രാവിലെ
ഞാന്‍
ഉണര്‍ന്നത്
ദില്ലി മഹാനഗരത്തെ
ആരോ പിടിച്ചു
കുലുക്കുന്നുണ്ടെന്ന
തോന്നലിലേയ്ക്കായിരുന്നു.
മരണാസന്നവും
ദുര്‍ബലവുമായ ഒരു കിളുന്തു
സ്ത്രീ
ശരീരമായിരുന്നു ഇത്ര വലിയൊരു
രാജ്യത്തിന്‍റെ തലസ്ഥാനത്തെ
പിടിച്ചു കുലുക്കിക്കൊണ്ടിരുന്നത്.
പത്രവും
ടി വിയും കണ്ടപ്പോള്‍ ഭ്രാന്തു
പിടിയ്ക്കുന്നതു പോലെ തോന്നി.
പിന്നീടുള്ള
ദിവസങ്ങളില്‍ എന്‍റെ തലച്ചോറിനും
ശരീരത്തിനും
തീ പിടിയ്ക്കുന്നവണ്ണമായിരുന്നു
വാര്‍ത്തകള്‍ പരന്നുകൊണ്ടിരുന്നത്.
പക്ഷെ,
പോലീസുകാര്‍ക്കൊ
ദില്ലി ഭരണാധികാരികള്‍ക്കോ
യാതൊരു ഭാവഭേദവും സംഭവിച്ചിരുന്നില്ല.
അവള്‍
എന്തിനു രാത്രി ഒമ്പതു മണിക്ക്
കൂട്ടുകാരനോടൊപ്പം പുറത്തിറങ്ങി...
എന്നതായിരുന്നു
ഒരു പ്രധാന ചര്‍ച്ച .
അത്
അവളുടെ സ്വഭാവം മോശമാണെന്ന്
കാണിക്കുന്നുവെന്നതായിരുന്നു
മുഖ്യമന്ത്രിയുടെ പോലും
വാദം.
പിന്നെ
എന്തിന് ആ ബസ്സില്‍ കയറി
എന്ന് ചിലര്‍ ചോദ്യം ചെയ്തു.
ബസ്സിലുണ്ടായിരുന്നവരോട്
അവള്‍ മര്യാദയില്ലാതെ സംസാരിച്ചു
എന്നതായിരുന്നു വേറൊരു ന്യായം.
അവളുടെ
കാലുകള്‍ക്കിടയിലൂടെ
പുരുഷലിംഗങ്ങളും കൈകാലുകളും
പല്ലുകളും മാത്രമല്ല,
എല്‍
ആകൃതിയിലുള്ള തുരുമ്പ് പിടിച്ച
ഇരുമ്പ് വടികളും യഥേഷ്ടം
കയറിയിറങ്ങി.
ആ
ഇരുമ്പ് വടികളില്‍ അവളുടെ
ചെറുകുടല്‍ ഒരു രക്തഹാരമായി
അവശേഷിച്ചു.
ആശരീരം
മുഴുവന്‍ ആഴത്തിലിറങ്ങിയ
ദന്തക്ഷതങ്ങളും നഖപ്പാടുകളുമയിരുന്നു.
കൂട്ടുകാരനൊപ്പം
സിനിമയ്ക്ക് പോകുന്ന
പെണ്‍കുട്ടിയെ,
രാത്രി
ഒമ്പതുമണിയ്ക്ക് ചാര്‍ട്ടേട്
ബസ്സില്‍ കയറുന്ന പെണ്‍കുട്ടിയെ,
അപമര്യാദ
കാണിച്ച പുരുഷനോട് പ്രതിഷേധം
പ്രകടിപ്പിക്കുന്ന പെണ്‍കുട്ടിയെ
ഇത്ര ക്രൂരമായി ബലാല്‍സംഗം
ചെയ്ത് ബസ്സില്‍ നിന്ന്
വലിച്ചെറിയാമെന്ന് നമ്മുടെ
പൊതു സമൂഹവും ഇന്ത്യയുടെ
തലസ്ഥാനനഗരവും പിന്നെയും
പിന്നെയും പറഞ്ഞുകൊണ്ടിരുന്നു.
കൂട്ടുകാരനെ
അടിക്കുകയും അവന്‍റെ വാരിയെല്ല്
ഒടിക്കുകയും ചെയ്തതിനെപ്പറ്റി
അയ്യോ!
കഷ്ടം,
നല്ലോരു
പയ്യന്‍ അവനീ ഗതി വന്നല്ലോ
എന്ന് വിലപിച്ചു.
എന്നാല്‍
നഗരത്തിലെ പ്രധാനപ്പെട്ട
ഒരു റോഡില്‍ അവരിരുവരും പാതി
നഗ്നരായി ഡിസംബര്‍ മാസത്തിലെ
മരവിപ്പിക്കുന്ന കുളിരില്‍
തണുത്ത് വിറച്ച് പരിക്കിലും
രക്തത്തിലും കുതിര്‍ന്ന്
നിസ്സഹായരായി,
മരണവും
കാത്ത് കിടക്കുമ്പോള്‍ അതിലേ
കടന്നു പോയ കൊട്ടാരസദൃശമായ
ഒരു കാറും നിറുത്തിയില്ല.
സ്ത്രീ
ശരീരവും പുരുഷ ശരീരവുമുള്ള
ഒരു ജീവി പോലും അവരെ സഹായിക്കാന്‍
മുന്നോട്ട് വന്നില്ല.
ഒടുവില്‍
പോലീസ് ജിപ്സി എത്തേണ്ടി
വന്നു. വിത്
യൂ ഫോര്‍ യൂ ആള്‍ വേയ്സ് ....
ദില്ലി
പോലീസ് എന്നെഴുതിയ ജിപ്സിയിലെ
അക്ഷരങ്ങള്‍ അവരെ നോക്കി
തളര്‍ന്നു നിന്നു.
മറ്റു
പുരുഷന്മാര്‍ ഒന്നിച്ച്
ആക്രമിച്ചാല്‍ സ്ത്രീയ്ക്കൊപ്പമുള്ള
പുരുഷന്‍ അതീവദയനീയമായി
ഒറ്റപ്പെടുമെന്ന സത്യത്തെ
ആ പെണ്‍കുട്ടിയുടെ ജീവിതം
യാതൊരു മറയുമില്ലാതെ തുറന്നു
കാണിച്ചിട്ടും പുരുഷന്‍റെ
രക്ഷകപരിവേഷവും പുരുഷന്‍
സ്ത്രീയ്ക്ക് ജീവിതം
കൊടുക്കുന്നുവെന്ന അതി
പ്രശസ്തമായ ഇല്ലാവചനവും
ഒരിയ്ക്കല്‍ പോലും ചോദ്യം
ചെയ്യപ്പെട്ടില്ല.
ഒരു
മാധ്യമവും സമൂഹത്തിനു കുളിരു
കോരുന്ന ആ വാചകങ്ങളെ തിരുത്താന്‍
തുനിഞ്ഞില്ല.
തിരുത്തുന്നതു
പോയിട്ട് ചര്‍ച്ച ചെയ്യാന്‍
പോലും തയാറായില്ല.
പക്ഷെ,
വിദ്യാര്‍ഥിനികള്‍
പ്രതിഷേധിച്ചു...
അമ്മമാര്‍
പ്രതിഷേധിച്ചു.
പിന്നെപ്പിന്നെ
വിദ്യാര്‍ഥികളും അച്ഛന്മാരും
പ്രതിഷേധിയ്ക്കാന്‍ കൂടി.
പതുക്കെപ്പതുക്കെ
പ്രതിഷേധം ദില്ലിയിലാകമാനവും
നോയിഡയിലും ഫരീദാബാദിലും
ഗാസിയാബാദിലും ഗുഡ്ഗാവിലും
വ്യാപിച്ചു.
ബാംഗ്ലുരും
ചെന്നൈയും മുംബൈയും കല്‍ക്കത്തയും
കൊച്ചിയും തിരുവനന്തപുരവും
പ്രതിഷേധത്തില്‍ പങ്ക്
കൊണ്ടു.
ലോകരാഷ്ട്രങ്ങള്‍
ഇന്ത്യയെ ഉറ്റു നോക്കി.
ദില്ലിയ്ക്ക്
റേപ് ക്യാപിറ്റല്‍ എന്ന പേരു
നാണം കെട്ട ഒരു ബഹുമതിയായി
കൈയില്‍ കിട്ടി.
ഇന്ത്യ
സന്ദര്‍ശിക്കുന്ന സ്ത്രീകളോട്
പ്രത്യേകിച്ചും പുരുഷന്മാരോട്
പൊതുവായും സൂക്ഷിക്കണമെന്ന്
ലോകരാഷ്ട്രങ്ങള്‍ തങ്ങളുടെ
ജനങ്ങളെ താക്കീതു ചെയ്തു.
കീറിപ്പറിഞ്ഞ
ആ പെണ്‍ശരീരം ജീവന്‍റെ
അവസാനസ്പന്ദനവുമായി കിടന്നിരുന്ന
സഫ്ദര്‍ജംഗ് ആശുപത്രിക്കു
മുന്നില്‍ ജനങ്ങള്‍ രാവും
പകലും തടിച്ചു കൂടിയിരുന്നു.
അവരില്‍
സ്ത്രീകളും പുരുഷന്മാരും
കുട്ടികളുമുണ്ടായിരുന്നു.
അവരെ
ഒഴിവാക്കാന്‍ പോലീസിനു
കഴിഞ്ഞതേയില്ല.
ഇന്ത്യാഗേറ്റിനും
പാര്‍ലിമെന്‍റിനും രാഷ്ട്രപതി
ഭവനും മുന്നില്‍ പ്രതിഷേധിച്ച
സ്ത്രീകളോടും പുരുഷന്മാരോടും
പോലീസ് പിരിഞ്ഞു പോകാന്‍
ആവശ്യപ്പെട്ടു.
ടിയര്‍
ഗ്യാസും ജല പീരങ്കിയും
പ്രയോഗിച്ചു.
മെട്രോ
സ്റ്റെഷനുകളും സര്‍ക്കാര്‍
ബസ്സുകളും നിറുത്തലാക്കീട്ട്
സാധാരണക്കാരായ ജനങ്ങള്‍ക്ക്
പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കാനുള്ള
വഴി സര്‍ക്കാര്‍ തടഞ്ഞു.
പക്ഷെ,
ജനം
കുലുങ്ങിയില്ല.
ഞാനും
പൂജയും ഗ്രിഗറിയും അവരുടെ
കുഞ്ഞുങ്ങളുമെല്ലാം ആ
ജനക്കൂട്ടത്തിലുണ്ടായിരുന്നു.
എന്നാല്‍
സന്ദീപ് സാര്‍ ഒരു സമരത്തിലും
പങ്കെടുത്തില്ല.
ഇച്ചാക്ക
പോയതിനുശേഷം അദ്ദേഹത്തെ
ഒന്നും സ്പര്‍ശിക്കുന്നുണ്ടായിരുന്നില്ലല്ലോ.
സ്വന്‍സലിനും
പരസഹായമില്ലാതെ ഒന്നിനും
വരാനാവുമായിരുന്നില്ല.
എനിക്ക്
ശരീരമാസകലം അഗ്നിയാളുന്നതു
പോലെയുള്ള വേവുണ്ടായിരുന്നു.
ജലപീരങ്കിയില്‍
നിന്നുള്ള ജലമേല്‍ക്കുന്തോറും
ആ വേവ് കൂടിയതേയുള്ളൂ.
ഞാനാളിപ്പടര്‍ന്നാല്‍
ഇന്ത്യാമഹാരാജ്യം അതില്‍
ദഹിച്ചു പോകുമെന്ന് പലപ്പോഴും
എനിക്കു തോന്നി.
അനേകം
മുന്നിമാരുടെ നേതൃത്വത്തില്‍
ഒരു വലിയ സംഘം വന്നെത്തിയതും
ആര്‍ക്കു വേണ്ടിയും കാലകത്തുന്ന
ജി ബി റോഡിലെ ഗതികെട്ട
സ്ത്രീകള്‍ സുരക്ഷിത
ദില്ലിയ്ക്കായി മുദ്രാവാക്യം
മുഴക്കിയതും ദില്ലി പോലീസിനും
ഭരണാധികാരികള്‍ക്കും
സഹിക്കാവുന്നതിലപ്പുറമായിരുന്നു.
അതുകൊണ്ടാക്കെയാണ്
പോലീസ് ചീഫ് നിരുത്തരവാദപരമായി
സംസാരിച്ചത്.
സ്ത്രീകള്‍ക്ക്
അസമയത്ത് വീട്ടിലിരുന്നാല്‍
പോരേ പുരുഷന്മാരോട് കയര്‍ത്ത്
സംസാരിക്കാതിരുന്നു കൂടെ
എന്നും മറ്റും ചോദിച്ചത്.
സുഷമാസ്വരാജ്
ആ പെണ്‍കുട്ടിയുടെ ജീവിതം
പരാജയമായില്ലേ എന്ന്
പാര്‍ലിമെന്‍റില്‍ എഒ സാധാരണ
സ്ത്രീയെപ്പോലെ ഏങ്ങിക്കരഞ്ഞത്...
സോണിയാ
ഗാന്ധി അനേക മണിക്കൂറുകള്‍
പാലിച്ച നിശ്ശബ്ദത ഗത്യന്തരമില്ലാതെ
മുറിച്ചത്...
ജനക്കൂട്ടം
പക്ഷെ,
ചെറുത്തു
നില്‍പ് തുടര്‍ന്നു.
വൈകുന്നേരങ്ങളില്‍
മെഴുകുതിരികള്‍ കത്തിച്ച്
അവര്‍ സമരം നടത്തി.
ഡിസംബറിലെ
മഞ്ഞും അസ്ഥി തുളയ്ക്കുന്ന
തണുപ്പുള്ള മഴയുമൊന്നും
അവര്‍ കാര്യമാക്കിയില്ല.
എല്ലാ
ഹൌസിംഗ് കോളണികളില്‍ നിന്നും
ജനങ്ങള്‍ പ്രകടനവുമായി
സമരത്തിനിറങ്ങി.
കോളേജുകളില്‍
നിന്നും എല്ലാ കുട്ടികളും
സമരത്തില്‍ പങ്കെടുത്തു.
ആകസ്മികമായാണ്
പ്രദീപ്ജെയിനെ സമരത്തില്‍
കണ്ടുമുട്ടിയത്.
അന്ന്
പ്രദീപ് പറഞ്ഞതൊന്നും
ആദ്യമെനിക്ക് വിശ്വസിയ്ക്കാന്‍
കഴിഞ്ഞില്ല.
പക്ഷെ,
പിന്നീട്
അതെല്ലാം വിശ്വസിയ്ക്കേണ്ടി
വന്നു.
ജ്യോതി
സിംഗ് എന്ന് പേരുള്ള ആ പെണ്‍കുട്ടി
എത്രയോ നേരത്തെ മരിച്ചു
കഴിഞ്ഞു എന്നാണ് പ്രദീപ്
ഉറപ്പിച്ചു പറഞ്ഞത്.
സമരമിങ്ങനെ
നടക്കുമ്പോള്‍ ആ ന്യൂസ്
പുറത്ത് വിട്ടാല്‍ ജനങ്ങള്‍
അക്രമാസക്തരായേയ്ക്കുമെന്ന്
പോലീസിനു പേടിയുണ്ട്.
അതുകൊണ്ട്
വിദേശത്തെവിടെയെങ്കിലും
കൊണ്ടു പോയി വിദ്ഗ്ധചികില്‍സ
ചെയ്തതായി കാണിക്കുകയും
അവിടെ മരണമടഞ്ഞതായി
പ്രഖ്യാപിക്കുകയുമാവും
ഗവണ്മെന്‍റ് ചെയ്യുക എന്ന്
പ്രദീപ് വിശദീകരിച്ചു.
ഗവണ്മെന്‍റ്റ്
തലത്തില്‍ എത്ര വലിയ രഹസ്യങ്ങളും
ആസൂത്രണം ചെയ്യപ്പെടുമെന്നും
കേസുകളും എന്തിനു യുദ്ധങ്ങള്‍
വരെയും ഉണ്ടാക്കപ്പെടുകയും
മായ്ക്കപ്പെടുകയും ചെയ്യുമെന്നും
പ്രദീപ് ജെയിന്‍ തുടര്‍ന്നു.
അധികാരമാണ്
ഏറ്റവും ക്രൂരമായ പാതകമെന്ന്
പ്രദീപ് ഏറ്റു പറയുമ്പോള്‍
എനിക്ക് വലിയ ഭയം തോന്നി..
ബി
ജെ പിക്കാരനായിരുന്ന പ്രദീപ്
പിന്നീട് ആം ആദ്മി ക്കാരനായത്
ദില്ലിയെ കുലുക്കിയ
ബലാല്‍സംഗക്കേസിന്‍റെ
തുടര്‍ച്ചയാണെന്ന് അന്നു
തന്നെ എനിക്ക് ഒരു വെളിപാട്
പോലെ തിരിച്ചറിയാന്‍ കഴിഞ്ഞു.
പ്രദീപ്
പറഞ്ഞ അധികാരത്തിന്‍റെ
ക്രൂരപാതകം ചെയ്യുന്നതില്‍
കുടുംബവും ഉള്‍പ്പെടുമെന്നും
അധികാരത്തിന്‍റെ അക്രമാസക്തമായ
യൂണിറ്റാണ് അതെന്ന് ഞാനറിയും
പോലെ അറിഞ്ഞവര്‍ അധികമുണ്ടാവില്ലല്ലോ
എന്നും ഞാന്‍ വേദനയോടെ
ഓര്‍ത്തു.
ഇത്ര
വലിയ ഒരു രാജ്യത്ത് അതിക്രൂരമായ
ബലാല്‍സംഗമോ മറ്റ് ശാരീരിക
പീഡനങ്ങളോ അതിനെതിരേ നടക്കുന്ന
സമരമോ ഒന്നും ഒരു വാര്‍ത്തയേ
അല്ലെന്ന് ബോധ്യമാക്കുന്ന
സംഭവങ്ങള്‍ പിന്നെയും പിന്നെയും
ഉണ്ടാകുന്നുണ്ടായിരുന്നു.
ബംഗാളിലും
ബീഹാറിലുമൊക്കെ സ്ത്രീകള്‍
ആ ദിവസങ്ങളിലും ബലാല്‍സംഗം
ചെയ്യപ്പെട്ടുകൊണ്ടിരുന്നു.
അവിടെയൊന്നും
സമരങ്ങളുണ്ടായില്ല.
അല്ലെങ്കില്‍
ആ സ്ത്രീകളെച്ചൊല്ലി ദില്ലിയിലും
ആരും സമരം ചെയ്തില്ല.
അവരൊക്കെ
സര്‍വ സാധാരണമായ കന്യാകത്വ
പരീക്ഷണങ്ങള്‍ക്കും പോലീസുകാരുടെ
ക്രൂര പരിഹാസത്തിനും വീട്ടുകാരുടെ
അവജ്ഞയ്ക്കും മാധ്യമങ്ങളുടെ
തമാശകള്‍ക്കും ഇടയില്‍ എവിടേയോ
വിസ്മൃതരായി..
എനിക്ക്
താങ്ങാവുന്നതിനപ്പുറമായിത്തീര്‍ന്നു
എല്ലാം.
എന്‍റെ
ഭര്‍ത്താവ് ജോലിയില്‍ നിന്ന്
അവധിയെടുത്തു.
ഒരു
കുഞ്ഞിനെ എന്ന പോലെ എന്നെ
പരിചരിയ്ക്കാന്‍ ഒപ്പം നിന്നു.
ചിലപ്പോള്‍
ഞാന്‍ കാരണമില്ലാതെ ഏങ്ങിക്കരഞ്ഞു..
ചിലപ്പോള്‍
ചിരിച്ചു.
എനിക്ക്
ഭക്ഷണം ആവശ്യമില്ലാതായി.
മാനസിക
നില ശരിയ്ക്കും തകരാറാവുന്നതു
മാതിരി എനിക്ക് തോന്നി.
മഞ്ഞുപാളികള്‍ക്കിടയിലൂടെ
കടന്നു വരുന്ന മനോഹരമായ
സൂര്യവെളിച്ചവും ആ
വെളിച്ചത്തിലലിഞ്ഞില്ലാതാവുന്ന
മൂടല്‍മഞ്ഞും വിന്‍ററില്‍
പൂക്കുന്ന ക്രിസാന്തമങ്ങളും
കുയിലിന്‍റെ കളകൂജനവും
ദില്ലിയുടെ ഗലികളില്‍
തണുപ്പുകാലത്തു മാത്രം
വ്യാപിക്കുന്ന മസാല ചേര്‍ന്ന
ആഹാരസാധനങ്ങളുടെ സുഗന്ധങ്ങളും
ഒന്നും എന്‍റെ മനസ്സിനെ
സ്പര്‍ശിച്ചില്ല.
വീട്ടിനു
മുന്നിലെ പൂന്തോട്ടമോ സാധാരണ
ഞാന്‍ കട്ട് ചെയ്തു പൂപ്പാത്രങ്ങളില്‍
നിറയ്ക്കാറുള്ള നര്‍ഗീസോ
കാലന്‍ഡുലെയോ ഒന്നും ഞാന്‍
കണ്ടതേയില്ല.
വാടിയ
പൂക്കള്‍ പൂപ്പാത്രങ്ങളില്‍
നിന്ന് എടുത്തു മാറ്റാന്‍
പോലും ഞാന്‍ തയാറായില്ല.
പ്രദീപ്
പറഞ്ഞതു പോലെ തന്നെ ജ്യോതി
സിംഗിന്‍റെ ജീവിതം സിംഗപ്പൂരില്‍
അവസാനിച്ചു.
.. ഒരു
രാഷ്ട്രം അതിന്‍റെ പിഞ്ഞിക്കീറിയ
ഒരു സ്ത്രീ ശരീരത്തെ മുന്നില്‍
നിറുത്തി സ്വന്തം ജനതയോട്
എങ്ങനെയെല്ലാം കള്ളം പറയുമെന്ന്
ഞാന്‍ കണ്ടു മനസ്സിലാക്കി.
കള്ളങ്ങളില്‍
പുലരുന്ന നമ്മുടെ കുടുംബങ്ങള്‍...
അവയെ
കൂടുതല്‍ വലിയ കള്ളങ്ങളുടെ
കട്ടിയുള്ള കരിമ്പടം
പുതപ്പിയ്ക്കുന്ന മഹാരാജ്യം.
അന്ന്
മുഴുവന്‍ ഞാന്‍ ഏങ്ങലടിച്ചു
കരഞ്ഞു...
ഒരു
തുള്ളി വെള്ളം കുടിക്കാതെ
ഏതു നിമിഷവും ഒഴുകുന്ന
കണ്ണുകളുമായി ഞാന്‍ സമയം
തള്ളി നീക്കി.
എനിക്കുറക്കമേ
വന്നില്ല....
എന്‍റെ
ഭര്‍ത്താവ് 'ശാന്തീ,
എന്‍റെ
പൊന്നേ' '
ശാന്തീ
, മൈ
ലവ് ' എന്നൊക്കെ
എത്ര മാധുര്യത്തോടെ വിളിച്ചിട്ടും
എത്ര മേല്‍ സാന്ത്വനിപ്പിച്ചിട്ടും
മനസ്സടങ്ങിയില്ല.
പട്ടിണി
കിടന്ന് തളര്‍ന്ന എനിക്ക്
അദ്ദേഹം ചൂടുള്ള സൂപ്പ്
കോരിത്തന്നു.
ബ്രഡ്
മൊരിയിച്ചു വായില്‍ വെച്ചു
തന്നു സാധിക്കുമ്പോഴെല്ലാം
ആ നെഞ്ചോടമര്‍ത്തിപ്പിടിച്ചു.
എന്‍റെ
തലമുടിയില്‍ അരുമയോടെ തടവി..
എനിക്ക്
സമാധാനം കിട്ടിയില്ല.
അദ്ദേഹത്തിന്‍റെ
സ്പര്‍ശനം പോലും എന്നെ
നൊമ്പരപ്പെടുത്തി.
കാരണം
തുരുമ്പ് പിടിച്ച ഇരുമ്പ്
വടികളില്‍ കോര്‍ക്കപ്പെട്ട
ജ്യോതിസിംഗിന്‍റെ കുടല്‍
മാല എന്‍റെ കണ്ണുകള്‍ക്കു
മുന്നില്‍ സദാ തെളിഞ്ഞു
നില്‍ക്കുകയായിരുന്നു...
പെണ്ണിനെ
എന്തും ചെയ്യാമെന്ന സമൂഹത്തിന്‍റെ
ആ അഹന്ത എന്നെ നീറ്റി
ദഹിപ്പിക്കുകയായിരുന്നു.
എന്‍റെ
ആദ്യലൈംഗികാനുഭവം...
അതിന്‍റെ
സകല തീക്ഷ്ണതയോടെയും എന്നെ
വീണ്ടും വീണ്ടും പൊള്ളിച്ചടര്‍ത്തി..
എത്ര
കാലം കഴിഞ്ഞാലും അതിന്‍റെ
ആഘാതത്തില്‍ നിന്ന് ഞാന്‍
വിമോചിതയാവില്ലെന്ന് എനിക്ക്
മനസ്സിലായി.
മഴ
പെയ്യുന്ന രാത്രിയുടെ അലര്‍ച്ച,
ഫാനിന്‍റെ
കരകര ശബ്ദം.
മറക്കണമെന്ന്
ഞാന്‍ സദാ ദാഹിക്കുന്ന ആ
മുഖം ,
കിതപ്പുകള്‍
, വിയര്‍പ്പു
തുള്ളികള്‍,
ബലം
പ്രയോഗിച്ച് അകറ്റപ്പെടുന്ന
കാലുകള്‍,
വഴുവഴുപ്പുകള്‍
.... എല്ലാം
അഗ്നിനാളമായി എന്നെ ദഹിപ്പിച്ചു.
ബലാല്‍സംഗം
ചെയ്യപ്പെട്ട പെണ്ണിന്‍റെ
മനമൊരു ആറാത്ത അഗ്നികുണ്ഡമാണ്.
ഏതു
നിമിഷവും തീയാളിപ്പടരുന്ന
അഗ്നികുണ്ഡം.....
അത്
തിരിച്ചറിയാന്‍ ഡോക്ടര്‍ക്കോ
പോലീസിനോ സമൂഹത്തിനോ കോടതിയ്ക്കോ
ഒരിയ്ക്കലും കഴിയാറില്ല.
എന്തായാലും
ഈ കേസില്‍ പൊലീസുകാര്‍ കൃത്യമായി
കുറ്റവാളികളെ പിടി കൂടി.
അതും
ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍
തന്നെ.
ഒരാള്‍
ജയിലില്‍ വെച്ച് കൊല്ലപ്പെട്ടു.
ഏറ്റവും
അക്രമം ചെയ്ത പതിനേഴര വയസ്സുള്ള
കുട്ടിക്കുറ്റവാളിയെ
ശിക്ഷിയ്ക്കുന്നതിനു നിയമപരിധി
ഉണ്ടെന്ന കാര്യം ടി വി ചാനലുകളിലും
മാധ്യമങ്ങളിലും ചൂടുള്ള
ചര്‍ച്ചയായിരുന്നു..
എന്തായാലും
ഒടുവില്‍ ബലാല്‍സംഗ കേസ്സുകള്‍
വിചാരണ ചെയ്യാന്‍ ഫാസ്റ്റ്
ട്രാക് കോടതികള്‍ നിലവില്‍
വന്നു.
കുട്ടിക്കുറ്റവാളിക്ക്
വലിയ ശിക്ഷ ഉണ്ടാവില്ലെന്ന്
അതിനകം ഉറപ്പായിക്കഴിഞ്ഞിരുന്നു.
ബലാല്‍സംഗക്കുറ്റങ്ങളുടെ
നിയമപരിഷ്ക്കാരത്തിനായി
ജസ്റ്റീസ് വര്‍മ്മ കമ്മീഷന്‍
രൂപം കൊള്ളുകയും ചെയ്തു .
ആ
ദിവസങ്ങളിലാണ്...
ഞാന്‍
മെല്ലെ മെല്ലെ സമാധാനം
വീണ്ടെടുത്തു തുടങ്ങിയ,
വീട്ടു
കാര്യങ്ങള്‍ ഒരു വിധം ഭംഗിയായി
ചെയ്യാന്‍ തുടങ്ങിയ,
എന്‍റെ
ഭര്‍ത്താവിനെ വീണ്ടും
പുണര്‍ന്നുറങ്ങാന്‍ തുടങ്ങിയ
ആ ദിവസങ്ങളിലാണ് പൂജ ഗരുവിന്‍റെ
വര്‍ത്തമാനവുമായി ഒരു രാവിലെ
കയറി വന്നത് .
ഗരു
വിചാരണത്തടവില്‍ കഴിയാന്‍
തുടങ്ങിയിട്ട് അനവധി വര്‍ഷങ്ങളായി.
ഗരുവിന്‍റെ
കേസ് ഒരിഞ്ചു പോലും മുന്നോട്ട്
നീങ്ങിയിട്ടില്ല.
ഗരുവിനെ
കോടതിയില്‍ ഹാജരാക്കുന്ന
ദിവസം സാധിക്കുമ്പോഴെല്ലാം
പൂജ കാണുവാന്‍ പോയിരുന്നു.
എന്നാല്‍
ഗരു പൂജയെ പരിചയമുണ്ടെന്ന്
ഭാവിയ്ക്കാന്‍ കൂടി കൂട്ടാക്കിയില്ല.
ഗരു
പരിപൂര്‍ണമായി തളര്‍ന്നു
കഴിഞ്ഞുവെന്നും ആറടി ഉയരം
കൂന്നു കൂന്നു കൂനായിത്തീര്‍ന്നു
കഴിഞ്ഞുവെന്നും വലിയ കുടവയര്‍
ഇല്ലാതായെന്നും കാലുകള്‍
കവച്ചുവെച്ച് ഒരു പ്രത്യേക
രീതിയിലാണെന്ന് നടക്കുന്നതെന്നും
പൂജ പറഞ്ഞു.
ഇപ്പോള്‍
' പാവ്
പട്ത്തി മാ'
( കാലില്‍
വീഴുന്നു അമ്മേ)
എന്ന
ആചാര വാചകം പറഞ്ഞ് ഗരുവിന്‍റെ
പാദധൂളികള്‍ ശിരസ്സിലണിയാന്‍
ശിഷ്യരായി ആരുമില്ല.
ജയിലില്‍
ഗരു എന്തുതരം ചൂഷണത്തിനിരയായാലും
ആരുമറിയില്ല.
ജയിലിന്‍റെ
മതിലുകളും അടപ്പുകളും ആര്‍ക്കും
ഭേദിയ്ക്കാന്‍ കഴിയാത്തവയാണ്.
കുടുംബങ്ങള്‍
മാത്രമല്ല രാഷ്ട്രങ്ങളും
നിലനില്‍ക്കുന്നത് ദുര്‍ബലരെ
എന്നും ചൂഷണം ചെയ്തും പഴയതും
പുതിയതുമായ കളവുകളുടെ ഉന്മാദം
ആവോളം പടര്‍ത്തിക്കൊണ്ടും
ആര്‍ക്കും ഭേദിയ്ക്കാനാവാത്ത,
ഇനി
അഥവാ ഭേദിയ്ക്കാന്‍ ആരെങ്കിലും
തുനിഞ്ഞാല്‍ അവരുടെ തലകള്‍
ഇടിച്ചു തകര്‍ക്കാന്‍ കഴിയുന്ന
കൂറ്റന്‍ കന്മതിലുകള്‍
ഉയര്‍ത്തിക്കൊണ്ടുമാണ്.
മുന്നിയെക്കൊണ്ട്
ഒരു ഗരുവിനു വേണ്ടി ഒരു കേസ്
കൊടുപ്പിച്ചാലോ എന്നായിരുന്നു
പൂജയുടെ ആലോചന.
പൂജയുടെ
മുഖം ആലോചന മുറുകുന്തോറും
വല്ലാതെ വലിഞ്ഞു കാണപ്പെട്ടു.
തണുപ്പുകാലം
അവളുടെ വികൃതമായ തൊലിയെ
കൂടുതല്‍ വികൃതമാക്കി.
ചിലപ്പോള്‍
അതു പൊട്ടി കുറെ ഏറെ രക്തവും
വന്നിരുന്നു.
ആ
തൊലിയില്‍ പുരട്ടാനാവശ്യമായ
മരുന്നുകള്‍ വിദേശത്തു
നിന്നാണ് വരുത്തിയിരുന്നത്.
ഒരു
താല്‍ക്കലിക ആശ്വാസം
മാത്രമായിരുന്നു അത്.
വലിയ
പ്രയോജനമൊന്നും അത് ആ കരിഞ്ഞു
പുകഞ്ഞ തൊലിയില്‍ ചെയ്തിരുന്നില്ല.
എല്ലാ
പ്രയാസങ്ങള്‍ക്കും വേദനകള്‍ക്കും
ഇടയിലും വക്കീലിനെ കാണുക,
ഫീസ്
കൊടുക്കുക ഇതൊക്കെ പൂജ ഉഷാറായി
ചെയ്യും.
കേസിന്‍റെ
അവസാനപാദം വരെ അവള്‍ അതിനെ
വിടാതെ പിന്തുടരും.
അവള്‍ക്ക്
മടുപ്പോ നിരാശയോ ഒരിയ്ക്കലും
ബാധിക്കില്ല.
പക്ഷെ,
നമ്മുടെ
നിയവവ്യവസ്ഥയ്ക്ക് ഗരുവും
മുന്നിയും അല്ലെങ്കില്‍ ജി
ബി റോഡിലേയോ സോനാഗച്ചിയിലിയോ
കാമാത്തിപ്പുരയിലെയോ
പെണ്ണുങ്ങളും ഒന്നും മനുഷ്യരേ
അല്ല.. പിന്നെ
ആരോട് എന്തു പരാതി പറയാനാണ്?
എന്നുവെച്ച്
പരിശ്രമിക്കാതിരിക്കുന്നത്
പൂജയുടെ ശീലമല്ലല്ലോ.
ഗരുവിന്‍റെ
കേസ് ഇനിയെങ്കിലും
വിചാരണയ്ക്കെടുക്കണമെന്ന്
കോടതിയോട് അപേക്ഷിയ്ക്കാന്‍
മുന്നി തയാറായി.
തന്‍റെ
ഗരുവാണതെന്നും ഗരു എന്നാല്‍
ഒരു മുന്നിയേയും സീമയേയും
ഒക്കെ സംബന്ധിച്ച് അമ്മയ്ക്ക്
തുല്യമാണെന്നും കോടതിയോട്
അല്‍പം വികാരഭരിതമായിത്തന്നെ
മുന്നി അപേക്ഷിച്ചു.
ശരിയ്ക്കുള്ള
അമ്മമാരും അച്ഛന്മാരും
മക്കളുമൊക്കെ സ്ഥിരം വന്ന്
വലിയ വായില്‍ കരഞ്ഞുകൊണ്ട്
സങ്കടം പറയുന്ന ഒരിടമായതുകൊണ്ട്
മുന്നിയുടെ അമ്മയ്ക്ക്
തുല്യമാവല്‍ കോടതിയില്‍ ഒരു
ചലനവുമുണ്ടാക്കിയില്ല.
പിന്നെ
എന്തു സെലിബ്രിറ്റി ആയാലും
മുന്നി ഒരു വെറും മുന്നി
മാത്രമാണ്.
മുന്നിമാര്‍ക്കും
ഗരുക്കള്‍ക്കുമായി നമ്മുടെ
രാജ്യത്ത് നിയമമൊന്നുമില്ല..
മുന്നിയും
ഗരുവുമൊക്കെ മനുഷ്യജീവികളാണെന്ന
മട്ടില്‍ തമിഴ് നാട്ടില്‍
മാത്രമേ സ്ത്രീ പുരുഷന്‍
അദേഴ്സ് എന്നൊരു കോളം ഉണ്ടാക്കി
സര്‍ക്കാര്‍ ഫോമുകളില്‍
കാണിച്ചിട്ടുള്ളൂ എന്ന്
എന്‍റെ ഭര്‍ത്താവ് ഞങ്ങളോട്
പറഞ്ഞു.
പ്രതീക്ഷിച്ചതു
പോലെ ഗരുവിന്‍റെ വിചാരണ കോടതി
ആരംഭിച്ചതേയില്ല.
മുന്നി
കൊടുത്ത അപേക്ഷ തള്ളിയില്ല
എന്നതു തന്നെ വലിയ വിജയമായി
കാണണമെന്ന് വക്കീല്‍ ഞങ്ങളെ
സമാധാനിപ്പിച്ചു.
ഇത്ര
വലിയൊരു രാജ്യത്ത് ഇത്രയേറെ
കേസുകള്‍ അനന്തമായി
കെട്ടിക്കിടക്കുന്ന ഒരു
കോടതിയില്‍ ഇതുവരെ നിലവില്‍
ഇല്ലാത്ത ഒരു ഗരു സ്പെഷ്യല്‍
നിയമം ഉണ്ടാക്കണമെന്ന
ആവശ്യത്തിനു കോടതി ഇത്ര
പരിഗണനയെങ്കിലും കൊടുത്തത്
വലിയ ഭാഗ്യം തന്നെ...
ദിവസങ്ങളും
ആഴ്ചകളും പിന്നെ മാസങ്ങളും
മുടന്തിക്കൊണ്ട് മുന്നോട്ട്
നീങ്ങി.
ജൂണ്‍
മാസത്തില്‍ ദില്ലി കത്തിപ്പുകയുന്ന
ചൂടുകാലത്തായിരുന്നു ആ
വാര്‍ത്ത എത്തിയത്.
ഗരു
ജയിലില്‍ കിടന്ന് മരിച്ചു
പോയ വിവരം...
അത്
ആദ്യം അറിഞ്ഞത്,
ഡോ
ഗ്രിഗറിയാണ്.
ജയില്‍
ഡോക്ടര്‍ ആയിരുന്നു അത്
ഗ്രിഗറിയെ അറിയിച്ചത്.
ആ
മൃതദേഹം വിട്ടുകിട്ടണമെന്ന്
മുന്നി ഭ്രാന്തിയെപ്പോലെ
അപേക്ഷിച്ചു നോക്കി.
' അമ്മേ
എന്‍റെ അമ്മേ എന്നെ തനിച്ച്
വിട്ടിട്ടു പോയല്ലോ'
എന്ന്
നെഞ്ചു തകര്‍ന്ന് കരഞ്ഞു.
കരിമഷിയൊഴുകിയിറങ്ങിയ
മുന്നിയുടെ വലിയ കണ്ണുകളെ
ടി വി ചാനലുകള്‍
പകര്‍ത്തിക്കാണിച്ചുകൊണ്ടിരുന്നപ്പോള്‍
രാജ്യത്തെ അതിപ്രഗല്‍ഭരായ
നിയമജ്ഞര്‍ ചര്‍ച്ചകളില്‍
കൃത്യമായ അഭിപ്രായം രേഖപ്പെടുത്തി.
മുന്നിയുടെ
ശരിയ്ക്കുമുള്ള അമ്മയല്ലല്ലോ
ഗരു.. അകന്ന
ബന്ധു പോലുമല്ലല്ലോ ഗരു..
ഗരുവിനെ
അവകാശപ്പെട്ട് അങ്ങനെ ആര്‍ക്കും
വരാന്‍ ആവില്ല.
നമ്മുടേ
രാജ്യത്തിനും നിയമങ്ങള്‍ക്കും
ഗരു ഒരു അനാഥശവം മാത്രമാണ്.
അനാഥശവം
സംസ്ക്കരിക്കല്‍ സര്‍ക്കാര്‍
ചുമതലയാണ്...
നിയമത്തിനു
ഒരിയ്ക്കലും വൈകാരികത പാടില്ല.
നിയമത്തിനു
നിയമം മാത്രമേ പാടുള്ളൂ .
ഗരുവിന്‍റെ
ശരീരം പോലും ഞങ്ങള്‍ക്ക്
ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല.
ഞങ്ങളെപ്പോലെയുള്ള
മക്കള്‍ നിന്‍റെ തലമുറകളിലെങ്ങും
പിറക്കാതിരിയ്ക്കട്ടെ എന്ന്
ആശീര്‍വദിക്കുന്നവരുടെ
ശരീരങ്ങള്‍ക്ക് വേറിട്ട്
മാത്രമേ കത്തിയമരാനാകൂ...
സൂര്യന്‍റെ
ചൂട് ഏറ്റവും ഉഗ്രമായി ദില്ലിയെ
ദഹിപ്പിക്കുന്ന ജൂണ്‍ മാസത്തിലെ
ഇരുപത്തൊന്നാം ദിവസത്തില്‍
അങ്ങനെ വേറിട്ട് കത്തിയമര്‍ന്ന്
ഗരു ഈ ഭൂമിയോട് യാത്ര പറഞ്ഞു.
എന്‍റേ
എന്ന് ചാപ്പകുത്തിയവര്‍ക്ക്
വേണ്ടി എല്ലാമെല്ലാം,
കഴിയുമെങ്കില്‍
മറ്റുള്ളവരുടേതു കൂടി
വെട്ടിപ്പിടിച്ച് പത്തായങ്ങളില്‍
ഭദ്രമായി പൂട്ടിവെയ്ക്കുന്നവര്‍ക്ക്
വായിക്കാനാവുന്ന പുസ്തകമല്ലല്ലൊ
ഗരുവിന്‍റേതു പോലെയുള്ള
ശരീരങ്ങള്‍.
അവര്‍ക്കായി
ഒന്നും ജനിപ്പിക്കാത്ത ഒന്നും
സൂക്ഷിയ്ക്കാനാവാത്ത ആ
ശരീരങ്ങള്‍ ....അവരുടേതായ
എല്ലാം മറ്റുള്ളവര്‍ക്കായി
വിറ്റും പലപ്പോഴും പലതരം
കള്ളത്തരങ്ങള്‍ക്ക് കൂട്ടു
നിന്നും ചിലപ്പൊഴെല്ലാം
വലിയ ആര്‍ത്തി കാട്ടിയും
ഒടുവില്‍ എല്ലാറ്റിലും
തോല്‍ക്കുമ്പോള്‍ നിഷ്ഫലമായി
തുണി പൊക്കിക്കാട്ടി
പ്രതിഷേധിച്ചും അവസാനം അവര്‍
ഇങ്ങനെ അനാഥശവങ്ങളായി
കത്തിയമരുന്നു.
ഒരു
ഗ്ലാസ് ആംപന്നയ്ക്കു
മുന്നിലിരുന്ന്,
അനിയന്ത്രിതമായി
കണ്ണു നിറഞ്ഞ് ഒഴുകിയ എന്നെ
സമാധാനിപ്പിച്ചുകൊണ്ട് പൂജ
വിളിച്ചു...
' ശാന്തി...
മൈ
ഡിയറസ്റ്റ് '
അതെ,
പൂജയും
ശാന്തിയും അന്നെന്നല്ല,
എപ്പോഴും
എന്നെന്നും ജീവിതത്തില്‍
ഉത്തരങ്ങളും ചോദ്യങ്ങളുമായി
തന്നെ തുടര്‍ന്നു....
ഇപ്പോഴും
തുടരുന്നു.
( തുടര്‍ക്കഥ അവസാനിച്ചു. )