Sunday, June 29, 2014

ചീന്തിയെറിയപ്പെടുന്ന ഓടപ്പഴങ്ങള്‍ 5


https://www.facebook.com/echmu.kutty/posts/289291657916802

അഞ്ചാം ഭാഗം

നിസാമുദ്ദീന്‍  റെയില്‍വേ സ്റ്റേഷനു  സമീപം  ഭോഗലിലെ  ഒരു  ഗലിയിലേക്കാണ് ഞാന്‍  പൂജയ്ക്കൊപ്പം  പോയത്. 

എനിക്ക്   ഭയമോ  ഉല്‍ക്കണ്ഠയോ ഉദ്വേഗമോ ഒക്കെ തോന്നുന്നുണ്ടായിരുന്നു. സന്ധ്യ മയങ്ങി ഇരുട്ട്  വീഴാന്‍ തുടങ്ങിയ  നേരത്ത്  യാതൊരു മുന്‍പരിചയവുമില്ലാത്ത  ചിലരുടെ താമസസ്ഥലത്ത് പോവുകയാണ്.. അവരാണെങ്കില്‍   സാധാരണ മനുഷ്യരുടെ  ജീവിത  അതിര്‍ത്തികളില്‍ കാലുറപ്പിച്ചിട്ടുള്ളവരല്ല. അവരുടെ സാമൂഹ്യ ജീവിതം എനിക്കധികവുമപരിചിതമാണ്.  അവരെപ്പറ്റി  ആകെ  അറിയാവുന്നത്  അവര്‍  ട്രെയിനിലിരിക്കുമ്പോള്‍  പുരുഷയാത്രക്കാരോട്   പണം  ചോദിക്കുമെന്നും  അവരില്‍  അധികം  പേരും  നൃത്തക്കാരോ  ശരീര വില്‍പ്പനക്കാരോ  യാചകരോ  ആണെന്നും  മാത്രമാണ്. 

മഞ്ഞ്  താഴേക്ക്  നൂണ്ടിറങ്ങിയിരുന്നു. വഴിയിലെ  സാന്ദ്രത കൂടിയ പുകപടലങ്ങള്‍  രാത്രിയുടെ  കനം  വര്‍ദ്ധിച്ചതായി തോന്നിപ്പിച്ചു.   ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ   ഡ്രൈവര്‍  ഒരു  വരാല്‍  മല്‍സ്യത്തെപ്പോലെയാണ്  ഓട്ടോ  പായിച്ചുകൊണ്ടിരുന്നത്.    

എനിക്ക്  സീമയേയും  ഗരുവിനേയും   യാതൊരു   പരിചയവുമില്ല ...  അപ്പോള്‍ ..  ഞാന്‍  പകുതിയില്‍  നിറുത്തി.. 

പൂജ  ചിരിച്ചുകൊണ്ട്  അവളുടെ  ഇടതുകൈ എന്‍റെ  തുടയില്‍  കമഴ്ത്തിവെച്ചു. ആ കൈയിലെ   മിനുങ്ങുന്ന  നഖച്ചായം  എന്നെ  നോക്കി  സഹതാപത്തോടെ  ചിരിച്ചു. 

റ്റേക്കിറ്റീസി ശാന്തീ.. അല്ലെങ്കിലും അവരെപ്പറ്റി നമുക്കാര്‍ക്കും കാര്യമായി ഒന്നുമറിയില്ല.  അറിയാന്‍ നമ്മള്‍  ശ്രമിക്കുകയുമില്ല.
 
ഞാന്‍ പൂജയെ  ചോദ്യരൂപത്തില്‍  നോക്കി. 

അവള്‍  തുടര്‍ന്നു. 

ചിലതൊക്കെ  അറിയുമ്പോള്‍  നമുക്ക് കുറ്റബോധം തോന്നും. അതൊഴിവാക്കാന്‍ നല്ലത് അമ്മാതിരി  കാര്യങ്ങളൊന്നും  അറിയാനേ  തുനിയാതിരിക്കുന്നതാണ്. 

സീമ  നല്ലൊരു  വീട്ടില്‍  പിറന്നതാണ്. ആണിന്‍റെ  ദേഹം  ... പെണ്ണിന്‍റെ  മനസ്സ് ... അത്തരം  പൊരുത്തക്കേടുകള്‍ തിരിച്ചറിയാനുള്ള  കഴിവൊന്നും    വീട്ടിലാര്‍ക്കും  ഉണ്ടായിരുന്നില്ല. പെണ്മനമുള്ള  ഒരാളോട്  ആണിനെപ്പോലെയാക്...  ആണിനെപ്പോലെയാക്...    എന്നു  പറഞ്ഞാല്‍ ... ആണ്മ തെളിയിക്കുന്നത്  ഒരേ സമയം  ദയനീയവും  അപായകരവുമാണ്..
 
ഞാന്‍  അപ്പോഴാണ് ആണ്മ തെളിയിക്കുന്നതിനെപ്പറ്റി ആദ്യമായി ആലോചിച്ചത്. 

എന്ത്  ചെയ്താലാണ്  ആണ്മ   തെളിയിക്കാന്‍ പറ്റുക

പെണ്ണുങ്ങള്‍ക്ക്  ചെയ്യാന്‍ പറ്റാത്ത  കാര്യങ്ങളെന്ന്  എല്ലാരും  വീമ്പ് പറയുന്നതൊക്കെ   ചെയ്താല്‍ മതി   ആണ്മ തെളിയിക്കാം പൂജ  എന്‍റെ  മനസ്സ്  വായിച്ചതു  പോലെ  ഉത്തരം  പറഞ്ഞു. 

ആ ശബ്ദത്തിലെ പരിഹാസവും അമര്‍ഷവും  വേദനയും  എന്നെ ആഴത്തില്‍  സ്പര്‍ശിച്ചു. 

തെങ്ങില്‍ കയറുന്നത്... 

നീ മിണ്ടരുതെന്ന്  ഗര്‍ജിക്കുന്നത് ... 

ആസിഡ് മുഖത്തേക്ക് ഒഴിക്കുന്നത്... 

കൂട്ട ബലാല്‍സംഗം ചെയ്യുന്നത്... 

ഗര്‍ഭം ധരിപ്പിക്കുന്നത്... 

ഞാന്‍ ദീര്‍ഘമായി  നിശ്വസിച്ചു..  ഓര്‍ക്കരുതെന്ന്  ഞാനുറപ്പിച്ചിട്ടുള്ളതെന്തെല്ലാമോ  അണപൊട്ടിയൊഴുകുന്നതായി  എനിക്ക്  തോന്നി. കണ്ണീരിനെ ഒതുക്കിപ്പിടിച്ച്  എന്‍റെ  കണ്ണുകള്‍  കഴച്ചു. 

മാര്‍ക്കറ്റിനു സമീപമെത്തിയപ്പോള്‍  പൂജ  ഓട്ടോ  പറഞ്ഞു വിട്ടു.  കുറച്ചു  വെളുത്ത കലാകന്ദും അല്‍പം  മാവയും   ഒരു കിലോ പനീര്‍ ജിലേബിയും  ഹല്‍വായിക്കടയില്‍  നിന്ന്  വാങ്ങിയിട്ടാണ് ഗരുവിനെ കാണാന്‍  ഞങ്ങള്‍ പോയത്. 

എന്‍റെ ഹൃദയം ഉറക്കെ  മിടിക്കുന്നുണ്ടായിരുന്നു. ദേഹത്തെ രോമങ്ങള്‍  എഴുന്നു നില്‍ക്കുന്നുണ്ടായിരുന്നു.  എത്ര ശ്രമിച്ചിട്ടും  എന്‍റെ  ഭയവും ഉല്‍ക്കണ്ഠയും എന്നെ  വിട്ടു പോയില്ല. 

ഇടത്തരത്തിലും അല്‍പം കുറഞ്ഞ  ഒരു  ഫ്ലാറ്റിലേക്കാണ് ഞങ്ങള്‍ എത്തിയത്. അത്  താഴത്തെ  നിലയായിരുന്നു. വളരെ പ്രാകൃതമായ രീതിയില്‍  ചായം തേച്ച  ചുമരുകളും ഒന്നു രണ്ട്  വില കുറഞ്ഞ സോഫകളും കയറിച്ചെല്ലുന്ന  മുറിയില്‍ കാണപ്പെട്ടു.   പുരുഷ ശരീരമുള്ള  നാലഞ്ചു  സാരിക്കാര്‍  അവിടെ ഇരിക്കുന്നുണ്ടായിരുന്നു. എല്ലാവരും കണ്ണെഴുതിയിരുന്നു, പൊട്ടുകുത്തിയിരുന്നു, മുടി  ചീകികെട്ടിയിരുന്നു. ചന്ദനത്തിരിയുടെ  സുഗന്ധം  അവിടെ  ആകെ  പരന്നിരുന്നു. 

പൂജാ ദീദി   എന്ന കോറസ്സോടെ അവര്‍ ഞങ്ങളെ എതിരേറ്റു. അവരുടെ  വായില്‍ നിന്ന്  പുകയിലയും ചുണ്ണാമ്പും  ചേര്‍ത്ത  വെറ്റിലയുടെ രൂക്ഷഗന്ധം  അന്തരീക്ഷത്തില്‍  പടര്‍ന്നു. 

ആണുങ്ങളൂടെ ഘനമുള്ള  ശബ്ദത്തില്‍  സംസാരിക്കുകയും  ആണ്‍ ശരീര രൂപങ്ങളില്‍  സാരി ധരിക്കുകയും  ചെയ്യുന്നവരുമായി  ഇങ്ങനെ പരിചയപ്പെടുമെന്ന് സ്വപ്നത്തില്‍  കൂടി ഞാന്‍ കരുതിയിരുന്നില്ല.  പൊടുന്നനെ ഒരു പ്രേതലോകത്തെത്തിയതു പോലെയാണ്  എനിക്ക്  തോന്നിയത്. 

പൂജ അതീവ സ്വാഭാവികമായി  അവരോട് ഇടപഴകുന്നത് എന്നെ അല്‍ഭുതപ്പെടുത്തി.. 

മോനാ.. ഗരു എവിടെ

എന്താ വിശേഷം... സ്വപ്നാ.. 

ഗാവില്‍  പോയിരുന്നോ മുന്നീ.. .
 
എന്നൊക്കെ  ചോദിക്കുന്നത് കേട്ടാല്‍  അവരൊക്കെ  പൂജയുടെ അടുത്ത ബന്ധുക്കളാണന്നേ  ആര്‍ക്കും തോന്നൂ.. 

തലമുടി നരച്ചുവെങ്കിലും  ഗജ്റ ചൂടി  കൈകള്‍  നിറയെ  കുപ്പിവളകള്‍ ഇട്ട്  മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളുമായി സാരി ധരിച്ച ആറടി ഉയരമുള്ള  ഒരു രൂപം കടന്നു വന്നപ്പോള്‍  എല്ലാവരും  നിശ്ശബ്ദരായി  എണീറ്റു നിന്നു.  ഗരുവാണതെന്ന് ആരും പറയാതെ തന്നെ എനിക്ക് മനസ്സിലായി. മോനയും സ്വപ്നയും  മുന്നിയുമെല്ലാം  എന്തോ ഒരു ആചാര വാചകം പറഞ്ഞുകൊണ്ട് ഗരുവിന്‍റെ  പാദധൂളി   ശിരസ്സിലേല്‍ക്കുന്നുണ്ടായിരുന്നു. 

സാരി കൊണ്ട്  മൂടിവെച്ചിരിക്കുന്ന  ഗുഹ മാതിരിയുള്ള കുടവയറു കണ്ടപ്പോള്‍  എനിക്ക്  ചിരി വന്നെങ്കിലും ഞാന്‍ അത് ഒതുക്കിപ്പിടിച്ചു. 

വല്ലാത്ത ഒരു കാഴ്ച തന്നെയായിരുന്നു അത്. ആറടി ഉയരത്തില്‍,  വലിയൊരു കുടവയറും വിരിഞ്ഞ മാറിടവും ബലിഷ്ഠമായ കരങ്ങളും നരച്ച താടിമീശയുമുള്ള  ഒരു ശരീരത്തില്‍ സാരിയും മുല്ലപ്പൂവും കുപ്പിവളകളുമെല്ലാം  എങ്ങനെ  പൊരുത്തപ്പെടുമെന്ന്  എനിക്ക്  മനസ്സിലാകുന്നില്ലായിരുന്നു. 

ഗരു പൂജയെ കെട്ടിപ്പിടിച്ചു സ്നേഹം പ്രകടിപ്പിച്ചു. 

എനിക്ക് വല്ലായ്മ തോന്നി.  അപരിചിതയായ  എന്നെ  ഗരു  സ്പര്‍ശിക്കുമോ  എന്നോര്‍ത്ത്  ഞാന്‍ കുറച്ച് അസ്വസ്ഥയാവുകയും ചെയ്തു. 

എന്നാല്‍ ഗരു എന്നെ ശ്രദ്ധിച്ചതേയില്ല. 

പെണ്ണാവണമെന്ന് കൊതിയുണ്ടെന്ന്  വിചാരിച്ച്  സീമ  ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്ന് പറയുമ്പോള്‍  ഗരുവിന്‍റെ പുരുഷ  ശബ്ദം ഇടറി. 

വരൂ,  സീമയെ  കാണാ മെന്ന്  ഗരു പൂജയെ  വിളിച്ചപ്പോള്‍  പൂജ  എന്‍റെ  കൈയില്‍  പിടിച്ചുകൊണ്ട്  ഗരുവിനെ വിലക്കി. വേണ്ട... സീമയ്ക്ക്  സങ്കടം തോന്നിയാലോ ..  ഞങ്ങള്‍  കൊണ്ടുവന്നതാണെന്ന് പറഞ്ഞ്  ഇതെല്ലാം  ഗരു പൂജയ്ക്ക് കൊടുത്താല്‍ മതി   

ഗരു അപ്പോഴാണ്  എന്നെ ശ്രദ്ധിച്ചത്.  ഗരു  ചിരിച്ചു.  അത്  സ്നേഹവും  മര്യാദയുമുള്ള  ആതിഥേയത്വത്തിന്‍റെ  മന്ദഹാസമായിരുന്നു. ഞാനും ചിരിച്ചു.  

അങ്ങനെയല്ല, സീമയ്ക്ക് നിങ്ങള്‍  കാണാതെ പോയാലാണ്  വിഷമമാകുക.. വരൂ  എന്ന്  ക്ഷണിച്ച്  ഗരു മുന്നോട്ട്  നടന്നപ്പോള്‍  ഞാനും  പൂജയും അവരെ പിന്തുടര്‍ന്നു. 

അകത്തെ മുറിയിലെ  തറയില്‍ വിരിച്ച പായില്‍  സീമ കിടക്കുന്നത്  നേര്‍ത്ത വെളിച്ചത്തില്‍ ഞാന്‍  കണ്ടു.  കൊഴുത്ത രക്തത്തിന്‍റെ തുടുത്തു പച്ചച്ച  മണം  അവിടെയാകെ  പരന്നിരുന്നു. 

ഭയം കൊണ്ട്  എന്‍റെ ഹൃദയം  നിശ്ചലമായി.  എനിക്ക്  ഭയങ്കര ശബ്ദത്തില്‍ ഓക്കാനിക്കണമെന്നും എന്‍റെ  ദേഹത്തിലോടുന്ന രക്തത്തിന്‍റെ   അവസാനത്തുള്ളിയും  മൂത്രമായി  ഒഴിച്ചു കളയണമെന്നും   ഒക്കെ തോന്നി.   ഗന്ധം മറയ്ക്കാനായിരിക്കണം  പുറത്തേ  മുറിയില്‍  ചന്ദനത്തിരി  കത്തിച്ചു വെച്ചിരിക്കുന്നതെന്ന് ഞാന്‍ വിചാരിച്ചു . 

സീമ  കാലുകള്‍ അകത്തിപ്പരത്തിക്കിടക്കുകയായിരുന്നു.  കാലുകള്‍ കൂടുന്നിടത്ത്  വലിയൊരു  തുണി ക്കെട്ടുണ്ടായിരുന്നു. ചെറു കാറ്റടിക്കുമ്പോള്‍ പോലും  സീമ പുളയുമെന്ന്  എനിക്ക്  തോന്നി. ആ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. 

പൂജ  അടക്കിയ ശബ്ദത്തില്‍ ഗരുവിനോട്  ചോദിച്ചു 

ആശുപത്രിയില്‍  പോയാലോ ?
 
കേസാവും.. ഇത്  ചെയ്ത ആ നായിന്‍റെ  മോന്‍ ഡോക്ടര്‍ സുഖമായി  രക്ഷപ്പെടുകയും ചെയ്യും . പോലീസ്  പിന്നെ  സീമയുടെ പുറകേ കൂടും..  അവര്‍ക്ക് വഴങ്ങി വഴങ്ങി  വായിലും  കുണ്ടിയിലും ക്യാന്‍സര്‍ പിടിക്കും.  വഴങ്ങാന്‍  മടിച്ചാല്‍  ഈ പച്ചമുറിവില്‍  ലാത്തിയിറക്കാന്‍ മടിക്കില്ല  പോലീസുകാര്‍.  ആ അനുഭവമുണ്ട് .  ഗരു  മുരണ്ടു.

എനിക്ക് കേട്ടതും  കണ്ടതുമെല്ലാം  മതിയായിരുന്നു. 

ഉറക്കെ കരയണമെന്നോ കാണുന്നതിനെല്ലാം തീവെയ്ക്കണമെന്നോ  ...  എന്തു വേണമെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. മാനം മുട്ടെ  തീ ഉയരണമെന്നും  ആ തീയില്‍  ഈ ലോകം  മുഴുവനും ദഹിച്ചു ചാമ്പലാകണമെന്നും മാത്രം  ഞാന്‍ ഉല്‍ക്കടമായി  മോഹിച്ചു. 

അതൊരു  പ്രാകൃതമായ  പിച്ചിച്ചീന്തലായിരുന്നിരിക്കണം. ഗര്‍ഭപാത്രത്തില്‍  പപ്പായക്കറ പുരട്ടിയ  ഞെരിഞ്ഞില്‍ മുള്ളു  കോര്‍ത്തു  വലിക്കും പോലെ.. എന്‍റെ  പല്ലുകള്‍ക്കിടയിലും  അസ്ഥികളിലും  ആരോ മൂര്‍ച്ചയുള്ള  കത്തിയിറക്കുന്ന ശൈത്യം കിടുകിടുത്തു.   

വായിച്ചിട്ടുണ്ടായിരുന്നു... പറഞ്ഞു കേട്ടിട്ടുണ്ടായിരുന്നു.. എങ്കിലും  ആദ്യമാണ് ഒരു  മനുഷ്യശരീരം  ഇങ്ങനെ ഒരവസ്ഥയിലെത്തുമെന്ന് ഞാന്‍  കണ്ടു  മനസ്സിലാക്കുന്നത്.  പുരുഷന്‍റെ  ആ അവയവം ... അതിനെ  നിഷ്ക്കരുണം തള്ളിക്കളയുന്ന  ഒരു  സ്ത്രീ  മനസ്സ്   ഉന്മാദനൃത്തം  ചവിട്ടുന്ന  നിസ്സഹായമായ  പുരുഷശരീരമായി  സീമ  ഞങ്ങളൂടെ  മുന്നില്‍ മലര്‍ന്നു  കിടന്നു. 

സീമയെപ്പോലെയുള്ളവരെ  ചതിക്കുന്ന ഒരുപാട്  ഡോക്ടര്‍മാരുണ്ട്. ശസ്ത്രക്രിയയ്ക്കു ശേഷം  അല്ലെങ്കില്‍  അതിനു മുന്‍പ്  പ്രതിഫലമെന്ന രീതിയില്‍ ലൈംഗികമായി  ഉപയോഗിക്കുന്നവരുണ്ട്. ചിലര്‍  മാറിടങ്ങള്‍  വളരാനുള്ള  ഹോര്‍മോണ്‍  കുത്തിവെപ്പുകള്‍  നല്‍കാമെന്നു പറഞ്ഞു  ചതിക്കാറുണ്ട് .   വെറുതെ  മൂര്‍ച്ചയേറിയ  ആയുധം  കൊണ്ട്  ലിംഗച്ഛേദം  നടത്തി പണം  പിടുങ്ങുന്ന വ്യാജ വൈദ്യന്മാരുണ്ട്. 

ഞങ്ങള്‍  ആര്‍ക്കും  വേണ്ടാത്തവരല്ലേ .. പെറ്റമ്മയ്ക്കും അച്ഛനും  പോലും  വേണ്ടാത്തവര്‍.. ജനിച്ച നാടിനു  വേണ്ടാത്തവര്‍...ഞങ്ങളെ  ല്ലാവരും ചതിക്കും  സ്വപ്നയുടെ ശബ്ദമായിരുന്നു അത്. 

അതെ,  സ്വത്തവകാശമില്ലാത്തവര്‍

തിരിച്ചറിയല്‍ കാര്‍ഡുകളില്ലാത്തവര്‍,

വോട്ടവകാശമില്ലാത്തവര്‍ ..... 

മോനയും  സ്വപ്നയും മുന്നിയും  ഗരുവുമെല്ലാം  പറഞ്ഞത്  അതു  തന്നെയായിരുന്നു. 

പെങ്ങളെ ഭോഗിക്കുന്നവന്‍ എന്ന്  വിളിക്കപ്പെടുന്നത് പോലെ  അമ്മയെ  ഭോഗിക്കുന്നവന്‍  എന്ന്  വിളിക്കപ്പെടുന്നത്  സഹിക്കാനാവാതെയാണ്  മോന  നാടും വീടും വിട്ട് പോന്നത്.  അങ്ങനെ വിളിച്ചിരുന്നത് സ്വന്തം സഹോദരന്‍ തന്നെയായിരുന്നു. അമ്മ നീയൊരു  ആണിനെപ്പോലെ  പെരുമാറ്  എന്ന്  നിര്‍ബന്ധിക്കും. അച്ഛന്‍  ആണാവാന്‍ പറഞ്ഞ്  പോത്തിനെ  തല്ലുന്ന വടി കൊണ്ട് തല്ലും.   പ്രാകും ... പട്ടിണിക്കിടും. കോപം  കൊണ്ട്  ഭ്രാന്തു പിടിച്ച  അച്ഛന്‍  ഒരു  ദിവസം  തുണി പൊക്കി  ലിംഗത്തില്‍  അമര്‍ത്തിപ്പിടിച്ചുകൊണ്ട്  അലറി.. നാണം കെട്ട ജന്തു ....  കോടി രൂപയ്ക്കുള്ള  സ്വര്‍ണം  തന്നാല്‍  ഈ സ്വത്തിനെ  വെച്ചു മാറുമോടാ... ഇതിലും വലിയ ഒരു സ്വത്ത്    ലോകത്തില്‍  വേറെ എന്തുണ്ടെടാ ...   ലോകം തിരിക്കുന്നത്  ഈ സ്വത്താണെടാ...  എന്നിട്ട്  വില കുറഞ്ഞ നിസ്സാരപ്പെട്ട   പെണ്ണാവാന്‍ നടക്കുന്നോ...  എന്തിനാ  കണ്ടവന്‍റെ കൂടെ കിടന്ന്  പെറ്റു കൂട്ടാനോ?

പെറ്റ്  കൂട്ടാനൊന്നും മോനയ്ക്കാവില്ലെന്ന് അച്ഛനറിയാതെ അല്ല. അമ്മയ്ക്കും സഹോദരനുമറിയാതെയല്ല.  എന്നാലും അങ്ങനെ പറഞ്ഞ് വേദനിപ്പിക്കണം.. അപമാനിക്കണം.. 

ആണ്‍  പെണ്‍ തെരഞ്ഞെടുപ്പുകളില്‍ പെണ്മ അപമാനമാണ്. 

അന്ന് രാത്രി  മോന  വീട്  വിട്ടു  പോന്നു. അമ്മയെ ഓര്‍മ്മ  വരും  ഇടയ്ക്കിടെ... അമ്മയെ  മാത്രമല്ല ... അച്ഛനേയും ചേട്ടനേയും ഒക്കെ ഓര്‍മ്മ  വരാറുണ്ട്.. പക്ഷെ,  എത്ര  ഓര്‍മ്മ  വന്നാലും  മോന ഇനി അങ്ങോട്ട്  പോവില്ല..  

പഴയ ഗരു  ശരീര വില്‍പനക്ക്  പറഞ്ഞു വിട്ട്  പണം  സമ്പാദിക്കുകയും ഒടുവില്‍ ഗുണ്ടകളുടേയും  പോലീസുകാരുടെയും പീഡനത്തില്‍ മലദ്വാരം പിളര്‍ന്നു  പോവുകയും ചെയ്ത  കഥയാണ് സ്വപ്ന  പറഞ്ഞത്.

ആദ്യമൊക്കെ  നൃത്തം ചെയ്യാന്‍ മാത്രമേ  ഗരു  അയച്ചിരുന്നുള്ളൂ. കുറെ  പണം  സമ്പാദിച്ചു കഴിഞ്ഞാല്‍  ലിംഗച്ഛേദനവും ഹോര്‍മോണ്‍ കുത്തിവെപ്പും ഒക്കെ  വലിയ ആശുപത്രിയില്‍  നടത്തിച്ചു തരാമെന്ന്  ഗരു  വാക്കും  നല്‍കിയിരുന്നു. 

ഗരു അവര്‍ക്ക് അമ്മയാണ്... ഗുരുവാണ്.. എല്ലാ  അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നത്  ഗരുവാണ്... അവരവരുടെ  ഗരുവിന്‍റെ  പേരിലാണ് അവരെല്ലാവരും അറിയപ്പെടുന്നത്..
ഗരു  പറയുന്നതെല്ലാം അവര്‍ അനുസരിക്കും.. 

സ്വപ്നക്ക് പക്ഷെ, ഭാഗ്യമുണ്ടായില്ല.  സമ്പാദ്യമെല്ലാം  പഴയ  ഗരു  കൊണ്ടു പോയി.. ആരോഗ്യവും  നശിച്ചു..  ഇപ്പോള്‍  കടകളില്‍  യാചിക്കാന്‍  പോകും.  ചില  കടക്കാര്‍  ചില്ലറ  ലൈംഗികകേളികള്‍ക്കൊക്കെ മുതിരുമെങ്കിലും ... ആരും ക്രൂരമായി   പീഡിപ്പിച്ചിട്ടില്ല.. 

ഗര്‍ഭിണികളുള്ള  വീട്ടില്‍ ചെന്നാലും  നല്ല ഭക്ഷണവും സാരിയും രൂപയും ഒക്കെ  കിട്ടും.  ഗര്‍ഭിണികള്‍ക്ക് അനുഗ്രഹം  ആവശ്യമാണ്.. അവര്‍ക്ക്  പലതരം ഭയങ്ങളുണ്ടാവും.. 

എനിക്ക് ശ്വാസം മുട്ടുന്നുണ്ടായിരുന്നു. കുറച്ചു  നേരം കൂടി അവിടെ ഇരുന്നാല്‍ ...  അവര്‍ പറയുന്നത്  കേട്ടാല്‍..   ഹൃദയം പൊട്ടി മരിച്ചു പോകുമെന്ന് ഞാന്‍ ഭയന്നു.

അവര്‍ക്ക്  ആരും ജോലി  കൊടുക്കില്ല. താമസിക്കാന്‍  ഇടം  കൊടുക്കില്ല. അവരുണ്ടെന്ന്  ഭാവിക്കുന്നത്  ലൈംഗിക മോഹങ്ങളുണരുമ്പോള്‍  .. അതും  സാധാരണ സ്ത്രീകള്‍  ചെയ്യാന്‍ മുടക്കം  പറയുന്ന  ഫാന്‍റസികള്‍ സാക്ഷാത് കരിക്കാന്‍ മാത്രമാണ്.. ഗരു പറഞ്ഞവസാനിപ്പിക്കുമ്പോള്‍ ഞങ്ങള്‍ ഫ്ലാറ്റിലെ വലിയ  മുറിയില്‍  മുഖത്തോടു മുഖം നോക്കിയിരിക്കുകയായിരുന്നു.

പൂജ  ഇച്ചാക്കയെ  വിളിച്ച്  സംസാരിച്ചു കഴിഞ്ഞിരുന്നു.  ഏതോ  ഒരു  പ്രൈവറ്റ് നഴ്സിംഗ് ഹോമില്‍  സീമയ്ക്കാവശ്യമായ ശുശ്രൂഷ ഇച്ചാക്ക ഏര്‍പ്പാട്  ചെയ്തും  കഴിഞ്ഞിരുന്നു. അവിടെ നിന്നു വരുന്ന  ആംബുലന്‍സും  കാത്ത്  രാത്രി വൈകിയും ഞങ്ങള്‍    ഫ്ലാറ്റില്‍ കാത്തിരുന്നു . 

സ്വപ്നയും  മോനയും  ഞങ്ങള്‍ക്കും  ഗരുവിനും  സബ്ജിയും റൊട്ടിയും ഉണ്ടാക്കി വിളമ്പി. ഒപ്പം  ഞങ്ങള്‍  കൊണ്ടു വന്ന  കലാകന്ദും  ജിലേബിയും ... 

ആരാണ് ആണെന്നും  ആരാണ് പെണ്ണെന്നും എനിക്ക്  ഒട്ടും  മനസ്സിലായില്ല. 

മൂന്നാലു വയസ്സായിട്ടും  എന്‍റെ  ജ്യേഷ്ഠന് ജട്ടിയിടാതെ നടക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നോട്  പറയുമ്പോലെ  കുണ്ടിക്കുപ്പായമിടാതെ  പുറത്തിറങ്ങിയാല്‍  അടിച്ചു ശരിപ്പെടുത്തുമെന്നൊന്നും  ആരും   ജ്യേഷ്ഠനോട്  പറഞ്ഞിരുന്നില്ല.  കുടപ്പനാടുന്ന സ്വര്‍ണ അരഞ്ഞാണവുമായി  നഗ്നനായി  ഓടുന്ന  ജ്യേഷ്ഠനെ എല്ലാവരും  വാരിയെടുത്തുമ്മ  വെക്കാറുണ്ടായിരുന്നു. 

ഓടപ്പഴത്തിന്‍റെ  ഭംഗിയായിരുന്നു ആ   ആണ്മ...  

പിന്നെപ്പിന്നെ പാഠം പഠിപ്പിക്കുന്ന  ചൂരലായി ആണ്മ.. മിണ്ടരുതെന്ന  അലര്‍ച്ചയായി  ആണ്മ.. ഗര്‍ഭം ധരിപ്പിക്കുന്ന  ഭയമായി ആണ്മ... 

പെണ്മ എന്നും  മോശമായിരുന്നു.. ഉടുപ്പില്ലാതെ വെളിച്ചത്തില്‍  കാണുമ്പോള്‍  അപമാനമായിരുന്നു. പതുക്കി വെക്കേണ്ട തെറ്റായിരുന്നു. നിയന്ത്രിച്ച്  ഒതുക്കപ്പെടേണ്ട സ്വത്തായിരുന്നു, കേടു വരുന്ന  പാഴായിപ്പോകുന്ന കനിയായിരുന്നു,  രഹസ്യമായ  ഒരു  മുറിവായിരുന്നു.. 

ബലിഷ്ഠമായ  ആണ്‍ശരീരത്തില്‍ തരളമായ  ഒരു  പെണ്മനം  പെയ്തു നിറയുന്നത്  ആരുടെ കുസൃതിയാണ്..കണക്കുകള്‍  എങ്ങനെയാണ് ഇത്രയും തെറ്റിപ്പോകുന്നത്?  നിഷ്ക്കരുണം ചീന്തിയെറിയപ്പെടുന്ന രക്തസ്നാതമായ   ഓടപ്പഴങ്ങള്‍ ആരുടെ  പ്രതികാരമാണ് ? 

ബൃഹന്നളയും  ശിഖണ്ഡിയും മാലിക് കഫൂറും  ചക്രവാളത്തിനപ്പുറത്ത് നിന്ന്  പരിഹാസത്തോടെ  പൊട്ടിച്ചിരിക്കുന്നതു പോലെ  എനിക്കു തോന്നി. കടന്നു പോയ  കാലങ്ങളുടെ  കനത്ത  ഭാരം പേറുന്ന  രഥചക്രങ്ങളെ താങ്ങാനാവാതെ ഞാന്‍  പൂജയുടെ തോളിലേക്ക്  തല  ചായിച്ചു. ... 

സീമയെയും  കൊണ്ടു ആംബുലന്‍സ്  പോയപ്പോള്‍  രാത്രി  പത്തുമണി കഴിഞ്ഞിരുന്നു.  ഇച്ചാക്കയുടെ കാര്‍ ഡ്രൈവര്‍  അക്ഷമനായി  എന്നെയും പൂജയേയും  കാത്തു  നിന്നു. 

ഞങ്ങള്‍  യാത്ര പറഞ്ഞിറങ്ങിയപ്പോള്‍ ഗരു എന്‍റെ  ശിരസ്സില്‍  കൈവെച്ചുകൊണ്ട്  പറഞ്ഞു. 

എന്നെന്നും നിറഞ്ഞ  സന്തോഷം മാത്രമുണ്ടാവട്ടെ. ഞങ്ങളെപ്പോലെയുള്ള മക്കള്‍  നിന്‍റെ  തലമുറകളില്‍  ഒരു കാലത്തും  പിറക്കാതിരിക്കട്ടെ.  

വലിയൊരു  കരച്ചില്‍  ഞാന്‍ ചവച്ചിറക്കി. 

പുറത്ത്  തണുത്ത രാത്രി  ഇരുണ്ട് കനത്തു കിടന്നു.

( തുടരും )

Thursday, June 26, 2014

ഗരു. 4


https://www.facebook.com/echmu.kutty/posts/288268241352477

 നാലാം ഭാഗം

ഞാനും പൂജയും തമ്മിലുള്ള സൌഹൃദം മഴക്കാലത്തെ വെള്ളച്ചാട്ടം പോലെ  അതിവേഗം തിടം വെച്ചു  വളര്‍ന്നു. അവള്‍ സാമാന്യത്തിലും  എത്രയോ അധികം  മനക്കരുത്തുള്ളവളായിരുന്നു. ഞാന്‍ വൈകാരികമായി  തളരുമ്പോഴെല്ലാം  അവള്‍  എന്നെ  ചേര്‍ത്തു പിടിച്ചു. അങ്ങനെയൊരനുഭവം എനിക്കാദ്യമായിരുന്നു.  തോളില്‍  തല  ചായിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെയും നിഷ്ക്കരുണം  പറിച്ചെറിയപ്പെട്ട  ഓര്‍മ്മകളേ  എനിക്കന്നുവരെ സ്വന്തമായി ഉണ്ടായിരുന്നുള്ളൂ.  അവളെ  പരിചയപ്പെടാന്‍ കഴിഞ്ഞത് എന്‍റെ ജീവിതത്തിലെ  ഏറ്റവും  വലിയ  അനുഗ്രഹമായി  ഞാന്‍  കരുതി.

ഞായറാഴ്ചകളില്‍  ഞങ്ങള്‍  ഒന്നിച്ച്  ദില്ലി  കാണാനിറങ്ങിത്തിരിക്കും. ഒരു പകല്‍ മുഴുവന്‍  ഒരിടത്ത് എന്ന കണക്കില്‍  അതീവ സാവധാനമായിരുന്നു   ദില്ലി ദര്‍ശനം.  ഒരു ഞായറാഴ്ച മുഴുവന്‍ കുത്തബ് മീനാറില്‍.. അടുത്താഴ്ച  ബഹായി ടെമ്പിളില്‍,  പിന്നെ  ചുവപ്പ് കോട്ടയില്‍.. അങ്ങനെയങ്ങനെ.. 

ഇന്‍റാക്  എന്ന സംഘടന നടത്തി വന്ന ചരിത്ര പഥങ്ങളിലൂടെയുള്ള  സഞ്ചാരമെന്ന ഒരു പകല്‍ നടത്തങ്ങളിലും  ഞങ്ങള്‍ പോയി.  ഇന്നത്തെ  ലാല്‍ ഡോറകളും ജുഗ്ഗിഝോപ്പടികളുമെല്ലാം  അനവധി ചരിത്രകഥകളുറങ്ങിക്കിടക്കുന്ന പഴയ  ആവാസപദങ്ങളാണെന്ന്  ആ യാത്രകള്‍ ഞങ്ങളെ  പഠിപ്പിച്ചു തന്നു. ദില്ലിയിലെ  ചരിത്ര പണ്ഡിതരായ പല  ബുദ്ധിജീവികളേയും  ഞങ്ങള്‍ ആ നടത്തകളില്‍  പരിചയപ്പെടുകയും ചെയ്തു. 

ഭംഗിയുള്ള  സല്‍വാര്‍  കമ്മീസുകള്‍ കാണുമ്പോള്‍ എനിക്ക്  കൊതിയാകുമായിരുന്നു. എന്നാല്‍  അതൊന്നും മേടിച്ചിടുവാനുള്ള യാതൊരു സാമ്പത്തിക സ്ഥിതിയും  എനിക്കുണ്ടായിരുന്നില്ല. എന്‍റെ  നിസ്സഹായതയും ആര്‍ത്തിയും തിരിച്ചറിഞ്ഞ  പൂജ  ചാന്ദ്നി ചൌക്കിലെ പരമദരിദ്രരായ മുസ്ലിം ദര്‍ജിമാരുടെ പക്കല്‍ എന്നെ  കൂട്ടിക്കൊണ്ടു  പോയി.  കട്ട്  പീസുകള്‍ കലാപരമായി ചേര്‍ത്തു തയിച്ച് അവരുണ്ടാക്കിയിരുന്ന സല്‍വാര്‍ കമ്മീസുകള്‍ക്ക്  വില നന്നേ  കുറവായിരുന്നു.

സത്യാപോളും റിതുകുമാറും കട് പീസുകള്‍ കൊണ്ട്  വസ്ത്രങ്ങള്‍ ഡിസൈന്‍  ചെയ്യുമ്പോള്‍  അതിനെ ആപ്ലിക് വര്‍ക്കെന്ന്  പറയും. ഇവരാവുമ്പോ  കണ്ടം വെച്ചതെന്ന്  പറയും  എന്ന് പൂജ  ചിരിച്ചു.

കരീംസ് ജഹാംഗീറി ചിക്കന്‍റെയും   പറാത്താവാലി ഗലിയിലെ പറാത്തകളുടേയും രുചി  പൂജയാണെനിക്ക്  പരിചയമാക്കിത്തന്നത്. ദില്ലിയിലെ വിവിധ തരം  ചാട്ടുകളും  ജിലേബിയുമെല്ലാം  ഒരു മടിയും കൂടാതെ പൂജ  എനിക്ക്  വാങ്ങിത്തന്നു.  

ദില്ലിഹാട്ടിലെ   കരകൌശലവസ്തുക്കള്‍  കാണുന്നതും  മൈലാഞ്ചി  ഇടുന്നതും  കുപ്പി  വളകള്‍ വാങ്ങുന്നതും   ഞങ്ങള്‍ക്കിഷ്ടമായിരുന്നു. അവിടത്തെ  സ്റ്റാളില്‍  നിന്ന്  തിബത്തന്‍  മോമോയും  മുളക്  ചട്ണിയും  അതിനു പുറമേ  ചൂടു  ചായയും  കുടിച്ച്  സ് സ്  എന്നു  ഞങ്ങള്‍  ആഹ്ലാദശബ്ദമുണ്ടാക്കുമായിരുന്നു. 

തണുപ്പുകാലമായിരുന്നതുകൊണ്ട്  ഇരുണ്ടു തണുത്ത താമസസ്ഥലത്തിനു  പുറത്ത്   സമയം ചെലവാക്കുകയെന്നത്  തികച്ചും ആനന്ദകരമായ  ഒരു  കാര്യമായിത്തീര്‍ന്നു. 

എന്നാല്‍ ഈ  യാത്രകളൂം  ചുറ്റിത്തിരിയലുമൊന്നും അത്ര  എളുപ്പമായിരുന്നില്ല.  പൂജയുടെ  മുഖം  ദില്ലി  പോലെ  ഒരു  വന്‍നഗരത്തിലും വലിയ പ്രശ്നം തന്നെയായിരുന്നു. ആളുകള്‍  ങ്ങളുടെ  ജോഡിയെ എപ്പോഴും തിരിഞ്ഞു  നോക്കി. ചിലര്‍  ഞെട്ടല്‍  പ്രകടിപ്പിച്ചു. കുട്ടികള്‍ അമ്മമാര്‍ക്ക് ഞങ്ങളെ  ചൂണ്ടിക്കാട്ടിക്കൊടുത്തു, അധികം അമ്മമാരും  ഞെട്ടലോടെ  മക്കളുടെ കണ്ണു  പൊത്തി വേഗത്തില്‍  നടന്നകന്നു. ചില  പുരുഷന്മാരാകട്ടെ  തുണിയൂരി മുഖത്തിട്ടാല്‍ മാത്രം  മതി..  ബാക്കിയൊക്കെ  ഒ കെ  എന്ന  വെടലച്ചിരിയും അശ്ലീല കമന്‍റും  രേഖപ്പെടുത്തി. 

ഒരു ദിവസം ഉച്ചയ്ക്ക് ഓഫീസില്‍ വെച്ചാണ് പൂജ  ഇന്ന് വൈകീട്ട് ഗരുവിനെ കാണാന്‍ കൂടെ വരുന്നുണ്ടോ   എന്ന്  ചോദിച്ചത്.  

ആരാണ് ഗരുവെന്ന് ഞാന്‍ സംശയിച്ചു. സീമയേയും ഗരുവിനേയും  ഗരുവിന്‍റെ  പിറന്നാളിനു പൂജ  ക്ഷണിച്ചതിനേയുമൊക്കെ  ഞാന്‍ പൂര്‍ണമായും  മറന്നു കഴിഞ്ഞിരുന്നു . 

ഗരുവിനെയും സീമയേയും കുറിച്ച്  അപ്പോഴാണ് ആദ്യമായി  പൂജ  സംസാരിക്കാന്‍ തുടങ്ങിയത്. ഗരുവിന്‍റെ പിറന്നാളിനാണ് പൂജ  അവിടെ അവസാനം പോയതെന്നും   ഇന്ന്   ഗരു പൂജയെ വിളിച്ച്  അങ്ങോട്ട് ചെല്ലാമോ എന്ന്  ചോദിച്ചിരിക്കുകയാണെന്നും  പൂജ  പറഞ്ഞു.  ഗരുവിനു  എന്തോ ഒരു കാര്യമായ  മനപ്രയാസമുണ്ട്.  അത്  പൂജക്ക്  ഉറപ്പാണ്. 

പൂജയുടെ  സംസാരം  എന്നെ  ഒട്ടും  തൃപ്തിപ്പെടുത്തിയില്ല. ഞാന്‍ വീണ്ടും ചോദിച്ചു.   
   
ഗരു  ആരാണ്? സീമ..
 
സീമ   ഒരു  ഛക്കയാണ്.. ഗരു  സീമയുടെ സ്ഥാനം  മൂത്ത വേറൊരു ഛക്ക.  വല്ല  പ്രാന്തുമുണ്ടോ ശാന്തീ,   പൂജയുടെ പുറകെ ഈ  ഛക്കകളുടെ   താമസസ്ഥലത്തൊക്കെ പോകാന്‍...

പ്രദീപായിരുന്നു  പടപട എന്നുത്തരം  തന്നത്. 

അധികം  താമസിയാതെ  ഒരു  വലിയ  വഴക്കുണ്ടാവുമെന്ന്  എനിക്ക്  ഭയം   തോന്നി.  ഞാന്‍ മെല്ലെ അവിടം  വിട്ടു. 

വരാന്തയില്‍  സിഗരറ്റും  പുകച്ച്  അശ്വിനിശര്‍മ്മ  ഇരിക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ  ചാര്‍ട്ടേട് എക്കൌണ്ടന്‍റാണ് ശര്‍മ്മ.   അകത്തെ  ബഹളം  അദ്ദേഹം  കേട്ടിരിക്കുമെന്ന് എനിക്ക് തോന്നി. ഞാന്‍  ഒരു ചമ്മിയ  ചിരി ചിരിച്ചു. 

നിനക്കറിയുമോ കുട്ടീ  ഛക്കയാരാണെന്ന്  പുകയൂതിക്കൊണ്ട് അശ്വിനി ശര്‍മ്മ ചോദിച്ചപ്പോള്‍  ഞാന്‍ ഇല്ലെന്ന് സത്യം  പറഞ്ഞു. 

ബൃഹന്നളയും ശിഖണ്ഡിയുമാണ്  ഛക്ക.  ദില്ലിയില്‍  ഇന്ദ്രപ്രസ്ഥത്തിന്‍റെ  കാലം  മുതല്‍  അവരുണ്ട്. എല്ലാ ആവശ്യങ്ങള്‍ക്കും  ഈ രാജ്യം  അവരെ  എക്കാലത്തും  ഉപയോഗിച്ചിട്ടുണ്ട്.  ശത്രു  രാജാവിനെ വിഷം കൊടുത്ത്  കൊല്ലാനും  യുദ്ധത്തില്‍ മറയായി മുന്നില്‍  നില്‍ക്കാനും അന്തപ്പുരങ്ങള്‍ക്കും  വേശ്യാലയങ്ങള്‍ക്കും കാവല്‍ നില്‍ക്കാനും   എല്ലാം  ധാരാളമായി അവരെ ഉപയോഗിച്ചിട്ടുണ്ട്.  എന്നാലും അവര്‍ ജീവിച്ചിരിപ്പില്ല്ല  എന്ന്  ഭാവിക്കാനാണ് ഇപ്പോഴും ഈ രാജ്യത്തിനിഷ്ടം.
 
എനിക്ക്  ആണും പെണ്ണുമല്ലാത്തതെന്ന ആ  ഛക്ക  പ്രയോഗം  മനസ്സിലായിത്തുടങ്ങുകയായിരുന്നു. ഞാന്‍ മെല്ലെ  തല  കുലുക്കി. 

അപ്പോഴായിരുന്നു  ഇച്ചാക്കയുടെ വീട്ടിനുള്ളില്‍ നിന്ന്  ഭയങ്കര ബഹളം കേട്ടത്.  അശ്വിനി ശര്‍മ്മ എണീറ്റു നിന്ന്  കഴുത്തു നീട്ടി നോക്കിയെങ്കിലും ഒരു  പതിവ്  കാഴ്ചയെന്ന പോലെ  അതിനെ നിസ്സാരമാക്കി എന്നിട്ട്  സിഗരറ്റ്  കുറ്റി എറിഞ്ഞു  കളഞ്ഞ്  ഓഫീസിനകത്തേക്ക്  കയറിപ്പോയി.  

ഒരു മാത്ര സ്തംഭിച്ചു നിന്നിട്ട്   ഞാന്‍  ഇച്ചാക്കയുടെ വീടിനെ  ലക്ഷ്യമാക്കി ഓടി.  

അപ്പോഴാണ്  ഒരു  മൌലവിയും  പ്രായമുള്ള ഒരു സ്ത്രീയും പുരുഷനും  കൂടി നടപ്പാതയിലൂടെ  നല്ല  വേഗതയില്‍  നടന്നു  വരുന്നതു  കണ്ടത്. നന്നെ   ദേഷ്യപ്പെട്ടിരിക്കുകയാണവരെന്ന് ആ  ധിറുതിയും  അമര്‍ഷം തുളുമ്പുന്ന  ആ ചലനങ്ങളും  വ്യക്തമാക്കി. 

സ്വന്‍സല്‍ ഒരു സ്വര്‍ണ  വിഗ്രഹത്തെപ്പോലെ  നിശ്ചലയായി വരാന്തയിലിരിക്കുന്നുണ്ടായിരുന്നു.
ഞാന്‍  മെല്ലെ  ചിരിച്ചു.  എന്നാല്‍  അവര്‍  ചിരിച്ചില്ല. പിന്നെ  എന്തു ചെയ്യണമെന്ന്  എനിക്കൊരു  രൂപവുമുണ്ടായില്ല. 

പോയ  വഴിയെ  ഞാന്‍  മടങ്ങി.  വന്നു കയറിയത് പ്രദീപിന്‍റെ  മുന്നിലേക്കാണ്.. 

ഞാന്‍ കണ്ടു ...  ഇച്ചാക്കയുടെ വീട്ടിലേക്ക്  ഓടിപ്പോകുന്നത്. സ്വന്‍സല്‍ ഒന്നും മിണ്ടാത്തതും  ഞാന്‍  കണ്ടു.
 
ചമ്മലൊതുക്കാന്‍ ഞാന്‍ പ്രയത്നിച്ചെങ്കിലും  ഒട്ടും വിജയിച്ചില്ല. 

സാഹിലിന്‍റെ  അമ്മിയും അബ്ബയുമാണത്. സ്വന്‍സലിനെ മുസ്ലിമാക്കാന്‍  വേണ്ടിയുള്ള പരിശ്രമമാണ് നടക്കുന്നത്.  ഇത്  ഇടയ്ക്കിടെ ആവര്‍ത്തിക്കും. ആദ്യം  അവര്‍  ഇവിടെ  താമസിക്കാന്‍ വരും,  പിന്നെ പുറകെ മൌലവിമാര്‍  വരും .  അതു കഴിഞ്ഞ്  നിര്‍ബന്ധവും  കരച്ചിലും ഇതുപോലെയുള്ള   പ്രാക്കും ഒക്കെയുണ്ടാവും..  സ്വന്‍സല്‍  എന്തിനാണീ  വൃത്തികെട്ട  അലവലാതികളെ  ഇങ്ങനെ സഹിക്കുന്നതെന്നറിയില്ല. 

പ്രദീപിന്‍റെ  സ്വരത്തില്‍ നീറിപ്പുകയുന്ന അമര്‍ഷമുണ്ടായിരുന്നു. 

ഇച്ചാക്ക  എന്തിനാണ് ഈ നാശം പിടിച്ച   പ്രദീപിനെ  ഇങ്ങനെ  സഹിക്കുന്നതെന്ന്  പൂജയോട്  ചോദിച്ചപ്പോള്‍  അവള്‍  തന്ന  മറുപടി ഞാന്‍  പൊടുന്നനെ ഓര്‍മ്മിച്ചു.  

  മതപരമായ  സ്പര്‍ദ്ധയൊന്നും  ഒരുകാലത്തും  തീരില്ല ശാന്തി. അത് പലതരം അധികാരങ്ങളുടെ ഒരു  ഭാഗമാണ്.  അധികാര മല്‍സരങ്ങളില്‍  സ്നേഹത്തിനും  ബഹുമാനത്തിനുമൊന്നും  ഒരു സ്ഥാനവുമില്ല. പ്രദീപിനു മാത്രമാണോ ഇച്ചാക്കയോട് എതിര്‍പ്പുള്ളത് ? പൂജാമുറി  ഇച്ചാക്ക  ഡിസൈന്‍ ചെയ്യരുതെന്ന് പറയാറുള്ള  എത്രയോ  ക്ലയന്‍റ്സ് ഉണ്ട്..  ആ ഗുരുദ്വാരയുടെ ആള്‍ക്കാര്‍ക്ക്  ഇച്ചാക്ക  ഡിസൈന്‍  ചെയ്യരു തെന്നും ഒരിക്കലും   സൈറ്റ്  വിസിറ്റിനു  വരരുതെന്നുമായിരുന്നു കണ്ടീഷന്‍.. സന്ദീപ്  അമ്മാ തിരി  ഡിസൈനെല്ലാം നിര്‍ബന്ധമായി  ഇച്ചാക്കയെക്കൊണ്ട്  ചെയ്യിക്കും... അവരിരുവരും  കൂടി അത്  ക്ലയന്‍റ്സ്   അറിയാതെ  നോക്കുകയും ചെയ്യും.  ആ പൂജാമുറിയിലെ ദൈവങ്ങള്‍ക്കോ ആ  ഗുരുദ്വാരയ്ക്കോ  എന്നിട്ട്  ഇതുവരെ യാതൊരു  തരക്കേടും പറ്റിയിട്ടില്ല. പ്രദീപും അത്രയൊക്കെയേയുള്ളൂ.
 
ഇച്ചാക്കയുടെ അമ്മിയേയും  അബ്ബയേയും കഴിയുന്നത്ര   വേദനിപ്പിക്കാതിരിക്കാനാണ് സ്വന്‍സല്‍  അവരെ സഹിക്കുന്നതെന്ന്  എനിക്ക്  ബോധ്യമായി.. 

ആ ഛക്കകളെ കാണാന്‍  പോകുന്നുണ്ടോ ശാന്തീ

പ്രദീപിന്‍റെ  പുച്ഛം  കലര്‍ന്ന  ശബ്ദം  കേട്ടപ്പോള്‍  ഉവ്വ്..  ഉവ്വ്  എന്നലറണമെന്ന്  എനിക്ക്  തോന്നി. പക്ഷെ,  ഞാന്‍  മിണ്ടിയില്ല.  

( തുടരും )