Saturday, April 16, 2011

‘പടക്കം ചൂടാവുമ്പോ ഠേ….. ഠേ….. ന്ന് അടീം കൂടി പൊട്ടും‘

https://www.facebook.com/groups/1498796040413252/permalink/1945422209083964/
15/04/18

(വർത്തമാനം വിഷുക്കണി പതിപ്പിൽ - ഏപ്രിൽ 2011 - പ്രസിദ്ധീകരിച്ചിട്ടുണ്ട്.)

മാർച്ച് മാസത്തിൽ തന്നെ പൂ ചൊരിയുന്ന കർണികാരം “ദാ വിഷു…വിഷു “വന്നിരിയ്ക്കുന്നുവെന്ന് മന്ത്രിയ്ക്കുന്നത് ഞാൻ കാണുന്നും കേൾക്കുന്നുമുണ്ട്. മേടമാസത്തിനു പകരം മീനത്തിലേ വിഷു ആഘോഷിച്ചേയ്ക്കാമെന്ന് കൊന്നപ്പൂവിന് തോന്നുന്നതെന്തുകൊണ്ടാവും? പൂവിനു മേടച്ചൂടും ചൂരും മീനത്തിൽ തന്നെ കിട്ടിക്കഴിഞ്ഞിരിയ്ക്കുന്നുവോ?
അടിമുടി പൂത്തുലഞ്ഞ കണിക്കൊന്ന എന്റെ ബാല്യകാല സ്വപ്നമായിരുന്നു. എല്ലാ കൊല്ലവും വിഷു വരുമ്പോൾ അയല്പക്കത്തെ കുട്ടികൾക്ക് അതുവരെയില്ലാതിരുന്ന ഒരു സ്പെഷ്യൽ ഗമയും പ്രാധാന്യവും ജാടയും ഒക്കെയുണ്ടാവും. അവരുടെ വീട്ടുമുറ്റത്ത് പൂത്തുലഞ്ഞു നിൽക്കുന്ന കണിക്കൊന്നയാണ് അതിനു കാരണമെന്ന് അധികം വൈകാതെ ഞാൻ മനസ്സിലാക്കി. കണിക്കൊന്ന എന്റെ സ്വപ്നവും കരളിലെ വേദനയുമായതങ്ങനെയാണ്. പക്ഷെ, വീട്ടിലെ കൊന്ന പൂക്കാൻ തുടങ്ങിയപ്പോഴേയ്ക്കും ആ ബാല്യം കടന്നു പോയി, ഗമയും പ്രാധാന്യവുമൊന്നും ആരോടും പ്രദർശിപ്പിയ്ക്കാനവസരം തരാതെ.
അമ്പലത്തിലെ ഉത്സവക്കാലത്തും വിഷുക്കാലത്തും ആണ് ഒരു ചേട്ടനില്ലാതെ പോയതിന്റെ സങ്കടം എനിയ്ക്ക് ഏറ്റവും കൂടുതൽ തോന്നിയിട്ടുള്ളത്. എന്റെ ബാല്യകാല സുഹൃത്തുക്കൾക്കെല്ലാം മിടുക്കന്മാരായ ചേട്ടന്മാരോ അല്ലെങ്കിൽ ആ ചേട്ടന്മാരുടെ ഒപ്പത്തിനൊപ്പം നില്ക്കുന്ന അനുജന്മാരോ ഉണ്ടായിരുന്നു. ഉത്സവക്കാലത്ത് സന്ധ്യ കഴിഞ്ഞുള്ള കലാപരിപാടികൾ കാണാൻ പോകുന്ന ഭാഗ്യവതികളായ സഹോദരിമാർക്ക് കൂട്ട് ഈ ചേട്ടന്മാരും അനിയന്മാരും ആയിരിയ്ക്കുമല്ലോ.
‘ആയ്, രമേശേട്ടന് ഇരുട്ടത്ത് നടക്കാൻ ന്താ ധൈരിയം,‘
‘ആ, വഴീല് മൂർഖൻ പാമ്പിനെ കണ്ട്ട്ട് ഗംഗേട്ടൻ പേടിച്ച്ല്യാ അതറിയോ ?‘
‘ആന എടയാന്ന് കേട്ടിട്ടും കൂടി ന്റെ ഉണ്ണിയ്ക്ക് ഒരു കൂസലുണ്ടായില്ല്യ’ ………… ഇതൊക്കെ ഗമക്കാരികളായ സഹോദരിമാർ പറയുന്ന ഉത്സവകാല പൊങ്ങച്ചങ്ങൾ ആണെങ്കിൽ വിഷുക്കാലമായാൽ വേറെ തരം കഥകൾ കേൾക്കാം.
‘കണിവയ്ക്കാനേയ് പ്ലാവിന്റെ ഉച്ചാണിക്കൊമ്പ്ത്തന്നാ ചക്കീട്ടത് രമേശേട്ടൻ, കയറ് കെട്ടീട്ട് എറ്ക്കാര്ന്ന്, അതോണ്ട് ഒരു കേടും പറ്റീല്യാ’
‘ഗംഗേട്ടനാ മാങ്ങ മുഴോൻ പറിച്ചേ…… വലത്തോട്ടിയോണ്ട്, ഒറ്റെണ്ണം പൊട്ടീല്യാ.‘
‘ഉണ്ണ്യെ നീറും കട്ടുറുമ്പും പൊതിഞ്ഞൂ ട്ടാ, ന്നാലും കൊന്നപ്പൂ വട്ടിക്കണക്കിനാ പറ്ച്ച്ത്. ന്താ ഒരു സാമർഥ്യം……….‘ ഇങ്ങനെ പറയുമ്പോൾ ആ അനിയത്തിമാരും ചേച്ചിമാരും ആയ ഗമക്കാരികളുടെ ഭാവം കാണേണ്ടതു തന്നെയാണ്! വേൾഡ് കപ്പ് ജയിച്ച ധോണിയെപ്പോലെ.
‘ഇത്തിരി പൂ തര്വോ‘ എന്ന് ആവുന്നത്ര പാവമായി ചോദിച്ചാലും അവർ കുറച്ച്, നന്നെക്കുറച്ച് പൂക്കൾ മാത്രമേ തരികയുള്ളൂ. അവരുടെ പല ബന്ധുക്കളുടേയും വീടുകളിൽ കൊടുക്കാനുള്ളതുകൊണ്ട് ഇതിലും കൂടുതൽ തരാനാവില്ലെന്ന് തീർത്തു പറയുകയും ചെയ്യും. നാലഞ്ചു വീടുകളിലെങ്കിലും പോയി അങ്ങനെ പാവമായിട്ടാണ് കണി വെയ്ക്കാനാവശ്യമായ കൊന്നപ്പൂക്കൾ കിട്ടിയിരുന്നത്.
അടുത്ത പ്രശ്നം പടക്കത്തിന്റേതായിരുന്നു. പടക്കം കെട്ടുന്ന രാമൻ നായരുടെ വീട്ടിൽ നിന്ന് കമ്പിത്തിരി, മത്താപ്പ്, പാമ്പ് ഗുളിക എന്നീ പാവം പാവം പെൺപടക്കങ്ങളും മേശപ്പൂവ്, തലചക്രം എന്നു തുടങ്ങി ഇത്തിരി മൂച്ചുള്ള പെൺപടക്കങ്ങളും മാത്രമേ ഞങ്ങൾ വാങ്ങുകയുള്ളൂ. അപ്പോൾ വിഷു സമ്മാനമായി കുറച്ച് ഓലപ്പടക്കവും കൂടി തികച്ചും സൌജന്യമായി ലഭിച്ചിരുന്നു. ഓലപ്പടക്കം, മാലപ്പടക്കം, വാണം, അമിട്ട്, ഗുണ്ട്, ബോംബ് ഒക്കെ ആൺപടക്കങ്ങളാണല്ലോ. ആ ഓലപ്പടക്കങ്ങൾ പൊട്ടിയ്ക്കാൻ വീട്ടിലൊരു ആൺ തരിയില്ലാത്തതുകൊണ്ട് അവ ഉപയോഗശൂന്യമായി പോകാറാണ് പതിവ്. അതുകൊണ്ട് വിഷുക്കണി വെയ്ക്കുന്ന വൈകുന്നേരങ്ങളിൽ, എല്ലാവരും പടക്കം പൊട്ടിച്ചു രസിയ്ക്കുന്ന സമയത്ത് ഞാനും അനിയത്തിയും അല്പം വിഷണ്ണരാവാറുണ്ട്.
വിഷുപ്പിറ്റേന്ന് അനിയത്തിമാരും ചേച്ചിമാരുമായ ഗമക്കാരികൾ “നിങ്ങടവ്ടെ പടക്കോന്നൂണ്ടായില്ല്യാ ല്ലേ‘എന്ന് ചുണ്ട് കോട്ടിക്കൊണ്ട് ചോദിയ്ക്കും. അപ്പോഴാണ് അപമാനം കൊണ്ട് തല കുനിഞ്ഞു പോകുന്നത്. ‘അല്ലല്ല, പടക്കോണ്ടായിരുന്നു. ഉം ഉം ഉണ്ടായിരുന്നു‘ എന്ന് വാശിയോടെ പറയുമെങ്കിലും അവർ ഒറ്റത്തട്ടിൽ അത് തെറിപ്പിച്ച് കളയും. ‘ന്ന്ട്ട് ഒരു ഒച്ചീം കേട്ട്ല്ല്യാല്ലോ…പടക്കം നനഞ്ഞോയോ?’
പിന്നെ വർണ്ണനയാണ്, ‘ഗംഗേട്ടൻ ഓലപ്പടക്കം കത്തിച്ചപ്പോ…… രമേശേട്ടൻ വാണം കുപ്പീലു വെച്ച് വിട്ടപ്പോ…….. അപ്പോ, ന്റെ ഉണ്ണ്യോ? അവനെങ്ങ്ന്യാ ആ മാലപ്പടക്കം പൊട്ടിച്ചേന്നറിയോ……‘ നമുക്ക് ഗംഗേട്ടനും രമേശേട്ടനും ഉണ്ണിയും പടക്കവും വാണവും ഇല്ല. ഞാൻ ചേച്ചിയായി ജനിച്ചും പോയി, ഇനി ഒരു ചേട്ടനുണ്ടാവണമെങ്കിൽ എന്നേക്കാൾ മുൻപ് ജനിയ്ക്കേണ്ടേ? പിന്നെ കുഞ്ഞനിയൻ ഉണ്ടായി അവൻ വലുതാവുമ്പോഴേയ്ക്കും ……….
‘നീ നടക്കണ വല്ല കാര്യോം ആലോചിയ്ക്ക്‘ എന്ന് അനിയത്തി എന്നെ തിരുത്തും. അതെ, അതാണു വേണ്ടത്. ചെയ്യാൻ പറ്റുന്ന കാര്യം ആലോചിയ്ക്കണം……..
വീട്ടിൽ കൊന്നപ്പൂവില്ല എന്നതൊരു പരമാർത്ഥമാണ്, കൊന്ന നട്ടിട്ടുണ്ട്. തടമെടുത്ത് വെള്ളമൊഴിയ്ക്കുന്നുണ്ട്. പക്ഷെ, അദ്ദേഹം വളർന്ന് വലുതായി പൂവുണ്ടാവാൻ സമയം പിടിയ്ക്കും. എന്നിട്ട് വേണമല്ലോ മതിയാവോളം പൂ പറിയ്ക്കാൻ…… അപ്പോൾ കുറെക്കാലം കൂടി ഈ കൊന്നപ്പൂ വകയിൽ ഗമക്കാരികളുടെ കേമത്തം സഹിച്ചേ പറ്റൂ.
ഓലപ്പടക്കം വീട്ടിലുണ്ട്. അത് പൊട്ടിയ്ക്കാൻ എന്താണ് മാർഗമെന്ന് ആലോചിച്ചാൽ മതി. എല്ലാം കൂടി ഒന്നിച്ചിട്ട് കമ്പിത്തിരിയോ മത്താപ്പോ കൊണ്ട് തീ കൊടുത്താൽ മതിയെന്ന് ആദ്യം തീരുമാനിച്ചു. മത്താപ്പ് ഒരെണ്ണം മതിയാകുമോ ആവോ? പിന്നെ തീ കൊടുത്തിട്ട് നല്ല സ്പീഡിൽ പിൻ തിരിഞ്ഞ് ഓടുന്നതിലാണ് മിടുക്കെന്ന് അനിയത്തി പറഞ്ഞു. ഓടാൻ വൈകിയാൽ കാര്യങ്ങൾ അപകടമായിത്തീരും. അതോർത്തപ്പോൾ തന്നെ കൈയും കാലും വിറയ്ക്കാനും തൊണ്ട വരളാനും തുടങ്ങി.
കുറച്ചധികം സമയം ആലോചിച്ചപ്പോൾ ശീമക്കൊന്നയുടെ നീണ്ട കമ്പിന്റെ അറ്റത്ത്, ഒരു പൊളിവുണ്ടാക്കി പടക്കം അതിൽ പിടിപ്പിച്ച് തീയിൽ കാണിയ്ക്കാമെന്ന നിർദ്ദേശവുമായി അനിയത്തി വന്നു. ശീമക്കൊന്നയുടെ കമ്പിന് കനം നന്നെ കുറവായതുകൊണ്ട് ഞങ്ങൾക്ക് അത് കൈകാര്യം ചെയ്യാനെളുപ്പമാണെന്നും അവൾ ചൂണ്ടിക്കാട്ടി. എന്നേക്കാൾ വയസ്സിനു ചെറുതായതുകൊണ്ട് മാത്രം അവളെ അനിയത്തി എന്ന് വിളിയ്ക്കുന്നതാണ്. അതൊഴിച്ച് ബാക്കി എല്ലാറ്റിലും അവൾ ചേച്ചിയായിരുന്നു. തീയും പടക്കവും വടിയുടെ അത്രേം അകലത്തിൽ പിടിച്ചാൽ മതിയെന്നും അവൾ പറഞ്ഞു. വടിയ്ക്ക് മാങ്ങ പറിയ്ക്കണ തോട്ടിയുടെ നീളം വേണമെന്നും തീർച്ചയാക്കി. കണി വെയ്ക്കാൻ അകത്ത് ഒരുക്കങ്ങൾ നടക്കുമ്പോൾ പുറത്തെ വരാന്തയിലിരുന്ന് ഞങ്ങൾ രണ്ട് പേരും കൂടി പുതിയ ടെക്നോളജി ഉപയോഗിച്ച് ഠേ…..ഠേ…..ന്ന് പടക്കം പൊട്ടിയ്ക്കും! ഗംഗേട്ടനും രമേശേട്ടനും ഉണ്ണീം ഇല്ലാത്തവർക്കും വേണല്ലോ പടക്കോം വിഷൂമൊക്കെ. ഗമക്കാരികൾ പടക്കത്തിന്റെ ഒച്ച കേട്ട് കിടും..കിടും എന്ന് ഞെട്ടട്ടെ…………
അഭിമാനവും ആഹ്ലാദവും കൊണ്ട് വീർപ്പുമുട്ടിയാണ് ആ വിഷുത്തലേന്ന് ഞങ്ങൾ കമ്പിത്തിരിയും മത്താപ്പുമൊക്കെ കത്തിച്ച്കൊണ്ടിരുന്നത്. ഇതാ, വരുന്നു ആ നിമിഷം………ഞങ്ങളും പടക്കം പൊട്ടിയ്ക്കാൻ പോകുന്ന അപൂർവ സുന്ദര നിമിഷം…. എല്ലാവരും അന്തം വിട്ട് നിൽക്കുന്ന അൽഭുത നിമിഷം…..ദാ ഇപ്പോൾ വരും.
ഠേ…….ഠേ……ഠേ…….. ന്ന്….. പടപടാ എന്ന് …….ദൈവമേ ! പടക്കം പൊട്ടുന്നു…… മുറ്റത്തല്ല, അയൽപ്പക്കത്തല്ല, ഞങ്ങളല്ല, ആരാണ് ? എവിടെയാണ് ?…..ആരൊക്കെയോ ഓടി വരുന്നുണ്ടല്ലോ…… അലർച്ച…… ബഹളം…….വീട്ടിന്റെ അകത്ത് അടുക്കളയിൽ നിന്നാണ് ശബ്ദം……..
----------------------------------------

ഞാൻ തലയും കുമ്പിട്ട് നിന്നു. വീട്ടിലെല്ലാവരും ദേഷ്യപ്പെട്ടിരിയ്ക്കയാണ്. അധികം പടക്കമില്ലാതിരുന്നതുകൊണ്ട് വലിയൊരു ദുരന്തം ഒഴിവായി. തീപിടുത്തമുണ്ടായില്ല, തറയിലെ മണ്ണടുപ്പ് തകർന്നതൊഴിച്ചാൽ നാശ നഷ്ടങ്ങളൊന്നുമുണ്ടായില്ല….ഭാഗ്യം. അതെ, ഗുരുവായൂരപ്പൻ കാത്തു……. പക്ഷേ, ഈ പടക്കം അടുക്കളയിൽ എങ്ങനെ വന്നു?
പടക്കം വേഗം പൊട്ടണമെങ്കിൽ ഒട്ടും നനവില്ലാതെയിരിയ്ക്കണമെന്നും അതിന് ചെറുതായി ഒന്ന് ചൂടാക്കിയാൽ മതിയെന്നും ഗംഗേട്ടനും രമേശേട്ടനും പറയുന്നത് എല്ലാവരും കേട്ടിട്ടുള്ളതല്ലേ? അതുകൊണ്ടാണ് ഭക്ഷണം ചൂടായിരിയ്ക്കാൻ എടുത്ത് വെയ്ക്കാറുള്ള കൊടിയടുപ്പിൽ ഞാൻ പടക്കം സൂക്ഷിച്ചത്……ഒട്ടും നനവില്ലാതെയിരിയ്ക്കാൻ ………തീയിൽ കാണിച്ചാൽ ഉടനെ ഠേ ഠേ എന്ന് പൊട്ടാൻ…….കൊടിയടുപ്പ് ഒരിയ്ക്കലും കത്തിയ്ക്കാറില്ല. ‘കാളവായ് ‘എന്ന് പേരായ വലിയ അടുപ്പിൽ നിന്നുള്ള ചൂട് മെല്ലെമെല്ലെ വ്യാപിയ്ക്കുകയേയുള്ളൂ. ‘കാളവായിലെ ശമയൽ ശെയ്ത് കൊടിയടുപ്പിലെ വെച്ച് ശൂടായിരുക്കറ ശാപ്പാട് പോടണം‘……… എന്ന് കേട്ടാണു വളർന്നിട്ടുള്ളത്……… അതുകൊണ്ടാണ്……. കൊടിയടുപ്പിന്റെ പുറത്ത് വെച്ചാൽ ആരെങ്കിലും കണ്ടെങ്കിലോ എന്നു കരുതിയാണ് കൊടിൽ കൊണ്ട് ഉള്ളിലേയ്ക്ക് ഇറക്കി വെച്ചത്……… ഇത്തിരി നേരത്തേയ്ക്കായിട്ട് വെച്ചതാണ്….. കമ്പിത്തിരിയും മത്താപ്പും കത്തിയ്ക്കണ നേരത്തേയ്ക്ക് മാത്രം ……….. പക്ഷെ, കനൽ കൊടിയടുപ്പിലേയ്ക്കും നീങ്ങി വരുമെന്നും അങ്ങനെയാണ് ചൂടുണ്ടാവുന്നതെന്നും എനിയ്ക്കറിയില്ലായിരുന്നു……….. പിന്നെ പുതിയ ടെക്നോളജി പ്രദർശിപ്പിച്ച അനിയത്തിയുടെ മുൻപിൽ ഒട്ടും നനവില്ലാത്ത പടെ പടെന്ന് പൊട്ടുന്ന പടക്കം കാണിച്ച് ആളാവാൻ എനിയ്ക്കും മോഹമുണ്ടായിരുന്നു……. അതല്ലേ കാരണം?........
വിഷുത്തലേന്നായാലും അടി കിട്ടിയാൽ നല്ല വേദനയാണ്. അതിലും ഭയങ്കരമായിരുന്നത് അനിയത്തിയുടെ നോട്ടമായിരുന്നു……….. എന്റെ ബുദ്ധിശക്തിയെ അളക്കുന്ന യന്ത്രം കണ്ടുപിടിച്ച ഗവേഷകയുടെ നോട്ടം……….. അയല്പക്കത്തെ ഗമക്കാരികൾ വിവരമറിഞ്ഞെത്തിയപ്പോൾ ദൈവം പോലും അവരുടെ ഭാഗത്താണെന്ന് എനിയ്ക്ക് മനസ്സിലായി. അല്ലെങ്കിൽ ഞാൻ കരച്ചിൽ നിറുത്തിയതിനു ശേഷം വന്നാൽ മതിയായിരുന്നില്ലേ അവർക്ക്? രാത്രി തന്നെ, ‘അയ്യോ! എന്താ പറ്റിയേ‘ എന്നന്വേഷിച്ച് ഓടി വന്ന അവരുടെ വീട്ടുകാർക്കൊപ്പം തിരക്കിട്ട് പാഞ്ഞു വരണമായിരുന്നോ?.
പിറ്റേക്കൊല്ലം വിഷുവിന് ‘പടക്കം ചൂടാവുമ്പോ ഠേ…. ഠേ…. ന്ന് അടീം കൂടി പൊട്ടും‘ എന്ന പാട്ടുണ്ടായതങ്ങനെയാണ്.