നമ്മുടെ അറുപത്തിനാലാമത്
റിപ്പബ്ലിക് ദിനത്തിനു തൊട്ടു മുന്‍പാണ് റിട്ട. ജസ്റ്റീസ് വര്‍മ്മയും റിട്ട. ജസ്റ്റീസ്
ലീലാ സേഥും പഴയ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യവും ചേര്‍ന്ന് ഒരു
മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് കൊടുത്തത്. സ്ത്രീകള്‍ക്കെതിരേ നടക്കുന്ന
കുറ്റകൃത്യങ്ങള്‍ തടയുവാന്‍ വേണ്ട ചില
നിര്‍ദ്ദേശങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്.
ദില്ലിയില്‍ നടന്ന ആ കൊടുംക്രൂരതയില്‍
കഠിനമായി പ്രതിഷേധിച്ച സാധാരണ ജനങ്ങളെ ലാത്തികൊണ്ട് തടവുകയും
ചെളിവെള്ളത്തില്‍ കുളിപ്പിക്കുകയും
കണ്ണീര്‍ വാതകത്തില്‍ പുകയിടുകയും
ഒക്കെ ചെയ്ത ശേഷം ഒന്ന് സമാശ്വസിപ്പിക്കാന്‍
കേന്ദ്രഗവണ്മെന്‍റ് നിയമിച്ചതാണ് ജസ്റ്റീസ് വര്‍മ്മ കമ്മിറ്റിയെ. കമ്മിറ്റി റിപ്പോര്‍ട്ട് ഇത്ര പെട്ടെന്ന് തയാറാക്കപ്പെടുമെന്ന് നിയമിച്ച ഗവണ്‍മെന്‍റ് തന്നെ കരുതിയിട്ടില്ല. അതുകൊണ്ട് പല ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകളും റിപ്പോര്‍ട്ടെഴുതുന്നതില്‍
യാതൊരു സഹകരണവും കൊടുത്തില്ല. മിക്കവാറും
സംസ്ഥാനങ്ങളിലെ ഏറ്റവും മുതിര്‍ന്ന പോലീസ് ഓഫീസര്‍മാരായ ഡി ജി പിമാര്‍
കമ്മിറ്റിയോട് സംസാരിക്കാന്‍ പോലും തയാറായില്ല. പല സംഘടനകളും കമ്മിറ്റിയുടെ ചോദ്യങ്ങള്‍ക്ക് ഒരുത്തരവും നല്‍കിയില്ല. പക്ഷെ,സാധാരണ ജനങ്ങള്‍ വളരെ നന്നായി പ്രതികരിച്ചുവെന്ന്
കമ്മിറ്റി വെളിപ്പെടുത്തി. ഏറ്റവും ആശാവഹമായ, ഏറ്റവും മഹത്തായ ഒരു
മാറ്റമാണിത്.
കൂടുതലും
സ്ത്രീകളുടെ കാഴ്ചപ്പാടില്‍, സ്ത്രീകള്‍ക്ക് സ്വന്തം ശരീരത്തിന്മേലുള്ള അവകാശ നിര്‍ണയത്തിലുറപ്പിച്ച്
തയാറാക്കിയ ഒന്നാണിതെന്ന നിസ്സാരീകരണം ഈ റിപ്പോര്‍ട്ടിനെ ഇതിനകം ബാധിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇതിലെ ഭൂരിഭാഗം നിര്‍ദ്ദേശങ്ങളും
ഒരിക്കലും നടപ്പിലാക്കപ്പെടുകയില്ലെന്നും
മറ്റു പല റിപ്പോര്‍ട്ടുകളേയും പോലെ ഇതും
കോള്‍ഡ് സ്റ്റോറേജില്‍ സൂക്ഷിക്കപ്പെടുമെന്നും ഉള്ള ആശങ്കയും വ്യാപകമായി
പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ഗവണ്‍മെന്‍റും
പ്രതിപക്ഷവും ഒന്നിച്ചു പുലര്‍ത്തുന്ന
അര്‍ഥഗര്‍ഭമായ മൌനം ഈ സാധ്യതയെ കൂടുതല്‍ ഉറപ്പിക്കുകയും ചെയ്യുന്നു.
ദുരന്തത്തില്‍ പൊലിഞ്ഞു പോയ ദില്ലിയിലെ ആ പെണ്‍ ജീവിതവും അവിടെ സമരത്തിലേര്‍പ്പെട്ട യുവജനങ്ങളും വലിയ
പ്രേരണയായി മാറിയ ഈ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍
പ്രധാനമായും ഇങ്ങനെയൊക്കെയാണ്. സ്ത്രീ
പീഡനങ്ങളെക്കുറിച്ചുള്ള പരാതികളില്‍
എഫ് ഐ ആര്‍ എഴുതാന്‍ വിസമ്മതിക്കുന്ന പോലീസുദ്യോഗസ്ഥന്‍
തീര്‍ച്ചയായും ശിക്ഷിക്കപ്പെടേണ്ടതുണ്ട്. സ്ത്രീകളെ പിന്തുടര്‍ന്ന്
ശല്യപ്പെടുത്തുന്നതും പരസ്യമായി
നഗ്നയാക്കുന്നതും പോലെയുള്ള വ്യത്യസ്ത
രീതിയിലുള്ള ലൈംഗിക പീഡനങ്ങള്‍ക്ക് വ്യത്യസ്ത
ശിക്ഷാവിധികള്‍ നടപ്പിലാക്കേണ്ടതുണ്ട്. പല ലൈംഗിക പീഡനങ്ങള്‍ക്കും ഇപ്പോള്‍
നിലവിലുള്ളതിലും കൂടുതല്‍ കര്‍ശനമായ
ശിക്ഷകള്‍ ഈ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ബലാല്‍ക്കാരം ചെയ്യപ്പെട്ട
സ്ത്രീയില്‍ നടത്തി വരുന്ന കന്യകാത്വ പരിശോധന നിരോധിക്കേണ്ടതാണ്. ഭാര്യ ഭര്‍ത്താവിന്‍റെ അധീനതയിലുള്ള സ്വത്തായി കരുതപ്പെടുന്നതു കൊണ്ടാണ്
ഭര്‍ത്താവ് ഭാര്യയെ ബലാല്‍സംഗം ചെയ്യുന്നത് മാപ്പാക്കിക്കളയാമെന്ന രീതി ഇപ്പോഴും തുടരുന്നതെന്നും കമ്മിറ്റി നിരീക്ഷിക്കുന്നു.
പോലീസ് കസ്റ്റഡിയില്‍ നടക്കുന്ന സ്ത്രീ പീഡനങ്ങള്‍ക്ക് പോലിസ് ഓഫീസര്‍ ശിക്ഷിക്കപ്പെടണമെന്നും AFSPA എന്ന നിയമത്തിന്‍റെ സുരക്ഷ സ്ത്രീ പീഡനം
നടത്തിയ സൈനികന് ഒരിക്കലും ലഭ്യമാകാന്‍
പാടില്ലെന്നുമുള്ള അതിപ്രധാനമായ നിര്‍ദ്ദേശങ്ങള്‍ ഈ കമ്മിറ്റി ശക്തമായി പ്രകടിപ്പിക്കുന്നു. ഒരു
വ്യാഴവട്ടക്കാലമായി AFSPA യ്ക്കെതിരേ നിരന്തര
സമരം ചെയ്യുന്ന ഇറോം ശര്‍മ്മിളയോടുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനമായി കമ്മിറ്റിയുടെ ഈ നീക്കത്തെ കാണാം. പ്രശ്നബാധിത മേഖലകളിലെ
സ്ത്രീ സുരക്ഷയ്ക്ക് സ്പെഷ്യല്‍ കമ്മീഷണര്‍മാരെ
നിയമിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെടുന്നു. ഹിജഡകളും സ്വവര്‍ഗ്ഗസ്നേഹികളും ഉള്‍പ്പെടുന്ന
എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങളും നേരിടേണ്ടി
വരുന്ന ലൈംഗിക പീഡനങ്ങള്‍ക്കെതിരെയും നിയമ നിര്‍മ്മാണമുണ്ടാകണം. തികച്ചും ജാതീയമായ ഖാപ് പഞ്ചായത്തുകള്‍ക്ക് ഇന്ത്യന്‍ ഭരണഘടനക്ക് വിരുദ്ധമായ വിവാഹനിയമങ്ങള്‍ അനുശാസിക്കാനുള്ള
ഒരു അധികാരവുമില്ല. നിരപരാധിത്വം
തെളിയിക്കപ്പെടാത്തിടത്തോളം കുറ്റാരോപിതനായ ഒരാള്‍ക്ക് എം എല്‍ എ യോ എം പി യോ ആവാനുള്ള അവസരമുണ്ടാവരുത് . പോലീസും കോടതികളും
പീഡിതരോട് ലിംഗനീതിയോടെയും സുജനമര്യാദയോടെയും
പെരുമാറാനുള്ള പരിശീലനം നേടണം. കേസുകള്‍ ഏറ്റവും വേഗം നീതിപൂര്‍വകമായി
അന്വേഷിക്കപ്പെടുകയും കൂടുതല്‍ ജഡ്ജിമാരും അതിവേഗ കോടതികളും ഉണ്ടാവുകയും വേണം. ബലാല്‍സംഗം ചെയ്തവന് ജീവപര്യന്തം തടവ് എന്നാല്‍ ജീവിതം മുഴുവനും തടവ് എന്ന അര്‍ഥമാണെന്ന് കമ്മിറ്റി
പറയുമ്പോള്‍, ബലാല്‍സംഗത്തിനിരയായതുകൊണ്ട്
മാത്രം നാല്‍പതു വര്‍ഷമായി ബോധമില്ലാതെ
കിടക്കുന്ന അരുണാ ഷാന്‍ബാഗിന്‍റെ ദൈന്യം
കണ്മുന്നില്‍ തെളിയുന്നു. ദൈവ നീതിയനുസരിച്ചോ
മനുഷ്യ നീതിയനുസരിച്ചോ അങ്ങനെ ഇരയ്ക്ക് മാത്രമാവരുതല്ലോ ജീവപര്യന്തം!