കുടുംബ മാധ്യമത്തിലെ
സ്വകാര്യത്തിൽ( 2012 മാർച്ച് 23 വെള്ളിയാഴ്ച) പ്രസിദ്ധീകരിച്ചത്
കുട്ടികൾക്ക് വയറു
നിറയെ തിന്നാൻ കൊടുക്കണമെന്ന് എല്ലാവരും പറഞ്ഞു കേട്ടിട്ടുണ്ടാവും, അതു
ഭക്ഷണത്തിന് നന്നേ ദാരിദ്ര്യമുണ്ടായിരുന്ന ഒരു കാലത്താണ്. അങ്ങനെ പറയുമ്പോൾ ഇപ്പോൾ ഭക്ഷണത്തിന്
ദാരിദ്ര്യമില്ലേ എന്ന ചോദ്യമുയരാം. തീർച്ചയായും ഉണ്ട്. പട്ടിണി പെയ്യുന്ന ആ ഇടങ്ങളിൽ
മുതിർന്നവർ മുണ്ടു മുറുക്കിയുടുത്തും അരവയർ ഭക്ഷിച്ചും വിശപ്പുകൊണ്ട് പലപ്പോഴും ഇടവഴികളിൽ തല ചുറ്റി വീണും അടുത്ത തലമുറയെ ഊട്ടാൻ എല്ലാം മറന്ന് അദ്ധ്വാനിയ്ക്കുന്നുണ്ടാവും.
അധികം വൈകാതെ ഈ പ്രപഞ്ചത്തിൽ എല്ലാവരും
നന്നായി ഭക്ഷണം കഴിയ്ക്കുന്ന ഒരു പരിതസ്ഥിതി ഉണ്ടാകട്ടെ എന്ന് ആത്മാർഥമായും
ആഗ്രഹിയ്ക്കുകയും അതിനായി സഹജീവികൾ എന്ന നിലയിൽ നമുക്ക് എന്തൊക്കെ ചെയ്യാനാകും
എന്ന് തീരുമാനിച്ച് ഒത്തൊരുമിച്ച് പ്രവർത്തിയ്ക്കുകയും
വേണം.
എന്നാൽ ഭേദപ്പെട്ട
ജീവിത സൌകര്യങ്ങളിൽ എത്തിയവർ ഇപ്പോഴത്തെ കുട്ടികളെ പറ്റി ഒട്ടും ആഹ്ലാദത്തോടെയല്ല
സംസാരിയ്ക്കുന്നത്. കുട്ടികൾക്ക് മൂല്യബോധം കുറഞ്ഞുവെന്നും അവർക്ക് പഴയ കാല നന്മകൾ
അന്യമാണെന്നും എല്ലാവരും പറയുന്നു. അവർ കമ്പ്യൂട്ടറുകളെയാണെത്രെ മനുഷ്യരേക്കാൾ
അധികം സ്നേഹിയ്ക്കുന്നത്! ആഡംബരത്തിനായി അവർ എന്തും ചെയ്യും. ബന്ധങ്ങൾ അവർക്ക് കളിപ്പാട്ടങ്ങളാണ്.
അങ്ങനെ അനവധി ആരോപണങ്ങൾ കുട്ടികളുടെ നേരെ വിരലുകളായി ചൂണ്ടപ്പെടുന്നുണ്ട്.
ഇതൊക്കെ എല്ലാ
കാലത്തും അതതു രീതിയിൽ ഉണ്ടായിരുന്നില്ലേ? പഴയ കാല ബ്ലാക് ആൻഡ് വൈറ്റ് സിനിമകൾ
കണ്ടു നോക്കു. പ്രധാന കഥാപാത്രമോ അല്ലെങ്കിൽ സൈഡ് കഥാപാത്രമോ സങ്കടപ്പെടുന്നുണ്ടാവും,“പഴയ
കാലല്ല, ഇത്. കാലം മാറി, കുട്ടികൾക്കൊന്നും പഴയ പോലെയുള്ള ദയേം സ്നേഹോം ബഹുമാനോം ഒന്നുമില്ല. കാശാണിപ്പോൾ
വലുത്. .”. മുൻ തലമുറ എന്നും പുറകേ
വരുന്നവരെ കുറിച്ച് ഈ അഭിപ്രായമാണ് വെച്ചു പുലർത്തീട്ടുള്ളത്. തല
നരച്ചില്ലെങ്കിലും മുഖത്തു ചുളിവില്ലെങ്കിലും “ഭൂതകാലമായിരുന്നു ബെസ്റ്റ് ,
തങ്ങളുടെ ചെറുപ്പകാലമായിരുന്നു അതി ഗംഭീരം“ എന്നൊക്കെ ഒരാൾ പറഞ്ഞു തുടങ്ങുമ്പോൾ
മനസ്സിലാക്കുക, അയാളെ വാർദ്ധക്യം ബാധിച്ചിരിയ്ക്കുന്നു.
സ്ത്രീകൾ ടി വി
സീരിയലുകൾ കണ്ട് കുടുംബ ഭരണം മറക്കുന്നതിനെ പറ്റി എല്ലാവരും പേജുകൾ എഴുതി
നിറയ്ക്കാറുണ്ട്. ഉദ്യോഗസ്ഥ കുടുംബിനി എപ്പോഴും രണ്ടറ്റം കത്തുന്ന മെഴുകുതിരി
പോലെയാകുന്നതും കുട്ടികൾക്ക് അമ്മയ്ക്കൊപ്പം ചെലവാക്കാൻ സാധിയ്ക്കുന്ന സമയത്തെ
കുറച്ചു കളയാറുണ്ട്. ജോലി സമയം കഴിഞ്ഞ് മദ്യത്തിലോ ചീട്ടുകളിയിലോ സ്വന്തം സമയം
കളയുന്ന പുരുഷന്മാർക്ക് കുട്ടികൾക്കൊപ്പം
എത്ര സമയം ചെലവാക്കാൻ കഴിയും? ഇനി ഇത്തരം അപകടകരമായ ലഹരികളില്ലെങ്കിൽ ചില പുരുഷന്മാർ ടി വിയിലെ എല്ലാ ന്യൂസ് ചാനലുകളും ഒന്നിച്ച്
കാണുകയും കമ്പ്യൂട്ടറിനു മുൻപിൽ മാത്രം തപസ്സിരിയ്ക്കുകയും കിട്ടാവുന്ന പത്ര
മാസികകളിലും പുസ്തകങ്ങളിലും ലയിച്ചു ചേരുകയും ചെയ്യുന്നു. എന്തായാലും ഇതുമാതിരിയുള്ള പല സാഹചര്യങ്ങളിലും കുട്ടികൾക്ക്
ഫലത്തിൽ അച്ഛനും അമ്മയും ഇല്ലാതെയാകുന്നു.
കുട്ടികളോടൊപ്പം അല്ലെങ്കിൽ
യുവത്വത്തോടൊപ്പം ചെലവാക്കാനാവശ്യമായ നൂതനമായ സംവേദന രീതികൾ പഴമയെ കുറിച്ച് സദാ സംസാരിയ്ക്കുന്നവർക്ക്
പലപ്പോഴും കൈമോശം വന്നു പോകാറുണ്ട്. നിത്യമായി സ്വയം നവീകരിയ്ക്കാൻ വേണ്ട പ്രതിഭയുണ്ടാക്കുന്നത്
അതി കഠിനമായ ഒരു അദ്ധ്വാനമാണ്. എന്നാൽ ആ അദ്ധ്വാനമാകട്ടെ കൃത്യമായ മതിയായ പ്രതിഫലം
ഭാവിയിൽ തരുമെന്ന് യാതൊരു ഉറപ്പും
നൽകുകയുമില്ല. അതുകൊണ്ടാവണം നവീകരിയ്ക്കപ്പെടുവാനുള്ള ചുമതല പലപ്പോഴും മതങ്ങൾക്കു വിട്ടുകൊടുത്ത്
പഴയകാലത്തെപ്പറ്റി പേർത്തും പേർത്തും പറഞ്ഞ് മനുഷ്യർ നിത്യവും പഴഞ്ചരായി
മാറുന്നത്.
അടുത്ത തലമുറയ്ക്ക് ഉണ്ടാവണമെന്ന്
ആഗ്രഹിയ്ക്കുന്ന പല മൂല്യങ്ങളും യഥാർഥത്തിൽ ഈ തലമുറയ്ക്ക് ഭംഗിയായി പകരാൻ കഴിയും. അത് സ്വന്തം
ചുമതലയാണെന്ന് തിരിച്ചറിയുകയും ആ ചുമതല നിർവഹിയ്ക്കാൻ എല്ലാ വിധത്തിലും
പ്രാപ്തരാകുകയും ചെയ്യുക എന്നതാണ് ആദ്യ പടി. രഹസ്യങ്ങളും കള്ളത്തരങ്ങളും
നിർബന്ധമായും ഒഴിവാക്കുകയും വേണം. മുതിർന്നവർക്ക് വൈരുദ്ധ്യങ്ങളില്ല , എന്ന ബോധ്യം
കുട്ടികളിൽ വളർത്താൻ കഴിയണം. എങ്കിൽ മാത്രമേ മുതിർന്നവർ പറയുന്നത് ആത്മാർഥമായും
ശ്രദ്ധിയ്ക്കാൻ കുട്ടികൾ തുനിയുകയുള്ളൂ.
നിഷ്പക്ഷമായി
സംസാരിയ്ക്കുവാനും പുതിയ പുതിയ വഴികൾ ചൂണ്ടിക്കാണിയ്ക്കാനും അവയെ കുറിച്ച്
കൂടുതലായി നമുക്കൊന്നിച്ച് പഠിയ്ക്കാമെന്ന് പറയാനും തയാറാവുന്ന മുൻ തലമുറയുടെ
വാക്കുകളെ തള്ളിക്കളയാൻ കുട്ടികൾക്കാവില്ല.
അതിനു പകരം “ഞാൻ അച്ഛനാണ് അല്ലെങ്കിൽ അമ്മയാണ് അതുകൊണ്ട് നിനക്ക് നല്ലതു വരാനാണ്
ഞാൻ പ്രയത്നിയ്ക്കുന്നത്. നിനക്കായി ഞാൻ ചിന്തിച്ചു കൊള്ളാം. നീ എന്നെ അനുസരിച്ചാൽ
മതി“ എന്ന നിലപാടും ഉമ്മറത്തെ ചാരുകസേരയിൽ ഗൌരവത്തോടെ കിടന്നുകൊണ്ടുള്ള അച്ഛൻ വേഷം
ഭാവിയ്ക്കലും അല്ലെങ്കിൽ “നിനക്കായി അമ്മ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന കണക്കു
പറച്ചിലും കുട്ടികളിൽ താല്പര്യക്കുറവു മാത്രമേ ഉണ്ടാക്കുകയുള്ളൂ..
കുട്ടികൾ ശരിയല്ല
എന്നു പറയുന്നത് മുതിർന്നവർ ശരിയല്ല എന്ന യഥാർഥ്യം എഴുതി സ്വയം വായിയ്ക്കാൻ
ധൈര്യമില്ലാത്തവരാണ്. കുട്ടികളെ ശരിയാക്കാൻ മുതിർന്നവരായ നമ്മൾ എന്തു ചെയ്തു എന്ന
ചോദ്യം കണ്ണാടിയ്ക്കു മുൻപിൽ നിന്ന് ചോദിയ്ക്കുമ്പോൾ കണ്ണു ഇറുക്കി പൂട്ടിക്കളയേണ്ടതായി
വരും. കാരണം കുട്ടികളോട് നമ്മൾ ഈ ലോകത്തുള്ള എല്ലാ പരീക്ഷകളിലും ഒന്നാമതാവാൻ
പറയും, വലിയ ജോലി നേടാൻ പറയും, കാറു വാങ്ങാനും ഫ്ലാറ്റുകളും ബംഗ്ലാവുകളും
വാങ്ങാനും അംബാനിയെ തോൽപ്പിയ്ക്കുന്ന ധനികനാകാനും പറയും, അച്ഛനാണ്, അച്ഛൻ
വീട്ടുകാരാണ്, അച്ഛന്റെ വിചാരങ്ങളാണു ശരിയെന്നു പറയും, അമ്മയാണ്, അമ്മ
വീട്ടുകാരാണ്, അമ്മയുടെ വിചാരങ്ങളാണു ശരിയെന്നു പറയും, സ്വന്തം ജാതി മതങ്ങളുടെ
മേന്മയും ഇതര ജാതി മതങ്ങളുടെ കുറവുകളും എണ്ണിയെണ്ണി പ്രദർശിപ്പിയ്ക്കും…….അങ്ങനെയങ്ങനെ അവസാനിയ്ക്കാത്ത മത്സരങ്ങളുടെയും ആർത്തികളുടെയും വിഭാഗീയതകളുടെയും
വിത്തുകൾ നന്നെ ചെറുപ്പം മുതൽ കുട്ടികൾക്കുള്ളിൽ വളർന്നു തുടങ്ങും.
കുട്ടികൾക്ക്
പ്രകൃതിയെ പരിചയമില്ല, കിളികളെ അറിയില്ല, പട്ടിണിയും രോഗ ദുരിതങ്ങളും അറിയില്ല,
അവർ മറ്റേതോ ഒരു ലോകത്ത് കഴിയുന്നുവെന്ന് പറയുമ്പോൾ നമ്മൾ എന്താണ് അർഥമാക്കുന്നത്? അവരെ ആ അയഥാർഥമായ
ലോകത്ത് തളച്ചിട്ടവർ ആരാണ്? ഓരോ ദിവസവും അഞ്ചു
ലക്ഷം പേർ കുടിവെള്ളം കിട്ടാതെ അലയുന്നുണ്ടെന്ന് കുട്ടികളെ ചൂണ്ടിക്കാട്ടിയാൽ
വാട്ടർ അമ്യൂസ്മെന്റ് പാർക്കിലെ ഒരു
ദിവസത്തെ എഞ്ചോയ്മെന്റ് അവർ ആവശ്യപ്പെടില്ല. ആർത്തി മൂത്ത് ജെ സി ബി ഇടിച്ചു
പരത്തുന്ന കുന്നുകളെക്കുറിച്ച്, നികന്ന വയലുകളെയും വറ്റിയ ജലസമൃദ്ധിയേയും
കുറിച്ച്, അറ്റമില്ലാത്ത നിരന്തര
ചൂഷണങ്ങളെ ക്കുറിച്ച്, ദുര കൊണ്ട് നശിപ്പിയ്ക്കപ്പെടുന്ന കാടുകളെക്കുറിച്ച്, അണക്കെട്ടുകളേയും
ആണവ നിലയങ്ങളേയും കുറിച്ച്, സ്വന്തം ജീവനും മാനവും രക്ഷിയ്ക്കാൻ പാവപ്പെട്ട മനുഷ്യർ
നടത്തുന്ന അവസാനമില്ലാത്ത സമരങ്ങളെക്കുറിച്ച്, മനുഷ്യ ബന്ധങ്ങളുടെ വൈവിധ്യത്തേയും
മനോഹാരിതയേയും കുറിച്ച്, വിവിധ തരം കലാരൂപങ്ങളെക്കുറിച്ച്, പുള്ള്യേങ്കുത്തിക്കളിയേയും
അമ്പസ്താനിയേയും ഓടിപ്രാന്തിയേയും കുറിച്ച്………കുട്ടികളോട് നമ്മൾ ഇതെപ്പറ്റിയൊന്നും
സംസാരിയ്ക്കില്ല. ഫോറിൻ നാടുകൾ ചുറ്റാൻ
നമ്മൾ കുട്ടികളെ കൊണ്ടുപോയേക്കും, എന്നാൽ തൊട്ടപ്പുറത്തെ നീലക്കുന്നുകളെപ്പറ്റി,
ചുവന്ന മണ്ണുള്ള ഇടവഴിയെപ്പറ്റി, രാത്രിയിൽ പൂക്കുന്ന നിശാഗന്ധിയെപ്പറ്റി, പാടുന്ന
പുള്ളിനെപ്പറ്റി, നിലാവ് ചായം പുരട്ടുന്ന തെങ്ങോലകളെപ്പറ്റി… നമ്മൾ ഒന്നും പറയില്ല.
എല്ലാറ്റിനെക്കുറിച്ചും
സംസാരിയ്ക്കാനും പഠിയ്ക്കാനും ചിന്തിയ്ക്കാനും തയാറാവുന്ന, മുൻ വിധികളില്ലാത്ത
തുറന്ന മനസ്സും പക്വതയുമുള്ള, ഉത്തരവാദിത്തവും ചുമതലകളും ഏറ്റെടുത്ത് ഭംഗിയായി
നടപ്പിലാക്കുന്ന ജനതയായി കുട്ടികൾക്കു
മുൻപിൽ മുതിർന്നവർ പ്രത്യക്ഷപ്പെടേണ്ടതുണ്ട്. അതിനു പകരം പഴയ കൂട്ടു കുടുംബത്തിലെ
അംഗങ്ങൾ കുട്ടികളെ വളർത്തുമ്പോഴുണ്ടായിരുന്ന മെച്ചവും, കുട്ടികൾക്കൊപ്പം സമയം
ചെലവാക്കുന്ന വീട്ടു സഹായികളും അയൽപ്പക്കക്കാരുമുണ്ടായിരുന്ന കാലവും, കുട്ടികളോട്
സംസാരിയ്ക്കുകയും അവരെ നേർവഴിയ്ക്ക് നടത്തുകയും ചെയ്യുന്ന മാതൃകാ അധ്യാപകരും
ജനനേതാക്കളുമുണ്ടായിരുന്ന അന്തരീക്ഷവും ഒക്കെ ഗൃഹാതുരമായി ധ്യാനിച്ച് ധ്യാനിച്ച്,
ഒരു തരം പ്രത്യേക നഷ്ടബോധത്തിൽ അഭിരമിച്ച്…
അങ്ങനെയങ്ങനെ സ്വന്തം
ജോലികളും ഉത്തരവാദിത്തങ്ങളും എല്ലാം
ഔട്ട്സോഴ്സ് ചെയ്യാൻ മാത്രം താല്പര്യപ്പെടുന്നവർക്ക് പരാതിപ്പെടാൻ അവകാശമുണ്ടോ?