Thursday, August 21, 2014

ആശയെന്നും അല്ലെങ്കില്‍ സുഖമെന്നും വിശ്വസിക്കുമ്പോള്‍...9


https://www.facebook.com/echmu.kutty/posts/311403505705617

ഒമ്പതാം ഭാഗം.

മാനസികാസ്വാസ്ഥ്യമുള്ളവരാണെങ്കില്‍ പിന്നെ ഒരു പൂര്‍ണപുരുഷനും ഒരു പൂര്‍ണസ്ത്രീയും    ആയാല്‍പ്പോലും അവര്‍ ആത്മഹത്യ ചെയ്യുന്നത് നമ്മുടെ സമൂഹത്തിനു ഒരു  പ്രശ്നമേയല്ല.  രോഗം ചികില്‍സിച്ച്  ശരിയാക്കാമെന്ന് ആര്‍ക്കും അങ്ങനെ തോന്നാറില്ല. അതുകൊണ്ട്  തന്നെ  പ്രാന്ത് പിടിച്ച് നാടു ചുറ്റി അലയുന്നതിലും നല്ലത്  ചത്ത് തുലയുന്നതല്ലേ എന്നേ എല്ലാവരും കരുതൂ.. 

സീമയുടെ കാര്യത്തിലാണെങ്കില്‍ അത്ര പോലും  അനുതാപം തോന്നാനില്ലല്ലോ.

പോലീസുകാര്‍ കൂടി പോസ്റ്റ്മാര്‍ട്ടം വേണമെന്ന് പറഞ്ഞില്ല. ആര്‍ക്കും ഒരു താല്‍പര്യവുമുണ്ടായിരുന്നില്ല. എങ്ങനെയെങ്കിലും വല്ല ചപ്പും ചവറുമിട്ട് കത്തിച്ചു  കളയണം അല്ലെങ്കില്‍ നാറ്റം വരാത്തവിധം പട്ടികള്‍ മാന്താത്ത വിധം താഴ്ത്തി കുഴിച്ചിടണം. അത്രമാത്രം.

തണുപ്പുകാലമായതുകൊണ്ട്  കുഴിച്ചിട്ടാല്‍   അഴുകാന്‍ വൈകുമെന്ന്  പോലീസുകാര്‍  പിറുപിറുത്തു. 

ഗരു  കണ്ണീരൊലിപ്പിച്ച് ബോധം കെട്ടതു പോലെ കിടക്കുകയായിരുന്നു. ഇടയ്ക്കിടെ സീമാ ... സീമാ എന്ന് വിളിച്ച് ഏങ്ങിയേങ്ങിക്കരയും. എത്ര  തുടച്ചിട്ടും ഗരുവിന്‍റെ  കണ്ണുകള്‍ തോരുന്നുണ്ടായിരുന്നില്ല.   മോനയും സ്വപ്നയും മുന്നിയും മാത്രമല്ല ... പൂജയ്ക്കും ഒട്ടും പരിചയമില്ലാത്ത അനവധി ഗരുക്കളും മോനമാരും സ്വപ്നമാരും മുന്നിമാരും വൈജയന്തിമാരും ഗരുവിന്‍റെ  സമീപം ആശ്വാസവാക്കുകളുമായി എത്തിച്ചേര്‍ന്നിരുന്നു. എങ്കിലും ഗരുവിന്‍റെ  സങ്കടത്തിനു  യാതൊരു പരിധികളുമുണ്ടായിരുന്നില്ല.

നല്ല തെളിഞ്ഞ ആകാശത്തു നിന്ന് വെള്ളിടി വെട്ടുന്നതു പോലെയായിരുന്നു പെട്ടെന്ന്  വജൂദ് ഭായി പൂജയുടെ തൊട്ടു  മുന്‍പില്‍  വന്ന് ഗര്‍ജ്ജിച്ചത്... 

ഇസ്  റണ്ടീ കി  വജഹ് സെ ഹെ  ... ഹമാരേ  സോനാ ചല്‍ ബസി .. ഇസ് കൊ  സബഖ് സിഖാനാ ഹേ ( ഈ വേശ്യ കാരണമാണ് നമ്മുടെ  സ്വര്‍ണം  യാത്രയായത്. ഇവളെ  പാഠം പഠിപ്പിച്ചേ  തീരു ) 

എന്‍റെ  മുഖം ഭയത്താല്‍  വിവര്‍ണമായി. മൂത്രമൊഴിച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.

പൂജ പക്ഷെ, തികച്ചും അക്ഷോഭ്യയായി നില്‍ക്കുകയായിരുന്നു. അവളുടെ അസാധാരണമായ ചങ്കുറപ്പ്  എന്നെ  അതിശയിപ്പിച്ചു. 

സീമയെ  ഏതോ  ഡോക്ടറെ  കാണിക്കാന്‍ പൂജ  കൊണ്ടു പോയെന്നും  തിരിച്ചു വന്നപ്പോള്‍ മുതല്‍  സീമ  മരണത്തെപ്പറ്റി  പറയാന്‍  തുടങ്ങിയെന്നും വജൂദ്  ഭായി  അലറി. ഗരു പൂജയുടെ    മന്ത്രമാരണത്തില്‍  കുടുങ്ങി കുറെയധികം പൈസ പൂജയ്ക്ക് നല്‍കിയെന്നും ആ പണമെല്ലാം സീമ  നൃത്തം ചെയ്തുണ്ടാക്കിയതാണെന്നും  അതില്‍  വജൂദ്  ഭായി തൊണ്ട  പൊട്ടുമാറ്  ഹാര്‍മോണിക്ക വായിച്ചതിന്‍റെ  പങ്കുമുണ്ടെന്നും സീമയുടെ  മരണ സമയത്ത്  ആ നഷ്ടം കാര്യമാക്കുന്നില്ലെന്നും....   അങ്ങനെ എന്തെല്ലാമോ  പറഞ്ഞ്  അയാള്‍  കത്തിക്കയറി.

അതുവരെ സീമയുടെ കാര്യത്തില്‍ ഒരു  താല്‍പര്യവുമെടുക്കാതിരുന്ന  പോലീസുകാര്‍ തിരിഞ്ഞു നോക്കി. 

പൂജയെ ശ്രദ്ധിച്ച  പോലീസുകാര്‍  ഞെട്ടുന്നത് എനിക്ക് കാണാമായിരുന്നു. ആദ്യ ഞടുക്കത്തിനു ശേഷം  അവരുടെ കണ്ണുകള്‍ കൊതിയോടെ  അവളുടെ  ദേഹത്തെ  ഉഴിയുന്നതും  എനിക്ക് കാണാമായിരുന്നു. 

ഭയം വടവൃക്ഷത്തിന്‍റെ  വലിയ ശാഖകളായി, ശാഖകളില്‍ നിന്നൂര്‍ന്നിറങ്ങുന്ന  ബലമുള്ള  വേരുകളായി  എന്നില്‍ പടര്‍ന്നു പന്തലിച്ചു. 

പോലീസുകാര്‍  അടുത്തേക്ക് വരുമ്പോഴേക്കും  ഒഴുകുന്ന കണ്ണുകളോടേയാണെങ്കിലും  രൂക്ഷമായ മുഖത്തോടെ ഗരു  പൂജയ്ക്കും  എനിക്കും ഇടയിലേക്ക് കടന്നു വന്നു.  അല്‍പം അകലെ  നിന്ന് കൈകാലുകളിളക്കി ആവേശത്തോടെ  സംസാരിക്കുന്ന  വജൂദ്  ഭായിയെ  ശ്രദ്ധിക്കുമ്പോള്‍  ഗരുവിന്‍റെ  കണ്ണുകള്‍  അഗ്നി  പോലെ ആളാന്‍  തുടങ്ങി.

പോലീസുകാരുടെ  ചോദ്യങ്ങള്‍ക്കെല്ലാം  പൂജ ഒട്ടും പതറാതെ  മറുപടി നല്‍കുന്നുണ്ടായിരുന്നു. പക്ഷെ,  പോലീസുകാരല്ലേ?  സ്റ്റേഷനില്‍ വരാതെ  കഴിയില്ലെന്ന്  അവര്‍  തീര്‍ത്തു  പറഞ്ഞു.  സീമയുടെ  ശരീരം  പോസ്റ്റുമാര്‍ട്ടം  ചെയ്യണമെന്നും  അവര്‍ പ്രഖ്യാപിച്ചു. 

പുരുഷോത്തം അഹ് ലാവത്ത്  എന്ന നെയിം  പ്ലേറ്റ് ധരിച്ച  പോലീസുകാരനായിരുന്നു കൂടുതല്‍  ആവേശം. പൂജയെ നോക്കിക്കാണുന്ന  അയാളുടെ  കണ്ണുകളില്‍ ജോലിയിലുള്ള  ആത്മാര്‍ഥതയിലധികം   പുളയുന്ന  കാമമാണു തെളിഞ്ഞത് . 

ഗരു  തികഞ്ഞ വിനയത്തോടെ, ഒരുപാട് സാധ്യതയോടെ   അയാളുടെ  കാലു പിടിക്കുകയായിരുന്നു.  പോസ്റ്റ്മാര്‍ട്ടം  ചെയ്യുന്നതിലല്ല  പൂജയെ  സ്റ്റേഷനില്‍ കൊണ്ടു പോകുന്നതിലാണ് ഗരുവിനു പ്രയാസമുള്ളതെന്ന് അറിഞ്ഞപ്പോള്‍  ആ മനസ്സിന്‍റെ  ഊഷ്മളത മൃദുലമായ ഒരു സ്വറ്റര്‍ പോലെ എന്നെ ആശ്ലേഷിച്ചു.. 

സാബ് ചോദിക്കുന്നതിനെല്ലാം ഉത്തരം തരാമെന്ന് എല്ലാ കാര്യങ്ങളിലും വേണ്ടത്ര സഹായിക്കാമെന്ന്  സഹകരിക്കാമെന്ന് ഗരു  വാഗ്ദാനം  ചെയ്യുന്നുണ്ടായിരുന്നു. പൂജ  ഞടുങ്ങുന്നതു മാതിരി  എനിക്ക് തോന്നി.  എങ്കിലും  കാര്യങ്ങള്‍  എനിക്ക്  തിരിച്ചറിയാന്‍  പറ്റിയില്ല. പൂജയെ ഇത്രയും അടുത്തറിഞ്ഞിട്ടും     മുഖത്ത് നിന്ന് ഒന്നും വായിച്ചെടുക്കാനുള്ള വിവരം  എനിക്ക് ഇല്ലായിരുന്നു.

കുറച്ചു നേരം മുറുമുറുത്ത്  അനിഷ്ടം  പ്രകടിപ്പിച്ചെങ്കിലും ഒടുവില്‍  അയാള്‍  ഗരുവിനു  വഴങ്ങുകയായിരുന്നു.  സീമയുടെ ശവമടക്കിനു ശേഷം വജൂദ് ഭായിയെ വേണ്ടവിധത്തില്‍ കൈകാര്യം ചെയ്യാമെന്നും ഒടുവില്‍ പോലീസുകാരന്‍ ഗരുവിനു വാക്കു കൊടുത്തു.. 

ഞാന്‍ അല്‍ഭുതപ്പെടാതിരുന്നില്ല. ഒരു കാറ്റു  വീശുമ്പോള്‍    മായുന്ന മണല്‍പ്പെരുക്കങ്ങളെപ്പോലെ.. എത്ര  പെട്ടെന്നാണ് കാര്യങ്ങള്‍  മാറി മറിയുന്നത്.. ഗരുവിന്‍റെ പോലീസിലുള്ള   സ്വാധീനം ഒട്ടും  നിസ്സാരമല്ല.  

തിരിച്ച് ഓഫീസിലെത്തിയപ്പോള്‍ ഞാന്‍ അശ്വിനിശര്‍മ്മയോട്  എല്ലാം വിശദമായി പറഞ്ഞു. എന്തുകൊണ്ടോ ഞാന്‍ പ്രതീക്ഷിച്ച ആശ്വാസത്തിനു പകരം  അല്‍പം  താടിയുള്ള  ആ വെളുത്ത  മുഖത്ത്  വല്ലായ്മയാണ് തെളിഞ്ഞു  വന്നത്. 

ഒഴുക്കുള്ള പഞ്ചാബിയില്‍ പൂജയും  അശ്വിനി ശര്‍മ്മയും തമ്മില്‍ സംസാരിച്ചത് വേദനയുളവാക്കുന്ന  എന്തോ ആണെന്ന് എനിക്കുറപ്പായി.  അത്  ഞാനറിയേണ്ടെന്ന്  അവര്‍  കരുതുകയും ചെയ്യുന്നുവെന്നത്  എന്നെ അസ്വസ്ഥയാക്കാതിരുന്നില്ല.   എല്ലാം കുഴപ്പത്തിലായോ എന്ന് അശ്വിനി ശര്‍മ്മ ഹിന്ദിയില്‍ ചോദിച്ചിട്ടും   പൂജ  എന്തുകൊണ്ടോ പഞ്ചാബിയിലാണ് മറുപടി നല്‍കിയെതെന്ന് ഞാന്‍ ശ്രദ്ധിച്ചു.  കീറിപ്പറിഞ്ഞ എന്‍റെ  ജീവിതത്തെ  ഞാനിന്നലെ  ആവശ്യത്തിലുമധികം  പൂജയ്ക്ക് മുന്നില്‍  തുറന്നു കാട്ടിയതോര്‍മ്മിച്ചപ്പോള്‍ മനസ്സ് മൂകമാവുകയായിരുന്നു.

വേണ്ടായിരുന്നു.. ഒന്നും വേണ്ടായിരുന്നു. 

ഈ വേണ്ടായിരുന്നുവെന്ന വിചാരമാണ് എന്‍റെ  ജീവിതത്തിലെ  ഏറ്റവും  പ്രധാനപ്പെട്ട  കാര്യം.  എത്ര  ശ്രമിച്ചാലും  എനിക്കത്  ഒഴിവാക്കാന്‍ കഴിയില്ല. വേണമായിരുന്നു വേണമായിരുന്നു  എന്നുറപ്പുള്ള ഒരു കാര്യവും  എന്‍റെ  ജീവിതത്തില്‍  ഇല്ല. 

ആരുമില്ലായ്മയുടെയും തീര്‍ച്ചകളില്ലായ്മയുടേയും  തീവ്രനൊമ്പരം പൊടുന്നനെ  തീപ്പൊള്ളലായി എന്നെ  വേദനിപ്പിച്ചു.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുമ്പോള്‍  പ്രദീപ് ജെയിന്‍  ഗൌരവത്തോടെ താക്കീതു ചെയ്യുകയായിരുന്നു 

ചുമ്മാ ഈ ഛക്കകള്‍ക്കൊപ്പം ചുറ്റി  നടക്കരുത്. അതൊക്കെ  വലിയ  പ്രശ്നങ്ങളുണ്ടാക്കും. പോലീസുകാരുടെ  കണ്ണില്‍പ്പെട്ടാല്‍ ആര്‍ക്കും  പിന്നെ  സഹായിക്കാന്‍  കഴിയില്ല. പൂജയ്ക്ക് മറ്റൊരു ജീവിതത്തെപ്പറ്റി  ചിന്തയില്ല.  ശാന്തി അങ്ങനെയാണോ?  

ഞാന്‍ തല കുലുക്കി. 

മര്യാദയ്ക്ക് കുടുംബ ജീവിതം നയിക്കുന്ന നല്ല  സ്ത്രീകള്‍ക്ക്  പറ്റിയതല്ല  ഇമ്മാതിരി അലവലാതി ആളുകള്‍ക്ക് വേണ്ടിയുള്ള  സാമൂഹ്യ സേവനം , നല്ലവരായ മനുഷ്യര്‍ക്ക് വേണ്ടീ  മാത്രമെ അത്   ചെയ്യാവൂ  മനസ്സിലായോ ശാന്തീ ?  
 
ഞാന്‍ സമ്മതിച്ചു. 

ഓഫീസിലെ കണ്‍സട്രക് ഷന്‍ എഗ്രിമെന്‍റുകളുടെ  പരിഷ്ക്കരണത്തിനായി  ഇച്ചാക്കയുടെ  മുറിയില്‍ എല്ലാവരും  ഒന്നിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടായിരുന്നു. എനിക്കും  ക്ഷണമുണ്ടായിരുന്നെങ്കിലും  ഇച്ചാക്കയെ  അഭിമുഖീകരിക്കാന്‍ മടി  തോന്നിയതുകൊണ്ട് ബിസ്ക്കറ്റുകളും  ചായയും നിറച്ച  തട്ടവുമേന്തി ഒന്നു  രണ്ടു തവണ ആ മുറിയില്‍ പോയിട്ടും  ഇച്ചാക്ക  എന്നെ  സൂക്ഷിച്ചു നോക്കുന്നുണ്ടെന്നറിഞ്ഞിട്ടും ഞാനവിടെ  ഇരിക്കാന്‍ കൂട്ടാക്കിയില്ല. 

എനിക്ക്  മാനസികപ്രശ്നങ്ങളുണ്ടായിരുന്നുവെന്നും  ചികില്‍സ  വേണ്ടി  വന്നിരുന്നുവെന്നും   ഇച്ചാക്ക  അറിഞ്ഞിരിക്കുമല്ലോ  എന്ന് ഓര്‍മ്മിച്ചപ്പോഴൊക്കെ  ഞാന്‍  അറിയാതെ  ചൂളിക്കൊണ്ടിരുന്നു. 

ജീവിതത്തില്‍  സംഭവിച്ചു പോയ ഒരിക്കലും ശരിയാക്കാനാവാത്ത  കുറവുകളെപ്പറ്റി  ഓര്‍ത്തോര്‍ത്ത്  ഞാന്‍  പിന്നെയും പിന്നെയും അസ്വസ്ഥയായി. 

സന്ധ്യയായപ്പോഴാണ്, തണുപ്പും  ഇരുട്ടും ഏറിത്തുടങ്ങിയപ്പോഴാണ്  ചര്‍ച്ചകള്‍  അവസാനിപ്പിച്ച്  എല്ലാവരും  ഇച്ചാക്കയുടെ  മുറിയില്‍  നിന്നിറങ്ങിയത്.  

ഓഫീസിന്‍റെ  അടുക്കളയില്‍  ചായക്കപ്പുകള്‍  കഴുകിക്കമഴ്ത്തുന്നതായി  ഭാവിച്ച് എല്ലാവരില്‍ നിന്നും  അകന്നു നില്‍ക്കുകയായിരുന്നു ഞാന്‍. അതുകൊണ്ടാണ് പൊടുന്നനെ  ഇച്ചാക്കയുടെ  നീണ്ടു നിവര്‍ന്ന  രൂപം   മുമ്പില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ  ഞാന്‍  അമ്പരന്നത്. 

രോഗമുണ്ടായതും അതിനു ചികില്‍സ ചെയ്തതും ഒന്നും  ഒരു  കുറ്റമല്ല.. ഞാനതറിഞ്ഞുവെന്ന്  കരുതി   ഓഫീസിലെ പ്രധാനപ്പെട്ട  ചര്‍ച്ചകളില്‍ നിന്നൊഴിഞ്ഞു മാറരുത്.  ശാന്തിയുടെ  അഭിപ്രായങ്ങള്‍ അറിയാന്‍  ആഗ്രഹമുള്ളതുകൊണ്ടാണ് ചര്‍ച്ചകളില്‍  പങ്കെടുക്കണമെന്ന്  പറയുന്നത്...

ഇച്ചാക്കയുടെ  ശബ്ദം  മൃദുലമെങ്കിലും  ഗൌരവപൂര്‍ണമായിരുന്നു.

എന്‍റെ  കണ്ണുകള്‍ നിറഞ്ഞു. 

ശാന്തിയെ ജോലിക്കെടുക്കുമ്പോഴേ  ഇക്കാര്യം എനിക്കറിയാമായിരുന്നു. സോ  ഡോണ്‍ട്  ചെയിന്‍ യുവര്‍ സെല്‍ഫ് അണ്‍ നെസസ്സറിലി
 
ഒരു പാവയെപ്പോലെ ശരിയെന്ന് തലയാട്ടുവാന്‍  മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ.  ഇന്‍റര്‍ വ്യൂ  സമയത്ത് ഇച്ചാക്ക  കൂടുതല്‍ ചോദ്യങ്ങളൊന്നും  ചോദിച്ച്  എന്നെ  ബുദ്ധിമുട്ടിക്കാതിരുന്നത്  എന്തുകൊണ്ടാണെന്ന് എനിക്ക്  ബോധ്യമായി.  എന്‍റെ  പഴയ  ബോസ്  അദ്ദേഹത്തിനറിയുന്ന  കാര്യങ്ങളെല്ലാം  ഇച്ചാക്കയോട്  പറഞ്ഞിട്ടുണ്ടായിരിക്കാം. 

വീടു വിട്ടു പോന്നതും ഈ മഹാനഗരത്തിലെ റോഡുകളില്‍ ആലംബമില്ലാതെ  അലഞ്ഞതും ഉടുക്കാന്‍  തുണി  ഇരന്നു  മേടിച്ചതും അനാഥാലയത്തില്‍ താമസിച്ചതും.. 

കയ്പൂറുന്ന ഓര്‍മ്മകളെ ദൂരെ തെറിപ്പിച്ചു  കളയാനെന്ന വണ്ണം  ഞാന്‍  തല മുറുക്കെ കുടഞ്ഞു.

അടുക്കളയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ അശ്വിനി ശര്‍മ്മയും പൂജയും തമ്മില്‍ സംസാരിക്കുന്നുണ്ടായിരുന്നു. ഗരുവിനെപ്പറ്റിയാണതെന്ന്  മനസ്സിലായ നിമിഷം  ഇച്ചാക്കയുടെ വാക്കുകള്‍ പകര്‍ന്നു തന്ന  പുതിയ  ആത്മവിശ്വാസത്തില്‍ ഞാന്‍ പറഞ്ഞു.

ഒരുപക്ഷെ, പ്രദീപ് ജെയിന്‍ പറയുന്നത് ശരിയാവാം.. ഗരുവിനും  മറ്റും  ഒരുപാട്  തിന്മകളുണ്ടാവാം. പോലീസുമായി  പലതരം അഡ്ജസ്റ്റുമെന്‍റുകളുണ്ടാവാം..അല്ലെങ്കില്‍  പോസ്റ്റുമോര്‍ട്ടം  ഒഴിവാക്കാനും ..  

അതുവരെ എന്നോട്  കാണിച്ചിരുന്ന എല്ലാ മര്യാദയും  സ്നേഹവും  മറന്ന്  പൂജ ഉറക്കെ  അലറി... 

യൂ ഷട്ടപ്പ്..
 
ഇരുളാന്‍ തുടങ്ങുന്ന  സന്ധ്യയ്ക്കൊപ്പം ഓഫീസും നടുങ്ങി.. അവളുടെ അലര്‍ച്ചയില്‍ ഞാന്‍ ഭയന്നു വിറച്ചു. 

ശാന്തീ, നിനക്കൊന്നുമറിയില്ല... ഗരു ..   എന്ന് പതിവുള്ള കാരുണ്യത്തോടെ  ആരംഭിച്ചെങ്കിലും  പൂജ  പിന്നീട്  ഒന്നും  വിശദീകരിക്കാന്‍ കൂട്ടാക്കിയില്ല. 

അശ്വിനി ശര്‍മ്മയും മൌനം പാലിച്ചതേയുള്ളൂ. അവര്‍ എന്തൊക്കെയോ എന്നേക്കാള്‍   കൂടുതല്‍  മനസ്സിലാക്കിയിരിക്കുന്നുവെന്ന  തോന്നലില്‍  ഞാന്‍  വിഷണ്ണതയോടെ  തല  താഴ്ത്തി  നിന്നു. 

പക്ഷെ,ഗരുവിനെപ്പറ്റി അങ്ങനെ വിചാരിച്ചതിലും പറഞ്ഞതിലുമുള്ള  കുറ്റബോധം ജീവിതത്തിലൊരിക്കലും എന്നെ വിട്ടു പോയില്ല. 

കാരണം.... 

മൂന്നാം ദിവസം ഗരു അറസ്റ്റ് ചെയ്യപ്പെട്ടതായിരുന്നു. ഗരു ചെയ്ത കുറ്റം കൊലപാതകമായിരുന്നു. ഒന്നല്ല,  രണ്ട്  കൊലപാതകങ്ങള്‍ ..   ഗരു കൊന്നുകളഞ്ഞത്  വജൂദ്  ഭായിയെ  ആയിരുന്നു.... പുരുഷോത്തം അഹ് ലാവത്ത് എന്ന പോലീസുകാരനെ  ആയിരുന്നു.

വജൂദ്  ഭായിയുടെ  ശവശരീരത്തില്‍  പതിനെട്ട്  കുത്തുകളൂണ്ടായിരുന്നു. ഒരു കാരണവശാലും രക്ഷപ്പെടരുതെന്ന് നിശ്ചയിച്ചുറച്ച്  കുത്തിയതു പോലെ.. 

പോലീസുകാരന്‍റെ ശരീരത്തില്‍ കുത്തുകള്‍ നാലെണ്ണമേ  ഉണ്ടായിരുന്നുള്ളൂ. പക്ഷെ, അയാളുടെ  ലിംഗം  ഗരു  കറിക്കരിയുന്നതുപോലെ  കൊത്തിയരിഞ്ഞിരുന്നു. 

പോലീസ്  ലോക്കപ്പിലായ  ഗരു  പൂജയെ  കാണാന്‍ വിസമ്മതിച്ചു. പൂജയെ ഒട്ടും  പരിചയമില്ലെന്ന് പറഞ്ഞ്  ഗരു  ഒഴിഞ്ഞു മാറി.

പൊതുവേ  മുരടന്മാരാണ് പോലീസുകാരിലധികം  പേരും. നമ്മള്‍  വല്ല  വഴിയോ അഡ്രസ്സോ ചോദിച്ചാല്‍  പോലും   ഒരു കേസുണ്ടാക്കാന്‍ പറ്റുമോ  ചീത്ത വിളിക്കാന്‍ പറ്റുമോ എന്നാലോചിക്കുന്നവര്‍ ...  എങ്കിലും  സി ബി  ഐ ഓഫീസറായ  ഒരു  ക്ലയന്‍റിന്‍റെ  സഹായത്തോടെ  സ്റ്റേഷന്‍  ഹൌസ്  ഓഫീസറുമായി ഒരു  ചെറിയ മീറ്റിംഗ്  സന്ദീപ്  സാര്‍  തരപ്പെടുത്തിയെടുത്തു.  സി ബി  ഐ ഓഫീസറുടെ  വീട്ടില്‍ വെച്ചായിരുന്നു ആ കൂടിക്കാഴ്ച. എസ് എച്ച് ഓ    ഓഫീസറുടെ  ഒരു  പരിചയക്കാരനായിരുന്നു. 

അയാള്‍  അധികമൊന്നും സന്ദീപ്  സാറിനോട് സംസാരിച്ചില്ല. വലിയ  സൌഹൃദമൊന്നും  പ്രകടിപ്പിച്ചുമില്ല. 

എങ്കിലും .. 

സീമയെ ലിംഗച്ഛേദനത്തിനു  പ്രേരിപ്പിച്ചതും  ഒരു  അലവലാതി  ഡോക്ടറുടെ അടുത്ത്  കൊണ്ടു പോയതും  വജൂദ്  ഭായിയാണ്.  സീമയില്‍ നിന്ന് അയാള്‍ പണവും  പറ്റിയിരുന്നു. ഡോക്ടറും അയാളുടെ സുഹൃത്തുക്കളും   സീമയെ ലൈംഗികമായി  ഉപയോഗിക്കുകയും അതിനും പുറമേ കിട്ടാവുന്നത്രയും   പണം  പിടുങ്ങുകയും ചെയ്തു.. 

പൊടുന്നനെ സീമ  ആത്മഹത്യ  ചെയ്തപ്പോള്‍ ഗരുവിനെയും  പൂജയേയും  ഭയപ്പെടുത്തി കുറച്ചു കൂടി  ധനം  സമ്പാദിക്കാമെന്നായിരുന്നു വജൂദ് ഭായിയുടെ വിചാരം. 

ആ പോലീസുകാരന്  എന്തു സഹായവും ചെയ്യാമെന്ന്  ഗരു  സമ്മതിച്ചത്  അയാള്‍  ലൈംഗികമായി ഉപയോഗിക്കുമെന്ന് അറിഞ്ഞിട്ടു തന്നെയായിരുന്നു. അതിനും പുറമേ  പണവും  പിരിക്കുമെന്ന് അറിഞ്ഞിട്ടു  തന്നെയായിരുന്നു.  സീമയുടെ ആത്മഹത്യ കൊണ്ട് മറ്റാര്‍ക്കും  ഒരു  ബുദ്ധിമുട്ടും ഉണ്ടാവരുതെന്നുണ്ടായിരുന്നു ഗരുവിന്. പ്രാര്‍ഥനയും  ജപവുമൊക്കെ പോലെ  കൃത്യമായ ഫലം  തരുന്ന ഒരു  കാര്യമാണ്  ലൈംഗികതയുമെന്ന്  ഗരുവിനറിയുന്നതു മാതിരി മറ്റാര്‍ക്കറിയുമെന്ന  അമിത വിശ്വാസവുമുണ്ടായിരുന്നു.   പക്ഷെ  സീമ  മരിച്ച ദിവസം  ആ വീട്ടില്‍ വന്ന് പോലീസുകാരനും വജൂദ് ഭായിയും നേരത്തെ തീരുമാനിച്ചുറച്ച  പ്രകാരം  ബഹളം വെയ്ക്കുകയായിരുന്നെന്ന് മനസ്സിലായപ്പോള്‍ ആ വഞ്ചന  ഗരുവിനു സഹിക്കാന്‍  കഴിഞ്ഞില്ല. 

സീമയ്ക്ക് പകരമായി കൂടുതല്‍  ചെറുപ്പക്കാരിയായ മുന്നിയെ നൃത്തം ചെയ്യിക്കാന്‍ കൊണ്ടുപോകണമെന്നും പ്രതിഫലത്തെപ്പറ്റി സംസാരിക്കാമെന്നും  പറഞ്ഞാണ് ഗരു  വജൂദ് ഭായിയെ  വീട്ടിലേക്ക്  വിളിച്ചത്.  

എന്നിട്ട് .. 

എന്നിട്ടായിരുന്നു.. പതിനെട്ട്  തവണ  കുത്തിയത് 

വജൂദ്  ഭായിയുടെ ശരീരം  ഗരു  അടുക്കളയില്‍  ഒളിപ്പിച്ചു. വജൂദ്  ഭായിയെപ്പോലെ  പുരുഷോത്തം  അഹ് ലാവത്തിനും  ഗരു  വീട്ടിലേക്ക്  വിളിച്ചതിന്‍റെ മോഹനീയമായ  പ്രലോഭനം  തടുക്കാന്‍  കഴിഞ്ഞില്ല.  

ആര്‍ത്തിയെപ്പോലെ സുഖമെന്ന വിചാരവും  ഒരു  കെണിയാണ്.  

സന്ദീപ്  സാറിന്‍റെ ശബ്ദത്തില്‍  വല്ലാത്ത കിതപ്പുണ്ടായിരുന്നു. ഞാനൊരിക്കലും  കേട്ടിട്ടില്ലാത്ത ഇടര്‍ച്ചയുണ്ടായിരുന്നു. സുമുഖനും  ആരോഗ്യവാനുമായ സന്ദീപ്  സാര്‍  പൊടുന്നനെ ഒരു വൃദ്ധനായതു  പോലെ ....   ആ മുഖത്ത്  ചുളിവുകള്‍ വീണതു പോലെ...  

( തുടരും )

Sunday, August 3, 2014

നിസ്സഹായതയുടെ ദീനമായ പ്രതിഷേധ ചിഹ്നങ്ങള്‍ 8


https://www.facebook.com/echmu.kutty/posts/300938983418736

എട്ടാം  ഭാഗം

ഗേറ്റിനരികിലേക്ക് നടക്കുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി   പൂജ  എന്നോട്  ചോദിച്ചു.. 

നീ എന്നെങ്കിലും  ഒരു  സൈക്യാട്രിസ്റ്റിന്‍റെ അടുത്ത്  പോയിട്ടുണ്ടോ. .. ?  

ആ നിമിഷത്തില്‍ വേദനയുടെ   ഒരു ആഴക്കടല്‍ എന്നെ വന്നു വിഴുങ്ങി. പാരനോയിയ എന്ന  വാക്ക്   ആഴക്കടലിന്‍റെ കൂറ്റന്‍ അലകളായി എന്നില്‍  ആഞ്ഞടിച്ചു. 

കണ്ണുകള്‍ നിറഞ്ഞുവെങ്കിലും നന്നെ ശ്രമപ്പെട്ട് ഞാന്‍  കണ്ണീര്‍ നിയന്ത്രിച്ചു. 

നിനക്ക്  സൈക്യാട്രിസ്റ്റെന്ന്  കേട്ടപ്പോഴെ  പ്രകടമായ ഒരു  വിവര്‍ണതയുണ്ടായിരുന്നു. അതാണെനിക്ക് സംശയം തോന്നിയത്.   പൂജ  എന്നെ  സൂക്ഷ്മമായി  ശ്രദ്ധിച്ചുകൊണ്ട്  വിശദീകരിച്ചു. 

പിടിക്കപ്പെടുമെന്ന്  കരുതി  ഞാനവള്‍ക്ക് മുഖം  കൊടുക്കാതിരിക്കാന്‍ പരിശ്രമിക്കുകയായിരുന്നു.
 .
ഗേറ്റിനു പുറത്ത് ഗരുവും സീമയും കുത്തിയിരിക്കുന്നുണ്ടായിരുന്നു. ദൈന്യതയുടെയും  വിവശതയുടെയും   ആള്‍രൂപങ്ങളെപ്പോലെ. 

ഗരു ഒന്നും ചോദിച്ചില്ല. 

അപ്പോഴാണ്  ചൌക്കിദാര്‍ ഛക്കകളും  ഛക്കകളാവാന്‍ പോകുന്നവരും സമയം  മെനക്കെടുത്താതെ വേഗം  സ്ഥലം വിടണമെന്ന്    പറഞ്ഞത്.  ആ ശബ്ദത്തിലെ ധിക്കാരം പൊതുവേ  എല്ലാറ്റിനോടും തണുപ്പന്‍ മട്ടുള്ള  എന്നെപ്പോലും ചൊടിപ്പിച്ചു.  അയാള്‍ക്കിട്ട്  രണ്ട് പൊട്ടിക്കണമെന്ന് സത്യമായും  എനിക്ക്  തോന്നി. 

ഗരുവില്‍  അസാധാരണമായ ഒരു   ഭാവമാറ്റമായിരുന്നു ഞാന്‍ അപ്പോള്‍  കണ്ടത്. ഗരു  കോപം  കൊണ്ട് മതി മറന്ന് കഴിഞ്ഞിരുന്നു. കല്ലുവെച്ച തെറികളും  ഉഗ്രശാപങ്ങളും ചൊരിയുന്നതിനൊപ്പം   സാരി അരയ്ക്ക് മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ഗരു  ചൌക്കിദാറെ ഉഗ്രമായി  വെല്ലുവിളിച്ചു. 

ഞാന്‍  ഭയന്നു പോയി.  ഗരുവിന്‍റെ പേടിപ്പെടുത്തുന്ന ആ രൂപം എന്നെ  അടിമുടി തളര്‍ത്തിക്കളഞ്ഞു. ഞാനൊരിക്കലും  കാണാനാഗ്രഹിച്ച ഒരു  കാഴ്ചയായിരുന്നില്ല അത്. 

ചൌക്കിദാര്‍ ചൂളുന്നുണ്ടായിരുന്നു.  ആ ചൂളലോടെ  അയാള്‍  ഗേറ്റില്‍ നിന്നകലേക്ക്  നീങ്ങാന്‍ ശ്രമിച്ചു. അതു ശ്രദ്ധിച്ച ഗരുവിന്‍റെ  മുഖത്ത് പൈശാചികമായ  ഒരു ആനന്ദം വിരിയുന്നത്  ഞാന്‍ കണ്ടു. 

പൂജ  സ്തംഭിച്ചു  നില്‍ക്കുകയായിരുന്നു. എങ്കിലും അവള്‍  അതിവേഗം  മനസ്സാന്നിധ്യം  വീണ്ടെടുത്തു.  ഗരുവും സീമയും വീട്ടിലേക്ക്  മടങ്ങുകയും  ഞങ്ങള്‍  ഇച്ചാക്കയുടെ അടുത്തേക്ക്  പോയി  ഒരു നല്ല ഡോക്ടറെ  കണ്ടുപിടിക്കാന്‍ ശ്രമിക്കുകയും ആണ് ഉടനെ  വേണ്ടതെന്ന്   വലിയ ഭാവഭേദമൊന്നും കാണിക്കാതെ  അവള്‍ പറഞ്ഞവസാനിപ്പിച്ചു.

എല്ലാം ശരിയാകുമെന്ന  അപാരമായ  ആത്മവിശ്വാസം  അവള്‍ അപ്പോഴും  കൈവിട്ടിരുന്നില്ല.

സീമ ഒന്നും തന്നെ  ശ്രദ്ധിക്കാതെ നിസ്സംഗയായിരിക്കുകയായിരുന്നു. 

ഗരു സാധാരണ മട്ടില്‍  തലയാട്ടി. 

ഗരുവും  സീമയും പോയപ്പോഴാണ്  കൂടെ വരുന്നില്ലെന്ന് ഞാന്‍  പൂജയോട് പ്രതിഷേധമറിയിച്ചത്.

ചൌക്കിദാര്‍ വഴിയേ പോകുന്ന അടി ചോദിച്ചു മേടിക്കുന്ന  മര്യാദ കെട്ടവനായിരുന്നെങ്കിലും ഗരുവിന്‍റെ പെരുമാറ്റം ഒട്ടും ശരിയായില്ലെന്ന് എനിക്ക്  തോന്നി. അതുകൊണ്ടു തന്നെ  ഗരുവിനെ  സഹായിക്കേണ്ട  കാര്യമില്ലെന്ന് ഞാന്‍ വിചാരിച്ചു. 

ഗരു തുണിപൊക്കി കാണിച്ചതു കൊണ്ടാണല്ലേ  നിനക്ക്  പ്രയാസം? 

പൂജയുടെ  ചോദ്യം  അല്‍പം  തീക്ഷ്ണമായി തന്നെ  എനിക്കനുഭവപ്പെട്ടു. അവളുടെ മുഖത്ത്  കുറച്ച് ഗൌരവമുണ്ടായിരുന്നു. 

ഞങ്ങള്‍ ഒന്നിച്ചു  നടക്കുവാന്‍ തുടങ്ങുകയായിരുന്നു. പെട്ടെന്ന്  പൂജ നടത്തം മതിയാക്കി  മാര്‍ക്കറ്റിന്‍റെ  മുലയിലുള്ള  ചെറിയ  ചായക്കടയിലിട്ടിരുന്ന അഴുക്കു  നിറഞ്ഞ ഒരു  ബെഞ്ചില്‍ ഇരിപ്പു പിടിച്ചു. 

ദോ ചായ് ഓര്‍ ചാര്‍ മട്ടി .. 

ചായ കൂട്ടുന്ന  അമ്മൂമ്മയോട് പൂജയുടെ  അറിയിപ്പും പൊടുന്നനെയായിരുന്നു. അമ്മൂമ്മ  പതിനായിരം ചുളിവുകളുള്ള അവരുടെ മുഖം  നിറയെ വ്യാപിച്ച വലിയൊരു  പുഞ്ചിരിയുമായി  കീറലുകളുള്ള  സ്വറ്റര്‍ ഒന്നും  കൂടി  താഴേക്ക് വലിച്ചിട്ട്  തറയില്‍ കുന്തിച്ചിരുന്നു ചായ  കൂട്ടാന്‍ തുടങ്ങി. 

എനിക്ക്   ചായ കുടിക്കണമെന്നുണ്ടായിരുന്നില്ല. മട്ടിയും തിന്നണമെന്നുണ്ടായിരുന്നില്ല. ഇതു പോലെ പാവപ്പെട്ട അമ്മൂമ്മമാരും മറ്റും നടത്തുന്ന റോഡരികിലെ  ചെറിയ കടകളില്‍ കിട്ടുന്നതും വില കുറഞ്ഞതും എരിവുള്ളതുമായ   ഒരു പലഹാരമാണ് മട്ടി. അല്‍പം  കനമുള്ള ഒരു പപ്പടമെന്നു വേണമെങ്കില്‍ പറയാം.   പൊതുവേ വീട്ടമ്മമാരോ ഉദ്യോഗസ്ഥരോ  ആയ  സ്ത്രീകളൊന്നും  ഇമ്മാതിരി കടകളിലിരുന്നു ചായ കുടിക്കുകയോ മട്ടിയോ അല്ലെങ്കില്‍   പുഴുങ്ങിയ  മുട്ടയോ  മറ്റോ തിന്നുകയോ  ഒന്നും  ചെയ്യില്ല. അതെല്ലാം പുരുഷന്മാര്‍  മാത്രം ചെയ്യുന്ന കാര്യങ്ങളാണ്. സ്ത്രീകള്‍  സാധാരണയായി അത്തരം കടകളിലെ  വൃത്തിക്കുറവിനേയും  സൌകര്യമില്ലായ്മയേയും ഒക്കെ  പറ്റി പരാതിപ്പെട്ട് മുഖം  തിരിക്കാറാണ്  പതിവ്. 

പൂജ  ഒരു   സാധാരണ സ്ത്രീയായിരുന്നില്ലല്ലോ. 

ഞാന്‍  സ്വയം  തിരിച്ചറിയാനാവാത്ത  മുറുക്കമുള്ള ഒരു  അതൃപ്തിയോടെ  പൂജയുടെ സമീപം  ഇരുന്നു. 

അവള്‍ ഒരു മന്ത്രണം  പോലെ  മൃദുവായി  എന്നോട്  സംസാരിക്കുകയായിരുന്നു. അനാവശ്യമായി  ദേഷ്യപ്പെടുകയോ എന്‍റെ  വിവരമില്ലായ്മയെ പരിഹസിക്കുകയോ സ്വയം   ഗുരുവായിച്ചമഞ്ഞ്  ഉപദേശിക്കുകയോ എന്നെ നിസ്സാരമായി  അവഗണിക്കുകയോ  അല്ലെങ്കില്‍  എളുപ്പത്തില്‍  തെറ്റിദ്ധരിക്കുകയോ  ഒന്നുമായിരുന്നില്ല.

താഹിര്‍പൂര്‍  എന്ന സ്ഥലത്തെ ഗുരുതേജ് ബഹാദൂര്‍ കുഷ്ഠരോഗാശുപത്രിയില്‍ പലപ്പോഴും  പോയി  വന്ന കഥയാണ് അവള്‍ പറഞ്ഞുകൊണ്ടിരുന്നത്. നാലു ഫേസുകളിലായി അതിനുസമീപം ഇച്ചാക്കയും സന്ദീപ് സാറും കൂടി പണിതു  തീര്‍ത്ത  ഒരു കുഷ്ഠരോഗ കോളനിയെ പറ്റിയും  കൂടിയായിരുന്നു  അത് . അവിടെ   പരമദരിദ്രരായ അനാഥരായ കുഷ്ഠരോഗികള്‍  പാര്‍ക്കുന്നുണ്ടായിരുന്നു. അവര്‍  വളരെ വൃത്തിയായി  അവരുടെ  താമസസ്ഥലം  സൂക്ഷിക്കുമെന്നും  മറ്റും  പൂജ  പറഞ്ഞു തുടങ്ങിയപ്പോള്‍  ഞാന്‍ മടുപ്പോടെ  കോട്ടുവായിട്ടു.

അപ്പോഴാണ് അവള്‍  ചോദിച്ചത്.. 

ആ കുഷ്ഠരോഗികള്‍  മറ്റുള്ളവരോട്  എങ്ങനെയാണ് പ്രതിഷേധിക്കുക അല്ലെങ്കില്‍  വഴക്കു  കൂടുക  എന്നറിയുമോ ശാന്തീ..

എനിക്കറിയില്ലായിരുന്നു. 

അവര്‍ തൊടും.. വഴക്ക് മൂത്താല്‍  കെട്ടിപ്പിടിക്കും.. അതവരുടെ ഒരു തന്ത്രമാണ്. ഒരു രീതിയാണ്. അവര്‍ തൊടുന്നത് പൊതുസമൂഹത്തിനു അറപ്പാണ്. ആ അറപ്പുണ്ടാക്കി ഭയപ്പെടുത്തലാണ് അവര്‍ക്കാകെ കൂടി കഴിയുന്ന ഒരു പ്രതിഷേധം. ശാരീരിക വൈകല്യങ്ങളും അതുണ്ടാക്കുന്ന  ദുര്‍ബലതയും കൊണ്ട്  ആരേയും കായികമായി നേരിടാന്‍ അവര്‍ക്ക് കഴിയില്ല. 

എന്‍റെ  മാന്ദ്യം  ബാധിച്ച തലയില്‍ ഒരു മിന്നാമിനുങ്ങിന്‍റെ ചെറു വെട്ടമുണ്ടായി.

അപ്പോള്‍ ഗരു..
 
അതെ, ശാന്തി. ഗരുവും സീമയുമെല്ലാം തുണി പൊക്കിക്കാണിച്ച്  നടുക്കത്തിന്‍റെ  ഒരലയുണ്ടാക്കുന്നു.  കാഴ്ചക്കാരില്‍  ഒരു ചൂളല്‍ ഉണ്ടാക്കുന്നു.  അടിപിടിക്കു പോകുന്നതിലും  എളുപ്പമായി  ശാപങ്ങളും സ്വന്തം നഗ്നതയും കാണിച്ച്  പ്രതിഷേധിക്കുന്നു. ഏറ്റവും  നിസ്സഹായമായ പ്രതിഷേധമാണ് തുണി പൊക്കലും  ശപിക്കലും.. നാട്ടിന്‍ പുറങ്ങളില്‍ പെണ്ണുങ്ങള്‍ തമ്മില്‍  ലഹള കൂട്ടുമ്പോള്‍  ഇങ്ങനെ  ചെയ്യാറില്ലേ.. 

ഞാന്‍ തല കുലുക്കി. 

ഉവ്വ്.. കണ്ടിട്ടുണ്ട്. അലക്കുകാരികളായ  മാതുവിന്‍റേയും  കൊച്ചുവിന്‍റേയും വഴക്ക്  കാണാന്‍ വേണ്ടി  ആളു  കൂടുന്നത് ഈ തുണി പൊക്കല്‍കൊണ്ടാണെന്ന് വീട്ടിലെ ജോലിക്കാരി  അമ്മയോട് പറയുന്നതും  കേട്ടിട്ടുണ്ട്. 

അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍  എനിക്ക് വല്ലാത്ത തളര്‍ച്ച തോന്നി. 

അമ്മ എന്നെ മറന്നു  കാണുമോ?  

കുട്ടി  എല്ലാവരുടേയും ജീവിതം  തകരാറാക്കുകയാണ്. കുട്ടിയുടെ  മാത്രമല്ല .. ചേട്ടന്‍റെയും  അനീത്തിയുടേയും എന്‍റെയും  എല്ലാം .. എന്ന് പറഞ്ഞ് എന്നെ ഒഴിവാക്കിയ, എന്നെ  അകറ്റി മാറ്റിയ  അമ്മ ... അമ്മ  എന്നെ മറന്നിരിക്കും. 

പൂജ നീട്ടിയ ചായയും മട്ടിയും ഞാന്‍  ഒരു മടിയും കൂടാതെ  വാങ്ങി.

വെയില്‍ മങ്ങിക്കഴിഞ്ഞിരുന്നു.  തണുത്ത കാറ്റ് ചൂളം കുത്തിക്കൊണ്ടിരുന്നു. ഷാള്‍ വലിച്ചു  തലയിലൂടെ മുറുകെ ചുറ്റിയിട്ടും തണുക്കുന്നു. 

ഇച്ചാക്കയെ  കാണാന്‍  പോകണോ  എന്ന് ഞാന്‍ പൂജയോട്  പിന്നെ ചോദിച്ചില്ല. നിശ്ശബ്ദം  അവളെ  പിന്തുടര്‍ന്നു.

ഇച്ചാക്കയുടെ വീട്ടിലെത്തിയപ്പോള്‍  മൂന്നുമണി  കഴിഞ്ഞിരുന്നു.  അന്തരീക്ഷമാകെ ഇരുണ്ടു കനത്തു  നിന്നതുകൊണ്ട്  സന്ധ്യ മയങ്ങിക്കഴിഞ്ഞതായി തോന്നി. 

സ്വന്‍സല്‍  ഞങ്ങളെ  ഹാര്‍ദ്ദമായി സ്വീകരിച്ചു. 

കാര്യങ്ങള്‍ വിശദമാക്കിയതും ദീര്‍ഘ നേരം  സംസാരിച്ചതും  പൂജയാണ്.  ഞാന്‍ ഒന്നും പറഞ്ഞില്ല. അല്ലെങ്കിലും പൂജയെപ്പോലെ നെഞ്ചു തൊടുന്ന ആത്മാര്‍ഥതയോടെ  ഒഴുക്കുള്ള ഭാഷയില്‍ കാര്യങ്ങള്‍ വിശദീകരിക്കാന്‍ എനിക്ക് കഴിവില്ലല്ലോ. 

അവര്‍ക്ക്  മാന്യമായ ഒരു  ജീവിതമാര്‍ഗമുണ്ടാകരുതെന്ന് അവര്‍ സമാധാനമായി  ജീവിക്കരുതെന്ന്    നമ്മുടെ സമൂഹത്തിനു നിരബന്ധമുള്ളതു പോലെയാണ്. നിലവിലെ സാഹചര്യങ്ങളും വിശ്വാസങ്ങളും മറ്റും  ഒരു കാരണവശാലും  മാറരുതല്ലോ
 
ഇച്ചാക്കയുടെ ശബ്ദത്തില്‍  ഒരു തരം നിരാശയോ  മടുപ്പോ  നിഴല്‍ വീശിയിരുന്നു. 

നല്ല ഒരു  ഫിസിഷ്യനേയോ ചൈല്‍ഡ്  സ്പെഷ്യലിസ്റ്റിനെയോ  കണ്ടു  പിടിക്കും  പോലെ എളൂപ്പമല്ലല്ലോ നല്ലൊരു സൈക്യാട്രിസ്റ്റിനെ കണ്ടു പിടിക്കുന്നത്.  പ്രത്യേകിച്ച്  വിശ്വാസത്തോടെയും  പ്രതീക്ഷയോടെയും  ആശ്രയിച്ചു ചെന്നയിടത്ത്   ഇമ്മാതിരിയൊരനുഭവമുണ്ടായതിനു ശേഷം. ഇച്ചാക്ക  ആരെയെല്ലാമോ ഫോണില്‍  വിളിച്ചെങ്കിലും അങ്ങനെയൊരാളെ കണ്ടു പിടിക്കാന്‍ അത്ര  എളുപ്പമൊന്നും കഴിഞ്ഞില്ല.

പൊടുന്നനെ മഴ ആര്‍ത്തിരമ്പി  പെയ്യാന്‍  തുടങ്ങി.  ഇരുട്ടും  തണുപ്പും  ഏറിയേറി  വന്നപ്പോള്‍  അന്ന്  ഇച്ചാക്കയുടെ വീട്ടില്‍  തന്നെ  താമസിക്കാമെന്ന്  പൂജ  തീരുമാനിക്കുകയായിരുന്നു.  ഞാനും  സ്വന്തം മുറിയിലേക്ക്  മടങ്ങിയില്ല. വീശിയടിച്ച  കാറ്റില്‍ തൊട്ടടുത്ത ഡി ഡി എ  പാര്‍ക്കിലെ മരങ്ങള്‍  ആടിയുലഞ്ഞു. ചിവീടുകളുടെ അസഹനീയമായ കരച്ചില്‍ ഞാന്‍ മറക്കാനാശിച്ച വീട്ടിലേക്കും ഓര്‍മ്മകളിലേക്കും   എന്നെ വലിച്ചു കൊണ്ടു പോയി... 

തീവ്ര വേദനകളില്‍ ഞാന്‍ മുങ്ങിത്താഴുമ്പോള്‍  പൊടുന്നനെ ഇച്ചാക്ക പറയുകയായിരുന്നു. 

ഇറ്റീസ് എ ടഫ്  ജോബ് പൂജ. തേര്‍ഡ് ജെന്‍ഡര്‍  എന്ന്  കേള്‍ക്കുമ്പോഴേ ..സൈക്യാട്രിസ്റ്റുകള്‍ ... 

എനിക്കറിയാം...ആരേയും കിട്ടാത്തതാണ് നല്ലത്.. അവര്‍ ചികില്‍സിച്ച് വഷളാക്കും..സൈക്യാട്രിസ്റ്റുകള്‍  എല്ലാവരും രോഗികളെ ചതിക്കുന്നവരാണ്.  ഞാനറിയാതെയായിരുന്നു ആ വാക്കുകള്‍  പുറത്തു ചാടിയത്.  അല്ലെങ്കില്‍  അത്  ഒതുക്കിവെച്ചിട്ടും  ഒതുങ്ങാത്തതായിരുന്നു.  സ്വയം ദീനമായി വഞ്ചിക്കപ്പെട്ടവളുടെ അപമാനത്തോടെ ഞാന്‍ തല കുനിച്ചുപിടിച്ചു. ഇച്ചാക്കയുടേയും  സ്വന്‍സലിന്‍റേയും പൂജയുടേയും  കണ്ണുകളില്‍ നോക്കാന്‍ എനിക്ക് ധൈര്യമുണ്ടായില്ല. 

ഇങ്ങനൊരു  അബദ്ധം എനിക്ക്  പറ്റിപ്പോയതില്‍  ഞാന്‍  ശരിക്കും  വേദനിച്ചു. 

സ്വന്‍സലിന്‍റെ  മൂളിപ്പാട്ടു കേട്ടിരുന്ന,  ചന്ദനത്തിരിയുടെ ഹൃദ്യമായ സുഗന്ധമുയര്‍ന്നിരുന്ന ആ മുറിയില്‍  ആഴമുള്ള  ഒരു   നിശ്ശബ്ദത പരന്നു. അത്താഴം കഴിക്കുമ്പോള്‍ പോലും പഴയൊരു  ആഹ്ലാദവും മൂളിപ്പാട്ടും  സ്വന്‍സലില്‍  ഇല്ലയെന്ന്  എനിക്ക്  തോന്നി. ഇച്ചാക്കയുടെ  മുഖവും അല്‍പം  മ്ലാനമാണെന്ന്  ഞാന്‍   കണ്ടു പിടിച്ചു. പൂജയുടെ  വെന്ത മുഖത്തു നിന്ന്  അവളുടെ മനോഭാവമെന്തെന്ന്  ആര്‍ക്കും  തിരിച്ചറിയുക  വയ്യല്ലോ. 

ഞാനും  പൂജയും  ഒന്നിച്ചാണ് ഉറങ്ങാന്‍  കിടന്നത്. 

ലൈറ്റണയ്ക്കും വരെ  പൂജ മൌനിയായിരുന്നു.  

നിന്‍റെ മനസ്സ് കത്തുന്നുണ്ടല്ലേ  എന്നവള്‍  ചോദിച്ചപ്പോള്‍  ഞാന്‍  കരഞ്ഞു പോയി.. അതില്‍ക്കൂടുതല്‍  ഒന്നും ഒതുക്കിവെയ്ക്കാന്‍  എനിക്ക് കഴിയുമായിരുന്നില്ല. 

അതൊരു പഴയ കുട്ടിക്കഥയായിരുന്നു. 

കാണാത്തതു  കണ്ടുവെന്നും കേള്‍ക്കാത്തത്  കേട്ടുവെന്നും അനുഭവിക്കാത്തത്  അനുഭവിച്ചുവെന്നും  പറയുന്നതിനാണ്   ഒരു  പതിനഞ്ചുകാരി കുട്ടിയ്ക്ക് എല്ലാവരും  ശിക്ഷ  നല്‍കുന്നത്.    എന്തിനാണ് കുട്ടി  കളവ് പറയുന്നതെന്ന് എല്ലാവരും  ചോദിക്കും. മെഡിക്കല്‍  കോളേജിലെ  ഹോസ്റ്റലില്‍  നിന്ന് വരുമ്പോഴൊക്കെയും ചേട്ടന്‍  കുട്ടിയെ  അടിച്ചു.. ചെവി  പിടിച്ചു തിരുമ്മി.. കൊല്ലുമെന്ന്  അലറി. അമ്മ കുട്ടിയ്ക്ക് ആഹാരം കൊടുത്തില്ല. ഇങ്ങനെയൊന്ന് എന്‍റെ ഈ   വയറ്റില്‍ പൊട്ടിയല്ലോ  എന്ന് തലയ്ക്കടിച്ചുകൊണ്ട്  സ്വയം ശപിച്ചു. അനിയത്തി  തരം  കിട്ടുമ്പോഴെല്ലാം  കള്ളി  എന്നു വിളിച്ചു. ടീച്ചറും കന്യാസ്ത്രീ പ്രിന്‍സിപ്പലും ഉപദേശിച്ചു. കുരിശു വരച്ചു മുട്ടു കുത്തിച്ചു.

എന്നിട്ടും കുട്ടി പിന്നെയും പിന്നെയും  കളവു പറഞ്ഞുകൊണ്ടിരുന്നു.  

രാത്രിയില്‍ പേടിച്ചു നിലവിളിച്ചു. കിടക്കയില്‍ മൂത്രമൊഴിച്ചു.

വെറുതേ പറയാണ്.. കുട്ടി എല്ലാം  വെറുതേ  പറയാണ്.. കുട്ടിക്ക്  എല്ലാം  വെറുതേ  തോന്നാണ്..  

അച്ഛന്‍ മാത്രം  അമ്മയോടും  ചേട്ടനോടും അനിയത്തിയോടും കുട്ടിയെപ്പറ്റി പതം  പറഞ്ഞ്  കരഞ്ഞു ... അച്ഛന്‍റെ കൂട്ടുകാരോട്  കരഞ്ഞു. സഹപ്രവര്‍ത്തകരോട് കരഞ്ഞു.

അച്ഛന് കുട്ടിയോട്   അത്രയ്ക്കിഷ്ടമായിരുന്നു. മറ്റാര്‍ക്കും  ഇല്ലാത്തത്രയും   ഇഷ്ടമായിരുന്നു. 

എല്ലാവര്‍ക്കും  സങ്കടം  തോന്നി.. സ്നേഹവാനായ ഒരച്ഛനെ  ഇങ്ങനെ വേദനിപ്പിക്കാന്‍ പറ്റുന്നുണ്ടല്ലോ ഈ കുട്ടിപ്പിശാചിനു... വീടു  നശിപ്പിക്കാനാകുന്നുണ്ടല്ലോ  ഈ അസുരവിത്തിനു... 

ഇതൊരു  രോഗമാണ്.. മനോരോഗം എന്നറിഞ്ഞ ദിവസം  അമ്മ മാറത്തടിച്ചു  നിലവിളിച്ചു. കുട്ടി  രാത്രിയില്‍ കിടക്ക നിറയെ  അപ്പിയിട്ട്   ആ അപ്പി  മേലു മുഴുവന്‍ വാരിത്തേച്ച ദിവസമായിരുന്നു  അത്. അച്ഛനായിരുന്നു  അത്  ആദ്യം  അറിഞ്ഞതും എല്ലാവരേയും വിളിച്ചു  കാണിച്ചതും.   ഹോസ്റ്റലിലായിരുന്ന  ചേട്ടന് ആ  ദുരിതം   നേരിട്ട് കാണേണ്ടി  വന്നില്ല.  അനിയത്തി  വലിയ  വായില്‍  ച്ഛര്‍ദ്ദിച്ചു. അവള്‍    കഴിച്ച അത്താഴം മുഴുവന്‍  കുട്ടിയുടെ  കിടപ്പു മുറിയില്‍  ദുര്‍ഗന്ധത്തോടെ  ചിതറിക്കിടന്നു. 

കുട്ടിയ്ക്ക് പാരനോയിയ  എന്ന മനോരോഗമായിരുന്നു. 

അല്‍പം  കഷണ്ടി ബാധിച്ച തലയും  കട്ടിക്കണ്ണടയുമുള്ള  സൈക്യാട്രിസ്റ്റ്  ഡോക്ടര്‍ അതിവേഗമാണ്  ആ രോഗം മനസ്സിലാക്കിയത്, മരുന്നു  കുറിച്ചത്. കുട്ടിയുടെ തോന്നലുകള്‍, സംശയങ്ങള്‍,  ചോദ്യങ്ങള്‍ എല്ലാം കാലക്രമത്തില്‍  അസ്തമിക്കുമെന്ന് അദ്ദേഹം  കുട്ടിയുടെ അച്ഛന്  ഉറപ്പു  കൊടുത്തു. ... 

മരുന്നുകള്‍  കഴിച്ച് .. മരുന്നുകള്‍  കഴിച്ച്... മരുന്നുകള്‍ കഴിച്ച്... 

പൂജ കണ്ണീരൊഴുക്കിക്കൊണ്ട്  എന്നെ  നെഞ്ചോടു  ചേര്‍ത്തപ്പോള്‍ മുമ്പൊരിക്കലും ആരോടും തോന്നാത്ത ഉല്‍ക്കടമായ വികാര വായ്പോടെ. അവളൂടെ  മൃദുലമായ ശരീരത്തില്‍ എന്നെ അമര്‍ത്തിവെച്ച് ഞാന്‍ മതിവരുവോളം  തേങ്ങിക്കരഞ്ഞു  .. 

മുഴുപ്പാര്‍ന്ന മഴത്തുള്ളികള്‍ ജന്നല്‍ച്ചില്ലുകളില്‍ ചിതറി വീണ് ഞങ്ങള്‍ക്കൊപ്പം  കണ്ണീരൊഴുക്കിക്കൊണ്ടിരുന്നു. സീമ ഒരു കഷണം കയറിലൂടെ യാത്ര  ചെയ്ത്   ഈ ലോകത്തില്‍  നിന്ന്  കടന്ന് പോവുകയാണെന്ന്   മഴത്തുള്ളികള്‍ക്ക്  അപ്പോള്‍ മനസ്സിലായിരുന്നുവോ ?  അതുകോണ്ടായിരിക്കുമോ അവരങ്ങനെ  തലതല്ലിക്കൊണ്ടിരുന്നത്... 

എനിക്കോ  പൂജയ്ക്കോ  അപ്പോള്‍  അത്  മനസ്സിലാക്കാനുള്ള  കഴിവുണ്ടായിരുന്നില്ല. ഞങ്ങളുടെ  ലോകം നന്നേ  ചെറുതായിത്തീര്‍ന്നിരുന്നു.   

( തുടരും )