Saturday, February 27, 2016

രജനീകാന്തിന്‍റെ സിനിമയും തത്തിത്തത്തി നടക്കുന്ന പാട്ടിയും..

https://www.facebook.com/echmu.kutty/posts/373587342820566

പൂനാനഗരം മഞ്ഞുകാലത്തിന്‍റെ പുതപ്പിലാണ്. കുത്തിത്തുളയ്ക്കുന്ന ഉത്തരേന്ത്യന്‍ ശൈത്യമല്ല ഇവിടെ. തൊലി വരളുകയും ചുണ്ടു പൊട്ടുകയും ചിലപ്പോഴൊക്കെ നേര്‍ത്ത തലവേദന തോന്നുകയും ചെയ്യുന്നുണ്ട്. എന്നാലും എപ്പോഴും കമ്പിളി വസ്ത്രങ്ങള്‍ക്കുള്ളില്‍ കഴിഞ്ഞു കൂടേണ്ടതില്ല. പ്രഭാതങ്ങള്‍ക്കും രാത്രികള്‍ക്കും തണുപ്പധികം തോന്നുന്നുണ്ടെങ്കിലും പകല്‍ സമയം സുഖകരമായ കുളിരു മാത്രമേയുള്ളൂ.
നല്ല തണുപ്പുള്ള ഒരു ഞായറാഴ്ച പ്രഭാതത്തിലായിരുന്നു ഞാന്‍ രജനീകാന്തിന്‍റെ ലിംഗാ സിനിമ കാണാന്‍ പോയത്. പൂനയിലെ തമിഴ് പേശും കൂട്ടത്തിന്‍റെ ആഭിമുഖ്യത്തിലായിരുന്നു സിനിമാ പ്രദര്‍ശനം. പതിനെട്ടു മുഴം ചേലയുടുത്ത് വജ്രത്തിന്‍റെ നട്ടും ബോള്‍ട്ടുമിട്ട് മുറുക്കിയ മൂക്കുകളും കാതുകളുമായി വിറച്ചു വിറച്ചു നടക്കുന്ന കുറെ പാട്ടിമാരും നടക്കാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ട് വാക്കിംഗ് സ്റ്റിക്കും വാക്കറുകളുമായെത്തിയ അപ്പൂപ്പന്മാരും പാല്‍ക്കുപ്പിയുള്ള കുഞ്ഞുങ്ങളുമായി വന്നു ചേര്‍ന്ന അച്ഛനമ്മമാരും ഉള്‍പ്പടെ അനവധിപ്പേര്‍ രാവിലെ എട്ടുമണിക്ക് തന്നെ തിയേറ്ററില്‍ ഹാജരായിരുന്നു. തമിഴരുടെ ഉള്ളില്‍ സ്റ്റൈല്‍ മന്നന്‍ ദളപതിയ്ക്കുള്ള സ്ഥാനമെന്തെന്ന് ആബാലവൃദ്ധം ജനങ്ങള്‍ തിങ്ങിനിറഞ്ഞ ആ തിയേറ്റര്‍ എനിക്ക് പറഞ്ഞു തന്നു.
ഒരു മാരുതി കാറിലായിരുന്നു അവരുടെ വരവ്. ഒരു പാട്ടിയും കൊച്ചു മകനും. പാട്ടിക്ക് കാഴ്ചയില്‍ എണ്‍ പതു തോന്നിച്ചു. കൊച്ചു മകന്‍ ഇരുപതുകളുടെ തുടക്കത്തിലായിരിക്കണം. പാട്ടിക്ക് നേരെ നടക്കാന്‍ നല്ല പ്രയാസമുണ്ട്. ആരെങ്കിലും നന്നായി താങ്ങി കൊടുക്കണം, എന്നാലേ ചാഞ്ഞു ചരിഞ്ഞെങ്കിലും നടക്കാന്‍ കഴിയൂ. പാട്ടി കൊച്ചുമകന്‍റെ കൈയും പിടിച്ച് വളരെ മെല്ലെ കാറില്‍ നിന്നിറങ്ങി എസ്കലേറ്ററിനടുത്തേക്ക് തത്തിത്തത്തി വന്ന് അല്‍പനേരം പകച്ചു നിന്നു. ‘ വേണ്ട... ഇതില്‍ പോവാന്‍ പറ്റില്ല... ലിഫ്റ്റ് മതി’ എന്ന് ചിണുങ്ങി.
‘ ഒരു പ്രശ്നവുമില്ല, നമുക്ക് ചുമ്മാ അങ്ങു പോവാ’ മെന്നായി കൊച്ചു മകന്‍.
പാവം പാട്ടിയ്ക്ക് ശങ്ക... ‘ വീണാലോ? നിനക്ക് പണിയാവില്ലേ..’
‘ ഈ ശങ്കകളാണ് കുഴപ്പം.. ഞാനില്ലേ കൂടെ .. ഒന്നും സംഭവിക്കില്ല.’
ഞാന്‍ അന്തം വിട്ട് നോക്കി നില്‍ക്കുമ്പോള്‍ കൊച്ചു മോന്‍ പാട്ടിയെ പൂണ്ടടക്കം പിടിച്ച് എസ്കലേറ്ററില്‍ കയറ്റി അങ്ങു കൊണ്ടു പോയി.
തിയേറ്ററില്‍ കയറും മുന്‍പ് പാട്ടിയെ ടോയിലറ്റില്‍ കൊണ്ടു വിട്ട് അവന്‍ പുറത്ത് കാത്തു നിന്നു. എന്നിട്ട് ഒരറിയിപ്പും.. ‘ വാതിലിന്‍റെ കുറ്റിയിടരുത്. കേട്ടല്ലോ.’
പാട്ടി പുറത്ത് വന്നപ്പോള്‍ അവരുടെ സാരിയിലെ ചുളിവൊക്കെ ശരിയാക്കി ‘ ഉം , കൊള്ളാം’ എന്ന് സ്വയം പറഞ്ഞ് അവന്‍ പാട്ടിയേയും കൂട്ടി തിയേറ്ററിനകത്ത് കടന്നു.
ഞങ്ങള്‍ അടുത്തടുത്ത സീറ്റുകളിലാണിരുന്നത്.
പോപ് കോണ്‍ വാങ്ങിക്കൊണ്ടു വന്ന് പാട്ടിയുടെ കൈയില്‍ കൊടുത്തിട്ട് അവന്‍ വാല്‍സല്യത്തോടെ വിരട്ടുകയാണ്.. ‘ ഇന്‍റര്‍ വെല്ലിനു മുന്‍പ് തീര്‍ക്കാന്‍ പാടില്ല.. ഇന്‍റര്‍ വെല്ലാകുമ്പോഴേ വേറെ വാങ്ങിത്തരികയുള്ളൂ.’
പാട്ടി ചിരിച്ചു.
സിനിമയില്‍ പ്രത്യേകിച്ച് ഒന്നുമുണ്ടായിരുന്നില്ല. നല്ല ഒരു കഥയോ മധുരമുള്ള ഒരു പാട്ടോ കുളിര്‍പ്പിക്കുന്ന ഒരു പ്രണയമോ ഉശിരന്‍ ഒരു സ്റ്റണ്ടോ അങ്ങനെ ഒരു തട്ടുപൊളിപ്പന്‍ സിനിമയില്‍ സാധാരണ കാണാറുള്ള യാതൊന്നും അതിലുണ്ടായിരുന്നില്ല. എല്ലാംകൊണ്ടും നിലവാരമില്ലാത്ത ഒരു മോശം സിനിമയായിരുന്നു അത്. എങ്കിലും പാട്ടി പൊട്ടിച്ചിരിക്കുകയും ‘ ഉം.. ഉം. നല്ലാരുക്ക് ജോറാരുക്ക് ..നമ്മ രജനി ഒരു ശിങ്കം താന്‍’ എന്നൊക്കെ പറയുകയും ചെയ്തു.
‘ അതെ.. അതെ.പാട്ടിക്ക് രജനിയെ കണ്ടാല്‍ മതിയല്ലോ. മറ്റൊന്നും വേണ്ടല്ലോ’ എന്ന് അപ്പോഴെല്ലാം അവന്‍ പാട്ടിയെ കളിയാക്കി.
എങ്കിലും ‘ ദാ..ഇത് നമ്മുടെ ശത്രുഘ്നന്‍ സിന്‍ഹയുടെ മകളാണ്.. ഇത് ഒരു പുതിയ നടിയാണ്... ഇത് ആ പാട്ടുകാരിയാണ് ‘ എന്നൊക്കെ പാട്ടിക്ക് പറഞ്ഞു കൊടുക്കുകയും അവര്‍ക്കൊപ്പം നിറഞ്ഞ സന്തോഷത്തോടെ പൊട്ടിച്ചിരിക്കുകയും ചെയ്തു.
എനിക്ക് സിനിമ കാണുന്നതിലും എത്രയോ ഇരട്ടി ആഹ്ലാദമുണ്ടായി... ആ സ്നേഹോഷ്മളമായ ബന്ധം നോക്കിയിരിക്കുമ്പോള്‍..
തിയേറ്ററില്‍ അന്ന് വന്നവരെല്ലാം ആണ്ടവനെ പ്രാര്‍ഥിച്ചിരിക്കും ... അങ്ങനെയൊരു പാട്ടിയും കൊച്ചുമകനും അവര്‍ എല്ലാവരുടേയും ജീവിതത്തിലും ഉണ്ടാവാന്‍..
പരസ്പരം ഗാഢമായി സ്നേഹിക്കുന്നവരെയും പരസ്പരം ആഴത്തില്‍ കരുതലുള്ളവരേയും അവര്‍ ആരുമായിക്കൊള്ളട്ടെ അവരെ, ഇങ്ങനെ കാണുന്നതും ഇങ്ങനെ നോക്കിയിരിക്കുന്നതും ഒരു സ്നേഹമാണ്, ഒരു സുഖമാണ്, ഒരു സന്തോഷമാണ്...

Monday, February 8, 2016

ബിരിയാണിക്കനവും പ്ലാസ്റ്റിക് പണവും ...

https://www.facebook.com/echmu.kutty/posts/368982126614421

യാത്ര ചെയ്യാനുള്ള മാനസികമായ ആരോഗ്യമൊന്നുമുണ്ടായിരുന്നില്ല.ശാരീരികമായും മാനസികമായും വളരെ ദുര്‍ബലമായ ദിനങ്ങളായിരുന്നു കടന്നു പോയിരുന്നത്. അനുഭവങ്ങളുടെ കൊടുംതീച്ചൂടിനെ നിസ്സാരമായി അവഗണിക്കുന്ന എല്ലാ ആദര്‍ശങ്ങളുടെ ആലഭാരങ്ങളും ഇന്നല്ലെങ്കില്‍ നാളെ എരിഞ്ഞു തീരുന്നതാണെന്ന അറിവ് ഒരിക്കലും ഉണങ്ങാത്ത മുറിപ്പാടായി മനസ്സിനെ കുത്തിനോവിക്കുന്നുണ്ടായിരുന്നു.

എങ്കിലും യാത്ര അനിവാര്യമായി. അതുകൊണ്ട് മരുന്നുകളുടെയും ഹോട്ട് വാട്ടര്‍ ബാഗിന്‍റെയും മറ്റും സഹായത്തോടെ ഞാന്‍ പുറപ്പെട്ടു.

എന്തെല്ലാം കുറവുകളുണ്ടെങ്കിലും ഇന്ത്യന്‍ റെയില്‍വേയുടെ തീവണ്ടികളേയും അതിന്‍റെ സാധാരണ കമ്പാര്‍ട്ടുമെന്‍റുകളേയും എനിക്ക് സ്വന്തം വീടെന്നതു പോലെ ഇഷ്ടമാണ്. വന്‍ നഗരങ്ങളിലെ തിരക്കു നിറഞ്ഞ റെയില്‍വേ സ്റ്റേഷനുകള്‍ മുതല്‍ ഒരു ചെറിയ മുറിയിലെ മെഴുകുതിരി വെട്ടത്തില്‍ ഏകാകിയായിരിക്കുന്ന സ്റ്റേഷന്‍ മാസ്റ്ററുള്ള കൊച്ചു റെയില്‍വേ സ്റ്റേഷനുകള്‍ വരെ എന്‍റെ പരിചിത ഗൃഹങ്ങളായി എനിക്ക് തോന്നാറുണ്ട്. തീവണ്ടിയുടെ ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകളിലും റെയില്‍വേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമിലും ഇന്ത്യയെ കണ്ടെത്താനാകുന്നതുപോലെ ഒരുപക്ഷെ, മറ്റെവിടേയും നമുക്ക് കണ്ടെടുക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ നീണ്ടു നീണ്ടു പോവുന്ന മണിക്കൂറുകളിലെ തീര്‍ത്തും ഏകാന്തമായ യാത്രകള്‍ പോലും എന്നെ ഒരിക്കലും മടുപ്പിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യാറില്ല.

പാറ്റകളും എലികളും ധാരാളമായി ഓടിക്കളിച്ചിരുന്ന ആ പഴഞ്ചന്‍ കമ്പാര്‍ട്ടുമെന്‍റ് നിറയെ കുട്ടികളായിരുന്നു. രണ്ട് വനിതാ അധ്യാപികമാര്‍ക്കും രണ്ട് പുരുഷ അധ്യാപകന്മാര്‍ക്കും പുറമേ ഞാനും ഭംഗിയുള്ള തൊപ്പി ധരിച്ച ഒരു ചെറുപ്പക്കാരനും മാത്രമേ മുതിര്‍ന്നവരായി ഉണ്ടായിരുന്നുള്ളൂ.
കുട്ടികള്‍ വല്ലാതെ ബഹളം വെച്ചുകൊണ്ടിരുന്നു. നേരം മെല്ലെ മെല്ലെ പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. കിടന്നുറങ്ങണമെന്നും ബെര്‍ത്തുകള്‍ താഴ്ത്തിയിടണമെന്നും അവര്‍ നിര്‍ബന്ധം പിടിച്ചു.നന്നേ വില കുറഞ്ഞ, ചെറിയ ഷോള്‍ഡര്‍ ബാഗുകള്‍ തലയിണകളാക്കി കുട്ടികള്‍ കിടന്നു. കിടന്നതും അവര്‍ ഉറങ്ങിപ്പോയി. ചിലരൊക്കെ പതിഞ്ഞ താളത്തില്‍ കൂര്‍ക്കം വലിച്ചു.

എനിക്കുറക്കം വന്നില്ല. നെഞ്ചുവേദന തോന്നിയതുകൊണ്ട് ഞാന്‍ ബെര്‍ത്തില്‍ ചെരിഞ്ഞു കിടന്നു. ആ നിമിഷത്തിലാണ് മുകളിലെ ബെര്‍ത്തില്‍ നിന്ന് കുട്ടികളുടെ ബാഗുകള്‍ പെരുമഴയായി പെയ്തത്. കൂടെ ഒരു അധ്യാപകനും നിലവിളിയോടെ താഴെ എത്തി. കുട്ടികളല്ലേ, അവര്‍ ശ്രദ്ധയില്ലാതെ ബാഗുകള്‍ മുകളിലെ ബെര്‍ത്തില്‍ അട്ടിയിട്ടതാവണം. ആ ബെര്‍ത്തില്‍ കയറിക്കിടക്കാന്‍ ശ്രമിച്ചപ്പോഴാവും അധ്യാപകന് അബദ്ധം പിണഞ്ഞത്.

സ്വന്തം തലേലെഴുത്തിനെ പ്രാകിക്കൊണ്ട് അദ്ദേഹം എത്രയോ അനവധി ബാഗുകള്‍ ലോവര്‍ബെര്‍ത്തുകള്‍ക്കടിയില്‍ ഒന്നൊന്നായി എണ്ണമിട്ട് തിരുകി വെച്ചു.

എന്‍റെ പാദങ്ങള്‍ക്കടുത്ത് തലയും കുമ്പിട്ടിരുന്ന് ചായ കുടിക്കുമ്പോഴാണ് മധ്യപ്രദേശിലെ ഒരു ഉള്‍നാടന്‍ സ്കൂളില്‍ നിന്നാണ് അവര്‍ എറണാകുളം കാണാന്‍ വന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഈ യാത്രയ്ക്ക് അവര്‍ പണം സ്വരുക്കൂട്ടുന്നു. എല്ലാം പാവപ്പെട്ടവരുടെ കുട്ടികളാണ്. കപ്പലും വിമാനവും തീവണ്ടിയും തുറമുഖവും കടലും കായലുമൊക്കെ കണ്ട് കുട്ടികള്‍ സന്തോഷിക്കട്ടെ എന്ന് കരുതി വന്നതാണ്. ദാരിദ്ര്യമുള്ളതുകൊണ്ട് സമൃദ്ധമായി വയറു നിറയെ ഒരു കാര്യവും ചെയ്യാന്‍ കഴിഞ്ഞില്ല. എന്നാലും പറ്റുന്നതു മാതിരി... ‘ദരിദ്രര്‍ക്കും ഈ പ്രപഞ്ചത്തില്‍ ജീവിക്കണമല്ലോ ചില്ലറ സ്വപ്നങ്ങളൊക്കെ അവര്‍ക്കും സാക്ഷാത്കരിക്കണമല്ലോ ....’ എന്ന് കയ്പുള്ള ഒരു ചിരിയില്‍ അദ്ദേഹം സംഭാഷണം അവസാനിപ്പിച്ചു.

കുട്ടികള്‍ പന്ത്രണ്ട് മുതല്‍ പതിനെട്ട് വരെ പ്രായമുള്ളവരായിരുന്നു. അവര്‍ക്ക് ശാരീരിക വളര്‍ച്ച കുറവാണെന്ന് എനിക്ക് തോന്നാതിരുന്നില്ല. ഭക്ഷണം നന്നായി കഴിക്കാന്‍ കിട്ടാത്ത കൌമാരത്തിനും യൌവനാരംഭത്തിനുമൊന്നും തിളക്കമോ ആകര്‍ഷകത്വമോ വലിയ മിടുക്കോ ഒന്നും പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്ന് വിളിച്ചോതുന്നതു പോലെയായിരുന്നു വാട്ടം ബാധിച്ച ആ കുട്ടികളെല്ലാവരും തന്നെ.

ഇന്ത്യ ഒട്ടും തിളങ്ങുന്നില്ലെന്നും തിളങ്ങാന്‍ ഇനിയും ഒരുപാട് കാലമെടുക്കുമെന്നും ഇന്ത്യ തിളങ്ങുന്ന നല്ല കാലം വന്നിട്ടില്ലെന്നും ആ കുട്ടികളുടെ ക്ഷീണിച്ചു മെലിഞ്ഞ ശരീരങ്ങള്‍ എന്നോട് പറഞ്ഞു.
കുറെ മരുന്നുകള്‍ കഴിക്കാനുണ്ടായിരുന്നു എനിക്ക്. ഗുളികകളെല്ലാം ഓരോന്നായി വിഴുങ്ങി വെള്ളവും കുടിച്ച് ഞാന്‍ ബെര്‍ത്തില്‍ നീണ്ടു നിവര്‍ന്നു കിടന്നു.

ആ കിടപ്പില്‍ ഉറങ്ങിപ്പോയ ഞാന്‍ ഈ ലോകം തന്നെ മറന്നു പോയി എന്നതാണ് സത്യം. ഉറക്കം ഒരു തരത്തില്‍ വല്ലാതെ കൊതിപ്പിക്കുന്ന സുഖമരണമാകുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. മംഗലാപുരമെത്തുമ്പോള്‍ എന്‍റെ ആരോഗ്യത്തില്‍ ഉല്‍ക്കണ്ഠയും കരുതലുമുള്ള സുഹൃത്തിനെ വിളിക്കണമെന്ന് കരുതിയിരുന്നുവെങ്കിലും ഞാനുണര്‍ന്നപ്പോള്‍ ട്രെയിന്‍ മംഗലാപുരം നഗരത്തെ എത്രയോ ദൂരെ ഉപേക്ഷിച്ച് ഏതോ ഒരു തുരങ്കത്തിലൂടെ ചൂളം വിളിച്ചു പായുകയായിരുന്നു.

കമ്പാര്‍ട്ടുമെന്‍റില്‍ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളിലധികം പേരും അപ്പോഴും കിടക്കുക തന്നെയായിരുന്നു. മഞ്ഞള്‍പ്പൊടിയും മസാലയും ചേര്‍ത്ത പൊരി അവര്‍ കഴിക്കുന്നുണ്ടായിരുന്നു.

തൊപ്പി ധരിച്ച ചെറുപ്പക്കാരന്‍ ‘എന്തൊരു ഉറക്കമാണ് , വല്ലവരും ചുരുട്ടി എടുത്തുകൊണ്ടു പോയാല്‍ പോലും അറിയില്ലല്ലൊ’ എന്ന് എന്നോട് അല്‍ഭുതം പ്രകടിപ്പിച്ചു. ഞാന്‍ മറുപടി ഒന്നും പറഞ്ഞില്ല. എന്നിട്ടും അയാള്‍ എന്തോ ഒരു കാര്യം എന്നോട് പങ്കു വെയ്ക്കാന്‍ വ്യഗ്രതപ്പെടുന്നതു പോലെ തോന്നി. സംഭാഷണത്തിനു ഒരു തുടക്കമന്വേഷിക്കുന്നതു പോലെയായിരുന്നു അയാളുടെ മുഖഭാവം.

അപ്പോഴേക്കും ചായക്കാരന്‍ കടന്നു വന്നു.ചായ കുടിക്കുമ്പോള്‍ ചെറുപ്പക്കാരന്‍ മടിച്ചു മടിച്ചു എന്നോട് ചോദിച്ചു.

‘ ചേച്ചിയുടെ കൈയില്‍ പണമുണ്ടാകുമോ... ‘

ഞാന്‍ അയാളെ സൂക്ഷിച്ചു നോക്കി.

അയാള്‍ ഒരു തരം വല്ലാത്ത പിടച്ചിലോടെ വിശദീകരിച്ചു..

‘ അത് ... കടം ചോദിച്ചതല്ല, ചേച്ചി.. അത്.. ഈ കുഞ്ഞുങ്ങള്‍ ബ്രേക്ഫാസ്റ്റും ലഞ്ചുമൊന്നും കഴിച്ചിട്ടില്ല.

കുട്ടികള്‍ക്ക് ബിരിയാണി തിന്നാന്‍ കൊതിയുണ്ട്.. ലഞ്ച് കഴിച്ചാല്‍ അതിനു പണം തികയില്ല.. ചായയും പാര്‍ലേ ജി ബിസ്ക്കറ്റും മാത്രമേ കഴിച്ചിട്ടുള്ളൂ.. പിന്നെ ദേ ഈ പൊരിയും.. രാത്രിയെങ്കിലും ബിരിയാണി വാങ്ങിക്കൊടുക്കണമെന്നുണ്ട് ടീച്ചര്‍മാര്‍ക്ക്. അവരുടെ പക്കല്‍ പണം തികയുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോള്‍ നമുക്ക് ഒന്നിച്ച് അത് ചെയ്യാന്‍ പറ്റുമോ... അല്ലാതെ... ഞാന്‍ ... ‘

ദൈവം വിശക്കുന്നവന്‍റെ മുന്നില്‍ അപ്പമായിത്തന്നെ പ്രത്യക്ഷപ്പെടണം.

എന്‍റെ കൈയില്‍ ആയിരം രൂപയേ ഉണ്ടായിരുന്നുള്ളൂ. ബാങ്ക് കാര്‍ഡുകള്‍ വ്യാപകമായി നടപ്പിലായതിനു ശേഷം ഒരിക്കലും അതിലുമധികം പണവുമായി യാത്ര ചെയ്യാറില്ല. തനിച്ചുള്ള യാത്ര യാകുമ്പോള്‍ പ്രത്യേകിച്ചും.

വിശക്കുന്ന കുഞ്ഞുങ്ങളെ ഒരു നേരം ഊട്ടാന്‍ പോലും പ്രയോജനപ്പെടാത്തവയായിരുന്നിട്ടും, ഒത്തിരി പേരും പെരുമയുമുള്ള ബാങ്കുകളുടെ സ്വത്താണെന്ന നാട്യത്തില്‍ ആ പ്ലാസ്റ്റിക് കാര്‍ഡുകള്‍ എന്നെ നോക്കി അപ്പോഴും ധനഗര്‍വിന്‍റെ പരിഹാസപ്പുഞ്ചിരി പൊഴിച്ചു.