പരിഗണനയോ ദയയോ ലഭിയ്ക്കാനാവശ്യമായ ഒന്നും തന്നെ അപ്പോഴും അവളുടെ പക്കലുണ്ടായിരുന്നില്ല. അയാളുടെ സ്നേഹം അതി വിദൂരമായ ഭൂഖണ്ഡത്തിലെ കിട്ടാക്കനിയായിരുന്നു.

മനുഷ്യന്റെ നീചതയ്ക്ക് ഒരതിർത്തിയും നിർണ്ണയിക്കുവാനാവില്ലെന്ന്, അയാളുടെ നാവും കൈകാലുകളും അവളെ പഠിപ്പിച്ചു.

അവളുടെ ദാമ്പത്യം എന്നത് എത്ര വിചിത്രമായ ദൈന്യമാണ്!

അവളെക്കുറിച്ച് യാതൊരു പരിഗണനയും തോന്നാത്ത ഒരാൾക്കൊപ്പം, അയാൾക്ക് സംത്റുപ്തി ഉണ്ടാക്കിക്കൊടുക്കേണ്ടുന്ന വിവിധ കർമ്മങ്ങൾ അനുഷ്ഠിച്ച് അയാളെ രോഷാകുലനാക്കാതെ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിക്കുകയായിരുന്നു എപ്പോഴും അവൾ.

ദൈവത്തെ അവൾ ഉള്ളഴിഞ്ഞ് പ്രാർഥിച്ചു, അയാൾക്കരിശം വരത്തക്കവണ്ണമുള്ള ഒരു പ്രവ്റുത്തിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടാവാതെ കാത്തോളണമേ ഈശ്വരാ എന്ന്.

ഒരുപാട് മനുഷ്യർ ഒത്തിരി ആവശ്യങ്ങൾക്കായി നിത്യവും പ്രാർഥിയ്ക്കുന്നത് കൊണ്ട് ദൈവത്തിന് എപ്പോഴും അവളുടെ പ്രാർഥന കേൾക്കാൻ കഴിഞ്ഞിരുന്നില്ല.

ദൈവത്തിന്റെ വഴികൾ ആരു കണ്ടു?

ഞായറാഴ്ച ദിവസം രാവിലെ മുട്ടക്കറിയുണ്ടാക്കാൻ അവൾ സവാള നേരിയതായി അരിയുമ്പോഴാണ് അയാൾ അരിശത്താൽ പുകഞ്ഞ് അടുക്കളയിലേക്ക് വന്നത്.

വെള്ളം എടുത്ത് വയ്ക്കാറുള്ള ജഗ്ഗ് വറ്റി വരണ്ടിരിയ്ക്കുന്നു.

വന്ന പാടെ അയാൾ അവളുടെ മുടിയിൽ പിടിച്ച് വട്ടം കറക്കി.

‘ഒരിത്തിരി വെള്ളം ഈ പാത്രത്തിൽ ഒഴിച്ച് വെയ്ക്കാൻ പറ്റാണ്ട് എന്ത് പണ്യാ നിനക്ക് ഈ വീട്ടിലിള്ളത്? നിനക്ക് എന്താടീ ഇബടെ ഒരു കൊറവ്? മൂന്നേരം മൂക്ക് മുട്ടെ തിന്നാനും ഉട്ക്കാനും തേയ്ക്കാനും ഞാൻ തെണ്ടിച്ച് കൊണ്ടരണില്ലേ? വേറെന്താ നിന്നെപ്പോലൊരു അശ്രീകരത്തിനു വേണ്ടത്?’

ചെകിട് തരിയ്ക്കുന്ന ഒരടിയിൽ അവളുടെ കണ്ണിൽ നിന്ന് പൊന്നീച്ചകൾ പാറി.

അവളുടെ കൈയിലിരുന്ന കറിക്കത്തിയ്ക്ക് ആ നിമിഷത്തിൽ വ്യക്തമായ ലക്ഷ്യബോധമുണ്ടാവുകയായിരുന്നു.

25 comments:

സായം സന്ധ്യ said...

എല്ലാ ദാമ്പത്യങ്ങളും വിചിത്രമായ ദൈന്യങ്ങള്‍ തന്നെ..ദൈവത്തിന്റെ വഴികള്‍ ആരും അറിയുന്നുമില്ല...

പട്ടേപ്പാടം റാംജി said...

ദാമ്പത്യത്തിലെ കാരണമില്ലാത്ത വിള്ളലുകള്‍.
കൊള്ളാം.

mini//മിനി said...

കുനിഞ്ഞ് കൊടുത്താൽ അടി ഉറപ്പാണ്. എന്നാൽ അടികിട്ടാൻ വേണ്ടി കുനിയുന്നവരാണല്ലൊ സ്ത്രീകൾ.

ശ്രീ said...

പലപ്പോഴും പലയിടത്തും സംഭവിയ്ക്കുന്നത് ഇതൊക്കെ തന്നെയാകാം

മുകിൽ said...

സീമന്തരേഖയിലെ ദൈന്യതയെന്ന സിന്ദൂരം ഇടയ്ക്കൊക്കെ സ്ത്രീകൾ ഗതികെട്ടു തുടച്ചു മുഖമുയർത്താറുണ്ട്. നല്ല അവതരണം.

ചേച്ചിപ്പെണ്ണ്‍ said...

aaranu ival ?

Manoraj said...

ഇത്രയും വേണോ? അൽപം കൂടി പോയിട്ടോ..

വയ്സ്രേലി said...

Echmukutty : ഇനി എന്നാണാവോ സ്ത്രീകളുടെ പ്രശ്നം ഒക്കെ തീരാന്‍ പോണത്?

പിന്നെ ഒരു കാര്യം. എത്ര സ്നേഹം കൊടുത്താലും, എത്ര ഒക്കെ വാങ്ങി കൊടുത്താലും സ്ത്രീകളുടെ പ്രേശ്നകള്‍ മാത്രമേ പറയാനുണ്ടാവൂ. ഇത് അവരുടെ ജന്മ സിദ്ധമായ ഒരു കഴിവാണെന്ന് ഞാന്‍ കുറച്ചു നാളത്തെ ഗവേഷണാനന്തര ഫലമായി കുറച്ചു മുന്‍പ് തിരിച്ചറിഞ്ഞു. ഇതിനെ കുറിച്ച് വലതും പറയാനുണ്ടോ പെണ്ണെ?

പോസ്റ്റ്‌ കൊള്ളാം. പോയിട്ട് പിന്നെ വരാട്ടോ.

Echmukutty said...

സായം സന്ധ്യ വന്നതിൽ സന്തോഷം. എല്ലാ ആധിപത്യങ്ങളും വിചിത്രമായ ദൈന്യങ്ങളും വിധികളും പേറുന്നവയാണ്.

രാംജിയ്ക്കു നന്ദി.

മിനി ടീച്ചറെ കണ്ടതിൽ ആഹ്ലാദം. ശരിയാണു ടീച്ചർ പറഞ്ഞത്.

ശ്രീയ്ക്ക് നന്ദി.

മുകിലിന്റെ അഭിനന്ദനത്തിനു നന്ദി പറയുന്നു.

ചേച്ചിപ്പെണ്ണിന് പ്രത്യേകം നന്ദി. ജയിൽ ശിക്ഷയനുഭവിച്ച ഒരുവൾ, നിരന്തരമായി ഭർത്താവിൽ നിന്നും തല്ല് കിട്ടിക്കൊണ്ടിരുന്ന കുറെ സ്ത്രീകൾ.... ആരുടെയൊക്കെയോ അമ്മയും പെങ്ങളും മകളും, അവളാണ് ചേച്ചിപ്പെണ്ണേ ഇവൾ.

അംജദിന് നന്ദി. സ്ത്രീകളുടെ മാത്രം പ്രശ്ന മല്ല ഇതെന്ന് തിരുത്തിപ്പറയുവാൻ ഞാൻ ആഗ്രഹിയ്ക്കുന്നു. ജീവിതത്തിലെ ഒരു അവിഭാജ്യഘടകമായ സ്ത്രീയ്ക്ക് അധമമായ സ്ഥാനം കല്പിയ്ക്കുന്നവൻ പുരുഷനാകാൻ യോഗ്യനാണോ എന്നതാണ് ശരിയായ പ്രശ്നം.

അംജദിന്റെ ഗവേഷണത്തെക്കുറിച്ച് ഒരു പക്ഷെ, എനിക്കിങ്ങനെ പറയാനായേക്കും.
ജയിൽ‌പ്പുള്ളിയെ അല്പം കാറ്റുകൊള്ളാൻ അനുവദിച്ചിട്ടും അവൻ സ്വാതന്ത്ര്യം വേണമെന്ന് പറയുന്നുവല്ലോ. പട്ടിണിക്കാരന് അല്പം ആഹാരം കൊടുത്തിട്ടും അവൻ ഇനിയും വിശക്കുന്നുവെന്ന് പറയുന്നല്ലോ. താഴ്ന്ന ജാതിക്കാരന് വെള്ളം കുടിയ്ക്കാൻ കൊടുത്തിട്ടും അവന് കിണറ്റിൽ നിന്ന് വെള്ളമെടുക്കാൻ പറ്റുന്നില്ലെന്ന് പറയുന്നുവല്ലോ.
എല്ലാത്തരം ആധിപത്യവും അധമമാണ്. എന്തിന്റെ പേരിലുള്ള ആധിപത്യമായാലും അത് സംസ്ക്കാരശൂന്യവുമാണ്.

Echmukutty said...

മനോരാജ് വീണ്ടും വന്നതിൽ സന്തോഷം. അഭിപ്രായത്തിനു നന്ദി.

എറക്കാടൻ / Erakkadan said...

എന്ത്‌ ചെയ്യാൻ സ്ത്രീ ഇത്തരം അനുഭവങ്ങൾ വച്ച്‌ മുതലെടുക്കുന്നുണ്ടോ എന്ന് തോന്നുന്നു. ഒരു സ്ത്രീക്ക്‌ വരുന്ന പീഡനം മാത്രമേ വാർത്തയാകുന്നുള്ളൂ...എത്ര സ്ഥലത്ത്‌ പുരുഷ പീഡനം ഉണ്ട്‌. ഈ കഥയിൽ തന്നെ അയാൾ എന്തിനു കുടിയനായി എന്നതിനെ കുറിച്ച്‌ പരാമർശിച്ചിട്ടില്ല. ചിലപ്പോൾ അതിനും കാരണം ഒരു പെൺനു തന്നെയാകാം. ഒരു പെണ്ണിന്റെ ദുഃഖത്തിനു കാരണം 80 % പെൺനുതന്നെയാണ​‍്‌. അമ്മായി അമ്മ പോരു തന്നെ ഉദാഹരണം. അതും ഒരു പെണ്ണു തന്നെ അല്ലേ....

Rare Rose said...

ഇത്തരം അവസ്ഥകളെത്രയാണു.കഥയില്‍ പറഞ്ഞ പോലെയും സംഭവിക്കുന്നുണ്ടെങ്കിലും, എത്ര ചവിട്ടിയരച്ചു വേദനിപ്പിച്ചാലും,പുറമേ വെറുപ്പാണെന്നു കാട്ടി സ്നേഹം അലയടിക്കുന്നൊരു കടലൊളിപ്പിച്ചു വെച്ചിട്ടുള്ള സ്ത്രീകളെയാണു ഒരുപാട് കണ്ടിട്ടുള്ളത്.അതെന്താണങ്ങനെ എന്നതിനു ഉത്തരം കിട്ടാറുമില്ല..

Manoraj said...

ഏറക്കാടന്റെ അഭിപ്രായം പ്രസക്തമാണു.. ചിന്തിക്കപ്പെടേണ്ട, അല്ലെങ്കിൽ ചർച്ച ചെയ്യപ്പെടേണ്ട ഒരു കാര്യം..

Vayady said...

"അവളുടെ കൈയിലിരുന്ന കറിക്കത്തിയ്ക്ക് ആ നിമിഷത്തിൽ വ്യക്തമായ ലക്ഷ്യബോധമുണ്ടാവുകയായിരുന്നു."

അവള്‍ക്കൊരിക്കലും ബോധപൂര്‍‌വ്വം അയാളെ വേദനിപ്പിക്കാനാവില്ല. പക്ഷെ ഒരു ദുര്‍ബ്ബല നിമിഷത്തില്‍ അവളറിയാതെ അത് ചെയ്തു പോയതാണ്‌. ഭൂമിയോളം ക്ഷമയുള്ള അവളെ മനസ്സിലാക്കാത്ത അയാളീ ശിക്ഷ അര്‍ഹിക്കുന്നു.

ഈ കഥ..വെറുമൊരു കഥയല്ല. ജീവിതത്തില്‍ നമുക്കു ചുറ്റും ഇതുപോലെ എത്ര നിസ്സാഹായരായ സ്ത്രീകളാണ്‌.

ഈ ചെറിയ പ്രായത്തില്‍ എങ്ങിനെ ഇങ്ങിനെ എഴുതാന്‍ കഴിയുന്നു? എച്ചുമുക്കുട്ടിയെ കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു.

Echmukutty said...

എറക്കാടൻ വന്നതിലും മനോരാജ് രണ്ടാമത് വന്നതിലും നന്ദി പറയട്ടെ. എന്റെ അനുഭവം, എന്റെ കഥ, എന്റെ നിരീക്ഷണങ്ങൾ, എന്റെ ഭാവന ഇതേ എനിക്ക് എഴുതാൻ പറ്റൂ. നിങ്ങളുടേത് എനിക്ക് എഴുതാൻ സാധിക്കുയില്ല. അത് നിങ്ങൾ ചെയ്യേണ്ടതാണ്.

റെയർ റോസിനെ കണ്ടതിൽ സന്തോഷം. സ്ത്രീകളുടെ മന:ശാസ്ത്രത്തെക്കുറിച്ച് സത്യസന്ധമായ പഠനങ്ങൾ വളരെക്കുറച്ച് മാത്രമേ ഉണ്ടായിട്ടുള്ളൂ. അതുകൊണ്ട് സംശയങ്ങൾ നിരവധിയാണ്.

വായാടി വന്നതിൽ സന്തോഷം. അഭിപ്രായത്തിന് അഭിനന്ദനത്തിന് തരുന്ന വലിയ പ്രോത്സാഹനത്തിനു എല്ലാം നന്ദി.

എല്ലാവർക്കും ഒരിയ്ക്കൽക്കൂടി നന്ദി പറഞ്ഞുകൊണ്ട്

jayanEvoor said...

ഇത് സത്യസന്ധമായ അവതരണം തന്നെയാണ്.

ദാമ്പത്യബന്ധങ്ങളിൽ കൂടുതൽ സാധ്യത ഇതിനു തന്നെ.

മറിച്ചുള്ളത് - സ്ത്രീ പുരുഷനെ പീഡിപ്പിക്കുന്നത് കുറവാണ്.

എന്നാൽ അമ്മായിയമ്മ-മരുമകൾ ‘പോട്ടി’ഇന്നും ഒരു സമസ്യയായി തന്നെ തുടരുന്നു!മരുമകളെ സ്വന്തം മകളെ പോലെ കാണുന്ന ഒരു അമ്മായിയമ്മയെ ഞാനിതുവരെയും കണ്ടിട്ടില്ല!

പക്ഷേ അമ്മായിയമ്മ-മരുമകൾ പോട്ടി ദുർബലകളായ സ്ത്രീകളുടെ മെക്കിട്ടുകേറുന്നതിന് പുരുഷന് ന്യായീകരണം അല്ല.

സിനു said...

ദാമ്പത്യത്തിലെ കാരണമില്ലാത്ത ഇത്തരം
കഥകള്‍ ചിലവീടുകളില്‍ നടക്കുന്നു എന്നുള്ളത്
പരമമായ സത്യം.
നല്ല അവതരണം നന്നായിട്ടുണ്ട്.

Echmukutty said...

ജയൻ വന്നതിൽ സന്തോഷം. പ്രോത്സാഹനത്തിന് നന്ദി.
മറ്റൊരാളുടെ
മെക്കിട്ട് കയറുന്നത് തന്നെ പരമമായ ദൌർബല്യത്തിന്റെ ലക്ഷണമാണ്. ഏതു കാരണത്തിന്റെ പേരിലായാലും.

സിനുവിനും നന്ദി പറയുന്നു. ഇനിയും വരുമല്ലൊ.

അരുണ്‍ കരിമുട്ടം said...

സഹിക്കുന്നതിനും ഒരു അതിരില്ലേ?

Echmukutty said...

അരുണിനെ കണ്ട് ഞാൻ അൽഭുതപ്പെട്ടു. സന്തോഷം ഈ വഴി വന്ന്, വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും.
ഇനിയും വരുമല്ലോ.

said...

അതെ... സഹനത്തിന് അതിരുകളുണ്ട്..... പൂട്ടിയിട്ടു തല്ലിയാല്‍ പൂച്ചയും പുലിയാകും.. !! പവിത്രമെന്നു മെന്നു നാം കരുതപ്പെടുന്ന കുടുംബജീവിതം നിലനിന്നു പോകാന്‍ സ്ത്രീകള്‍ കാണിക്കുന്ന ആത്മസംയമനത്തെയല്ലേ അവരുടെ ദുര്‍ബലതയായി കണക്കാക്കപെടുന്നത്.....!!? പുത്തന്‍ തലമുറയിലെ ദാമ്പത്യത്തില്‍ പെണ്ണിനെ ദേഹോപദ്രവമേല്പ്പിക്കാനുള്ള പ്രവണത താരതമ്യേന കുറഞ്ഞു കാണപെടുന്നതു ആശാവഹമായ കാര്യമാണ്...

ഗൗരിനാഥന്‍ said...

അത്രേങ്കിലും ചെയ്തല്ലോ..നന്ന്,,,

Echmukutty said...

സഹനത്തിന്റെ അതിരുകൾ എത്രയും വേഗം നിർണയിയ്ക്കുന്നതാണ് നല്ലത് എന്ന് പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്. ചക്കിമോൾടെ അമ്മ പറയുന്നത് പോലെ പുത്തൻ തലമുറയിലെ ദാമ്പത്യത്തിൽ ശാരീരിക പീഡനം കുറവായിരിയ്ക്കട്ടെ എന്നാശിയ്ക്കുന്നു. വന്ന് വായിയ്ക്കുന്നതിൽ സന്തോഷം.
ഗൌരിനാഥൻ വന്നതിൽ സന്തോഷവും നന്ദിയും അറിയിയ്ക്കട്ടെ.
ഇനിയും വരുമല്ലോ.

Sandhu Nizhal (സന്തു നിഴൽ) said...

അവളുടെ ദാമ്പത്യം എന്നത് എത്ര വിചിത്രമായ ദൈന്യമാണ്!

അവളെക്കുറിച്ച് യാതൊരു പരിഗണനയും തോന്നാത്ത ഒരാൾക്കൊപ്പം, അയാൾക്ക് സംത്റുപ്തി ഉണ്ടാക്കിക്കൊടുക്കേണ്ടുന്ന വിവിധ കർമ്മങ്ങൾ അനുഷ്ഠിച്ച് അയാളെ രോഷാകുലനാക്കാതെ ജീവിതം നയിക്കേണ്ടത് എങ്ങനെയെന്ന് പരിശീലിക്കുകയായിരുന്നു എപ്പോഴും അവൾ.

ajith said...

രക്ഷപ്പെട്ടു അവള്‍