Thursday, September 10, 2015

പെണ്‍വിശുദ്ധിയുടെ ഉരുകിയുറച്ച സങ്കല്‍പഭേദങ്ങള്‍...15

https://www.facebook.com/echmu.kutty/posts/479029272276372


പതിനഞ്ചാം ഭാഗം.

എല്ലാമുണ്ടായിട്ടും  ഒരു  പ്രയോജനവുമില്ലാതെ  അമ്മ കടന്നു പോയി. കര്‍വാ ചൌത്തിന്‍റെ അന്ന് ഒരു മൂന്നു മണിയായപ്പോള്‍  സിസിയുവിലായിരുന്ന അമ്മയ്ക്ക് ഒരു മാസ്സീവ്  അറ്റാക് വന്നു.  പിന്നെ ഒന്നും ചെയ്യാന്‍  കഴിഞ്ഞില്ല. 

ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നവര്‍ക്കെല്ലാം ആ കര്‍വാ ചൌത്ത്   ശോകമൂകമായി മാറി. ആകാശത്ത് ചന്ദ്രനെയും വീട്ടുമുറ്റത്ത്   ഭര്‍ത്താവിനേയും ഒന്നിച്ചു  കണ്ടിട്ടും സ്ത്രീകളുടെ ഉപവാസം നീണ്ടു പോയി. അയല്‍പ്പക്കത്തെ ഒരു  മുതിര്‍ന്ന  തറവാട്ടമ്മ മരിച്ചു കിടക്കുമ്പോള്‍  ഭക്ഷണം കഴിച്ച്  വ്രതം മുറിക്കുന്നതെങ്ങനെ? ഉപവാസ വ്രതമെടുത്ത് ക്ഷീണിച്ച  ഭാര്യയ്ക്ക്  ഭര്‍ത്താവ് പ്രേമപുരസ്സരം നല്‍കുന്ന  സമ്മാനങ്ങള്‍ സ്വീകരിയ്ക്കുന്നതെങ്ങനെ

അമ്മയെ  മറ്റു സ്ത്രീകള്‍ പ്രാകുന്നുണ്ടെന്ന് പോലും  എനിക്ക് സംശയം  തോന്നി.

നാളെ ആയിരുന്നെങ്കില്‍  എന്ന് പലരും അടക്കം പറയുന്നത് ഞാന്‍ കേള്‍ക്കാതിരുന്നില്ല. അമ്മ  ജീവിച്ചിരുന്നപ്പോള്‍ ബന്ധുതയും അടുപ്പവും സാധിക്കുമ്പോഴെല്ലാം  ആവുന്നത്ര  പ്രദര്‍ശിപ്പിക്കുന്നവരായിരുന്നു അവരില്‍  പലരും.

അവസാനമായി  അമ്മയെ  ഒന്നു സ്പര്‍ശിക്കുക  പോയിട്ട് ആ   ശവശരീരം കാണാന്‍ കൂടി  അച്ഛന്‍ തയാറായില്ല. ആരേയും കാണാന്‍ കൂട്ടാക്കാതെ അദ്ദേഹം അവരുടെ ബെഡ് റൂമില്‍  തലയും കുമ്പിട്ടിരുന്നു. കര്‍ട്ടണുകള്‍  വലിച്ചിട്ട്  വിളക്കു  തെളിയിക്കാത്ത ആ മുറിയില്‍  ചന്ദ്രരശ്മികള്‍ പോലും എത്തിനോക്കാന്‍ മടിച്ചു . 

അനുശോചനങ്ങളോടൊന്നും  അച്ഛന്‍  പ്രതികരിച്ചില്ല. 

തലയും താഴ്ത്തി ഒറ്റ ഇരിപ്പ്. 

അച്ഛനെപ്പോലെ  എല്ലാവരോടും അതീവ ഹൃദ്യമായി,  തികഞ്ഞ പരിഷ്ക്കാരത്തോടെ  മാത്രം ഇടപെടുന്ന ഒരാളില്‍ നിന്ന് ഇത്തരമൊരു ഉള്‍വലിയല്‍ ആരും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും ആ സമയത്തിന്‍റെ  പ്രത്യേകതയായിക്കണ്ട്  എല്ലാവരും  ഞങ്ങളുടെ  കൈകകള്‍ ചേര്‍ത്തു പിടിച്ചും  അടുപ്പമുള്ളവര്‍  ഗാഢമായി ആലിംഗനം ചെയ്തും അവരവരുടെ അനുശോചനം അറിയിച്ചു.

അമ്മ  വെട്ടിത്തിളങ്ങുന്ന പട്ടുസാരിയില്‍ അണിഞ്ഞൊരുങ്ങിയാണ് രാം നാം സച്ച് ഹെ എന്ന അവസാന  യാത്ര  പുറപ്പെട്ടത്.  ലോധി റോഡിലെ വൈദ്യുതി ശ്മശാനത്തില്‍ ചെന്ന് അമ്മയെ യാത്രയാക്കി മടങ്ങി വന്നതിനു ശേഷം  തീര്‍ത്തും  മൌനികളായിപ്പോയ  മകനും  മകന്‍റെ  അച്ഛനുമിടയില്‍  ഞാന്‍  എന്നെ  എവിടെ  അടയാളപ്പെടുത്തുമെന്നറിയാതെ  പരിക്ഷീണയായി.

വിവാഹത്തിനു ശേഷം സിഗരറ്റ്  നിശ്ശേഷം ഉപേക്ഷിച്ചിരുന്ന എന്‍റെ ഭര്‍ത്താവ്  പഴയതിനേക്കാള്‍  അധികം  സിഗരറ്റ്  പുകയ്ക്കാന്‍ തുടങ്ങി. അമ്മയില്ലാത്തതിന്‍റെ  ഒരു സുരക്ഷിതത്വക്കുറവ്  ഞാന്‍    കണ്ണുകളില്‍  കണ്ടു.. 

അമ്മ  എത്ര വലിയ സാന്നിധ്യമായിരുന്നുവെന്ന്  ഞാന്‍ തീരാത്ത നൊമ്പരത്തോടെയും തോരാത്ത കണ്ണീരോടെയും അറിയുകയായിരുന്നു.   അതിരാവിലെ മദര്‍ ഡയറിയുടെ പാല്‍പായ്ക്കറ്റുകളും പൂജാപുഷ്പങ്ങളും    കൊണ്ടു തരുന്ന മുന്ന  മുതല്‍.. പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്ന  ജഗ്ഗു മുതല്‍...  അടിച്ചു  തുടയ്ക്കാനും പാത്രം കഴുകാനും വന്നിരുന്ന പൂനം മുതല്‍...തുണികള്‍  തേയ്ക്കാന്‍  വരുന്ന  സഞ്ജു മുതല്‍ ... കൂട എടുക്കുന്ന  അബ്ദുള്‍ മുതല്‍... ഈശ്വരാ!  അങ്ങനെ   എത്രയെത്ര മനുഷ്യരാണ് അമ്മയെ ഓര്‍ത്ത്  പൊട്ടിപ്പൊട്ടിക്കരഞ്ഞത്.. 

സങ്കടം ഒരിക്കലും  മാറില്ലെന്ന് ഉറപ്പായത് അച്ഛന്‍റെ  തീരുമാനമറിഞ്ഞപ്പോഴാണ്. ഇനിയൊരിക്കലും ഞാന്‍ കര്‍വാ ചൌത്ത്   വ്രതം വെയ്ക്കുകയില്ലെന്ന് എനിക്ക് മനസ്സിലായതും അന്നാണ്.

അച്ഛന്‍ ഹൃഷികേശിലേയ്ക്ക് പുറപ്പെടുകയായിരുന്നു.  എല്ലാ ഭാരവുമൊഴിച്ച്...   തിരികെ ദില്ലിയിലേയ്ക്ക് മടങ്ങുകയില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഭാരതീയ  ധര്‍മ്മമനുസരിച്ച് ഗൃഹസ്ഥാശ്രമം കഴിഞ്ഞാല്‍  വാനപ്രസ്ഥമാണെന്നും  അതിനു  അച്ഛനെ അമ്മ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിയ്ക്കയാണെന്നും അച്ഛന്‍  എല്ലാവരോടും  പറഞ്ഞു. 

ആരുടെ വാക്കുകളും അദ്ദേഹത്തെ പിന്തിരിപ്പിച്ചില്ല.

എന്തുകൊണ്ടെന്നറിയില്ല.. എന്നോട്  ഒരു വാക്കു പോലും അച്ഛന്‍ സംസാരിച്ചില്ല. തന്നെയുമല്ല  ഞാന്‍ അവിടെ ജീവിച്ചിരുപ്പുണ്ടെന്ന്  കൂടി  അദ്ദേഹം ഭാവിച്ചില്ല.  

അനാഥത്വത്തിന്‍റെ ഭാരം കൂടിയ  പാദപതനങ്ങള്‍  എന്‍റെ  ചുറ്റും മുഴങ്ങുന്നുണ്ടെന്ന്  ഞാന്‍  വീണ്ടും അറിയുകയായിരുന്നു.  അതുകൊണ്ട്  ഞാന്‍ എന്‍റെ   ഭര്‍ത്താവിനെ  കഴിയുന്നിടത്തോളം അള്ളിപ്പിടിച്ചു. അദ്ദേഹത്തിനു ശ്വാസം മുട്ടുന്നതു വരെ  ... എനിയ്ക്ക് മറ്റാരുമില്ല  എന്ന്  സിനിമയിലും കഥയിലുമൊക്കെ   പറഞ്ഞു കേള്‍ക്കാറില്ലേ ... ശരിയ്ക്കും അതു പോലെയായിരുന്നു.. ശാന്തിയെന്ന ഈ  എനിയ്ക്ക് അദ്ദേഹമൊഴികേ  ആരുമുണ്ടായിരുന്നില്ല...  ഈ മഹാ പ്രപഞ്ചത്തില്‍.. 

അച്ഛന്‍  പോയി... അദ്ദേഹത്തിന്‍റെ  മകനേയും  ഗ്രേറ്റര്‍ കൈലാഷിലെ കൂറ്റന്‍ വീടിനേയും   കാറുകളേയും  സമ്പത്തിനേയും   അദ്ദേഹം ജനിച്ചു  വളര്‍ന്ന ദില്ലി നഗരത്തേയും  എല്ലാ സുഹൃത്തുക്കളേയും  ഉപേക്ഷിച്ച് മനസ്സുറപ്പോടെ  അദ്ദേഹം പോയി. 

ആദ്യം ഹൃഷികേശിലേയ്ക്ക്  ... പിന്നെ ഹിമാലയത്തിന്‍റെ  കാണാമറയത്തേയ്ക്ക്.. അമ്മ  മരിച്ച്  രണ്ട്  മാസത്തിനുള്ളില്‍  ഞാനും  എന്‍റെ  ഭര്‍ത്താവും അമ്മയും അച്ഛനുമില്ലാത്തവരായിത്തീര്‍ന്നു. 
അച്ഛന്‍  പിന്നീടൊരിയ്ക്കലും  ഞങ്ങളെ  കാണാന്‍ വന്നില്ല... ഒരു  കാര്‍ഡയയ്ക്കുകയോ  ഒരു ഫോണ്‍  ചെയ്യുകയോ കൂടി  ഉണ്ടായില്ല  ... 

അമ്മയുടെ  ആകസ്മികമായ മരണം അച്ഛനിലെ  അന്ധവിശ്വാസിയെ ഉണര്‍ത്തുകയും വളര്‍ത്തി വലുതാക്കുകയുമാണ് ചെയ്തതെന്ന് പിന്നെയും  മൂന്നാലു  മാസങ്ങള്‍ക്ക്  ശേഷമാണ് എന്‍റെ  ഭര്‍ത്താവ്  എന്നോട്  പറഞ്ഞത്. 

അറിയാവുന്നതില്‍ വെച്ച്  ഏറ്റവും  മൃദുലമായ  പദങ്ങള്‍ ഉപയോഗിച്ച് ... അതിനൊപ്പം എന്നെ  ചേര്‍ത്തു പിടിച്ചുകൊണ്ട്  നടക്കുമ്പോഴായിരുന്നു അദ്ദേഹം അക്കാര്യങ്ങള്‍  പറയാന്‍  തു നിഞ്ഞത്.
നിസാമുദ്ദീന്‍ സ്റ്റേഷനടുത്തുള്ള  ഹുമയൂണ്‍സ്  ടൂംബ് കാണാന്‍  പോയതായിരുന്നു  ഞങ്ങള്‍. താരതമ്യേനെ തിരക്ക്  കുറവായിരിക്കും അവിടെ ...  വിശാലമായ പുല്‍ത്തകിടികളൊക്കെയുണ്ടെങ്കിലും എന്തുകൊണ്ടോ  ഒരുപാട്  മനുഷ്യര്‍  വന്ന്  തിക്കിത്തിരക്കാറില്ല  ആ ശവകുടീരത്തില്‍.. 

ഞങ്ങള്‍ മെല്ലെ  നടക്കുകയായിരുന്നു. 

ശുദ്ധിയില്ലാത്ത പെണ്ണ്  വീട്ടില്‍  വന്നു  കയറിയാല്‍  ....  എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍  എന്‍റെ കാല്‍ക്കീഴില്‍ നിന്ന്  ഭൂമി  തെന്നിമാറി.. ഇനിയൊരടി  വെച്ചാല്‍  പാതാളത്തിലേയ്ക്കാവും  പതിയ്ക്കുകയെന്നും  ആ വീഴ്ചയില്‍ ചോര വാര്‍ന്ന്   മരണമടയുമെന്നും എനിക്ക്  തോന്നി.  പെണ്‍വിശുദ്ധിയെന്ന  സങ്കല്‍പത്തില്‍ തട്ടി എന്‍റെ  ശരീരത്തില്‍ നിന്ന്  ഉരുകിയൊലിച്ച മുറിവുകള്‍ എന്നെ  കാര്‍ന്നു തിന്നു.  

പൊതുസ്ഥലമെന്ന്  ശ്രദ്ധിയ്ക്കാതെ അദ്ദേഹം എന്നെ നെഞ്ചോടമര്‍ത്തിപ്പിടിച്ചു .. എന്നിട്ടു പറഞ്ഞു.  ...  ഇത്  നിന്നെയല്ല... നീയല്ല.. ഇതൊന്നും ഞാന്‍ പറയുന്നതല്ല. കാലങ്ങളായി  നമ്മുടെ ഉന്നതമെന്ന്  ഘോഷിയ്ക്കപ്പെടുന്ന  സംസ്ക്കാരം പറഞ്ഞുവെച്ചിട്ടുള്ള,  പെരും നുണകളാണ്. ഇവിടുത്തെ   നക്സലൈറ്റുകള്‍ക്കു പോലും  ഉള്ളില്‍ പെണ്‍വിശുദ്ധിയുടെ    സങ്കല്‍പമുണ്ട്. പിന്നെയാണോ  ആള്‍ദൈവങ്ങളെ കണ്ണടച്ച്   വിശ്വസിക്കുന്ന  അമ്മയും  അച്ഛനുമൊക്കെ...
 
എന്‍റെ  കണ്ണുകള്‍ നിറഞ്ഞൊഴുകി.... 

എന്‍റെ അമ്മയ്ക്കും അച്ഛനും എന്നും ആ വേദനയുണ്ടായിരുന്നു. പക്ഷെ,  വലിയൊരു  പരീക്ഷണഘട്ടം വരുന്നതുവരെ അവരുടെ വിദ്യാഭ്യാസവും പരിഷ്ക്കാരവും ആദര്‍ശമുള്ളവര്‍ എന്നറിയപ്പെടുന്നതിലെ പ്രത്യേക സന്തോഷവും  ആ വേദനയെ സഹിക്കാന്‍ വേണ്ട  ധൈര്യം അവര്‍ക്ക് കൊടുത്തു.  ആ ധൈര്യം പക്ഷെ, വളരെ  ദുര്‍ബലമായിരുന്നു. അതാണ്  പേരക്കുട്ടി  ജനിയ്ക്കാത്തതുള്‍പ്പടെയുള്ള  ദുരിതങ്ങള്‍ക്ക് കാരണം ശുദ്ധിയില്ലാത്ത  ശാന്തിയാണെന്ന്  അവര്‍ എളുപ്പവഴിയില്‍  ക്രിയ ചെയ്തത്.
 
എനിക്ക്  കണ്ണീരടക്കാനായില്ല.  ജീവിതം എനിക്കോര്‍മ്മ വെയ്ക്കും  മുന്‍പേ  എന്നോ തട്ടി മറിഞ്ഞുടഞ്ഞു  പോയ ഒഴുക്കു നിലയ്ക്കാത്ത ഒരു  അപമാനക്കുടമാണെന്നും അതിനു   അവകാശങ്ങളില്ല വെറും ഔദാര്യങ്ങളാണുള്ളതെന്നും  ഞാന്‍   ഹൃദയ വേദനയോടെ തിരിച്ചറിഞ്ഞു. 

കൂടുതല്‍ കേള്‍ക്കാന്‍  തയാറാകാതെ  മനസ്സിലോ ആത്മാവില്‍ പോലുമോ  മറ്റൊരാലംബവുമില്ലാത്ത  ഞാന്‍   ഭര്‍ത്താവിന്‍റെ  ശരീരത്തിലേക്ക്  കുഴഞ്ഞു  വീണു  . എനിക്കു ഏറ്റവും പരിചയമുള്ള ആണ്മയുടെ  ഗന്ധവും ഒരു ദിവസത്തിന്‍റെ വളര്‍ച്ചയുള്ള  താടിരോമങ്ങളുടെ സുഖകരമായ  പരുപരുപ്പും  എന്‍റെ  ചുണ്ടുകളില്‍ രാഗാര്‍ദ്രമായ  ചുംബനങ്ങളായി  ... 

ഫെബ്രുവരിയിലെ സന്ധ്യ നേരിയ തണുപ്പുമായി  ഞങ്ങളെ വലയം ചെയ്തു .  

ദിവസങ്ങള്‍  കടന്നു  പോയിക്കൊണ്ടിരുന്നു. 

കുറച്ചേറെ  സമയമെടുത്തെങ്കിലും ഞാന്‍  മനസ്സിനെ നിയന്ത്രണത്തിലൊതുക്കി. പൂജയുമായും ഗ്രിഗറിയുമായും ഞാന്‍ പിന്നെയും അടുത്തു. സാകേതിലുള്ള  പൂജയുടെ  വീട്ടിലേയ്ക്ക്    സാധിക്കുമ്പോഴെല്ലാം പോയി.  കുഞ്ഞുങ്ങള്‍ക്കൊപ്പം  പാര്‍ക്കുകളില്‍ ഓടിക്കളിച്ചു.   ഇത്തിരി  അകലത്തിലായിരുന്നെങ്കിലും  ഡീര്‍ പാര്‍ക്കും  ലോണ്‍ ടെന്നീസ് സ്റ്റേഡിയവും ഞങ്ങളുടെ  പ്രിയപ്പെട്ട  സ്ഥലങ്ങളായിരുന്നു.  ഗ്രിഗറി വാശിയോടെ ടെന്നീസ് കളിക്കുന്നതും മിക്കവാറും തോറ്റു തൊപ്പിയിടുന്നതും എങ്കിലും   നഡാലും ഫെഡററുമാണ് താനെന്ന ഭാവത്തില്‍ ഇറങ്ങി വരുന്നതും  എല്ലാം   ഞങ്ങള്‍  മുടങ്ങാതെ  ആസ്വദിച്ചു.

സന്ദീപ് സാറുമായും ഞാന്‍ സൌഹൃദം പുലര്‍ത്തി. ഒരുപക്ഷെ, അദ്ദേഹത്തിനു കീഴില്‍ ജോലി ചെയ്തിരുന്ന കാലത്തിലുമെത്രയോ  അധികം...   ഇച്ചാക്ക  ഇനി ഞങ്ങള്‍ക്കിടയിലേയ്ക്ക്  മടങ്ങി വരില്ലെന്ന സത്യത്തെ  അംഗീകരിക്കുമ്പോഴും സ്വന്‍സലിനോട്  അക്കാര്യം സംസാരിക്കാതിരിക്കാന്‍ ഞങ്ങള്‍  മനസ്സു വെച്ചു. സ്വന്‍സല്‍  പക്ഷെ, ശരീരം കൊണ്ടും മനസ്സുകൊണ്ടും ഒരു  പടു വൃദ്ധയായിക്കഴിഞ്ഞിരുന്നു.  ജ്വലിച്ചിരുന്ന    സൌന്ദര്യം  ഒരു നിഴല്‍ പോലും അവശേഷിപ്പിക്കാതെ എവിടേയോ പോയി മറഞ്ഞു.  തീരെ നിവര്‍ത്തിയില്ലാത്തപ്പോള്‍  മാത്രം അവര്‍ ഒന്നോ രണ്ടോ  വാക്കുകളില്‍ ഞങ്ങളോട് സംസാരിച്ചു.  ബാക്കി  സമയമെല്ലാം  അവര്‍ ഖുര്‍ ആന്‍  ഓതുകയായിരുന്നു. ആ ഗ്രന്ഥം  ഒന്നു മാത്രമാണ്  സ്വന്‍സലിനെ ഈ  ഭൂമിയുമായി ബന്ധിപ്പിച്ചു  നിറുത്തിയിരുന്നത്.  ഖുര്‍ ആന്‍ ഓതിയോതി, സ്വന്‍സലില്‍ പ്രസാദിച്ച്  അല്ലാഹു പ്രത്യക്ഷപ്പെടുന്നതു പോലെ  ഇച്ചാക്ക  പ്രത്യക്ഷപ്പെടുമെന്ന്  അവര്‍ കരുതുന്നുണ്ടെന്ന് എനിക്ക്  തോന്നി.  

മനുഷ്യ ജീവിതം  എത്ര മേല്‍  നിസ്സഹായമാണെന്ന് സ്വന്‍സല്‍  നിശ്ശബ്ദയായി  പറഞ്ഞുകൊണ്ടേയിരുന്നു. ഞങ്ങള്‍ കേട്ടുകൊണ്ടേയിരുന്നു... 

ആയിടയ്ക്കാണ് ഒരു ദിവസം  രാത്രി  ഭക്ഷണത്തിനുശേഷം എന്‍ ഡി ടി വി യില്‍ ഞാന്‍  മുന്നിയെ കണ്ടത്. ഞാന്‍ അല്‍ഭുതപ്പെട്ടു പോയി..  മുന്നി അടിമുടി  മാറിയിരുന്നു. മുന്നിയില്‍ ആത്മവിശ്വാസം ഒരു വൈഡൂര്യം  പോലെ മിന്നിത്തിളങ്ങി. 

( തുടരും )