29/12/14
22/06/19
രാവിലെ ഉറക്കമുണരുന്നത് കോടമഞ്ഞിന്റെ നരച്ച വെണ്മയിലേയ്ക്കാണ്. വിരൽ വെച്ചാൽ മുറിഞ്ഞു പോവുന്നത്രയും തണുപ്പുണ്ട് പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിന്. അടുപ്പു കത്തിച്ച് ചപ്പാത്തിയുണ്ടാക്കുമ്പോൾ ചൂടേൽക്കുന്നതിന്റെ സുഖമുണ്ടെങ്കിലും പാത്രങ്ങൾ കഴുകുമ്പോൾ കരച്ചിൽ വരും.
22/06/19
രാവിലെ ഉറക്കമുണരുന്നത് കോടമഞ്ഞിന്റെ നരച്ച വെണ്മയിലേയ്ക്കാണ്. വിരൽ വെച്ചാൽ മുറിഞ്ഞു പോവുന്നത്രയും തണുപ്പുണ്ട് പൈപ്പിലൂടെ ഒഴുകുന്ന വെള്ളത്തിന്. അടുപ്പു കത്തിച്ച് ചപ്പാത്തിയുണ്ടാക്കുമ്പോൾ ചൂടേൽക്കുന്നതിന്റെ സുഖമുണ്ടെങ്കിലും പാത്രങ്ങൾ കഴുകുമ്പോൾ കരച്ചിൽ വരും.
ഇങ്ങനെയുണ്ടോ ഒരു തണുപ്പ്! ഇക്കുറി തണുപ്പ് വളരെ അധികമാണ്. രണ്ട് സ്വെറ്ററുകളും മുട്ടൊപ്പമുള്ള കമ്പിളി സോക്സുകളും ധരിച്ച് ഒരു വലിയ ഷാളും പുതച്ചിട്ടും തണുക്കുന്നു.
ഇടുങ്ങിയ തെരുവിലെ ഒരു പഴയ മുറിയിലായിരുന്നു താമസം. ഭിത്തിയിലെ വിള്ളലുകളിലൊക്കെയും ആലുകൾ വളർന്നു നിന്നിരുന്നു. അടുപ്പിച്ചുണ്ടായ രണ്ട് ഭൂകമ്പങ്ങളിലും ആ പൂതലിച്ച മുറി ക്ലോക്കിന്റെ പെൻഡുലം പോലെ ആടി. ഞാനും വാവിട്ടു നിലവിളിയ്ക്കുകയും മറ്റെല്ലാവരേയും പോലെ പേടിച്ചു വിറച്ചു പുറത്തേക്ക് ഓടുകയും ചെയ്തു. വേറൊരു മുറി കിട്ടുന്നതു വരെ തൽക്കാലത്തേയ്ക്ക് എന്ന് ആശ്വസിച്ച് താമസം തുടങ്ങിയിട്ട് ഇപ്പോൾ ആറു മാസമായിട്ടുണ്ടാവും. ജീവിതത്തിന്റെ ഒറ്റപ്പെടലിൽ സംഭവിച്ചു പോയ പണത്തിന്റെ ഞെരുക്കം കാരണം ഇതു വരെ മാറാനായില്ല.
ഈ ഉപദ്രവങ്ങൾക്കെല്ലാമിടയിലാണ് പുതിയ കഷ്ടപ്പാട്.
മുറിയിലെ കക്കൂസ് ഒട്ടും ഉപയോഗിയ്ക്കാൻ പറ്റാതായിട്ട് ഒന്നു രണ്ട് ദിവസമായി. ഇന്നലെ നേരത്തെ തന്നെ ഓഫീസിൽ പോയി പ്രശ്നം പരിഹരിച്ചു. ഇന്ന് അവധിയായതുകൊണ്ട് അത്ര എളുപ്പത്തിൽ പ്രശ്ന പരിഹാരം സാധ്യമാവുകയില്ല. തന്നെയുമല്ല മുറിയിൽ അസഹ്യമായ ദുർഗന്ധം നിറഞ്ഞും കഴിഞ്ഞു. കക്കൂസിലെ തടസ്സങ്ങൾ പൂർണമായും മാറ്റിയേ തീരു. ചെറുപ്പം മുതലേ വൃത്തിയുള്ള കക്കൂസും കുളിമുറിയും ശീലിച്ചിരുന്നതുകൊണ്ട് ഈ പരിതസ്ഥിതിയിൽ അസഹ്യമായ മനം മടുപ്പുണ്ടാവുകയായിരുന്നു.
ആരെയാണ് സഹായത്തിന് വിളിയ്ക്കേണ്ടതെന്നോ എങ്ങനെയാണീ പ്രശ്നം പരിഹരിയ്ക്കേണ്ടതെന്നോ ഉള്ള യാതൊരു ധാരണയും എനിയ്ക്കുണ്ടായിരുന്നില്ല. ഇത്തരമൊരു ഗതികേടുമായി ആരെയെങ്കിലും സമീപിയ്ക്കുന്നതു തന്നെ വലിയ അപമാനമായിത്തോന്നി. അതിനു കാരണം എന്റെ വീട്ടുടമസ്ഥനായിരുന്നു. അയാൾ എന്റെ ആർത്തവത്തേയും പഞ്ഞി നിറച്ച തൂവാലകളേയും പുലഭ്യം പറഞ്ഞത് ഇന്നലെ വൈകുന്നേരമായിരുന്നു. അതുകൊണ്ടു മാത്രമാണീ പ്രശ്നമെന്നും അതു ഞാൻ തന്നെ പരിഹരിയ്ക്കുകയാണ് വേണ്ടതെന്നും ഇനി മേലിൽ പ്രായക്കുറവുള്ള പെണ്ണുങ്ങൾക്ക് വീട് കൊടുക്കുകയില്ലെന്നും അയാൾ വെറുപ്പോടെ അലറി.
അയല്പക്കത്തെ പഞ്ചാബി വീട്ടമ്മയെ ആണ് ആകെക്കൂടി പരിചയമുള്ളത്. അവർക്ക് എന്നോട് ഉണ്ടായിരുന്ന വികാരം ഒരു ദരിദ്രയോടുള്ള പരമ പുച്ഛം മാത്രമാണെന്ന് പലവട്ടം തോന്നിയിട്ടുണ്ട്. മലയാളികളെല്ലാം ക്രിസ്ത്യാനികളോ മുസ്ലിമുകളോ ആണെന്നും അതിലും വിശേഷിച്ച് മലയാളിപ്പെണ്ണുങ്ങൾ എല്ലാവരും നഴ്സുമാരാണെന്നും സൌകര്യം കിട്ടിയാൽ അവരൊക്കെയും പല പുരുഷന്മാരുമായും ബന്ധം പുലർത്തുമെന്നും ആ സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. വികല ബോധ്യങ്ങളെ തിരുത്തുവാൻ ഞാൻ തുനിഞ്ഞിട്ടുള്ളപ്പോഴൊക്കെയും ഒരു തരം അവിശ്വാസത്തോടെ അവരുടെ കറുപ്പു ചായം വാരിത്തേച്ച കണ്ണുകൾ പിടയാറുണ്ടായിരുന്നു. പിന്നെപ്പിന്നെ ആ വൃഥാ പരിശ്രമം ഞാനുപേക്ഷിച്ചു.
എന്നിട്ടും അന്നത്തെ തണുത്ത പ്രഭാതത്തിൽ എത്ര ശ്രമിച്ചിട്ടും സാധിയ്ക്കാത്ത വയറടക്കവുമായി വിളർത്ത മുഖത്തോടെയും എഴുന്നു നിൽക്കുന്ന രോമങ്ങളോടെയും, ശത്രുത പുലർത്തുന്ന സ്വന്തം ശരീരത്തെ ശപിച്ചുകൊണ്ട്, നാണവും മാനവും മറന്ന് അപ്പുറത്തെ വീട്ടിന്റെ വാതിലിൽ എനിയ്ക്ക് തട്ടി വിളിയ്ക്കേണ്ടി വന്നു. ഈ ഒരു പ്രാവശ്യത്തേയ്ക്ക്, ഒറ്റത്തവണത്തേയ്ക്ക് മതിയെന്നു അപേക്ഷിച്ചു നോക്കാം. ഇങ്ങനെ അധിക നേരം പിടിച്ചു നിൽക്കുവാനാവില്ല
വാതിൽ തുറന്ന പഞ്ചാബി വീട്ടമ്മ തണുപ്പ് കാലമായാൽ കക്കൂസ് ബ്ലോക്ക് സാധാരണ പ്രശ്നമാണീ നാട്ടിലെന്നും വിഷമിയ്ക്കാനൊന്നുമില്ലെന്നും മതിലിനപ്പുറത്തെ ചേരിയിലുള്ള തോട്ടിക്കോളനിയിൽ കക്കൂസുകൾ വെടിപ്പാക്കിത്തരുന്ന ജമേദാർ ചന്ദനുണ്ടെന്നും മൊഴിഞ്ഞു. പിന്നെ പുച്ഛത്തോടെ ലിപ് സ്റ്റിക് പുരട്ടിയ ചുണ്ടുകൾ വക്രിപ്പിച്ച് കൂട്ടിച്ചേർക്കാൻ മറന്നില്ല. “ജോലി തീട്ടം കോരലാണെങ്കിലും പേര് ചന്ദനെന്നാണ്.“
ഇവിടെ നിന്ന് സമയം മെനക്കെടുത്താതെ വേഗം പോയാൽ ചന്ദനെ കിട്ടുവാനെളുപ്പമുണ്ടെന്നും അയാൾ ജോലി തീർക്കുന്നതിനിടയിൽ എനിയ്ക്ക് വല്ല ആവശ്യവും നേരിട്ടാൽ തന്നെ പുറത്ത് സി ജി എച്ച് എസ് ആസ്പത്രിയുണ്ടല്ലോ എന്നും കൂടി ഉദാര മനസ്ക്കയാവാനും അവർ തയാറായി.
വാതിൽ എന്റെ മുഖത്തേയ്ക്ക് കൊട്ടിയടയ്ക്കുന്നതിനു മുൻപ് സ്വരം അല്പം താഴ്ത്തി അവർ മന്ത്രിച്ചു. “നിങ്ങൾ മലയാളി നഴ്സുമാർക്ക് അയിത്തവും ശുദ്ധിയുമൊന്നുമില്ലെന്നറിയാം, എന്നാലും അവറ്റയ്ക്ക് വെള്ളവും ഭക്ഷണവും കൊടുക്കാൻ നിൽക്കണ്ട. അവറ്റ പോയാലുടനെ വീടാകെ ഡെറ്റോളിട്ട് വൃത്തിയാക്കുകയും വേണം.“
ഞാനതിനും തലയാട്ടി. ഈ വയറടക്കവും വിമ്മിഷ്ടവും കണ്ടിട്ടും ഇത്ര മേൽ നിസ്സംഗമായി വാതിലടച്ച അവർ എന്നെയും എന്റെ വൃത്തിയെയും കുറിച്ച് എന്തു വിചാരിച്ചാലും ആകാശമൊന്നും ഇടിഞ്ഞു വീഴാൻ പോകുന്നില്ലല്ലോ എന്നു അപമാനം കൊണ്ട് മുറിവേറ്റ മനസ്സ് പിറുപിറുത്തു.
ഞാൻ സി ജി എച്ച് എസ് ആശുപത്രി ലക്ഷ്യമാക്കി നടന്നു. നടത്തമോ? കാലുകളുടെ ആ ഗതികെട്ട ചലനത്തെയാണോ നടത്തമെന്ന് വിളിയ്ക്കുന്നത്? എന്തു മാതിരി നടത്തമായിരുന്നു അത്? വയറടക്കി, കാലടക്കി, ദേഹമാകെയടക്കിച്ചുരുക്കി, നിയന്ത്രണം നഷ്ടപ്പെട്ടാൽ ഏതു നിമിഷവും സംഭവിയ്ക്കാവുന്ന ദുര്യോഗത്തെയും അപമാനത്തേയും ഭയന്ന്….. രാവിലെ ഉണരാൻ വൈകിയതിന് ഞാൻ “എടീ ,മുടിഞ്ഞവളേ അശ്രീകരമേ“ എന്ന് സ്വയം ശപിച്ചു. അല്ലെങ്കിൽ കുറ്റിക്കാടുകളോ ഇടവഴിയോ ഒക്കെ നിന്റെ സഹായത്തിനെത്തുമായിരുന്നില്ലേ പിശാചേ?
ആശുപത്രിയിലെ “മഹിളായേം“ എന്നെഴുതിയ വാതിൽ തുറന്ന് അകത്തു കയറിയപ്പോൾ ദൈവ സന്നിധിയിലെത്തിയതുപോലെയുള്ള ആശ്വാസവും കുളിരും എന്നെ വന്നു തൊട്ടു. വയറടക്കവും കാലടക്കവും ദേഹമടക്കവും മനസ്സടക്കവും ഉള്ള കഠിന വ്രതത്തിന് ശേഷം കിട്ടിയ ശാപമോക്ഷം മാതിരിയായിരുന്നു അത്.
കക്കൂസിൽ നിന്നിറങ്ങി, കഠിനമായ വീർപ്പുമുട്ടലിൽ തളർന്നു കുഴഞ്ഞിരുന്ന ദേഹത്തെ ഒരു ചാരുബെഞ്ചിൽ മടക്കി വെച്ച് ഞാൻ മുഖവും പൊത്തിയിരുന്നു. എനിയ്ക്ക് വലിയ വായിൽ കരച്ചിൽ വരുന്നുണ്ടായിരുന്നു. എന്നെ ഇങ്ങനെ നിസ്സഹായയാക്കിത്തീർത്ത ജീവിത സാഹചര്യങ്ങളെയെല്ലാം ശപിച്ചുകൊണ്ടാണെങ്കിലും ആ കരച്ചിൽ ഞാൻ പതുക്കെപ്പതുക്കെ ചവച്ചിറക്കി. എങ്കിലും പെരു വഴിയിൽ പൊടുന്നനെ നഗ്നയാക്കപ്പെട്ടേയ്ക്കുമെന്ന ഭീതി പോലെ എന്തോ ഒന്ന് എന്നെ ആകെ തളർത്തിക്കളഞ്ഞിരുന്നു.
വീശിയടിയ്ക്കുന്ന തണുത്ത കാറ്റിനെ പ്രതിരോധിയ്ക്കാൻ ഷാൾ വലിച്ചു തലയിലൂടെ പുതച്ച് ഞാൻ മെല്ലെ എണീറ്റ് തോട്ടിക്കോളനിയിലേയ്ക്ക് പുറപ്പെട്ടു. ചേരിയിലെ അങ്ങേയറ്റത്തെ ഇട വഴിയിലാണ് തോട്ടിക്കോളനി. നാറ്റവും ചെളിയും എരുമച്ചാണകവും നിറഞ്ഞ് വഴുക്കുന്ന വഴികളും സദാ ബഹളം കൂട്ടുന്ന സ്ത്രീ പുരുഷന്മാരും ചപ്പാത്തി ചുടുന്നതിന്റെ മണവും എന്നെ എതിരേറ്റു. വഴിയിൽ ഒന്നു രണ്ട് പേരോട് ചന്ദനെ അന്വേഷിച്ചപ്പോൾ ഇടവഴി മുഴുവൻ നടന്നിറങ്ങിയാൽ കാണുന്ന അഴുക്കു ചാലിന്റെ കരയിലാണ് തോട്ടികൾ താമസിയ്ക്കുന്നതെന്ന് വിശദീകരിച്ചിട്ട് അവർ കാർക്കിച്ചു തുപ്പി. ഒരു സുഖമില്ലാത്ത മാതിരി എന്നെ നോക്കുകയും ചെയ്തു. ദരിദ്രരാണെങ്കിലും അവരാരും തോട്ടികളല്ലല്ലോ. തോട്ടികളെക്കുറിച്ച് പറഞ്ഞാലും കേട്ടാലും ശക്തിയായി കാർക്കിച്ചു തുപ്പണമെന്ന് ആർക്കാണറിയാത്തത്?
അഴുക്കു ചാലിന്റെ തൊട്ടരികിലായിരുന്നു ചന്ദന്റെ കുടിൽ. പൊളിഞ്ഞ പ്ലാസ്റ്റിക്കും കീറിയ ചാക്കുകളും കുറച്ച് കമ്പുകളിൽ നാട്ടിയാണ് കുടിലുണ്ടാക്കിയിരുന്നത്. മുറ്റത്ത് രണ്ട് പൊട്ടിയ ബക്കറ്റുകളിൽ പഴയ യൂറോപ്യൻ കക്കൂസുകളുടെ മൂടി കൊണ്ടടച്ച് വെള്ളം വെച്ചിട്ടുണ്ട്. എനിയ്ക്ക് ഓക്കാനം വന്നുവെങ്കിലും ഞാൻ പണിപ്പെട്ട് അതടക്കുവാൻ ശ്രമിച്ചു. കുടിലിന്റെ തറയിൽ ഗണേശ് ജി കുങ്കുമം പൂശിക്കൊണ്ട് കരയുന്ന മട്ടിലിരിയ്ക്കുന്നുണ്ടായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ കണ്ടു, സാധാരണ കാണുന്ന മാതിരി ചള്ള വയറുള്ള ഗണപതിയല്ല അത്, ഉണ്ടാക്കിയ കുശവന്റെ കൈക്കുറ്റപ്പാടു കൊണ്ടാവണം, ഈ ഗണപതിയ്ക്ക് ഒട്ടിയ വയറാണുള്ളത്. പട്ടിണി ആർത്തു പെയ്യുന്നിടത്തേയ്ക്കാണ് വരുന്നതെന്ന് ഗണപതി നേരത്തെ അറിഞ്ഞ് കഴിഞ്ഞിരുന്നുവോ ആവോ? ഒട്ടിയ വയറുമായി പാവം, ഇരിയ്ക്കുന്നതാവട്ടെ ഒരു ഇൻഡ്യൻ കക്കൂസിന്റെ പൊട്ടിപ്പോയ ഫുട് റെസ്റ്റിലും… മണ്ണും ചെളിയും കൂടിക്കുഴഞ്ഞ് അഴുക്കു പിടിച്ച കുടിലിൽ ഏറ്റവും നല്ല സ്ഥലം ആ ഫുട് റെസ്റ്റാണെന്നും ഞാൻ മനസ്സിലാക്കി.
“ചന്ദൻ, ഓ ചന്ദൻ“
എന്റെ ഇടറിയ ശബ്ദത്തിലെ വിളിയ്ക്ക്, ഒരു മറുപടിയുമുണ്ടായില്ല. പകരം, അപ്പുറത്തെ കുടിലിൽ നിന്ന് ഒരു വൃദ്ധ കൂന്നു കൂന്നു നടന്ന് മുൻപിൽ വന്നു നിന്നു. ചന്ദൻ ക്ഷയ രോഗിയായ ഭാര്യയെ കിടത്തിയിരിയ്ക്കുന്ന ആശുപത്രിയിൽ പോയതാണെന്നും വന്നാലുടനെ പറഞ്ഞയച്ചേക്കാമെന്നും അവർ ഏറ്റു. എന്റെ കഷ്ടപ്പാട് ഒരിയ്ക്കൽക്കൂടി പറഞ്ഞു കേൾപ്പിച്ചതിനു ശേഷം ഞാൻ വല്ലായ്മയോടെ മടങ്ങി.
അല്പം കഴിഞ്ഞപ്പോഴേയ്ക്കും ചന്ദൻ വന്നു, തനിച്ചല്ല വന്നത്. മൂന്നും രണ്ടും വയസ്സു തോന്നിപ്പിയ്ക്കുന്ന രണ്ട് പെൺ കുട്ടികളുമുണ്ടായിരുന്നു കൂടെ. ഒരു കീറിയ പുതപ്പായിരുന്നു കുഞ്ഞുങ്ങളുടെ വേഷം. അതിനകത്ത് വേറൊന്നും ധരിച്ചിട്ടില്ലെന്ന് കീറലുകളിലൂടെ വെളിപ്പെട്ടിരുന്ന ആ ദരിദ്ര നഗ്നത വിളിച്ചു പറഞ്ഞു. ഇടയ്ക്കിടെ നാവു നീട്ടി മൂക്കീരു നുണഞ്ഞുകൊണ്ട് കുട്ടികൾ വീട്ടു വാതിൽക്കൽ മുട്ടും മടക്കി കുത്തിയിരുന്നു, ക്ഷമയോടെ. സാധിയ്ക്കുമായിരുന്നെങ്കിൽ, വെള്ളത്തിൽ ഉപ്പെന്ന പോലെ അവർ ഭൂമിയിൽ ലയിച്ച് ചേർന്നേനെ എന്ന് എനിയ്ക്ക് തോന്നി. എന്റെ നോട്ടമേൽക്കുമ്പോഴെല്ലാം ആ കുഞ്ഞിക്കണ്ണുകളിൽ അസാധാരണമായ പേടിയും വല്ലാത്ത പരിഭ്രമവും ചിറകടിച്ചു.
ഒരു നിമിഷം പോലും പാഴാക്കാതെ ചന്ദൻ ജോലി തുടങ്ങി. കക്കൂസ് ടാങ്കിന്റെ മൂടി തുറക്കുന്നതു കണ്ടപ്പോൾ എനിയ്ക്ക് ശരിയ്ക്കും വലിയ ശബ്ദത്തിൽ ഓക്കാനിയ്ക്കണമെന്ന് തോന്നി. ഞരമ്പുകളെ തളർത്തുന്ന ദുർഗന്ധം അന്തരീക്ഷത്തിൽ വ്യാപിച്ചു. ചന്ദൻ വിറകു വെട്ടുകയോ നാളികേരം പൊതിയ്ക്കുകയോ ചെയ്യുന്നതു മാതിരി, അത്ര സാധാരണമായി മലം പാട്ടയിൽ കോരിയെടുത്ത് പ്രധാന തെരുവിലെ വലിയ സീവേജ് പൈപ്പിനരുകിലേയ്ക്ക് പലവട്ടം നടന്നു പോയി. ആ കുഞ്ഞുങ്ങൾ അവരുടെ അച്ഛനെ ഒരു ഭാവഭേദവുമില്ലാതെ നോക്കിക്കൊണ്ടിരുന്നു.
പ്രഭാതഭക്ഷണം ഞാൻ കഴിച്ചിരുന്നില്ല. അടുക്കളയിലെ ഭക്ഷണം സ്വയമുണ്ടാക്കിയതാണെങ്കിലും ഇത്രയും നാറ്റത്തിൽ അത് കഴിയ്ക്കുവാൻ സാധിയ്ക്കുകയില്ലെന്ന് എനിയ്ക്ക് തോന്നി. ചന്ദനത്തിരികൾ പുകച്ച് ആകാവുന്നത്ര സുഗന്ധത്തെ ആവാഹിയ്ക്കാൻ ശ്രമിച്ചു ഞാൻ പരാജയപ്പെട്ടു.
“ദീദി വാതിലടച്ച് അകത്ത് പോയിരുന്നുകൊള്ളൂ, ഞാൻ പണി കഴിയുമ്പോൾ പറയാം. കുട്ടികൾ വാതിൽക്കൽ ഇരുന്നോളും“ ചന്ദൻ മലപ്പാട്ട തലയിൽ വെച്ചുകൊണ്ട് എന്നോട് പറഞ്ഞു. നാറ്റം സഹിയ്ക്കാനാവാതെ ഞാൻ പ്രയാസപ്പെടുന്നുണ്ടെന്ന് അയാൾ മനസ്സിലാക്കിയതോർത്തപ്പോൾ എനിയ്ക്കൽപ്പം വല്ലായ്മയുണ്ടായി. തന്നെയുമല്ല ആ പിഞ്ചു കുട്ടികളെ പുറത്തിരുത്തി വാതിലെങ്ങനെ കൊട്ടിയടയ്ക്കും?
പെട്ടെന്ന് ചെറിയ കുട്ടി ഏങ്ങി കരയാനാരംഭിച്ചു. അതിനു വിശക്കുന്നുണ്ടായിരിയ്ക്കണം. കേൾക്കുമ്പോൾ വേദന തോന്നിപ്പിയ്ക്കുന്ന തരമൊരു സങ്കടക്കരച്ചിലായിരുന്നു അത്. ചന്ദൻ “ചുപ് ചുപ് “എന്ന് കുറച്ച് കർശനമായി മിണ്ടാതിരിയ്ക്കാൻ പറഞ്ഞെങ്കിലും കുഞ്ഞ് കരച്ചിൽ നിറുത്തിയില്ല. അടുക്കളയിൽ പോയി ചപ്പാത്തിയും പൊരിച്ച ഉരുളക്കിഴങ്ങും എടുത്തു വെച്ച പ്ലേറ്റ് കൊണ്ടുവന്ന് ഞാൻ കുട്ടികൾക്ക് നീട്ടി. ആഹാരം കണ്ടപ്പോൾ ആ കുഞ്ഞിക്കണ്ണുകളിൽ ആർത്തി ഓളം തുള്ളിയെങ്കിലും അവരുടെ കൈകൾ സിമന്റിട്ട് ഉറപ്പിച്ചതു മാതിരി പുതപ്പിനുള്ളിൽ അനങ്ങാതിരുന്നതേയുള്ളൂ. പക്ഷെ, ഞാൻ പ്ലേറ്റ് തറയിൽ വെച്ച നിമിഷം അവർ “ബാബാ, ബാബാ“ എന്ന് ചന്ദനെ ഉറക്കെ വിളിച്ചു.
അയാൾ മലപ്പാട്ട കൈയിൽ പിടിച്ച് ഭക്ഷണത്തിലേയ്ക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി. എന്നിട്ട് വിക്കി വിക്കി പറഞ്ഞു. “ഖാനാ ജമീൻ പെ ഡാലിയേ ദീദി, ഹം ആപ്കെ ബർത് ൻ നഹി ച്ഛൂയേംഗെ“
അതെ, വല്ല തെരുവു പട്ടിയ്ക്കോ പൂച്ചയ്ക്കോ ഒക്കെ കൊടുക്കുന്നതു മാതിരി മണ്ണിലിട്ടു കൊടുത്താൽ മതിയെന്ന്….. തേച്ചു മിനുക്കി വെച്ച എന്റെ പാത്രങ്ങളെ അയാളോ ആ കുട്ടികളോ സ്പർശിയ്ക്കുകയില്ല... അതിനു കാരണം…. അതിനു കാരണം… എന്റെ മലിനതകൾ നൽകി, ഞാൻ കവർന്നെടുക്കുന്ന ആ മാന്യതയുടെ വിചിത്രമായ അളവുകോലല്ലേ? ഒരൽപ്പം പണത്തിന്റെ അഹന്തയിൽ, ജാതിയുടെ ഉയർച്ചയിൽ, ഞാൻ അയാളെ ഏൽപ്പിയ്ക്കുന്ന ഈ നാറുന്ന ജീവിത മാർഗമല്ലേ? എനിയ്ക്കുണ്ടെന്ന് ഞാൻ കരുതി വശായ കേമത്തത്തിന്റെ പിന്നിലൊളിച്ചിരിയ്ക്കുന്നതെന്താണെന്ന്, എത്ര കണ്ണടച്ചു പിടിച്ചിട്ടും അല്പം മുൻപ് പകൽ വെളിച്ചം മാതിരി വെളിവായിക്കിട്ടിയില്ലേ?
പൊടുന്നനെ തീട്ടത്തിൽ മുങ്ങിയ ഒരു ഇരുമ്പു കൂടം തലയിൽ വന്ന് വീഴുന്നതു പോലെ എനിയ്ക്ക് തോന്നി. ഞാൻ വാതിൽക്കൽ മരവിച്ച് നിന്നു.
റോഡരികിലെ പൈപ്പിൻ ചുവട്ടിൽ പോയി കാലും കൈയുമെല്ലാം കഴുകി ചന്ദൻ തിരിച്ചു വന്നപ്പോഴും ഞാൻ പ്ലേറ്റ് മാറ്റി ആഹാരം മണ്ണിൽ വെച്ചിരുന്നില്ല. ആ കുഞ്ഞുങ്ങളുടെ മുന്നിൽ നിന്നുകൊണ്ട് അത്തരമൊരു കാര്യം ചെയ്യുവാനാവശ്യമായ എന്തോ ഒന്ന് എന്നിലുണ്ടായിരുന്നില്ല. തൊലിയടർന്ന് തേഞ്ഞരഞ്ഞു പോയ ഇരു കൈകളും ഒരു ഭിക്ഷയ്ക്കായി നീട്ടി ഭൂമിയോളം നിലം പറ്റി, കാലൊടിഞ്ഞ ഒരു തെരുവു നായെപ്പോലെ ചന്ദൻ എന്നെ യാചനയോടെ നോക്കിക്കൊണ്ടിരുന്നു.
കരച്ചിൽ ഒതുക്കുവാൻ ശ്രമിച്ച്, ഇടറിയ തൊണ്ടയ്ക്ക് അപരിചിതമായ ശബ്ദത്തിൽ ഞാൻ പറഞ്ഞു. “ബൈഠ്കേ ആരാം സേ ഖാവോ, ചന്ദൻ. ബർത്ൻ ഭി തും ലോ, മുജ്ഝെ നഹി ചാഹിയേ.“
ഭക്ഷണത്തിനൊപ്പം പ്ലേറ്റും കൂടി ആ പാവത്തിന് കൊടുക്കുകയല്ലാതെ എനിയ്ക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ലല്ലോ. ആരെയും ഒന്നിനേയും മാറ്റിയെടുക്കാൻ മിടുക്കുള്ള ഒരു മന്ത്രവടിയുടെ ഉടമസ്ഥയല്ലല്ലോ ഞാൻ……