(
കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2012 ആഗസ്റ്റ് 24 ന് പ്രസിദ്ധീകരിച്ചത്. )
മലയാളി എവിടെ ആയിരുന്നാലും ഓണം
ആഘോഷിക്കുമെന്ന് ഞാന്‍ കണ്ടു മനസ്സിലാക്കിയിട്ടുണ്ട്. കിട്ടുന്ന സൌകര്യങ്ങളില്‍
ആകാവുന്ന വിഭവങ്ങള്‍ ഒരുക്കി പറ്റാവുന്ന കലാ സാംസ്ക്കാരിക പരിപാടികളോടെ ഓണം
ആഘോഷിക്കാന്‍ മലയാളിക്കു ഒരു പ്രത്യേക താല്‍പര്യമുണ്ട്. ഉള്ളതു പറയുകയാണെങ്കില്‍
കേരളത്തിലെ ആഘോഷങ്ങളേക്കാള്‍ പകിട്ടോടെയാണു മറു നാടുകളില്‍ പ്രവാസി മലയാളികള്‍ ഓണം
ആഘോഷിക്കുന്നത്. കഴിയുന്നത്ര വിപുലമായ ചടങ്ങുകളും ആകാവുന്നത്രയും ജനപങ്കാളിത്തവും
ആഘോഷങ്ങള്‍ക്ക് പൊലിപ്പു കൂട്ടുന്നു. മലയാളി എന്ന കൂട്ടുകെട്ടിന്‍റെയും
ആത്മബോധത്തിന്‍റെയും ഏറ്റവും വര്‍ണ്ണാഭമായ പ്രകടനമാണു എല്ലാ ഓണാഘോഷങ്ങളും.
ഓണാഘോഷത്തിനു വേണ്ടീ മാത്രമാണോ പലപ്പോഴും മലയാളികളുടെ
സൌഹൃദക്കൂട്ടായ്മക്കമ്മിറ്റികള്‍ രൂപം കൊള്ളുന്നതെന്ന് സംശയം തോന്നിപ്പിക്കുന്ന
തരത്തില്‍ ആവേശഭരിതമാണു ഓണാഘോഷങ്ങള്‍. നാലു ബംഗാളികള്‍ ഒരുമിച്ചു കൂടിയാല്‍ അവിടെ
ഒരു ദുര്‍ഗ്ഗാ പൂജയും മല്‍സ്യച്ചന്തയുമുണ്ടാകും എന്ന് പറയുന്നതു പോലെ മലയാളി
എവിടെയുണ്ടോ അവിടെ ഓണവൂമുണ്ട്. ബീഹാറികളെ മറുനാട്ടില്‍ ച്ഛട്ട് പൂജ ആഘോഷിച്ചാല്‍ മൂക്കില്‍ വലിച്ചു
കയറ്റിക്കളയുമെന്ന് എല്ലാവരും പേടിപ്പിക്കാറുള്ളതു
പോലെ നമ്മള്‍ ഓണമാഘോഷിച്ചാല്‍ നല്ല ചുട്ട പെട വെച്ചു തരുമെന്നൊന്നും ഇതുവരെ ഒരു
മറുനാട്ടുകാരും നമ്മളെ ഭീഷണിപ്പെടുത്തിയിട്ടുമില്ല.
അങ്ങനെ സ്വന്തം നാടായ കേരളത്തില്‍ ജീവിക്കുന്ന
നല്ല അസ്സല്‍ സ്വദേശി മലയാളിക്കും ഈ ലോകത്തിലെ സകലമാന രാഷ്ട്രങ്ങളിലും ജീവിക്കുന്ന
തങ്കപ്പെട്ട പ്രവാസി മലയാളിക്കും ഒരുപോലെ ആഘോഷിക്കാനുള്ള ഉല്‍സവമായി ഓണമിതാ
ഇത്തവണയും എത്തിക്കഴിഞ്ഞു. കാലവര്‍ഷം വേണ്ട പോലെ പെയ്തില്ലെങ്കിലും അരിക്കും പച്ചക്കറികള്‍ക്കും
തമിഴ് നാടിനേയും ആന്ധ്രയേയും വളരെക്കൂടുതല്‍ ആശ്രയിക്കണമെങ്കിലും കര്‍ക്കിടകം
പകുതിയാവുമ്പോഴേക്കും ഓണമെന്ന വികാരം കേരളത്തിലെ എല്ലാ മലയാളി മനസ്സുകളേയും മെല്ലെ മെല്ലെ
വശീകരിക്കാനാരാംഭിക്കും. ഇത്തവണയും അതിനു മാറ്റമൊന്നുമില്ല. അതുകൊണ്ടു തന്നെ
ഭൂരിഭാഗം പേരും വളരെ കേങ്കേമമായിട്ടല്ലെങ്കില്‍പ്പോലും മോശമല്ലാത്ത രീതിയില്‍
ഓണമാഘോഷിക്കുന്നുണ്ട്. പലതരം ഷോപ്പിംഗ് മാമാങ്കങ്ങളും എണ്ണിയാലൊടുങ്ങാത്തത്രയും
സൌജന്യ വാഗ്ദാനങ്ങളും വിലക്കിഴിവുകളും മറ്റുമായി ഓണച്ചന്തകളും ഗവണ്മെന്‍റ് തന്നെ
സ്വന്തം മുന്‍കൈയില്‍ നടപ്പിലാക്കുന്ന ഓണാഘോഷ പരിപാടികളും എല്ലാം ഏതു തരം പോക്കറ്റുള്ളവരുടേയും
ഉല്‍സവത്തിനു കൊഴുപ്പ് കൂട്ടുന്നു. വര്‍ഷത്തിലൊരിക്കല്‍ നാടു കാണുവാന്‍ വരുന്ന
മാവേലിമന്നനു നിരാശയുണ്ടാവാതിരിക്കട്ടെ എന്ന് എല്ലാവരും ആത്മാര്‍ഥമായി കരുതുന്നുണ്ടെന്ന്
തീര്‍ച്ചയായും തോന്നും .
കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കിലും ‘ഇതൊക്കെ എന്തോണം? പണ്ടല്ലേ ഓണം? ഞങ്ങളുടെ ചെറുപ്പകാലത്തല്ലേ ആഘോഷമുണ്ടായിരുന്നത്? അന്നു പൂക്കളമിടാനുള്ള പൂക്കള്‍ തന്നെ എത്ര
തരമായിരുന്നു? രാവിലെ പൂ പറിക്കാന്‍ പോകുന്നത് തന്നെ എത്ര
കേമമായിട്ടായിരുന്നു ..... ഇന്നൊരു നല്ല തുമ്പക്കുടം കിട്ടാനുണ്ടോ? ഒരു കാശിത്തുമ്പയോ കണ്ണാന്തളിയോ ഉണ്ടോ? അന്നൊക്കെ എത്ര വലിയ
വാഴയിലയിലാണു ഉച്ചയ്ക്ക് ഊണു കഴിച്ചിരുന്നത് ‘ എന്നും മറ്റുമുള്ള പോയ
കാല വാഴ്ത്തുപാട്ടുകളും കഥകളും സുലഭമായി കേള്‍ക്കാവുന്ന ഒരു ഉല്‍സവാഘോഷം കൂടിയാണു
ഓണം. പെട്ടെന്ന് എല്ലാവരും ഏതോ പഴയ കാലത്ത്
ജീവിക്കുന്നവരായിത്തീരുകയും അന്നത്തെ ഉല്‍സവവും ആഘോഷവുമാണു യഥാര്‍ഥമെന്ന് പ്രഖ്യാപിക്കുന്നവരായി
മാറുകയും ചെയ്യുന്നു. ഇക്കാലത്തെ കുട്ടികളില്‍ നമ്മുടെ ഇമ്മാതിരിയുള്ള ഭൂതകാലപ്രണയം
ഉണര്‍ത്തുന്ന സൂക്ഷ്മമായ ചിന്താക്കുഴപ്പങ്ങളും അതിനെ മറികടക്കുവാന്‍
അവരുപയോഗിക്കുന്ന ചില്ലറ സൂത്രപ്പണികളും ചുമ്മാ യാതൊരു മുന്‍ വിധികളുമില്ലാതെ കണ്ടു
നിന്നതാണു എന്നില്‍ ഈ ചിന്തയുണ്ടാക്കിയതെന്ന് തീര്‍ച്ചയായും പറയാം.
ഫ്ലാറ്റു
സമുച്ചയങ്ങളില്‍ ജീവിക്കുമ്പോള്‍ പല പ്രായത്തിലുള്ള കുട്ടികളുമായി
അടുത്തിടപഴകുവാന്‍ അവസരമുണ്ടാകും,
തീര്‍ച്ചയായും നമുക്ക്
താല്‍പര്യമുണ്ടെങ്കില്‍ മാത്രം. നാലു മാസംമുതല്‍ പതിനാറു വയസ്സു വരെ പ്രായമുള്ള വിവിധ
കുട്ടികളുടെ ഇടയില്‍ കഴിഞ്ഞുകൂടുന്ന ഒരാളില്‍ ഇമ്മാതിരി ചിന്തകളുണ്ടാവുന്നതും അതുകൊണ്ടു
തന്നെ തികച്ചും സ്വാഭാവികമായിരിക്കാം. എന്തായാലും
ഒരു കുഞ്ഞു കളിക്കാഴ്ച അല്ലെങ്കില്‍ എന്‍റെ ഒരു അനുഭവമിങ്ങനെ......
കുട്ടികള്‍ ഓണം കളിക്കുകയായിരുന്നു. വളരെ
കുറച്ച് നാള്‍ മാത്രം കേരളം കണ്ടിട്ടുള്ളവരാണു അധികം പേരും. മാതാപിതാക്കന്മാര്‍ പറഞ്ഞു
കേട്ടിട്ടുള്ള, ഏഷ്യാനെറ്റ് ടി വി യില്‍
കണ്ടിട്ടൂള്ള ശ്യാമ സുന്ദര കേര കേദാര ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട ഉല്‍സവാഘോഷം.
ഹിന്ദുക്കള്‍ മാത്രമല്ല ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഓണമാഘോഷിക്കും. അതെങ്ങനെ
സാധിക്കുമെന്ന് ഒരു മൊട്ടത്തലയന്‍ സംശയം കൊണ്ടു. അവന്‍റേത് ചെറിയ
സംശയമായിരുന്നില്ല. ആനത്തലയോളം പോന്ന വലിയ സംശയമായിരുന്നു. ആ അറിവു പകര്‍ന്ന ഉണ്ടക്കണ്ണിയ്ക്ക്
കൂടുതല്‍ വിശദീകരിക്കാന്‍ കഴിയുമായിരുന്നില്ല. എങ്കിലും അവളുറപ്പിച്ചു പറഞ്ഞ. ’പപ്പ പറഞ്ഞു തന്നതാണ്. ഇനിയും
സംശയമുണ്ടെങ്കില്‍ പപ്പയോട് നേരിട്ട് ചോദിക്കാം.’ മൊട്ടത്തലയന്‍ തല്‍ക്കാലം
നിശബ്ദനായെങ്കിലും അവന്‍റെ മനസ്സടങ്ങിയിട്ടില്ലെന്ന് ആ കുഞ്ഞു കണ്ണുകള്‍
വെളിപ്പെടുത്തിക്കൊണ്ടിരുന്നു.
അവര്‍ ഇരുണ്ട പച്ച നിറമുള്ള പുതപ്പ് മതിലിന്മേല്‍
വിരിച്ച് ശ്യാമ സുന്ദരമായ പച്ചക്കുന്നുണ്ടാക്കി. പല നിറമുള്ള കടലാസ്സും
തുണിത്തുണ്ടങ്ങളുമായി അവരുടെ തുമ്പയും തുളസിയും മുക്കുറ്റിയും മന്ദാരവും
കണ്ണാന്തളിയും കൃഷ്ണകിരീടവും. ചുരയ്ക്കയില്‍ കളര്‍ പുരട്ടിയപ്പോള്‍ തൃക്കാക്കരയപ്പനായി.
കളര്‍ച്ചോക്കുപൊടിയും ക്രയോണ്‍ കഷ്ണങ്ങളും തീപ്പെട്ടിക്കോലുകളും പച്ചവെള്ളവും
കൊക്കോകോളയും കൊണ്ട് കാളനും ഓലനും അവിയലും പായസവും പ്രഥമനുമുണ്ടാക്കി. ഇളം നീല
പ്ലാസ്റ്റിക് പായില്‍ ജലാശയവും വെളുത്ത കുഷ്യനില്‍ ഒരു വള്ളവും ജനിച്ചു. വലിയ
സ്കെയില്‍ പിടിച്ച് തുഴഞ്ഞുകൊണ്ട് കുട്ടികള്‍ ആഹ്ലാദത്തോടെ പാടി ‘ഓ, തിത്തിത്താരാ തൈ.......’.
‘ചെടികള്‍
നിറഞ്ഞ പച്ചക്കുന്ന് എന്ന് പറഞ്ഞു തന്നതേയുള്ളൂ പപ്പാ. ഇവിടെ ഒരു ചെടി പോലുമില്ല.
അന്നേരം ചെടികളുടെ കുന്ന് എങ്ങനെയിരിക്കും?’ നീല ടൈല്‍ പതിച്ച
നീന്തല്‍ക്കുളത്തിലേക്ക് നോക്കി ഒരു ചപ്രത്തലമുടിക്കാരി പറഞ്ഞു. ‘ഇവിടെ ചെടികളുടെ കുന്നു മാത്രമല്ല ഈ കുളത്തില്‍
ഒരു വഞ്ചിയും ഇല്ലല്ലോ.’ അവളുടെ പരാതി അങ്ങനെ ശരി വച്ചെങ്കിലും മൊട്ടത്തലയന്‍
തുടര്‍ന്ന് വിശദീകരിച്ചു. ‘അതുകൊണ്ടല്ലേ നമ്മള്‍ പുതപ്പും പായും കുഷ്യനും ഒക്കെ വെച്ച് ഓണം
കളിച്ചത്....’
എന്നാലും എല്ലാവരും കൂടി എങ്ങനെയാ ഓണം ആഘോഷിക്കുന്നത്?...’ അതാണ് അവന്
ആലോചിച്ചിട്ടും മനസ്സിലാവാതെ പോയത്.
നമ്മള്‍ മുതിന്നവര്‍ എന്തൊക്കെയാണു
നഷ്ടപ്പെടുത്തിക്കളയുന്നതെന്ന് കുട്ടികള്‍ അറിയാതെ പറഞ്ഞു പോവുകയായിരുന്നു. അതില്‍ക്കൂടുതല്‍
പറയാന്‍ അവര്‍ക്ക് അറിയുമായിരുന്നില്ല. പൂക്കളും ചെടികളും കുന്നുകളും പുഴയും
എല്ലാവരും ഒരു മനസ്സോടെ പങ്കെടുക്കുന്ന ആഘോഷങ്ങളും നമുക്ക് അന്യം നിന്നു പോവുകയാണ്.
അതൊക്കെയുണ്ടായിരുന്നു, അങ്ങനെ ഒരു
കാലമുണ്ടായിരുന്നു എന്ന് നമ്മള്‍ പറയുന്നതു കേട്ട് പകുതി വിശ്വാസത്തില്‍ അവര്‍
സ്വന്തം ചിന്താക്കുഴപ്പങ്ങളെ അവരുടേതായ രീതിയില്‍ നേരിടുവാന്‍ ശ്രമിക്കുകയാണ്. ഒരു
ചെടിക്കുന്നുണ്ടാക്കാനോ അല്ലെങ്കില്‍ വഞ്ചി കളിക്കാനുള്ള ഒരു ജലാശയം സംരക്ഷിക്കാനോ
എല്ലാവരും ഒത്തൊരുമിച്ച് ഒന്നും ചെയ്യാനാവാതെ, നമ്മള്‍ മുതിര്‍ന്നവര്‍ കുട്ടികളുടെ മുമ്പില്‍ ചില അല്‍ഭുതക്കഥകള്‍
വിളമ്പുന്നവരായി അവിശ്വസനീയരായിത്തീരുന്നു. നമുക്ക് ഉണ്ടായിരുന്നു എന്ന് പറയുവാനല്ലാതെ
ഇപ്പോള്‍ ഉണ്ട് എന്ന് പറയുവാന്‍ ഇപ്പറഞ്ഞതൊന്നുമില്ലാതെയാവുന്നു. കാരണം വലിയ
വാചകങ്ങള്‍ എഴുതുകയും പറയുകയും ചെയ്യുന്ന നമുക്ക് ഇതര മതവിശ്വാസിയെ കാണാന്‍പോലും ആഗ്രഹമില്ല.
ചാണകം മെഴുകി പൂക്കളമിടാനുള്ള മുറ്റം മുഴുവന്‍ കോണ്‍ക്രീറ്റോ ടൈലോ ഇടാതെ
ഉറക്കംവരില്ല, കുന്നുകള്‍ തുരന്ന് പാടം നികത്താതെ
യാതൊരു നിര്‍വാഹവുമില്ല. കാണാതാവുന്ന കണ്ണാന്തളിപ്പൂക്കളുടെ പടം വില
കൂടിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഫ്രെയിം ചെയ്താല്‍ മതി, അമ്മാതിരിയുള്ള ഒരു പൂ വിരിയിക്കാന്‍ സാധിക്കുമോ എന്ന് നമ്മള്‍ ശ്രമിക്കുകയില്ല.
ചിങ്ങമാസത്തില്‍
ഇരുണ്ട് മൂടിയ മാനവുമായി, മുഖം വീര്‍പ്പിച്ചു കരയുന്ന കുട്ടിയെ
പോലൊരു മഴയുമായി നമ്മളിപ്പോള്‍ ഓണവെയിലിനെക്കുറിച്ചും ഓണനിലാവിനെക്കുറിച്ചും എഴുതുകയും
പറയുകയും പാടുകയും ചെയ്യുന്നു. നമ്മുടെ കുട്ടികള്‍ അവിശ്വസനീയമായ മിഴികളോടെ നമ്മെ
ഉറ്റുനോക്കുന്നു.
എന്നാലും എല്ലാറ്റിനുമിടയില്‍
ഇതൊരു ഓണക്കാലമാണ്. എല്ലാവര്‍ക്കും നല്ലൊരു ഓണമുണ്ടാവണം . കള്ളവും ചതിയും
പൊളിവചനവുമില്ലാത്ത നല്ലൊരു കാലം പിറക്കണം.