Monday, December 30, 2013

നരച്ച താടിയും തലമുടിയും മുസ്ലിം മുഖച്ഛായയുമുള്ള കൂട്ടുകാരന്‍.( തുടര്‍ച്ച )






(രണ്ട്)
( ഫേസ് ബുക്കിലും  കുറിഞ്ഞിപ്പൂക്കളിലും   പോസ്റ്റ് ചെയ്തത് )
യമധര്‍മ്മന്‍ എസ്  എച്ച്    സര്‍വാധിപതിയായ ആ  പോലീസ് സ്റ്റേഷനില്‍ ഞങ്ങളെ അന്നു തുണച്ചത്  വെറും സാധ്യതാനിമിത്തങ്ങളായിരുന്നു. 

ഗതികേടിന്‍റെ    ദൈന്യതയില്‍ സ്ലം വിംഗ് കമീഷണറോട്  ഫോണില്‍ സംസാരിക്കാന്‍ അവസരമുണ്ടായത്,  അദ്ദേഹം ഞങ്ങളെ വിശ്വസിക്കാന്‍ തയാറായത്, തന്‍റെ  സുഹൃത്തായ പോലീസ് കമീഷണറോട് ഞങ്ങള്‍ക്ക് വേണ്ടി വാദിച്ചത്... 

ഇതെല്ലാം വെറും ഭാഗ്യമായിരുന്നു.  യാചകന്  അപ്രതീക്ഷിതമായി ലോട്ടറി അടിക്കുന്നതു പോലെ  ഒരു  കാര്യമായിരുന്നു.

പോലീസ്  കമിഷണര്‍   എസ്  എച്ച്  ഓ യമധര്‍മ്മനോട്  ഫോണില്‍  സംസാരിച്ചപ്പോള്‍ ഒരു സുരേഷ് ഗോപി സിനിമയില്‍  കാണുന്നതു പോലെ അയാള്‍ അപൂര്‍വമായ ചില  നെടുങ്കന്‍ ന്യായങ്ങളെ  അങ്ങനെയല്ലേ  സര്‍, ഇങ്ങനെയല്ലേ സര്‍  എന്നൊക്കെ ചോദിച്ച്  വലിയ വിനയം പ്രദര്‍ശിപ്പിക്കാന്‍ , തുടങ്ങി . 
  
എഫ് ഐ ആര്‍ എന്ന  പരമ വിശുദ്ധമായ റിപ്പോര്‍ട്ട് എഴുതിക്കഴിഞ്ഞുവെന്നും അതില്‍ ഒരു തിരുത്തലും  സാധ്യമല്ലല്ലോ, സര്‍ എന്നും മറ്റും എസ്   എച്ച് ഓ  പറയുന്നത് കേട്ട്  ഞങ്ങളുടെ ചിന്തകളും  സ്വപ്നങ്ങളും  മാത്രമല്ല  രക്തവും  മാംസവും   കൂടി  കണ്ണീരും വിയര്‍പ്പുമായി  ഉരുകിയൊലിച്ചു.  ടാഡയും പോട്ടയും അതു പോലെ മറ്റനേകം പേരുകളും  രക്തമൊഴുകുന്ന ദംഷ്ട്രങ്ങളുമായി ഞങ്ങള്‍ക്ക് മുന്നില്‍  വേതാളനൃത്തം ചവിട്ടി.

പോലീസ് കമീഷണറുമായി കുറെ  ഏറെ നേരത്തെ  ഫോണ്‍ സംഭാഷണങ്ങള്‍ക്ക് ശേഷം,  മദ്യപിച്ച്  റോഡില്‍ ബഹളമുണ്ടാക്കി, പൊതുജന ശല്യമുണ്ടാക്കിയെന്ന പേരില്‍  യമധര്‍മന്‍ എസ് എച്ച് ഒ  ഒരു കേസ് ചാര്‍ജ്  ചെയ്തു . 

ഞങ്ങള്‍ ജോലി ചെയ്തിരുന്നത് ഒരു ചേരി നിര്‍മാര്‍ജ്ജന പ്രോജക്ടിലായിരുന്നത്  പോലീസുകാര്‍ക്ക്  എളുപ്പമായി. ചേരിയിലെ  ദരിദ്രവാസികളായ മനുഷ്യരെ മദ്യപാനികളും വേശ്യകളും  മോഷ്ടാക്കളും രാജ്യദ്രോഹികളും ഒക്കെ ആക്കി മാറ്റാന്‍ യാതൊരു പ്രയാസവുമില്ലല്ലോ. കൊടും ദാരിദ്ര്യവും  പിന്നാക്ക ദളിത ജാതിക്കുറവാക്കലുകളും മത വൈരാഗ്യവും  അജ്ഞതയും നിരക്ഷരതയും എല്ലാം  ഒരുമിച്ചു ചേരുമ്പോള്‍  അവരുടെ ജീവിതവും മരണവും ഒരു പോലെ നിസ്സാരമായിത്തീരുന്നു.

ജാമ്യത്തിലിറങ്ങിയ എന്‍ജിനീയര്‍  വേദന കൊണ്ട് ഞരങ്ങുന്നുണ്ടായിരുന്നു. തുപ്പലില്‍ കൊഴുത്ത രക്തം കലര്‍ന്നിരുന്നു. ചെവിയില്‍ പടക്കം പൊട്ടുന്ന ശബ്ദമുണ്ടാകുന്നുവെന്ന്  ആവലാതിപ്പെട്ടപ്പോള്‍  ആ ഒച്ചയില്‍ വേദനയും കണ്ണില്‍  വെള്ളവും   തുളുമ്പി. പിന്നീട്   അദ്ദേഹം  ആശുപത്രിയില്‍ പോവുകയും പരിശോധനകള്‍ക്ക് വിധേയനാവുകയും ചെയ്തു. എന്നാല്‍  പോലീസ് മര്‍ദ്ദനമെന്ന് എഴുതാന്‍ എത്ര വിശദീകരിച്ചിട്ടും ഡോക്ടര്‍ തയാറായില്ല. പോലീസിനെക്കുറിച്ച്  എന്തെങ്കിലും സത്യം വെളിപ്പെടുത്തുവാന്‍ ശ്രമിക്കുകയെന്നത്  സാധാരണ ജനതയെ സംബന്ധിച്ച്,   എവറസ്റ്റ്  കൊടുമുടി കയറുന്നതു മാതിരി അതീവ ദുഷ്ക്കരമായ ഒരു കാര്യം തന്നെയായിരുന്നു. 
  
തിലക്  മാര്‍ഗിലെ  പട്യാല  ഹൌസ്  കോടതിയിലാണ്  കേസ് നടന്നത്. 

കേസുള്ള ദിവസങ്ങളില്‍ രാവിലെ  പതിനൊന്നു മണി മുതല്‍  വൈകുന്നേരം നാലുമണി വരെ  കോടതിയില്‍  സമയം ചെലവാക്കേണ്ടതുണ്ടായിരുന്നു. വളരെ പ്രധാനപ്പെട്ട വലിയ  കേസുകളൊക്കെ ആദ്യം വിളിക്കും. താരതമ്യേന ചെറിയ കേസുകള്‍  വൈകുന്നേരമേ  വിളിക്കു. പക്ഷെ, അങ്ങനെ  കരുതി കേസുള്ള ദിവസം അലസ മട്ടില്‍ നേരം വൈകിപ്പോകാന്‍  കഴിയില്ല. ഏതു നിമിഷവും കേസ് വിളിക്കപ്പെടാം  എന്നിരിക്കേ... അതുകൊണ്ട് നിത്യക്കൂലിക്ക് ജോലി ചെയ്യുന്നവരെ സംബന്ധിച്ച്  ഓരോ  കേസ് ദിനവും  സമയ നഷ്ടത്തിന്‍റേതു മാത്രമല്ല,  ജോലി നഷ്ടത്തിന്‍റേതും കൂലി നഷ്ടത്തിന്‍റേതും   കൂടിയാകുന്നു. 

കോടതിയിലെ മിക്കവാറും നടപടിക്രമങ്ങളും  തികഞ്ഞ നിര്‍വികാരതയോടെയും  എന്നാല്‍ വല്ലാത്ത  ധനാര്‍ത്തിയോടെയും  മാത്രം  പെരുമാറുന്ന ഭൂരിഭാഗം  ഉദ്യോഗസ്ഥരും പോലീസുകാരുടെ ആവശ്യത്തിലുമധികമുള്ള അധികാര സാന്നിധ്യവും നമ്മെ പരിഭ്രാന്തരാക്കാതിരിക്കില്ല. തുണി കൊണ്ട്  മുഖം മറച്ചു കെട്ടിയവരും പലതരം ചങ്ങലകളില്‍  ബന്ധിതരായവരുമായ  തീവ്രവാദികള്‍ ഒരു  പതിവു കാഴ്ചയായിരുന്നു. അവരെക്കാണുമ്പോഴെല്ലാം യമധര്‍മന്‍ എസ്  എച്ച്  ഒ എന്‍റെ മുന്നില്‍   നിന്ന് അലറുന്നതു മാതിരി ഞാന്‍ ഭയന്നു പോവുന്നുണ്ടായിരുന്നു. സത്യം പറയാത്ത  ജീവശ്ശരീരങ്ങളേയും  സത്യം മാത്രം പറയുന്ന മൃതശരീരങ്ങളേയും എനിക്ക് പതുക്കെപ്പതുക്കെ  മനസ്സിലാകാന്‍  തുടങ്ങി. ഇഷ്റ്ത് ജഹാന്‍റെതു  മാതിരിയുള്ള  മൃതശരീരങ്ങള്‍  പറയുന്ന  സത്യം കേള്‍ക്കാനാവശ്യമായ ഉള്‍ക്കാത് അധികാരത്തിന്‍റെയും പക്ഷഭേദത്തിന്‍റെയും ജീവശ്ശരീരങ്ങള്‍  എങ്ങനെയൊക്കെ മുറിച്ചു കളയുമെന്നും ആ കോടതിക്കാലങ്ങളില്‍ ഞാന്‍ തിരിച്ചറിഞ്ഞു. 

കോടതി മുറിയില്‍  ചെലവാക്കേണ്ടി  വന്ന  ദിവസങ്ങളില്‍,  ഏതു കുറ്റം ചെയ്തിട്ടാണ്  ഇങ്ങനെ കാത്തിരിക്കേണ്ടി വരുന്നതെന്ന് ആലോചിക്കാതിരിക്കാന്‍  കഴിയുമായിരുന്നില്ല.  ഒരുത്തരവും ആര്‍ക്കും കണ്ടുപിടിക്കാനുമുണ്ടായിരുന്നില്ല. അതുകൊണ്ട്  ക്ഷമയോടെ  കാത്തിരിക്കുന്നതു  മാത്രമായിരുന്നു  ഒരേ  വഴി. എങ്ങനെയെല്ലാം  ആലോചിച്ചാലും  നിസ്സഹായരും നിസ്സാരരും അനാഥരുമായ പാവം ജനത  മാത്രമാണല്ലോ ഞങ്ങള്‍.. 

പല  വൈകുന്നേരങ്ങളില്‍ കേസ് വിളിച്ച് , വിളിച്ച ദിവസമെല്ലാം മറ്റൊരു ദിവസത്തിലേക്ക് മാറ്റി വെച്ച്  മൂന്നു വര്‍ഷത്തിനപ്പുറം ഒരു ദിവസം ബഹുമാനപ്പെട്ട  കോടതി  മദ്യപിച്ച് റോഡില്‍ ബഹളമുണ്ടാക്കിയതിനു  തെളിവില്ല എന്ന  കാരണം ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിച്ചു. 

ആ ചെറുപ്പക്കാരന്‍ എന്‍ജിനീയര്‍ക്ക് സഹിക്കേണ്ടി  വന്ന  ശാരീരിക മാനസിക പീഡനങ്ങള്‍ക്കോ, അദ്ദേഹം നേരിട്ട വിചാരണകള്‍ക്കോ, ഞങ്ങള്‍ എല്ലാവരും സഹിച്ച  മാനസിക പീഡനങ്ങള്‍ക്കോ,  മൂന്നു വര്‍ഷമായിട്ടുള്ള കോടതി കയറ്റിറക്കങ്ങള്‍ക്കോ, ഉള്ള  ഉത്തരമായിരുന്നുവോ ആ  ഒറ്റവരിയില്‍  എഴുതിക്കിട്ടിയത്...  

അത്തരമൊരു കയ്പുള്ള  ആലോചനയ്ക്കല്ല,  അപകടം  കൂടാതെ രക്ഷപ്പെട്ടല്ലോ  എന്നാശ്വസിക്കാനാണ്  മനസ്സിനെ പരിശീലിപ്പിക്കേണ്ടതെന്ന്  സാധാരണ  ജനതയായ ഞങ്ങളോട് നമ്മുടെ നിയമം താക്കീതു തരികയായിരുന്നു . തന്നെയുമല്ല, കണ്ണില്‍  കൊള്ളാനുള്ളത് പുരികത്തില്‍ കൊണ്ടുവെന്ന പഴഞ്ചൊല്ല്  ഓര്‍മ്മിക്കുകയും ചെയ്യണമായിരുന്നു.

സൈന്യത്തിലെ ഏറ്റവും ഉയര്‍ന്ന  ഉദ്യോഗസ്ഥനായി  വിരമിച്ച  ആളും  എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയും ചിന്തകയുമായ ഭാര്യയും  നാസയിലെ  ശാസ്ത്രജ്ഞനായ മകനും കുറച്ചു  കെട്ടിടങ്ങള്‍ പണിയുവാനുള്ള  പ്രോജക്ടുമായി  വന്നത്  ആ ദിവസങ്ങളില്‍  തന്നെയായിരുന്നു. പ്രോജക്ട് കോസ്റ്റ്  നാലഞ്ചു കോടിയൊക്കെ  കാണുമെന്നറിഞ്ഞ് ഞങ്ങള്‍ എല്ലാവരും ഏറെ  സന്തോഷിച്ചു. ലഭ്യമായേക്കാവുന്ന ഫീസിനെപ്പറ്റിയും പ്രശസ്തിയെപ്പറ്റിയും   ഓര്‍ത്ത് പുളകമണിഞ്ഞു. വ്യത്യസ്തമായ കഴിവുകളൂള്ള കുട്ടികള്‍ക്ക് വേണ്ടി ചെയ്യേണ്ടുന്ന  ഒരു  സമ്പൂര്‍ണ ഗ്രാമമായിരുന്നു ആ പ്രോജക്ട്. 

തറപ്പണിയുടെയും ചുമരുകളുടേയും ഒക്കെ വിവിധങ്ങളായ  നെടുങ്കന്‍ വിശദീകരണങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കും ശേഷം ഡോമുകളും ജാക് ആര്‍ച്ചുകളും ഫ്യൂണിക്കുലര്‍  ഷെല്ലുകളും വെറും ഫ്ലാറ്റ് റൂഫുകളും ചരിഞ്ഞ  മേല്‍ക്കൂരകളും എന്നു വേണ്ട  അങ്ങനെ പലതരം മേല്‍പ്പുരകളുടെ മോഡലുകളും മറ്റും കണ്ട്  മനസ്സിലാക്കുമ്പോള്‍   വി ഡോണ്‍ ട്  ലൈക്  ദിസ്  ഡോം ബിസിനസ്   എന്ന്  അച്ഛനും മകനും  വല്ലാതെ കര്‍ക്കശരായി. കാരണം  ഡോമുകള്‍  എപ്പോഴും  ആ നാശം പിടിച്ച ഇസ്ലാം ആര്‍ക്കിടെക്ചറിനെ ഓര്‍മ്മിപ്പിക്കുന്നു.... 

മുഹമ്മദ് ഗോറി  ദില്ലിയിലെ  അവസാനത്തെ ഹിന്ദു രാജാവിനെ വധിച്ചത് , അയോധ്യയിലെ രാമക്ഷേത്രത്തിനു മുകളില്‍  ബാബര്‍ പള്ളി ഉയര്‍ത്തിയത്,  ഔറംഗസീബ് അനവധി ഹിന്ദുക്കളെ ഉപദ്രവിച്ചത്, ടിപ്പു സുല്‍ത്താന്‍  ദക്ഷിണേന്ത്യന്‍ ക്ഷേത്രങ്ങളെ തകര്‍ത്തത്.. അങ്ങനെ ഈ  നാടു ഭരിച്ച  മുസ്ലിം രാജാക്കന്മാരുടെ  എണ്ണമില്ലാത്ത ദുഷ്ചെയ്തികള്‍ എണ്ണിപ്പറഞ്ഞ്   അവര്‍  വല്ലാതെ വികാരഭരിതരാകുന്നുണ്ടായിരുന്നു. 

ഈപ്പറഞ്ഞവരെല്ലാം ഭരണകര്‍ത്താക്കളായിരുന്നു ...  സാധാരണ മനുഷ്യരായിരുന്നില്ല. സാധാരണ മനുഷ്യര്‍ക്ക്  ഇതൊന്നും ചെയ്യുക എളുപ്പവുമായിരിക്കില്ല.  സാധാരണക്കാരായ ഇസ്ലാം മതവിശ്വാസികളെ  പഴയ കാല  ഭരണകര്‍ത്താക്കളുമായി താരതമ്യം ചെയ്യുന്നതിലെ  യുക്തിയൊന്നും അവരുടെ സംഭാഷണത്തില്‍ നിന്നെനിക്ക് മനസ്സിലായില്ല.. സ്ത്രീ  വിരുദ്ധതക്കും  ദളിത്  വിരുദ്ധതക്കും സഹായമായി  എപ്പോഴും ഉപയോഗിക്കുന്ന നീയല്ലെങ്കില്‍ നിന്‍റെ  അമ്മ വെള്ളം കലക്കിയിട്ടുണ്ടെന്ന ന്യായമാണതെന്ന് ചിലപ്പോഴൊക്കെ  തോന്നിയെങ്കിലും ഞാന്‍ ക്ഷമാപൂര്‍വം  അവരെ കേട്ടുകൊണ്ടിരുന്നു.

സ്വന്തം മകളെ  വിധവയായി കാണാനുള്ള ഒരു പിതാവിന്‍റെ  നീചതയാണ് മുഹമ്മദ് ഗോറിക്ക് ഹിന്ദുസ്ഥാനിലേക്കുള്ള വഴി  സുഗമമാക്കിയതെന്ന കഥ   ഇത്രയും ചരിത്രം കേള്‍പ്പിക്കുമ്പോഴും അവര്‍  പറഞ്ഞില്ല.  ഒരു ഹിന്ദു  സ്ത്രീയെ സംബന്ധിച്ച് വൈധവ്യത്തിലും  വലിയ  ദു:ഖം  അവള്‍ക്കില്ലെന്ന് പുരാണവും ഇതിഹാസവും സ്മൃതിയും ശ്രുതിയും  ഒക്കെ അനുശാസിക്കുന്ന ഒരു  നാട്ടിലെ    അച്ഛന്‍ തന്നെയായിരുന്നു അജ്മീര്‍  രാജാവായിരുന്ന ജയചന്ദെന്നും കൂടി ഓര്‍ക്കണം.   അതിനു മുമ്പൊക്കെയും ഹിന്ദുക്കുഷ്  പര്‍വതനിരകളില്‍ പലവട്ടം വഴി തെറ്റിപ്പോയ മുഹമ്മദ് ഗോറിയെ, രാജാവായ  ജയചന്ദ് പ്രത്യേകം  ക്ഷണിച്ച്, അകമ്പടി  നല്‍കി   കൂട്ടിക്കൊണ്ടു വന്ന് ദില്ലി ഭരിച്ചിരുന്ന  പൃഥിരാജ് ചൌഹാനെ വധിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.  സ്വന്തം മകളായ സംയുക്ത  പൃഥിരാജിനെ സ്വയംവരം ചെയ്തതിലും, അങ്ങനെ ആരെ  പരിണയിക്കണമെന്ന തീരുമാനം  മകള്‍ സ്വയം എടുത്തതിലും  രോഷാകുലനായ ജയചന്ദിന്‍റെ  ആവശ്യം മകളുടെ വൈധവ്യമായിരുന്നു. ഗോറിക്ക്  സ്വന്തം സൈന്യത്തെയും  അദ്ദേഹം വിട്ടുകൊടുത്തു.

പൃഥ്വിരാജ് ചൌഹാന്‍ യുദ്ധത്തില്‍ മരിച്ചു.   മരണശേഷം  സംയുക്ത സതിയും  അനുഷ്ഠിച്ചു. ഗോറി  ചുമ്മാ വന്ന വഴിയെ  മടങ്ങിപ്പോയിക്കൊള്ളുമെന്നാണ് ജയചന്ദ് കരുതിയത്.  മകളുടെ വൈധവ്യം ആശിക്കുന്ന, അതിനുവേണ്ടി എന്തക്രമവും ചെയ്യാന്‍ സാധിക്കുന്ന പിതാക്കന്മാരുള്ള നാട്  ഗോറി  അങ്ങനെ സ്വന്തം വരുതിയിലാക്കി.  ലഭിച്ച ആദ്യ അവസരത്തില്‍  ജയചന്ദിന്‍റെ  തലയും ഗോറി വെട്ടി മാറ്റിയെന്നതാണ് ഈ കഥയുടെ അവസാനം. 

ഇന്നാട്ടില്‍  തുടര്‍ച്ചയായ ഇസ്ലാം  ഭരണം ഗോറിയില്‍ നിന്നാണ്  ആരംഭിച്ചത്.. 

മുസ്ലിം  ഭരണാധികാരികളുടെ തിന്മകള്‍  ഉരുക്കഴിക്കുന്നതു പോലെ ഈ  കഥ  അവര്‍ ഓര്‍മ്മിക്കുന്നതേയില്ല.  എന്താവും    മറവിയുടേയും അജ്ഞതയുടേയും രഹസ്യം.
സൈന്യത്തില്‍ ഇസ്ലാം മത വിശ്വാസികളെ നിയമിക്കുന്നത്  നമ്മുടെ രാജ്യ സുരക്ഷക്ക്  ആപല്‍ക്കരമായിരിക്കുമെന്ന് പറയാന്‍  സൈനികനും ശാസ്ത്രജ്ഞനുമായ അച്ഛനും മകനും  മടിയേതുമി ല്ലായിരുന്നു. ഇസ്ലാം മതവിശ്വാസികള്‍ക്ക് കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നുവെന്നും ഇന്ത്യ  വൈകാതെ  ഒരു ഇസ്ലാം  രാജ്യമായി മാറുമെന്നും ഹൈന്ദവവിശ്വാസങ്ങള്‍  അപകടത്തിലാണെന്നും മറ്റും  തീവ്ര നൊമ്പരത്തില്‍ കുതിര്‍ന്ന  ആശങ്കകള്‍  അവര്‍  പങ്കു വെച്ചു .  

അപ്പോഴാണ് എഴുത്തുകാരിയായ ഭാര്യ  പ്രോജക്ടിലുണ്ടായിരിക്കേണ്ട അമ്പലത്തെപ്പറ്റി വാചാലയായത്. ശരിയായ ഹൈന്ദവവിശ്വാസം പകര്‍ന്നു നല്‍കാന്‍  അവര്‍ പ്രത്യേകം താല്‍പര്യമെടുക്കുമെന്നും  കൃഷ്ണശിലയില്‍ തീര്‍ത്ത വിഗ്രഹം വിധിയാംവണ്ണം പ്രതിഷ്ഠിക്കുമെന്നും സാധിക്കുമെങ്കില്‍  ശങ്കരാചാര്യന്മാരില്‍ ആരെയെങ്കിലും അതിനായി  ആനയിക്കുമെന്നും മറ്റും അവര്‍ അതിയായി ഉല്‍സാഹം കൊണ്ടു.

മുസ്ലിം മുഖച്ഛായയുള്ള  വാസ്തു ശില്‍പിയെ  അല്‍പം സംശയത്തോടെ നോക്കിക്കൊണ്ട് എന്നാല്‍ മനോഹരമായ ഒരു പുഞ്ചിരിയോടെ, കുറച്ച്  കട്ടി കൂടിയ ശബ്ദത്തില്‍   അവര്‍ ഉപസംഹരിച്ചത്  ഇങ്ങനെയായിരുന്നു.  

ഒരു  മുസ്ലിം ആ അമ്പലം ഡിസൈന്‍  ചെയ്യുന്നത്  ഞങ്ങള്‍ക്ക് വലിയ  പ്രയാസമാണ്.. അതുകൊണ്ട് അമ്പലം നിങ്ങള്‍ക്കൊപ്പമുള്ള ഒരു ഹിന്ദു ചെയ്താല്‍ മതി . അതിന്‍റെ നിര്‍മ്മാണവും  ഹിന്ദുക്കള്‍ തന്നെ ചെയ്യണം  
 
തന്‍റെ ഒപ്പം അനേകം ഇസ്ലാം മതവിശ്വാസികള്‍  മേസ്തിരിമാരായും മരപ്പണിക്കാരായും  വെല്‍ഡര്‍മാരായുമൊക്കെ ജോലി ചെയ്യുന്നതുകൊണ്ട്    പ്രോജക്ട്  ഒഴിവാക്കുകയാണെന്ന്  പറയാന്‍  മുസ്ലിം മുഖച്ഛായയുള്ള വാസ്തുശില്‍പിക്ക്  പിന്നീട്  ഒരു നിമിഷം പോലും  ആലോചിക്കേണ്ടി വന്നില്ല. 

ഐ ഡോണ്‍ട്  സബ് സ്ക്രൈബ്  ടു  എനി  റിലിജിയണ്‍ എന്ന്  എപ്പോഴും എല്ലാവരോടും വളരെ കൃത്യമായി പറയുന്ന ആള്‍ മുസ്ലിമായി കരുതപ്പെടുന്നതിനെപ്പറ്റി  അന്നേരം  യാതൊരു വിശദീകരണവും  നല്‍കിയതുമില്ല.    

Thursday, December 26, 2013

രമണാശ്രമം


https://www.facebook.com/groups/yaathra/permalink/558159330940792/
https://www.facebook.com/groups/1945563405669128/permalink/2605545106337618/


https://www.facebook.com/groups/436152573174724/permalink/540090246114289/

(ഫേസ് ബുക്കിലെ കുറിഞ്ഞിപ്പൂക്കളിലും യാത്രയിലും പോസ്റ്റ് ചെയ്തത് )

അരുണാചലേശ്വരന്‍റെ  പരിസരത്തുള്ള പൊതുവഴിയിലെ, അതി ഭയങ്കരമായ തിരക്കുള്ള  ഒരു ഹോട്ടലിലായിരുന്നു  ഉച്ചഭക്ഷണം കഴിച്ചത്. ഭക്ഷണം തീരും മുന്‍പ്  തന്നെ ഇല വലിച്ചെടുക്കുന്ന ശീലം ആ ഹോട്ടലിലുള്ളവര്‍  പുലര്‍ത്തിപ്പോന്നു. ആസ്ത്രേലിയക്കാരനായ വാസ്തുശില്‍പിക്ക് ഇന്ത്യാക്കാര്‍  കൈ വിരലുകളുപയോഗിച്ച്  , രസവും സാമ്പാറും  മോരും ഒക്കെ കൂട്ടിക്കുഴച്ച് അളിച്ചു വാരിത്തിന്നുന്നത്  കണ്ട്  വല്ലായ്മയാകുന്നുണ്ടായിരുന്നു.  അദ്ദേഹത്തിന്‍റെ  അസ്വസ്ഥമായ  മുഖവും സ്പൂണ്‍ സ്പൂണ്‍  എന്ന  പരിഭ്രാന്തിയും  അത്  വ്യക്തമാക്കി.

മനുഷ്യന്‍  എന്തിന്‍റെയെല്ലാം തടവറയിലാണ് എപ്പോഴും  ജീവിക്കുന്നത്. സ്വന്തം ശീലങ്ങളുടെ, സ്വന്തം വിശ്വാസങ്ങളുടെ,  സ്വന്തം ... സ്വയം നടത്തുന്ന നിരന്തരമായ സ്വാതന്ത്ര്യ സമരത്തിലുടെ അല്ലാതെ  മനുഷ്യന് ഇത്തരം തടവറകളില്‍ നിന്ന് മോചനമില്ല. ആ സ്വതന്ത്ര്യ സമരം ചെയ്യാനാവശ്യമായ  മനോബലം അധികം മനുഷ്യരിലും പലപ്പോഴും ഉണ്ടാവാറുമില്ല.  അതുകൊണ്ട് മനുഷ്യരെന്നെന്നും   അവരവരുടെ വ്യക്തിത്വങ്ങളുടെ തടവുകാരായിത്തുടരുന്നു.

ഉച്ചഭക്ഷണം കഴിച്ചപ്പോഴേക്കും  മൂന്നു മണി  ആയിരുന്നു. അപ്പോഴാണ്  യാതൊരു  പ്രകോപനവുമില്ലാതെ  വാസ്തു ശില്‍പികള്‍ മണ്ണു വീടുകളെക്കുറിച്ച്  സംസാരിക്കാന്‍ തുടങ്ങിയത്. മണ്ണു വീട് പണിയുന്നവരില്‍ വിദ്ഗ്ദ്ധരായ സ്വന്തം സുഹൃത്തുക്കളെപ്പറ്റിയും അവര്‍  വാചാലരായി.

എനിക്ക് അല്‍പം മുഷിവു തോന്നാതിരുന്നില്ല.
മണ്ണുകൊണ്ട് വീടു പണിയുന്നവര്‍  എന്നും ഉണ്ടായിരുന്നു.  ഇന്ത്യയിലെ  എല്ലാ സംസ്ഥാനങ്ങളിലും ഇപ്പോഴും മണ്ണു കൊണ്ട് മുള കൊണ്ട്  പുല്ലുകൊണ്ട് ഒക്കെ വീടു പണിയുന്ന അനവധി അനവധി  മനുഷ്യരുണ്ട്. ആ വീടുകളില്‍  അവര്‍  ഒരു മനുഷ്യായുസ്സ് മുഴുവനും ചെലവാക്കുകയും ചെയ്യുന്നു. എങ്കിലും പണക്കാര്‍  ഫാഷനു നിര്‍മ്മിക്കുന്ന  മഡ് ഫാം ഹൌസുകളാണ്  അവ നിര്‍മ്മിക്കുന്ന വാസ്തുശില്‍പികളാണ് എപ്പോഴും  ജനശ്രദ്ധ പിടിച്ചു  പറ്റുക.  അവര്‍ അവധിക്കാലം  ചെലവിടുകയൊ  വാരാന്ത്യ പാര്‍ട്ടികള്‍  നടത്തുകയോ ചെയ്യുന്ന  മണ്‍വീടുകളെ  പറ്റി  എഴുതപ്പെട്ട ലേഖനങ്ങള്‍  നിറമുള്ള മിനുക്കക്കടലാസ്സില്‍  അച്ചടിച്ച്  വില്‍ക്കുന്ന മാസികകളും വാരികകളും എത്ര വേണമെങ്കിലും നമുക്ക് വായിക്കാന്‍ കിട്ടും.

കുറെ  മണ്‍വീടുകള്‍  കാണാന്‍  പോവാമെന്ന് പറഞ്ഞപ്പോള്‍ എന്‍റെ  മനസ്സ്  എന്തുകൊണ്ടോ  ഇങ്ങനെയൊക്കെയുള്ള ആലോചനകളില്‍ ആഴ്ന്നു പോയി. 

തിരുവണ്ണാമല  ടൌണില്‍ തന്നെയെങ്കിലും  സമൃദ്ധമായ  പച്ചപ്പ്  നിറഞ്ഞ   വഴിയിലൂടെയായിരുന്നു  യാത്ര. തിളങ്ങുന്ന  കടും പച്ച  നിറമായിരുന്നു  ഇരുവശത്തുമുണ്ടായിരുന്നത്.  എരുമകളും പോത്തുകളും  ധാരാളമായുണ്ടായിരുന്നു  റോഡില്‍ . കറുത്ത  റോഡ് പിന്നെപ്പിന്നെ ചെമ്മണ്ണിട്ട പൊടി ഉയര്‍ത്തുന്ന ഗ്രാമ വഴിത്താരയായിത്തീര്‍ന്നു.
ഞാറുകളുടെ പച്ചക്കടലായ  ഒരു  വയലിനരികില്‍ പേരറിയാത്ത അനവധി  മരങ്ങളുടെ  തണല്‍പ്പാടുകളില്‍ അഗത്തിച്ചീര മരം അതിരായി  മതില്‍ കെട്ടിയ  മണ്‍വീടുകളുടെ പരിസരത്തില്‍ യാത്ര അവസാനിച്ചു . പണി പൂര്‍ത്തിയാകാത്തവ. കഷ്ടിച്ചു  മുഴുവനായവ. പണി തുടങ്ങാന്‍ പോകുന്നവ.. അങ്ങനെയങ്ങനെ.. നീലനിറത്തില്‍ അരുണാചല ഗിരിനിരകള്‍  അങ്ങു ദൂരെ  തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു.

മണ്ണു കുഴച്ചുരുട്ടി ചുവരുണ്ടാക്കി ചുവന്ന  മണ്ണു കലക്കിപൂശിയതാണ് ചുവരുകള്‍.  ഓട്ടോ റിക്ഷയുടെ മുന്നിലെ  ഗ്ലാസ് മണ്‍ ചുവരിലുറപ്പിച്ച് തുറക്കാനാവാത്ത  ജനലുകള്‍ പണിതിരിക്കുന്നതു കണ്ടു. നീണ്ട  ഞാറപ്പുല്ലുകളൂടെ പാളികള്‍  വീട്ടിലെ മുറികളെ  തമ്മില്‍ വേര്‍തിരിച്ചു. മുളപ്പാളി പൈപ്പായി മാറി പാത്രങ്ങള്‍ കഴുകാനുള്ള സിങ്കിലേക്ക് വെള്ളം ഒഴുക്കിത്തന്നുകൊണ്ടിരുന്നു. ചെറിയ മണ്‍കലങ്ങള്‍ ബ്രഷും പേസ്റ്റും  ചീപ്പും ബ്രഷും പേനയും  മറ്റും  വഹിച്ചു ചുമരിനെ ഉരുമ്മി നിന്നു.  മുള പകുതിയാക്കി കീറിയുണ്ടാക്കിയ ചാരുപടിയും കല്ലുപാളിയുടെ മേശയും  സുഖമായി കിടന്നുറങ്ങാവുന്ന മണ്‍തിണ്ണയും ആ വീടുകളെ  സുന്ദരമാക്കി. സോളാര്‍ വൈദ്യുതിയില്‍ വീടുകള്‍ക്കകത്ത് പ്രകാശം തിളങ്ങി.

അവിടെയാണ് ഞാന്‍  ചിത്രശലഭച്ചെടികളെ കണ്ടത്.. ആ ചെടികളില്‍ ഇലകളേക്കാളധികം  ശലഭങ്ങളായിരുന്നു. ആയിരം വര്‍ണങ്ങളുടെ ശലഭപ്പെരുമഴ പൊഴിച്ചു അവര്‍ ഉല്ലാസത്തോടെ പറന്നുകൊണ്ടിരുന്നു. എന്‍റെ  കണ്ണുകള്‍ക്ക് മനസ്സിലാക്കാനാവാത്തത്രയും  സുന്ദര  വര്‍ണങ്ങള്‍  അവര്‍ക്കുണ്ടായിരുന്നു.  അഭൌമമായ അസുലഭമായ ഒരു ലാവണ്യ ദര്‍ശനമായിരുന്നു അത്. സമയം വൈകുന്തോറും അവരുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വന്നു. ഇരുള്‍ പരക്കും മുന്‍പ്  അവര്‍  എല്ലാവരും  എങ്ങോട്ടൊ യാത്ര പുറപ്പെടുകയും ചെയ്തു.

സന്ധ്യയുടെ  തുടുത്ത ശോഭ ആ   ചിത്രശലഭങ്ങളെ  മാത്രമല്ല,  ഞങ്ങളെപ്പോലും  സൌന്ദര്യമുള്ളവരാക്കി മാറ്റുന്നുണ്ടായിരുന്നു.
രമണാശ്രമം കാണാന്‍  വാസ്തുശില്‍പികളില്‍   ആര്‍ക്കും അത്ര താല്‍പര്യമുണ്ടായില്ല.  എങ്കിലും പൊടുന്നനെ  അലറിപ്പെയ്ത മഴയില്‍ നിന്ന്  രക്ഷനേടാന്‍ അവര്‍  എനിക്കൊപ്പം വന്നു. മഴത്തുള്ളികള്‍ക്ക്  തണുപ്പു പകരാന്‍ മാത്രമല്ല മുഴുപ്പോടെ  വീണ് വേദനിപ്പിക്കാനും കഴിയുമെന്ന്   മഴ നനഞ്ഞപ്പോള്‍ ശരിക്കും  മനസ്സിലായി.   

ഒരു സന്യാസ സമ്പ്രദായത്തിലും  സ്വയം കുരുക്കിയിടാത്ത ജീവിത രീതിയാണ് രമണ മഹര്‍ഷിക്കുണ്ടായിരുന്നത്. അദ്ദേഹം ആരേയും ഒന്നില്‍   നിന്നും മോചിപ്പിച്ചില്ല. ആരോടും തന്‍റെ  വഴി  സ്വീകരിക്കാന്‍ ആവശ്യപ്പെട്ടില്ല. തനിക്ക്  അവകാശിയെ പ്രഖ്യാപിച്ചില്ല. ഞാനാണ് ശരിയെന്നോ  ഞാനാണ് വഴിയെന്നോ  പറഞ്ഞില്ല. പണമോ സ്വത്തോ നേടിയില്ല. തികച്ചും  ഒറ്റപ്പെട്ട  ഒരു പ്രതിഭാസമായിരുന്നു  അദ്ദേഹം.

1879 മുതല്‍ 1950 വരെയായിരുന്നു രമണ മഹര്‍ഷിയുടെ ജീവിതകാലം. ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തില്‍   ജനിച്ച വെങ്കട്ടരമണന്‍  മധുരയിലെ സ്കോട്ടിഷ് മിഡില്‍  സ്കൂളിലും  അമേരിക്കന്‍ മിഷന്‍ സ്കൂളിലും  ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി. പതിനാറുവയസ്സു മുതല്‍  അരുണാചലഗിരിനിരകളിലും  അരുണാചലേശ്വരരുടെ കോവിലിലും  ഗുരുമുര്‍ത്തം  കോവിലിലും  പാവല ക്കുന്റ്റ്രം കോവിലിലും വിരൂപാക്ഷഗുഹയിലും സ്കന്ദ ഗുഹയിലും  ധ്യാനത്തിലിരുന്നു. കൂടുതല്‍  സമയവും അദ്ദേഹം മൌനത്തിലായിരുന്നു.

അദ്ദേഹത്തിന്‍റെ   അമ്മ ശ്രീമതി  അളകമ്മാളൂടെ  സമാധിക്ക് ചുറ്റുമാണ് ഇന്നത്തെ രമണാശ്രമം രൂപംകൊണ്ടിട്ടുള്ളത്, അരുണാചല ഗിരിനിരകളുടെ  നിഴലില്‍ . 1922ലാണ് മഹര്‍ഷി  ഇന്നത്തെ ആശ്രമസ്ഥലത്ത് ഒരു കുടിലില്‍ താമസമാക്കിയത്. രണ്ട്  വര്‍ഷം കഴിഞ്ഞ്  പിന്നെയുമൊരു കുടിലും  പഴയ  ഹാള്‍ മുറിയായി ഇന്നും അറിയപ്പടുന്ന മുറിയും ഒക്കെ പതുക്കെപ്പതുക്കെ ഉയര്‍ന്നു വന്നു.  വിശാലമായ ലൈബ്രറിയും ആശുപത്രിയും മ്യൂസിയവും ഗോശാലയും പ്രാര്‍ഥനാ മുറിയും അടുക്കളയും ഊണുമുറിയും എല്ലാമായി ആശ്രമം പടര്‍ന്നു പന്തലിച്ചു.
1931ലാണ്  രമണ മഹര്‍ഷിയുടെ  വളരെ  പ്രശസ്തമായ ജീവചരിത്രം , സെല്‍ഫ് റിയലൈസേഷന്‍ - ദ ലൈഫ് ആന്ഡ് ടീച്ചിംഗ്സ് ഓഫ്  രമണ മഹര്‍ഷി   എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടത് .  പുസ്തകം രചിച്ചത്  ശ്രീ  നരസിംഹ സ്വാമിയായിരുന്നു. പിന്നെയും മൂന്നു കൊല്ലം  കഴിഞ്ഞ് എ സേര്‍ച്ച് ഇന്‍  സീക്രറ്റ് ഇന്‍ഡ്യ  എന്ന പുസ്തകത്തിലൂടെ ശ്രീ  പോള്‍ ബ്രണ്ടന്‍ രമണമഹര്‍ഷിയെ പാശ്ചാത്യലോകത്തിനു പരിചയപ്പെടുത്തി. പിന്നീട് പരമഹംസയോഗാനന്ദയും സോമര്‍സെറ്റ് മോമും മെഴ്സിഡസ്  ഡി  അകോസ്റ്റയും ആര്‍തര്‍ ഓസ്ബോണും വന്നു.  സോമര്‍സെറ്റ് മോം ദ റേസേഴ്സ് എഡ്ജ്  എന്ന  നോവലില്‍ ശ്രീഗണേശാ എന്ന കഥാപാത്രമായി ചിത്രീകരിച്ചിട്ടുള്ളത്  രമണമഹര്‍ഷിയെ ആണ്. 1964ല്‍ ദ മൌണ്ടന്‍ പാത്ത് എന്ന പേരില്‍ രമണാശ്രമത്തില്‍ നിന്ന് പ്രസിദ്ധീകൃതമായ മാസികയുടെ  എഡിറ്റര്‍  ഓസ്ബോണ്‍ ആയിരുന്നു.

വലിയ  അവകാശവാദങ്ങളോ ആള്‍ദൈവമാകാനുള്ള  പ്രാഭവമോ ഒന്നും  പ്രദര്‍ശിപ്പിക്കാതിരുന്ന രമണമഹര്‍ഷി  ലോകമാകമാനമുള്ള അനവധി മനുഷ്യരെ തന്‍റെ  ലാളിത്യത്തിലൂടെ  മാത്രം സ്വാധീനിക്കുകയായിരുന്നു. പ്രശസ്തിയുടെ അലകളില്‍ ഊഞ്ഞാലാടുമ്പോഴും അദ്ദേഹത്തിന്‍റെ  ജീവിതരീതിയില്‍ തരിമ്പും മാറ്റമുണ്ടായില്ല. തികഞ്ഞ  നിസ്വനായിരുന്നു  അദ്ദേഹം.. 
1948  ല്‍  രമണമഹര്‍ഷിക്ക്  ക്യാന്‍സര്‍ ബാധിച്ചു, 1950ല്‍  അദ്ദേഹം  സമാധിയാവുകയും ചെയ്തു. 

സന്ധ്യാനേരമായിരുന്നു. പാശ്ചാത്യരും പൌരസ്ത്യരും തദ്ദേശീയരുമായ അനവധി പേര്‍ ഭജനയില്‍  പങ്കെടുക്കുന്നുണ്ടായിരുന്നു. ധ്യാനിച്ചിരിക്കാനുള്ള മുറികളില്‍ ഒരുപാട് പേര്‍  ധ്യാനലീനരായിരിക്കുന്നുണ്ടായിരുന്നു.

മഴത്തുള്ളികള്‍ കെട്ടുപിണയുന്നത്  കണ്ട്  ഭജനകള്‍ കേട്ടുകൊണ്ട്  ആ വരാന്തയില്‍ ഞാന്‍ ഒതുങ്ങി നിന്നു. വീശിയടിച്ചിരുന്ന കാറ്റില്‍ മഴത്തുള്ളികള്‍ പാറി വീണുകൊണ്ടിരുന്നു. പേരറിയാത്ത  പൂക്കളുടെയും അനവധി ധൂപങ്ങളുടേയും  സുഗന്ധം  ആ തണുത്ത അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്നു. 

( തുടരും )