കിഴക്കും തെക്കും വടക്കുമായി ഓരോ ചെറിയ മുറിയും നടുവിലൊരു തളവും പിന്നെ അടുക്കളയാവശ്യത്തിനുള്ള ചില്ലറപ്പുരയുമായിരുന്നു അമ്മീമ്മയുടെ അപ്പാ അവർക്ക് പണിയിച്ചുകൊടുത്ത വീട്ടിലുണ്ടായിരുന്നത്. ഏകാകിനിയായ ഒരു സ്ത്രീയ്ക്ക് ഇതിൽ കൂടുതൽ വലിയ വീട് ആവശ്യമില്ലല്ലോ. ആ വീട്ടിലായിരുന്നു എന്റെയും അനിയത്തിയുടേയും ബാല്യവും കൌമാരവും യൌവനാരംഭവുമെല്ലാം…
അടുക്കളപ്പുരയിൽ നിന്ന് തളത്തിലേയ്ക്കുള്ള വാതിൽ അമ്മീമ്മ എപ്പോഴും അടച്ചിട്ടിരുന്നു, കാരണം അനിയന്ത്രിതമായ എലി ശല്യമായിരുന്നു അടുക്കളയിൽ. എലികൾ തളത്തിൽ വന്ന് പുസ്തകങ്ങളും തുണികളും കരണ്ട് നശിപ്പിയ്ക്കുന്നത് അവർക്ക് വലിയ വേദനയുണ്ടാക്കിയിരുന്നു. ഗോവിന്നൻ കെണി വെക്കുമെങ്കിലും എലികൾ മിടുക്കന്മാരായിരുന്നതുകൊണ്ട് അതിൽ ആരും വീഴാറില്ല. വല്ലപ്പോഴും കാണുന്ന ഒരു എലിയ്ക്കു നേരെ വലിയ വടിയുമായി ധാരാളം ശാപ വചസ്സുകൾ ചൊരിഞ്ഞുകൊണ്ട് ഗോവിന്നൻ ഓടാറുണ്ടായിരുന്നു. ബുദ്ധിയുള്ളവരും ഓട്ടത്തിൽ ഒളിമ്പ്യന്മാരുമായ അവരാകട്ടെ ഗോവിന്നനിൽ നിന്ന് രക്ഷപ്പെട്ടുകൊണ്ടുമിരുന്നു.
പാറുക്കുട്ടിയായിരുന്നു അമ്മീമ്മയുടെ സഹായിയായി വീട്ടിലുണ്ടായിരുന്നത്. കനത്ത് കറുത്ത തലമുടിയും കറുത്ത വലിയ മിഴികളുമുണ്ടായിരുന്ന അവർ പുഴുങ്ങി അലക്കി കഞ്ഞിയും നീലവും ചേർത്ത് വെളുപ്പിച്ച മുണ്ടും ബ്ലൌസും ധരിയ്ക്കാൻ ഇഷ്ടപ്പെട്ടു. ജോലികൾക്കിടയിൽ അമ്മീമ്മയും അവരും തമ്മിൽ എന്തെങ്കിലും ചില്ലറ തർക്കങ്ങൾ പതിവായിരുന്നു. ‘നരനായിങ്ങനെ ജനിച്ചു ഭൂമിയിൽ‘ എന്ന പാട്ട് എനിയ്ക്ക് പഠിപ്പിച്ചു തന്നത് അവരാണ്. അതു പാടിക്കഴിഞ്ഞ് അവർ ഏറ്റുമാനൂരപ്പനെ വിളിച്ച് ഭക്തിയോടെ കണ്ണുകൾ പൂട്ടും. നിലവിളക്കിന്റെ പ്രഭയിൽ ആ മുഖം ഒരു നക്ഷത്രം പോലെ മിന്നിത്തിളങ്ങിയിരുന്നു. ‘പിച്ചകമുല്ല ഇലഞ്ഞിത്തറയിന്മേൽ’ എന്ന പാട്ടും ‘പച്ചമലയിൽ‘ എന്ന പാട്ടും അവർ പാടിത്തരാറുണ്ടായിരുന്നു.
ശനിയും ഞായറും ദിവസങ്ങളിൽ അമ്മീമ്മ നെയ്യപ്പമുൾപ്പടെയുള്ള പലതരം പലഹാരങ്ങൾ, കറുവടാം എന്നും ബ്ടാം എന്നും പേരുള്ള കൊണ്ടാട്ടങ്ങൾ, തേനിറ്റുന്ന പഴുത്ത ചക്കച്ചുള ഉണക്കിയത്, ചക്കപപ്പടം അങ്ങനെ പലതും തയാറാക്കിയിരുന്നു. ബ്രിട്ടാനിയ ബിസ്ക്കറ്റിന്റെ വലിയ ടിന്നുകളിലും സ്റ്റെയിൻലസ്സ് സ്റ്റീലിന്റെ വലിയ തൂക്കുപാത്രങ്ങളിലും ഇതെല്ലാം സൂക്ഷിച്ചു വെയ്ക്കുന്നതായിരുന്നു അവരുടെ പതിവ്. അടുക്കളക്കെട്ടിലെ മച്ചുള്ള കലവറ മുറിയിൽ പലഹാരങ്ങളുടെ കൊതിപ്പിയ്ക്കുന്ന നറുമണം എല്ലായ്പോഴും തങ്ങി നിന്നു.
ആ മണവും സ്വാദും കൊണ്ടാവണം ഈ പലഹാരങ്ങൾ പാറുക്കുട്ടിയുടെ ഏറ്റവും വലിയ ദൌർബല്യമായിത്തീർന്നത്. അമ്മീമ്മയും ഞങ്ങളും സ്കൂളിൽ പോകുന്ന പകലുകളിലും ഇടയ്ക്കെല്ലാം രാത്രികളിലും പാറുക്കുട്ടി ആരുമറിയാതെ കലവറ തുറന്നിരുന്നു. അവർ പലഹാരം തിന്നുന്ന കറുമുറു ശബദ്ം കേട്ട് രാത്രിയിൽ ഉണർന്നാലും കൈയോടെ ആ പ്രവൃത്തി കണ്ടുപിടിയ്ക്കുന്നത് വലിയ അപരാധമാണെന്ന് അമ്മീമ്മ കരുതിപ്പോന്നു.
‘പശിച്ചിട്ടല്ലവാ അപ്പ്ടി ശാപ്പ്ടറതുക്ക് ആശ വറത്,‘ എന്നായിരുന്നു അമ്മീമ്മയുടെ ന്യായം. വിശക്കുന്നതുകൊണ്ട് അല്പം പലഹാരം തിന്നുന്നു, അത് ക്ഷമിയ്ക്കാൻ നമുക്ക് കഴിയണം എന്ന് അമ്മീമ്മ പറഞ്ഞു.
അങ്ങനെ ഒരു ദിവസം രാത്രിയിൽ പലഹാരം തിന്നുന്നതിനിട്യ്ക്ക് വലിയൊരു എലി അടുക്കളപ്പുരയിൽ നിന്ന് തളത്തിലേയ്ക്ക് കടന്നത് പാറുക്കുട്ടി കണ്ടില്ല. തറയിൽ വിരിച്ചിട്ട കിടക്കയിൽ ഞാനും അനിയത്തിയും അമ്മീമ്മയുടെ ഇരുവശങ്ങളിലുമായി ഉറങ്ങിക്കിടക്കുകയായിരുന്നു. പലഹാരം തിന്നു കഴിഞ്ഞ് പതിവു പോലെ തളത്തിലെത്തി വാതിൽ മെല്ലെ അടച്ച്, പാറുക്കുട്ടി സ്വന്തം പായിൽ കിടന്ന് ഉറക്കം തുടർന്നു. എലിയാകട്ടെ മറ്റ് വാതിലുകളും ജനലുകളുമൊന്നും തുറന്നിട്ടില്ലാത്ത തളത്തിലും വടക്കേ മുറിയിലുമായി ബന്ധനസ്ഥനായി. പാവം, പുറത്തു കടക്കാനുള്ള പരാക്രമത്തിലാവണം അത് എന്റെ കൈ വിരലിൽ ആഞ്ഞു കടിച്ചിട്ടുണ്ടാവുക.
നല്ല ഉറക്കത്തിൽ അമ്മീമ്മ എന്നോട് ചോദിച്ചു, “നീ കിടക്കയിൽ മൂത്രമൊഴിച്ചുവോ? എന്താണിവിടെ ഒരു നനവ്?“ എട്ട് വയസ്സായ, നാലാം ക്ലാസ്സിൽ പഠിയ്ക്കുന്ന, നിഘണ്ടു പോലെയുള്ള വലിയ പുസ്തകങ്ങൾ കൂടി വായിയ്ക്കുന്ന എന്നോടാണീ ചോദ്യം! എന്നാലും രാത്രി നേരത്ത് വിളിച്ചുണർത്തി ഇത്ര മേൽ അപമാനകരമായ ഒരു ചോദ്യം അമ്മീമ്മ ചോദിച്ചു കളഞ്ഞല്ലോ.
ഞാൻ ഉത്തരം പറയുമ്പോഴേയ്ക്കും അവർ ലൈറ്റിട്ട് കഴിഞ്ഞിരുന്നു. ബൾബിന്റെ വെളിച്ചം കണ്ണിലടിച്ചപ്പോൾ കണ്ണിറുക്കി ചിമ്മിയെങ്കിലും ഭയപ്പെടുത്തുന്ന ആ കാഴ്ച ഞാൻ കാണുക തന്നെ ചെയ്തു. കിടക്കയിലാകമാനം രക്തം പരന്നൊഴുകിയിരിയ്ക്കയാണ്. എന്റെ ചൂണ്ടു വിരലിൽ നിന്നുമാണ് രക്തത്തിന്റെ ആ ചാൽ പുറപ്പെട്ടിരുന്നത്. അമ്മീമ്മ കഠിനമായ പരിഭ്രമത്തിൽ ചുറ്റും പരതി “ഭഗവാനേ എന്നോട് കൊഴന്തയ്ക്ക് എന്ന ആച്ച്“ എന്നു വിലപിച്ചു. ബഹളം കേട്ട് ഉണർന്നെണീറ്റ അനിയത്തിയാണ് ജനൽപ്പടിയിൽ തിളങ്ങുന്ന കണ്ണുകളുമായി വിശ്രമിച്ചിരുന്ന മൂഷിക വര്യനെ ചൂണ്ടിക്കാണിച്ചത്.
“വാതിൽ നേരാം വണ്ണം അടയ്ക്കണ്ടേ പാറൂട്ടി? കുട്ടിയെ കടിച്ചല്ലോ എലി….വല്ല വെഷോ മറ്റോ ഉണ്ടാവോ അതിന്…….ഞാനിനി എന്താ ചെയ്യാ?“ അമ്മീമ്മ പിറുപിറുത്തുകൊണ്ട് തന്നെ ചൂടുവെള്ളമുണ്ടാക്കി എന്റെ വിരൽ കഴുകുകയും പച്ച മഞ്ഞൾ ചതച്ച് മുറിവിൽ വെച്ച് കെട്ടുകയും ചെയ്തു. ഇതിനിടയ്ക്ക് ആ തിളക്കക്കണ്ണൻ എലി സ്വന്തം കാര്യം നോക്കി ഓടി രക്ഷപ്പെട്ടിരുന്നു.
പിറ്റേന്ന് അമ്മീമ്മയുടെ അടുത്ത സുഹൃത്തും ആയുർവേദ പണ്ഡിതയുമായിരുന്ന കന്യാസ്ത്രീയമ്മ ചികിത്സ വിധിച്ചു. ഒരു തരം പച്ചച്ചീര സമൂലം അരച്ച് ചേർത്ത് പാലു കാച്ചിക്കുടിപ്പിയ്ക്കണം, ഒന്നും രണ്ടും ദിവസമല്ല, നീണ്ട നാല്പത്തൊന്നു ദിവസം. എലി വിഷം ശരീരത്തിൽ നിന്ന് പൂർണമായും ഒഴിഞ്ഞു പോകാൻ അതേ മാർഗമുള്ളൂ.
ആ വിചിത്ര ചീര ഗോമതിയമ്മയുടെ വീട്ടിലാണുള്ളതെന്നറിഞ്ഞ നിമിഷം അമ്മീമ്മയുടെ മുഖം വാടി. അതിനു കാരണമുണ്ടായിരുന്നു. അമ്മീമ്മയുടെ, ഉഗ്രപ്രതാപശാലിയായ സഹോദരന്റെ കാര്യസ്ഥന്മാരാണ് ഗോമതിയമ്മയുടെ അച്ഛനും ആങ്ങളയും. ആ സഹോദരനാകട്ടെ അമ്മീമ്മയുമായി വിവിധ കോടതികളിൽ അവസാനിയ്ക്കാത്ത നിയമയുദ്ധത്തിലുമാണ്. കന്യാസ്ത്രീയമ്മയാണെങ്കിൽ പച്ചച്ചീരയൊഴികേ വേറൊരു മരുന്നുമില്ലെന്ന തീരുമാനത്തിലുറച്ചു നിൽക്കുന്നു. അമ്മീമ്മ ഹതാശയായി.
“ഗോമതി എന്നെ വീട്ടിൽ പോലും കയറ്റില്ല. എന്നിട്ടല്ലേ ചീര ചോദിയ്ക്കുന്നത്?“
പാൽ കൊണ്ട് വരുന്ന തങ്കമ്മയാണ് വഴിയുണ്ടാക്കിയത്.
“ഒന്നും വെഷമിയ്ക്കേണ്ട, കാലത്ത് അഞ്ചര മണിയ്ക്ക് പാലിന്റൊപ്പം ഞാൻ കൊണ്ടരാം അത്. ഗോമതിയ്ക്ക് എന്നോട് ഒരു വിരോധോം ഇല്യ. പിന്നെന്താ? ഇങ്ങടയ്ക്കാ കൊണ്ടരണേന്ന് ഞാൻ പറയാണ്ടിരുന്നാ പോരേ?”
അങ്ങനെ ചീര വന്നു, അതു കഴുകി വൃത്തിയാക്കി വെള്ളം കൂട്ടാതെ അമ്മിയിൽ അരച്ചത് പാറുക്കുട്ടിയാണ്. അരയ്ക്കുമ്പോൾ പരന്ന ഒരു തരം കയ്പിന്റെ മണം പാൽ തിളപ്പിച്ചപ്പോൾ അടുക്കളപ്പുരയിലാകമാനം വ്യാപിച്ചു. തളിർപ്പച്ച നിറമുള്ള ആ കൊഴുത്ത ദ്രാവകം ഒരു ഗ്ലാസിലാക്കി അമ്മീമ്മ എനിയ്ക്ക് കുടിയ്ക്കാൻ തന്നുവെങ്കിലും ആദ്യത്തെ വായ്ക്ക് തന്നെ ഞാൻ അതിഭയങ്കരമായി ഓക്കാനിയ്ക്കുകയും ആ മരുന്നു തുപ്പിക്കളയുകയും ചെയ്തു. വായിലൊഴിയ്ക്കുമ്പോൾ ആസനം വരെ കയ്ക്കുന്ന ഒരു വിചിത്രമായ മരുന്നായിരുന്നുവല്ലോ അത്.
അടുത്ത നിമിഷം എല്ലാവരും കൂടി എന്റെ കൈയും കാലും അമർത്തിപ്പിടിച്ചുവെച്ച് ഒരു കുനീൽ എന്റെ വായിൽ തിരുകി. എന്റെ മൂക്ക് പിടിച്ചുകൊണ്ട് അമ്മീമ്മ ആ ദ്രാവകം കുനീൽ വഴി കൃത്യമായി വായിലൊഴിച്ചു. ശ്വാസം മുട്ടുന്നതു കാരണം അത് കുടിയ്ക്കാതെ എനിയ്ക്ക് യാതൊരു നിർവാഹവുമില്ലായിരുന്നു. വളർന്ന് വലുതാകുമ്പോൾ ലോകത്തുള്ള സമസ്ത എലികളേയും നിഷ്ക്കരുണം വധിയ്ക്കുമെന്ന് ഞാൻ ഉഗ്ര പ്രതിജ്ഞയെടുത്തത് ആ ദിവസമാണ്. പാറുക്കുട്ടിയെ മാത്രമല്ല, അനിയത്തിയുൾപ്പടെ എല്ലാവരേയും എലിയെക്കൊണ്ട് കടിപ്പിയ്ക്കണമെന്നും ഗോമതിയമ്മയുടെ വീട്ടിലെ ആ വിചിത്ര ചീരയെ കരിച്ചുണക്കണമെന്നും ആയുർവേദ മരുന്നുകൾ എഴുതിവെച്ചിരിയ്ക്കുന്ന പുസ്തകങ്ങളെയെല്ലാം ചിതൽ പിടിപ്പിച്ചു നശിപ്പിയ്ക്കണമെന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചു. ദൈവത്തിന് വേറെയും ഒരുപാട് അടിയന്തിര സ്വഭാവമുള്ള പ്രാർത്ഥനകൾ മുറയ്ക്ക് കിട്ടിക്കൊണ്ടിരുന്നതിനാൽ എന്റെ ആവശ്യങ്ങളൊന്നും തന്നെ പരിഗണിയ്ക്കപ്പെട്ടില്ല.
നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ തങ്കമ്മ അമ്മീമ്മയോട് പറഞ്ഞു.
“ടീച്ചറ് വെഷമിയ്ക്കണ്ടാ ട്ടോ, ഗോമതി ഒരു പെണക്കോല്യാണ്ട് ചീര തരും. ഇപ്പോ അവളന്ന്യാ വൈന്നേരം ചീര എന്റോടെ കൊണ്ട്ന്ന് വയ്ക്കണത്. കുട്ടിയ്ക്ക് വേഗം സുഖാവട്ടേന്ന് പ്രാർത്ഥിയ്ക്ക്ണ്ട്ന്നാ അവള് പറഞ്ഞേ.”
“അവൾടെ അച്ഛനും ആങ്ങളേം അറിഞ്ഞാ അവളെ കൊത്തിയരിഞ്ഞ് കൂട്ടാൻ വെയ്ക്കില്ലേ“ അമ്മീമ്മ ഒളിപ്പിച്ചുവെച്ച ഒരു മന്ദഹാസത്തോടെ തിരക്കി.
“അതല്ലേ രസം, അവള് മിണ്ട്ല്ല്യാ ടീച്ചറെ, അവളടെ ആമ്പ്രന്നോൻ ഒരുശിരില്ലാത്തോനായതാ കൊഴപ്പം. അതല്ലേ അവളക്ക് ജനിച്ച തറവാട്ടിലന്നെങ്ങ്നെ കഴിയണ്ടി വരണത്. അവള്ക്ക് എല്ലാ കാര്യോം ശരിയ്ക്കറിയാം. ങ്ങടെ തറവാട്ടിലെ കേസ്ന്റെ കാരണം ങ്ങടെ ആങ്ങളാരടെ മൊതലു കൊതിയാന്ന് അവള് ഒറപ്പിച്ച് പറ്ഞ്ഞു ന്റെ ടീച്ചറെ. അവൾടെ തന്തോടും ഓപ്പയോടും അവള് മിണ്ടാണ്ട് സ്നേഹത്ത്ല് നിൽക്ക്ണേന്തിനാന്നാ ങ്ങടെ വിചാരം. ആ താക്കോലോളം പോന്ന പെണ്ണ് പറഞ്ഞെന്താന്ന് ങ്ങക്ക് കേക്ക്ണോ?”
അമ്മീമ്മ തല കുലുക്കി.
‘നമ്മ്ക്ക് ഉണ്ണാനും ഉട്ക്കാനും കെട്ക്കാനും വഴീണ്ടാക്കി തരണോര് പറേണതും ചെയ്യണതും വിചാരിയ്ക്കണതും ഒക്കെ ശര്യന്നെന്ന്ങ്ങട് ഭാവിച്ച് അവരടെ കൂടെയങ്ങട് കഴിയാ, അതാണ് അവള് ടീച്ചറോട് മിണ്ടാണ്ടിരിയ്ക്കണേ, അവൾടെ അച്ഛനും ഓപ്പേം വല്യ മഠത്തിലെ പണിക്കാരല്ലേന്നും. വല്യ മഠത്തിലെ ങ്ങടെ ചേട്ടൻ സാമി ങ്ങളെ ഈ നാട്ട്ന്നേ ഓടിയ്ക്കണം ന്ന്ച്ചട്ടല്ലേ കേസും കൂട്ടോം ആയിട്ട് നടക്കണത്. അവൾക്ക് ങ്ങളോട് എന്ത്നാ വിരോധം? ങ്ങള് അവൾടെ കുട്ടീനെടുത്ത് കെണറ്റിലിട്ടില്ല്യല്ലോ. കിട്ട്ണ ചോറിന് തന്ത്യോടും ഓപ്പ്യോടും അവളക്ക് നന്ദി കാട്ട്ണ്ടേ ന്റെ ടീച്ചറെ“ എന്ന് തങ്കമ്മ പറഞ്ഞവസാനിപ്പിച്ചു.
പാറുക്കുട്ടിയുടെ മുഖത്ത് ഒരു നീല നിറം വ്യാപിച്ചത് മരുന്നുകഴിയ്ക്കുന്ന വെപ്രാളത്തിലും ഞാൻ കാണാതിരുന്നില്ല. എന്റെ കൈകൾ കൂട്ടിപ്പിടിച്ചിരുന്ന അവരുടെ പിടുത്തത്തിന് അപ്പോൾ പതിവിലും മുറുക്കം കുറവായിരുന്നു. അന്ന് പകൽ മുഴുവൻ പാറുക്കുട്ടി സദാ എന്തോ ചിന്തിച്ചുകൊണ്ടിരിയ്ക്കുന്നതു മാതിരി അവിടെയുമിവിടെയും ഉന്മേഷമില്ലാതെ കുത്തിയിരിയ്ക്കുന്നുണ്ടായിരുന്നു. “എന്തേ പാറൂട്ടി“യെന്ന് അമ്മീമ്മ തിരക്കിയപ്പോൾ തലവേദനയെന്നും വയറു വേദനയെന്നും പറഞ്ഞൊഴിഞ്ഞു.
എങ്കിലും രാത്രി പാത്രം കഴുകുമ്പോൾ പൊടുന്നനെ പാറുക്കുട്ടി കരഞ്ഞുകൊണ്ട് എന്നോട് പറഞ്ഞു. ‘മോള്ക്ക് പാറൂട്ട്യോട് ദേഷ്യം തോന്നരുത് ട്ടോ, ഞാൻ ഒരു പാവല്ലേ, ഇഞ്ഞി ഞാൻ സൂഷ്ച്ചോളാം…… ബാല ശാപം ഏഴ് ജമ്മ്ത്തയ്ക്ക് വിട്ട് പോവൂല്യാന്നാ“
പാറുക്കുട്ടി ഇനിയൊരിയ്ക്കലും പഴയതു പോലെ പലഹാരമെടുത്ത് കഴിയ്ക്കുകയില്ലെന്ന് എനിയ്ക്ക് മനസ്സിലായി.
പതിനൊന്നാം നാൾ, അമ്മീമ്മ ഗ്ലാസിലൊഴിച്ചു തന്ന മരുന്ന് യാതൊരു കോലാഹലവുമില്ലാതെ ഒറ്റ വലിയ്ക്ക് അകത്താക്കി ഞാൻ ചുണ്ടുകൾ തുടച്ചു. ഇനിയും വേണമെങ്കിൽ ഒന്നു രണ്ട് ഗ്ലാസു കൂടി കുടിയ്ക്കാൻ തയാറാണെന്ന മട്ടിലിരുന്ന എന്നെ കണ്ട് അനിയത്തിയും തങ്കമ്മയും പൊട്ടിച്ചിരിച്ചു പോയി. അപ്പോൾ എനിയ്ക്കും ചിരി വന്നു.
കയ്പും കണ്ണീരും പരിചയമായാൽ ………………