അവൾക്ക് മുപ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് നിത്യരോഗിണിയായിരുന്ന അമ്മ മരിച്ചത്. ജന്മം കൊണ്ടേ പരമ ദരിദ്രയായിരുന്ന അവൾ അതോടെ തികഞ്ഞ അനാഥയുമായി. കണ്ണടിച്ചു കാണിയ്ക്കാനും നടന്നു പോകുമ്പോൾ ഇരുട്ട് വാക്കിനു ചന്തിയ്ക്കും നെഞ്ചത്തും നുള്ളുവാനും ഒരുങ്ങിയ നാട്ടിലെ ചെറുപ്പക്കാരോ വയസ്സന്മാരോ ആരും, എന്നാൽപ്പിന്നെ അവളെ കല്യാണം കഴിച്ചു കളയാമെന്ന് ഒരു നേരമ്പോക്കിനും കൂടി ആലോചിച്ചില്ല. സൌകര്യത്തിനു സഹകരണത്തോടെ ഒത്തുകിട്ടിയാൽ അഞ്ചോ പത്തോ രൂപ കൊടുക്കാമെന്നല്ലാതെ ഒരു പട്ടിണിക്കാരി പേക്കോലത്തിനെ ആർക്കാണ് ഭാര്യയായി വേണ്ടത്?
ഒന്നര സെന്റ് സ്ഥലത്തെ ചെറ്റപ്പുരയ്ക്കും അമ്മയുടെ കുഴിമാടത്തിനും ഇടയിൽ തലയും ഞാവി, വായിലൂറുന്ന വെള്ളവും കുടിച്ച്, പട്ടിണി കിടന്നിരുന്ന അവളെയാണ് അയാൾ വീട്ടുപണിയ്ക്ക് വിളിച്ചത്.
അവൾ അനുസരണയോടെ അയാളുടെ വീട്ടു മുറ്റത്ത് ചെന്ന് തലയും കുനിച്ച് നിന്നു.
“കാലത്ത് വന്ന് മുറ്റമടിയ്ക്കണം, ത്തിരി ചായേം പിന്നെ കഞ്ഞീം കൂട്ടാനും വെച്ചുണ്ടാക്കണം. അകത്തെ മുറികള് അടിച്ചു വാരണം….“ അയാൾ ചെയ്യാനുള്ള പണികൾ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർക്കുകയായിരുന്നു.
“പിന്നെ, നീയ് ഇവ്ടന്ന് തന്നെ തിന്നോ. ഞാൻ രാത്രി വരുമ്പോളേയ്ക്കും വൈകുന്നേരത്തെ വെപ്പും കഴിച്ച് നിനക്കുള്ളതും എടുത്ത് വീട്ടില് പൊക്കോ. വാതല് പൂട്ടീട്ട് താക്കോല് ആ തൊളസിത്തറേല് കുഴിച്ച് വെച്ചാ മതി, ങാ, പിന്നെ മൊടങ്ങരുത്. ഞായറാഴ്ചേം വരണം, എനിയ്ക്ക് അന്നും വക്കീലിന്റെ ആപ്പീസില് പണിണ്ടാവും. നിന്റെ പണി നന്നാണെങ്കിൽ നിർത്താം, അല്ലെങ്കി പറഞ്ഞു വിടും. വൃത്തീം വെടിപ്പും ഇല്യാത്ത അശ്രീകരങ്ങളെ എനിയ്ക്ക് കണ്ടൂടാ… കാശിന്റെ കാര്യം പണി കണ്ടിട്ട് തീർച്ചയാക്കാം, എന്തേയ്…..
അവൾ എല്ലാം സമ്മതമെന്ന മട്ടിൽ തലയുയർത്തി അയാളെ ഒന്നു നോക്കുക മാത്രം ചെയ്തു.
പിറ്റേന്ന് മുതൽ അവൾ വീട്ടു വേലക്കാരിയായി. മുറ്റമടിച്ച്, ചവറു വാരി കൂട്ടിക്കത്തിച്ചിട്ട് ചുറ്റും നോക്കിയപ്പോൾ തന്നെ ഒരു സന്തോഷം കൈവന്നു. “ഉം, അന്യം പിടിച്ച് കെടന്ന പറമ്പിനു ശ്രീത്തായി“ പിറുപിറുത്തുകൊണ്ട് അവൾ അടുക്കളയിലേയ്ക്ക് കയറി.
അയാൾക്ക് പോകാറായപ്പോഴേയ്ക്കും ആവി പാറുന്ന കഞ്ഞിയും തേങ്ങാ ചുരണ്ടിയിട്ട കർമ്മൂസിന്റെ തോരനും തയാറായിക്കഴിഞ്ഞിരുന്നു. അയാൾ രുചിയോടെ ഭക്ഷണം കഴിയ്ക്കുമ്പോൾ വിശപ്പുകൊണ്ട് അവളുടെ വയറാളിക്കത്തി. കേസ് കടലാസുകളും ഹർജികളും മറ്റുമായി അയാൾ കോടതിയിലേയ്ക്കോ വക്കീലാപ്പീസിലേയ്ക്കോ പുറപ്പെട്ടതും അവൾ വലിയൊരു കിണ്ണത്തിൽ നികക്കെ കഞ്ഞിയൊഴിച്ച് നല്ല സ്വാദോടെ വയറു പൊട്ടുവോളം കോരിക്കുടിച്ചു.
അപ്പോൾ മേൽച്ചുണ്ടിനു മീതെ വിയർപ്പു പൊടിഞ്ഞു. നല്ല ക്ഷീണവും വല്ലാത്ത ഒരു ആലസ്യവും തോന്നി. കൈ കഴുകിയിട്ട് ഉടുത്തിരുന്ന കീറിയ മുണ്ട് ഒന്നയച്ചു കുത്തി അവൾ ഉമ്മറത്തെ മുറിയിലെ തണുപ്പുള്ള തറയിൽ കിടന്നൊന്നു മയങ്ങി. അത്ര സുഖകരമായ മയക്കം ഓർമ്മയായിട്ട് ആദ്യമായിരുന്നു.
“വയറ് നെറഞ്ഞാ ഒറ്ങ്ങാൻ നല്ല സുഖം!“ തലയിൽ നിന്നു നിലത്ത് വീണിഴയുന്ന പേനിനോട് അവൾ പറഞ്ഞു. എന്നിട്ട് ഒരു പ്രതികാര മനോഭാവത്തോടെ അതിനെ തള്ളവിരലിന്റെ ചെളി പിടിച്ച നഖത്തിന്മേൽ വെച്ച് മുട്ടിക്കൊല്ലുകയും ചെയ്തു.
വേലക്കാരിയുടെ ജോലി രണ്ടാഴ്ച നീണ്ടപ്പോഴേയ്ക്കും ആ വീട് അവൾ ഒരു അമ്പലം പോലെ തുടച്ചു മിനുക്കി മനോഹരമാക്കിക്കഴിഞ്ഞിരുന്നു. പലതരം പച്ചക്കറി വിത്തുകൾ പാകി മുളപ്പിച്ചും പൂച്ചെടിക്കൊമ്പുകൾ കുഴിച്ചിട്ട് വെള്ളമൊഴിച്ചും ആരും ശ്രദ്ധിയ്ക്കാനില്ലാതെ ഉണങ്ങി വരണ്ട് കിടന്ന പറമ്പിൽ അവൾ പച്ചപ്പിനെ ക്ഷണിച്ചു വരുത്തി. വൃത്തിയേയും വെടിപ്പിനേയും പറ്റി മേനി പറഞ്ഞു അയാളെങ്കിലും വീട്ടിൽ തെളിമ വന്നത് അവൾ അധ്വാനിച്ചപ്പോൾ മാത്രമായിരുന്നുവല്ലോ.
പിന്നെപ്പിന്നെ സന്ധ്യയ്ക്ക് വെപ്പു പണിയും കഴിഞ്ഞ്, ആഹാരവും പകർത്തി ഇരുളടഞ്ഞ മൺകൂരയിലേയ്ക്ക് പോകുന്നതിൽ അവൾക്ക് താല്പര്യം കുറഞ്ഞു വന്നു. മണ്ണെണ്ണവിളക്കിന്റെ ഇത്തിരി വെട്ടത്തിൽ വെറുതെ കുത്തിയിരിയ്ക്കുമ്പോൾ, അനാഥയാണെന്ന തോന്നൽ ഒരു കൂടമായി മുഴക്കത്തോടെ നെഞ്ചിലിടിയ്ക്കും. തനിച്ചാക്കിപ്പോയ അമ്മയെ ഓർമ്മിച്ച് കണ്ണുകൾ കലങ്ങും. ഒരു മാസം കഴിഞ്ഞ് പണി ഇല്ലാതായാലോ എന്ന് കൈയും കാലും തളരും. മൂർച്ചപ്പെടുത്തിയ അരിവാളും തലയ്ക്ക് വെച്ച് ഉറങ്ങാൻ കിടക്കുമ്പോൾ ഓല വാതിൽ വലിച്ചു തുറന്ന് ആരെങ്കിലും കയറി വരുമോ എന്ന് കാലൻ കോഴിയുടെ ഒച്ച കേൾക്കും പോലെ കിടുങ്ങും.
ശമ്പളം കിട്ടുമ്പോൾ കാവിലമ്മയ്ക്ക് ഒരു വിളക്ക് വെയ്ക്കണം, എല്ലാ ദുരിതങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ എന്ന് പ്രാർഥിയ്ക്കണം…..
ഒരു ദിവസം അടിച്ചു വാരി നിവരുമ്പോഴാണ് അവളുടെ കണ്ണുകൾ സ്റ്റീൽ അൽമാരയുടെ കണ്ണാടിയിൽ പതിഞ്ഞത്, വേണമെന്ന് വെച്ച് നോക്കിയതൊന്നുമായിരുന്നില്ല. അബദ്ധത്തിൽ പറ്റിപ്പോയതാണ്. അല്ലെങ്കിലും സ്വന്തം ശരീരത്തെക്കുറിച്ച് വലിയ ബോധ്യമൊന്നുമുണ്ടായിരുന്നില്ല, ഒരുകാലത്തും. വയറു നിറയെ ഭക്ഷണം കഴിയ്ക്കാൻ കിട്ടുമ്പോഴല്ലേ ദേഹത്തെപ്പറ്റി ചിന്തിയ്ക്കാൻ കഴിയുക, അതുമല്ലെങ്കിൽ വലിയ വേദനയുള്ള രോഗങ്ങളുണ്ടാവുമ്പോൾ…..അല്ലാതെ അവളെപ്പോലെ ഒരാൾക്ക് എന്തു ദേഹചിന്ത? വേഗം വേഗം ജോലികൾ ചെയ്യാൻ സാധിയ്ക്കുന്ന ഒരു ശരീരമാവണമെന്നല്ലാതെ…
കണ്ണാടിയിൽ കണ്ട രൂപം അവളെ അതിശയിപ്പിച്ചു, അവൾക്ക് തടി വച്ചിരിയ്ക്കുന്നു, പിഞ്ഞിയ ബ്ലൌസ് ഇറുകിക്കിടക്കുന്നു, കവിളിൽ മിനുമിനുപ്പ്, ചുണ്ടുകളിൽ രക്തത്തുടിപ്പ്,. അൽഭുതത്തോടെയും പൊട്ടി വിടരുന്ന ആഹ്ലാദത്തോടെയും അവൾ സ്വന്തം സൌന്ദര്യം ആസ്വദിച്ചു. ഇപ്പോൾ താനൊരു ശ്രീയുള്ള പെണ്ണായിട്ടുണ്ടെന്ന് തോന്നി. അടഞ്ഞതും ഒട്ടും മയമില്ലാത്തതുമായ ഒച്ചയിലാണെങ്കിലും അവൾ ഒന്നു പാടിപ്പോയി… അമ്മ പാടി കേട്ടിട്ടുള്ള പാട്ട്, “പിച്ചകമുല്ല പൂവണിഞ്ഞു….“ എന്തുകൊണ്ടോ അടുത്ത വരി ഒട്ടും ഓർമ്മ വരുന്നില്ലായിരുന്നു.
ഒരു മാസമായി ജോലി ചെയ്യുന്നുവെന്ന കാര്യമാണ് പാട്ടിനു പകരം മനസ്സിൽ തെളിഞ്ഞു വന്നത്. ഇന്നോ നാളേയോ അയാൾ പണം തരാതിരിയ്ക്കില്ല്ലെന്ന് ആലോചിച്ചപ്പോൾ കണ്ണാടിയിൽ കണ്ട സൌന്ദര്യം പൊടുന്നനെ ഇരട്ടിച്ചതു മാതിരിയായി. വൈകുന്നേരം അയാൾക്കായി വറുത്തരച്ച മസാല മുട്ടക്കറിയും ചുവന്ന മുളകു മുറിച്ചിട്ട് കാച്ചിയ പപ്പടവും കറിവേപ്പില വിതറി വെളിച്ചെണ്ണയൊഴിച്ച് മൊരിയിച്ച കായ മെഴുക്കു പുരട്ടിയും ഉണ്ടാക്കണമെന്ന് അവൾ തീരുമാനിച്ചു.
രുചിയുള്ള ഭക്ഷണത്തിന്റെ സുഗന്ധം പരത്തിക്കൊണ്ട് അടുക്കളയിൽ ധിറുതി പിടിച്ച് ജോലി ചെയ്യുമ്പോഴാണ് അയാൾ പതിവില്ലാത്ത വിധം നേരത്തെ വന്നു കയറിയത്. തുളസിത്തറയുടെ സമീപം ചെന്നപ്പോൾ വീട്ടിലാളുണ്ടല്ലോ എന്ന് അയാൾ അവളെ ഉറക്കെ വിളിച്ചു. അമ്മ മരിച്ചതിനു ശേഷം ജോലി കഴിഞ്ഞു വരുമ്പോൾ അയാൾക്കായി വാതിൽ തുറക്കാൻ ആരുമുണ്ടാവാറില്ല. അതുകൊണ്ടു തന്നെ അവളുണ്ടായത് ഒരു പുതുമയായി തോന്നാതെയുമിരുന്നില്ല.
“ഒരു ചായ എട്ത്തോ“
അയാളുടെ കനമുള്ള ശബ്ദം കേട്ടപ്പോൾ തെല്ലൊന്നു പരിഭ്രമിച്ചുവെങ്കിലും, അവൾ സാവധാനം തല കുലുക്കി, എന്നിട്ട് അടുക്കളയിലേയ്ക്ക് പിൻവാങ്ങി.
അവളുടെ ശരീരം അപ്പോഴാണു കണ്ണിൽ പെട്ടത്. ഒരു മാസം മുൻപ് മുറ്റമടിയ്ക്കാൻ വന്ന നീർക്കോലിപ്പെണ്ണല്ല . അയാളുടെ ചെലവിൽ ചോരയും നീരും മാംസവും വെച്ചിരിയ്ക്കുന്നു! അങ്ങനെ ഓർത്തപ്പോൾ അയാൾക്ക് ശരീരം ചൂടു പിടിയ്ക്കുകയായിരുന്നു. ഇതിനു മുൻപ് ഈ പെണ്ണിനെ ലവലേശം ശ്രദ്ധിയ്ക്കാതെ പോയത് എന്തുകൊണ്ടെന്ന് അയാൾക്ക് മനസ്സിലായില്ല. ഒരുപക്ഷേ, ശ്രദ്ധ പിടിച്ചു പറ്റാനാവശ്യമായ ഒന്നും അവളിലില്ലാതിരുന്നതുകൊണ്ടാവാം.
അയാൾ കല്യാണം കഴിയ്ക്കാത്തതിന്റെ കാരണം പലരും ചോദിച്ചിട്ടുണ്ട്. അതിന് വ്യക്തമായ ഒരു ഉത്തരമൊന്നും അയാൾക്കു തന്നെ നിശ്ചയമുണ്ടായിരുന്നില്ല. കഴിച്ചില്ല അല്ലെങ്കിൽ ഇതുവരെ പറ്റിയില്ല, അത്രയേ ഉള്ളൂ. എങ്കിലും പെണ്ണിനെ അറിയാത്ത മുനിയൊന്നുമായിരുന്നില്ല, അയാൾ.
എന്തായാലും ഇപ്പോൾ കലശലായ ആഗ്രഹം തോന്നുന്നു.
ചായയുമായി വന്നപ്പോൾ അയാൾ ആ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി, നോട്ടം നേരിടാനാവാതെയെന്ന പോലെ അവൾ മുഖം കുനിച്ച് നിന്നു.
“ശമ്പളം നാളെ തരാം, ഇന്ന് വെള്ളിയാഴ്ചയല്ലേ“ ചായ കുടിച്ചുകൊണ്ട് അയാൾ പറഞ്ഞു.
അവൾ തലയാട്ടി.
“നിന്റെ പണിയൊക്കെ എനിക്കിഷ്ടായി, വീടും പറമ്പും ഒക്കെ വൃത്തിയായിട്ട്ണ്ട്. അമ്മ എപ്പോളും പറ്യ്യാര്ന്ന് വീട് നോക്കാൻ ഒരു പെണ്ണ് വേണംന്ന്. അമ്മേടെ വാക്ക് വേണ്ട കാലത്ത് കേട്ട്ല്ല. ആ, ഇനീം സമയം വൈകീട്ട്ല്ല്യാന്ന് ഇപ്പോ തോന്നാ…ആരൂല്യാത്തോര്ക്ക് ആരോടും ചോദിയ്ക്ക്ണ്ട കാര്യല്ലല്ലോ”
അവളുടെ കണ്ണുകൾ അതിവേഗം പിടയ്ക്കുന്നത് അയാൾ കാണുന്നുണ്ടായിരുന്നു. അടുത്ത നിമിഷം അയാൾ ആ ശരീരത്തെ സ്വന്തം ദേഹത്തോട് ചേർത്തമർത്തി.
* * * * * * * * * *
അടുക്കളയിൽ പാത്രങ്ങൾ കൊഞ്ചിക്കുണുങ്ങുന്നത് കേട്ടുകൊണ്ട് തികഞ്ഞ സംതൃപ്തിയോടെ കിടക്കുകയായിരുന്നു അയാൾ. ഇന്നു രാത്രി വീട്ടിൽ പോകേണ്ടെന്ന് അവളോട് പറഞ്ഞിട്ടുണ്ട്.
അല്ലെങ്കിൽ എന്തിനാണ് ഇന്നു മാത്രമാക്കുന്നത്?
അമ്പതു വയസ്സായെന്ന് തോന്നുകയില്ലെന്ന്, ചെറുപ്പത്തിന്റെ ചൊടിയും ചുണയുമുണ്ടെന്ന് അവൾ പറഞ്ഞത് ഓർമ്മ വന്നപ്പോൾ അയാൾക്ക് രോമാഞ്ചമുണ്ടായി. കൈയിൽ കിടന്നുള്ള അവളുടെ പിടച്ചിലും പല താളങ്ങളിൽ കേൾപ്പിച്ച സീൽക്കാരങ്ങളും അയാളിൽ പുളകമുണർത്തിയിരുന്നു. കീഴെക്കിടന്ന് പെണ്ണ് ഇങ്ങനെ പറയുന്നത് കേൾക്കാൻ, പുളയുന്നത് കാണാൻ കൊതിയില്ലാത്ത ഏതെങ്കിലും ആണുണ്ടോ ഈ പ്രപഞ്ചത്തിൽ? ആ മിടുക്കുണ്ടോ എന്നും പെണ്ണു എക്കാലവും തന്റെ കെട്ടുംമൂട്ടിൽ തന്നെ നിന്നോളുമോ എന്നും അങ്ങനെ നിന്നോളാൻ എന്തൊക്കെ ചെയ്തു വെയ്ക്കണം എന്നും ചിന്തിച്ചു ചിന്തിച്ചല്ലേ ആണിന്റെ സമയം അധികവും ചെലവാകുന്നത്?
അയാൾ എണീറ്റിരുന്ന് ഒരു ബീഡി കത്തിച്ചു, വലിയൊരു പുകയെടുക്കുമ്പോൾ ഒരുപാട് സിവിൽ കേസുകൾ നടത്തി മുടിഞ്ഞു പോയ തറവാട്ടിലെ അവസാന കണ്ണിയായ ഇരുപതുകാരിയെ അയാൾ ആഗ്രഹത്തോടെ മനസ്സിൽ കാണുകയായിരുന്നു. അളന്നു നോക്കുകയായിരുന്നു.
മുപ്പതു വയസ്സുള്ളവളെ , ചെറുപ്പക്കാരനാണെന്ന് തോന്നിപ്പിയ്ക്കാമെങ്കിൽ പിന്നെ ഇരുപതുകാരിയെ തോന്നിപ്പിച്ചു കൂടേ? അല്ലെങ്കിലും ഒരു പെണ്ണിനെ അമർത്തിപ്പിടിയ്ക്കാൻ ആണൊരുത്തന് പ്രായം പ്രശ്നമാണോ? ആശ്വാസം കിട്ടുന്ന ഒരു കൈത്താങ്ങിന് കാത്തിരിയ്ക്കുകയാണ് ആ പെണ്ണും അതിന്റെ ചാകാറായ അമ്മൂമ്മത്തള്ളയും. വക്കീൽ ഗുമസ്തൻ എന്ന നിലയ്ക്ക് ഇടയ്ക്കൊക്കെ ചില്ലറ സഹായങ്ങൾ ചെയ്യാറുമുണ്ട്. അവളെയങ്ങ് കല്യാണം കഴിയ്ക്കാമെന്ന് പറഞ്ഞാൽ…….. പറഞ്ഞാലെന്താ? അതു നടക്കും, അത്ര തന്നെ. ഇത്രകാലം കല്യാണം നടക്കാതിരുന്നത് ഇങ്ങനെ ഒരു യോഗം കൊണ്ടായിക്കൂടെന്നുണ്ടോ? പിന്നെ ക്ഷയിച്ചെങ്കിലും തറവാട്ടുകാരാണ്. അയ്യേ! കാണിച്ചത് ചേപ്രയായി എന്ന് നാലാൾ കേട്ടാൽ പറയില്ല.
നാളെ പണിക്കാരിപ്പെണ്ണിന് ശമ്പളമായി കുറച്ച് അധികം എന്തെങ്കിലും കൊടുക്കണം. ഇന്നു രാത്രിയും അവൾ കൂടെ ഉണ്ടാവുമല്ലോ. അവൾ മിടുക്കിയാണ്. ചില പെണ്ണുങ്ങളെപ്പോലെ ചാട്ടവും തൊഴിയും ആവശ്യമില്ലാത്ത കരച്ചിലും ശീലാവതി ചമയലും ഒന്നും ഉണ്ടായില്ല. അവൾക്കും ആശയുണ്ടായിട്ടുണ്ടാവും. നിവർത്തിച്ചു കൊടുക്കാൻ ആരും ഇല്ലല്ലോ. അല്ലെങ്കിൽ കല്യാണം കഴിയുന്നതു വരെ അവൾ ഇവിടെ തന്നെ ഇങ്ങനെ നിന്നോട്ടെ എന്നു വെയ്ക്കാം. കെട്ടുപാടുകളില്ലാതെ സുഖമനുഭവിയ്ക്കുന്നതിനും ഒരു ജാതക യോഗമുണ്ടാവണം, വേണ്ടേ?
ഒരു ചെറുപ്പക്കാരിപ്പെണ്ണിനൊപ്പം അന്തി ഉറങ്ങുന്നതിൽ വല്ലാത്ത സുഖവും ലഹരിയുമുണ്ടെന്ന് ഓർത്തോർത്ത് അയാൾ ആഹ്ലാദത്തോടെ ചൂളം വിളിച്ചു.
* * * * * * * * * * * *
അയാളുടെ ചൂളം വിളി കാതിൽ വീണപ്പോൾ അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു. ഇന്നു വീട്ടിൽ പോകണ്ട എന്ന് പറഞ്ഞത് ഓർമ്മിയ്ക്കുകയായിരുന്നു അവൾ.
ശരിയാണ്,അല്ലെങ്കിൽ ഇനി എന്തിനാണ് വേറെ വീട്ടിൽ പോയി താമസിയ്ക്കുന്നത്?
കഴിയുന്നത്ര വേഗം അമ്പലത്തിൽ പോയി ഒരു താലി കഴുത്തിലിട്ടു തരണമെന്ന് അപേക്ഷിയ്ക്കണം. പത്തിരുപത് വയസ്സ് കൂടുതലുണ്ട്. അതു സാരമില്ല. ഒരു ചെറുപ്പക്കാരനാണെങ്കിൽ ഇത്തിരി കൂടി ഉശിരും ചുണയുമുണ്ടാകുമെന്നേയുള്ളൂ. ചുണ കുറഞ്ഞാലും വേണ്ടില്ല, ആരെങ്കിലും വാതിലു തുറന്ന് കയറി വരുമോ എന്ന് പേടിയ്ക്കാതെ കിടക്കാൻ അടച്ചുറപ്പുള്ള വീടും വയറു നിറയെ ഭക്ഷണവും മാറി ഉടുക്കാൻ കുറച്ച് തുണിയും പിന്നെ നാലാളെ ചൂണ്ടിക്കാണിയ്ക്കാനൊരു ആൺ തുണയും കിട്ടിയാൽ മതി.
ഒക്കെ ആദ്യമായിട്ടാണെങ്കിലും ഒന്നും മിണ്ടാതെ കിടന്നതും സുഖമായെന്ന് ധ്വനിപ്പിച്ചതും അതിനാണ്. അല്ലാതെ സുഖം കൊതിച്ചിട്ടോ അത് വാരിക്കോരി തന്നതുകൊണ്ടോ അല്ല. മീശക്കാരൻ വലിയ മിടുക്കനാണെന്ന് തന്നെ വിചാരിച്ചോട്ടെ.
പഠിപ്പും ജോലിയും കാശുമൊന്നുമില്ലാത്തവർക്കും വേണമല്ലോ ജീവിതം.
നേരത്ത വന്ന് കയറിയപ്പോൾ, ആ തുളച്ചു കയറുന്ന നോട്ടം കണ്ടപ്പോൾ മനസ്സിലായി ഇന്ന് ഇങ്ങനെയാവുമെന്ന്.
നാളെ കാലത്ത് കുളിച്ച് കാവിലമ്മയ്ക്ക് വിളക്ക് വെയ്ക്കണം.അടുത്ത പറമ്പിലെ മൺ കുടിൽ തട്ടി നിരത്തി ധാരാളം പൂച്ചെടിക്കൊമ്പുകളും പച്ചക്കറി വിത്തുകളും നട്ടു പിടിപ്പിയ്ക്കണം. പിന്നെ, അമ്മയ്ക്ക് ഒരു അസ്ഥിത്തറയുണ്ടാക്കണം.
എല്ലാം പതുക്കെ മതി. ആദ്യം താലി കഴുത്തിൽ വീഴട്ടെ. ഇനി ചെയ്യുന്നതെല്ല്ലാം ആ വഴി മാത്രം ലക്ഷ്യം വച്ചായിരിയ്ക്കണം.
അവൾ അടുപ്പു ഒന്നു കൂടി ഊതിക്കത്തിച്ചു.