പതിനാലാം ഭാഗം
പൂജയ്ക്ക് യാതൊരു മാറ്റവും ഇല്ല.
ഭയപ്പെടുത്തുന്ന ആ മുഖം
മാറിയിട്ടില്ല.
അവളുടെ ശീലങ്ങള്‍ മാറിയിട്ടില്ല. അവള്‍ ഇപ്പോഴും മുന്നിയെ അന്വേഷിക്കുന്നു ,സ്വപ്നയെയും മോനയേയും വൈജയന്തിയേയും കാണുന്നു. ആസിഡ് വീണു കത്തിക്കരിഞ്ഞ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.
ജയിലില്‍ കഴിയുന്ന ഗരുവിനെ കാണാന്‍ പിന്നെയും പിന്നെയും ശ്രമിക്കുന്നു.
സ്വന്‍സലിനെ പോയിക്കാണുന്നു. ആശ്വസിപ്പിക്കാന്‍ തുനിയുന്നു..
ഞാനോ?
എന്‍റെ ഭര്‍ത്താവും ഞാനും
തമ്മില്‍ കൂടുതല്‍ക്കൂടുതല്‍ കലഹിക്കുവാന്‍
തുടങ്ങിയത് അങ്ങനെയായിരുന്നു.
ഞാന്‍ ഒരു മുഴുവന്‍ സമയ മരുമകളാവുന്നു.. വീട്ടമ്മയാവുന്നു, കിറ്റിപാര്‍ട്ടികളും സൌന്ദര്യസം രക്ഷണവും യോഗാഭ്യാസവും
ഡോഗ് ഷോകളും ബൊണ്‍സായികളും മാത്രമാവുന്നു എന്‍റെ താല്‍പര്യങ്ങളെന്നും അദ്ദേഹം സാധിക്കുമ്പോഴെല്ലാം പരിഭവിച്ചു. അതുമാത്രമല്ല എന്‍റെ ജീവിതമെന്നും കൂടുതല്‍ പ്രയോജനമുള്ള ഉത്തരവാദിത്തങ്ങള്‍ ഞാന്‍ ഏറ്റെടുക്കണമെന്നും
അദ്ദേഹം അഭിപ്രായപ്പെട്ടു.
ബാബാ രാംദേവിനെ അദ്ദേഹം ഒട്ടും അംഗീകരിച്ചില്ല. വരാന്‍ പോകുന്ന പല
ദുരിതങ്ങള്‍ക്കും അയാള്‍ കുഴലൂതുമെന്ന് അദ്ദേഹം ചിലപ്പോഴെല്ലാം പൊട്ടിത്തെറിച്ചു. ഞാന്‍ ഇത്തരം ആത്മീയ ഗുരുക്കന്മാരില്‍ നിന്നും
അവര്‍ പരത്തുന്ന അബദ്ധധാരണകളില്‍ നിന്നുമെല്ലാം രക്ഷപ്പെടണമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
അമ്മയും അച്ഛനും ശരിയെന്ന് കരുതുന്ന കാര്യങ്ങളെ എതിര്‍ക്കാനും ചോദ്യം
ചെയ്യാനും എനിക്ക്
കഴിയുമായിരുന്നില്ല. എന്നാല്‍ എന്‍റെ ഭര്‍ത്താവിനു അത് ക്ഷിപ്രസാധ്യമായിരുന്നു. ചിലപ്പോഴൊക്കെ അവര്‍ തമ്മില്‍ കടുത്ത സ്പര്‍ദ്ധയാണുള്ളത് അല്ലാതെ ഞാന്‍ പണ്ട് വിചാരിച്ചതു മാതിരി സ്നേഹവും
സൌഹൃദവുമല്ല എന്ന് പോലും എനിക്കു ഭയം തോന്നാറുണ്ടായിരുന്നു.
ഞങ്ങള്‍ തമ്മില്‍ അമ്മ അച്ഛന്‍ മകന്‍ എന്ന അടുപ്പമുണ്ടെങ്കിലും ആശയപരമായ
അകല്‍ച്ചകള്‍ അനവധി ഉണ്ടെന്നായിരുന്നു
എന്‍റെ ഭര്‍ത്താവിന്‍റെ വിശദീകരണം.
അത് എനിക്ക്
മനസ്സിലാകുന്നുണ്ടായിരുന്നില്ല.
ഞാന്‍ എപ്പോഴത്തേയും പോലെ
അനവധി സംശയങ്ങളില്‍ ഉഴലുവാന്‍ തുടങ്ങി.
എനിക്ക് ആരാണു ശരിയെന്ന് അറിയാന്‍
കഴിഞ്ഞില്ല. ഞാന്‍ മാറണം എനിക്ക് മാറ്റമുണ്ടാവണം എന്ന് അവര്‍ എല്ലാവരും വ്യത്യസ്തമായ രീതികളില്‍ ആവശ്യപ്പെടുന്നതു
പോലെ എനിക്ക് തോന്നി. ഞാന്‍ പലതായി ചിതറുകയാണെന്നും അഭൌമമെന്ന്
കരുതിയ എന്‍റെ സന്തോഷം അര്‍ഥരഹിതമാവുകയാണെന്നും ഞാന്‍ ഭയപ്പെട്ടു.
അങ്ങനെയാണ് പൂജയുമായി ഞാന്‍
വീണ്ടും അടുക്കാന്‍ തുനിഞ്ഞത്. അത് വീട്ടില്‍
പ്രയാസങ്ങളുണ്ടാക്കുമെന്ന്
ആദ്യമൊന്നും എനിക്ക് മനസ്സിലായില്ലെങ്കിലും അമ്മയുടെ സന്തോഷക്കുറവ് പതുക്കെപ്പതുക്കെ എനിക്ക്
തിരിച്ചറിയാന്‍ കഴിഞ്ഞു.
ആ കൊല്ലത്തെ കര്‍വാ
ചൌത്തിനു നാലു ദിവസമേ ബാക്കിയുണ്ടായിരുന്നുള്ളൂ . അന്ന് അമ്മ
പ്രതിഷേധം പ്രകടിപ്പിക്കുക തന്നെ
ചെയ്തു.
ഗരുവിനെ കാണാന്‍
പൂജയ്ക്കൊപ്പം പോയാലോ എന്ന് ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് അഭിപ്രായം ചോദിച്ചത് അന്നായിരുന്നു. ഒരു
കുടുംബിനിയുടെ വ്രതചുമതലകള്‍ മറക്കുന്ന എന്നെ അമ്മ കഠിനമായി ശകാരിച്ചു. ധാരാളം
കളിതമാശകള്‍കൊണ്ട് ആഹ്ലാദകരമാകാറുള്ള രാവിലത്തെ
ഭക്ഷണസമയം എന്‍റെ ആ ചോദ്യം നിമിത്തം അലങ്കോലമായി. അമ്മയുടെ ശകാരം ആദ്യമായിരുന്നു.. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യം..
ഞാന്‍ എന്‍റെ ഇപ്പോഴത്തെ നിലയും വിലയും മറക്കരുതെന്ന് അവര്‍ എന്നെ
ഓര്‍മ്മിപ്പിച്ചു. ഈ വീട്ടില്‍ വരും മുന്‍പ് എവിടെയായിരുന്നു എന്ന് ഓര്‍ക്കണമെന്നും അവര്‍ പറയാതിരുന്നില്ല. അപ്പോള്‍ പഴയ കാലങ്ങള്‍
പൊടുന്നനെ ഒരു ചലച്ചിത്രം പോലെ
എനിക്ക് മുന്നില്‍ തെളിഞ്ഞു വന്നു .
എത്ര പറഞ്ഞിട്ടും മതിയാവാത്തതു പോലെ
ശകാരിക്കുകയായിരുന്ന അവര്‍ക്ക് അല്‍പം
കഴിഞ്ഞപ്പോള്‍ ക്ഷോഭം കൊണ്ട് വാക്കുകള്‍ കിട്ടാതായി.
ആ ദേഹമാകെ വിയര്‍ക്കുകയും രക്തസമ്മര്‍ദ്ദം ഉയരുകയും അവര്‍
തല കറങ്ങി വീഴുകയും ചെയ്തു.
ഡോ. ജയേഷ് മല്‍ഹോത്രയെ ഫോണിലൂടെ
വിവരമറിയിക്കുമ്പോള്‍ എനിക്ക് കടുത്ത ഭയം തോന്നി.
പിന്നെ എല്ലാം പെട്ടെന്നായിരുന്നു.
അമ്മയെ സാകേതിലുള്ള മാക്സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. അവരെ കാഷ്വാല്‍റ്റിയില്‍ നിന്നും ഐ സി യു വിലേക്കും പിന്നീട് സി സി യൂവിലേക്കും
മാറ്റിക്കിടത്തി. അമ്മയ്ക്ക് ഒരു
അറ്റായ്ക്കാണ് വന്നതെന്ന് ആശുപത്രിയിലെ ചീഫ് കാര്‍ഡിയോളജിസ്റ്റ് അറിയിച്ചു.
അച്ഛന്‍റെ മുഖം അതിനു ശേഷം
തെളിഞ്ഞതേയില്ല..
അദ്ദേഹം എന്നോടു
സംസാരിക്കാന്‍ കൂടി മടിച്ചു. എപ്പോഴും
ചിന്താകുലനായി കാണപ്പെട്ട അദ്ദേഹത്തോട്
സംസാരിക്കുവാന്‍ എനിക്കു ഭയവും
തോന്നി.
എനിക്ക് കരച്ചില്‍ വരികയായിരുന്നു. ഏറ്റവും സുരക്ഷിതമെന്ന് ഞാന്‍
കരുതിയതിലെ ല്ലാം വിള്ളല്‍ വീഴുകയാണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങി. അയഥാര്‍ഥമായ ഒരു
സുരക്ഷിതത്വബോധമായിരുന്നുവോ എന്‍റേതെന്നോര്‍ത്ത് ഞാന്‍ രഹസ്യമായി കരഞ്ഞു.
ആശുപത്രിയുടെ നീളന്‍
വരാന്തകളില്‍ കണ്ണീരൊപ്പിക്കൊണ്ട് എനിക്ക്
തനിയെ
അലയേണ്ടി വന്നു. അമ്മയുടെ ആരോഗ്യ നില എന്‍റെ
ഭര്‍ത്താവിനേയും വ്യാകുലപ്പെടുത്തുന്നുണ്ടായിരുന്നു. അദ്ദേഹം എന്നെ അകറ്റി നിറുത്തിയില്ലെങ്കിലും ആ മുഖത്തിനു ഒട്ടും പ്രസാദമുണ്ടായിരുന്നില്ല.
ഞങ്ങള്‍ക്കിടയില്‍ അക്കാലം വരെ
അപരിചിതമായിരുന്ന മൌനം കരിമ്പടം
പുതച്ചു.
പൂജയെപ്പറ്റി ഞാന്‍ കൂടുതലറിഞ്ഞത്
ആ ആശുപത്രിക്കാലത്താണ്. എങ്ങനെയാണ് അമ്മയുടെ അവസ്ഥ
അവള്‍ ഇത്ര പെട്ടെന്ന് മനസ്സിലാക്കിയതെന്ന് എനിക്ക്
അറിയാനായില്ല. ഒക്ടോബറിലെ തണുപ്പ്
തോന്നിപ്പിക്കുന്ന കാറ്റിനൊപ്പം അവളും ഡോ.
ഗ്രിഗറിയും ഒന്നിച്ച് ആശുപത്രി വരാന്തയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഞാന്‍
അല്‍ഭുതപ്പെട്ട് നിന്നു പോയി.
അവള്‍ ഒന്നും സംഭവിക്കാത്തതു പോലെ , ഇന്നലെ മാത്രം
ഇച്ചാക്കയുടെ ഓഫീസില്‍ നിന്ന് പിരിഞ്ഞതു പോലെ അതേ പരിചയത്തോടെയും വാല്‍സല്യത്തോടെയും എന്നെ ഗാഢം പുണര്‍ന്നു. അനവധി വര്‍ഷങ്ങള്‍ക്ക് ശേഷമാണെങ്കിലും അവളുടെ സ്പര്‍ശമേറ്റ മാത്രയില്‍
ഒരു കൊച്ചുകുഞ്ഞിനെപ്പോലെ ഞാന്‍ ഏങ്ങലടിച്ചു പോയി.
‘ ബി ബ്രേവ് ശാന്തി.. എവരിതിംഗ് വില്‍ ബി ഓ
കെ.. ‘ എന്ന് അവള്‍ എന്‍റെ പുറത്ത് തട്ടി.
ഡോ. ഗ്രിഗറി
എന്നത്തേയും പോലെ ഊഷ്മളമായി
ഹസ്തദാനം ചെയ്തു. നീലക്കണ്ണുകളിലും
മുഖത്തും നിറഞ്ഞു തുളുമ്പുന്ന പുഞ്ചിരിയില്‍
ആ സൌഹൃദം പഴയ കാലത്തേതെന്ന പോലെ പ്രകാശപൂര്‍ണമായി.
എന്‍റെ ഭര്‍ത്താവ് സ്ഥലത്തുണ്ടായിരുന്നില്ല. അച്ഛനോട് പൂജയേയും
ഡോ ഗ്രിഗറിയേയും എങ്ങനെ പരിചയപ്പെടുത്തുമെന്നറിയാതെ ഞാന്‍ കുഴങ്ങി.
എന്നാല്‍ എനിക്കൊന്നും ചെയ്യേണ്ടി വന്നില്ല. യാദൃശ്ചികമായി
വരാന്തയിലൂടെ കടന്ന് പോവുകയായിരുന്ന ഡോ. ജയേഷ്
മല്‍ഹോത്ര ഡോ. ഗിഗ്രറിയെ മുഖം നിറഞ്ഞ വലിയൊരു ചിരിയോടെയും ആശുപത്രിയുടെ നിശ്ശബ്ദതയില്‍ അല്‍പം ഉറക്കെയായിപ്പോയ
സ്വാഗതവചനങ്ങളോടെയും ഹൃദ്യമായി
സ്വീകരിച്ചു. പൂജയെ സ്വീകരിയ്ക്കാനും അദ്ദേഹം ഒട്ടും വൈകിയില്ല.
അതെനിക്ക് ഒരു അല്‍ഭുതമായിത്തോന്നി.
അമ്മയെക്കുറിച്ച് അവര്‍
വിശദമായി സംസാരിച്ചു. അച്ഛന് ധൈര്യം പകരുവാന്‍
ഗ്രിഗറിയിലെ ഡോക്ടര്‍ കിണഞ്ഞു
ശ്രമിക്കുന്നുണ്ടായിരുന്നു.
എങ്കിലും അച്ഛന്‍റെ മുഖത്ത് തെളിമ വന്നതേയില്ല.
ഞാന്‍ പൂജയുടെ കൈകള്‍ കവര്‍ന്നുകൊണ്ട് നിശ്ശബ്ദയായി നിന്നു. അപ്പോള്‍ എനിക്കൊരു ബന്ധുവുണ്ടാവുന്നതായി തോന്നിയെന്നതാണ് വാസ്തവം.
ഞങ്ങള്‍ അല്‍പ നേരം വിശേഷങ്ങള്‍
പങ്കുവെച്ചു .
ഡോ. ഗ്രിഗറി പൂജയ്ക്കൊപ്പം താമസിക്കുവാന്‍ തുടങ്ങിയത് അവളുടെ അമ്മ
മരിച്ചതിനു ശേഷമായിരുന്നു.
അമ്മയ്ക്ക് ഡോ ഗ്രിഗറിയെ
ഒട്ടും സഹിക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്ത്രീധനം വേണ്ടെന്നും മറ്റുമുള്ള
അദ്ദേഹത്തിന്‍റെ വാക്കുകള്‍ അവരെ
പരിഭ്രമിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഇംഗ്ലീഷും വിളറി വെളുത്ത
തൊലിയും നരച്ച മിഴികളും ഒന്നും അവര്‍ക്ക് ഒട്ടും പിടിച്ചിരുന്നില്ല. പൂജയെ അവരുടെ
കൂട്ടത്തില്‍പ്പെട്ട ഒരു പഞ്ചാബിപ്പയ്യനു കൊടുക്കുന്നതിലായിരുന്നു
അവര്‍ക്ക് താല്‍പര്യം. അവനു സ്ത്രീധനം കൊടുക്കുന്നതിലും അല്ലെങ്കില്‍ അവന്‍ ആവശ്യപ്പെടുന്നതെല്ലാം
കൊടുക്കുന്നതിലും തെറ്റൊന്നുമില്ലെന്ന് അവര്‍ കരുതി.
ആസിഡ് വീണ് കത്തിക്കരിഞ്ഞ പൂജയെ ഏറ്റെടുക്കാന്‍ അങ്ങനെ നാട്ടുകാരനായ ഒരാള്‍ വരണമെന്ന് അവര്‍ കൊതിച്ചു.
ആരും വന്നില്ല.
കാത്തിരുന്ന് കാത്തിരുന്ന്
ഒടുവില്‍ ആ കണ്ണുകള്‍ അടഞ്ഞു.
അപ്പോള്‍ മാത്രമേ പൂജ ഗ്രിഗറിയ്ക്കൊപ്പം താമസിക്കാന്‍ തയാറായുള്ളൂ.
പൂജയുടെ അച്ഛന് അവളേയും
ഗ്രിഗറിയേയും മനസ്സിലാക്കാന്‍ പ്രയാസമുണ്ടായില്ല. അദ്ദേഹം ഗ്രിഗറിയെ
സ്വന്തം മകനായി സ്വീകരിച്ചു.
ബാക്കിയുള്ള കാലം ഇന്ത്യയില്‍ തന്നെ ചെലവാക്കാന്‍ ഗ്രിഗറി തീരുമാനിച്ചു
കഴിഞ്ഞിരുന്നു. അതിനുള്ള മുഴുവന്‍
തയാറെടുപ്പുകളോടെയുമാണ് അദ്ദേഹം വന്നത്.
അധികം വൈകാതെ ഗ്രിഗറി
മാളവിയ നഗറില്‍ ഒരു ആശുപത്രി ആരംഭിച്ചു.
പ്ലാസ്റ്റിക് സര്‍ജറിയുടെ
സ്പെഷ്യലൈസേഷനുള്ള ആശുപത്രി.
‘എന്തും
കറക്ട് ചെയ്യാം... മനസ്സൊഴികേ...
ചിലപ്പോള്‍ മനസ്സും....’ എന്നായിരുന്നു ആശുപത്രിയുടെ ലോഗോ വാചകം.
അപ്പോള്‍ എനിക്കു മനസ്സിലായി
ഡോ ജയേഷ് മല്‍ഹോത്രയ്ക്ക് ഗ്രിഗറിയെ
പരിചയമുണ്ടായതെങ്ങനെയെന്ന്..
അദ്ദേഹത്തിന്‍റെ ഭാര്യയായ ഡോ. അനുപമ
ഒരു
പ്ലാസ്റ്റിക് സര്‍ജനായിരുന്നു. അവര്‍ മാളവിയ നഗറിലെ ഹോസ്പിറ്റലിലാണ് ജോലി ചെയ്യുന്നതെന്ന് ഞാനറിഞ്ഞിരുന്നു. എന്നാല്‍ അത് ഡോ
ഗ്രിഗറിയുടേതാണെന്ന് എനിക്ക്
മനസ്സിലായിരുന്നില്ല.
സിനിമാതാരങ്ങള്‍ പലരും ഗ്രിഗറിയുടെ കഴിവില്‍ ഭ്രമിച്ച് ആ ആശുപത്രിയില്‍ ക്യൂ നില്‍ക്കുന്നുണ്ടെന്ന് ടൈംസ്
ഓഫ് ഇന്ത്യയുടെ മൂന്നാം പേജില്‍ വാര്‍ത്തകള്‍ ഉണ്ടായിരുന്നുവത്രേ. ഞാന്‍
അത് ശ്രദ്ധിച്ചിരുന്നില്ല. ഐ എന്‍ എ മാര്‍ക്കറ്റില്‍
പോയി മലയാളം വാരികകളും മാസികകളും വാങ്ങി വായിക്കാനുള്ള താല്‍പര്യം
ടൈംസ് ഓഫ് ഇന്ത്യ വായിക്കാന്‍ ഞാന്‍ ഒരിയ്ക്കലും പ്രദര്‍ശിപ്പിച്ചിരുന്നില്ല.
എന്നാല്‍ പൂജ മാത്രം ആ മുഖം മിനുക്കലിനു പോയില്ല. അവളുടെ മുഖം
മാറ്റാന്‍ ഗ്രിഗറി തുനിഞ്ഞതുമില്ല. പ്രണയത്തിനു ഐശ്വര്യമുള്ള മുഖം വേണമെന്ന് പറഞ്ഞുവെച്ചവര്‍ക്കൊന്നും പൂജയേയോ
ഗ്രിഗറിയേയോ ഉള്‍ക്കൊള്ളാനാവില്ലെന്ന് എനിക്ക് മനസ്സിലായി.
ആസിഡ് അറ്റാക് സംഭവിച്ചവര്‍ക്കെല്ലാം അദ്ദേഹം ഭേദപ്പെട്ട മുഖങ്ങളും
ശരീരഭാഗങ്ങളും നിര്‍മ്മിച്ചു നല്‍കി. പാകിസ്താനില്‍ നിന്നും
ശ്രീലങ്കയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും എന്നു വേണ്ട
ആസിഡ് വീണ് ജീവിതം തകര്‍ന്നയിടങ്ങളില്‍ നിന്നെല്ലാം ആളുകള്‍ ഗ്രിഗറിയെ തേടി വന്നുകൊണ്ടിരുന്നു.
ന്യൂ ദില്ലി റെയില്‍വേ
സ്റ്റേഷനില്‍ ചെന്നോ ഇന്ദിരാഗാന്ധി
ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ടില്‍ ചെന്നോ ഡോ. ഗ്രിഗറിയുടെ ആശുപത്രി എന്ന് പറയൂ..
ഏത് ഓട്ടോറിക്ഷാക്കാരനും ഏത്
ടാക്സിക്കാരനും നിങ്ങളെ മാളവിയ നഗറിലെ
ആശുപത്രിയിലെത്തിക്കും.
തന്‍റെ മധുര സ്വരവുമായി പൂജയെ അവിടെ ചെയ്യാനാകുന്ന ജോലികളെല്ലാം
ഏറ്റെടുത്തു ചെയ്തു . കാലങ്ങള്‍ അവളിലെ
പോരാളിയെ സ്പര്‍ശിക്കാന്‍ ഭയപ്പെട്ടുവെന്ന് ഞാന്‍ മനസ്സിലാക്കി.
എന്തുകൊണ്ട് എന്‍റെ ഭര്‍ത്താവ്
പൂജയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് ഞാനറിയുകയായിരുന്നു. അവളില്‍
നിന്ന് അകന്ന് നില്‍ക്കുന്നതില്‍ പ്രത്യേകിച്ച് ഒരു
ന്യായവുമില്ലെന്നും ഞാന്‍ മനസ്സിലാക്കി.
അവര്‍ മടങ്ങിയ ശേഷം ചീഫ് കാര്‍ഡിയോളജിസ്റ്റ് അച്ഛനെ
ക്യാബിനിലേയ്ക്ക് വിളിപ്പിച്ചു. അമ്മയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും സര്‍ജറി കൂടിയേ കഴിയൂ
എന്നറിയിച്ചു . അത് കേട്ടപാടെ അച്ഛന്‍റെ മുഖത്തെ
അല്‍പ മാത്രമായിരുന്ന പ്രകാശം പൂര്‍ണമായും
കെട്ടു പോയി. ഹാര്‍ട്ട് സര്‍ജറിയെ
അദ്ദേഹം വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു. എന്‍റെ ആശ്വാസവചനങ്ങളൊന്നും അദ്ദേഹം കേട്ടതേയില്ല.
വിറയ്ക്കുന്ന ഒച്ചയില്‍ .. ‘ഗെറ്റ് മീ
അശ്വിനി’ എന്നു മാത്രം പറഞ്ഞു.
അധികം വൈകാതെ മകന്‍ എത്തിച്ചേര്‍ന്നപ്പോള്‍ അദ്ദേഹത്തിനു അല്‍പം ആശ്വാസമായതു പോലെ തോന്നി.
അന്നു രാത്രി അച്ഛനുറങ്ങുന്നതു വരെ ഞങ്ങള്‍
ഇരുവരും അദ്ദേഹത്തിനൊപ്പം മുറിയിലിരുന്നു. നമുക്ക് ചെലവാക്കാന്‍
ധനമുണ്ടല്ലോ,
നമ്മുടെ പരിചയത്തില്‍ നല്ലനല്ല ഡോക്ടര്‍മാരുണ്ടല്ലോ ഒരു പ്രയാസവുമുണ്ടാവില്ല എല്ലാം ശരിയാവും എന്ന്
പലവട്ടം ആവര്‍ത്തിച്ചു കൊണ്ടിരുന്നു. അവിശ്വസനീയമായ മുഖഭാവത്തോടെയാണെങ്കിലും അച്ഛന്‍ ഞങ്ങളെ എതിര്‍ത്തില്ല. മന:ക്ലേശവും ക്ഷീണവും കൊണ്ടാവണം അച്ഛന്‍ മെല്ലെ ഉറക്കത്തിലേയ്ക്ക് വഴുതി വീണു.
രാത്രി വളരെ വൈകി,
ആശുപത്രിയുടെ കഫറ്റേരിയയില്‍ നിന്ന് കാപ്പി കുടിയ്ക്കുമ്പോഴാണ് പൂജയും
ഗ്രിഗറിയും വന്ന വിവരം ഞാന്‍ എന്‍റെ ഭര്‍ത്താവിനോട് പറഞ്ഞത്..
അദ്ദേഹം ചിരിച്ചു.
‘അവരെ അഭിനന്ദിക്കേണ്ടതായിരുന്നു... ഞാന്‍
അറിഞ്ഞത് വൈകിയാണ്.
അപ്പോഴേക്കും ഇങ്ങോട്ട് പുറപ്പെട്ടു കഴിഞ്ഞിരുന്നു ഞാന്‍. അന്നേരം ഒരു സമാധാനവുമുണ്ടായിരുന്നില്ലല്ലോ. ‘
നിലാവ് ഊര്‍ന്ന്
വീഴുന്ന പുല്‍ത്തകിടിയിലേക്ക് നോക്കി
നില്‍ക്കുകയായിരുന്നു ഞങ്ങള്‍.
കാപ്പിക്കപ്പില്‍ നിന്ന് ആവി
പൊന്തുന്നുണ്ടായിരുന്നു.
എനിക്ക് മനസ്സിലായില്ലെന്ന് ഞാന്‍ വാചകം അവസാനിപ്പിച്ചു. .
‘ ദേ ഗോട്ട് ദെയര്‍ ചില്‍ഡ്രന്‍.. ഇന്നാണ് വിധി
വന്നത് . നമ്മുടെ സുപ്രീംകോടതി
അവരെ അംഗീകരിച്ചിരിക്കുന്നു. ‘ അദ്ദേഹത്തിന്‍റെ
സ്വരത്തില്‍ അഭിമാനമുണ്ടായിരുന്നുവെന്ന് എനിക്ക് തോന്നി.
പൂജ എന്നോടൊന്നും പറഞ്ഞില്ലെന്ന്
ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. കാപ്പി കുടിച്ച് തീര്‍ത്ത് പുല്‍ത്തകിടിയില്‍ നടക്കേ, എന്‍റെ കൈവെള്ളയില്‍ അരുമയോടെ നഖമുരസിക്കൊണ്ട് അദ്ദേഹം ഒരു വലിയ സമരത്തിന്‍റെ കഥ പറഞ്ഞു തന്നത് അപ്പോഴാണ്.
തൊട്ടരികെ സംഭവിച്ചിട്ടും എന്‍റെ ശ്രദ്ധക്കുറവ് ഒന്നുകൊണ്ടു
മാത്രം ഞാനറിയാതെ പോയ ഒരു
സമരത്തിന്‍റെ കഥയായിരുന്നു അത്.
ഒന്നിച്ച് ജീവിയ്ക്കാന്‍
തുടങ്ങിയപ്പോള്‍ മുതല്‍ ആയാനഗറിലെ ഒരു അനാഥാലയത്തില്‍ നിന്ന് രണ്ട് കുഞ്ഞുങ്ങളെ ദത്തെടുത്ത് വളര്‍ത്തുവാനുള്ള പരിശ്രമത്തിലായിരുന്നു പൂജയും ഗ്രിഗറിയും... .
അനാഥാലയക്കാര്‍
കുഞ്ഞുങ്ങളെ നല്‍കാന്‍ വിസമ്മതിച്ചു. നിയമപരമായി കല്യാണം
കഴിയ്ക്കാത്ത, ഭാവിയില്‍
പ്രസവിക്കില്ല എന്നുറപ്പില്ലാത്ത, കണ്ടാല്‍
ഭയം തോന്നിപ്പിക്കുന്ന ഒരു പെണ്ണിനു
കുഞ്ഞിനെ നല്‍കുകയില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. പൂജയുടെ ആത്മാര്‍ഥതയെക്കുറിച്ച് ഉറപ്പ്
നല്‍കാന്‍ പ്രദീപ് ജെയിന്‍ തയാറായിരുന്നു. വേണമെങ്കില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കന്മാരെക്കൊണ്ട് ശുപാര്‍ശ പറയിക്കാമെന്ന്
കൂടി ജെയിന്‍ പറഞ്ഞുവത്രേ.
എനിക്കല്‍ഭുതം
തോന്നിയില്ല. അടുത്ത ലോക് സഭാ ഇലക്
ഷനില്‍ പ്രദീപ് എം
പിയാവുമെന്ന് വൈകുന്നേരങ്ങളില്‍ സത്
സംഗത്തിനു വരുന്ന മുതിര്‍ന്നവര്‍ പറയുന്നത്
ഞാന്‍ കേട്ടിട്ടുണ്ട്. അവര്‍ക്കെല്ലാം
പ്രദീപിനെയും സാധാരണ ജനങ്ങളുടെ ചെറിയ പ്രശ്നങ്ങളില്‍ ഇടപെടുന്ന അയാളുടെ രാഷ്ട്രീയനിലപാടുകളേയും വലിയ
കാര്യമായിരുന്നു.
അനാഥാലയക്കാര്‍ പ്രദീപ് ജെയിനിനെ അല്‍പം
പോലും പരിഗണിച്ചില്ല. ഒന്നു കാണുവാന്‍
കൂടി അവര്‍ തയാറായില്ല.
നിങ്ങളുടെ മുഖം കണ്ടാല്‍ കുട്ടികള്‍ ഭയക്കുമെന്ന് അനാഥാലയത്തിന്‍റെ ഡയറക്ടര്‍ കണ്ണുരുട്ടിയപ്പോള്‍ പൂജയും
ഗ്രിഗറിയും ഒട്ടും സമയം കളയാതെ കോടതിയിലേക്ക് പോയി.
ലിവിംഗ് ടു ഗെദര്‍ എന്ന സ്റ്റാറ്റസ്സുള്ളവര്‍ക്ക് കുഞ്ഞുങ്ങളെ നല്‍കാന്‍
കഴിയില്ലെന്ന് ദില്ലി ഹൈക്കോടതി
ആദ്യം പറഞ്ഞു. ലിവിംഗ് ടു ഗെദര്‍ തന്നെ
ഒരു
കൂട്ടുത്തരവാദിത്തമില്ലാത്ത ഏര്‍പ്പാടാണ്.
അങ്ങനെയുള്ളവര്‍ക്കെങ്ങനെയാണ് കുഞ്ഞിനെ കൊടുക്കുന്നതെന്നായിരുന്നു കോടതിയുടെ
ചോദ്യം.
പൂജ സുപ്രീം കോടതിയെ സമീപിച്ചു. എന്തുകൊണ്ടാണെന്നറിയില്ല, സുപ്രീം
കോടതിയ്ക്ക് പൂജയുടേയും ഗ്രിഗറിയുടേയും
സ്നേഹബന്ധത്തെ മനസ്സിലാക്കാന്‍
കഴിഞ്ഞു. വിധി അവര്‍ക്കനുകൂലമായിരുന്നു.
എല്ലാ ബന്ധങ്ങളും മനസ്സില്‍ ആരംഭിച്ച് മനസ്സില്‍ അവസാനിക്കുന്നുവെന്ന കോടതിയുടെ വിധി വാചകം ഇന്ന് വളരെപ്പേര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഷെയര്‍ ചെയ്തിട്ടുണ്ടെന്ന്
അദ്ദേഹം പറഞ്ഞു .
മൈ സണ്‍.. മൈ ഡോട്ടര്‍ എന്നൊക്കെ ഗ്രിഗറിയും പൂജയും കുഞ്ഞുങ്ങളെ
പരിചയപ്പെടുത്തുമ്പോള്‍ ലോകം അന്തം
വിട്ട് നോക്കിയിരിക്കുന്നത് ഞാന്‍
മനക്കണ്ണില്‍ കണ്ടു .
അതെ, എല്ലാം മനസ്സാണ് . മനസ്സു മാത്രമാണ്.
പൂജ മാറിയില്ല .. ഗ്രിഗറിയും ഒട്ടും മാറിയില്ല.
( തുടരും )