അടുത്താഴ്ച നാട്ടിലുണ്ടാവുകയില്ലെന്ന് അവൻ ഫോണിൽ മെല്ലെ ചിരിച്ചു. അതു കേട്ടപാടെ “നീ പോകുന്നിടത്തേയ്ക്ക് ഞാനും വരട്ടെ” എന്ന് ചോദിച്ചു കഴിഞ്ഞിരുന്നു. വേണ്ടെന്ന് പറയാൻ അവനാവുകയില്ല. ആളൊഴിഞ്ഞ ഈ വലിയ മുറികളിൽ ഒറ്റയ്ക്ക് തലങ്ങും വിലങ്ങും നടന്ന് സമയം പോക്കുന്നതിൽ അവന് എല്ലാ കാലത്തും അനിഷ്ടമുണ്ടായിരുന്നുവല്ലോ.
എങ്കിലും അവന് എന്നും തിരക്കായിരുന്നു….അവന്റെ പിന്നാലെ എപ്പോഴും തടിച്ച ഫയലുകളും കുറെ മനുഷ്യരും അവസാനമില്ലാത്ത നെടുങ്കൻ യാത്രകളുമുണ്ടായിരുന്നു. മെലിഞ്ഞു നേർത്ത് മനോഹര നാദമാലപിയ്ക്കുന്ന ഫോണുകളും അംഗലാവണ്യം തുള്ളി തുളുമ്പുന്ന കമ്പ്യൂട്ടറും അവൻ തനിയ്ക്ക് സ്വന്തം തനിയ്ക്ക് മാത്രം സ്വന്തമെന്ന് സദാ കലഹിച്ചുകൊണ്ടിരുന്നു…ഇവരെല്ലാം ഒഴിവാകുന്ന അത്യപൂർവ നിമിഷങ്ങളിൽ മാത്രമാണ് അവൻ മിഴികളിൽ ഉറ്റുനോക്കിയത്. പുസ്തകങ്ങളിൽ ലയിച്ചിരിയ്ക്കുമ്പോൾ പൊടുന്നനെ, പിൻ കഴുത്തിൽ ഒരു തൂവൽ സ്പർശം പോലെ ഉമ്മവെച്ചത്….
പച്ച നിറത്തിന്റെ മഴവില്ലുകൾ തെളിയുന്ന ഒരു മനോഹര തീരത്തേയ്ക്കായിരുന്നു അവനൊപ്പമുള്ള ആ യാത്ര. ഒരു പച്ച കൂടാരത്തിൽ ഒറ്റയ്ക്കിരുത്തിയിട്ട് അവൻ പതിവു പോലെ സ്വന്തം തിരക്കുകളിലേയ്ക്ക് ഊർന്നു പോയി….അവനു പോകാനാവുന്ന പല സ്ഥലങ്ങളും എന്നും അന്യമായിരുന്നപ്പോഴും അവന് കടന്നു വരാനാവാത്ത ഒരു സ്ഥലവും ഒരിയ്ക്കലും ഉണ്ടായില്ല. അവനെന്നും ഒരു കാറ്റായിരുന്നു.
തളിർപ്പച്ചയും ഇലപ്പച്ചയും ഇരുൾപ്പച്ചയും വെയിൽപ്പച്ചയും മഴപ്പച്ചയും മയിൽപ്പച്ചയും ചാണകപ്പച്ചയുമായി ….പച്ച നിറം സ്വന്തം ഇന്ദ്രജാല മികവിൽ വിസ്മയിപ്പിയ്ക്കുന്ന ഒരു പ്രപഞ്ചമായിരുന്നു അത്. ചുവന്നു തുടുത്ത മണ്ണിന്റെ ആരും കാണാത്ത വന്യമായ അടരുകൾ ലാസ്യ ഭംഗിയോടെ പുഞ്ചിരിച്ചു. ആരോഗ്യമുള്ള ഒരു പച്ചത്തുള്ളൻ ആശകളിൽ ചലനമാർന്നു.
ചെമ്മണ്ണ് നിറഞ്ഞ വഴികളിലൂടെ വെറുതേ നടക്കുമ്പോൾ മരക്കൊമ്പുകളിലിരുന്ന് പല തരം പക്ഷികൾ കലപില കൂട്ടി സംസാരിയ്ക്കാൻ തുടങ്ങി. അവരിൽ തന്നെ സാമർഥ്യക്കാരായ ചിലർ കൈയെത്തിത്തൊടാമോ എന്ന് വെല്ലുവിളിച്ച് തലയ്ക്ക് മുകളിലൂടെ ശീഘ്രം പറന്നു. വർണ്ണപ്പകിട്ടാർന്ന സ്വന്തം തൂവൽച്ചിറകുകൾ വിടർത്തിക്കാണിച്ച്, മങ്ങിയ വർണ്ണത്തിൽ ചുളുക്കു കുപ്പായമിട്ട സൌന്ദര്യബോധത്തെ നോക്കി ച്ഛിൽ ച്ഛിൽ എന്ന് കളിയാക്കി.
അപ്പോൾ ചുളുക്ക് കുപ്പായം പെട്ടെന്ന് ഫ്രില്ലു പിടിപ്പിച്ച ഒരു ഫ്രോക്കായിത്തീർന്നു. പറ്റെ വെട്ടിയ മുടി ഇരുവശവും ഒഴുകിയിറിങ്ങിയ പിന്നലുകളായി. അതിൽ കനകാംബരവും മദിരാശി മുല്ലയും മയിർക്കൊഴുന്തും പട്ടു റിബണും പിറന്നു.
ഉറക്കെയാണ് പാടിയത്…..പഴയൊരു കുട്ടിപ്പാട്ട്…
‘ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാ…നല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാ…ചിത്താശൻ വാക്കമ്മാ“
കൌതുകത്തോടെ ശ്രദ്ധയോടെ എതിരേ വന്ന അമ്മ പറഞ്ഞു, “ചിത്താശനൊണ്ണും ഇന്തക്കാലം കെടയാത്”
അറിയാമായിരുന്നു. ആരാണു ചിത്താശനെന്ന് അമ്മയ്ക്കും അറിയുമായിരുന്നില്ലെന്ന് അല്പം കഴിഞ്ഞപ്പോൾ മനസ്സിലായി. നല്ല കാലം വരുന്നെന്ന്, കുടു കുടു ഉടുക്കു കൊട്ടിപ്പാടിക്കൊണ്ട് വർഷത്തിലൊരിയ്ക്കൽ മാത്രം വീട്ടിൽ വന്നിരുന്നവരായിരുന്നു ചിത്താശന്മാർ. വളരെ കുഞ്ഞു നാളിലേ അവരെ കണ്ടിട്ടുള്ളൂ. അവർക്ക് പാളത്താറും കണ്ണഞ്ചിപ്പിയ്ക്കുന്ന വിധം വർണാഭമായ തലപ്പാവുമുണ്ടായിരുന്നു. കർണ്ണാടകത്തു നിന്ന് ദേശാന്തര യാത്രയ്ക്ക് വരുന്ന അവർ, വെട്ടിക്കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയാലും സത്യമേ പറയൂവത്രെ.
അമ്മയുമായുള്ള സൌഹൃദം നിമിഷങ്ങളിൽ തന്നെ പടർന്നു പച്ചച്ച് പന്തലിച്ചു.….നാല്പതു കൊല്ലം മുൻപ് വെറും തരിശായിക്കിടന്ന ഭൂമിയുടെ പുരാവൃത്തം വെറ്റില തുപ്പൽ തെറിപ്പിച്ചും സ്വന്തം മുഖത്തെ ചുളിവുകളിളക്കിയും അമ്മ പാടിത്തന്നു. വെള്ളക്കാരൻ സ്സായ്പ് തരിശ് കടന്ന് വന്ന് പച്ച ദ്വീപ് ചമച്ച മരതകക്കഥ….
“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ........
ചില സ്സായ്പുമാർക്ക് ചില തരം പ്രാന്ത് ഉണ്ടാകുമെന്ന് അമ്മ ഉറക്കെ ചിരിച്ചു. അത് ശരി വെച്ചുകൊണ്ട് സമീപത്തു കൂടി ഇഴഞ്ഞ് പോയത് കറുപ്പിൽ മഞ്ഞ പുള്ളികളുള്ള സാരി ധരിച്ച ഒരു പാമ്പായിരുന്നു. ഭയം ആദ്യം നീലിപ്പിച്ചു പിന്നെ വെളുപ്പിച്ചു.
അമ്മ ചിരിച്ചുകൊണ്ട് സമാധാനിപ്പിച്ചു. “ഒന്നും പേടിയ്ക്കാനില്ല. നമ്മൾ ഉപദ്രവിയ്ക്കാതിരുന്നാൽ മതി അവരൊന്നും ചെയ്യില്ല. അവർക്ക് കഴിയ്ക്കാൻ ഇവിടെ ധാരാളം ഭക്ഷണമുണ്ട്. അവർ അവരുടെ പാട്ടിന് കഴിഞ്ഞുകൊള്ളും.“
അതാണ് മരതക ദ്വീപിന്റെ നിയമം. അവിടെ എല്ലാവരുമുണ്ട്. കഴിയുന്നത്ര പരസ്പരം സഹകരിച്ച് അവർ കഴിഞ്ഞു കൂടുന്നു.എന്നാലും ചിലപ്പോൾ അപകടങ്ങൾ വരാറുണ്ട്. അപ്പോൾ ചികിത്സിയ്ക്കും, രക്ഷപ്പെടുമോ എന്ന് നോക്കും .ഇല്ലെങ്കിൽ പിന്നെ .....ചിരഞ്ജീവികളെല്ലാം പുരാണങ്ങളിൽ മാത്രമല്ലേയുള്ളൂ എന്നു പറഞ്ഞ് അമ്മ കണ്ണിറുക്കിക്കാട്ടി.
അമ്മ നിറുത്താതെ സംസാരിച്ചുകൊണ്ടിരുന്നു. അതു പറച്ചിലിന്റേയും കേൾവിയുടെയും ആഹ്ലാദ ഉത്സവമായിരുന്നു. അമ്മ അവിടെ പലതരം ജോലികൾ ചെയ്തു കഴിഞ്ഞു കൂടുകയാണ്. അവിടെ കുറെ വീടുകളുണ്ട്, ബേക്കറിയുണ്ട്, പല തരം ഓഫീസുകളുണ്ട്, അമ്പലമുണ്ട്..... അവിടെയെല്ലാം ഒത്തിരി ജോലികളുമുണ്ട്.
അമ്മയുടെ വീട്ടുകാരനെക്കുറിച്ചും മക്കളെക്കുറിച്ചും അന്വേഷിച്ചപ്പോൾ അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു.
“കല്യാണം കഴിച്ചില്ല.“
അൽപ്പം ചമ്മലുണ്ടായി. വേണ്ടായിരുന്നു. ആവശ്യമില്ലാത്ത അന്വേഷണം.
മൌനം കണ്ട് അവർ വിശദീകരിച്ചു.
“അതൊരു കാര്യമായിത്തോന്നിയില്ല, അതിലും വലിയ കാരണം ഉണ്ടായിരുന്നു, കല്യാണം വേണ്ടെന്ന് തോന്നാൻ…..“
അപ്പോഴേയ്ക്കും ആരോ ഉച്ചത്തിൽ വിളിയ്ക്കുന്നതു കേട്ടു
“പോതും പൊണ്ണ് അത്തേ, പോതും പൊണ്ണ് അത്തേ……“
ആ പേരു വിചിത്രമായി തോന്നി. പോതും പൊണ്ണെന്ന്…… എന്നുവെച്ചാൽ മതി പെണ്ണെന്ന്. എന്തൊരു പേര്! മനുഷ്യർ ഇങ്ങനെയും പേരു വെയ്ക്കുമോ?
അമ്മയുടെ ഉത്തരം അതിലും വിചിത്രമായിരുന്നു.
“ഇങ്കെ വാടീ, മണ്ണാങ്കട്ടീ, ദോ ഇങ്കെയേ താൻ…..“
“ഓ! വാറേൻ…..“
മണ്ണാങ്കട്ടിയോ? ഇനി അതും മനുഷ്യനാണോ? മണ്ണാങ്കട്ടി എന്നു പേരുള്ള മനുഷ്യരുണ്ടാകുമോ ഈ ലോകത്ത്?
നേർത്തൊരു കിതപ്പോടെ സൈക്കിളിൽ പ്രത്യക്ഷപ്പെട്ടത് മണ്ണാങ്കട്ടിയാണെന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. കടഞ്ഞെടുത്ത കരിവീട്ടി പോലൊരു പെണ്ണ്. നല്ല ഉറച്ച ശരീരം. എണ്ണയിട്ടു മിനുക്കിയ മുടിയിൽ മുല്ലപ്പൂവും കനകാംബരവും, കണ്ണിൽ നീളത്തിലെഴുതിയ കരി…..ഇവളെങ്ങനെ ഒരു മണ്ണാങ്കട്ടിയാകും?
അത് ആചാരമാണെന്ന് അമ്മ വിശദീകരിച്ചു. ആൺകുഞ്ഞുണ്ടാവാനായി മാത്രമാണല്ലോ വിവാഹം കഴിയ്ക്കുന്നത്. ഉണ്ടായ ആൺകുഞ്ഞ് മരിച്ചു പോയാലോ? അതിലും വലിയൊരു ദുരന്തമില്ല. പിന്നെ ജനിയ്ക്കുന്ന പെൺകുഞ്ഞിന് അതുകൊണ്ട് മണ്ണാങ്കട്ടി എന്നു പേരു വിളിച്ച് ദൈവത്തോട് പ്രാർഥിയ്ക്കുന്നു, ചിലർ കല്ലും മണ്ണും കലർത്തിയ ആഹാരം ഭക്ഷിയ്ക്കുമത്രെ പ്രാർഥനയ്ക്കൊപ്പം ഒരു നേർച്ച മാതിരി…….ഇതു പോലെ ഒരു മണ്ണാങ്കട്ടിയെ അല്ല, നല്ലൊരു പുത്രനെ തരണേ എന്ന് മനമുരുകി പ്രാർഥിയ്ക്കുമ്പോൾ ദൈവം കനിയാതിരിയ്ക്കില്ല. പെൺകുട്ടിയെ മണ്ണാങ്കട്ടി എന്നു വിളിച്ചാൽ എന്താണ് തരക്കേട്? ശരിയ്ക്കും ചെലവുണ്ടാക്കുന്ന ഒരു മണ്ണാങ്കട്ടി തന്നെയല്ലേ പെൺകുട്ടി?
നീയൊരു മണ്ണാങ്കട്ടിയാണെന്ന് വിളിച്ച് വളർത്തപ്പെട്ട ആ കരീവീട്ടിപ്പെണ്ണിന്റെ മുഖത്തു നോക്കി സ്തബ്ധയായി നിൽക്കുമ്പോൾ….. .
“മയില് അല്ലാട്ടി കതിര്ന്ന് ശൊല്ലിയാച്ച്…… പിന്നാടി പളക്കം പളക്കം ശൊല്ലമാട്ടാങ്കോ. ഇന്നമേ പോതും പൊണ്ണും മണ്ണാങ്കട്ടിയും കെടയാത്, കട്ടായം.“ മണ്ണാങ്കട്ടി കാട്ടരുവി പോലെ ഇളകി മറിഞ്ഞു.
അപ്രതീക്ഷിതമായി അമ്മയുടെ കണ്ണു നിറയുന്നത് കണ്ടു. അവർ സ്നേഹത്തോടെയും വാത്സല്യത്തോടെയും മണ്ണാങ്കട്ടിയെ മാറോടണച്ചപ്പോൾ ഇരുവരെയും ആ ലോകത്തിൽ വിട്ടിട്ട് നിശ്ശബ്ദയായി മുന്നോട്ടു നടക്കുക മാത്രം ചെയ്തു.
വഴിയരികിൽ വില്പനയ്ക്കു വെച്ചിരുന്ന കൌതുക വസ്തുക്കളിൽ നിന്ന് കടലാസ്സു കമ്മലും കുറച്ചു ചന്ദനത്തിരികളും സുഗന്ധമുള്ള മെഴുകുതിരിയും വാങ്ങിച്ചു. കൂടാതെ ഒരു പ്ലേറ്റ് പച്ചക്കറി ചാട്ടും. വെള്ളരിയ്ക്കയും ക്യാരറ്റും ബീറ്റ്രൂട്ടും തക്കാളിയും മുളപ്പിച്ച പയറും സവാളയും ഉപ്പും നാരങ്ങാ നീരും ഇത്തിരി ചാട്ട് മസാലയും കലർത്തി വിളമ്പിയതായിരുന്നു പ്ലേറ്റിലുണ്ടായിരുന്ന വിഭവം. ചുവന്ന മണ്ണിൽ പുതഞ്ഞു കിടന്ന ഒരു കൃഷ്ണ ശിലയിൽ ഇരുന്ന്, പ്ലേറ്റിലെ പച്ചക്കറികൾ മെല്ലെ മെല്ലെ തിന്നു തീർക്കുമ്പോഴും മനസ്സിൽ പോതും പൊണ്ണും മണ്ണാങ്കട്ടിയും ഊഞ്ഞാലാടിക്കൊണ്ടിരുന്നു. മുകളിൽ പടർന്നു പന്തലിച്ചു നിന്ന വന്മരത്തിൽ കെട്ടിത്തൂക്കിയിട്ട കൂറ്റൻ വിൻഡ് കൈമിന്റെ മുഴക്കത്തിനൊപ്പം ഉരുവിട്ടു. “മണ്ണാങ്കട്ടിയും പോതും പൊണ്ണും. പോതും പൊണ്ണും മണ്ണാങ്കട്ടിയും“
പിറുപിറുക്കൽ അല്പം ഉച്ചത്തിലായിപ്പോയോ? വട്ടികളുമായി നടന്നു പോവുകയായിരുന്ന കാപ്പിയുടെ നിറമുള്ളവൾ തിരിഞ്ഞു നിന്നു പറഞ്ഞു. “ദോ അതു താൻ മണ്ണാങ്കട്ടി കടൈ.“ എന്നിട്ട് വലത്തേയ്ക്ക് ചൂണ്ടിക്കാണിച്ചു.
അപ്പോൾ മണ്ണാങ്കട്ടിയ്ക്കു കടയുമുണ്ട്, ശരി എന്തായാലും അവിടെ പോയിട്ടു തന്നെ കാര്യം.
മണ്ണാങ്കട്ടിയുടെ കടയിൽ കുറെ ഗ്രീറ്റിംഗ് കാർഡുകളും നല്ല തിളക്കമുള്ള കല്ലുകളുടെ ആഭരണങ്ങളും ഉണ്ടായിരുന്നു. പിന്നെ പലതരം ചന്ദനത്തിരികളും സ്കാർഫുകളും. എല്ലാം അവിടത്തെ ആളുകൾ നിർമ്മിച്ചതാണെന്ന് അവൾ വിശദീകരിച്ചു. വിലയൽപ്പം കൂടുതലാണെങ്കിലും എല്ലാ വസ്തുക്കളും അതീവ മനോഹരമായിരുന്നു.
ഒന്നു രണ്ടു ഗ്രീറ്റിംഗ് കാർഡുകളാണു തെരഞ്ഞെടുത്തത്. അവൾ അനായാസമായി ബില്ലെഴുതുന്നത് കണ്ടപ്പോൾ അവളുടെ വിദ്യാഭ്യാസത്തെപ്പറ്റി ചോദിയ്ക്കാതിരിയ്ക്കാൻ കഴിഞ്ഞില്ല.
“എല്ലാം പോതും പൊണ്ണ് അത്ത കത്ത് കുടുത്താങ്ക“
അത്തയെന്നാൽ അമ്മായി. അത്ത ഒറ്റാന്തടിയാണ്. അതിന്റെ കാരണവും അവൾ വിസ്തരിച്ചു. പ്രസവിയ്ക്കുന്നത് പെൺകുഞ്ഞാണെങ്കിൽ പോതുംപൊണ്ണെന്ന് പേരിട്ട് ദൈവത്തിനോട് യാചിയ്ക്കണം ആൺകുട്ടി പിറക്കാൻ. ഒരമ്മയ്ക്ക് ആണും പെണ്ണും തമ്മിൽ ഭേദമുണ്ടാകാൻ പാടില്ലെന്ന് അത്ത വിശ്വസിയ്ക്കുന്നു. അയ്യോ! പെണ്ണ് പിറന്നതു മതിയേ എന്നു സദാ ഓർമ്മിപ്പിയ്ക്കുന്ന, പെണ്ണ് അത്ര അനാവശ്യമാണെന്ന് പ്രഖ്യാപിയ്ക്കുന്ന ആചാരത്തിനു കീഴ്പ്പെട്ട് ഒരു പെൺകുഞ്ഞിനെ വളർത്തേണ്ടി വരുമെന്ന് കരുതി അത്ത കല്യാണത്തിനു തയാറായില്ല. പോതും പൊണ്ണെന്നും മണ്ണാങ്കട്ടിയെന്നും പേരിടാതെ പെൺകുഞ്ഞിനെ വളർത്തിയെടുക്കാമെന്ന് പറയാൻ ചുണയുള്ള ഒരു പുരുഷനും അത്തയുടെ ജീവിതത്തിൽ കടന്നു വന്നതുമില്ല.
അതു പറയുമ്പോൾ മണ്ണാങ്കട്ടിയുടെ മുഖത്ത് ഒരേ സമയം അഭിമാനവും സങ്കടവുമുണ്ടായിരുന്നു.
മയിലെന്നോ കതിരെന്നോ ജനിയ്ക്കുന്ന പെൺകുട്ടിയ്ക്ക് പേരിടാമെന്ന് ഉറപ്പ് കൊടുത്ത ഒരു ചുണക്കുട്ടനെ അവൾ തനിയ്ക്കായി കണ്ടുപിടിച്ചു കഴിഞ്ഞിരിയ്ക്കുന്നുവത്രെ. അത് അറിയിയ്ക്കാനായിരുന്നു അവൾ നേരത്തെ അത്തയെ തേടി വന്നത്.
എങ്കിലും അവിവാഹിതയായ അത്ത വയസ്സുകാലത്ത് തനിച്ചാവില്ലേ എന്നൊരു വിഡ്ഡിച്ചോദ്യം ചോദിച്ചു.
“ തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ? ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ. “
അത് പോതും പൊണ്ണത്തയുടെ മറുപടിയായിരുന്നു. പ്രയത്നിച്ച് ജീവിയ്ക്കാമെന്ന് പറയുന്ന ആ ഉറച്ച അഭിമാനത്തിനു മുൻപിൽ പൈങ്കിളിച്ചോദ്യങ്ങൾ തലയിൽ ഒരു മുണ്ടിട്ട് ഓടിയൊളിച്ചു. അഭിമാനത്തിന്റേയും തന്റേടത്തിന്റെയും അർത്ഥം എല്ലാവർക്കും ഒന്നു പോലെയല്ലല്ല്ലോ.
കൊത്തി മുറിവേൽപ്പിച്ച് രക്തത്തിൽ കുളിപ്പിയ്ക്കുന്ന ഏകാന്തതയെ തോൽപ്പിയ്ക്കാൻ വേണ്ടി മാസങ്ങൾക്കു ശേഷം വീണ്ടും അവനോടൊപ്പം ഒരു യാത്ര പോയി.
എത്തിയത് കറു കറുത്ത മഴവില്ലിന്റെ ദേശത്തായിരുന്നു. എണ്ണക്കറുപ്പും, വൈരക്കറുപ്പും, പുകക്കറുപ്പും കരിക്കറുപ്പും, മേഘക്കറുപ്പും, കാക്കക്കറുപ്പും , ശവക്കറുപ്പുമായിരുന്നു ആ കറുകറുത്ത മഴവില്ലിലുണ്ടായിരുന്നത്. അന്നത്തിന്റെ വെള്ളം പോലും കുടിയ്ക്കാതെ അന്നം വിളയിയ്ക്കുന്നവർ നിത്യം നിത്യം തൂങ്ങി മരിയ്ക്കുന്ന ദേശമായിരുന്നു അത്. ജനിച്ചു വളർന്ന ഗ്രാമങ്ങൾ വില്പനയ്ക്ക് നിരത്തി വെച്ച് പട്ടിണിക്കോലങ്ങളായ ഗ്രാമീണർ തുപ്പലിറക്കി അവിടെ കഴിഞ്ഞിരുന്നു. വിഷം വാങ്ങാൻ കാശില്ലാതെ തൂങ്ങിച്ചത്തവന്റെ പെണ്ണിന് “ഒരു പശുവിനെ വളർത്തി ജീവിച്ചു കൂടേ“ എന്ന ബുദ്ധിയുപദേശിച്ച് സർക്കാർ തന്നെ പശുവിനെ നൽകിയ നന്മദേശമായിരുന്നു. പശുവിനെ തീറ്റിപ്പോറ്റാനായി അവളും മക്കളും ഭിക്ഷയെടുക്കേണ്ട വറുതിദേശമായിരുന്നു. ഏറ്റവും കൂടുതൽ ചേരികൾ ഉണ്ടായിരുന്നത് ആ ദേശത്തായിരുന്നു
കുറച്ചു കാതങ്ങൾക്കപ്പുറമാകട്ടെ അംബര ചുംബികളായ വാസ സ്ഥലങ്ങളും ജോലിയിടങ്ങളും കറുപ്പ് മാഞ്ഞ സ്വർണ നിറമുള്ള മണ്ണിൽ വർണ്ണപ്പകിട്ടുള്ള വാനത്തിലേയ്ക്ക് പൌഡറിട്ടു മിനുക്കിയ മുഖവുമായി തിളങ്ങി നിന്നിരുന്നു. അവിടെ ത്രീ ഫോർത്തണിഞ്ഞ സുന്ദരിമാരും കമ്മലിട്ട സുന്ദരന്മാരും ലേസ് ചിപ്സും മക്ഡോണാൾഡ് ബർഗറും തിന്നുന്ന തുടുപ്പൻ കുട്ടികളും ഉണ്ടായിരുന്നു. വലിയതും ചെറിയതുമായ കാറുകളിൽ സഞ്ചരിച്ച് അവർ നഗരത്തിന്റെ കവലകളെ കാച്ചിത്തിളക്കി. കോൺ ക്രീറ്റ് ചെയ്ത വീതി കൂടിയ തെരുവോരങ്ങളിൽ അവർ തുപ്പിയ ഷോപ്പേഴ്സ് സ്റ്റോപ്പിന്റെയും പാന്റ്ലൂണിന്റേയും ഈസ്റ്റ് വെസ്റ്റിന്റേയും പ്ലാസ്റ്റിക് കൂടുകൾ ചിതറിക്കിടന്നു.
പ്രവേശനമില്ലാത്ത വലിയൊരു കെട്ടിട സാമ്രാജ്യം അവനെ മുഴുവനോടെ വലിച്ചെടുക്കുന്നതും നോക്കി പടുകൂറ്റൻ ജലധാരായന്ത്രങ്ങളുടെ വശ്യനൃത്തത്തിനു മുൻപിൽ, തനിച്ചിരിയ്ക്കുമ്പോഴാണ് പച്ച വർണ്ണ കുപ്പിവളകൾ ധരിച്ച് നനഞ്ഞ സാരിയുടെ ഫർ ഫർ ശബ്ദവുമായി കുട്ട കമിഴ്ത്തിയ മാതിരി മൂക്കുത്തികളും ഇട്ട് അവൾ വന്നത്. വന്നപാടെ, തറയിൽ പടഞ്ഞിരുന്ന് കൈയിലെ കടലാസ്സു പൊതി നിവർത്തി ക്ഷണിച്ചു.
“ഖാനാ ലോ ദീദി….“
വേണ്ടെന്ന് തലയാട്ടി ചിരിച്ചപ്പോൾ അവൾ ആർത്തിയോടെ ബണ്ണും വടയും സവാളയും തിന്നാൻ തുടങ്ങി, ഇടയ്ക്ക് പച്ചമുളകെടുത്ത് കടിച്ച്, ശീ എന്നൊരു ശബ്ദം പുറപ്പെടുവിച്ചു. സ്വന്തമായി വേണ്ടത്ര ഭക്ഷണമില്ലാത്തപ്പോഴും ഉള്ളതു പങ്കിടാൻ ക്ഷണിച്ച ആ മനസ്സ് ദൈവികമായിരുന്നു. ബർഗർ കണ്ടുപിടിച്ചത് മക്ഡോണാൾഡൊന്നുമല്ലെന്ന് അപ്പോഴാണ് മനസ്സിലായത്. മറ്റൊന്നും കഴിയ്ക്കാൻ കിട്ടാത്ത പട്ടിണിക്കാർ ഉണക്ക ബണ്ണിനിടയിൽ എന്തെങ്കിലുമൊക്കെ കടത്തി വെച്ച് തിന്നതാവണം ആദ്യത്തെ ബർഗർ.
“ക്യാ നാം ഹേ ആപ്കാ?“
പുച്ഛത്തിലൊന്നു കോടിയ ചിറിയുമായി പച്ചക്കുപ്പിവളകൾ കിലുങ്ങി, “കോയി നാം നഹി….മേം നകുഷാ ഹും”
എല്ലാം ഓർമ്മ വന്നു. അതെ, “വേണ്ടാത്തവൾ“ എന്ന് അർഥമുള്ള വാക്ക്, പെണ്മക്കൾക്കായി ആ ദേശത്തെ മാതാപിതാക്കൾ നൽകുന്ന പേര്, ഒരു സ്കൂളിൽത്തന്നെ എത്രയോ നകുഷമാർ ഉണ്ടാകുന്നത്, ജില്ലാ ഭരണകൂടം ഇടപെട്ട് കുറെയേറെ പെൺകുട്ടികൾക്ക് പേരുമാറ്റം നടത്തിയത്…..
ഇപ്പോൾ മുൻപിലൊരു നകുഷ!
“സർക്കാർ പേരു മാറ്റിക്കൊടുക്കുന്നുണ്ടല്ലോ, അതുകൊണ്ട് പേരു മാറ്റാവുന്നതല്ലേ“ എന്ന വിഡ്ഡിച്ചോദ്യം ചോദിയ്ക്കാതിരിയ്ക്കാനുള്ള ബുദ്ധിയെങ്കിലും ഉണ്ടാകണമായിരുന്നു.
“നിങ്ങൾ പഠിച്ചവരെല്ലാം ഇങ്ങനെയാണ് ദീദി. പത്തു പന്ത്രണ്ടു വയസ്സു വരെ നകുഷ എന്ന് വിളിച്ചിട്ട് നാളെ വേറൊരു പേരു വിളിച്ചാൽ വേണ്ടാത്തവൾ എന്ന വിചാരം മാറിപ്പോവുമോ? അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി“
“ശരിയാവും എല്ലാം. ഇപ്പോൾ പെൺകുട്ടികൾക്കും ആൺ കുട്ടികൾക്കും തമ്മിൽ ഭേദമൊന്നുമില്ലല്ലോ.“
അത്യുച്ചത്തിലായിരുന്നു പരിഹസിയ്ക്കുന്ന ചിരി. കൊടുവാളിന്റെ മൂർച്ചയുള്ള ചിരി.
“അതെ, നാലു പെൺകുട്ടികൾ പഠിച്ചാൽ, രണ്ടു പേർ സർക്കാർ ജോലി ചെയ്താൽ, ഒരാൾ കാറോടിച്ചാൽ……അപ്പോഴേയ്ക്കും നിങ്ങൾ പഠിച്ചവർ ഇങ്ങനെ പറഞ്ഞു തുടങ്ങും. വേണ്ടാത്തവരെന്ന് സ്വന്തം പേരുള്ള, പട്ടിണി കിടക്കുന്ന, അടി കൊള്ളുന്ന, എല്ലാ തരത്തിലും ഗതികെട്ട ബാക്കി പെണ്ണുങ്ങളെയൊന്നും നിങ്ങൾക്ക് പിന്നെ കാണാനേ കഴിയില്ല.
പഠിപ്പുള്ള ദീദി, വേണ്ടാത്തവൻ എന്ന് സ്വന്തം പേര് ജന്മപത്രത്തിലെഴുതീട്ടുള്ള ഒരു ആൺ കുട്ടിയെ കാണിച്ചു തരാമോ നമ്മുടെ നാട്ടിൽ……..വേണ്ട, ചാകാറായ ഒരു തന്തയെ കാട്ടി തന്നാലും മതി… “
അവൾ കാറിത്തുപ്പി.
----------------------------------------------------------------
ചുണ്ടയ്ക്ക വെത്തൽ വിത്ത പണം
കൊടുത്തു വിടമ്മാ പെരിയായീ
നല്ല കാലം വറതമ്മാ…നല്ല കാലം വറതമ്മാ
കുടുകുടുപാണ്ടി പേച്ചമ്മാ…ചിത്താശൻ വാക്കമ്മാ“
(ചുണ്ടയ്ക്ക വറ്റൽ വിറ്റ പണം
തന്നയയ്ക്കു വലിയമ്മേ
നല്ല കാലം വരുന്നമ്മേ
കുടു കുടു കൊട്ടുന്ന പാണ്ടിയുടെ പറച്ചിലമ്മേ
ചിത്താശന്റെ വാക്കാണമ്മേ) ‘
“ചിത്താശനൊണ്ണും ഇന്തക്കാലം കെടയാത്”
( ഇക്കാലത്ത് ചിത്താശൻ ഇല്ല )
“വന്താണ്ടീ വന്താണ്ടീ വെള്ളക്കാരൻ വന്താണ്ടീ……..
വന്താണ്ടീ വന്താണ്ടീ പൈത്യക്കാരൻ വന്താണ്ടീ’‘
(വന്നല്ലോ വന്നല്ലോ വെള്ളക്കാരൻ വന്നല്ലോ
വന്നല്ലോ വന്നല്ലോ ഭ്രാന്തുള്ളവൻ വന്നല്ലോ)
“മയില് അല്ലാട്ടി കതിര്ന്ന് ശൊല്ലിയാച്ച്…… പിന്നാടി പളക്കം പളക്കം ശൊല്ലമാട്ടാങ്കോ. ഇന്നമേ പോതും പൊണ്ണും മണ്ണാങ്കട്ടിയും കെടയാത്, കട്ടായം.“
(മയിൽ അല്ലെങ്കിൽ കതിർ എന്നു പേരു വെയ്ക്കും. പിന്നീട് ആചാരമാണെന്ന് പറയില്ല. ഇനി മേലിൽ പോതും പൊണ്ണും മണ്ണാങ്കട്ടിയും ഉണ്ടാവില്ല.).
“എല്ലാം പോതും പൊണ്ണ് അത്ത കത്ത് കുടുത്താങ്ക“
(എല്ലാം പോതും പൊണ്ണ് അത്ത പഠിപ്പിച്ചു തന്നതാണ്)
“ തിരുമണം ചെഞ്ച് പുള്ളൈകുട്ടി പെത്താ മൂച്ചു മുടിയും വരെ ഒതകും കട്ടായമെങ്കേ? ഉടമ്പിലെ തെമ്പ് ഇരുന്താ ഒഴൈച്ച് ശാപ്പിടലാം. മീതിയെല്ലാം കടവുൾ വേലൈ. “
( കല്യാണം കഴിച്ച് കുഞ്ഞുങ്ങൾ ഉണ്ടായാൽ തന്നെ അവർ അവസാനം വരെ നോക്കുമെന്ന് വല്ല ഉറപ്പുമുണ്ടോ? ശരീരത്തിനു ബലമുണ്ടെങ്കിൽ അധ്വാനിച്ച് കഴിയാം. ബാക്കിയെല്ലാം ദൈവത്തിന്റെ കളി തന്നെ)
“ഖാനാ ലോ ദീദി….“
(ആഹാരം കഴിയ്ക്കാം, ചേച്ചി)
“ക്യാ നാം ഹേ ആപ്കാ?“
(പേരെന്താണ്?)
“കോയി നാം നഹി….മേം നകുഷാ ഹും”
( യാതൊരു പേരുമില്ല, ഞാൻ വേണ്ടാത്തവളാണ്.)
അപ് നാ സിർ ഊഞ്ചാ കർക്കെ ഹമ് ലഡ്കീ മാംഗ്താ ഹെ ബോൽനെ കി, ഖോപ്ഡി മേ ബദ് ലാവ് മൻ മേ ബദ് ലാവ് സോച്ച് വിചാർ മേ ബദ് ലാവ് മാംഗ്താ ദീദി“
( തല ഉയർത്തിപ്പിടിച്ച് ഞങ്ങൾക്ക് പെൺകുട്ടി വേണം എന്നു പറയാൻ തലച്ചോറിലും മനസ്സിലും ചിന്തകളിലും വിചാരങ്ങളിലും മാറ്റങ്ങളുണ്ടാവണം, ചേച്ചി)