അടുത്ത പരിസരങ്ങളിൽ ഇല്ലെന്ന് ഉറപ്പുണ്ടെങ്കിൽ പോലും വെറുപ്പും അമർഷവും എല്ലാം ഉള്ളിലൊതുക്കി അടക്കത്തിൽ മാത്രമേ ആൾക്കാർ ശകാരിച്ചിരുന്നുള്ളൂ, “തെണ്ടി മയിസ്രേട്ട്“ . മുകളിലൊരാൾ എല്ലാം കാണുന്നുണ്ടെന്ന് പറയുന്നതു പോലെയായിരുന്നു എല്ലാവർക്കും തെണ്ടി മയിസ്രേട്ടിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഓർമ്മ.
കുറുക്കിയ പാലിന്റെ നിറത്തിൽ ഒരു വൃദ്ധ, കിട്ടുന്ന കുപ്പായമൊക്കെ ധരിച്ചിട്ടുണ്ടാവും, മുണ്ടും ഷർട്ടും ബ്ലൌസും… അങ്ങനെ, മൂന്നാലു കുപ്പായമെങ്കിലും ഒരേ സമയം ദേഹത്തുണ്ടാവും. കുറച്ച് ജട പിടിച്ച പപ്രച്ച തലമുടി ചിലപ്പോൾ നെറുകന്തലയിൽ കെട്ടി വെച്ചിരിയ്ക്കും അല്ലെങ്കിൽ അഴിഞ്ഞു തൂങ്ങുന്നുണ്ടാവും. ഒരു അലുമിനിയം തൂക്കുപാത്രമാണ് ആകെയുള്ള സമ്പാദ്യം, അതിലാണ് വെള്ളമോ ചായയോ ചോറോ എന്താണു കിട്ടുന്നതെന്ന് വച്ചാൽ അതു കഴിയ്ക്കുന്നത്. ഭിക്ഷയായി ആരെങ്കിലും പണം നീട്ടിയാൽ “ഇനിയ്ക്ക് വേണ്ടാ“ എന്ന് കർശനമായി വിലക്കാൻ അവർക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. തന്നെയുമല്ല പണം നീട്ടിയവരുടെ വീട്ടു പറമ്പിനു ചുറ്റും കണ്ണോടിച്ച്, “ദാ ആ മാങ്ങ തന്നൂടേ“ന്നോ “ആ കടച്ചക്ക തന്നൂടേ“ന്നോ, കാശിനു പകരം വേണ്ടതെന്താണെന്ന് കൃത്യമായി ചൂണ്ടിക്കാണിയ്ക്കാനുള്ള ധൈര്യവും അവർക്കുണ്ടായിരുന്നു.
അന്യായമായ കാര്യങ്ങളെ നിർഭയമായി അവർ ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് അത്യുച്ചത്തിൽ ബഹളം വെയ്ക്കാനും വേണ്ടി വന്നാൽ അശ്ലീലം തന്നെ പറയാനും അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കണ്ണീരൊഴുക്കുന്ന പാവത്തിന്റെ ദുർബലത അവരിൽ തരിമ്പും ഇല്ലായിരുന്നു. സങ്കടം കൊണ്ടും സ്വയം തോന്നുന്ന സഹതാപം കൊണ്ടും തളർന്നു പോകുന്ന, ഒന്നു തുറിച്ചു നോക്കിയാൽപ്പോലും എല്ലാറ്റിനോടും കീഴ്പ്പെടുന്ന സാധാരണ സ്ത്രീകളുടെ ഇടയിൽ ഭിക്ഷക്കാരിയായ അവർ വിപ്ലവ വീര്യത്തോടെ ജ്വലിച്ചു നിന്നു. അവർക്കിടപെടാൻ വയ്യാത്ത ഒരു കാര്യവും നാട്ടിലുണ്ടായിരുന്നില്ല.
വേലത്തിക്കടവിന്റെ പൊന്തയ്ക്കരികിൽ തെങ്ങ് കേറുന്ന കുമാരൻ ഒളിച്ചിരുന്നപ്പോൾ….
കള്ളു കുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിയ്ക്കാതെ തല്ലിച്ചതച്ചപ്പോൾ….
അറബി നാട്ടിൽ പോയി ചോര നീരാക്കുന്ന നാരായണന്റെ കെട്ട്യോൾ ഇത്തിരി തൊലി വെളുപ്പും തേരട്ട മീശയും ചുവന്ന ബൈക്കുമുള്ള നസീറുമായി ചില്ലറ ചുറ്റിക്കളികൾ തുടങ്ങിയപ്പോൾ…
അമ്പലത്തിലെ ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോൾ…….
എന്നു വേണ്ട നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും അവർ ഇടപെട്ടു, കുറ്റം ചെയ്തവരെന്ന് തോന്നുന്നവരെ തേച്ചാലും കുളിച്ചാലും പോകാത്ത വിധം ചീത്ത പറഞ്ഞ് നാണം കെടുത്തിപ്പോന്നു. കാരണമെന്തായാലും ഒരു പിച്ചക്കാരിയോടുള്ള നിസ്സാരതയും തട്ടി മാറ്റലും അവരോടു കാണിയ്ക്കുവാൻ ആളുകൾ എന്നും മടിച്ചിരുന്നുവെന്നതൊരു സത്യമാണ്.
ആ ഉച്ചത്തിലുള്ള ന്യായവിധികൾ എല്ലാവരിലും ഉൾഭയമുണ്ടാക്കിയിരുന്നിരിയ്ക്കണം.
അന്നുച്ചയ്ക്ക് വല്ലാതെ അലട്ടുന്ന ഒരു തലവേദനയെ കീഴ്പ്പെടുത്താൻ പരിശ്രമിച്ചുകൊണ്ട് കണ്ണുകളിറുക്കിയടച്ച് അകത്തെ മുറിയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു, ഞാൻ.
അമ്മീമ്മ പതിവു പോലെ ഉമ്മറത്തിരുന്ന് പത്രം വായിയ്ക്കുന്നു. പാറുക്കുട്ടി ചവിട്ടു പടികളിന്മേലിരുന്ന് പച്ച ഓല കീറി ചൂലുണ്ടാക്കുകയും രസം പിടിച്ച് സ്വന്തം തല മാന്തി പേനെടുക്കുകയും ചെയ്യുന്നു. ഇടയിൽ അമ്മീമ്മയോട് അയൽപ്പക്ക വിശേഷങ്ങൾ ഇത്തിരി മുളകും മസാലയും പുരട്ടി തട്ടി മൂളിയ്ക്കുന്നതും അല്പാല്പമായി എന്റെ കാതുകളിൽ വീഴുന്നുണ്ടായിരുന്നു.
നട്ടുച്ച സമയം, ഉരുകി തിളയ്ക്കുന്ന മേട മാസ വെയിലിന്റെ ചൂടിലും ആലസ്യത്തിലും നാട്ടിടവഴികൾ ആളൊഴിഞ്ഞ് മയങ്ങിക്കിടന്നു.
അപ്പോഴായിരുന്നു ഉഗ്ര ശബ്ദത്തിലുള്ള അലർച്ച കേട്ടത്. കിളികളുടെ പാട്ടുകളും മുളങ്കൂട്ടത്തിന്റെ മൂളലുമൊഴിച്ചാൽ നിശ്ശബ്ദമായിരുന്ന അന്തരീക്ഷം ആ അലർച്ചയിൽ പ്രകമ്പനം കൊണ്ടു. അമ്മീമ്മയും പാറുക്കുട്ടിയും ചെവിയോർക്കുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി. ഞാനും ആ ബഹളം ശ്രദ്ധിയ്ക്കാതിരുന്നില്ല.
ബസ്സും ലോറിയും അനവധി വേലക്കാരുമുള്ള വലിയ സ്വത്തുകാരായ കിഴക്കെ മഠത്തിലെ മാട്ടുപൊണ്ണുമായി ( പുത്ര വധു ) തെണ്ടി മയിസ്രേട്ട് വഴക്കുണ്ടാക്കുകയാണ്. അഭിമാനത്തിന്റെ അസ്ഥിവാരം തകർത്തെറിയാൻ പോന്ന അശ്ലീല കഥകൾ ചരൽ വാരി വലിച്ചെറിയുന്നതു മാതിരി മഠത്തിന്റെ മുറ്റത്ത് ഇരമ്പിപ്പെയ്തു.
“ശ്ശ്! അയ്യേ! എരപ്പ്ത്തരം!“ പാറുക്കുട്ടിയുടെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് “കുട്ടി ഒറ്ങ്ങ്യോന്ന് നോക്കട്ടേ, ഈ ചീത്ത വാക്കൊന്നും കേട്ട് പഠിച്ചൂടാ …“ എന്ന് ഉൽക്കണ്ഠപ്പെട്ട് എന്നെ പരിശോധിയ്ക്കാൻ അവരുടെ കാലടികൾ മുറിയിലുമെത്തി. ഉറക്കം അഭിനയിച്ച് കിടന്ന എന്നെ ഒന്നു തലോടിയിട്ട് പാറുക്കുട്ടി വീണ്ടും ആ പഴയ ശബ്ദ കോലാഹലത്തിലേയ്ക്ക് തന്നെ മടങ്ങിപ്പോയി.
“നിങ്ങളു ഇങ്ങട് പോര്വോന്നേയ്, ആ തെണ്ടി മയിസ്രേട്ട് കൊറെ ഒച്ചേണ്ടാക്കീട്ട് അയിന്റെ പാട്ടിന് പൊക്കോളും, ഇനി ആ തൊയിരക്കേടിനെ ഇങ്ങടെഴുന്നള്ളിച്ച് , ചായ കൊടുക്കണ്ടാ….“
പാറുക്കുട്ടിയുടെ ശബ്ദമാണ്.
എനിയ്ക്ക് മനസ്സിലായി, അമ്മീമ്മ വഴക്ക് പഞ്ചായത്താക്കി സമാധാനിപ്പിയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്. ഇനി ഇവിടെയാവും ചർച്ചയും വിശദീകരണവും, കൂട്ടത്തിൽ ചായേടെ വെള്ളവും……
ഉച്ചത്തിൽ ചീത്ത വിളിച്ചും മൂക്കു ചീറ്റിയുമാണ് തെണ്ടി മയിസ്രേട്ട് അമ്മീമ്മയ്ക്കൊപ്പം വന്നത്.
എനിയ്ക്കും പാറുക്കുട്ടിയെപ്പോലെ ഈർഷ്യ തോന്നുന്നുണ്ടായിരുന്നു. മുതിർന്നു വരുന്തോറും അമ്മീമ്മയുടെ ഇമ്മാതിരി സൌഹൃദങ്ങളിൽ എനിയ്ക്ക് താല്പര്യക്കുറവ് വന്നു കഴിഞ്ഞിരുന്നു. പിച്ചക്കാരോടും കൂലിപ്പണിക്കാരോടും ദരിദ്രരോടും ഒക്കെ ഇത്രയധികം അടുപ്പം കാണിയ്ക്കുന്നതും അവരെയൊക്കെ ചായയോ മുറുക്കോ പഴമോ കൊടുത്ത് സൽക്കരിയ്ക്കുന്നതും എന്തിനാണെന്ന് എനിയ്ക്ക് മനസ്സിലായില്ല. പക്ഷെ, അവർ പറയുന്ന കഥകൾ, വിയർപ്പും കണ്ണീരും രക്തവും പുരണ്ട, വേദനയുടേയും ദു:ഖത്തിന്റേതുമായ ആവി പാറുന്ന കഥകൾ ഞാനും അമ്മീമ്മയ്ക്കൊപ്പം കേട്ടുപോന്നു. എന്നിട്ടും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഈ കഥകൾ മുഴുവൻ സത്യമായിരിയ്ക്കുമോ എന്ന സംശയം ഞാനും അനിയത്തിയും തമ്മിൽ പങ്കുവെയ്ക്കാൻ തുടങ്ങിയിരുന്നു. പക്ഷെ, ഞങ്ങളുടെ ആ സംശയത്തെ വളമിട്ട് നനച്ച് വളർത്തുവാൻ അമ്മീമ്മ ഒരിയ്ക്കലും അനുവദിച്ചിരുന്നില്ല.
“ജാനകിയമ്മ സമാധാനിക്കു, ഒക്കെ കഴിഞ്ഞില്ലേ“ അമ്മീമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടി മുഖം വീർപ്പിച്ച് ചായേടെ വെള്ളമുണ്ടാക്കാൻ അകത്തേയ്ക്ക് പോയിട്ടുണ്ടാവണം.
എന്റെ ഓർമ്മയിൽ അവരെ “തെണ്ടി മയിസ്രേട്ട്“ എന്ന് വിളിയ്ക്കാത്ത ഒരേ ഒരാൾ അമ്മീമ്മയായിരുന്നു, രഹസ്യമായോ പരസ്യമായോ ആ പേര് അമ്മീമ്മ ഉപയോഗിച്ചിരുന്നില്ല. ഞാനോ അനിയത്തിയോ അബദ്ധത്തിലെങ്ങാനും പറഞ്ഞു പോയാൽ അമ്മീമ്മ കലശലായി ദേഷ്യപ്പെടുകയും ചെയ്തിരുന്നു.
“എന്നോട് ആ അമ്മ്യാരു പെണ്ണ് എന്താ പറഞ്ഞേന്ന് കേക്കണോ? ഞാൻ പട്ടമ്മാര്ടവിടന്ന് ഒരു തുള്ളി വെള്ളം കുടിയ്ക്കില്ല, അതിനി അവളല്ല അവൾടെ ചത്തു പോയ തന്ത ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് തന്നാലും … പട്ടമ്മാരൊക്കെ കെട്ടും കെടയായിറ്റ് ഈ നാട് വിട്ട് പോണത് കാണാനാ ഞാനിങ്ങനെ തെണ്ടി നടക്കണത്.“
ഭയങ്കരമായ കിതപ്പും കടുത്ത അന്തക്ഷോഭവുമുള്ള ശാപം പോലത്തെ വാക്കുകൾ.
“പട്ടമ്മാരോട് ഇത്ര പകേള്ള നിങ്ങളെന്ത്നാ പിന്നെ ഈ അമ്മ്യാര് തരണ ചായേം വലിച്ച് കുടിച്ച് ഇവ്ടെ നിൽക്കണേ?“
പാറുക്കുട്ടിയുടേതാണ് ചോദ്യം.
“ചായ ഇബടെ വെച്ചിട്ട് നീയകത്തേയ്ക്ക് പോക്കോ പാറൂട്ടി.“ അമ്മീമ്മ ഒരു നിമിഷം പോലും കളയാതെ പാറുക്കുട്ടിയെ വിലക്കുന്നത് എനിയ്ക്ക് കേൾക്കാം. വലിയൊരു തർക്കമൊഴിവാക്കാനാണ് അമ്മീമ്മ ശ്രമിയ്ക്കുന്നതെന്ന് മനസ്സിലാകുന്നുമുണ്ട്. അമ്മീമ്മയോട് കളിതമാശയൊക്കെ പറയുമെങ്കിലും ആ സ്വരം മാറുന്നത് പാറുക്കുട്ടിയെ എപ്പോഴും ഭീരുവാക്കിയിരുന്നു.
“പോട്ടെ, ജാനകിയമ്മേ. അവളു വിവരല്ലാണ്ട് ഓരോന്നെഴുന്നള്ളിയ്ക്കണതല്ലേ? അത് വിട്ടു കളഞ്ഞിട്ട് ചായ കുടിയ്ക്കു.“
“ചായ ഞാൻ കുടിയ്ക്കാം.പക്ഷെ, പെണ്ണ്ങ്ങൾക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ല. വെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാൽ മനസ്സിലാവണം. ഒരുമേങ്കിലും വേണം, പെണ്ണങ്ങള്ക്ക്. ഇഞ്ഞി വിവരം ത്തിരി കൊറവാണെങ്കി…. അല്ലാണ്ട് ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്?”
“ജാനകിയമ്മ, ഒക്കെ മറക്കാൻ നോക്കു. അല്ലാണ്ട് ഞാനെന്താ പറയാ….“
“ഈ ജന്മത്ത് അത് പറ്റ്ല്യാ.. പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുട്ടിയ്ക്ക്.. അത് എങ്ങനെയാ മറ്ക്കാ.. ഞാൻ പെറ്റ തള്ളയല്ലേ? കല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേൽക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്. കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞു. ന്ന്ട്ട് ചാടിച്ചത്തൂന്നാക്കി. ടീച്ചറ്ക്ക് അറിയോ? എല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്… അതിന്റെടേല് എന്റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടെ.“
ഉഗ്രശാപം കേട്ട് സൂര്യൻ ഒരു രക്ഷാമന്ത്രവും തോന്നാതെ ഞെട്ടിപ്പിടഞ്ഞു മുഖം മേഘങ്ങൾക്കിടയിൽ ഒളിപ്പിച്ചു. വെയിൽ മങ്ങിയത് ജനലിലൂടെ കണ്ടുകൊണ്ട് അലസമായി കിടക്കുകയായിരുന്ന ഞാൻ അടിയേറ്റതു പോലെ എഴുന്നേറ്റിരുന്നു പോയി. ഒരമ്മയിൽ നിന്ന് ഇത്രയും കഠിനമായ ശാപ വചസ്സുകൾ ഉതിരുവാൻ കാരണമായവർ ആരായിരിയ്ക്കും?
അമ്മീമ്മയ്ക്ക് അതറിയാമെന്ന് എന്തുകൊണ്ടോ എനിയ്ക്കൊരു നിമിഷം വെളിപാടുണ്ടായി.
“ജാനകിയമ്മ, പൊറുക്കു. വേറെ എന്താ ഒരു വഴി? ദിവാകരൻ നായര് എഴ്ത്ത് വല്ലതും അയയ്ക്കാറുണ്ടോ?“
“നിങ്ങ്ക്ക് വല്ല പ്രാന്തുണ്ടോ ന്റെ അമ്മ്യാരേ? എഴുത്ത് അയച്ചാ ഞാനത് വായിയ്ക്കോ? പട്ടമ്മാരെ പേടിച്ച് നാട് വിട്ട് പോയതല്ലേ നായര്? ഞാൻ കൂടെ പോവില്ലാന്ന് തീർത്ത് പറഞ്ഞേര്ന്നു അന്ന്ന്നെ. പിന്നെന്തിനാ എനിയ്ക്ക് എഴുത്ത് അയയ്ക്ക്ണേ?“
“വയസ്സാവ്മ്പോ മനുഷ്യന്റെ മനസ്സ് മാറില്ലേ ജാനകിയമ്മേ“
“അതേയ്, ആണൊരുത്തന്റൊപ്പം കഴിയാത്തോണ്ടാ നിങ്ങ്ക്ക് ഈ വിഡ്ഡിത്തരം തോന്നണത്. പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ല. അത് നിശ്ശംണ്ടോ? അവര്ക്കെന്താ? ആകേം പോകേം… തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ് …. അത്രേന്നേള്ളൂ. അപ്പോ ദിവാരൻ നായര്ക്ക് സ്വന്തം മോള് അമ്മൂട്ടീനെ മറ്ക്കാം……. പട്ടമ്മാരോട് പൊറ്ക്കാം, അവര് ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാം. പോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളേ നല്ലോണം പോലെ നോക്കി വളർത്ത്ണ്ട ജോലി തള്ള്ടെ മാത്രം ആയിരുന്നൂന്ന് അലറാം. ആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാം. വിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ…… മീശേം കാലിന്റേടേല് എറ്ച്ചിക്കഷ്ണോം മാത്രള്ള ചെല കാളോൾക്ക്.“
അഭിപ്രായ പ്രകടനങ്ങൾക്ക് ശേഷം മയിസ്രേട്ട് ശക്തിയായി കാർക്കിച്ചു തുപ്പുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.
പുരുഷന്മാരെക്കുറിച്ച് സ്ത്രീകൾ ഇങ്ങനെ അരിശം കൊള്ളുകയും പ്രാകുകയും ഒക്കെ ചെയ്യുമ്പോൾ അമ്മീമ്മ വെറുതെ കേൾക്കുക മാത്രം ചെയ്തു പോന്നു. ഒരു പുരുഷനാലും സ്പർശിയ്ക്കപ്പെടാതെ ജീവിച്ച അവർ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ തികച്ചും വിമുഖയായിരുന്നു. ലൈംഗികബന്ധത്തേയും ഗർഭധാരണത്തേയും പ്രസവത്തേയും കുറിച്ചെല്ലാം വിവിധ തരക്കാരായ സ്ത്രീകൾ അമ്മീമ്മയോട് അടക്കിപ്പിടിച്ച് സംസാരിയ്ക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സമയത്ത് ഞാനോ അനിയത്തിയോ അവിടെ പോകുന്നത് അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട് ആരുടേയും കൃത്യമായ വിവരങ്ങളോ കഥകളോ ഒന്നും ഞങ്ങൾക്കറിയുമായിരുന്നില്ല.
അങ്ങനെയൊക്കെയാണെങ്കിലും പത്തു പതിനേഴു വയസ്സായിരുന്ന എനിയ്ക്ക് മയിസ്രേട്ടിന്റെ കഠിന ജീവിതം ഒറ്റ നിമിഷം കൊണ്ട് വെളിവായി. അമ്മൂട്ടിയെ ചതിച്ചത് ഏതു മഠത്തിലെ മകനാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അവളുടെ മരണത്തിനുത്തരവാദികൾ ആരെല്ലാമാണെന്നും കൂടി അറിഞ്ഞു കഴിഞ്ഞാൽ കനൽ പോലെ ചുവന്നു നീറുന്ന ഒരമ്മയുടെ കഥയ്ക്ക് അടിവരയിടാം.
പുറത്തു നിന്നും പിന്നെ കുറെ നേരത്തേക്ക് ഒച്ചയൊന്നും കേൾക്കുകയുണ്ടായില്ല. ചായ കുടിച്ച് അമ്മീമ്മയോട് യാത്രയും പറഞ്ഞ് അവർ പടിയിറങ്ങിയിരിയ്ക്കണം.
എങ്കിലും, പാറുക്കുട്ടിയുടെ ക്ഷോഭം ശമിച്ചിട്ടുണ്ടായിരുന്നില്ല.
നനവുള്ള തോർത്തുമുണ്ടെടുത്ത് വിങ്ങുന്ന തലയിൽ ഒരു കെട്ടും കെട്ടി ഞാൻ അമ്മീമ്മയുടെ അടുക്കൽ ചെന്നിരുന്നപ്പോഴായിരുന്നു പാറുക്കുട്ടിയുടെ ഈറ പിടിച്ച ചോദ്യമുയർന്നത്.
“ഞാനറിയാണ്ട് ചോദിയ്ക്കാ, ഇങ്ങനെ പട്ടമ്മാരെ മുഴോൻ തെറീം കേട്ടാലറയ്ക്കണ വാക്കോളും പറഞ്ഞ് നട്ക്കണ ആ തെണ്ടി മയിസ്രേട്ടിന് എന്തിനാ ചായ കൊടുക്കണേ? നിങ്ങക്ക് വല്ല നേർച്ചീണ്ടാ? പട്ടമ്മാരടെ ഒന്നും തിന്ന്ല്യാത്രെ…. ന്ന്ട്ട് ഇബ്ട്ന്ന് എന്ത് കൊടുത്താലും വെട്ടിവിഴുങ്ങൂലോ നശൂലം……“
അമ്മീമ്മ പാറുക്കുട്ടിയെ രൂക്ഷമായി നോക്കി, എങ്കിലും ആ നോട്ടത്തിനു ചേരാത്തത്ര മെല്ലെ പറഞ്ഞു.
“നിനക്കറീല്യാ പാറൂട്ടി. ഒരു തീക്കടലാണ് ആ നെഞ്ചില്, ചൂടു തട്ടിയാ ഈയാമ്പാറ്റ പോലെ കരിഞ്ഞു പോകും ഇന്നാട്ടിലെ പലരും. അമ്മൂട്ടീനെ കഴിച്ചേ ഒരു പെങ്കുട്ടിണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് ചേല്ണ്ടായിരുന്നു. ഗർഭാവണ വരെ അവള് ഒക്കെ ഒളിപ്പിച്ചു. ഗർഭം ഒളിപ്പിയ്ക്കാൻ പറ്റില്ലല്ലോ. വയറ്റിലുണ്ടാക്കിയവൻ അവളെ കല്യാണം കഴിയ്ക്കണംന്ന് ജാനകിയമ്മ കട്ടായം പറഞ്ഞതാ ബ്രാഹ്മണർക്ക് പിടിയ്ക്കാണ്ട് പോയത്…. ഇന്നാട്ടിലെ ഒറ്റ ആണൊരുത്തൻ അമ്മൂട്ടീടെ ഭാഗം പറയാൻ ഉണ്ടായില്ല. ചെലവിനു കൊടുക്കണ ആണുങ്ങളെ എതിർത്ത് അവര്ടെ വായിലിരിയ്ക്കണത് കേൾക്കണ്ടാന്ന് വിചാരിച്ച്ട്ടാവും ഒറ്റ പെണ്ണുങ്ങളും അമ്മൂട്ടീടെ ഭാഗം പറഞ്ഞില്ല.
പോലീസൊക്കെ വന്നൂ…ന്നാലും കാശ് കിട്ടിയാ മാറാത്ത കേസുണ്ടോ?… അങ്ങനെ ആദർശത്തില് വിശ്വാസളള പോലീസുണ്ടോ നമ്മ്ടെ നാട്ടില്. ജാനകിയമ്മേം മോളും സ്വഭാവശുദ്ധിയില്ലാത്തവരാണെന്ന് പറയാൻ നാട്ടാര്ക്ക് മാത്രല്ല, ദിവാകരൻ നായര്ക്കും ഒരു മടിയും ഉണ്ടായില്ല. കാശും പിന്നെ, പേടീം ഉണ്ടാവും കാരണായിട്ട്.“
പാറുക്കുട്ടി ശബ്ദിച്ചില്ല. കുറച്ചു കഴിഞ്ഞ് ദീർഘ നിശ്വാസത്തോടെ ചോദിച്ചു.
“ഒരു അമ്മ്യാരായിട്ടും ടീച്ചറോട് എന്താ ജാനകിയമ്മയ്ക്ക് ദേഷ്യല്ലാത്തത്?“
അമ്മീമ്മ ചിരിച്ചു. വേദന തുളുമ്പുന്ന ചിരി.
“എന്നെ തറവാട്ട് മഠത്തീന്ന് ഇറക്കി വിട്ട ദിവസാണ് ജാനകിയമ്മ ആദ്യം എന്നോട് മിണ്ടീത്. ഞാൻ പൊഴേച്ചാടിച്ചാവാൻ പോയതായിരുന്നു. അപ്പോ സമാധാനിപ്പിച്ച് ചിത്തീടെ മഠത്തില് കൊണ്ടാക്കീതാ…….. പിന്നെ എന്നെ അന്വേഷിയ്ക്കാത്ത ദിവസണ്ടായിട്ടില്ല. കുട്ടികള് ഇവടെ വന്ന് താമസിയ്ക്കണ വരെ എന്നും രാത്രീല് ഈ വ്രാന്തേല് വന്ന് കെട്ക്കും. ഇന്നാട്ടില് ആരും എന്നോട് മിണ്ടാത്ത മുഖത്ത് നോക്കാത്ത ഒരു കാലണ്ടായിരുന്നു, അന്നും ജാനകിയമ്മ മിണ്ടീരുന്നു. എനിയ്ക്കത് മറക്കാൻ പറ്റില്ല.“
പാറുക്കുട്ടി അമ്മീമ്മയെ നിറഞ്ഞ സ്നേഹത്തോടെയും സഹതാപത്തോടെയും നോക്കിക്കൊണ്ടിരുന്നതല്ലാതെ ചുണ്ടനക്കിയില്ല.
ആരായിരുന്നു ആ കാമുകനെന്ന് അറിയണമെന്നുണ്ടായിരുന്നു എനിയ്ക്ക്. ചോദിച്ചാൽ അമ്മീമ്മ പറയുമോ എന്ന സംശയവും പേടിയും നിമിത്തം എന്റെ അമ്മാതിരി ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ എന്നിൽത്തന്നെ അമർന്നു.
പിന്നീട് അധിക കാലമൊന്നും ഞാൻ ആ വീട്ടിൽ താമസിച്ചില്ല. ജീവിതത്തിലുണ്ടായ ഒരുപാട് വലിയ മാറ്റങ്ങളുടെ ഉരുൾപ്പൊട്ടലുകളിൽ കുടുങ്ങി ഞാൻ, എല്ലാവരിൽ നിന്നും അകന്നു പോയി. എനിയ്ക്ക് തന്നെയും നിശ്ചയമില്ലാത്ത കഠിന വഴിത്താരകളിലൂടെ അനാഥമായി എന്റെ ജീവിതം മുടന്തി നീങ്ങി.
ഇപ്പോൾ അനവധി വർഷങ്ങൾക്കു ശേഷം, രണ്ടു ദിവസം മുൻപൊരു തിളയ്ക്കുന്ന ഉച്ചയ്ക്ക്…….
വിദേശത്തെ വൻ നഗരത്തിൽ നിന്ന് എന്റെ ഒരു അക്കാ എനിയ്ക്ക് ഫോൺ ചെയ്തിരുന്നു. അക്കാ തേങ്ങിക്കരഞ്ഞുകൊണ്ടാണ് എന്നോട് സംസാരിച്ചത്. ദാമ്പത്യത്തിലെ ഒരിയ്ക്കലും നേരെയാവാത്ത താളപ്പിഴകളും കിടക്ക വിട്ട് എണീയ്ക്കാനാവാത്ത മക്കളുടെ അതീവ വിചിത്രമായ ദീനങ്ങളും ജോലി സ്ഥലത്തെ എണ്ണിയാൽ ഒടുങ്ങാത്ത വെല്ലുവിളികളും ചേർന്ന് അവരുടെ ജീവിതം ഒരു നിത്യ നരകമായിരുന്നു.
“മക്കൾക്ക് വല്ല വിഷവും കൊടുത്തിട്ട് ഞാൻ സൂയിസൈഡ് ചെയ്തുവെന്ന് ചിലപ്പോൾ നീ കേൾക്കും.“
ഒന്നു ഞെട്ടിയെങ്കിലും ഒരു മന്ദബുദ്ധിയ്ക്കു മാത്രം സാധിയ്ക്കുന്ന മനസ്സാന്നിധ്യത്തോടെ അവരെ ആശ്വസിപ്പിയ്ക്കാൻ ഞാൻ ശ്രമിച്ചു. ജീവിതം വളരെ വിലപിടിപ്പുള്ളതാണെന്നും മറ്റും നോവലുകളിലും കഥകളിലും വായിച്ചിട്ടുള്ളതെന്തെല്ലാമോ പറഞ്ഞു കേൾപ്പിച്ചു. അപ്പോഴാണ് അക്കാ എന്നോട് ചോദിച്ചത്.
“നിനക്ക് വല്ലതും അറിയാമോ? നീ നാട്ടിൽ വളർന്നവളല്ലേ?“
“എന്തറിയാമോ എന്നാണ്..“
“ഞാൻ ഇവിടെയുള്ള ഒരു ജ്യോതിഷിയെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം ജീവിതത്തിൽ തീക്കനൽപ്പാടമായി ഒരു ശാപം വീണുകിടപ്പുണ്ട്. കടലോളം കണ്ണീരു വേണ്ടി വരും അതു കെടുത്തുവാനെന്ന്…… നീ എന്തെങ്കിലും കേട്ടിട്ടുണ്ടോ?“
കൂടുതൽ ഒന്നും കേൾക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല.
മനസ്സിന്റെ തിരശ്ശീലയിൽ വിങ്ങിപ്പൊട്ടുന്ന ഓർമ്മകളും ചോരയിറ്റുന്ന അനുഭവങ്ങളും കാളിമയോടെ നിരന്നു നിന്നപ്പോൾ ഞാൻ തളർന്നിരുന്നു പോയി.
മഠത്തിൽ നിന്നിറക്കിവിടപ്പെട്ട പെരിയമ്മമാർ… പിറന്ന മഠത്തിൽ ഒരിയ്ക്കലും തിരിച്ചു പോകാൻ സാധിയ്ക്കാതെ തെരുവിൽ ഗതികെട്ടു വീണു പോയ അമ്മ.
കാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ ഒരു തുള്ളി വെള്ളം ഇറക്കാനാവാതെ വേദനിച്ചു മരിച്ച മാമാ.
ഭാര്യ ഉപേക്ഷിച്ച അണ്ണാ..
ഗ്യാസ് സ്റ്റൌവിൽ നിന്ന് തീ പിടിച്ചു മരിച്ച ഗർഭിണിയായിരുന്ന അക്കാ..
മക്കളും കൊച്ചുമക്കളും ഭർത്താവും അപകടത്തിൽ മരിയ്ക്കുകയും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്ത മാമി….
ഒരിയ്ക്കൽ പോലും അപ്പാവെ കാണാത്തവരും, നിർബന്ധമായും അമ്മയെ മറക്കേണ്ടി വന്നവരുമായ മക്കൾ..
വൃദ്ധ സദനങ്ങളിൽ മരണത്തെ മാത്രം കാത്തു കഴിയുന്ന, അവസാനമില്ലാത്ത നാമ ജപങ്ങളിൽ മുഴുകിയ താത്താവും പാട്ടിയും .
നീണ്ട മുപ്പതു വർഷങ്ങളിലെ ഒട്ടനവധി സിവിൽ കേസുകൾക്കു ശേഷം ഒരു കല്ലു പോലും ശേഷിയ്ക്കാതെ ഇടിഞ്ഞു തകർന്ന എട്ടുകെട്ട്…..അതെല്ലാവരുടേതുമായിരുന്നു…എന്നാൽ എന്റെയും നിന്റെയും എന്ന പിടിവലിയിൽ അത് ആരുടേതുമായില്ല.
മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്…ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകൾക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടർന്ന ജീവിതങ്ങൾ.
അതിനു ശേഷം എനിയ്ക്ക് ഒട്ടും ഉറങ്ങാൻ സാധിച്ചിട്ടില്ല. യുക്തിയുടെയും ബുദ്ധിയുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും കൂർത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിയ്ക്കുമ്പോൾ പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്റെ മുൻപിൽ ചക്രവാളത്തോളം വലുപ്പമാർന്നു നിൽക്കുന്നു. വിശ്വരൂപം ദൈവങ്ങൾക്കു മാത്രമാണെന്ന് പറഞ്ഞത് ആരാണ്? കണ്ണീരിനേക്കാൾ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്? മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?
ഭയം വരുമ്പോൾ ചൊല്ലാനായി, ചെറുപ്പന്നേ ഞാൻ മന:പാഠം പഠിച്ച എല്ലാ കവച മന്ത്രങ്ങളും ഇപ്പോൾ മറന്നു പോയിരിയ്ക്കുന്നു……