എന്തുകൊണ്ടോ സാമര്‍ഥ്യം വേണ്ടുവോളമില്ലായിരുന്നു. അല്ലെങ്കില്‍ പെറ്റിട്ട മക്കള്‍ക്ക് തലേലെഴുത്തില്ലായിരുന്നു. കാരണം സ്വന്തം അച്ഛന്‍റെ കൈയാല്‍ തന്നെയാണ് അവര്‍ കൊലപ്പെട്ടത്.
പെറ്റിട്ട് അധികനാളായിരുന്നില്ല.
ധാരാളം മുലപ്പാലുണ്ടായിരുന്നതുകൊണ്ട് ക്ലേശമുണ്ടായില്ല . മക്കള്‍ ഇഷ്ടം പോലെ പാലു കുടിച്ചു. നല്ല കൊഴുത്തുരുണ്ട ഓമനത്തമുള്ള ശരീരങ്ങളായിരുന്നു മക്കള്‍ക്കുണ്ടായിരുന്നത്.
ഒരു പ്രയോജനവുമുണ്ടായില്ല. ശരിക്കും പറഞ്ഞാല്‍ മുലയൂട്ടി മതിയായിരുന്നില്ല. മക്കളെ കണ്ടു മതിയായിരുന്നില്ല. അവരെ കെട്ടിപ്പിടിച്ചു കിടന്ന് മതിയായിരുന്നില്ല. മക്കള്‍ കൊലപ്പെട്ടുവെന്നറിഞ്ഞിട്ടും അറിയാത്ത പോലെ എല്ലായിടത്തും പരതി നടന്നു. ഒച്ച കൂട്ടി പലവട്ടം വിളിച്ചു..
ആരും വിളി കേട്ടില്ല... ആരും പാലുകുടിയ്ക്കാനുണ്ടായില്ല.
മുലകള്‍ നിറഞ്ഞു വിങ്ങി. നീരു വെച്ച് വലുതായി. ജീവന്‍ പോകുന്ന നൊമ്പരമുണ്ടായി. ‘ എന്‍റെ മുല കുടിയ്ക്കൂ’ എന്ന് ആരോടെങ്കിലും പരാതി പറയാനാകുമോ? നിര്‍ബന്ധിച്ചു കുടിപ്പിക്കാന്‍ കഴിയുമോ? ഒരു ഭ്രാന്തിയെപ്പോലെ വീട്ടിനുള്ളിലും പുറത്തും കരഞ്ഞുകൊണ്ട് ചുറ്റി നടന്നു. മുലക്കണ്ണുകള്‍ ചുവന്നു തുടുത്ത് പഴുത്തു. ചുളുചുളാന്നു വേദന എരിഞ്ഞുകത്തി .
വീട്ടിലെ ചേച്ചി സൂക്ഷിച്ചോമനിച്ചാണെങ്കിലും മുലക്കണ്ണില്‍ തൊടാന്‍ ശ്രമിച്ചപ്പോള്‍ നല്ല വേദനയും പേടിയും തോന്നി.. ഉച്ചത്തില്‍ കരഞ്ഞുകൊണ്ട് ചേച്ചിയുടെ മുഖത്തൊറ്റ മാന്തു വെച്ചു കൊടുത്തു...
ചേച്ചി പേടിച്ചു പോയെന്ന് തോന്നുന്നു. പിന്നെ അവരും കരയാന്‍ തുടങ്ങി.. അവര്‍ കരഞ്ഞുകൊണ്ടു പറഞ്ഞു.
‘നീയെന്താ ഇങ്ങനെ ? നിനക്ക് വേദന കുറയാനല്ലേ .. ഞാന്‍ മഞ്ഞള്‍പ്പൊടി പുരട്ടാന്‍ നോക്കുന്നത്.. പഴുപ്പ് പൊട്ടിയാല്‍ നിനക്കാശ്വാസം കിട്ടില്ലേ.. ‘
മറുപടിയൊന്നും തോന്നിയില്ല.
വേദന സഹിക്കാന്‍ വയ്യാതെ കരഞ്ഞുകൊണ്ടേയിരുന്നു.
ചേച്ചി ഒരു ഓട്ടോറിക്ഷയിലിരുത്തി കൂട്ടിക്കൊണ്ടു പോയി. അപ്പോഴും മൂന്നാലു പ്രാവശ്യം ഉച്ചത്തില്‍ കരഞ്ഞു. ചില ആളുകളൊക്കെ കരച്ചില്‍ കേട്ട് ഇങ്ങനെ തുറിച്ചു നോക്കി.
ക്ലിനിക്കിലെ ഡോക്ടര്‍ കുറച്ച് നേരം നീരു വന്ന് തൂങ്ങിയതും നോക്കിയിരുന്നു. എന്നിട്ട് ചേച്ചിയോട് പറഞ്ഞു. ‘ ഇതിനു ചികില്‍സയൊന്നും വേണ്ട. ഇതൊക്കെ പതിവല്ലേ .. കുറച്ച് ദിവസം കൂടി കഴിയുമ്പോള്‍ പഴുത്ത് അങ്ങ് പൊട്ടിപ്പൊക്കോളും..’ .
‘ അയ്യോ! അപ്പോള്‍ ഇത്രേം വേദന..സഹിച്ചിട്ട്.. ഈ വേദന... പ്ലീസ്, ഡോക്ടര്‍ കണ്ട് നില്‍ക്കാന്‍ വയ്യ.’
‘ അത് സാരമില്ല, രണ്ടെണ്ണം പഴുത്തു പൊട്ടിപ്പോയാലും ബാക്കി നാലെണ്ണമില്ലേ.. അതുമതി. പിന്നെ വേദന, വേണമെങ്കില്‍ മരുന്നു കുത്തിവെച്ച് ഒറ്റയടിക്ക് അങ്ങ് അവസാനിപ്പിക്കാം. ആഫ്റ്റര്‍ ആള്‍ ഇത് ഒരു പൂച്ച തന്നല്ലോ. പഴുപ്പ് മാറിയില്ലെങ്കില്‍ ദയാവധത്തിനു വകുപ്പുണ്ട്.’
ചേച്ചി കസേര പിന്നിലേക്ക് തള്ളി ചാടിയെണീറ്റപ്പോള്‍ ഞെട്ടിപ്പോയി.
‘ എം ബി ബി എസ്സിനു അഡ്മിഷന്‍ കിട്ടാത്തതുകൊണ്ട് വെറ്റായിത്തീര്‍ന്നതാണല്ലേ... അല്ലെങ്കില്‍ കുറഞ്ഞ പക്ഷം ഒന്നു തൊട്ടുനോക്കുകയെങ്കിലും ചെയ്യുമായിരുന്നില്ലേ..എന്നിട്ട് ഒരു ചികില്‍സ വിധിക്കുമായിരുന്നില്ലേ ‘
ചേച്ചി കിതച്ചു.
ഡോക്ടറുടെ മറുപടിയും അപ്പോള്‍ തന്നെ കേട്ടു.
‘ നിങ്ങളിത്ര ഇമോഷണല്‍ ആകാനൊന്നുമില്ല. എം ബി ബി എസ്സ്
കിട്ടാത്തതുകൊണ്ട്
പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന് വരാന്‍ വേണ്ടി.. പഠിച്ചതാണിത്. ഒരു
ജീവിയോടും ഒരടുപ്പവും എനിക്കില്ല. ആവശ്യത്തിനു ഡോക്ടര്‍മാരില്ലാതെ
മനുഷ്യര്‍ ചികില്‍സ കിട്ടാതെ മരിയ്ക്കുമ്പോഴാണ്... ഒരു പൂച്ച... ഒരു
കാര്യം ചെയ്യൂ.. നിര്‍ബന്ധമാണെങ്കില്‍ ഈ ഓയിന്‍റ് മെന്‍റ് പുരട്ടി
നോക്കു’.
പുറത്തിറങ്ങുമ്പോള്‍ ഒരു പട്ടിക്കുഞ്ഞിരിപ്പുണ്ടായിരുന്നു....’ വേഗം വീട്ടില്‍ പോക്കോ ... ഈ ഡോക്ടറെ കണ്ടിട്ട് ഒരു കാര്യവുമില്ല’ എന്ന് പറ്റാവുന്ന പോലെയൊക്കെ പറഞ്ഞു നോക്കി. പ്രയോജനമൊന്നുമുണ്ടായില്ല. സംസാരിച്ച ഭാഷ ആ പട്ടിക്കുഞ്ഞിനു തിരിയുന്നതായിരുന്നില്ല.
മൃഗവര്‍ഗത്തിലാണെങ്കിലും പട്ടിക്കുഞ്ഞ് വേറെ ജാതിയില്‍ ജനിച്ചതല്ലേ . അതുകൊണ്ട് അതിന്‍റെ ഭാഷയും വേറെയാണ്.
ഹൌ, എന്തൊരു വേദനയാണ്... എപ്പോഴാണിതൊന്നു മാറിക്കിട്ടുക...
പുറത്തിറങ്ങുമ്പോള്‍ ഒരു പട്ടിക്കുഞ്ഞിരിപ്പുണ്ടായിരുന്നു....’ വേഗം വീട്ടില്‍ പോക്കോ ... ഈ ഡോക്ടറെ കണ്ടിട്ട് ഒരു കാര്യവുമില്ല’ എന്ന് പറ്റാവുന്ന പോലെയൊക്കെ പറഞ്ഞു നോക്കി. പ്രയോജനമൊന്നുമുണ്ടായില്ല. സംസാരിച്ച ഭാഷ ആ പട്ടിക്കുഞ്ഞിനു തിരിയുന്നതായിരുന്നില്ല.
മൃഗവര്‍ഗത്തിലാണെങ്കിലും പട്ടിക്കുഞ്ഞ് വേറെ ജാതിയില്‍ ജനിച്ചതല്ലേ . അതുകൊണ്ട് അതിന്‍റെ ഭാഷയും വേറെയാണ്.
ഹൌ, എന്തൊരു വേദനയാണ്... എപ്പോഴാണിതൊന്നു മാറിക്കിട്ടുക...