Tuesday, December 13, 2011

പെൺ പരിസ്ഥിതി


“ചില പരിസ്ഥിതി വിചാരങ്ങൾ “എന്ന പേരിൽ മാധ്യമം ദിനപ്പത്രത്തിന്റെ കുടുംബ മാധ്യമം  പേജിലും  “പെൺ പരിസ്ഥിതി“ എന്നപേരിൽ ബൂലോകം ഓൺലൈൻ ബ്ലോഗ് പത്രത്തിലും നാളത്തെ കേരളം എന്ന ബ്ലോഗിലും ഈ ലേഖനം വന്നിട്ടുണ്ട്.


ലോകമാകമാനം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി അക്ഷീണം സമരം ചെയ്ത, ഇപ്പോഴും സമരം ചെയ്യുന്ന എല്ലാവരാലും അറിയപ്പെടുന്നവരും അതേ സമയം ആരാലും അറിയപ്പെടാത്തവരും, അംഗീകരിയ്ക്കപ്പെടാത്തവരുമായ ഒട്ടനവധി നല്ല മനുഷ്യർക്കും ഈയിടെ അന്തരിച്ച പരിസ്ഥിതി പോരാളിയായ വംഗാരി മതായിയ്ക്കും മുൻപിൽ ആദരവോടെ………

പലപ്പോഴും പൂർണമായും ഉത്തരവാദികൾ ആവാറില്ലെങ്കിലും, എല്ലാ തിക്തഫലങ്ങളും വരിവരിയായി പെണ്ണുങ്ങളെ തേടി വരാറുണ്ട് എന്ന കാ‍രണത്താൽ ഈ മഹാ പ്രപഞ്ചത്തിന്റെ ഏതു പ്രശ്നവും എല്ലായ്പ്പോഴും പെൺപ്രശ്നം കൂടിയാണ്. പരിസ്ഥിതിയെ നിർലജ്ജം ചൂഷണം ചെയ്ത് നശിപ്പിയ്ക്കുന്ന ആധിപത്യ മൂല്യങ്ങൾ, അധിനിവേശ ക്രൂരതകൾ, പരിഗണനയില്ലായ്മയും അനുതാപക്കുറവും, വെറുതേ ഒരു ഗമയും പൊലിപ്പും കാണിച്ചു കൂട്ടലുമാകുന്ന ആഡംബര പ്രദർശനം,  പ്രപഞ്ച പത്തായത്തിൽ ടൺ കണക്കിന് നീക്കിയിരിപ്പുണ്ടെന്ന തെറ്റിദ്ധാരണയിൽ ചെയ്തുകൂട്ടുന്ന അനിയന്ത്രിതമായ ഉപഭോഗം.. ഇപ്പറഞ്ഞതിന്റെയെല്ലാം ഒഴിവാക്കാനാവാത്ത ദുരന്തങ്ങൾ കൂടുതൽ പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്.

രാഷ്ട്രീയ തീരുമാനങ്ങളിലോ സാമ്പത്തിക തീരുമാനങ്ങളിലോ മത തീരുമാനങ്ങളിലോ ശാസ്ത്ര കലാ സാഹിത്യ സാംസ്ക്കാരിക ചരിത്ര (വിട്ടു പോയ മേഖലകൾ പൂരിപ്പിയ്ക്കണമെന്ന അപേക്ഷയോടെ) തീരുമാനങ്ങളിലോ ഒന്നും നേരിട്ടൊരിയ്ക്കലും പങ്ക് വഹിയ്ക്കാൻ കാര്യമായ അവസരമില്ലാത്തതു പോലെ (ഇടയ്ക്ക് ബിനാമിയാവാൻ പറ്റാറുണ്ടേ!) പരിസ്ഥിതി തീരുമാനങ്ങളിലും വലിയ അവസരമൊന്നും സ്ത്രീകൾക്ക് കിട്ടാറില്ല. എങ്കിലും എല്ലാറ്റിന്റേയും സൈഡ് ഇഫക്ടുകളും നേരിട്ടുള്ള ഇഫക്ടുകളും കൂടുതൽ ആഞ്ഞടിയ്ക്കുമെന്നതുകൊണ്ട് സ്ത്രീകൾക്ക് ഇവയെക്കുറിച്ചെല്ലാം ഉൽക്കണ്ഠപ്പെട്ടേ മതിയാകൂ എന്ന ചുമതലയുമുണ്ട്. 

അല്ലാ, സ്ത്രീകൾക്ക് മാത്രം മതിയോ ഈ പരിസ്ഥിതി? മനുഷ്യ രാശിയ്ക്ക് മുഴുവൻ നിലനിൽ‌പ്പ് ഉണ്ടാവേണ്ടുന്ന കാര്യമായതുകൊണ്ട് പുരുഷന്മാർക്കും വേണ്ടേ? അതുകൊള്ളാം, അപ്പോൾ ഈ മനുഷ്യർക്ക് മാത്രമായിട്ടെങ്ങനെയാണ് നിലനില്പ് വരുന്നത്?എന്നുവെച്ചാൽ സമസ്ത ജീവജാലങ്ങൾക്കും ജീവനില്ലാത്ത ജാലങ്ങൾക്കുമൊക്കെ വേണം ഈ പറഞ്ഞ പരിസ്ഥിതി. എന്നാൽ മറ്റു ജീവജാലങ്ങൾക്കില്ലാത്ത വിവേകവും വിവേചന ബുദ്ധിയുമുണ്ടെന്നഭിമാനിയ്ക്കുന്ന മനുഷ്യർ ഏറ്റവും കൂടുതൽ നിന്ദിയ്ക്കുന്നതും, അപമാനിയ്ക്കുന്നതും, ബലാത്സംഗം ചെയ്യുന്നതും, തകർത്തു തരിപ്പണമാക്കി മുച്ചൂടും മുടിച്ചു കളയുന്നതും ഈ പരിസ്ഥിതിയെയാണല്ലോ.

പ്രപഞ്ചത്തിലെ എല്ലാ സഹജീവികളോടുമുള്ള പരിഗണന, ഉത്തരവാദിത്തം, ചുമതല ഇതെല്ലാം ചേർന്നതായിരിയ്ക്കേണ്ടേ പരിസ്ഥിതിയോടുള്ള ഓരോ മനുഷ്യരുടേയും ഇടപെടൽ? അതു വെറുതേ ഏതെങ്കിലും (ഉദാഹരണത്തിന് ഇപ്പോഴത്തെ കണക്കിൽ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള) മരം നട്ടു പിടിപ്പിയ്ക്കലും “അയ്യോ! മനുഷ്യാ വെട്ടല്ലേ വെട്ടല്ലേ മരം വെട്ടല്ലേ“ എന്ന കരച്ചിലും മാത്രമല്ലല്ലോ. അതൊരു സമ്പൂർണ ജീവിത പദ്ധതിയാവണം.  ഒറ്റക്കാര്യത്തിൽ മാത്രമായി പരിസ്ഥിതി അവബോധവും സംരക്ഷണവും സാധ്യമല്ല.

നൂറു കണക്കിന് പരുത്തി വസ്ത്രങ്ങൾ (വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളോ അല്ലെങ്കിൽ സാധാരണ വസ്ത്രങ്ങളോ ആവട്ടെ) അലമാരിയിൽ ശേഖരിച്ച് സൂക്ഷിച്ചു വെച്ച് ഞാൻ പരുത്തി വസ്ത്രം മാത്രം ധരിയ്ക്കുന്നവനാണെന്ന്, സിന്തെറ്റിക് വസ്ത്രങ്ങൾ സ്പർശിയ്ക്കാത്തവനാണെന്ന് സിദ്ധാന്തിയ്ക്കുന്ന ഒരാൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമഗ്രമായി ആലോചിയ്ക്കുന്നുണ്ടോ?ഇല്ല, കാരണം, അയാൾ ആവശ്യത്തിലും വളരെയേറെ പരുത്തി ഉപഭോഗം ചെയ്യുന്നു. അതിനൊപ്പം പരോക്ഷമായി മറ്റ് ഒട്ടനവധി കാര്യങ്ങളും അനാവശ്യമായി ചെലവഴിയ്ക്കപ്പെടുന്നുണ്ടല്ലോ. ഉദാഹരണമായി ചായം, തുന്നാൻ വേണ്ട നൂല്, വസ്ത്രമുണ്ടാക്കാൻ വരുന്ന അധ്വാനം, ഇവയെല്ലാം  എത്തിയ്ക്കാനാവശ്യമായ ഗതാഗതം, അതിനു വേണ്ട ഇന്ധനംഇതൊരു നീളമേറിയ പാതയാണ്. അതിന്റെ ഒരു കൈവഴിയ്ക്ക് മാത്രമായി പരിസ്ഥിതി സംരക്ഷണം നടക്കുമോ? 

മരം വെട്ടരുതെന്ന് മുദ്രാവാക്യം മുഴക്കി പൊരിവെയിലിൽ മരത്തെ കെട്ടിപ്പിടിച്ച് നിന്ന് സമരം ചെയ്യുന്നവർ ടിഷ്യു പേപ്പർ കൊണ്ട് വിയർപ്പ് തുടയ്ക്കുന്നതു മാതിരിയുള്ള തൊലിപ്പുറത്തെ പരിസ്ഥിതി ഉൽക്കണ്ഠകൾ പോരാ നമുക്ക്. വിദേശ രാജ്യങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ പലതും ഉണ്ടെന്നും ഇവിടെ ഒന്നുമില്ലെന്നും അരിശം കൊള്ളാറുണ്ട് പലരും. ഇങ്ങനെ അരിശപ്പെടുമ്പോൾ അവിടങ്ങളിലെ ഭൂവിസ്തൃതിയും മനുഷ്യരുടെ എണ്ണത്തിലുള്ള കുറവും ചില കാര്യങ്ങളെങ്കിലും ഭംഗിയായി നടപ്പിലാക്കാനുള്ള ആർജ്ജവവും രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂടി നമ്മൾ കണക്കിലെടുക്കണം. താരതമ്യം തികച്ചും സമഗ്രമാകണം എന്നർഥം.

തടുക്കാൻ ഒരു തരത്തിലും പ്രാപ്തിയില്ലാത്തവരുടെ തലയിൽ, സ്വന്തം വീട്ടിലെ മാലിന്യം നമ്മൾ വലിച്ചെറിഞ്ഞുകൊടുക്കുമ്പോഴല്ലേ വിളപ്പിൽശാലകളും ബ്രഹ്മപുരങ്ങളും ലാലൂരുകളും ഞെളിയൻപറമ്പുകളും ഉണ്ടാകുന്നത്? അമേരിയ്ക്കയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പലതരം മാലിന്യങ്ങൾ കപ്പൽ കയറി വരുന്നതും  നമ്മൾ ഓരോരുത്തരും രാവിലെ കുടുംബശ്രീ സ്ത്രീകൾക്ക് എടുത്തുകൊണ്ടു പോകാനും, മേൽ‌പ്പറഞ്ഞ ഏതെങ്കിലും പറമ്പുകളിൽ ഉപേക്ഷിക്കാനുമായി വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് ബക്കറ്റിൽ നിറച്ചു വെയ്ക്കുന്നതും തമ്മിൽ പറയത്തക്ക വലിയ വ്യത്യാസമില്ല. ഈ പറമ്പുകൾ ഉണ്ടാവാതെയിരിയ്ക്കാൻ നമ്മൾ എന്തുചെയ്യണം? നമ്മുടെ പങ്ക് മാലിന്യമെങ്കിലും അവിടങ്ങളിൽ ചെന്ന് ചേരാതിരിയ്ക്കാനും അങ്ങനെ അവിടങ്ങളിലെ സഹോദരർക്ക് ശല്യമുണ്ടാവാതിരിയ്ക്കാനും നമ്മൾ ശ്രദ്ധിയ്ക്കണം. വിദൂരസ്ഥമായ സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിയ്ക്കാൻ വേണ്ടി വരുന്ന ഭീമമായ ചെലവിനെക്കുറിച്ചും ഈയവസരത്തിൽ നമ്മൾ ഓർക്കേണ്ടതാണ്. വാഹനമോടിയ്ക്കാൻ ആവശ്യമായ ഇന്ധനമുൾപ്പടെ, ആ വാഹനം ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഉൾപ്പടെ……….. ഫ്ലാറ്റുകളിലും വീടുകളിലും താമസിയ്ക്കുന്ന നമ്മളുണ്ടാക്കുന്ന മാലിന്യം സ്വയം നിർമ്മാർജ്ജനം ചെയ്യുമെന്ന ഒരു നിലപാടിലെത്തുകയും അതു പ്രാവർത്തികമാക്കുകയും വേണം.

ഓയിൽക്കമ്പനികളുടെ മുന്നിൽ കൈകൂപ്പി മുട്ടിലിഴഞ്ഞ് മൂക്കുകൊണ്ട് “ക്ഷ“ വരയ്ക്കുന്ന സർക്കാർ നയങ്ങൾ ഗ്യാസ് സിലിണ്ടറിന് വില കൂട്ടുമ്പോൾ ഒരു ജനത എന്ന നിലയിൽ എന്തു ചെയ്യാനാകുമെന്ന് നമ്മൾ ആലോചിയ്ക്കണം. ഒരു കെട്ട് വിറകിനും ഒരു ബക്കറ്റ് വെള്ളത്തിനും ഒരു പിടി ധാന്യത്തിനും വേണ്ടിപ്പോലും പലർക്കും മുൻപിൽ തുണിയഴിയ്ക്കേണ്ടി വരുന്ന പട്ടിണിപ്പാവങ്ങളായ സ്ത്രീകൾ നിറഞ്ഞ ഇന്ത്യയിലാണ് നാം കഴിയുന്നതെന്നും കൂടി ഓർമ്മിച്ച്, മാലിന്യങ്ങളിൽ നിന്ന് ഗ്യാസുണ്ടാക്കുന്ന പദ്ധതികൾ പോലെയുള്ള വ്യവസ്ഥേതരമായ ബദൽ ജീവിതരീതികൾ ആവേശത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ നമ്മൾ ശ്രദ്ധിയ്ക്കേണ്ടതില്ലേ?

കറുത്ത ഗ്ലാസ്സിട്ട കൂറ്റൻ വാഹനങ്ങളിലെ വലിയൊരു ഇരിപ്പിടത്തിൽ ഒറ്റയ്ക്കിരുന്ന് ചീറിപ്പായുന്നതിലല്ല അന്തസ്സെന്ന് നമ്മൾ അറിയണം. അത്യധികം ഇന്ധനച്ചെലവുണ്ടാക്കുന്ന വാഹനങ്ങളോടുള്ള ഭ്രമം കുറയുമ്പോൾ മാത്രമേ നമുക്ക് നടപ്പാതകളുണ്ടാവൂ. സൈക്കിൾ പാതകളുണ്ടാവൂ. നമ്മുടെ പൊതുവാഹനങ്ങളെ കുറ്റമറ്റതാക്കി സംരക്ഷിയ്ക്കുന്ന മനോഭാവം വളരൂ. യാതൊരു ഗത്യന്തരവുമില്ലെങ്കിൽ മാത്രമേ നമ്മൾ സ്വകാര്യ വാഹനത്തെ ശരണം പ്രാപിയ്ക്കാവൂ. ഈ മനോഭാവമുള്ള ജനതയ്ക്കു മുൻപിൽ വികലമായ നയങ്ങൾ മാറ്റിയെഴുതുവാൻ ചിലപ്പോൾ സർക്കാർ നിർബന്ധിതമായേക്കും. അതിന് ആദ്യം വേണ്ടത്  മറ്റുള്ളവർ എല്ലാം മാറട്ടെ എന്നിട്ട് ഞാൻ മാറാം എന്ന നിലപാട് ഓരോരുത്തരും അവരവർക്കാവുന്ന ഏറ്റവും ലളിതമായ രീതിയിലെങ്കിലും തിരുത്തിയെഴുതുകയാണ്.

സ്വർണവും വജ്രവും അതി കേമമായ നിക്ഷേപമാണെന്ന് പൊതുവേ വിശ്വസിയ്ക്കപ്പെട്ടു വരുന്നുണ്ട്. സ്ത്രീകളുടെ ആഭരണഭ്രമത്തെക്കുറിച്ച് എല്ലാവരും നെടുങ്ങനെയും കുറുങ്ങനെയും സംസാരിയ്ക്കുകയും എഴുതുകയും അഭിനയിയ്ക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യാറുണ്ട്.  പണം ചെലവഴിയ്ക്കാൻ പ്രാപ്തി (പർച്ചേസിംഗ് പവർ) അധികമുള്ള പുരുഷന്റെ സമ്മതമില്ലാതെ ഈ ഭ്രമം സ്ത്രീയ്ക്ക് പൂർത്തീകരിയ്ക്കാൻ കഴിയില്ലെങ്കിലും ആഭരണത്തോടുള്ള ആശ അവൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതത്രെ. സ്വർണവും വജ്രവും ഏറ്റവും മനുഷ്യത്വ വിരുദ്ധമായ സാഹചര്യങ്ങളിൽ ഖനനം ചെയ്യപ്പെടുന്നവയാണ്, വളരെ ലഭ്യതക്കുറവുള്ളവയാണ്, പരിസ്ഥിതിയെ അമ്പേ തകർത്തുകൊണ്ട് സൃഷ്ടിയ്ക്കപ്പെടുന്നവയുമാണ്. ഓരോ കഴഞ്ച് സ്വർണത്തിലും ഏറ്റവും ചെറിയ വജ്രത്തരിയിലും പോലും ഒരുപാട് ദരിദ്ര മനുഷ്യരുടെ രക്തവും കണ്ണീരും വിയർപ്പും ജീവനുമുണ്ട്. ഈ നഷ്ടപ്പെടലുകൾക്ക് പകരമായി അവർക്കോ അവരുടെ പരിസ്ഥിതിയ്ക്കോ ഒന്നും ലഭ്യമാവുന്നില്ലെന്നു മാത്രമല്ല, സർവ നാശത്തിലേയ്ക്ക് അതവരെ എത്തിയ്ക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ സ്വർണവും വജ്രവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. അതേറ്റവും അധികം വാങ്ങുന്നവർ മലയാളികളും. ഈ ദു:ശ്ശീലത്തിൽ നിന്ന് നമുക്ക് മോചനമുണ്ടാവേണ്ടേ?

ഗോവധം പാടില്ലെന്ന് ഘോരഘോരം വാദിയ്ക്കുന്നവർ പോലും പ്ലാസ്റ്റിക് പാക്കറ്റുകൾ തിന്നു ശ്വാസം മുട്ടി, നുരയും പതയും തുപ്പി മരിയ്ക്കുന്ന നാൽക്കാലികളെ വളരെ കുറച്ചേ കാണാറുള്ളൂ. കാരണം പാടില്ലെന്ന് പറയുന്ന ഞാനും ആവാമെന്ന് പറയുന്ന നീയും ഉൾപ്പെടുന്ന എല്ലാവരും വലിച്ചെറിയാറുണ്ടല്ലോ ഈ പ്ലാസ്റ്റിക് പാക്കറ്റുകൾ! വേദനയേയും രോഗങ്ങളേയും മരണത്തേയും പോലെ മനുഷ്യ നിർമ്മിതമായ പരിസ്ഥിതി നാശത്തിനും രാജ്യാതിർത്തികളോ ജാതി മത വർഗ വർണ ഭേദമോ ഇല്ല. 

എന്തിനും ഏതിനും വാഹനമോടിയ്ക്കുമ്പോൾ, വാഹനങ്ങളിലിരുന്ന് പ്ലാസ്റ്റിക് കുപ്പിയും പാത്രങ്ങളും മാലിന്യങ്ങളും നദികളിലും റോഡുകളിലും അലക്ഷ്യമായി വലിച്ചെറിയുമ്പോൾ, മരങ്ങളെ നിഷ്ക്കരുണം കൊന്നൊടുക്കുമ്പോൾ, ആഹാരവും വെള്ളവും ഊർജ്ജവും പ്രകൃതീ പദാർഥങ്ങളും നിരുത്തരവാദപരമായി പാഴാക്കുമ്പോൾ, ആർത്തി പെരുത്ത് അന്തരീക്ഷവും വിളഭൂമിയും കൊടും വിഷങ്ങളാൽ  മലിനമാക്കുമ്പോൾ മനുഷ്യന്റെ മുഖച്ഛായ തന്നെ മാറുന്നു. അവിടെ  മനുഷ്യത്തത്തിനു പകരം സ്വാർഥതയും പരിഗണനയില്ലായ്മയും നീചതയും കൈവരുന്നു. അതാണോ നമ്മൾ സ്വാംശീകരിയ്ക്കേണ്ട മൂല്യമെന്ന് സ്വയം തീരുമാനിയ്ക്കേണ്ടതാണ്. 

തച്ചു തകർക്കപ്പെടുന്ന പരിസ്ഥിതിയോട് യാതൊരു പരിഗണനയും ഇല്ലാതെ, നശിപ്പിയ്ക്കാവുന്നതിന്റെ പരമാവധിയും ചെയ്തതിനു ശേഷം  ജാതിയും മതവും സൂക്ഷിച്ചു നോക്കി തരം തിരിച്ച്, അല്പം പണവും സഹായവും അനാഥാലയങ്ങളിലോ അമ്പലത്തിനോ പള്ളിയ്ക്കോ  നൽകിയുള്ള പാപം പോക്കൽ കൊണ്ട് ഒരു പ്രയോജനവുമില്ല. അങ്ങനെ എളുപ്പവഴിയിൽ പരിഹരിച്ച് കുറ്റബോധമില്ലാതാക്കാനാവാത്തതാണ് പരിസ്ഥിതിയെ നശിപ്പിയ്ക്കുന്ന നമ്മുടെ സ്വാർഥത എന്നർഥം. ആ സ്വാർഥതയെ അതിജീവിയ്ക്കാൻ കൃത്യമായ ലക്ഷ്യബോധവും നിരന്തര പരിശ്രമവും ആവശ്യമാണ്. എത്ര കുറവ് മാലിന്യം സൃഷ്ടിയ്ക്കപ്പെടുന്നുവെന്നും പ്രകൃതിയോടും പരിസ്ഥിതിയോടും എന്തുമാത്രം സമതുലനം പുലർത്തുന്നുവെന്നും കണക്കാക്കി മാത്രമേ നമ്മുടെ സംസ്ക്കാരവും  നമ്മുടെ ജാതിയും മതവും നമ്മുടെ രാജ്യവും നമ്മുടെ ലിംഗവും കേമം മഹാ കേമം എന്ന് ആർപ്പു വിളിയ്ക്കാവൂ. അപ്പോൾ ആർക്കും ആർപ്പു വിളിയ്ക്കാൻ ശേഷിയുണ്ടാവുകയില്ലെന്ന് നമുക്കറിയാമല്ലോ. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണല്ലോ.

തീർത്തും അത്യാവശ്യമുള്ള സമയത്തു മാത്രം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് ശരിയായ പരിസ്ഥിതി സംരക്ഷണമാകുന്നത്. പ്രപഞ്ചത്തിലെ എല്ലാം സഹജീവികൾക്കും  നമ്മെപ്പോലെ തന്നെ ഉപയോഗിയ്ക്കാൻ അവകാശമുള്ള നീക്കിയിരിപ്പിനെയാണ്, സമ്പത്തിനെയാണ് നമ്മൾ ഉപഭോഗം ചെയ്യുന്നതെന്ന ഓർമ്മയോടെ, അതിന്റെ കാവലാകാനുള്ള നിതാന്ത ജാഗ്രതയോടെ ജീവിയ്ക്കുന്നതാണ് യഥാർത്ഥമായ പരിസ്ഥിതി അവബോധം. അതിന് അനുഭാവം, അനുതാപം, പരിഗണന, ഉത്തരവാദിത്തം, ചുമതലാബോധം എന്നിവ കൂടിയേ കഴിയൂ. 

സ്ത്രീത്വത്തിന് പരിസ്ഥിതി സംരക്ഷണത്തിലെ പ്രത്യേക റോൾ എന്താണെന്ന് ആലോചിയ്ക്കുമ്പോഴാണ് പെണ്മയെപ്പറ്റി നമുക്ക് ഇങ്ങനെ വിശദീകരിയ്ക്കേണ്ടത്. അങ്ങേയറ്റത്തെ തീവ്ര വിപ്ലവകാരിയോ, പദവികളുള്ള ഉദ്യോഗസ്ഥയോ, അവാർഡുകൾ നേടിയ എഴുത്തുകാരിയോ സാധാരണ തൂപ്പുകാരിയോ ആരുമാവട്ടെ, ഒരു പുതു ജന്മത്തെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരികയും പോറ്റി വളർത്തുകയും ജീവിത കാലം മുഴുവൻ അതിനെക്കുറിച്ച് ചിന്തിച്ച് ഉൽക്കണ്ഠപ്പെടുകയും ഒക്കെ ചെയ്യുന്നവളാണല്ലോ സ്ത്രീ. മറ്റൊരു ജിവന്റെ നന്മയ്ക്കാ‍യി സ്വന്തം ജീവിതവും സുഖങ്ങളും സൌകര്യവും എല്ലാം ചക്രവാളത്തിന്റെ അതിരോളം മാറ്റി വെയ്ക്കാൻ കഴിവുള്ളവൾ.

അവആഭരണങ്ങളും ലതരം വസ്ത്രങ്ങളുമണിഞ്ഞ് വെളുക്കാനുള്ള  ക്രീമുകളും തല മുടിളരാനുള്ള എണ്ണകളും വാരിത്തേച്ച് അയ്യോ! പയറുകറിയുണ്ടാക്കാനറിയില്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്തു കാര്യം എന്നു സങ്കടപ്പെടേണ്ടവളല്ല. ഭ്രാന്തോളം വളരുന്ന ഭക്തിയും ആന കുത്തിയാൽ ഇളകാത്ത അന്ധവിശ്വാസങ്ങളുമായി ടി വി സീരിയലിലെ മന്ദബുദ്ധികളും ആത്മാഭിമാനമില്ലാത്തവരുമായ നല്ല സ്ത്രീകളാണെന്ന് ഭാവിച്ചും സ്ഥാപിച്ചും കഴിയേണ്ടവളല്ല. അങ്ങനെയല്ലാത്ത  പെണ്ണുങ്ങളെ ല്ലപ്പോഴുമെങ്കിലും കാണേണ്ടി വന്നാൽ അവരെ രിഹസിച്ചും നിന്ദിച്ചും അപമാനിച്ചും ഒറ്റപ്പെടുത്തേണ്ടവളല്ല. തോരാത്ത കണ്ണീർപ്പുഴയിലൊഴുകി വീട്ടു മൂർത്തിയായ ഒരു അമ്മപ്പൈങ്കിളിത്തേങ്ങലായി ങ്ഹും.. ങുഹും.. എന്ന് മോങ്ങേണ്ടവളുമല്ല……
 
ഇമ്മാതിരിയുള്ള ബുദ്ധിശൂന്യതകൾക്ക്  പകരം അനീതിയേയും ചൂഷണത്തിനേയും എതിർക്കുവാനും പ്രകൃതിയേയും പരിസ്ഥിതിയേയും സഹജീവികളേയും ബഹുമാനിച്ചാദരിച്ച് സ്നേഹിയ്ക്കുവാനും മൂല്യബോധവും ഉത്തരവാദിത്തവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാനും വേണ്ട  ചുമതലയെ ഏറ്റെടുക്കുവാൻ കെൽ‌പ്പുള്ളളാകണം സ്ത്രീ. ഏറ്റവും കുറഞ്ഞ ഉപഭോഗവും ഏറ്റവും കുറഞ്ഞ മാലിന്യ ഉല്പാദനവുമാണ് ഏറ്റവും ശ്രേഷ്ഠമായ പരിസ്ഥിതി അവബോധമെന്ന് സ്വയം പഠിയ്ക്കാനും അടുത്ത തലമുറയെ അത് ചൂണ്ടിക്കാണിയ്ക്കാനും സ്ത്രീയ്ക്ക് കഴിയണം.

ആണത്തമെന്നാൽ പഴക്കം കൊണ്ട് കെട്ടു നാറി പുളിച്ചു പോയ ജീർണ മൂല്യങ്ങളെയും എന്തിനേയും ചൂഷണം ചെയ്യാൻ മടിയ്ക്കാത്ത വ്യവസ്ഥാപിത നയങ്ങളേയും നെഞ്ചോട് ചേർത്ത്, പ്രകൃതിയെയും പരിസ്ഥിതിയേയും പ്രപഞ്ചത്തേയും സ്ത്രീയേയും ഭാവി തലമുറയേയും വരുതിയിൽ നിറുത്തി കീഴടക്കിയെന്ന് മീശ പിരിയ്ക്കുന്നതും രാഷ്ട്രീയവും ഭരണപരവും മതപരവും രിത്രപരവും സാമ്പത്തികവുമായ മേൽക്കോയ്മ പ്രകടിപ്പിച്ച് അട്ടഹാസവും ബലാത്സംഗവും മർദ്ദനങ്ങളും യുദ്ധങ്ങളും അധിനിവേശങ്ങളും ആഘോഷിയ്ക്കുന്നതുമാണെന്ന സർവാബദ്ധ ധാരണയിൽ നിന്ന് പുരുഷന്മാരും മോചിതരാകേണ്ടതുണ്ട്

എല്ലാത്തരം ചൂഷണങ്ങൾക്കും എതിരെ സമരം ചെയ്യുകയും പ്രകൃതിയേയും പരിസ്ഥിതിയേയും ബഹുമാനിച്ച് ആദരിയ്ക്കുകയും എല്ലാ സഹജീവികളോടും സമത്വത്തിലധിഷ്ഠിതമായ സ്നേഹമര്യാദകൾ പുലർത്തുകയും ഭാവി തലമുറയോട് നൂറു ശതമാനം ഉത്തരവാദിത്തമുള്ളവരാകുകയും അവരെയും പൂർണമായും പ്രചോദിപ്പിയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ പുരുഷനാകുന്നുള്ളൂവെന്ന ബോധവൽക്കരണം പുരുഷന്മാർക്ക് തീർച്ചയായും ആവശ്യമുണ്ട്.

ഭൂമി സർവംസഹയൊന്നുമല്ലെന്നും ഭൂമിയുടെ വളരെച്ചെറിയ ഒരു പ്രതിഷേധം പോലും മാനവരാശിയെ മുച്ചൂടും മുടിച്ചു കളയുമെന്നും നമ്മൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പ്രകൃതിയെക്കുറിച്ചും ഭൂമിയുടെ എല്ലാ അവകാശികളെക്കുറിച്ചും എഴുതിക്കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു നമുക്കിടയിൽ. അദ്ദേഹം നമ്മെ നിരന്തരമായി ഓർമ്മിപ്പിച്ചിരുന്നുവല്ലോ. 

“ഇതാ അന്തിമകാഹളം മുഴങ്ങുന്നു.“

നമ്മൾ കേൾക്കുന്നുണ്ടോ?