Monday, June 24, 2013

ചില പാലങ്ങള്‍ ഒരു പുഞ്ചിരിയാല്‍ കടന്നു പോവുന്നത്....


https://www.facebook.com/groups/yaathra/permalink/495478413875551/
യാത്രാ ഗ്രൂപ്പ്.


ഒരുപാട് പ്രസിദ്ധീകരണങ്ങള്‍ വരുമായിരുന്നു വീട്ടില്‍. ഇംഗ്ലീഷിലും മലയാളത്തിലും  വളരെ ചുരുക്കമായി  തമിഴിലും അച്ചടിക്കപ്പെട്ടവ. അക്ഷരമറിയാത്ത കാലത്തു പോലും ഒറ്റയ്ക്കിരുന്ന് അവയെല്ലാം  മറിച്ചു നോക്കുന്നതും നന്നെ  മടുക്കുമ്പോള്‍ അടുത്തെങ്ങും ആരുമില്ലെന്നു  ഉറപ്പു വരുത്തി,  അതില്‍  ചിലതൊക്കെ വലിച്ചു  കീറിക്കളയുന്നതും എനിക്കിഷ്ടമായിരുന്നു.

വളര്‍ച്ചയുടെ കാലഘട്ടത്തില്‍  ഏതോ  ഒരു ദിവസമാണ് ശങ്കര്‍ സിമന്‍റെന്നും അതുകൊണ്ട് പണിത പാമ്പന്‍ പാലമെന്നും  ഞാന്‍ കേള്‍ക്കുന്നത്.   അതൊരു പരസ്യമായിരുന്നു. ബലം കൂടിയ സിമന്‍റിന്‍റെ...  അതുപയോഗിച്ചു പണിത പാമ്പന്‍പാലത്തിന്‍റെ.... അച്ഛന്‍റെ അടുത്ത സുഹൃത്തായ ഉമാപ്പയാണ്  പാമ്പന്‍ പാലത്തെക്കുറിച്ച്  സംസാരിച്ചുകൊണ്ടിരുന്നത്. ഉമാപ്പ വിദഗ്ധനായ ഒരു  സിവില്‍ എന്‍ജിനീയര്‍ ആയിരുന്നു, അധ്യാപകന്‍ ആയിരുന്നു. ചെറിയ കുട്ടിയായിരുന്ന എനിക്ക് ഉച്ചരിക്കാന്‍  നന്നെ ബുദ്ധിമുട്ടുണ്ടായിരുന്ന മുസ്തഫ എന്ന ഘനഗംഭീരമായ  പേരായിരുന്നു  അദ്ദേഹത്തിന്‍റേത്. ആ പേര് എന്‍റെ ഇഷ്ടത്തിനു ഞാന്‍ മാറ്റിയതാണ് ഉമാപ്പ. പിന്നീട് ആ പേരില്‍ മാത്രമേ അദ്ദേഹത്തെ വീട്ടിലും എല്ലാവരും വിളിച്ചിരുന്നുള്ളൂ. 

പാമ്പന്‍ എന്ന പേര്  അല്‍പം വിറയലുണ്ടാക്കിയെങ്കിലും എനിക്കാകര്‍ഷകമായിത്തോന്നി. പാമ്പന്‍ പാലം വലിയൊരു പാമ്പായിരിക്കുമെന്ന് ഓര്‍മ്മിക്കുമ്പോഴൊക്കെ പറഞ്ഞറിയിക്കാനാവാത്ത  ഒരു ഭയവും വീര്‍പ്പുമുട്ടലും എന്നെ ഗ്രസിക്കും. അതുപോലെ തന്നെ ചെറുപ്പത്തില്‍ എന്‍റെ മനസ്സില്‍ എവിടുന്നോ വന്നു കുടിയേറി പാര്‍ത്ത   മറ്റൊരു വാക്കായിരുന്നു.... കുതിരാന്‍ കയറ്റമെന്നത്. അതിനൊരു കുതിരയുടെ മുഖമായിരിക്കുമെന്നു ഞാന്‍  വിചാരിച്ചുപോന്നു.പാലക്കാടു നിന്ന് തൃശ്ശൂര്‍ക്ക് പോവുമ്പോള്‍ കുതിരാന്‍ എന്നൊരു ഭയങ്കര കയറ്റമുണ്ടെന്നും വാഹനങ്ങളുടെ ടയറുകളും ബ്രേക്കുമെല്ലാം അവിടെ ഉച്ചത്തില്‍ കരയുമെന്നും  പിന്നീട് വളരെക്കാലം കഴിഞ്ഞാണ് ഞാന്‍ മനസ്സിലാക്കിയത്. 

അങ്ങനെ കാണാന്‍ കാത്തിരുന്ന പാമ്പന്‍ പാലത്തിലൂടെ ആദ്യം ഞാന്‍ കടന്നു പോയത് ഗാഢനിദ്രയിലായിരുന്നു.  അപ്പോഴൊരു  പാതിരാവുമായിരുന്നു. നേരം പുലര്‍ന്ന് രാമേശ്വരത്ത്  കണ്‍മിഴിച്ചപ്പോഴാണ് പാമ്പന്‍ പാലം കടന്നു പോന്നുവെന്ന സങ്കടം എന്നെ വേദനിപ്പിച്ചത്.  തിരിച്ചു വന്നതിനെക്കുറിച്ചാവട്ടെ   യാതൊന്നും എന്‍റെ മനസ്സില്‍  തെളിയുന്നുമില്ല.. ഞാനുറങ്ങുകയായിരുന്നുവോ അപ്പോഴും...   ദിവസങ്ങളില്‍  ഞാനൊരു ചെറിയ കുട്ടിയായിരുന്നിരിക്കണം... സ്നേഹവും സുരക്ഷിതത്വവും പകരുന്ന   കരവലയത്തെ കിനാക്കണ്ട്   ഉറങ്ങിപ്പോയൊരു  കൊച്ചു കുട്ടി... കരവലയം എത്ര പെട്ടെന്നാണ് അഴിഞ്ഞു പോകുന്നതെന്ന്  കൊച്ചുകുട്ടികള്‍ പതുക്കെ മാത്രമേ അറിയുകയുള്ളൂ. അപ്പോഴേക്കും ഭൂഖണ്ഡങ്ങള്‍ അകന്നു കഴിഞ്ഞിരിക്കും. കാലാവസ്ഥകള്‍ മാറി മറിഞ്ഞിരിക്കും.   

ചില യാത്രകളില്‍  ചിലര്‍ നമ്മോട്  സംസാരിക്കും .. ഒന്നോ രണ്ടോ വാചകങ്ങള്‍... ഒരുപക്ഷെ, ചെയ്യുന്ന ഏതൊരു  യാത്രകളിലുമധികം ആ വാചകങ്ങളാവും  നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കുക.. അങ്ങനെ ഏതോ ഒരു ഏകാന്തമായ വഴിത്താരയിലാണ് ഞാനീ വാക്കുകള്‍ കേട്ടത്...  നിനക്ക് കാണാനുള്ളത് , നിനക്കുള്ളത്  നിന്‍റെ മുമ്പില്‍ വരിക തന്നെ ചെയ്യും.... കാത്ത് കാത്തിരുന്ന് കിട്ടുന്ന  യാത്രകളില്‍ നഷ്ടമാകാറുള്ള എല്ലാ കാഴ്ചകളിലും അനുഭവങ്ങളിലും  ആദ്യം ഒരു സങ്കടം നെഞ്ചിലുരുളുമെങ്കിലും പിന്നെ സാവധാനമായി  മനസ്സ് ഈ വാചകത്തില്‍ എത്തിച്ചേരാറുണ്ട്. അത്  പറഞ്ഞു  തന്നത്  അങ്ങനെയൊരാളായിരുന്നു... ബാട്ടി അല്ലെങ്കില്‍  ടിക്ട് എന്നറിയപ്പെടുന്ന, ഗോതമ്പു കൊണ്ടുണ്ടാക്കിയതും  നന്നേ ഘനമുള്ളതുമായ പഹാഡി റൊട്ടിയുടെ ഒരു കഷ്ണവും  സവാളയും മുറിച്ചു  തന്നുകൊണ്ട്  വടിയും കുത്തി  എനിക്കൊപ്പം വന്ന ഒരു സാധു...തണു തണുത്ത മഴ പെയ്യുന്നതിനു തൊട്ടു മുന്‍പുള്ള ഇരുളിമയില്‍ വേഗം നടന്ന്  ധര്‍മ്മ സത്രത്തിലെത്തും മുന്‍പേ... അതെവിടമായിരുന്നു... ചമോളിയോ ....  ജ്യോഷിമഠോ ... 

തനിച്ചായാലും ആരെങ്കിലും കൂട്ടുണ്ടായാലും യാത്രകളില്‍ പാലിക്കേണ്ട  സംയമനത്തെപ്പറ്റിയും അന്ന് ആ  സാധു എന്നെ ഓര്‍മ്മിപ്പിക്കുകയുണ്ടായി...  അഹന്തയും  അക്ഷമയും താനാണ്  കേമനെന്ന തെറ്റിദ്ധാരണയും യാത്രാ പരിസരങ്ങളെപ്പറ്റിയും അവിടത്തെ ജനങ്ങളെപ്പറ്റിയുമുള്ള അജ്ഞതയും   യാത്രികരുടെ  ശത്രുക്കളാണ്. കൂടുതല്‍ക്കൂടുതല്‍  യാത്രകള്‍ ചെയ്യുന്തോറും ആളൊഴിഞ്ഞ  ഹിമാലയ വീഥികള്‍ പലവട്ടം അളന്ന ആ സാധു പറഞ്ഞത് തികച്ചും സത്യമാണെന്ന് മനസ്സിലാക്കുകയായിരുന്നു ഞാന്‍. 

പാമ്പന്‍ പാലം കാണാന്‍ പിന്നെയും കൂടുതല്‍  അവസരങ്ങളുണ്ടായി. ഇന്ദിരാഗാന്ധി അന്നൈപ്പാലത്തില്‍ നിന്ന് തൊട്ട് താഴെയുള്ള റെയില്‍പ്പാലത്തിലൂടെ  ട്രെയിന്‍  പോകുന്നത് കാണാനും  അനവധി അനവധി മീന്‍  പിടുത്ത ബോട്ടുകളെ ഒന്നേ രണ്ടേ എന്ന്  എണ്ണമെടുക്കാനുമായി.  ഉപ്പും മുളകും  പുരട്ടിയ  മാങ്ങാക്കഷണങ്ങള്‍ അതീവ രുചിയോടെ തിന്നുകയും വര്‍ണാഭമായ നീളമേറിയ ശംഖ് മാലകളുടെ സൌന്ദര്യമാസ്വദിക്കുകയും ചെയ്തു.  അപ്പോള്‍ പാലത്തിനിരുവശവും ബംഗാള്‍ ഉള്‍ക്കടല്‍ കടല്‍പ്പച്ച നിറത്തിലെ തൂവെള്ള അലുക്കുകളിലെ, നേര്‍ത്ത ഉടയാടയില്‍ സര്‍വാംഗ മോഹിനിയായി തുള്ളിത്തുളുമ്പി..  

 ദേ ...   പുഞ്ചിരി,
 
പുഞ്ചിരിയോ?
 
അതെ....  നോക്കു .... 

അവളാണു പുഞ്ചിരി....  

എവിടെയായാലും എന്തു കണ്ടാലും അവള്‍ മിണ്ടുകയില്ല, അവള്‍ക്ക് ഒരു ചെവിയുടെ കേള്‍വി    കുറവാണ്.  അവളുടെ കൈകാലുകളും കഴുത്തും അനിയന്ത്രിതമായി ചലിക്കുകയോ കടുത്ത ബലത്തോടെ ശകലം പോലും  വഴങ്ങാതിരിക്കുയോ ചെയ്യും... ശാരീരിക ചലനങ്ങളെ നിയന്ത്രിക്കുന്ന മോട്ടോര്‍ നെര്‍വ് ഏകദേശം പൂര്‍ണമായും തകരാറായിപ്പോയ കുഞ്ഞായിരുന്നു അവള്‍.  എങ്കിലും സ്വന്തം മനസ്സും വികാരങ്ങളും  വെളിപ്പെടുത്താന്‍ കൈകാലുകളെയും കഴുത്തിനേയും ഇളക്കി ആട്ടിക്കാണിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. അനിയന്ത്രിതമായ ഈ ബലം പിടുത്തം കൊണ്ട്  അവള്‍ക്കെപ്പോഴും മാംസപേശികളില്‍ വേദനയുണ്ടാവും. നമ്മള്‍ കൈകാലുകള്‍ തടവിക്കൊടുക്കുമ്പോള്‍ ആ  മുഖത്ത് ഒരു ചിരി വിരിയും...  ഏത് അവിശ്വാസിയ്ക്കും  അപ്പോള്‍  ദൈവം മുന്നില്‍ നിന്ന്   പുഞ്ചിരിക്കുന്നതായി തോന്നിപ്പോകും... അത്രമേല്‍  മനോഹരമാണ്  ദൈവികമാണ് ആ പുഞ്ചിരി. ആ പുഞ്ചിരിയും  ഇടയ്ക്കിടെയുള്ള  നാക്കു  നീട്ടലും  മൂന്നാലു തരം വ്യത്യസ്തങ്ങളായ മൂളലുകളും മാത്രമാണ് അവളൂടെ സ്വയം പ്രകാശനോപാധികള്‍.. ഒരിക്കലും ചികില്‍സിച്ചു  മാറ്റാനാവാത്ത ഗുരുതരമായ മസ്തിഷ്ക്ക തകരാറുകളാണവള്‍ക്ക്...എങ്കിലും അവളുടെ ബുദ്ധിശക്തിക്ക് കുറവൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ എന്നോട് പറഞ്ഞിരുന്നു.

അതുകൊണ്ട് ഞാന്‍ മുടങ്ങാതെ അവളെ എല്ലാ എക്സര്‍ സൈസും ചെയ്യിച്ചു. വഴക്കമില്ലാത്ത ഒന്നും പിടിക്കാനാവാത്ത അവളുടെ കൈകാലുകളെ വഴക്കമെന്ന വാക്കിന്‍റെ അര്‍ഥമറിയിക്കാനാവുമോ എന്നു നോക്കാന്‍  മാത്രം.... അതൊരു അവസാനമില്ലാത്ത പരിശ്രമമായിരുന്നു.... 

മൂത്രമൊഴിക്കാനും അപ്പിയിടാനും  ഒന്ന് രണ്ട് എന്ന് വിരല്‍ മടക്കി ചോദിച്ച്  പഠിപ്പിച്ചു.

വിശക്കുന്നുവെന്നും ദാഹിക്കുന്നുവെന്നും  വയറ്റില്‍  തൊട്ടും  ചുണ്ടില്‍ തൊട്ടും  കാണിച്ചു  ശീലിപ്പിച്ചു. 

ചിത്രപുസ്തകങ്ങള്‍  കാണിച്ച് ആര് എന്ത് എവിടെ എപ്പോള്‍ എങ്ങനെ എന്നൊക്കെ വിശദീകരിച്ചു.. 

പുല്‍പ്പരപ്പിലും പൂഴിയിലും ചരലിലുമെല്ലാം അവളുടെ നിവരാത്ത കാലുകളേയും കൈകളേയും മെല്ലെ മെല്ലെ നിവര്‍ത്തി പതിപ്പിച്ചു. പുതിയ ഓരോ സ്പര്‍ശവും അവളില്‍ പുഞ്ചിരിയായി ഉതിര്‍ന്നു വീഴുമായിരുന്നു.  

ഇതൊന്നും ഒട്ടും എളുപ്പമായിരുന്നില്ല. കാരണം  എനിക്കും ഇതിനെപ്പറ്റി യാതൊന്നും അറിയുമായിരുന്നില്ലല്ലോ. ഏറ്റവും എളുപ്പം ഏറ്റവും നിസ്സാരം എന്നൊക്കെ എന്നെപ്പോലെയുള്ളവര്‍ തെറ്റിദ്ധരിച്ചു  പോകുന്നതൊന്നും അത്ര  എളുപ്പവും  തീരെ നിസ്സാരവുമല്ലെന്ന് പുഞ്ചിരിയാണെനിക്ക് പറഞ്ഞു തന്നത്.  

എന്നിട്ടും വല്ലപ്പോഴുമൊക്കെ അവള്‍  ഉടുപ്പില്‍ മൂത്രമൊഴിച്ചു. അപ്പിയിട്ടു. ചിലപ്പോള്‍  എന്തിനെന്നറിയാതെ കരയുകയും മറ്റു ചിലപ്പോള്‍  കോപിക്കുകയും ചെയ്തു. പിണങ്ങുമ്പോള്‍ അവള്‍  ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും  വായ് തുറക്കില്ല.  എന്‍റെ വീഴ്ചകളില്‍ ദയവായി പൊരുത്തപ്പെടണമെന്ന് ഞാനവളോട് അപ്പോഴൊക്കെ  പറയുമായിരുന്നു. എങ്കിലും ചിലപ്പോള്‍ ഞാനും  ദേഷ്യപ്പെടുകയും അവളെ വഴക്കു പറയുകയും തല്ലുകയും ചെയ്തു. അപ്പോള്‍ അവള്‍   മുഖം  കുനിക്കാന്‍ ശ്രമിച്ച് നാക്കു നീട്ടാന്‍  ശ്രമിച്ച്  പിണക്കം നടിച്ച്... അങ്ങനെയങ്ങനെ... പിന്നീട്  ഞാനവളെ മാറോടു ചേര്‍ത്തുമ്മ വെയ്ക്കും ...   ഞാന്‍ പോകുന്നിടത്തെല്ലാം അവളെ കൊണ്ടു  പോകും. ഒരിടത്തു നിന്നും ഞാനവളെ മാറ്റി നിറുത്തിയില്ല.... അവളെനിക്ക്  ഒരിക്കലും അപമാനമായിരുന്നില്ല... അതുകൊണ്ട്  എന്‍റെ  കരവലയങ്ങള്‍ ഒരിക്കലും അവളില്‍ നിന്ന് അഴിഞ്ഞകന്നതുമില്ല.     

ഞങ്ങളൊന്നിച്ച് ഇന്ദിരാഗാന്ധി അന്നൈ പാലത്തില്‍ നില്‍ക്കുകയായിരുന്നു. പാക് കടലിടുക്ക് നീന്തിക്കടന്ന മിഹിര്‍ സെന്നിന്‍റെ  ഒരു  കുറിപ്പ് പണ്ടെപ്പോഴോ വായിച്ചത് അവ്യക്തമായെങ്കിലും  ഞാനോര്‍ക്കാതിരുന്നില്ല. അതിനു  മുന്‍പും അതിനു ശേഷവും അനവധി പേര്‍ ഈ കടലിടുക്കിന്‍റെ  പ്രലോഭനത്തെ  കീഴടക്കിയിട്ടുണ്ട്.   വണ്ടികള്‍ പാലത്തില്‍ പാര്‍ക്ക് ചെയ്യരുതെന്ന് ബോര്‍ഡൊക്കെയുണ്ടെങ്കിലും എല്ലാ സ്വകാര്യവാഹനങ്ങളും പാലത്തില്‍ അല്‍പനേരം നിറുത്തി  യാത്രികര്‍ തൊട്ടു താഴെയുള്ള  രണ്ടായി അകന്നു  മാറുന്ന റെയില്‍വേപ്പാലവും ശാന്തയായി പുഞ്ചിരിക്കുന്ന ബംഗാള്‍  ഉള്‍ക്കടലും നോക്കിക്കാണാറുണ്ട്.... 
 യുവമിഥുനങ്ങള്‍  പ്രണയാതുരമായ നോട്ടങ്ങളുമായി സാഗരനീലിമയുടെ പശ്ചാത്തലത്തില്‍ ക്യാമറയെ അഭിമുഖീകരിക്കാറുണ്ട്...ചില്ലറ തീറ്റസ്സാധനങ്ങളായ മാങ്ങയും പൈനാപ്പിളും നിലക്കടലയും വില്‍ക്കുന്നവരും  കൌതുകവസ്തുക്കളും ചിപ്പിമാലകളും വേണോ എന്നു ചോദിക്കുന്ന തമിഴത്തികളുമുണ്ടാവാറുണ്ട്.    

എന്‍റെ  കൈയില്‍  തൂങ്ങി,  വളഞ്ഞു പുളഞ്ഞ്   പാദങ്ങള്‍ നിലത്തു കുത്താനാവാതെ  .... അവള്‍  പുഞ്ചിരി പൊഴിച്ചു.  

എല്ലാ ഇല്ലായ്മകളിലും  വിടര്‍ന്നു ചിരിക്കുന്ന അവളെ പുഞ്ചിരി എന്ന്  മാത്രമല്ലേ  എനിക്ക് വിളിക്കാനാവുമായിരുന്നുള്ളൂ. 

അതുകൊണ്ട് മറ്റൊരു പേരും  ഞാനവള്‍ക്കു നല്‍കിയില്ല. 

ആ പാലങ്ങളെക്കുറിച്ചുള്ള എന്‍റെ ചെറിയ അറിവെല്ലാം ഞാനവളുമായി പങ്കുവെച്ചു...... എല്ലാമെല്ലാം പങ്കുവെയ്ക്കുന്നതു പോലെ... 

ആദ്യം മീറ്റര്‍ഗേജായി തുടങ്ങിയ റെയില്‍പ്പാലം 1914 ലാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ഇന്ത്യാരാജ്യത്തിനെ മണ്ഡപമെന്ന സ്ഥലത്തു നിന്നും  രാമേശ്വരം ഉള്‍പ്പെടുന്ന പാമ്പന്‍  തുരുത്തുമായി ബന്ധിപ്പിക്കുന്ന ഈ പാലം  പാക് കടലിടുക്കിനു മുകളിലൂടെയാണ്. 2345 മീറ്റര്‍ നീളമുള്ള ഈ പാലം ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലങ്ങളില്‍ രണ്ടാമത്തേതത്രേ. ആദ്യത്തേത്  മുംബൈയിലെ ബാന്ദ്രക്കും വര്‍ലിക്കും ഇടയിലുള്ള കടല്‍പ്പാലമാണ്. ‍  1989 ല്‍  മോട്ടോര്‍ വാഹനങ്ങള്‍ക്ക് പോകാന്‍ പറ്റുന്നതും  അല്‍പം ഉയര്‍ന്നു  നില്‍ക്കുന്നതുമായ  ഇന്ദിരാഗാന്ധി അന്നൈ പാലം വരും വരെ പാമ്പന്‍പാലമെന്ന റെയില്‍പ്പാലം മാത്രമേ യാത്രായോഗ്യമായി ഉണ്ടായിരുന്നുള്ളൂ. വലിയ ബോട്ടുകള്‍ക്കു വേണ്ടി  അകന്നു മാറാന്‍  കഴിയുന്ന ഈ റെയില്‍പ്പാലം ബ്രിട്ടീഷുകാരുടെ  ഒരു നൂറ്റാണ്ട് മുമ്പത്തെ സാങ്കേതികവൈദഗ്ദ്ധ്യം ഇപ്പോഴും വിളിച്ചോതുന്നു. കാറ്റിന്‍റെ  ഗതി  അറിയിക്കാനുള്ള  സംവിധാനങ്ങള്‍  ഇവിടെയുണ്ട്.  ഇത്ര കുഴപ്പം പിടിച്ച   സമുദ്രമേഖലയിലായി  മറ്റൊരു പാലമുള്ളത്   അമേരിക്കയിലെ മിയാമിയിലാണു  പോലും. ബ്രിട്ടീഷുകാര്‍ പണിത പഴയ  മീറ്റര്‍ഗേജ് പാലം  ഇന്ത്യാ ഗവണ്മെന്‍റ്  2007 ല്‍  ബ്രോഡ് ഗേജാക്കി നവീകരിച്ചു. 
 
പാലത്തിലൂടെ തീവണ്ടി  ഛഗ്  ഛഗ് എന്ന് കടന്നു പോവുമ്പോള്‍ നിയന്ത്രിക്കാനാവാത്ത ശരീര ചലനങ്ങളില്‍ ആയാസത്തോടെയാണെങ്കിലും പുഞ്ചിരി  ട്രെയിന്‍ യാത്രക്കാര്‍ക്ക് റ്റാറ്റാ പറയുന്നുണ്ടായിരുന്നു....അതിന്‍റെ ഇടയ്ക്കും ഞാന്‍ പറഞ്ഞതെല്ലാം അവള്‍  പൂര്‍ണമായും മനസ്സിലാക്കിക്കാണുമെന്ന്, അവള്‍ക്കെന്നെ അറിയുമായിരിക്കുമെന്ന് വിശ്വസിക്കാനാണ്  ഇന്നും എനിക്കിഷ്ടം.

ഇത്തരം ചില  വിശ്വാസങ്ങളുടെ വിചിത്രമായ ബലമില്ലെങ്കില്‍  ഈ ജീവിതത്തെ  എങ്ങനെയാണ് ഞങ്ങള്‍ നേരിടുക ?

(തുടരും)

Monday, June 17, 2013

ഞാനുള്‍പ്പെടുന്നതും എന്‍റേതായതും മാത്രം ....


https://www.facebook.com/echmu.kutty/posts/166331763546126

( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ജൂണ്‍ 14   നു  പ്രസിദ്ധീകരിച്ചത്. )

ഹിന്ദു മത വിശ്വാസികള്‍ക്കൊപ്പം ചന്ദനവും ഭസ്മക്കുറിയുമായി   അനവധി  അമ്പലങ്ങളില്‍ ഞാന്‍ പ്രാര്‍ഥിച്ചിട്ടുണ്ട്.  ക്രിസ്തു മത വിശ്വാസികള്‍ക്കൊപ്പം തലയില്‍  നെറ്റിട്ട് ഏറെ പള്ളികളില്‍  പോയി മുട്ടുകുത്തി കുരിശു വരച്ചിട്ടുണ്ട്.   സിക്കുകാര്‍ക്കൊപ്പം  തലമുടി  മറച്ച് കുറേ  ഗുരുദ്വാരകളില്‍ ഇരുന്ന്  ഗുരു ഗ്രന്ഥ പാരായണം കേട്ടിട്ടുണ്ട്. അവരുടെ സമൂഹസദ്യയായ ലങ്കറില്‍ പങ്കെടുത്തിട്ടുണ്ട്.     ഇസ്ലാം മതവിശ്വാസികള്‍ക്കൊപ്പം കുറച്ച്   ദര്‍ഗകളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്. എണ്ണത്തില്‍  നന്നെ കുറവെങ്കിലും  ചില ബുദ്ധവിഹാരങ്ങളിലും ജൈന ആരാധനാലയങ്ങളിലും കടന്നു ചെല്ലാനും  സാധിച്ചിട്ടുണ്ട്.   യുക്തിവാദികളും  നാസ്തികരും പുരോഗമനവാദികളും  എതിര്‍ത്ത്  എന്തൊക്കെ പറഞ്ഞാലും വിശ്വാസികള്‍ അതൊന്നും ശകലം  പോലും ചെവിക്കൊള്ളാതെ ആരാധനാലയങ്ങളില്‍  ശരണം പ്രാപിക്കുന്നതും പുരോഹിതന്മാരുടെ  നിര്‍ദ്ദേശങ്ങള്‍ നിഷ്ഠകളോടെ  അനുസരിക്കുന്നതും  സാഷ്ടാംഗം  പ്രണമിക്കുന്നതും അങ്ങനെ അവരവരെ സമ്പൂര്‍ണമായി ദൈവത്തിനു  സമര്‍പ്പിക്കുന്നതും ഞാന്‍ അതീവ താല്‍പര്യത്തോടെ കണ്ടു നില്‍ക്കാറുണ്ട്. സങ്കടപ്പെടുന്നവരും വേദനിക്കുന്നവരും കഷ്ടപ്പെടുന്നവരുമായ  മനുഷ്യരുടെ നീറുന്ന ഉള്ളിനെ തണുപ്പിക്കുന്ന,  ജീവിക്കാനുള്ള  ആത്മവിശ്വാസം പകരുന്ന  എന്തായിരിക്കും ആരാധനാലയങ്ങളിലും പുരോഹിതന്മാരുടെ  നിര്‍ദ്ദേശങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും ഒളിഞ്ഞിരിക്കുന്നതെന്ന് അപ്പോഴെല്ലാം  ആത്മാര്‍ഥമായി ആലോചിക്കാറുമുണ്ട്.

അവരവര്‍ക്കാവശ്യമുള്ളതിനായി  ഒന്നേ രണ്ടേ എന്ന് എണ്ണമിട്ട്  പ്രാര്‍ഥിക്കുവാന്‍ സാധിക്കുന്നതുകൊണ്ടാവുമോ എല്ലാവരും ആരാധനാലയങ്ങളില്‍ അടിഞ്ഞു കൂടുന്നത്? ആരാധനാലയങ്ങളുടെ  പ്രശസ്തിയനുസരിച്ച് വിദൂരദേശങ്ങളില്‍  നിന്നു കൂടി എല്ലാവരും  എത്തിച്ചേരുന്നത് പോലെ  ഒരു  പൊതുകാര്യത്തിനായി ഒന്നിച്ചു  ചേരാന്‍  പരമ ഭക്തരായ  മനുഷ്യരില്‍  തന്നെ എത്ര പേരാവും  നിഷ്ഠയോടെ  തയാറായി  വരിക ? അത്  മരം വെയ്ക്കലോ റോഡുണ്ടാക്കലോ  കുളം വൃത്തിയാക്കലോ  മാലിന്യ നിര്‍മ്മാര്‍ജ്ജനമോ എന്തുമാവട്ടെ.....  വിശ്വാസത്തിലും ഭക്തിയിലും ആചാരാനുഷ്ഠാനങ്ങളിലും എല്ലാം സര്‍വ  പ്രധാനം  ഞാനും എന്‍റേതും എന്ന വികാരം തന്നെയാണോ?

ഏതു മതത്തിലായാലും വിശ്വാസികളായ പുരുഷന്മാരേക്കാള്‍ എന്തുകൊണ്ടും  ഭക്തിയും വിശ്വാസവും അധികം പ്രദര്‍ശിപ്പിക്കുക സ്ത്രീകളായിരിക്കും.  കുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും  ഭാവിയും മാത്രമല്ല, പെണ്ണ് എന്ന നിലയില്‍  പ്രതിനിമിഷം സ്വയം അനുഭവിക്കുന്ന, വീട്ടിനകത്തും പുറത്തുമുള്ള  സുരക്ഷിതത്വമില്ലായ്മയും  സ്ത്രീകളെ അതിഭയങ്കരമായി  അലട്ടുന്നതുകൊണ്ടാവാം അത്.  പ്രാര്‍ഥനകളിലും വ്രതങ്ങളിലും പൂജകളിലും ഉപവാസങ്ങളിലും  പ്രസാദിച്ച്   തങ്ങളുടെ ദൈവം തനിക്കും തന്‍റെ പ്രിയപ്പെട്ടവര്‍ക്കും കാവലായിത്തീരുമെന്ന് തന്നെ, പ്രാര്‍ഥിക്കുന്ന ഭൂരിഭാഗം സ്ത്രീകളും കരുതുന്നു. സാമൂഹികമായും സാമ്പത്തികമായും കൂടുതല്‍ കരുത്തു നേടുകയും  തീരുമാനങ്ങള്‍ എടുക്കാനും അവ നടപ്പിലാക്കാനും സാധിക്കും വിധത്തില്‍ സ്വന്തം വ്യക്തിത്വത്തിനു മാറ്റുണ്ടാവുകയും ചെയ്യുമ്പോള്‍ സ്ത്രീകളുടെ  പ്രാര്‍ഥനകള്‍ക്കും പൂജകള്‍ക്കും വ്രതങ്ങള്‍ക്കും  വ്യത്യാസമുണ്ടാവുമോ  എന്നറിയില്ല.  

എന്തുകൊണ്ട് തങ്ങളുടെ ദൈവം  എന്ന് ഇത്രമാത്രം വേര്‍തിരിച്ച് കാണുന്നുവെന്ന് ഞാന്‍ കടുത്ത ഭക്തകളായ ഉറച്ച  വിശ്വാസികളായ വ്യത്യസ്ത മതക്കാരായ  പല സ്ത്രീകളോടും ചോദിച്ചിട്ടുണ്ട്. ഏയ്, ഞങ്ങള്‍ക്കങ്ങനെയൊന്നുമില്ല  എന്നൊരു ഒഴുക്കന്‍ മറുപടിയിലൂടെ  കഴിയുന്നതും  ഈ ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞു  മാറാനാണ്  അധികം പേരും താല്‍പര്യം കാട്ടിയിട്ടുള്ളത്.  ഉത്തരം പറയാന്‍ ശ്രമിച്ചവരാകട്ടെ തങ്ങള്‍ ജനിച്ച മതവും  ആ മതത്തിലൂടെ  പരിചയവും ശീലവുമായ ദൈവസങ്കല്‍പവും  മാത്രമേ സത്യമായി  നിലനില്‍ക്കുന്നുള്ളൂ എന്ന് വിശ്വസിക്കുകയും ചെയ്യുന്നു . തൊഴുകയും  പ്രാര്‍ഥിക്കുകയും വ്രതമെടുക്കുകയും ഉപവസിക്കുകയും ഒക്കെ  ചെയ്യുന്ന സ്ത്രീകള്‍ക്ക്  മറ്റു മതങ്ങളില്‍ പെട്ട സ്ത്രീകളെ  കഠിനമായി വെറുക്കാനും   നശിച്ചു പോകട്ടെ എന്ന് ശപിക്കാനും  ആയുധമെടുക്കാനും സാധിക്കുന്നതും അതുകൊണ്ടു തന്നെയാവണം. സഹിഷ്ണുതയില്ലാത്ത വിശ്വാസം എത്ര വലിയ സാമൂഹിക വിപത്തുകളെയാണുണ്ടാക്കുകയെന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ കാലങ്ങളില്‍ പൊട്ടിപ്പുറപ്പെട്ടിട്ടുള്ള എല്ലാ തരം  വര്‍ഗീയ കലാപങ്ങളും  വിളിച്ചു പറയുന്നുണ്ടല്ലോ. 

ഇതുവരെ  നമ്മുടെ നാട്ടിലുണ്ടായ  സകല  മത വര്‍ഗീയ കലാപങ്ങളിലും ഏറ്റവുമധികം  നഷ്ടപ്പെടേണ്ടി വന്നവര്‍  എന്നും സ്ത്രീകളായിരുന്നു. അവര്‍ക്ക് അച്ഛനും സഹോദരനും ഭര്‍ത്താവും മക്കളും ധനവും വീടും മാത്രമല്ല നഷ്ടപ്പെടുന്നത്. ഓരോ  കലാപവും  അതില്‍ അകപ്പെട്ടു പോകുന്ന  സ്ത്രീകളുടെ ആത്മാവിനെയും  മനസ്സിനെയും ശരീരത്തെയും  കൂടി പിച്ചിച്ചീന്തിക്കളയുന്നു. സ്ത്രീയുടെ ആത്മാവിനും മനസ്സിനും ഏല്‍ക്കുന്ന പരിക്കുകളെ സമൂഹം അത്ര കാര്യമാക്കാറില്ലെങ്കിലും ശരീരത്തിന്‍റെ  പരിക്കുകള്‍ അവളുടെ മാനനഷ്ടത്തിന്‍റെ എന്നത്തേയുമുള്ള തെളിവുകളായി നിലനില്‍ക്കുന്നു.

ആ ഒറ്റക്കാരണം കൊണ്ടു തന്നെ സഹിഷ്ണുതയുടെ പാഠങ്ങളും  അന്തസ്സുറ്റ  ജീവിതത്തിനുള്ള  എല്ലാവരുടേയും തുല്യമായ അവകാശങ്ങളും ഒരുപക്ഷെ,  പുരുഷന്മാരേക്കാള്‍  ഗൌരവത്തോടെയും ആത്മാര്‍ഥതയോടെയും മനസ്സിലാക്കാനും സ്വയം പിന്തുടരാനും അടുത്ത തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും സ്ത്രീകള്‍ക്ക് കൂടുതല്‍ ആര്‍ജ്ജവമുണ്ടാകണമെന്നാണ് എനിക്ക് തോന്നുന്നത്.  അന്യ വിശ്വാസികള്‍ക്കൊപ്പമാവുമ്പോള്‍ മാത്രം എല്ലാ മനുഷ്യരും സുലഭമായി പ്രകടിപ്പിക്കുന്ന പുരോഗമനവും യുക്തിവാദവും സംശയവും  പോരാ, നമുക്ക് .  സ്വന്തം മതത്തിലും വിശ്വാസത്തിലും വന്നു കൂടിയേക്കാന്‍ സാധ്യതയുള്ള മനുഷ്യത്വരഹിതമായതും സ്വാര്‍ഥത നിമിത്തം  ജീര്‍ണിച്ചു പോയതുമായ എല്ലാ നിലപാടുകള്‍ക്കുമെതിരാവണം നമ്മള്‍ സ്ത്രീകള്‍. അനാദികാലം മുതലേ പണവും  മതങ്ങളും പൌരോഹിത്യവും രാഷ്ട്രീയാധികാരങ്ങളും തമ്മില്‍ നിലനിന്നു പോരുന്ന പരസ്പര സഹായ സഹകരണ ബന്ധത്തെക്കുറിച്ച് നമ്മള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

വറ്റാത്ത മനുഷ്യത്വമാണ് ഏറ്റവും ശ്രേഷ്ഠമായ മതം. ഉപാധികളില്ലാത്ത സ്നേഹമാണ് ഏറ്റവും ഉറച്ച വിശ്വാസം.  സഹിഷ്ണുതയാണ് ഏറ്റവും  നന്മയുള്ള ആചാരം.  ഇതെല്ലാം ഒന്നിച്ചു ചേര്‍ന്നതാണ് ഏറ്റവും നല്ല ദൈവവിശ്വാസം.

നമ്മള്‍  പെണ്ണുങ്ങള്‍ക്ക് അങ്ങനെ തോന്നുന്നില്ലേ?  തോന്നാറില്ലേ? ചിലപ്പോഴൊക്കെയെങ്കിലും....  

Thursday, June 13, 2013

വ്യത്യസ്തമായ കഴിവുകളുള്ളവര്‍......


( കുടുംബമാധ്യമത്തിലെ സ്വകാര്യത്തില്‍ 2013 ജൂണ്‍ 7  നു  പ്രസിദ്ധീകരിച്ചത്. )

നമ്മള്‍ ഇങ്ങനെ  ഒരു  പ്രത്യേക  പേര് അവര്‍ക്കൊക്കെ ചാര്‍ത്തിക്കൊടുത്തിട്ടുണ്ട്.  പല തരത്തില്‍  വ്യത്യസ്തരായ നമ്മുടെ കുറെ  സഹോദരങ്ങള്‍ക്ക് .... അതെ ഞാന്‍ പറയുന്നത് മൂകരെയും അന്ധരെയും ബധിരരെയും കുറിച്ചു മാത്രമല്ല, പരിപൂര്‍ണ മനുഷ്യരെന്ന വളര്‍ച്ചയും  വടിവുമൊത്ത മനോഹരമായ കള്ളികളില്‍ പെടുകയില്ലെന്ന് സമൂഹം കരുതുന്ന എല്ലാവരെക്കുറിച്ചുമാണ്. അവരില്‍ മുടന്തി നടക്കുന്നവരും   ഒട്ടും ചലനശേഷിയില്ലാത്തവരും ശരീരത്തിന്‍റെ സമനില പൂര്‍ണമായും  നഷ്ടപ്പെട്ടവരും ചെറിയ മാനസിക പ്രശ്നങ്ങളുള്ളവരും  അങ്ങനെ എല്ലാവരും  ഉള്‍പ്പെടും. 

കുറച്ചു  വര്‍ഷങ്ങള്‍ക്ക് മുന്‍പ്   വാരാണസിയിലാണ്  ശാരീരികമായും കുറച്ചൊക്കെ മാനസികമായും പലതരം അവശതകളുള്ള ഒരു കൂട്ടം മനുഷ്യര്‍ക്ക്  സ്വന്തം ജീവിതം കരുപിടിപ്പിക്കുന്നതിനാവശ്യമായ ചില  ഉപാധികളുമായി ഒരു താമസസ്ഥലം  നിര്‍മ്മിക്കുന്ന  ജോലിയില്‍ ഞാന്‍ പങ്കെടുത്തത്. ഈ  സഹോദരങ്ങളൂടെ വ്യത്യസ്തങ്ങളായ  ദുരിതങ്ങളുമായി ഞാന്‍ നേരിട്ട് പരിചയത്തിലാവുന്നതും അവിടെ വെച്ചാണ്. എനിക്ക് വളരെ എളുപ്പത്തില്‍ ചെയ്യാവുന്ന പല  കാര്യങ്ങളും ചെയ്യാന്‍ അവര്‍ എത്രമാത്രം ബുദ്ധിമുട്ടുന്നുവെന്ന്  വീണ്ടും വീണ്ടും  കണ്ടു  മനസ്സിലാക്കുന്നത് തികച്ചും വേദനാജനകമായ ഒരനുഭവമായിരുന്നു. ഒരു ചെറിയ ഉറുമ്പിനു പോലും അവരുടെ ജീവിതത്തില്‍ എത്ര  വലിയ കുഴപ്പമുണ്ടാക്കാനും അവരെ  നിസ്സഹായരാക്കാനുമാവുമെന്ന് കണ്ടുകൊണ്ടിരിക്കുക ദയനീയമായിരുന്നു.     

ഇപ്പോള്‍ കുറച്ചു നാളായി അതുമാതിരിയുള്ളവര്‍ക്കൊപ്പമാണ്  വീണ്ടും ഞാന്‍. വായിച്ചും  പറഞ്ഞു കേട്ടും  മനസ്സിലാക്കുന്നതും കണ്ടറിഞ്ഞു അനുഭവിച്ചു മനസ്സിലാക്കുന്നതും തമ്മില്‍ എത്ര വലിയ അന്തരമുണ്ടെന്ന്  നമ്മുടേതില്‍  നിന്ന് വ്യത്യസ്തമായ അവരുടെ ലോകത്തില്‍ ജീവിക്കുമ്പോഴേ  നമ്മള്‍ കൃത്യമായി  അറിയുകയുള്ളൂവെന്ന്  എനിക്കിപ്പോള്‍  തോന്നുന്നുണ്ട്. കാരണം മനസ്സില്‍  വിചാരിക്കുന്നത്  പ്രകടിപ്പിക്കുവാന്‍ അവര്‍ക്ക് കൈവശമുള്ള ഉപാധികള്‍ എണ്ണത്തില്‍ കുറവാണ്. അത് ചെറിയ നഷ്ടങ്ങളില്‍  നിന്ന് വലിയ വലിയ നഷ്ടങ്ങളിലൂടെ സഞ്ചരിച്ച്  പലപ്പോഴും ഒന്നുമില്ലായ്മയില്‍ പോലും ചെന്നു നില്‍ക്കുന്നു. എന്നിട്ടും പതറാതെ ജീവിതത്തിനോട് പടവെട്ടുന്ന അവരുടെ മുന്നില്‍ നിന്നായിരിക്കും നമ്മള്‍ ഷേവ് ചെയ്തപ്പോഴുണ്ടായ  കൊച്ചു മുറിവിനെ പറ്റി ആകുലരാകുന്നത്, കൊഴിഞ്ഞു പോകുന്ന തലമുടിയുടെ എണ്ണത്തെപ്പറ്റി ബേജാറാകുന്നത്. ഹോ!  ഇതൊക്കെ  കാരണം  ഇനി എന്തൊക്കെയാണാവോ ബുദ്ധിമുട്ടുണ്ടാവുകയെന്ന്   ഭയപ്പെടുന്നത്...  
 
2011 ലെ സെന്‍സെസ് പ്രകാരം നമ്മൂടെ രാജ്യത്ത് ജനസംഖ്യയുടെ രണ്ട് ശതമാനത്തിലധികം പേര്‍ വ്യത്യസ്തമായ കഴിവുകളുള്ളവരാണ്. ഏകദേശം  58%  പുരുഷന്മാരും  42% സ്ത്രീകളും എന്നതാണ് ഇവരിലെ സ്ത്രീ പുരുഷ അനുപാതം. തമിഴ് നാട്ടില്‍  മാത്രമാണ്  ഇക്കാര്യത്തില്‍ സ്ത്രീകള്‍ അധികമുള്ളത്.   .  വ്യത്യസ്തമായ കഴിവുകളുള്ളവര്‍ ഏറ്റവും കൂടുതലുള്ള  സംസ്ഥാനം ഉത്തര്‍പ്രദേശാകുന്നു.  അന്ധര്‍, ചലന ശേഷി ഇല്ലാത്തവര്‍,  ചെറിയ മാനസിക പ്രശ്നങ്ങളുള്ളവര്‍, സംസാരിക്കാത്തവര്‍, ചെവി കേള്‍ക്കാത്തവര്‍ എന്നീ ക്രമത്തിലാണ് വ്യത്യസ്തമായ കഴിവുകളുള്ളവരുടെ എണ്ണം കൂടുതലില്‍ നിന്ന് കുറവിലേക്ക്  എന്ന  രീതിയില്‍  വിന്യസിക്കപ്പെട്ടിട്ടുള്ളത്.

1992 ലാണ് ഐക്യരാഷ്ട്ര സംഘടന ഡിസംബര്‍ 3 വ്യത്യസ്തമായ കഴിവുകളുള്ളവരുടെ ദിവസമായി പ്രഖ്യാപിച്ചത്. അന്തസ്സുറ്റ ജീവിതത്തിന് അവര്‍ക്കുള്ള  ജന്മസിദ്ധമായ മനുഷ്യാവകാശത്തെ ഊട്ടിയുറപ്പിക്കുന്ന ഒരു നിലപാടാണ് ഇക്കാര്യത്തില്‍ ഐക്യരാഷ്ട്ര സംഘടന സ്വീകരിച്ചിട്ടുള്ളത്. രാഷ്ട്രീയമായും സാമ്പത്തികമായും സാംസ്ക്കാരികമായും സാമൂഹികമായും  ഉള്ള എല്ലാ അവകാശങ്ങളേയും കുറിച്ച്  മറ്റു മനുഷ്യരെയെല്ലാം ശരിയായി  ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും  ഐക്യരാഷ്ട്ര സംഘടനയ്ക്ക്  അഭിപ്രായമുണ്ട്.

വ്യത്യസ്തമായ കഴിവുകളുള്ള ഈ മനുഷ്യര്‍ പലപ്പോഴും  അന്തസ്സുള്ള ജീവിതമാര്‍ഗ്ഗം സ്വന്തമാക്കുവാനും അങ്ങനെ സ്വന്തം ജീവിതം നിലനിറുത്തുവാനും അതി കഠിനമായി ബുദ്ധിമുട്ടാറുണ്ട്. പൊതുവേ മുഖ്യധാരയില്‍ എത്താത്ത അവരെ വീടിന്നുള്ളില്‍  ഒളിപ്പിച്ചു നിറുത്തുവാനാണ് അധികം ആളുകളും പരിശ്രമിക്കുക.  പൂര്‍ണതയില്‍ അല്‍പം കുറവുണ്ടെന്ന് ആര്‍ക്കും കരുതാനാവുന്ന ഒരു വ്യക്തിയോട് തുല്യമായി  പെരുമാറുവാന്‍ സാധിക്കുന്നത് തന്നെ അഭ്യസനം കൃത്യമായും ആവശ്യമുള്ള ഒരു  മനോഹരമായ കലയാണ്. അതിനു ഏറ്റവും ആദ്യം അവരുടെ അവശത യഥാര്‍ഥത്തില്‍ എന്താണെന്നും അത് എത്രത്തോളമുണ്ടെന്നും അതുകൊണ്ട് അവര്‍ എത്രമാത്രം ബുദ്ധിമുട്ടുന്നുവെന്നും ശരിയായി മനസ്സിലാക്കണം.  ആ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരങ്ങള്‍   തേടാന്‍ വേണ്ട  ആത്മാര്‍ഥമായ  ആഗ്രഹവും അതിനു വേണ്ട  നിരന്തരമായ പരിശ്രമവും ഉണ്ടാവണം.

അങ്ങനെയാവുമ്പോള്‍ നമ്മുടെ എല്ലാത്തരം കെട്ടിട നിര്‍മ്മാണങ്ങളും , സഞ്ചാരമാര്‍ഗങ്ങളും  മാറ്റിപ്പണിയേണ്ടതായി വരും. നമ്മുടെ  വാഹനങ്ങളൂടെയും  ഉപകരണങ്ങളുടേയും ഡിസൈനുകളും ആകൃതിയും  പ്രവര്‍ത്തനവും നിരീക്ഷിച്ച് അവയിലും വേണ്ടത്ര മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാനുണ്ടാവും. ആചാരങ്ങളിലും വിശ്വാസങ്ങളിലും കഠിനമായ പരിവര്‍ത്തനങ്ങള്‍ ആവശ്യമാകും.  അളവില്ലാത്ത സമത്വചിന്തയും ആത്മാര്‍ഥമായ  അനുതാപവും, ഒടുങ്ങാത്ത പരിഗണനയും  നിത്യവും തിരുത്താനും   പുതുക്കിപ്പണിയാനുമുള്ള  തുറന്ന മനസ്ഥിതിയും  വിവരത്തിന്‍റേയും സാങ്കേതിക വിജ്ഞാനത്തിന്‍റേയും സമ്പത്തിന്‍റേയും  ഒപ്പം ചേരേണ്ട അളവില്‍ അലിയിച്ചു ചേര്‍ത്താലേ വ്യത്യസ്തമായ കഴിവുകളുള്ള മനുഷ്യര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ക്കുള്ള സൌകര്യങ്ങള്‍  മുതല്‍  വിദ്യാഭ്യാസവും  തൊഴിലും സഞ്ചാര സ്വാതന്ത്ര്യവും  ഉള്‍പ്പടെ അന്തസ്സുറ്റ ജീവിതമാര്‍ഗങ്ങളും സ്വയം പര്യാപ്തതയും ഉണ്ടാവൂ. 

എല്ലാം തികഞ്ഞ  അധ്വാനികളായ പൂര്‍ണ മനുഷ്യര്‍ക്ക്  തന്നെ ജീവിക്കാന്‍ വഴിയില്ല, അപ്പോഴാണ് ഇതുമാതിരി പണിയെടുക്കാന്‍  പോലും പറ്റാത്തവര്‍ക്ക് ലഭ്യമാകേണ്ട അവസരങ്ങളെക്കുറിച്ച് പറയുന്നതെന്ന് എപ്പോഴത്തേയും പോലെ നിസ്സാരമാക്കാന്‍ വരട്ടെ. കാരണം എല്ലാം തികഞ്ഞവരില്‍  നിന്ന് കുറവുകളുള്ളവരിലേക്കുള്ള അകലം പലപ്പോഴും ഒരു പനിയുടേയൊ ഒരു വാഹനാപകടത്തിന്‍റേയോ  അല്ലെങ്കില്‍ നമുക്ക് നിയന്ത്രിക്കാന്‍ തീരെ ആവാത്ത ജനിതക കാരണങ്ങളുടേയോ  ഒക്കെ മാത്രമാണല്ലോ.