ശബ്ദ കോലാഹലങ്ങള്‍ നമ്മുടെ നാടിന്‍റെ അടയാളങ്ങളാണ്. ബഹളം വെയ്ക്കുന്നതും ഉച്ചത്തില്‍
അലറുന്നതും ഒറക്കെ ഒറക്കെ പറഞ്ഞ് പേടിയാക്കുന്നതും എല്ലാം നമ്മുടെ ശീലങ്ങളാണ്.
അധികാരം പലപ്പോഴും പ്രകടിപ്പിക്കപ്പെടുന്നത് അലര്‍ച്ചയിലൂടെ
നിശ്ശബ്ദതയെ ക്രൂരമായി ഭേദിച്ചുകൊണ്ടാണ്.
അതാണല്ലോ മിണ്ടരുത് എന്ന്
ഗര്‍ജ്ജിച്ച് സംസാരിക്കാന്‍
തുടങ്ങുന്നവരെപ്പോലും ഒതുക്കാന്‍ ഉപയോഗിക്കുന്ന തന്ത്രം.
ഭക്തിയുടെയും ആരാധനയുടേയും അത്യുദാത്തമെന്ന് ഭൂരിപക്ഷം പേരും വിശ്വസിക്കുന്ന ദൈവിക
കാര്യങ്ങളില്‍ ശബ്ദം അതിന്‍റെ
ഏറ്റവും രൂക്ഷമായ
കടന്നുകയറ്റമായി മാറുന്നുണ്ട്. അനവധി ആളൂകള്‍ ഒന്നിച്ചു നിന്ന് അത്യുച്ചത്തില്‍
പ്രാര്‍ഥിക്കുന്നതിനെപ്പറ്റിയല്ല
പറയുന്നത്. അത് എത്രയായാലും
ബോധപൂര്‍വം അവര്‍ തെരഞ്ഞെടുത്ത
ആരാധനാക്രമമാണ്. അവരില്‍ ഒതുങ്ങി
നില്‍ക്കുന്നിടത്തോളം, അതില്‍ പങ്കെടുക്കാന്‍ നമ്മള്‍ അവിടെ പോകാത്തിടത്തോളം പൊതുജനത്തിനെ
അത് ബാധിക്കുകയില്ല.
ആരാധനാലയങ്ങളുടെ അരികില്‍
വീടു വെക്കരുതെന്നാണ് വാസ്തു ശാസ്ത്രം. ആരാധനാലയങ്ങളേക്കാള്‍ ഉയരത്തിലാവരുത് വീടുകള്‍ എന്നു മാത്രമേ അതിനു
അര്‍ഥമുള്ളൂ എന്നും
വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. ഈയിടെയായി
ആരാധനാലയങ്ങളുടെ സാമീപ്യം മനുഷ്യ
ജീവിതത്തെ അതിക്രൂരമായി ഭീതിപ്പെടുത്തുന്നുവെന്ന് തോന്നാന്‍ തുടങ്ങിയിരിക്കുന്നു. സ്ത്രീ പീഡനമെന്ന പോലെ ഇക്കാര്യത്തിലും ജാതി മത
വ്യത്യാസമൊന്നുമില്ല.
നിരന്തരമായി ഉയരുന്ന പ്രാര്‍ഥനാ കോലാഹലങ്ങള്‍ക്കുള്ളില്‍
പെട്ടു പോകുന്ന മനുഷ്യരുടെ ജീവിതം എത്ര ദുരിതപൂര്‍ണമാകുന്നുവെന്ന് വലിയ
ഉച്ചഭാഷിണിപ്പെട്ടികള്‍ക്കു സമീപം കട നടത്തുന്നവര്‍ അമര്‍ഷത്തോടെ പറഞ്ഞു.
ആരാധനാലയത്തിനു അടുക്കെ വീടുള്ള മുത്തശ്ശി
പൊട്ടന്മാരുടെ ദൈവത്തെപ്പറ്റി അതാരാണെന്നതിനെപ്പറ്റി അദ്ദേഹത്ത
പ്രസാദിപ്പിക്കുന്നതിനു എന്തു
ചെയ്യണമെന്നതിനെപ്പറ്റി ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു. മുത്തശ്ശിക്കു
ചെവി കേള്‍ക്കുന്നതുകൊണ്ടാണല്ലോ ഈ
പ്രാര്‍ഥനാ പീഡനം താങ്ങാന്‍
വയ്യാതാകുന്നത്. പൊട്ടന്മാരുടെ ദൈവത്തെ പ്രീതിപ്പെടുത്തി ചെകിടു
പൊട്ടിയെന്ന വരം വാങ്ങിയാല്‍ ഞാന്‍
രക്ഷപ്പെട്ടില്ലേ മക്കളേ എന്ന് പറഞ്ഞ മുത്തശ്ശിയെ നോക്കി വിരലുകള്‍ ചെവിയില്‍
തിരുകിയ കടയുടമസ്ഥരും ജോലിക്കാരും
സഹതാപപൂര്‍വം ചിരിച്ചു.
അവിടെയുണ്ടായിരുന്ന ഒരു ഉത്തമ ദൈവ
വിശ്വാസിക്ക് സഹിക്കാന്‍ കഴിഞ്ഞില്ല.
അദ്ദേഹം ക്ഷുഭിതനായി.
മുത്തശ്ശിക്കും പ്രാര്‍ഥനാശബ്ദങ്ങളും പാട്ടുകളും
മറ്റും പീഡനമാണെന്ന് പറയുന്നവര്‍ക്കും ദൈവത്തിന്‍റെ മഹത്വം അറിയില്ലെന്ന് അദ്ദേഹം
അത്യുച്ചത്തില്‍ പറഞ്ഞു. ഈ ഉദാത്തമായ
ശബ്ദങ്ങള്‍ ശ്രവിക്കുമ്പോള്‍ എന്തുമാത്രം പോസിറ്റീവ് എനര്‍ജിയാണ്
മനുഷ്യരിലും പ്രകൃതിയിലും നിക്ഷേപിക്കപ്പെടുന്നതെന്ന് ആരും മനസ്സിലാക്കുന്നില്ല. ദൈവകാര്യമായതുകൊണ്ട് ആര്‍ക്കും അത് മുടക്കാനോ അങ്ങനെ പാടില്ലെന്ന്
പറയാനോ കഴിയില്ല തന്നെ. കുറച്ചു ശബ്ദം
സഹിച്ചാലെന്ത് ദൈവസ്തുതിയല്ലേ കേള്‍ക്കുന്നത് അഴിമതിയുടെ അവതാരങ്ങളായ രാഷ്ട്രീയക്കാരുടെ ഉദ്ബോധനങ്ങളും
അലവലാതി സിനിമാപ്പാട്ടും ചീഞ്ഞളിഞ്ഞ
സീരിയല്‍ വചനങ്ങളും ഒന്നുമല്ലല്ലോ.
ഉച്ചഭാഷിണികളായ അനവധി കറുത്ത ചതുരപ്പെട്ടികള്‍ റോഡരികില്‍ സ്ഥാപിച്ചിരുന്നതുകൊണ്ട് ഭക്തിഗാനങ്ങളും പ്രാര്‍ഥനകളും
നട്ടുച്ച നേരത്തും അവിടമാകെ മുഴങ്ങിയിരുന്നു. ദൈവവിശ്വാസിയാണെങ്കിലും കാര്യങ്ങള്‍
വളരെ ഉറക്കെ ഞങ്ങളോട് വിശദീകരിക്കേണ്ടി വന്നതുകൊണ്ട് അദ്ദേഹത്തിന്‍റെ ശബ്ദവും വല്ലാതെ ഇടറുന്നുണ്ടായിരുന്നു.
മുത്തശ്ശി സങ്കടപ്പെട്ടുകൊണ്ട് അതു തന്നെ
ചൂണ്ടിക്കാണിച്ചു.സ്വന്തം വീട്ടില്‍ മനുഷ്യര്‍ക്ക് ഇത്ര ഉച്ചത്തില്‍
സംസാരിക്കേണ്ടി വരുന്നത് കഷ്ടമല്ലേ? കുഞ്ഞിനെ ഉറക്കാന്‍ പറ്റാത്തത് കഷ്ടമല്ലേ ? രോഗികള്‍ക്ക്
സമാധാനമായി വിശ്രമിക്കാനാവാത്തത്
കഷ്ടമല്ലേ? ശാന്തിയും സമാധാനവും
കളിയാടുന്ന സ്തുതികളായിരിക്കില്ലേ ദൈവവും
ഇഷ്ടപ്പെടുന്നത്?
മുത്തശ്ശിയുടെ ചോദ്യങ്ങള്‍ക്ക് ആരും മറുപടി
പറഞ്ഞില്ല. അതെ എന്നു പറയണമെന്നുണ്ടെങ്കിലും ദൈവകാര്യങ്ങളില്‍ ഇടപെടുന്നതിലെ അനൌചിത്യവും അക്രമത്തിനിരയായെങ്കിലോ എന്ന ഭയവുമായിരിക്കണം
കാരണം. ഇത്തരം ചെറിയ ഇടപെടലുകള്‍ പോലും
ദൈവത്തിനെയും മതത്തിനെയും ചോദ്യം ചെയ്യുന്നതായും
അത് ഒരു തരത്തിലും
അനുവദനീയമല്ലെന്നുമുള്ള അപകടകരമായ
മതാത്മകത വളര്‍ത്തുന്നതില്‍
മതാചാര്യന്മാരും മാധ്യമങ്ങളും രാഷ്ട്രീയാധികാരവും പരസ്പരം മല്‍സരിക്കുന്നു.
അനുഭവിക്കുന്ന കഷ്ടപ്പാടുകളില്‍ മനസ്സു തകര്‍ന്ന ജനത ആ ചുഴിയിലേക്ക് യാതൊരു പ്രതിരോധവും കൂടാതെ ആണ്ടിറങ്ങിപ്പോവുകയും ചെയ്യുന്നു.
ശബ്ദത്തിന്‍റെ ഈ അതിരു കവിഞ്ഞ ആര്‍ഭാടവും വിശ്വാസത്തിന്‍റെ കടന്നുകയറുന്ന ഈ
പ്രദര്‍ശനവും കൊണ്ട് മനുഷ്യരെങ്ങനെ ദൈവത്തോട് കൂടുതല്‍ അടുക്കുമെന്ന് ദൈവവും ആലോചിക്കുന്നുണ്ടാവും. വല്ലാത്ത നിസ്സഹായത അനുഭവിക്കുന്നുണ്ടാവും. ഈ അലര്‍ച്ചകളില്‍ ശരിയായി കാതു കേള്‍ക്കാത്തതുകൊണ്ടാവും
മനുഷ്യര്‍ പ്രാര്‍ഥിക്കുന്നതൊന്നും ദൈവത്തിനു നടപ്പിലാക്കിത്തരാന്‍ ആവാത്തതും.
അന്യരോടുള്ള പരിഗണന ദൈവികമായി ഉയരുമ്പോള്‍ അവരവരോട്
മാത്രമുള്ള പരിഗണന പൈശാചികമായി അധപ്പതിക്കുന്നുവെന്ന് എന്തുകൊണ്ടോ നമ്മള്‍
മനുഷ്യര്‍ക്ക് പലപ്പോഴും മനസ്സിലാക്കാന്‍
കഴിയാറില്ല. അതുകൊണ്ട് നമ്മള്‍
കണ്ണീര്‍പ്പാടങ്ങളില്‍ അവസാനമില്ലാതെ നീന്തിക്കൊണ്ടേയിരിക്കുന്നു....