മങ്ങൂഴത്തിന്റെ മഞ്ഞ വെളിച്ചത്തിൽ തെരുവ് സ്വർണ നിറമാർന്നു. തുടുത്ത സന്ധ്യ ആകാശച്ചെരുവിൽ നിന്നിറങ്ങിക്കഴിഞ്ഞു. അധികം വൈകാതെ രാത്രിയുടെ കമ്പളവും നിവരും.
"റണ്ടി, നികൽ ജാ കമ്രേ സേ……….ബാഹർ നികൽ"
വീട്ടുടമസ്ഥന്റെ കണ്ണുകൾ ആളിക്കത്തി. അയാൾ വലിച്ച് പുറത്തിട്ട എന്റെ വീട്ടുസ്സാധനങ്ങൾ നഗ്നമായി പൊതു വഴിയിൽ ചിതറിക്കിടന്നു. അലറുമ്പോഴും അയാളുടെ കണ്ണിലെ പുളയുന്ന കാമം കെട്ടിരുന്നില്ല. ഒന്നിച്ച് കിടക്കാമെന്ന് പറഞ്ഞാൽ അയാൾ ആ നിമിഷം മുറി തുറന്ന് തരുമെന്നെനിയ്ക്കറിയാമായിരുന്നു. അതുകൊണ്ട് ആ ഇളിഞ്ഞ ശൌര്യം എന്നിൽ അറപ്പ് മാത്രമേ ഉളവാക്കിയുള്ളൂ.
ആളുകൾ ചുറ്റും കൂടിയപ്പോൾ അയാൾ വർദ്ധിത വീര്യത്തോടെ കൂക്കി വിളിച്ചു. "ഇവൾ വേശ്യയാണെന്നേ, എന്റെ മുറിയിൽ ആ പരിപാടി ഞാൻ സമ്മതിയ്ക്കില്ല. ഞാൻ ദൈവത്തെ പേടിയ്ക്കുന്നവനാണ്. വാടകയല്ല എന്റെ ആവശ്യം, വേശ്യയ്ക്ക് സ്ഥലം കൊടുക്കാൻ പറ്റില്ല, ഒരെണ്ണമുണ്ടായാൽ മതി, തെരുവ് നാറാൻ……." ജനക്കൂട്ടം ആർത്തുചിരിച്ചപ്പോൾ അയാൾ എന്നെ നോക്കി കണ്ണിറുക്കുകയും സ്വന്തം അകം തുടയിൽ അമർത്തിത്തടവുകയും ചെയ്തു.
അയാളുടെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പാനുള്ള ധൈര്യം വരാത്തതിൽ എനിയ്ക്ക് സ്വയം പുച്ഛം തോന്നി. അതേ സമയം അയാൾ പോലീസിനെ വിളിച്ചാൽ കൂടുതൽ കുഴപ്പങ്ങളുണ്ടാവുകയില്ലേ എന്ന വലിയ ഭയവും എന്നെ അലട്ടിക്കൊണ്ടിരുന്നു. വേശ്യയെന്ന ആരോപണവും അനാഥത്വവും ചെറുപ്പവും സന്ധ്യാ സമയവും അങ്ങേയറ്റം അപകടകരമായ കറിക്കൂട്ടുകളാണ്. പോലീസുകാർക്കിടയിലായാൽ പ്രത്യേകിച്ചും.
തോൽവിയും നിസ്സഹായതയും ഭയവും പുറത്തു കാണിയ്ക്കരുതെന്ന് കരുതി ഞാൻ കണ്ണീരിനെ ഉള്ളിലേയ്ക്ക് വലിച്ചു. ചിതറിക്കിടന്ന വസ്ത്രങ്ങളേയും പൊട്ടിപ്പോയ എണ്ണക്കുപ്പിയേയും അരിയും ഉപ്പും മുളകുപൊടിയും വെച്ച പ്ലാസ്റ്റിക് കൂടുകളേയും പെറുക്കിയെടുത്ത് തെരുവിന്റെ ഒരു വശത്തായി ഒതുക്കിയപ്പോൾ ജനം എന്നെ സാകൂതം നോക്കി നിന്നു. ഒരുപക്ഷേ, വേശ്യയെന്ന് വിളിയ്ക്കപ്പെട്ടവളെ വെളിവായി കാണുമ്പോഴുള്ള അൽഭുതമാവാം. കൊച്ചു കുട്ടികൾ അന്തം വിട്ട് അകലെ മാറി നിന്ന് പിറുപിറുത്തുകൊണ്ടിരുന്നു. അവരുടെ അമ്മമാർ ദുപ്പട്ട കൊണ്ട് തല മൂടി കുട്ടികളെ വലിച്ചിഴച്ച് സ്വന്തം കുടുസ്സു മുറികളിലേയ്ക്ക് അപ്രത്യക്ഷരായി.
എങ്കിലും മതിയാകാതെ വീട്ടുടമസ്ഥൻ എന്റെ മുൻപിൽ വന്നു നിന്ന് വെല്ല്ല്ലു വിളിച്ചു, “മേം ദേഖ്താ ഹും കോൻ സീ റണ്ടി തേരാ സാഥ് ദേഗി“…..
അപ്പോൾ തൊട്ടടുത്ത് നിന്ന് ഭദ്രകാളി അലറി, “തൂ ഹഠ് ജാ കുത്തെ, ….. ആവാസ് നികാലാ തോ ജീബ് കാട് ദൂംഗി.“ അത് രംഗോബതിയായിരുന്നു, ആ മുഖത്ത് ഒരു ജ്വാലാമുഖി ആളി എരിയുന്നതു പോലെ ഉഗ്രത തോന്നിച്ചു. രംഗോബതി എല്ലാവരുടെ വീട്ടിലും പോയി പാത്രം കഴുകുന്നവളാണ്, അടിച്ചു തളിയ്ക്കുന്നവളാണ്, തുണികൾ അലക്കുന്നവളാണ്, അവൾക്ക് എല്ലാവരേയും പരിചയമുണ്ട്…….
പിന്നെ ആരും ഒരക്ഷരം പോലും ശബ്ദിച്ചില്ല. തെരുവ് ഒരു നിമിഷം കൊണ്ട് നിശ്ശബ്ദവും വിജനവുമായി. രംഗോബതി എന്റെ സാധനങ്ങൾ പെറുക്കിയെടുത്ത് മുന്നോട്ട് നടന്നു. നടക്കുമ്പോൾ അവൾ രണ്ട് പ്രാവശ്യം കാർക്കിച്ചു തുപ്പി. ഉള്ളിലെ ചിതറലൊതുക്കിപ്പിടിച്ച് ഞാൻ പിന്തുടരുക മാത്രം ചെയ്തു.
തെരുവിന്റെ അറ്റത്ത് ഇറച്ചിക്കടയുടെ തൊട്ടരികിലായിരുന്നു അവളുടെ മുറി. മനം മടുപ്പിയ്ക്കുന്ന ദുർഗന്ധം എന്നെ തളർത്തി. അവളുടെ മുറിയിൽ കയറിയപ്പോഴേയ്ക്കും ഒരു നിയന്ത്രണവുമില്ലാതെ ഞാൻ ഏങ്ങലടിച്ചു കരഞ്ഞു. രംഗോബതി ഒന്നും പറഞ്ഞില്ല, കരയരുതെന്നോ, പോട്ടെ സാരമില്ല എന്നോ…. അങ്ങനെയുള്ള മര്യാദ വാക്കുകൾ അറിഞ്ഞു കൂടാത്തവളെപ്പോലെ എന്നെ കരയാൻ വിട്ടിട്ട് അവൾ ആട്ട പരത്തി റൊട്ടിയുണ്ടാക്കുവാൻ തുടങ്ങി.
അല്പം കഴിഞ്ഞ് കണ്ണീരുണങ്ങിപ്പിടിച്ച എന്റെ മുഖം നോക്കി അലിവോടെ അവൾ പറഞ്ഞു, "ദീദി മുഖം കഴുകു, ആ ബക്കറ്റിൽ വെള്ളമുണ്ട്." ഞാൻ ഒരു യന്ത്രത്തെപ്പോലെ അവളെ അനുസരിച്ചു. അപ്പോഴേയ്ക്കും രണ്ട് തടിയൻ റൊട്ടിയും വിരലുകളിൽ വഴുവഴുപ്പായി നീങ്ങുന്ന എരിയൻ മുളകിന്റെ വാട്ടിയ കഷ്ണങ്ങളും സവാള ചീവിയതും അവൾ എന്റെ മുൻപിൽ വെച്ചു. വക്ക് ചപ്പിയ ലോട്ടയിൽ വെള്ളവും. ഭക്ഷണം എന്റെ തൊണ്ടയിൽ കുടുങ്ങി. ഒരുപാട് സങ്കടം വരുമ്പോൾ അങ്ങനെയാണ്. വലിയ ഒരു ഭാരം അവിടെ അമർന്നിരിയ്ക്കും, വെള്ളം കുടിച്ചാലും ഇറങ്ങിപ്പോവാതെ………
അവൾ തലയിൽ കൈ വെച്ച് വീട്ടുടമസ്ഥനെ പ്രാകി…….. ഒരു നിമിഷം നിറുത്തീട്ട് പറഞ്ഞു. “ദീദി കരയരുത്, എല്ലാം ദീദിയുടെ പുരുഷന്റെ ഏർപ്പാടാണ്, കുഞ്ഞിനേം കൂട്ടി കാറിൽ രണ്ട് ദിവസം മുൻപിവിടെ വന്നിരുന്നു………സുരയും ഭാംഗും കഴിച്ച് കണ്ടവന്മാർക്കൊപ്പം രസിച്ച് ജീവിച്ചിട്ട് ദീദി കുഞ്ഞിനെ വിട്ടു കിട്ടാനായി കേസു നടത്തുകയാണെന്ന് വിസ്തരിച്ചു പറഞ്ഞു. പോരാത്തതിന് ഈ വീട്ടുകാരൻ തെണ്ടിയുടെ ………….“ അവൾ വാക്കുകൾ മുഴുമിച്ചില്ല.
അപ്പോൾ………… അതാണ് പെട്ടെന്നുള്ള ഈ പ്രകോപനത്തിനു കാരണം. എത്ര നിർഭാഗ്യവതിയായ ഒരമ്മയാണ് ഞാൻ! ഇവിടെ വന്നിട്ടും ആ കുഞ്ഞു മുഖം എനിയ്ക്ക് കാണുവാനൊത്തില്ല……… ഒരു നിമിഷം ഭ്രാന്ത് വരികയാണെന്ന് ഞാൻ ഭയന്നു…….. ഉടു വസ്ത്രങ്ങൾ വലിച്ച് കീറണമെന്നും തലമുടി പിച്ചി വലിച്ചു ഉച്ചത്തിൽ അലറിക്കൊണ്ട് തെരുവിലേയ്ക്ക് ഓടണമെന്നും പൊട്ടിക്കരയണമെന്നും ആർത്തട്ടഹസിച്ചു ചിരിയ്ക്കണമെന്നും എനിയ്ക്ക് തോന്നി.
ഞാനറിയാതെ വായിൽ നിന്ന് ആ വാക്ക് പുറത്തേയ്ക്ക് വീണു…….”റണ്ടി”
രംഗോബതി ആർത്തു ചിരിച്ചപ്പോൾ ഞാനൽഭുതപ്പെട്ടു പോയി. എന്തിനാണിവൾ ചിരിയ്ക്കുന്നത്? ചിരിച്ച് ചിരിച്ച് അവളുടെ തൊണ്ടയടഞ്ഞു, കണ്ണുകളിൽ നിന്ന് വെള്ളമൊലിച്ചു, കറുത്തിരുണ്ട കവിളുകൾ നനഞ്ഞു മിന്നി. വായിൽ നിന്ന് തുപ്പലിൽ കുതിർന്ന റൊട്ടിക്കഷണങ്ങൾ നാലുപാടും തെറിച്ചു.
“രംഗോബതി…….രംഗോബതി……. “ ഞാൻ പരിഭ്രമത്തോടെ അവളെ തൊട്ടു വിളിച്ചപ്പോൾ അവൾ മെല്ലെ മെല്ലെ ശാന്തയായി. ഒരു ലോട്ട വെള്ളം മടമടാന്നു കുടിച്ചു തീർത്തിട്ട് രംഗോബതി ചോദിച്ചു, “ദീദി കണ്ടിട്ടുണ്ടോ? പലർക്കും വേണ്ടി കാലകത്തുന്നവളെ…..”
ഒരക്ഷരം പറയാതെ ആരാണതെന്ന് ആലോചിയ്ക്കുകയായിരുന്നു ഞാൻ. എന്റെ മുറിയിലേയ്ക്ക് സ്വന്തം ബോസിനെ കയറ്റി വിട്ട അദ്ദേഹമതല്ല, മദ്യം മണക്കുന്ന തേരട്ടച്ചുണ്ടുകളും മൂർച്ചയേറിയ പല്ലുകളുമായി ഈ നേർത്ത ചുണ്ടുകളെ തീ വെച്ചു പൊള്ളിച്ച ബോസുമതല്ല, ഈ വേദനകൾ അറിയുന്നുവെന്ന് ഭാവിച്ച് എന്റെ കൊച്ചു മുലകളെ അമർത്തിക്കൊണ്ട് അല്പ നേരം നമുക്ക് സ്നേഹിയ്ക്കാമെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ സുഹൃത്തും അതല്ല.
“അവളെ ദീദിയ്ക്കറിയാമോ?“
രംഗോബതി ദീർഘമായി നിശ്വസിച്ചു. ഞാൻ അവളുടെ മുഖത്തേയ്ക്ക് ഉറ്റു നോക്കുകയായിരുന്നു. പൊടുന്നനെ അവൾ അലറി, “ദാ ………. ദാ ഒരു റണ്ടി, ദീദി. ഭയപ്പെടേണ്ട, ഇപ്പോഴല്ല, മുൻപ് ……… നേരത്തെ……. ഞങ്ങളുടെ നാട്ടിൽ.”
അവളുടെ കടുപ്പമുള്ള ജീവിതം എന്റെ മുന്നിൽ ഒരു വേതാളത്തെപ്പോലെ പല്ലിളിച്ചു.
“പെറുക്കികൾ, ബീഡിയിലയും കിഴങ്ങും പെറുക്കി വിറ്റ് കഴിയുന്ന പെറുക്കികളാണ് ഞങ്ങളിൽ അധികം പേരും, ദീദി. കങ്കാണിമാരുടെ കാവലാൾ വരും, കാട് അവരുടെ, വെള്ളം അവരുടെ…… എല്ലാം അവരുടെ, സർക്കാർ, പോലീസ് എല്ലാം അവരുടെ…….. അവർ പോകാൻ പറഞ്ഞാൽ പോകണം, നമ്മുടെ കുടിലും അവരുടെ………………. കാട്ടിൽ അവർക്ക് ഒരുപാട് രഹസ്യങ്ങളുണ്ട്, സമ്പത്തുണ്ട്. അതുകൊണ്ട് ഞങ്ങൾ കാട്ടിൽ കയറിയാൽ അവർ കൊല്ലും, പെണ്ണുങ്ങളാണെങ്കിൽ കിടന്നു കൊടുത്താൽ മതി, വിറകു പെറുക്കാം, കിഴങ്ങു മാന്താം, വെള്ളമെടുക്കാം ……….. വിശന്ന് കരയുന്ന കുട്ടികളെ ഓർക്കുമ്പോൾ, ജീവൻ പോകുമെന്ന് പേടിയാകുമ്പോൾ ഞങ്ങൾ കിടന്നുകൊടുക്കും ദീദി. അത് വലിയ ഒരു കാര്യമല്ല”
അവൾ പറഞ്ഞതൊന്നും എനിയ്ക്ക് തിരിയുന്നുണ്ടായിരുന്നില്ല. അത് ഏതോ അന്യ ഗ്രഹത്തിലെ ഭാഷയായിരുന്നു. മറ്റൊരാളുടെ ജീവിതവും പ്രശ്നങ്ങളും മനസ്സിലാക്കാനാവാത്തത് എന്റെ മാത്രമല്ല, മനുഷ്യ വംശത്തിന്റെ തന്നെ ദുരന്തമാണല്ലോ. അതാണ് അതു തന്നെയാണ് ഈ ഭൂമിയിൽ ഇത്രയും ആഴമുള്ള ഒരിയ്ക്കലും വറ്റാത്ത കണ്ണീർപ്പാടങ്ങളെ ഉണ്ടാക്കിയത്.
അച്ഛനെ, മകനെ, ആങ്ങളയെ, കാമുകനെ, ഭർത്താവിനെ കൊലയ്ക്ക് കൊടുക്കുന്നതിലും ഭേദം കൊല്ലാൻ വരുന്നവരുടെ ഒപ്പം കിടക്കുന്നതു തന്നെ. പ്രസവിച്ചും മുലയൂട്ടിയും ഭക്ഷണം കൊടുത്തും മാത്രമല്ല, പെണ്ണുങ്ങൾ ജീവനേകുന്നത്.
“എന്നാലും ഞങ്ങളുടെ ആണുങ്ങൾ ചിലപ്പോൾ സുര കുടിച്ച് വന്ന് ഞങ്ങളെ റണ്ടിയെന്ന് വിളിയ്ക്കും, തല്ലും, കെട്ടിറങ്ങുമ്പോ ഏങ്ങിക്കരയും……“
അതങ്ങനെയാവാനേ തരമുള്ളൂ, അമ്മയോ ഭാര്യയോ പെങ്ങളോ മകളോ കാമുകിയോ ഏതെങ്കിലും പുരുഷനെ സന്തോഷിപ്പിച്ച് ബാക്കി നിറുത്തിയ ജീവനാണല്ലോ ആ ആണുങ്ങളുടേത്. അവർ മദ്യപിയ്ക്കുകയും പെണ്ണുങ്ങളെ വേശ്യയെന്ന് വിളിയ്ക്കുകയും പിന്നെ കരയുകയും അല്ലാതെ വേറെന്തു ചെയ്യാനാണ്?
“നിങ്ങളുടെ ആണുങ്ങൾ ആ വൃത്തികെട്ടവരെ കൊല്ലാത്തതെന്താ?“
രംഗോബതിയുടെ കണ്ണുകളിൽ മൂർച്ചയേറിയ ആയുധത്തിന്റെ തിളക്കം ഞാൻ കണ്ടു. അവൾക്ക് രക്ത വർണ്ണമുള്ള നാവു നീട്ടിപ്പിടിച്ച കാളീരൂപത്തിന്റെ പൈശാചികത കൈവരുന്നതായി എനിയ്ക്ക് തോന്നി. അവൾ അമർത്തിയ സീൽക്കാര ശബ്ദത്തിൽ മന്ത്രിച്ചു.
“എല്ലാവരും തോക്കും കുന്തവും എടുക്കും ദീദി. ആ കാലം വരും. അതുവരെ ഇതൊക്കെ വേണ്ടി വരും”
“ഗർഭം……. ഗർഭമുണ്ടായാലോ രംഗോബതി?“ എന്റെ ശബ്ദം അതീവ ദുർബലമായിരുന്നു.
അവൾ പിന്നെയും ചിരിച്ചു. “അത് പതുക്കെയുള്ള ധമാക്കയല്ലേ ദീദി, പത്തു മാസം കഴിഞ്ഞ് വരുന്ന ധമാക്ക. തുണിയഴിച്ചാലുടനെ കിട്ടുന്ന ധമാക്കയല്ലേ അതിലും കേമം? ജീവനും വെള്ളവും കിഴങ്ങും വിറകും ചിലപ്പോൾ കുറച്ച് രൂപയും ഒന്നിച്ച് കിട്ടുന്ന ലാഭം?“
അതെ, അതാണ് ശരിയായ ഡബിൾ ധമാക്ക.
-------------------------------------------------------
ധമാക്ക – ഭാഗ്യക്കുറി അടിയ്ക്കുക.
റണ്ടി – വേശ്യ.
നികൽ ജാ കമ്രേ സേ – ഇറങ്ങ് മുറിയിൽ നിന്ന്
ബാഹർ നികൽ – പുറത്തിറങ്ങ്.
മേം ദേഖ്താ ഹും – ഞാൻ കാണട്ടെ
കോൻ സീ – ഏതൊരു
തേരാ സാഥ് ദേഗി – നിനക്കൊപ്പം നിൽക്കുന്നത്
തൂ ഹഠ് ജാ കുത്തേ – നീ മാറിപ്പോടാ നായേ.
ആവാസ് നികാലാ തോ ജീബ് കാട് ദൂംഗി – ഒച്ചയുണ്ടാക്കിയാൽ നാക്കറുത്തു കളയും.
സുര – നാടൻ മദ്യം.
ഭാംഗ് – മൂത്ത കഞ്ചാവിന്റെ ഇലയും പൂവും അരച്ചത്.