അമ്മ ആശുപത്രിയിലാണെന്ന അറിയിപ്പില്‍ ദില്ലിയില്‍ നിന്ന് നാട്ടിലേക്ക് പറക്കുമ്പോള്‍ പ്രഷറും ഷുഗറുമായിരുന്നു വില്ലന്മാരായി മനസ്സില്‍ ഉയര്‍ന്നു നിന്നിരുന്നത്. അതില്‍ത്തന്നെ പ്രഷര്‍ കൂടിയിട്ടുണ്ട് എന്ന അറിവ് കൂടിയായപ്പോള്‍ സ്ട്രോക്കും പരാലിസിസും ഹാര്‍ട്ട് അറ്റാക്കും ഒക്കെ മനസ്സിനെ ആകുലപ്പെടുത്തിക്കൊണ്ടിരുന്നു. ഒന്നിനെപ്പറ്റിയും ഒരു കാര്യത്തിനെപ്പറ്റിയും ഒരു അറിവുമില്ലാതിരിക്കുന്നതാണു നല്ലതെന്ന് ഇമ്മാതിരി നെഞ്ചുരുക്കുന്ന ജീവിതസന്ദര്‍ഭങ്ങളില്‍ ഞാന്‍ പലവട്ടം വിചാരിച്ചു പോയിട്ടുണ്ട്.
അമ്മയ്ക്ക് പ്രഷര്‍ കൂടിയെന്നേയുള്ളൂ.. മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. പക്ഷെ, അമ്മയില്‍ ഒ രു മാറ്റമുണ്ടായിരുന്നു.
ജീവിതത്തില്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുള്ള ആളാണു അമ്മ. അന്നൊന്നും ദൃശ്യമാവാതിരുന്ന ഭയവും ഭീതിയും അമ്മയില്‍ നിഴല്‍ വീശിയിരുന്നു.
സോഡിയം ലെവലിലെ വ്യത്യാസമാണെന്ന് ..
രക്തസമ്മര്‍ദ്ദം കൂടുമ്പോള്‍ ചിലപ്പോള്‍ ഇങ്ങനെ ഉണ്ടാകാമെന്ന്..
വാര്‍ദ്ധക്യ സഹജമായ വിഷാദം പിടിപെട്ടതാണെന്ന്..
മരണഭയമാണെന്ന്...
ഡോക്ടര്‍മാര്‍ എന്തൊക്കെയോ പറഞ്ഞു. ഞങ്ങള്‍ പകുതി വിശ്വസിച്ചു.. ബാക്കി വിശ്വസിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അമ്മീമ്മയുടേതല്ലാതെ മറ്റാരുടേയും പിന്തുണ അമ്മയ്ക്കുണ്ടായിട്ടില്ല. ചില ചില്ലറ ഘട്ടങ്ങള്‍ ഒഴിച്ചാല്‍.. എന്നും വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും പരിഹാസവും നിന്ദയും മാത്രമായിരുന്നു അമ്മയുടെ അവാര്‍ഡുകള്‍. അപ്പോഴെല്ലാം ധൈര്യമായി പിടിച്ചു നിന്ന അമ്മയ്ക്ക് വിഷാദമെന്ന രോഗമുണ്ടാവുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസം വന്നില്ല.
എങ്കിലും ഞങ്ങളൂടെ അമ്മ ഇപ്പോള്‍ ഒരു കിളിക്കുഞ്ഞിനെപ്പോലെ ചകിതയായിരിക്കുന്നുവെന്നതൊരു വാസ്തവമാണ്.
അമ്മയുടെ തല സ്കാന്‍ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ ഞങ്ങള്‍ മൂന്നു മക്കളും ഞടുങ്ങി. വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കുന്ന മഹാരോഗങ്ങളുടെ പേരുകള്‍ ഞങ്ങളുടെ ബോധമണ്ഡലത്തെ കാര്‍ന്നു തിന്നു.
സ്കാന്‍ റിപ്പോര്‍ട്ടില്‍ ഒന്നും തെളിഞ്ഞില്ല. കോശങ്ങളുടെ വാര്‍ദ്ധക്യസഹജമായ ശോഷണമല്ലാതെ..
പക്ഷെ, പഠിപ്പും വിവരവുമുള്ള പുതിയ തലമുറക്കാരായ ആ ഡോക്ടര്‍മാര്‍ ഒന്നടങ്കം പറഞ്ഞു.
അമ്മയ്ക്ക് ഡിമെന്‍ഷ്യ ആണെന്ന്.. ഓര്‍മ്മയുടെ പിടി വിട്ടു പോകുന്ന നൂലുവള്ളികളെ തെരഞ്ഞാണ് അമ്മ പരിഭ്രമത്തോടെ അലയുന്നതെന്ന്.. അതാണ് ഞാനീ ഭൂമിയില്‍ ഇല്ലല്ലോ എന്ന മാറ്റം അമ്മയ്ക്കുണ്ടാവുന്നതെന്ന്...
അമ്മയുടെ പക്കല്‍ പണം കൊടുക്കരുത്.
അമ്മയെ തനിച്ചാക്കരുത്...
അമ്മയോട് ദേഷ്യപ്പെടരുത്...
അമ്മ കുഞ്ഞാവുകയാണ്.. നിങ്ങള്‍ അമ്മമാരായല്ലോ. അതുകൊണ്ട് മക്കളെ നോക്കുന്നതു പോലെ അമ്മയെ നോക്കണം.
ഇനി പുതിയ കാര്യങ്ങളൊന്നും അമ്മ പഠിയ്ക്കില്ല. പരിചയമായിരുന്നതൊക്കെ മറന്നു പോകും.
കഴിച്ചത് മറക്കും... ഭക്ഷണം തന്നില്ലെന്ന് പറയും...
അറിയാതെ മൂത്രമൊഴിക്കുകയും അപ്പിയിടുകയും ചെയ്യും. നിങ്ങളെ തിരിച്ചറിയാതാവും..... അങ്ങനെ പതിയെപ്പതിയെ അമ്മ ..
ഉമിനീര്‍ വറ്റിപ്പോയ ഞങ്ങള്‍ക്ക് ശബ്ദിക്കാന്‍ കഴിഞ്ഞില്ല.
ഡോക്ടര്‍മാര്‍ ചികില്‍സ ആരംഭിച്ചു. അങ്ങനെ ഡിമെന്‍ഷ്യ വ്യാപിക്കുന്നത് മെല്ലെയാക്കുന്ന മരുന്നുകള്‍ അമ്മ കഴിക്കാന്‍ തുടങ്ങി.
അമ്മയില്‍ ഒരു തരം വിറയല്‍ പ്രത്യക്ഷപ്പെട്ടതൊഴികേ വേറെ മാറ്റമൊന്നും വന്നില്ല. അമ്മ ചിന്താകുലയായിരുന്നു.
അനിയത്തി വീടു മാറി.. ജോലിയിടത്തു നിന്ന് അരമണിക്കൂറില്‍ അമ്മയ്ക്കരികേ എത്താവുന്ന സ്ഥലത്തായി താമസം. മകളെ സ്ക്കൂള്‍ മാറ്റിച്ചേര്‍ത്തു. നേരത്തേ വീട്ടില്‍ സഹായത്തിനു നിന്നിരുന്ന അമ്മൂമ്മ പുതിയ വീട്ടിലും വന്നു താമസിക്കാമെന്ന് സമ്മതിച്ചു. അങ്ങനെ മുപ്പതിലധികം വര്‍ഷം താമസിച്ച സ്വന്തം വീട് വിട്ട് മറ്റൊരു ജില്ലയില്‍, ചെറിയൊരു വാടക വീട്ടില്‍ അമ്മ താമസം തുടങ്ങി.
അമ്മയുടെ ചികില്‍സ തുടരാന്‍ എല്ലായ്പോഴും കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നതിന്‍റെ ബുദ്ധിമുട്ട് ഓര്‍ത്ത് പുതിയൊരു ഡോക്ടറെ അന്വേഷിക്കുമ്പോഴാണ് വാടക വീടിന്‍റെ അടുത്തു തന്നെ അച്ഛന്‍റെ സുഹൃത്തായ ഞങ്ങള്‍ ചെറുപ്പത്തിലേ അങ്കിള്‍ എന്ന് വിളിച്ചു ശീലിച്ച ഡോക്ടറുണ്ടെന്ന് അറിഞ്ഞത്.
അനിയത്തി അവിടെ ചെന്ന് കരഞ്ഞു. നെഞ്ചു പൊട്ടിക്കരഞ്ഞു.
അവര്‍ അങ്കിളും ആന്‍റിയും രണ്ട് പേരും ഡോക്ടര്‍മാരായിരുന്നു. അമ്മ അനിയത്തിയെ പ്രസവിച്ച ദിവസം, ഒത്തിരി വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഏപ്രില്‍ മാസത്തിലെ ആ ദിവസം അവരിരുവരും അമ്മയേയും കുഞ്ഞിനേയും കാണാന്‍ വന്നിരുന്നു. ജോണ്‍സണ്‍സ് ബേബി സോപ്പും കുഞ്ഞുടുപ്പും പൌഡറുമായി..
ആ കുഞ്ഞ് ജീവിതത്തിന്‍റെ ചാട്ടവാറേറ്റ്, നിസ്സഹായയായി മുന്നില്‍ വന്നു നിന്ന് കരയുന്നതു കണ്ടപ്പോള്‍ അവരുടെ കണ്ണുകളും നിറഞ്ഞു.
അനിയത്തിയുടെ വാക്കുകള്‍ കേട്ട് അവരും ദു:ഖിച്ചു.
ഡിമെന്‍ഷ്യ ബാധിച്ച അമ്മ അവര്‍ക്കും ഒരു സങ്കടമായി..
അപ്പോഴാണ് അനിയത്തിയെ അമ്മ ഫോണില്‍ വിളിച്ചത്. ‘സമയം സന്ധ്യയാവുന്നു , കുട്ടി എന്താ വരാത്തത്? കുട്ടി എവിടെപ്പോയി?’
അങ്കിളിലെ പരിചയ സമ്പന്നനായ ഡോക്ടര്‍ ഉണര്‍ന്നു.
പിന്നെ ചോദ്യങ്ങളായി..
അമ്മ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുമോ?
ഉവ്വ്.
നമ്പറുകള്‍ സ്വയം ഡയല്‍ ചെയ്യുമോ?
ഉവ്വ്.
തെറ്റാതെ..
അതെ... തെറ്റാതെ.
ഇത് നിന്‍റെ പുതിയ നമ്പറോ അതോ പഴയ നമ്പറോ
പുതിയ നമ്പര്‍ ... എടുത്തിട്ട് രണ്ടാഴ്ചയായതേയുള്ളൂ. അമ്മയ്ക്കീ നമ്പര്‍ കാണാപ്പാഠമാണ്.
അമ്മയ്ക്ക് എന്തൊക്കെ മരുന്നുകളാണ് കൊടുക്കുന്നത്.
അനിയത്തി എല്ലാ മരുന്നുകളുടേയും പേര് ഉരുവിട്ടു.
അങ്കിള്‍ കല്‍പിച്ചു.
നീ വീട്ടില്‍ ചെന്ന് ആ മരുന്നെല്ലാം എടുത്ത് കളയണം. ഷുഗറിന്‍റെയും പ്രഷറിന്‍റെയും മരുന്ന് മാത്രം കൊടുത്താല്‍ മതി. ഇത്രമാത്രം മരുന്നുകള്‍ കഴിച്ച് അവര്‍ ജീവിച്ചിരിയ്ക്കേണ്ട യാതൊരു കാര്യവുമില്ല. പിന്നെ നിന്‍റെ അമ്മയ്ക്ക് ഡിമെന്‍ഷ്യ ഇല്ല. ഉണ്ടെങ്കില്‍ അവര്‍ ഇത്ര കൃത്യമായി നിന്നെ അന്വേഷിക്കുമായിരുന്നില്ല. പുതിയ മൊബൈല്‍ നമ്പര്‍ പഠിയ്ക്കുമായിരുന്നില്ല. അമ്മയുടെ വിറയല്‍ ഡിമെന്‍ഷ്യയ്ക്ക് കഴിയ്ക്കുന്ന ഗുളികയുടെ സൈഡ് ഇഫക്ടാണ്. അത് ഉടനടി നിറുത്തണം.
അനിയത്തി കരയാന്‍ മറന്നു നിന്നു.
അങ്കിള്‍ സമാധാനിപ്പിച്ചുകൊണ്ട് ഇത്രയും കൂടി പറഞ്ഞു.
അമ്മയുടെ ഭയത്തിനു വേറെ എന്തെങ്കിലും കാരണമുണ്ടാവും. നമുക്കന്വേഷിക്കാം. നീ സമാധാനിക്ക്.. അമ്മയെ കൂട്ടിക്കൊണ്ടു വരൂ. ഞങ്ങള്‍ പഴയ കൂട്ടുകാരല്ലേ... അമ്മ പറയും. എല്ലാം പറയും.
ഭേദപ്പെട്ട മാര്‍ക്കും വേണ്ടത്ര പണവുമുണ്ടെങ്കില്‍ വൈദ്യവും ശസ്ത്രക്രിയയും ചികില്‍സയും എല്ലാവര്‍ക്കും പഠിയ്ക്കാം.. എന്നാല്‍ ഒരു ധന്വന്തരിയാവാന്‍ പരീക്ഷ പാസ്സായതുകൊണ്ടോ സ്കാന്‍ ചെയ്യാന്‍ എഴുതിക്കൊടുത്തതുകൊണ്ടോ ഇംഗ്ലീഷില്‍ ഇടമുറിയാതെ സംസാരിച്ചതുകൊണ്ടോ ഒന്നും സാധിക്കുകയില്ലെന്ന് ഞങ്ങള്‍ക്ക് ബോധ്യമാവുകയായിരുന്നു .
ഒരു ദശകത്തിനിപ്പുറം ഇപ്പോഴും അമ്മ ഒന്നും മറന്നിട്ടില്ല. ആ മനസ്സില്‍ ഒതുക്കിവെച്ച സങ്കടങ്ങളും അപമാനവും വേദനയുമുള്‍പ്പടെ ഒന്നും മറന്നിട്ടില്ല.
ഞങ്ങളുടെ അമ്മയ്ക്ക് ഡിമെന്‍ഷ്യ ഉണ്ടായിരുന്നില്ലല്ലോ.... ഒരിയ്ക്കലും.