(21.08.2011 വർത്തമാനത്തിലെ പെണ്ണിടത്തീൽ പ്രസിദ്ധീകരിച്ചത്)
അമ്മയുടെ ബന്ധത്തിൽ ഉള്ള ഒരു പെരിയപ്പാവിനേയും പെരിയമ്മയേയും കാണാനാണ് അനിയത്തിയുടെ ഒൻപത് വയസ്സായ മകളേയും കൂട്ടി ഞാൻ ആ ഓൾഡ് ഏജ് ഹോമിൽ പോയത്. അമ്മയുടെ പ്രതിനിധി എന്ന നിലയ്ക്കുള്ള ഒരു സന്ദർശനം.
മനോഹരമായ പൂന്തോട്ടത്തിനു ചുറ്റുമായി നാലഞ്ചു ബ്ലോക്കുകളിൽ പടർന്ന് കിടക്കുന്ന ഒന്നായിരുന്നു അത്. കൌസ്തുഭം, ശ്രീവത്സം, വനമാല എന്നൊക്കെയായിരുന്നു ഓരോ ബ്ലോക്കുകളുടേയും പേരുകൾ. എല്ലാ ബ്ലോക്കുകൾക്കും പിറകിൽ ചീരയും പയറും പടവലവും മത്തനും പാവലും അടങ്ങുന്ന വലിയ വലിയ പച്ചക്കറിത്തോട്ടങ്ങൾ. പൊതുവായ ഒരു പ്രാർഥനാ മന്ദിരം. സോമനെന്ന് പേരുള്ള പാളത്താറുടുത്തവരും അമേരിയ്ക്കയുടെ കൊടിത്തുണിയാൽ തയിച്ച ബർമുഡ ധരിച്ചവരുമായ പുരുഷന്മാരും പതിനെട്ട് മുഴം ചേലയെന്ന് പേരുള്ള കോശാപ്പുടവയുടുത്തവരും സ്ലീവ് ലസ് കമ്മീസും ചോളിയുമണിഞ്ഞ സ്ത്രീകളും അവിടത്തെ അന്തേവാസികളായി കാണപ്പെട്ടു.
ദോഷമൊന്നും പറയാനില്ലാത്ത നടത്തിപ്പായിരുന്നു ഹോമിന്റേത്. ഭേദപ്പെട്ട രുചിയുള്ള ഭക്ഷണം സമയാസമയങ്ങളിൽ കിട്ടിയിരുന്നു. നിത്യേനയുള്ള പ്രഭാത പൂജയും സന്ധ്യാ വന്ദനവും, എല്ലാ ആഴ്ചയിലും മെഡിക്കൽ ചെക്കപ്പ്, വായിയ്ക്കാൻ തമിഴിലും ഇംഗ്ലീഷിലും പത്രമാസികകൾ, മാസത്തിൽ രണ്ട് തവണ പാട്ടുകച്ചേരിയോ ഭരത നാട്യമോ…. അങ്ങനെയങ്ങനെ കാര്യങ്ങൾ മുറ തെറ്റാതെ ഒരു ക്ലോക്കു പോലെ അവിടെ നടന്നുകൊണ്ടിരുന്നു.
വേഷഭൂഷകളിൽ അല്പം അന്തരമുണ്ടായിരുന്നുവെങ്കിലും അനാഥരും വലിച്ചെറിയപ്പെട്ടവരുമാണെന്ന ദൈന്യം എല്ലാ മുഖങ്ങളിലും ചലനങ്ങളിലും ഒരു പോലെ നിഴലിച്ചിരുന്നു. കൂന്നുകൂന്ന് സ്വന്തം കാലടികളിൽ മാത്രം നോക്കി അവരിൽ പലരും നടന്നു. വളരെ ആത്മാർഥമായി പരീക്ഷയ്ക്ക് പഠിയ്ക്കുന്നവരെപ്പോലെ എപ്പോഴും പത്രമാസികകൾ വായിച്ചു. ചിലർ നിറുത്താതെ നാമം ജപിച്ചു. ഇനിയും ചിലർ മിനുമിനാ എന്ന് മാനത്തുകണ്ണന്മാരായി.
ഉയർന്ന നിലകളിൽ കഴിയുന്ന മക്കൾക്കോ ബന്ധുക്കൾക്കോ ഒന്നും വേണ്ടാതായ കുറെ മനുഷ്യർ . ഭാരിച്ച പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടുമല്ലോ എന്ന് കരുതിയിട്ടാണെങ്കിൽ പ്പോലും ഏറ്റെടുത്ത് പരിചരിയ്ക്കാൻ, മനസ്സിന് തണുപ്പ് പകരുന്ന ഒരു നല്ല വാക്ക് പറയാൻ ആരുമില്ലാതായവർ.
വാർദ്ധക്യവും ഏകാന്തതയും അനാഥത്വവും നിഴൽ പരത്തിയ ആ മുറ്റത്തും വരാന്തയിലുമായി അനിയത്തിയുടെ മകൾ ഓടിക്കളിച്ചുകൊണ്ടിരുന്നു. അമ്മൂമ്മമാരും അപ്പൂപ്പന്മാരും അവളെ അടുത്ത് വിളിച്ച് സംസാരിയ്ക്കുന്നതിനും ഇത്തിരി കൽക്കണ്ടമോ ഒരു ചെറിയ കഷണം മുറുക്കോ കൊടുത്ത് തലയിൽ തടവി വാത്സല്യം പ്രകടിപ്പിയ്ക്കുന്നതിനും മുതിർന്നു.
എനിയ്ക്ക് മുഖം തരാതെ പെരിയമ്മ പറഞ്ഞു. “എല്ലാര്ക്കും സങ്കടം താൻ. ഇന്ത ഭൂമിയിലെ ആര്ക്കും നമ്മളെ വേണ്ടാമേ എന്ന് നിനയ്ക്ക്മ്പോഴുത്……“
ഞാൻ നേർത്ത് ശോഷിച്ച അവരുടെ കൈത്തണ്ടുകൾ പതിയെ തലോടി.
അപ്പോഴാണ് അടുത്ത മുറിയിൽ നിന്ന് ആ അന്തരീക്ഷത്തിനൊട്ടും ചേരാത്തതു മാതിരി അതീവ പ്രസാദാത്മകമായ ശബ്ദമുയർന്നത്. “ആരത്? ആർ കിട്ടെ പേശറേൾ?“
പെരിയമ്മ “ഓ, നാൻ താൻ“ എന്ന് വിളികേട്ട് എന്നെയും കൂട്ടി അങ്ങോട്ട് നടന്നു. വിടർത്തിയിട്ട വെൺപട്ടു പോലെയുള്ള വെയിലിൽ അത്ര നേരം നോക്കിയിരുന്നതു കൊണ്ടാവും മുറിയിലെ ഇരുട്ടിൽ കണ്ണുകൾ തെളിഞ്ഞു കിട്ടാൻ ഒട്ടു സമയമെടുത്തു.
അസാധാരണമായ വിധത്തിൽ പ്രകാശപൂർണമായ ഒരു മുഖമാണ് ഞാനാദ്യം കണ്ടത്. ആ മുഖം ഇരുണ്ട വർണമുള്ള തലയിണയുടെ പശ്ചാത്തലത്തിൽ ദൈവികമായി പരിലസിച്ചു.
ശയ്യാവലംബിയായ ഒരു സ്ത്രീയായിരുന്നു ആ മുറിയിലെ താമസക്കാരി. ഒരു വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്ന് പോയവർ. ചലനം നിലച്ച ശരീരത്തിന്റെ ചൈതന്യമത്രയും ഉരുക്കൂടിയിരുന്ന മുഖം ഒരു വിടർന്ന ചെന്താമരപ്പൂവിനെ ഓർമ്മിപ്പിച്ചു.
എന്നെ പരിചയപ്പെടുവാൻ അവർ വലിയ ഉത്സാഹം കാട്ടി. പരിചരിയ്ക്കാൻ കൂടെ നിൽക്കുന്ന, അതൃപ്ത മുഖമുള്ള സ്ത്രീയെക്കൊണ്ട് ഡിഗിരി കാപ്പിയുണ്ടാക്കിച്ചു. ആ സ്ത്രീ ചില ചെപ്പുകളും മറ്റും പരതി എന്തെല്ലാമോ പൊരുക്ക് കാപ്പിയ്ക്കൊപ്പം എനിയ്ക്കായി നീട്ടി.
അവർ ചിരി വിടാതെ സംസാരിയ്ക്കുകയായിരുന്നു.
നിർഭാഗ്യവശാൽ രണ്ട് പെണ്മക്കളുടെ അമ്മയാവാനേ കഴിഞ്ഞുള്ളൂ. നമ്മുടെ ആചാരപ്രകാരം പെൺകുട്ടികൾക്ക് മാതാപിതാക്കന്മാരെ കൂടെ നിറുത്തി ശുശ്രൂഷിയ്ക്കാൻ സാധിയ്ക്കില്ലല്ലോ. പെൺകുട്ടികൾ ഭർത്താവിന്റെ മാതാപിതാക്കന്മാരെ മാത്രമല്ലേ പരിചരിയ്ക്കേണ്ടതുള്ളൂ. ചില വീടുകളിൽ നിന്ന് ചില മനുഷ്യർക്ക് തെരുവുകളിലേയ്ക്കും ശരണാലയങ്ങളിലേയ്ക്കുമുള്ള വാതിലുകൾ അത്തരത്തിലും തുറക്കപ്പെടാറുണ്ടെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു. കണ്ണിൽച്ചോരയില്ലാത്ത അമ്മാതിരി ആചാരങ്ങളെ മാറ്റേണ്ടതാണെന്ന് ആ പെൺകുട്ടികൾക്ക് തോന്നുന്നുണ്ടാവില്ലേ എന്ന സംശയം മനസ്സിലൊതുക്കി, അവരുടെ ചിതറി വീഴുന്ന വാക്കുകൾക്ക് ഞാൻ ചെവികൊടുത്തു.
ഭർത്താവ് മരിച്ച് അധികം വൈകാതെ ഈ ഓൾഡ് ഏജ് ഹോമിലേയ്ക്ക് താമസം മാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു. അപകടത്തിൽ തളർന്ന് പോയതും ഇവിടെ വെച്ചു തന്നെ. അതും ഒരു ഭാഗ്യമായിപ്പോയി. തളർച്ചയ്ക്ക് ശേഷം അപേക്ഷിച്ചിരുന്നുവെങ്കിൽ ഈ ഹോം സ്വാഗതം ചെയ്യുമായിരുന്നില്ലല്ലോ. മിടുക്കിയല്ലേ ഞാൻ എന്ന മട്ടിൽ അവർ ആഹ്ലാദിച്ചപ്പോൾ എനിയ്ക്ക് വല്ലായ്മ തോന്നി. നിസ്സഹായതയുടെ പരകോടിയിലും ഉല്ലാസത്തോടെ ചിരിയ്ക്കുന്ന ഈ വിദ്യ ആരാണ് അവരെ പഠിപ്പിച്ചത്?
ചിരിയും സന്തോഷവും ഒരു വ്യക്തി ശീലമാണെന്ന് അവർ എന്നോട് പറഞ്ഞു. യാത്ര ചെയ്യാനും സ്ഥലങ്ങൾ കാണാനുമുള്ള ആഗ്രഹം അവർക്കുണ്ടായിരുന്നു. ആഴ്ചയിൽ അഞ്ചു ദിവസവും ജോലിയ്ക്ക് പോകുന്ന ഭർത്താവിന് യാത്രയെന്നത് കഠിന വെറുപ്പുള്ള കാര്യമായതുകൊണ്ട് ഭൂപടങ്ങൾ നോക്കിയും റെയിൽ വേ ടൈം ടേബിൾ വായിച്ചും അവർ ധാരാളം യാത്ര ചെയ്തു.
“അദ്ദേഹം എനിയ്ക്ക് മുൻപേ പോയതും നന്നായി “ ഞാനും പെരിയമ്മയും ഒന്നും മനസ്സിലാവാതെ കണ്ണിൽക്കണ്ണിൽ നോക്കി. വിധവയായത് നന്നായി എന്ന് പറയുകയാണോ ഒരു സ്ത്രീ?
“എനിക്കാരോഗ്യമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്കാവും പോലെ ഞാൻ നിറവേറ്റി. ഇപ്പോൾ കൂടെയുണ്ടായാൽ ഒരു ശുശ്രൂഷയും കിട്ടാതെ അദ്ദേഹം കാലഭൈരവനെപ്പോലെ കോപാകുലനാകുമായിരുന്നു.ഞാനാദ്യം പോയിരുന്നെങ്കിലും അദ്ദേഹം കഷ്ടപ്പെടുമായിരുന്നു.ഒരു ദാസിയുടെ സേവയില്ലാതെ അദ്ദേഹത്തിന് കഴിയില്ല.“
എന്റെ എല്ലാ സംശയങ്ങളും ആ നിമിഷം അവസാനിച്ചു.
അനിയത്തിയുടെ മകൾ അപ്പോഴാണ് മുറിയിലേയ്ക്ക് കടന്ന് വന്നത്. കുഞ്ഞിനെക്കണ്ട് അതീവ വാത്സല്യത്തോടെ അവർ ചിരിച്ചു.
“മുത്താനമുത്തല്ലവോ“ എന്ന പഴയ സിനിമാഗാനം അവർ ആലപിച്ചു. ശ്രുതി മധുരമായിരുന്നു അത്. രോഗാതുരമായ ശരീരത്തിൽ നിന്ന് ഇത്ര സുന്ദരമായ ശബ്ദമുണ്ടാകുന്നതെങ്ങനെയെന്ന് എനിയ്ക്ക് മനസ്സിലായില്ല. ഞാൻ അന്തം വിട്ടിരിയ്ക്കുമ്പോൾ കുഞ്ഞ് നിറുത്താതെ കൈയടിച്ചു. അത്യധികം ആഹ്ലാദത്തോടെ അവൾ വിളിച്ച് പറഞ്ഞു. “സിഡിയിൽ കേൾക്കുന്ന മാതിരി, അതേ മാതിരി ….ഇനീം പാടൂ …“ ആത്മാർത്ഥതയുടെ വികാരാധിക്യത്താൽ കുഞ്ഞിന്റെ ശബ്ദം ഇടറി.
പെൺകുട്ടികളുടെ മാത്രം അമ്മയായ അവരുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. ആ ചുണ്ടുകൾ വിറയാർന്നു. “ഒരു വാക്ക് ..ഒരു നല്ല വാക്ക്… ..നല്ല വാക്കുകൾ കേട്ടാൽ എങ്ങനെയിരിയ്ക്കുമെന്ന്…… “
അവരുടെ ഒഴുകുന്ന കണ്ണുകൾ പെരിയമ്മ സ്വന്തം സാരിത്തുമ്പ് കൊണ്ട് തുടച്ചു. അപ്പോൾ ശ്രുതി സുഭഗമായ മറ്റൊരു ഗാനമുയർന്നു. “യേ സിന്ദഗീ ഉസീ കി ഹെ….ജോ കിസീ കാ ഹോ ഗയാ……..
പറയാത്തതും കേൾക്കാത്തതുമായ ഓരോ നല്ല വാക്കുകളിലും തലതല്ലുകയായിരുന്നു ഞാൻ. പെണ്മക്കളെ മാത്രം പ്രസവിച്ച ഓരോ അമ്മയേയും കേൾക്കുകയായിരുന്നു ഞാൻ.
-------------------------------