Sunday, October 23, 2011

ഒരു തിരിച്ചറിയൽ കാർഡ്


https://www.facebook.com/groups/thaliyola/permalink/864505333579154/

(ബുധൻ ഒക്റ്റോബർ 5 2011 ഒരേ തൂവല്പക്ഷികൾ എന്ന ബ്ലോഗിൽ വന്നിട്ടുണ്ട്.)


അങ്ങനെ മിടുമിടുക്കിയായി ഡ്രൈവിംഗ് പഠിച്ചു കഴിഞ്ഞു. സാറ് അപ്പുറത്തെ സീറ്റിൽ ചുമ്മാതിരുന്നാൽ മതി, ഞാൻ പുല്ലു പോലെ വണ്ടി ഓടിയ്ക്കും. ക്ലച്ചും ബ്രേക്കും  സാറിനും കൂടി നിയന്ത്രിയ്ക്കാൻ പറ്റുന്ന വിധത്തിലുള്ള ഡ്രൈവിംഗ് സ്കൂളിന്റെ കാറല്ലേ ഓടിയ്ക്കുന്നത് എന്ന് ചോദിയ്ക്കരുത്. അങ്ങനെ സംശയം ചോദിയ്ക്കുന്നവർക്കെല്ലാം അവരവരുടെ സ്വദേശിയോ വിദേശിയോ ആയ കാറ് ഞാനോടിച്ചു കാണിച്ചു തരുന്നതായിരിയ്ക്കും. അല്ല, പിന്നെ.
എച്ച് മാത്രമല്ല സൌകര്യം കിട്ടിയാൽ ഇസഡ് വരെ എടുത്തു കളയും ഞാനെന്ന് ബോധ്യമായപ്പോൾ ലൈസൻസ് ടെസ്റ്റിന് പോകാമെന്നായി സാറ്.
ഭയ ഭക്തി ബഹുമാനത്തോടെ തൊട്ട് തലയിൽ വെച്ച് എല്ലാം മംഗളമായാൽ ഫുൾ ടാങ്ക് പെട്രോളും ആവശ്യത്തിന് ഓയിലുമൊക്കെ ഏതെങ്കിലുമൊരു കാറിനു എപ്പോഴെങ്കിലും നേദിയ്ക്കാം എന്നൊരു നേർച്ച കൈക്കൂലിയും വാഗ്ദാനം ചെയ്തു ഞാൻ ടെസ്റ്റ് കാറ് ഭഗവാനെ പ്രസാദിപ്പിയ്ക്കാൻ ശ്രമിച്ചു. കൊട്ടാരക്കര ഗണപതിയ്ക്ക് ഉണ്ണിയപ്പം നേർന്നിട്ട് ആൽത്തറ ഗണപതിയ്ക്ക് നേദിയ്ക്കണപോലെയല്ലേ ഇതെന്ന് ചില അതി വിശ്വാസികൾ ഏഷണി കൂട്ടുന്നതു ഞാൻ കേൾക്കുന്നുണ്ട്. പക്ഷെ, കാര്യം പറഞ്ഞു വരുമ്പോൾ രണ്ടും ഗണപതി തന്നെയാണല്ലോ. അതു മാത്രമല്ല, ഞാൻ ആണെങ്കിൽ ദൈവം ഒന്നേയുള്ളൂ എന്നും നമ്മളാണ് ദൈവത്തിന് പല രൂപങ്ങൾ നൽകുന്നതെന്നും ഉറച്ച് വിശ്വസിയ്ക്കുന്ന ഒരു മിത വിശ്വാസിയുമാണ്.
എന്തായാലും നേർച്ച ഏറ്റു. എച്ച് പരീക്ഷയിൽ ടെസ്റ്റ് കാറ് ഭഗവാൻ പ്രസാദിച്ചു.
പക്ഷെ, വലിയ പരീക്ഷ വരുന്നതേ ഉണ്ടായിരുന്നുള്ളൂ. നാഷണൽ ഹൈവേയിൽ കാറോടിച്ച് കാണിയ്ക്കണമത്രെ! എല്ലാ ഗിയറും മാറ്റി ഇട്ട് ഓടിയ്ക്കണം പോലും.
പരീക്ഷകനായ വെഹിക്കിൾ ഇൻസ്പെക്ടറെ നേരിട്ടു കണ്ടപ്പോൾ, കാറോടിയ്ക്കുന്നതു പോയിട്ട്, ആ മഹനീയ സാന്നിധ്യമുള്ള കാറ് വേറെ ആരെങ്കിലും ഓടിയ്ക്കുകയാണെങ്കിൽ കൂടി അതിൽ കയറി, ചുമ്മാ കാറ്റേറ്റിരിയ്ക്കാൻ പോലും പറ്റില്ലെന്ന് എനിയ്ക്ക് മനസ്സിലായി.
ആറടിയ്ക്കു മേൽ പൊക്കവും രണ്ട് രണ്ടരയടി വീതിയും ഈ ലോകം മുഴുവൻ ചുട്ടു ചാമ്പലാക്കാൻ അരിശപ്പെടുന്ന ഒരു തീക്കൊള്ളി മുഖഭാവവുമായിരുന്നു അദ്ദേഹത്തിന്. എല്ലാറ്റിനും പുറമേ കാക്കി യൂണിഫോറവും. ഈ കാക്കി കണ്ടു പിടിച്ചവനെ എനിയ്ക്ക് കണ്ണെടുത്താൽ കണ്ടു കൂടാ. കാക്കി കണ്ടാലുടനെ എനിയ്ക്ക് നാഡീതളർച്ചയും പേശി വലിവും ഉണ്ടാകും, ഒരു മാതിരി നെഞ്ചു വേദനയോ തൊണ്ട വരൾച്ചയോ ഒക്കെ തോന്നും. അതുകൊണ്ട് കാക്കിയിടുന്ന എല്ലാവരും പൂക്കളുള്ള കുപ്പായമിട്ടു കാണാനാണ് എനിക്കിഷ്ടം. ആരു കണ്ടു, കാക്കിക്കാരുടെ മുരടത്തമൊക്കെ ചിലപ്പോൾ മിനുസമുള്ള വർണക്കുപ്പായം ധരിച്ചാൽ കാശിയ്ക്കു പോയെന്നുമിരിയ്ക്കും. ഈ പോലീസുകാരെ മനുഷ്യത്തമുള്ളവരാക്കണം എന്ന് വാദിയ്ക്കുന്ന ചില പരിഷക്കരണക്കമ്മറ്റികൾക്ക് എന്റെ ഈ നിർദ്ദേശം കണക്കിലെടുക്കാവുന്നതാണ്.
അതു പോട്ടെ, പരീക്ഷാ സമയത്താണോ ഇതൊക്കെ ആലോചിയ്ക്കേണ്ടത്?
ആ മഹാൻ വന്ന് കാറിൽ കയറി ഇടി കുടുങ്ങും പോലെയുള്ള ശബ്ദത്തിൽ ചോദിച്ചു, “പേരെങ്ങനാ?“
ഉത്തരം ഒരു ഞരക്കം മാത്രം, അതേന്ന്….. കാക്കി കണ്ടപ്പോൾ തന്നെ ഞാൻ കവാത്തു മറന്നു.
“കാറ് പുറകോട്ട് പോകട്ടെ.“ ഇടി കുടുക്കം തുടരുകയാണ്.
കാറ് പുറകോട്ടെങ്ങനെ പോകും? എത്ര ഗിയറുണ്ട് കാറിന് ? നാലോ അതോ അഞ്ചോ? അതിൽ ഏത് വലിച്ചൂരിയാലാണ് കാറ് പുറകോട്ട് പോവുക?
ഞാനെന്തൊക്കെയോ ചെയ്തു. എന്റെ ഭാഗ്യം! അല്ല, നേർച്ചയുടെ ബലം. കാറ് പുറകോട്ട് നീങ്ങാൻ തുടങ്ങി.
“ശരി, കാറ് ഒതുക്കി നിറുത്തു.“
ഒതുക്കി നിറുത്തുകയോ? ഇയാൾക്ക് തലയ്ക്ക് സുഖമില്ലേ? ഒതുക്കാൻ കാറെന്താ റോഡില്  പരന്നിരിയ്ക്കയാണോ? അയ്യോ! ഇനി ഒതുക്കുന്ന ഗിയർ ഏതാണ്?
“കാറു നിറുത്താൻ പറഞ്ഞത് കേട്ടില്ലേ“
ബ്രേക്ക് ചവിട്ടിയാലാണ് കാറ് നിൽക്കുക എന്നാണ് പഠിച്ചത്. ഏതാ ഈ ബ്രേക്ക്? രണ്ട് കാലിനും കൂടി ചവിട്ടിക്കളിയ്ക്കാൻ ഇത്തരം മൂന്നു വിചിത്ര മാരണങ്ങൾ കണ്ടു പിടിച്ചവൻ ആരെടാ? അവന് ചായയല്ല ബിരിയാണി തന്നെ വാങ്ങിക്കൊടുക്കണം.
ഭാഗ്യം, കാറു നിന്നു. അപ്പോൾ ആ മഹാപാപി വീണ്ടും…
“സിഗ്നൽ കാണിച്ച്  ഇൻഡിക്കേറ്ററിട്ട് കാറ് മുൻപോട്ട് ഓടിച്ചു പോകു, അപ്പോൾ ഗിയർ മാറ്റിക്കൊണ്ടിരുന്നാൽ മതി.“
പറഞ്ഞപ്പോൾ കഴിഞ്ഞു. എങ്ങനെ പോകുമെന്നാണിയാളുടെ വിചാരം?
ഈ സിഗ്നലും ഇൻഡിക്കേറ്ററുമൊക്കെ കാറിന്റെ ഏതു ഭാഗത്താണ് സൂക്ഷിച്ചു വെച്ചിട്ടുള്ളത്? വേഗം പോകാൻ ഫോർത്ത് ഗിയറിടണമെന്നല്ലേ അതോ ഫസ്റ്റ് ഗിയറിടണമെന്നാണോ….അയ്യോ! എല്ലാം മറന്നുവല്ലോ.
എന്തായാലും രണ്ടും കൽ‌പ്പിച്ച് ഗിയർ മാറ്റി, വണ്ടി ചീറ്റുകയും തുമ്മുകയും ഒന്നും ചെയ്തില്ല. അത് സ്വന്തം തലേലെഴുത്തിന്റെ വലുപ്പമാലോചിച്ച് സങ്കടപ്പെടുന്ന മാതിരി മുന്നോട്ട് ഓടുമ്പോഴാണ് കണ്ണും തുറുപ്പിച്ച് ഭീമാകാരമായ ട്രക്കുകൾ ആ നേരം നോക്കി എതിരേ വരുന്നത്! വല്ല വേലിയ്ക്കലോ മതിലിനടുത്തോ ഒക്കെ തോക്കും പിടിച്ച് അറ്റൻഷനിൽ നിന്ന് “സാരേ ജഹാൻ സേ അച്ഛാ“ എന്ന് പാടുന്നതിനു  പകരം ഈ പട്ടാളക്കാർക്ക് രാവിലെ എഴുന്നേറ്റ്  ഇങ്ങനെ ട്രക്കിലെഴുന്നള്ളേണ്ട വല്ല കാര്യവുമുണ്ടോ?
എപ്പോഴും ബന്ദും ഹർത്താലുമായി റോഡെല്ലാം കാലിയാവുന്ന ഈ നാട്ടിൽ ഇത്രയധികം വണ്ടികൾ എവിടുന്നു വരുന്നു?
എതിരെയും പുറകേയും വരുന്ന എല്ലാവരുടെയും ഭാര്യമാരും ഭർത്താക്കന്മാരും ദീർഘ സുമംഗലരും അച്ഛന്മാരും അമ്മമാരും നെടും സന്താനയോഗരും ഒക്കെയാവണേ!
“മതി നിറുത്തു,“ അവസാനത്തെ ഇടിമുഴക്കം.അമ്പടാ! ഒടുക്കം കാക്കിയിട്ട ഭീമൻ മണ്ടച്ചാർക്ക് ബുദ്ധിയുദിച്ചു, ഞാനോടിയ്ക്കുന്ന കാറിലിരുന്നുള്ള  ഈ ഉത്തരവിടല് സ്വന്തം തടി കേടു വരുത്തുമെന്ന്….
എനിയ്ക്ക് ലൈസൻസ് തരില്ലെന്ന് മാത്രമല്ല, ഏതെങ്കിലും വണ്ടിയുടെ സ്റ്റിയറിംഗ് വീലിനു പുറകിൽ ഞാൻ വെറുതെ ഇരിയ്ക്കുന്നത് കണ്ടാലും നിയമ നടപടികൾ സ്വീകരിയ്ക്കണമെന്നു കൂടി അദ്ദേഹം ശുപാർശ ചെയ്യുമെന്ന്  എനിയ്ക്ക് ഉറപ്പായി. ഈ ഷൂട്ട് അറ്റ് സൈറ്റ് എന്നൊക്കെ പറയുന്ന പോലെ…..
എന്നിട്ട് സംഭവിച്ചതോ?
നാലഞ്ചു ദിവസം കഴിഞ്ഞപ്പോൾ എന്റെ പോട്ടമൊക്കെ പതിച്ച് ഒരു സുന്ദരൻ അടിപൊളി കാർഡ് എന്നെത്തേടി വന്നിരിയ്ക്കുന്നു!
ഞാൻ എന്നെ നുള്ളി നോക്കി, സത്യം സത്യം …..നമ്മുടെ  ഇന്ത്യാ മഹാരാജ്യത്തിലെ ഏതു നിരത്തിലൂടെയും എനിയ്ക്ക് കൂളായി കാറോടിയ്ക്കാമെന്ന് ......അതിനുള്ള പവറും വിവരവുമൊക്കെയുണ്ടെന്ന്………
ഇനി ഒരു കാറു വേണം. എനിയ്ക്ക് ഓടിയ്ക്കണം….
ഒരു കാറും നോക്കി ഞാനിരിയ്ക്കുമ്പോഴാണു അവൻ വന്നത്, എന്റെ കൂട്ടുകാരൻ….. കാറ് എനിയ്ക്കോടിയ്ക്കണമെന്ന് വാശി പിടിച്ചാൽ പാവം, അവനെന്തു ചെയ്യാനാണ്? വല്ല വിമർശകനോ ശാസകനോ ശിക്ഷകനോ കുറഞ്ഞ പക്ഷം ഒരു രക്ഷകനെങ്കിലുമോ ആയിരുന്നെങ്കിൽ  ആ ആഗ്രഹത്തെ ചടുപിടെന്ന് തറയിൽ വീണ കോഴിമുട്ടയോ പപ്പടമോ ചില്ലു പാത്രമോ മീൻ ചട്ടിയോ ഒക്കെയാക്കാമായിരുന്നു.  കൂട്ടുകാരനായിപ്പോയാൽ, അത് പറ്റില്ലല്ലോ.
അങ്ങനെ അവനെ ഇടത്തു വശത്തിരുത്തി ഞാൻ ഫുൾ ഗമയിൽ കാർ ഓടിച്ചു വരികയായിരുന്നു…..നല്ല ബെസ്റ്റ് ഡ്രൈവിംഗായിരുന്നു…. ഞാനൊരു മിടുക്കിയല്ലേ എന്ന്  വിചാരിച്ചു കളയാമെന്ന് ആലോചിയ്ക്കുമ്പോഴേയ്ക്ക്…. 
ഹേബിയസ് കോർപ്പസ് ഹർജി കൊടുത്ത് വീട്ടു തടങ്കലിൽ നിന്നും രക്ഷിച്ച  സ്വന്തം കാമുകനെ കണ്ടുമുട്ടിയ കാമുകിയുടെ ആവേശത്തിൽ കാറ് നേരെ മുന്നിലുയർന്നു വന്ന മതിലിനെ ഗാഢ ഗാഢം ചുംബിച്ചു.
മതിലുകൾ എന്നും  എന്റെ ഈ കൊച്ചു ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ ഉയർത്തിയിട്ടുണ്ട്. സൈക്കിൾ ചവിട്ടി വരുമ്പോഴും ഇതു പോലെ ചുംബനം കൊതിയ്ക്കുന്ന വശ്യ ശക്തിയുള്ള ഒരു മതിലുണ്ടായിരുന്നു. മതിലുകളെയൊക്കെ ആരാണു അപ്പോൾ അവിടെ കൊണ്ട് വെച്ചതെന്ന് എനിക്കിതു വരെയും മനസ്സിലായിട്ടില്ല. കാരണം റോഡിന്റെ മുൻപിൽ ഒരിയ്ക്കലും അത്തരം മതിലുകൾ കാണപ്പെട്ടിരുന്നില്ല. എന്നിട്ട് സൈക്കിളും കാറുമെല്ലാം എങ്ങനെ അവിടെ ഇത്ര കൃത്യമായി എത്തിച്ചേർന്നു?
എന്നു വെച്ച് ഞാൻ പരാജയം സമ്മതിച്ചിട്ടൊന്നുമില്ല.
ഇപ്പോഴും ഇടയ്ക്കിടെ ഡ്രൈവിംഗ് ലൈസൻസ് പുറത്തെടുത്ത് കാണിക്കാറുണ്ട് ഞാൻ. ശ്ശേ, തിരിഞ്ഞില്ലേ? റോഡിലൊന്നുമല്ലന്നെ…. ട്രെയിനിൽ വെച്ച്  ടി ടി ആർ തിരിച്ചറിയൽ കാർഡ് ചോദിയ്ക്കുമ്പോൾ……


Thursday, October 20, 2011

എന്റെ കൂട്ടുകാരൻ


https://www.facebook.com/search/str/echmu+kutty/keywords_searchechmukutty

http://www.chintha.com/node/105564
തർജ്ജനി മെയ് 2011 വോള്യം 7 നം 5

http://orethoovalpakshikal.blogspot.com/2011/07/blog-post_11.html
ഒരേ തൂവൽ പക്ഷികൾ. ജൂലായ് 11 2011 

സൂര്യനുരുകിത്തിളയ്ക്കുന്ന ഒരു മധ്യാഹ്നത്തിലായിരുന്നു ഞങ്ങൾ ആദ്യമായി പരസ്പരം കണ്ടത്. ആവശ്യത്തിലുമധികം നീളവും അയവുമുള്ള പരുക്കൻ വൈലറ്റ് അങ്കി ധരിച്ചവൻ. ആ ഒറ്റത്തുണിയിൽ നഗ്നത മറയ്ക്കാനാകുമെങ്കിലും അത് എന്നെ ചിരിപ്പിച്ചു. ഒറ്റത്താങ്ങു മാത്രമുള്ള കണ്ണട ധരിച്ചിരുന്ന അവന്റെ മുഖത്ത് ശ്രമപ്പെട്ട് വരുത്തിയ ഗൌരവമുണ്ടായിരുന്നു. എത്ര അമർത്തിയിട്ടും എനിയ്ക്ക് ചിരി പൊട്ടി. പരിഹാസത്തിന്റെ മേമ്പൊടി ചേർത്ത  ചിരി. അക്കാലങ്ങളിൽ എനിയ്ക്ക് സ്വന്തം ശരീരത്തിലോ മനസ്സിലോ യാതൊരു നിയന്ത്രണവുമുണ്ടായിരുന്നില്ല. കടലാസ്സു തുണ്ട് പറക്കുന്നത് കാൺകേ ഉറക്കെയുറക്കെ ചിരിയ്ക്കാനും പൂ വാടുന്നത് കാൺകേ പൊട്ടിപ്പൊട്ടിക്കരയാനും എനിയ്ക്ക് കഴിഞ്ഞിരുന്നു.
വെറ്റിലച്ചോപ്പിലും കറുപ്പ്  നിറം തെളിഞ്ഞു കാണുന്ന വായ തുറന്ന്  ചോക്ലേറ്റ് തിന്നുന്ന കുഞ്ഞിനെപ്പോലെ അവൻ പറഞ്ഞു “നിങ്ങളുടെ പേരെനിയ്ക്ക് പരിചിതമാണല്ലോ. പെങ്ങളുടെ പേര് അല്ലെങ്കിൽ അമ്മയുടെ പേര്, അത് പോലെ പരിചിതം“ ആ മുഖത്ത് കടലിന്റെ ആഴമുണ്ടായി, അസാധാരണ വലുപ്പത്തിൽ, തിളങ്ങുന്ന കണ്ണുകളിൽ അഭൌമ ശാന്തി പരന്നു. അപ്പോൾ കളിയാക്കിച്ചിരി എന്റെ ചുണ്ടുകളിൽ തന്നെ ഉറഞ്ഞു പോയി.
അവന്റെ ബുദ്ധിശക്തിയേയും കഴിവുകളെയും കുറിച്ച് ഒരുപാട് കഥകൾ കാറ്റും മഴയും വെയിലും മഞ്ഞും എന്നോട് പറഞ്ഞുവെങ്കിലും ഞാനവയൊന്നും പരിഗണിച്ചതേയില്ല. അതുകൊണ്ട് സാധാരണമായ ഈ ലോകത്തിനു വേണ്ടി ഉയർത്തിപ്പിടിച്ചിരുന്ന എന്റെ നുണക്കൂടാരത്തിന്റെ കൊടിക്കൂറ അതേ കൌശലത്തോടെ ഞാനവനു വേണ്ടിയും പ്രദർശിപ്പിച്ചു. പല വർണ്ണങ്ങളുള്ള കൊടിക്കൂറയുടെ പകിട്ടിൽ അവന്റെ കണ്ണുകൾ മഞ്ഞളിയ്ക്കുന്നത് കണ്ട് ഞാൻ രഹസ്യമായി പൊട്ടിച്ചിരിയ്ക്കുകയും ആ വാഴ്ത്തപ്പെട്ട ബുദ്ധിശക്തിയെ അപഹസിയ്ക്കുകയും ചെയ്തു. അവനെ വിഡ്ഡിയാക്കി, ആഘോഷത്തിന്റെ മുദ്രമോതിരം ധരിയ്ക്കാൻ  തയാറെടുത്തിരുന്ന എന്നോട് കണ്ണുകളിൽ സ്വന്തം നയനങ്ങൾ കോർത്ത് അവൻ കല്പിച്ചു. “ഈ മുഖപടം ധരിച്ച് എന്നെ വഞ്ചിക്കരുത്“ 
അതായിരുന്നു ആ നിമിഷം.
കണ്ണുകളിലൂടെ അവൻ എന്റെ മറുപുറം കണ്ടു. വസ്ത്രത്തിനു മുകളിലൂടെ നിർജ്ജീവമായിരുന്ന തൊലിയെ തൊട്ടു. മരവിച്ചു പോയിരുന്ന മാംസപേശികൾക്കും ഒടിഞ്ഞു നുറുങ്ങിയിരുന്ന എല്ലുകൾക്കും ഉറഞ്ഞു കെട്ടിരുന്ന  രക്തത്തിനുമുള്ളിൽ കൈകളുയർത്തി നിരാലംബമായി  തേങ്ങിക്കരയുന്ന അനാഥവും പിഞ്ഞിക്കീറിയതുമായ ഈ ആത്മാവിനെ സ്വന്തം കൈകളിൽ കോരിയെടുത്തു. 
ഞാൻ ഒപ്പ് ചാർത്തിയാൽ മാത്രം മാറ്റാനാവുന്ന ബ്ലാങ്ക് ചെക്കാണ് അവനെന്ന് പറഞ്ഞപ്പോൾ അക്ഷരങ്ങൾ ഓരോന്നായി പെറുക്കിയെഴുതി അടിയിൽ വരയ്ക്കുന്ന എന്റെ ഒപ്പിന്റെ മൂല്യത്തെക്കുറിച്ച് ഞാനാദ്യമായി ആലോചിയ്ക്കുവാൻ തുടങ്ങി. സൌഹൃദമെന്ന വാക്കിന് എന്റെ മുഖച്ഛായയാണെന്ന് കേട്ടപ്പോൾ ഒരു കണ്ണാടി കാണുവാൻ ഞാൻ കൊതിച്ചു. വിളിയ്ക്കുമ്പോൾ അരികിലിരുന്ന് സംസാരിയ്ക്കുവാൻ അയയ്ക്കുമെന്ന ഉറപ്പിൽ മാത്രമേ എന്നെ മരണത്തിന് പോലും കൈമാറുകയുള്ളൂ എന്നവൻ പറഞ്ഞപ്പോൾ നിശിതമായ ആ കണക്കു പറച്ചിലിൽ എനിയ്ക്ക് പിന്നെയും ചിരി വന്നു.
അപ്പോഴേയ്ക്കും ലോകം വലിയ വായിൽ തർക്കിക്കാൻ തുടങ്ങിയിരുന്നു. കടന്നു പോയവയും വരാനിരിയ്ക്കുന്നവയുമായ യുഗങ്ങളെല്ലാം തന്നെ  ഇരുപത്തിനാലു മണിക്കൂറും മുന്നൂറ്ററുപത്തഞ്ചു ദിവസവും നിറുത്താതെ  തർക്കിച്ചു. നിയമങ്ങളും മതവും വിശ്വാസവും ആചാരവും എന്തിന് മാറ്റങ്ങൾക്കായി ദാഹിയ്ക്കുന്ന വിപ്ലവം പോലും ലോകത്തോടൊപ്പമായിരുന്നു.  ലോകത്തിന് ഞങ്ങൾ അനാവശ്യവും അനാശാസ്യവുമായി. 
ചിലർ അവനെ ടാഗോറെന്ന് വിളിച്ചു, ബിൻലാദനെന്നും ഖാൻ സാഹിബെന്നും മറ്റ് ചിലരും.  ഇനിയും ചിലർ ഓഷോയെന്നും ഗുരുവെന്നും…….. എന്നാൽ പ്രാന്തനെന്നും തെണ്ടിയെന്നും ദരിദ്രവാസിയെന്നും വിളിച്ചവരും കുറവായിരുന്നില്ല. അമ്പലങ്ങൾ അവനെ മാപ്പിളയെന്നും മുസ്ലിമെന്നും വിളിച്ചകറ്റിയപ്പോൾ പള്ളികൾ അവന്റെ തുകിലിലും നാമത്തിലും പരിഭ്രമിച്ചു നിന്നു.
പുല്ലാങ്കുഴലും ഗിറ്റാറും മൃദംഗവും അവന്റെ വിരൽത്തുമ്പുകളെ പ്രണമിച്ചിട്ടും, ഞാനാവശ്യപ്പെട്ട വിഡ്ഡിപ്പാട്ടുകൾ അവൻ യാതൊരു മടിയും കൂടാതെ ശ്രുതി മധുരമായി ആലപിച്ചു. കടുകു വറുത്തിട്ട അവിയലും പച്ചവെള്ളത്തിൽ വേവിച്ച ഉപ്പുമാവും അവനെനിയ്ക്ക് കഴിയ്ക്കുവാൻ തന്നു. ഉരുക്കു കമ്പികൾ വളച്ചുണ്ടാക്കിയ ഇരിപ്പിടവും സ്വന്തം കൈയാൽ തുന്നിയ അങ്കിയും സമ്മാനിച്ചു. യന്ത്രങ്ങൾ ആട്ടിൻ കുട്ടികളെപ്പോലെ അവനെ അനുസരിച്ചപ്പോൾ കാറ്റും മഴയും വെയിലും മഞ്ഞും അവനു മുൻപിൽ നാണിച്ചു  തല കുനിച്ചു.
ഉണങ്ങിച്ചുരുണ്ട ഇലകളോടും വാടിക്കരിഞ്ഞ പൂക്കളോടും പോലും അവൻ പുഞ്ചിരിച്ചു. മുറിവേറ്റ എല്ലാ മൃഗങ്ങളെയും തലോടി. വറ്റിപ്പോയ ജലധാരയോടും ഇടിഞ്ഞു പരന്നു പോയ കുന്നുകളോടും സംസാരിച്ചു. അവൻ നടക്കുമ്പോൾ ഉറങ്ങിക്കിടന്ന വിത്തുകൾ ഭൂമിക്കടിയിൽ നിന്ന് പുതു നാമ്പുകൾ നീട്ടി ആ പാദങ്ങളെ പുൽകി. അവനായിരുന്നു പ്രപഞ്ചത്തിന്റെ ഐശ്വര്യം.
ഞാൻ ചിരിച്ചപ്പോൾ അവൻ ചിരിച്ചു, ഞാൻ കരയുമ്പോൾ അവൻ മൌനിയായി. ഞാൻ കോപിച്ചപ്പോൾ  അവൻ തല കുനിച്ചു. എന്നാൽ എന്റെ മുറിവുകളുടെ ആഴങ്ങളെ ഒരിയ്ക്കലും മടുക്കാതെയും തളരാതെയും നക്കിയുണക്കിക്കൊണ്ടിരുന്നു. കാർന്നു  കാർന്നു തിന്നുന്ന വേദനയുടെ വാലൻപുഴുക്കളെ പോലും അവന്റെ വിരലുകൾ ക്ഷമയോടെ എപ്പോഴും എന്നിൽ നിന്നകറ്റി.
സ്വന്തം പേരെഴുതിയ യാതൊന്നും അവന് ഈ പ്രപഞ്ചത്തിലുണ്ടായിരുന്നില്ല. മഹാപ്രപഞ്ചത്തിന് മുന്നിൽ  ഒരു അടയാളവുമവശേഷിപ്പിയ്ക്കാനുള്ള കേമത്തമില്ലെന്ന് അവൻ പറഞ്ഞപ്പോൾ അത് മറ്റാരിലുമില്ലാത്ത കേമത്തമാണെന്ന് ഞാനറിഞ്ഞു. എന്നിട്ടും ഗർഭപാത്രങ്ങളുടെ ഒടുങ്ങാത്ത അഹന്തയും  ബീജങ്ങളുടെ അനാദിയായ ഉടമസ്ഥതയും അവനെ നിരന്തരം പരിഹസിയ്ക്കുകയും അപമാനിയ്ക്കുകയും ചെയ്തു. രക്തബന്ധത്തിന്റെ ആണിപ്പഴുതുള്ള അളവു പാത്രമുപയോഗിച്ച്  ആകാശത്തോളം നീളമുള്ളവനും ചക്രവാളത്തോളം വീതിയുള്ളവനുമായ അവനെ അളന്നു കുറിയ്ക്കുവാൻ ദീക്ഷയെടുത്തു. തലമുടികൊണ്ടും താടികൊണ്ടും അവനു ചുറ്റും വേലി കെട്ടുവാനായേയ്ക്കുമെന്ന് ലോകം കരുതി.
കടലോളം സ്നേഹവും കുന്നോളം കരുതലും മഴയോളം വാത്സല്യവും വെയിലോളം പ്രകാശവും നൽകി അവൻ വളർത്തിയ സ്വപ്നങ്ങൾ കുഞ്ഞിക്കണ്ണുകൾ മിഴിച്ച്, കൈകൾ നീട്ടി അവനെ സ്പർശിച്ചു, കാലുകൾ പെറുക്കി അവനൊപ്പം നടന്നു, പുരികം ചുളിച്ച് അവനെപ്പോലെ ചിരിച്ചു. അങ്ങനെയങ്ങനെ അവൻ കണ്ട സ്വപ്നങ്ങളെല്ലാം ഭാവിയുടെ സത്യമായി.
മരിയ്ക്കാത്തതും മുറിയാത്തതുമായ സ്വാതന്ത്ര്യത്തിന്റെ താക്കോൽ അവനെനിയ്ക്ക് നൽകി. അവന്റെ അരികിലിരിയ്ക്കുമ്പോൾ ഞാൻ ആഹ്ലാദമായിത്തീർന്നു. എന്റെ പേര് അഭിമാനമെന്നായി മാറി.
അവൻ…….അവനാണെന്റെ കൂട്ടുകാരൻ.

Monday, October 17, 2011

ഒരു കവിതാ വായന



പുസ്തകം – ഉന്മത്തതകളുടെ ക്രാഷ് ലാൻഡിംഗുകൾ
രചയിതാവ് – രാജേഷ് ചിത്തിര
പ്രസാധകർ - സൈകതം ബുക്സ്

ഒക്ടോബർ 5 2011 ( പുസ്തക വിചാരത്തിൽ വന്നത് )

ഉള്ളുലയ്ക്കുന്ന, ചിന്തകളെ ആകെ ഉഴുതു മറിയ്ക്കുന്ന കവിത എഴുതുവാൻ, മനസ്സിനെ സ്പർശിയ്ക്കുന്ന വശ്യമായ സംഗീതം കൊടുക്കുവാൻ, സാങ്കേതികത്തികവോടെ ശ്രുതി മധുരമായി ആലപിയ്ക്കുവാൻ എല്ലാം അസാധാരണമായ പ്രതിഭ ആവശ്യമാണ്. പക്ഷെ, ഇതെല്ലാം ആസ്വദിയ്ക്കുന്നവരിൽ മഹാഭൂരിപക്ഷവും പ്രതിഭയുടെ അക്ഷയ സൂര്യകാന്തി പ്രദർശിപ്പിയ്ക്കുന്നവരൊന്നുമാവാറില്ല. വെറും സാധാരണക്കാരായ അവരിൽ ചിലർ പിടിച്ച വരികൾ മന:പ്പാഠമാക്കും, ആരെഴുതിയെന്നോർമ്മിയ്ക്കും, ഏതു പുസ്തകമെന്നും സംഗീതമാരുടെയെന്നും ആലാപനമാരുടെയെന്നും ഓർത്തു വെയ്ക്കും.
എനിയ്ക്കും അത്രമാത്രമേ സാധിയ്ക്കാറുള്ളൂ.
മൂന്നു വയസ്സു മുതൽ കുട്ടിക്കവിതകൾ ശീലിച്ചു...
പിന്നെ അക്ഷരങ്ങൾ എന്റെ കൂടെ നടക്കുവാൻ തുടങ്ങി.
കണ്ണിൽ വെള്ളം നിറയ്ക്കുന്ന തൊണ്ട അടയ്ക്കുന്ന വരികൾ, തലയിൽ തീച്ചക്രം തിരിയ്ക്കുന്ന വരികൾ,
കൈ ചുരുട്ടി ചുവരിലിടിയ്ക്കാൻ തോന്നുന്ന വീറും വാശിയുമേകുന്ന വരികൾ, മഞ്ഞു തുള്ളിയുടെ തണുപ്പും പൂക്കളുടെ സൌരഭ്യവും തരുന്ന വരികൾ.. അങ്ങനെ എന്തൊക്കെയോ........അവയെ എല്ലാം കവിത എന്നു വിളിയ്ക്കാനാണ് എനിയ്ക്കിഷ്ടം.
ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകളിൽ കുറേയേറെ വരികൾ  ആദ്യവായനയിൽ എന്നെ കബളിപ്പിച്ചു അകലെ മാറി നിന്നു. രണ്ടാം വായനയും മൂന്നാം വായനയും എനിയ്ക്ക് കൂടുതൽ വല്ലതും പറഞ്ഞു തരുമായിരിയ്ക്കുമെന്ന് ഞാൻ കരുതി.കാരണം കവിത എന്നെ അങ്ങനെ നോക്കാതെ പോവുകയില്ലെന്ന വിശ്വാസം.....വല്ലതും പറയും.... പറയാതിരിയ്ക്കില്ല.
ആ ഒരു പാവം വിശ്വാസത്തിന്റെ പ്രേരണ മാത്രമാണീ കുറിപ്പ്.

“മലങ്കോട്ടയം“ വായിച്ച് കഴിഞ്ഞിരുന്നു. അപ്പോഴാണ് തിരുവനന്തപുരത്തും കോട്ടയത്തും പാലക്കാടും കണ്ണൂരും എല്ലാം യാത്ര പോയത്. മലയെല്ലാം നാടു വിട്ടു പോകുന്നതു കണ്ടു.
ചോരച്ചാലുകൾ കറുത്ത റോഡിലൂടെ ഒലിപ്പിച്ച് ഓരോ മലയും ....... നാടു വിട്ടു പോയ മലകളെത്തേടി നെഞ്ചത്തടിച്ചു ചത്തു വീണ ബാക്കി മലകൾക്കിടയിൽ പെട്ട് കുഞ്ഞുങ്ങൾ
…അതെ, കുഞ്ഞുങ്ങളും പൊതുവേ ചില മനുഷ്യരും ഇങ്ങനെയാണ് മലയിടിച്ചിലുണ്ടാകുന്നേടത്തു നിന്ന് മാറി നിൽക്കില്ല.
“അല്ലെങ്കിൽ
ഇടത്തെക്കോണിൽ
എന്റെ ഹൃദയം മിടിയ്ക്കുന്നത്
വലത്തേ കയ്യിലെ വാക്കുകളായി
നിന്നെത്തേടി വരില്ലല്ലോ“ ( കാഴ്ച )
പലവുരു നിരത്തി വെട്ടിമാറ്റിയിട്ടും വരുതിയിലാക്കിയെന്ന് കരുതിയിട്ടും ഒടുവിൽ പാകമായ ഒരു കാഴ്ച തന്നെയായി അവസാനവരികളിൽ കവിത. മറ്റു വരികളൊന്നും ഓർമ്മിയ്ക്കാനായില്ലെങ്കിൽക്കൂടിയും ഈ വരികൾ മറക്കുവാൻ സാധിയ്ക്കുകയില്ല. 
“ഓരോ നിമിഷവും ആഘോഷിക്കാനാണെന്ന്
പഠിപ്പിയ്ക്കുന്നത് ഉറപ്പുകളെ
ഒഴിവാക്കാനാണ്.“ ( അമ്പത്തിയാറിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ)

ഇതെങ്ങനെ മനസ്സിലായി എന്ന് മനസ്സിന്റെ അൽഭുതം. അങ്ങനെയുള്ള  ആഘോഷങ്ങളിൽ പെട്ട് ഒരു ജീവിതമാകെ ഒലിച്ചു പോകുന്നു. അമ്പത്തിയാറിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോഴും ഒരു പ്രതിജ്ഞയും പാലിയ്ക്കാനാവാതെ
….
ചില കവിതകളിലെ ചില വരികൾ എഴുതിയ കവിയോട് എനിയ്ക്ക് അഗാധമായ അടുപ്പമുണ്ടായി. സാധാരണ വായനക്കാർ എഴുത്തുകാരെ തിരിച്ചറിയുന്നത് ഈയൊരു രാസവിദ്യയാലാണെന്ന് ഞാൻ കരുതുന്നു. ഞാനാലോചിയ്ക്കുന്നത്, ഞാൻ കാണുന്നത്, ഞാനറിയുന്നത് ഞാനനുഭവിയ്ക്കുന്നത് എന്നെക്കാണാതെ മനസ്സിലാക്കാനാവുന്ന ഒരാളോടുള്ള ആ‍ദരം…
“നമ്മൾ നമ്മളെന്നില്ലെന്ന് ആരോ……“( ആരോ…ആരോടെന്ന് )
“ഇത്രയധികം എഴുതാൻ പ്രണയത്തിന്റെ
എത്ര കടൽ പേറുന്നുണ്ടാകും ആകാശമനസ്സെന്ന് ഞാൻ“ ( ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ നമ്മൾ )
“ഒരു വണ്ടിയുടെ വരവിൽ
പറയാനാവാത്തെന്തോ
പറയുമ്പോൾ വിറയ്ക്കുന്നതു
കണ്ടിട്ടുണ്ടോ ഒരു തീവണ്ടിയാപ്പീസ്“ ( സ്റ്റേഷനതിർത്തികൾ )
“വെടിക്കോപ്പ് തീർന്നു പോയ ടാങ്കുകളിലെ
പട്ടാളക്കാരുടെ നിസ്സംഗമുഖങ്ങൾ“ (പനിക്കാഴ്ചകൾ)
“ഉപേക്ഷിയ്ക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേയ്ക്ക്
ഞാൻ തിരിച്ചു നടക്കുന്നു“ (കാലത്തിന്റെ സ്റ്റാച്യൂ പറച്ചിൽ)

ഇങ്ങനെ കുറെ വരികൾ. അതൊക്കെ പകർത്തിയെഴുതേണ്ടതില്ലെങ്കിലും……
“ഉറക്കം“ എനിയ്ക്കൊരു പുഞ്ചിരി തന്നു.
“ഓർമ്മ“ ഒരുപാട് ഓർമ്മക്കാറ്റുകളുടെ ചുഴലികളിൽ  എന്നെയും വീശിയെറിഞ്ഞു.
“കുന്നിൻ ചരുവിലെ മരം,
ഇലകളിൽ നിന്നു മഴത്തുള്ളിയെ
കൈവിടും പോലെ… “ എത്ര വാസ്തവമെന്ന് നിനച്ചു ഞാൻ. ചുഴലികളിൽ പെട്ട് വാടിപ്പോവുമ്പോഴും കുടഞ്ഞു കളയാനാവാത്ത എണ്ണമറ്റ ഓർമ്മകൾ.
“അധിനിവേശം“  വല്ലാതെ അസ്വസ്ഥമാക്കുന്ന വരികളാൽ  കുത്തിത്തുളയ്ക്കുന്നു. ഉത്തരേന്ത്യയിൽ എന്നോടൊപ്പം ജോലി ചെയ്ത പരമദരിദ്രരും പട്ടിണിപ്പാവങ്ങളുമായ മനുഷ്യരെയും, മുൻപിലിരുന്നു ദീനദീനം പൊട്ടിക്കരഞ്ഞവരെയും, നഷ്ടപ്പെടുവാൻ സ്വന്തം ജീവൻ പോലും സ്വന്തമായി ഇല്ലാത്തവരെയും……. ഓർമ്മിപ്പിച്ചു. എപ്പോഴും വിങ്ങുന്ന വേട്ടയാടുന്ന വേദനകളുടെ കൂടിളക്കുവാൻ ആ വരികൾക്ക് കഴിയുന്നു.
ഇസ്മെയിൽ ശരിയ്ക്കും ഒരു ഇസ്മെയിൽ തന്നെ. മലബാർ ഭാഷയുടെ താളം ഒരു പക്ഷെ, ഇക്കവിതയിൽ മാത്രമാണുള്ളത്. സ്നേഹവും വാത്സല്യവും തോന്നിപ്പിയ്ക്കുന്ന ചങ്ങാത്തത്തിന്റെ ഇമെയിൽ കിട്ടുമ്പോലെ കുറച്ചു വരികൾ.
ഞാൻ നടന്നു ശീലിച്ച ഇരുണ്ട് പച്ചച്ച ഗുഹ പോലുള്ള നാട്ടിടവഴിയുടെ ഒരു ഫീലുണ്ടായിരുന്നു വരികളിൽ പലതിനും. പരിചയമുള്ള ചില മണങ്ങൾ, ചില രുചികൾ, ചില തോന്നലുകൾ…പ്രത്യേകിച്ച് “ഓർമ്മകൾ ചൂളം കുത്തിയ്ക്കുന്ന പുകത്തീവണ്ടികൾ“ എന്ന കവിതയിലെ പഴയ കാല കാർഷിക സംസ്കാരത്തെ വായിയ്യ്ക്കുമ്പോൾ. വളരെ സജീവമായ ഒരു ഗ്രാമ ചിത്രം മനസ്സിലുയർന്നു.
“കൈത്തോട്” എന്ന കവിത കുട്ടിക്കാലത്തെ ഒരു കളിയെ ഓർമ്മിപ്പിയ്ക്കുന്ന മാതിരിയാണു വിന്യസിച്ചിരിയ്ക്കുന്നത്. മഞ്ചാ‍ടിക്കുരുക്കൾ വാരിയിട്ട് മുകളിൽ നിന്ന് താഴേയ്ക്ക് ഒഴുക്കുണ്ടാക്കുന്ന ഒരു പാവം കളിയുണ്ടായിരുന്നു. പാവമെങ്കിലും ഇടയിൽ ചില്ലറ കുരുക്കുകളുണ്ടായിരുന്നു ആ കളിയിൽ. ഇവിടെയാവട്ടെ കുരുക്കിനു പകരം പരന്ന് പടർന്ന് പുകയുകയാണ് കൈത്തോട് .
“പരിണാമത്തിന്റെ ചില പുനരന്വേഷണങ്ങൾ“  കവിതയുടെ പേരാണ്.ഒരു പ്രത്യേക തരം ഹാസ്യമുണ്ട് ഈ വരികളിലെന്ന് തോന്നി. നമുക്കൊക്കെ പരിചയമുള്ള ചില നാടൻ പ്രയോഗങ്ങളുണ്ടല്ലോ, വാലു വെന്ത നായ, നായക്കിരിയ്ക്കാൻ നേരമില്ല, കുറ്റിയ്ക്കു ചുറ്റും പയ്യ്……അവയെക്കൊണ്ട് ഒരു കവിത. ആ തലക്കെട്ട് കൂടിയാവുമ്പോഴാണു ശരിയ്ക്കും ആ പ്രത്യേക തരം ഹാസ്യമുണ്ടാകുന്നത്.
“ഉളിപ്പേച്ച്“ എന്ന കവിതയെ കാണാതെ പോകുവാൻ കഴിയില്ല. ഒരുത്തനും വേണ്ടിപ്പോ ബാലനാശാരിയെ  എന്ന് വായിയ്ക്കുമ്പോഴേക്കും ഒരുപാട് മാറ്റങ്ങൾ നാം കണ്ടു കഴിയുന്നു. ശോഷീച്ച വരമ്പും, ഒറ്റ രാത്രിയിൽ വറ്റിപ്പോകുന്ന മൂന്നു പറക്കണ്ടവും, അയ്യാറെട്ടിനും പുഞ്ചയ്ക്കും പകരം എത്തിയ റബറുമെല്ലാം സ്വാഭാവികമായും ആർക്കും വേണ്ടാത്ത ബാലനാശാരിയിലേയ്ക്കും എറക്കുമതി വെള്ളത്തടിയിലേയ്ക്കുമാണ് പരക്കുന്നത്.
ഒരു പ്രവാസിയുടെ ഏകാന്തമായ ആധികളും അകലത്തിന്റെ ആഘാതവും വിദൂരമായ പ്രണയവുമെല്ലാം കവിതകളായി വന്നു തൊടുന്നുണ്ട്. തുറമുഖവും ഓർമ്മക്കിണറും പ്രണയം പൂത്തൊരു കാട്ടിൽ നമ്മളും എല്ലാം പ്രവാസിയായ ഒരു കവിയെ കാണിച്ച് തരുന്നു.
സാധാരണ വായനക്കാരി എന്ന നിലയിൽ കവിതകൾ ഇത്തിരി ദുർഗ്രഹമാകുന്നുവെന്ന് പറയാതിരിയ്ക്കാൻ വയ്യ. കവിയ്ക്ക് എഴുതുവാനും വായനക്കാരന് മനസ്സിലാക്കുവാനും കഴിവുണ്ടാക ണമെന്ന് പറയുമ്പോൾ പോലും ആദ്യ വായനയിൽ അകന്ന് മാറി നിൽക്കുന്ന വരികളെ വശപ്പെടുത്തുവാൻ പ്രത്യേകമായ ഒരു മനസ്സൊരുക്കം ആവശ്യപ്പെടുന്ന രചനകളും ഇതിലുണ്ട്. ഒരുപക്ഷെ, വരികളെ നിർദ്ദയം വെട്ടിച്ചുരുക്കി കൊണ്ടുവരുന്നതുകൊണ്ടാകാം.
തന്റെ രചനാലോകത്തിലെ ചക്രവർത്തിയാകുന്നു ബ്ലോഗറെന്നും ആരും എഡിറ്റ് ചെയ്യാത്ത ബ്ലോഗിലെ രചനകൾക്ക്  അതിരില്ലാത്ത സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് ബ്ലോഗ് രചനകൾ വെറും ഉപരിപ്ലവമാണെന്നും പറഞ്ഞു കേൾക്കാറുണ്ട്. ഉന്മത്തതകളുടെ ക്രാഷ് ലാന്റിംഗുകൾ  തീർച്ചയായും ഈ പറഞ്ഞു കേൾക്കുന്നതിൽ നിന്നും വിഭിന്നമായ ഒരു പുസ്തകമാണ്. കൈയടക്കമുള്ള കാമ്പുറ്റ വരികൾ രചിയ്ക്കാനായി  എന്ന് കവിയ്ക്കും പുസ്തകമായി കാണും മുൻപേ സൂക്ഷമദർശിനി എന്ന ബ്ലോഗിൽ കവിതകളെ പരിചയപ്പെടുവാനായി എന്ന് വായനക്കാരനും പുതിയ കാലത്തിന്റെ, പാരസ്പര്യമുണ്ടായത് കവിതകൾ ആദ്യം ബ്ലോഗിൽ വന്നതുകൊണ്ടുമാത്രമാണല്ലോ.

Friday, October 14, 2011

ആദ്യരാത്രി


മാംഗല്യം തന്തുനാനേന
മമ ജീവന ഹേതുനാ
കണ്ഠേബധ്നാമി ശുഭകേ
ത്വം ജീവശാശ്വതംശതം

നല്ലപോലെ കാച്ചി ധാരാളം മധുരമിട്ട പാലും കുറെ പഴങ്ങളുമുണ്ടായിരുന്നു മേശപ്പുറത്ത്. ഭംഗിയായി വിരിപ്പിട്ട ഇരട്ടക്കട്ടിലും മൃദുവായ കാറ്റും വേദനിപ്പിയ്ക്കാത്ത വെളിച്ചവുമുള്ള മുറി. ആദ്യമായി പരസ്പരമറിയാൻ, ഒന്നായി ലയിച്ചു ചേരാൻ, മനോഹരമായ അന്തരീക്ഷം… സംഗീതത്തിന്റെ നീലിമയോലും സൌമ്യത…. 

സിഗരറ്റിന്റെയും കുട്ടിക്കൂറാ പൌഡറിന്റേയും ഗന്ധമുള്ള റോസ് നിറമാർന്ന വിരലുകൾ. ചന്ദന നിറമുള്ള നെഞ്ചിലെ ഇരുണ്ട രോമരാജി…… മോഹിപ്പിയ്ക്കുന്ന സൌന്ദര്യം…എന്റെ …അതെ… എന്റെ  

“ഭാര്യയുടെ ചുമതലകൾ അറിയാമോ?“

കാര്യേഷു മന്ത്രി കരണേഷു ദാസി
………………………………….
………………………………….
ഷഡ്കർമ്മ നാരീ കുലധർമ്മ പത്നി.

ആദ്യരാത്രി ആടിത്തീരുന്ന ശ്ലോകത്തിന്റെ പാദമേത്? കറുത്തിരുണ്ട തലമുടിയിൽ ഒളിച്ച് കളിയ്ക്കാമെന്ന് കവിതകളിൽ പുലമ്പിയ വിഡ്ഡി ആര് ? മൃദുലമായ മുടിയിഴകൾ നെഞ്ചിൽ തലോടുമ്പോൾ രോമാഞ്ചം വരുമെന്നെഴുതിയ കോന്തൻ എവിടെ? മുഖഭംഗിയും മുടി ഭംഗിയും ദേഹഭംഗിയും പെണ്ണിന്റെ ഐശ്വര്യമെന്ന് പഠിപ്പിച്ചവർ……വിനയവും, ക്ഷമയും, സഹനവും  പാടിത്തന്നവർ……..എല്ലാവരും കണ്മുൻപിൽ നിരന്ന് നിൽക്കട്ടെ

നീളം കൂടിയ തലമുടിയെ കയറു പോലെ കട്ടിൽപ്പടിയിൽ ചുറ്റിക്കെട്ടാനുമാകുമെന്ന്  ഇതുവരെ ആരും പറഞ്ഞു തന്നില്ലല്ലോ. കവിതയിലോ കഥയിലോ നാടകത്തിലോ പഴഞ്ചൊല്ലിലോ ഒന്നും…….പല തരം സുഖങ്ങൾക്ക് പല തരം ബന്ധനമാവശ്യമാണെന്ന്….. മാത്രമല്ല പാടില്ലാത്ത സ്ഥാന ചലനങ്ങളിൽ മുടിയിഴകൾ മുറുകി വലിഞ്ഞുകൊണ്ട്, വേദനയുടെ കടന്നലുകളായി താക്കീതു നൽകുമെന്ന്……..

“അനങ്ങിപ്പോകരുത്, ”

ഇവൾക്ക് വരമായി, ഭാഗ്യമായി, യോഗമായി ലഭിച്ച പ്രേമപാഠങ്ങൾ, ഭർതൃ ശുശ്രൂഷകളുടെ പത്തു കൽ‌പ്പനകൾ…….

മോഹിച്ച സുന്ദരിയുടെ ചിത്രപടമായിരുന്നു വിരിയ്ക്കെപ്പെട്ട മെത്ത. ഉത്സവങ്ങളിലെല്ലാം അവളുടെ ദിവ്യ സുഗന്ധമായിരുന്നു.കിതയ്ക്കുന്ന തളർച്ചയിലും വഴുത്ത വിയർപ്പിലും  കുതിരുമ്പോഴും സിഗരറ്റ് മണമുള്ള ചുണ്ടുകൾ ആ പേരാണ്, ആ സുന്ദരിയുടെ മാത്രം പേരാണു മന്ത്രിച്ചത്. പ്രേമവും സമർപ്പണവും അനാഥമായ, മഹാമൌനങ്ങളിൽ ഒടുങ്ങിയ കണ്ണിരുണങ്ങിപ്പിടിച്ച രാത്രിയിൽ ഉമ്മകൾ മുളകായി നീറിയെരിഞ്ഞു, ഇക്കിളി ഒരു ആട്ടു തന്നു, രോമാഞ്ചം കാർക്കിച്ചു മുഖത്താഞ്ഞു തുപ്പി. 

ഈ ശരീരം വലിച്ചെറിഞ്ഞ് ആ കൊതിയ്ക്കപ്പെടുന്ന  മേനി നേടാൻ ഏതു ദൈവത്തിന്റെ പടിപ്പുരയിലാണ് ഭജനം പാർക്കേണ്ടത്? ഈ മനസ്സ് പിഴുതെടുത്ത്  ഏതു കുപ്പത്തൊട്ടിയിലാണ് വലിച്ചെറിയേണ്ടത്? 

കണ്ണാടിയിലെഴുതിയ മുഖവും ശരീരവും പരിഹാസത്തോടെ ആർത്തട്ടഹസിച്ചപ്പോൾ, വലിച്ചെറിഞ്ഞ കണ്ണാടിത്തുണ്ടുകളിൽ ആയിരം കഷ്ണമായി  തെളിഞ്ഞു  ഈ  ചുവന്നു നീലിച്ച പത്നീ മുഖം.

പതിനെട്ടു വയസ്സിൽ വായ് നിറയെ കയ്ക്കാനും വയറു നിറയെ വെറുക്കാനും ഈ രുചിയും മണവും ധാരാളം മതി.

നീളമേറിയ തലമുടിയെ കട്ടിൽ‌പ്പടിയിൽ നിന്നഴിച്ച് ആ കഴുത്തിലാണു ചുറ്റിക്കെട്ടേണ്ടത്….പിന്നെ വലിച്ചു മുറുക്കണം. എന്നിട്ട്……. എന്നിട്ട്……ഇല്ലാക്കഥകൾ പറഞ്ഞു വിശ്വസിപ്പിച്ച ഈ മഹാ പ്രപഞ്ചത്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പണം…..



Monday, September 19, 2011

പെൺകുട്ടികളുടെ അമ്മ.


(21.08.2011 വർത്തമാനത്തിലെ പെണ്ണിടത്തീൽ പ്രസിദ്ധീകരിച്ചത്)

അമ്മയുടെ ബന്ധത്തിൽ ഉള്ള ഒരു പെരിയപ്പാവിനേയും പെരിയമ്മയേയും കാണാനാണ് അനിയത്തിയുടെ ഒൻപത് വയസ്സായ മകളേയും കൂ‍ട്ടി ഞാൻ ആ ഓൾഡ് ഏജ് ഹോമിൽ പോയത്. അമ്മയുടെ പ്രതിനിധി എന്ന നിലയ്ക്കുള്ള ഒരു സന്ദർശനം.

മനോഹരമായ പൂന്തോട്ടത്തിനു ചുറ്റുമായി നാലഞ്ചു ബ്ലോക്കുകളിൽ പടർന്ന് കിടക്കുന്ന ഒന്നായിരുന്നു അത്. കൌസ്തുഭം, ശ്രീവത്സം, വനമാല എന്നൊക്കെയായിരുന്നു ഓരോ ബ്ലോക്കുകളുടേയും പേരുകൾ. എല്ലാ ബ്ലോക്കുകൾക്കും പിറകിൽ ചീരയും പയറും പടവലവും മത്തനും പാവലും അടങ്ങുന്ന വലിയ വലിയ പച്ചക്കറിത്തോട്ടങ്ങൾ. പൊതുവായ ഒരു പ്രാർഥനാ മന്ദിരം. സോമനെന്ന് പേരുള്ള പാളത്താറുടുത്തവരും അമേരിയ്ക്കയുടെ കൊടിത്തുണിയാൽ തയിച്ച ബർമുഡ ധരിച്ചവരുമായ പുരുഷന്മാരും പതിനെട്ട് മുഴം ചേലയെന്ന് പേരുള്ള കോശാപ്പുടവയുടുത്തവരും സ്ലീവ് ലസ് കമ്മീസും ചോളിയുമണിഞ്ഞ സ്ത്രീകളും അവിടത്തെ അന്തേവാസികളായി കാണപ്പെട്ടു. 

ദോഷമൊന്നും പറയാനില്ലാത്ത നടത്തിപ്പായിരുന്നു ഹോമിന്റേത്. ഭേദപ്പെട്ട രുചിയുള്ള ഭക്ഷണം സമയാസമയങ്ങളിൽ കിട്ടിയിരുന്നു. നിത്യേനയുള്ള പ്രഭാത പൂജയും സന്ധ്യാ വന്ദനവും, എല്ലാ ആഴ്ചയിലും മെഡിക്കൽ ചെക്കപ്പ്, വായിയ്ക്കാൻ തമിഴിലും ഇംഗ്ലീഷിലും പത്രമാസികകൾ, മാസത്തിൽ രണ്ട് തവണ പാട്ടുകച്ചേരിയോ ഭരത നാട്യമോ…. അങ്ങനെയങ്ങനെ കാര്യങ്ങൾ മുറ തെറ്റാതെ ഒരു ക്ലോക്കു പോലെ അവിടെ നടന്നുകൊണ്ടിരുന്നു.

വേഷഭൂഷകളിൽ അല്പം അന്തരമുണ്ടായിരുന്നുവെങ്കിലും അനാഥരും വലിച്ചെറിയപ്പെട്ടവരുമാണെന്ന ദൈന്യം എല്ലാ മുഖങ്ങളിലും ചലനങ്ങളിലും ഒരു പോലെ നിഴലിച്ചിരുന്നു. കൂന്നുകൂന്ന് സ്വന്തം കാലടികളിൽ മാത്രം നോക്കി അവരിൽ പലരും നടന്നു. വളരെ ആത്മാർഥമായി പരീക്ഷയ്ക്ക് പഠിയ്ക്കുന്നവരെപ്പോലെ എപ്പോഴും പത്രമാസികകൾ വായിച്ചു. ചിലർ നിറുത്താതെ നാമം ജപിച്ചു. ഇനിയും ചിലർ മിനുമിനാ എന്ന് മാനത്തുകണ്ണന്മാരായി. 

ഉയർന്ന നിലകളിൽ കഴിയുന്ന മക്കൾക്കോ ബന്ധുക്കൾക്കോ ഒന്നും വേണ്ടാതായ കുറെ മനുഷ്യർ . ഭാരിച്ച പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടുമല്ലോ എന്ന് കരുതിയിട്ടാണെങ്കിൽ പ്പോലും ഏറ്റെടുത്ത് പരിചരിയ്ക്കാൻ, മനസ്സിന് തണുപ്പ് പകരുന്ന ഒരു നല്ല വാക്ക് പറയാൻ ആരുമില്ലാതായവർ. 

വാർദ്ധക്യവും ഏകാന്തതയും അനാഥത്വവും നിഴൽ പരത്തിയ ആ മുറ്റത്തും വരാന്തയിലുമായി അനിയത്തിയുടെ മകൾ ഓടിക്കളിച്ചുകൊണ്ടിരുന്നു. അമ്മൂമ്മമാരും അപ്പൂപ്പന്മാരും അവളെ അടുത്ത് വിളിച്ച് സംസാരിയ്ക്കുന്നതിനും ഇത്തിരി കൽക്കണ്ടമോ ഒരു ചെറിയ കഷണം മുറുക്കോ കൊടുത്ത് തലയിൽ തടവി വാത്സല്യം പ്രകടിപ്പിയ്ക്കുന്നതിനും മുതിർന്നു.

എനിയ്ക്ക് മുഖം തരാതെ പെരിയമ്മ പറഞ്ഞു. “എല്ലാര്ക്കും സങ്കടം താൻ. ഇന്ത ഭൂമിയിലെ ആര്ക്കും നമ്മളെ വേണ്ടാമേ എന്ന് നിനയ്ക്ക്മ്പോഴുത്……“
ഞാൻ നേർത്ത് ശോഷിച്ച അവരുടെ കൈത്തണ്ടുകൾ പതിയെ തലോടി.

അപ്പോഴാണ് അടുത്ത മുറിയിൽ നിന്ന് ആ അന്തരീക്ഷത്തിനൊട്ടും ചേരാത്തതു മാതിരി അതീവ പ്രസാദാത്മകമായ ശബ്ദമുയർന്നത്. “ആരത്? ആർ കിട്ടെ പേശറേൾ?“

പെരിയമ്മ “ഓ, നാൻ താൻ“ എന്ന് വിളികേട്ട് എന്നെയും കൂട്ടി അങ്ങോട്ട് നടന്നു.  വിടർത്തിയിട്ട വെൺപട്ടു പോലെയുള്ള വെയിലിൽ  അത്ര നേരം നോക്കിയിരുന്നതു കൊണ്ടാവും മുറിയിലെ ഇരുട്ടിൽ കണ്ണുകൾ തെളിഞ്ഞു കിട്ടാൻ ഒട്ടു സമയമെടുത്തു.

അസാധാരണമായ വിധത്തിൽ പ്രകാശപൂർണമായ ഒരു മുഖമാണ് ഞാനാദ്യം കണ്ടത്. ആ മുഖം ഇരുണ്ട വർണമുള്ള തലയിണയുടെ പശ്ചാത്തലത്തിൽ ദൈവികമായി പരിലസിച്ചു. 

ശയ്യാവലംബിയായ ഒരു സ്ത്രീയായിരുന്നു ആ മുറിയിലെ താമസക്കാരി. ഒരു വാഹനാപകടത്തിൽ ശരീരം മുഴുവൻ തളർന്ന് പോയവർ. ചലനം നിലച്ച ശരീരത്തിന്റെ ചൈതന്യമത്രയും ഉരുക്കൂടിയിരുന്ന മുഖം ഒരു വിടർന്ന ചെന്താമരപ്പൂവിനെ ഓർമ്മിപ്പിച്ചു. 

എന്നെ പരിചയപ്പെടുവാൻ അവർ വലിയ ഉത്സാഹം കാട്ടി. പരിചരിയ്ക്കാൻ കൂടെ നിൽക്കുന്ന, അതൃപ്ത മുഖമുള്ള സ്ത്രീയെക്കൊണ്ട് ഡിഗിരി കാപ്പിയുണ്ടാക്കിച്ചു. ആ സ്ത്രീ ചില ചെപ്പുകളും മറ്റും പരതി എന്തെല്ലാമോ പൊരുക്ക് കാപ്പിയ്ക്കൊപ്പം എനിയ്ക്കായി നീട്ടി.

അവർ ചിരി വിടാതെ സംസാരിയ്ക്കുകയായിരുന്നു.

നിർഭാഗ്യവശാൽ രണ്ട് പെണ്മക്കളുടെ അമ്മയാവാനേ കഴിഞ്ഞുള്ളൂ. നമ്മുടെ ആചാരപ്രകാരം പെൺകുട്ടികൾക്ക് മാതാപിതാക്കന്മാരെ കൂടെ നിറുത്തി ശുശ്രൂഷിയ്ക്കാൻ സാധിയ്ക്കില്ലല്ലോ. പെൺകുട്ടികൾ ഭർത്താവിന്റെ മാതാപിതാക്കന്മാരെ മാത്രമല്ലേ പരിചരിയ്ക്കേണ്ടതുള്ളൂ. ചില വീടുകളിൽ നിന്ന് ചില മനുഷ്യർക്ക് തെരുവുകളിലേയ്ക്കും ശരണാലയങ്ങളിലേയ്ക്കുമുള്ള വാതിലുകൾ അത്തരത്തിലും തുറക്കപ്പെടാറുണ്ടെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു. കണ്ണിൽച്ചോരയില്ലാത്ത  അമ്മാതിരി ആചാരങ്ങളെ മാറ്റേണ്ടതാണെന്ന് ആ പെൺകുട്ടികൾക്ക് തോന്നുന്നുണ്ടാവില്ലേ എന്ന സംശയം മനസ്സിലൊതുക്കി,  അവരുടെ ചിതറി വീഴുന്ന വാക്കുകൾക്ക് ഞാൻ ചെവികൊടുത്തു.

ഭർത്താവ് മരിച്ച് അധികം വൈകാതെ ഈ ഓൾഡ് ഏജ് ഹോമിലേയ്ക്ക് താമസം മാറ്റിയതുകൊണ്ട് രക്ഷപ്പെട്ടു. അപകടത്തിൽ തളർന്ന് പോയതും ഇവിടെ വെച്ചു തന്നെ. അതും ഒരു ഭാഗ്യമായിപ്പോയി. തളർച്ചയ്ക്ക് ശേഷം അപേക്ഷിച്ചിരുന്നുവെങ്കിൽ ഈ ഹോം സ്വാഗതം ചെയ്യുമായിരുന്നില്ലല്ലോ. മിടുക്കിയല്ലേ ഞാൻ എന്ന മട്ടിൽ അവർ ആഹ്ലാദിച്ചപ്പോൾ എനിയ്ക്ക് വല്ലായ്മ തോന്നി. നിസ്സഹായതയുടെ പരകോടിയിലും ഉല്ലാസത്തോടെ ചിരിയ്ക്കുന്ന ഈ വിദ്യ ആരാണ് അവരെ പഠിപ്പിച്ചത്?

ചിരിയും സന്തോഷവും ഒരു വ്യക്തി ശീലമാണെന്ന് അവർ എന്നോട് പറഞ്ഞു. യാത്ര ചെയ്യാനും സ്ഥലങ്ങൾ കാണാനുമുള്ള ആഗ്രഹം അവർക്കുണ്ടായിരുന്നു. ആഴ്ചയിൽ അഞ്ചു ദിവസവും ജോലിയ്ക്ക് പോകുന്ന ഭർത്താവിന് യാത്രയെന്നത്  കഠിന വെറുപ്പുള്ള കാര്യമായതുകൊണ്ട് ഭൂപടങ്ങൾ നോക്കിയും റെയിൽ വേ ടൈം ടേബിൾ വായിച്ചും അവർ ധാരാളം യാത്ര ചെയ്തു. 

“അദ്ദേഹം എനിയ്ക്ക് മുൻപേ പോയതും നന്നായി “ ഞാനും പെരിയമ്മയും ഒന്നും മനസ്സിലാവാതെ കണ്ണിൽക്കണ്ണിൽ നോക്കി. വിധവയായത് നന്നായി എന്ന് പറയുകയാണോ ഒരു സ്ത്രീ? 

“എനിക്കാരോഗ്യമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളും എനിക്കാവും പോലെ ഞാൻ നിറവേറ്റി. ഇപ്പോൾ കൂടെയുണ്ടായാൽ ഒരു ശുശ്രൂഷയും കിട്ടാതെ അദ്ദേഹം കാലഭൈരവനെപ്പോലെ കോപാകുലനാകുമായിരുന്നു.ഞാനാദ്യം പോയിരുന്നെങ്കിലും അദ്ദേഹം കഷ്ടപ്പെടുമായിരുന്നു.ഒരു ദാസിയുടെ സേവയില്ലാതെ അദ്ദേഹത്തിന് കഴിയില്ല.“

എന്റെ എല്ലാ സംശയങ്ങളും ആ നിമിഷം അവസാനിച്ചു.

അനിയത്തിയുടെ മകൾ അപ്പോഴാണ് മുറിയിലേയ്ക്ക് കടന്ന് വന്നത്. കുഞ്ഞിനെക്കണ്ട് അതീവ വാത്സല്യത്തോടെ അവർ ചിരിച്ചു.

“മുത്താനമുത്തല്ലവോ“ എന്ന പഴയ സിനിമാഗാനം അവർ ആലപിച്ചു. ശ്രുതി മധുരമായിരുന്നു അത്. രോഗാതുരമായ ശരീരത്തിൽ നിന്ന് ഇത്ര സുന്ദരമായ ശബ്ദമുണ്ടാകുന്നതെങ്ങനെയെന്ന് എനിയ്ക്ക് മനസ്സിലായില്ല. ഞാൻ അന്തം വിട്ടിരിയ്ക്കുമ്പോൾ കുഞ്ഞ് നിറുത്താതെ കൈയടിച്ചു. അത്യധികം ആഹ്ലാദത്തോടെ അവൾ വിളിച്ച് പറഞ്ഞു. “സിഡിയിൽ കേൾക്കുന്ന മാതിരി, അതേ മാതിരി ….ഇനീം പാടൂ …“ ആത്മാർത്ഥതയുടെ വികാരാധിക്യത്താൽ കുഞ്ഞിന്റെ ശബ്ദം ഇടറി.

പെൺകുട്ടികളുടെ മാത്രം അമ്മയായ അവരുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു. ആ ചുണ്ടുകൾ വിറയാർന്നു. “ഒരു വാക്ക് ..ഒരു നല്ല വാക്ക്… ..നല്ല വാക്കുകൾ കേട്ടാൽ എങ്ങനെയിരിയ്ക്കുമെന്ന്…… “

അവരുടെ  ഒഴുകുന്ന കണ്ണുകൾ പെരിയമ്മ സ്വന്തം സാരിത്തുമ്പ് കൊണ്ട് തുടച്ചു. അപ്പോൾ ശ്രുതി സുഭഗമായ മറ്റൊരു ഗാനമുയർന്നു. “യേ സിന്ദഗീ ഉസീ കി ഹെ….ജോ കിസീ കാ ഹോ ഗയാ……..

പറയാത്തതും കേൾക്കാത്തതുമായ ഓരോ നല്ല വാക്കുകളിലും തലതല്ലുകയായിരുന്നു ഞാൻ. പെണ്മക്കളെ മാത്രം പ്രസവിച്ച ഓരോ അമ്മയേയും കേൾക്കുകയായിരുന്നു ഞാൻ.
-------------------------------