Tuesday, January 3, 2012

തെണ്ടി മയിസ്രേട്ട്





                                              

അടുത്ത പരിസരങ്ങളിൽ ഇല്ലെന്ന് ഉറപ്പുണ്ടെങ്കിൽ പോലും  വെറുപ്പും അമർഷവും എല്ലാം ഉള്ളിലൊതുക്കി അടക്കത്തിൽ മാത്രമേ ആൾക്കാർ ശകാരിച്ചിരുന്നുള്ളൂ, “തെണ്ടി മയിസ്രേട്ട്“ . മുകളിലൊരാൾ എല്ലാം കാണുന്നുണ്ടെന്ന് പറയുന്നതു പോലെയായിരുന്നു എല്ലാവർക്കും തെണ്ടി മയിസ്രേട്ടിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഓർമ്മ.

കുറുക്കിയ പാലിന്റെ നിറത്തിൽ ഒരു വൃദ്ധ, കിട്ടുന്ന കുപ്പായമൊക്കെ ധരിച്ചിട്ടുണ്ടാവും, മുണ്ടും ഷർട്ടും ബ്ലൌസും… അങ്ങനെ, മൂന്നാലു കുപ്പായമെങ്കിലും ഒരേ സമയം ദേഹത്തുണ്ടാവും. കുറച്ച് ജട പിടിച്ച പപ്രച്ച തലമുടി ചിലപ്പോൾ നെറുകന്തലയിൽ കെട്ടി വെച്ചിരിയ്ക്കും അല്ലെങ്കിൽ അഴിഞ്ഞു തൂങ്ങുന്നുണ്ടാവും. ഒരു അലുമിനിയം തൂക്കുപാത്രമാണ് ആകെയുള്ള സമ്പാദ്യം, അതിലാണ് വെള്ളമോ ചായയോ ചോറോ എന്താണു കിട്ടുന്നതെന്ന് വച്ചാൽ അതു കഴിയ്ക്കുന്നത്. ഭിക്ഷയായി ആരെങ്കിലും പണം നീട്ടിയാൽ “ഇനിയ്ക്ക് വേണ്ടാ“ എന്ന് കർശനമായി വിലക്കാൻ അവർക്ക് ഒരു പ്രയാസവുമുണ്ടായിരുന്നില്ല. തന്നെയുമല്ല പണം നീട്ടിയവരുടെ വീട്ടു പറമ്പിനു ചുറ്റും കണ്ണോടിച്ച്, “ദാ ആ മാങ്ങ തന്നൂടേ“ന്നോ “ആ കടച്ചക്ക തന്നൂടേ“ന്നോ, കാശിനു പകരം വേണ്ടതെന്താണെന്ന് കൃത്യമായി ചൂണ്ടിക്കാണിയ്ക്കാനുള്ള ധൈര്യവും അവർക്കുണ്ടായിരുന്നു.

അന്യായമായ കാര്യങ്ങളെ നിർഭയമായി അവർ ചോദ്യം ചെയ്തിരുന്നു. ആ സമയത്ത് അത്യുച്ചത്തിൽ ബഹളം വെയ്ക്കാനും വേണ്ടി വന്നാൽ അശ്ലീലം തന്നെ പറയാനും അവർക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. കണ്ണീരൊഴുക്കുന്ന പാവത്തിന്റെ ദുർബലത അവരിൽ തരിമ്പും ഇല്ലായിരുന്നു. സങ്കടം കൊണ്ടും സ്വയം തോന്നുന്ന സഹതാപം കൊണ്ടും തളർന്നു പോകുന്ന, ഒന്നു തുറിച്ചു നോക്കിയാൽ‌പ്പോലും എല്ലാറ്റിനോടും കീഴ്പ്പെടുന്ന സാധാരണ സ്ത്രീകളുടെ ഇടയിൽ ഭിക്ഷക്കാരിയായ അവർ വിപ്ലവ വീര്യത്തോടെ ജ്വലിച്ചു നിന്നു. അവർക്കിടപെടാൻ വയ്യാത്ത ഒരു കാര്യവും നാട്ടിലുണ്ടായിരുന്നില്ല.

വേലത്തിക്കടവിന്റെ പൊന്തയ്ക്കരികിൽ തെങ്ങ് കേറുന്ന കുമാരൻ ഒളിച്ചിരുന്നപ്പോൾ….

കള്ളു കുടിച്ച് പിമ്പിരിയായ ഔസേപ്പ് ഭാര്യയുടെ തുണിയെല്ലാം ഊരിക്കളഞ്ഞ് അവളെ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാനും കൂടി അനുവദിയ്ക്കാതെ തല്ലിച്ചതച്ചപ്പോൾ….

അറബി നാട്ടിൽ പോയി ചോര നീരാക്കുന്ന നാരായണന്റെ കെട്ട്യോൾ ഇത്തിരി തൊലി വെളുപ്പും തേരട്ട മീശയും ചുവന്ന ബൈക്കുമുള്ള നസീറുമായി ചില്ലറ ചുറ്റിക്കളികൾ തുടങ്ങിയപ്പോൾ…

അമ്പലത്തിലെ ഉത്സവത്തിന് പിരിച്ചെടുത്ത രൂപ കൈയും കണക്കുമില്ലാതെ ഏതൊക്കെയോ വഴികളിലൂടെ ഒഴുകിപ്പോയപ്പോൾ……. 

എന്നു വേണ്ട നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും അവർ ഇടപെട്ടു, കുറ്റം ചെയ്തവരെന്ന് തോന്നുന്നവരെ തേച്ചാലും കുളിച്ചാലും പോകാത്ത വിധം ചീത്ത പറഞ്ഞ് നാണം കെടുത്തിപ്പോന്നു. കാരണമെന്തായാലും ഒരു പിച്ചക്കാരിയോടുള്ള നിസ്സാരതയും തട്ടി മാറ്റലും അവരോടു കാണിയ്ക്കുവാൻ ആളുകൾ എന്നും മടിച്ചിരുന്നുവെന്നതൊരു സത്യമാണ്.

ആ ഉച്ചത്തിലുള്ള ന്യായവിധികൾ എല്ലാവരിലും ഉൾഭയമുണ്ടാക്കിയിരുന്നിരിയ്ക്കണം.

അന്നുച്ചയ്ക്ക് വല്ലാതെ അലട്ടുന്ന ഒരു തലവേദനയെ കീഴ്പ്പെടുത്താൻ പരിശ്രമിച്ചുകൊണ്ട് കണ്ണുകളിറുക്കിയടച്ച് അകത്തെ മുറിയിൽ കമിഴ്ന്നു കിടക്കുകയായിരുന്നു, ഞാൻ.

അമ്മീമ്മ പതിവു പോലെ ഉമ്മറത്തിരുന്ന് പത്രം വായിയ്ക്കുന്നു. പാറുക്കുട്ടി ചവിട്ടു പടികളിന്മേലിരുന്ന് പച്ച ഓല കീറി ചൂലുണ്ടാക്കുകയും രസം പിടിച്ച് സ്വന്തം തല മാന്തി പേനെടുക്കുകയും ചെയ്യുന്നു. ഇടയിൽ അമ്മീമ്മയോട് അയൽ‌പ്പക്ക വിശേഷങ്ങൾ ഇത്തിരി മുളകും മസാലയും പുരട്ടി തട്ടി മൂളിയ്ക്കുന്നതും അല്പാല്പമായി എന്റെ കാതുകളിൽ വീഴുന്നുണ്ടായിരുന്നു.

നട്ടുച്ച സമയം, ഉരുകി തിളയ്ക്കുന്ന മേട മാസ വെയിലിന്റെ ചൂടിലും ആലസ്യത്തിലും നാട്ടിടവഴികൾ ആളൊഴിഞ്ഞ് മയങ്ങിക്കിടന്നു.

അപ്പോഴായിരുന്നു ഉഗ്ര ശബ്ദത്തിലുള്ള അലർച്ച കേട്ടത്. കിളികളുടെ പാട്ടുകളും മുളങ്കൂട്ടത്തിന്റെ മൂളലുമൊഴിച്ചാൽ നിശ്ശബ്ദമായിരുന്ന അന്തരീക്ഷം ആ അലർച്ചയിൽ പ്രകമ്പനം കൊണ്ടു. അമ്മീമ്മയും പാറുക്കുട്ടിയും ചെവിയോർക്കുന്നുണ്ടെന്ന് എനിയ്ക്ക് തോന്നി.  ഞാനും ആ ബഹളം ശ്രദ്ധിയ്ക്കാതിരുന്നില്ല.

ബസ്സും ലോറിയും അനവധി വേലക്കാരുമുള്ള വലിയ സ്വത്തുകാരായ കിഴക്കെ മഠത്തിലെ മാട്ടുപൊണ്ണുമായി ( പുത്ര വധു ) തെണ്ടി മയിസ്രേട്ട് വഴക്കുണ്ടാക്കുകയാണ്.  അഭിമാനത്തിന്റെ അസ്ഥിവാരം തകർത്തെറിയാൻ പോന്ന അശ്ലീല കഥകൾ ചരൽ വാരി  വലിച്ചെറിയുന്നതു മാതിരി മഠത്തിന്റെ മുറ്റത്ത് ഇരമ്പിപ്പെയ്തു.

“ശ്ശ്! അയ്യേ! എരപ്പ്ത്തരം!“ പാറുക്കുട്ടിയുടെ ശബ്ദവും കേൾക്കുന്നുണ്ടായിരുന്നു. അതിനിടയ്ക്ക് “കുട്ടി ഒറ്ങ്ങ്യോന്ന് നോക്കട്ടേ, ഈ ചീത്ത വാക്കൊന്നും കേട്ട് പഠിച്ചൂടാ …“ എന്ന് ഉൽക്കണ്ഠപ്പെട്ട് എന്നെ പരിശോധിയ്ക്കാൻ അവരുടെ കാലടികൾ മുറിയിലുമെത്തി. ഉറക്കം അഭിനയിച്ച് കിടന്ന എന്നെ ഒന്നു തലോടിയിട്ട് പാറുക്കുട്ടി വീണ്ടും ആ പഴയ ശബ്ദ കോലാഹലത്തിലേയ്ക്ക് തന്നെ മടങ്ങിപ്പോയി.

“നിങ്ങളു ഇങ്ങട് പോര്വോന്നേയ്, ആ തെണ്ടി മയിസ്രേട്ട് കൊറെ ഒച്ചേണ്ടാക്കീട്ട് അയിന്റെ പാട്ടിന് പൊക്കോളും, ഇനി ആ തൊയിരക്കേടിനെ ഇങ്ങടെഴുന്നള്ളിച്ച് , ചായ കൊടുക്കണ്ടാ….“

പാറുക്കുട്ടിയുടെ ശബ്ദമാണ്.

എനിയ്ക്ക് മനസ്സിലായി, അമ്മീമ്മ വഴക്ക് പഞ്ചായത്താക്കി സമാധാനിപ്പിയ്ക്കാൻ ഇറങ്ങിയിട്ടുണ്ട്. ഇനി ഇവിടെയാവും ചർച്ചയും വിശദീകരണവും, കൂട്ടത്തിൽ ചായേടെ വെള്ളവും……

ഉച്ചത്തിൽ ചീത്ത വിളിച്ചും മൂക്കു ചീറ്റിയുമാണ് തെണ്ടി മയിസ്രേട്ട് അമ്മീമ്മയ്ക്കൊപ്പം വന്നത്. 

എനിയ്ക്കും പാറുക്കുട്ടിയെപ്പോലെ ഈർഷ്യ തോന്നുന്നുണ്ടായിരുന്നു. മുതിർന്നു വരുന്തോറും അമ്മീമ്മയുടെ ഇമ്മാതിരി സൌഹൃദങ്ങളിൽ എനിയ്ക്ക് താല്പര്യക്കുറവ് വന്നു കഴിഞ്ഞിരുന്നു. പിച്ചക്കാരോടും കൂലിപ്പണിക്കാരോടും ദരിദ്രരോടും ഒക്കെ ഇത്രയധികം അടുപ്പം കാണിയ്ക്കുന്നതും അവരെയൊക്കെ ചായയോ മുറുക്കോ പഴമോ കൊടുത്ത് സൽക്കരിയ്ക്കുന്നതും എന്തിനാണെന്ന് എനിയ്ക്ക് മനസ്സിലായില്ല. പക്ഷെ, അവർ പറയുന്ന കഥകൾ, വിയർപ്പും കണ്ണീരും  രക്തവും പുരണ്ട,  വേദനയുടേയും ദു:ഖത്തിന്റേതുമായ ആവി പാറുന്ന കഥകൾ ഞാനും അമ്മീമ്മയ്ക്കൊപ്പം കേട്ടുപോന്നു. എന്നിട്ടും വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ഈ കഥകൾ മുഴുവൻ സത്യമായിരിയ്ക്കുമോ എന്ന സംശയം ഞാനും അനിയത്തിയും തമ്മിൽ പങ്കുവെയ്ക്കാൻ തുടങ്ങിയിരുന്നു. പക്ഷെ, ഞങ്ങളുടെ ആ സംശയത്തെ വളമിട്ട് നനച്ച് വളർത്തുവാൻ അമ്മീമ്മ ഒരിയ്ക്കലും അനുവദിച്ചിരുന്നില്ല.

“ജാനകിയമ്മ സമാധാനിക്കു, ഒക്കെ കഴിഞ്ഞില്ലേ“ അമ്മീമ്മയുടെ ശബ്ദം കേൾക്കുന്നുണ്ടായിരുന്നു. പാറുക്കുട്ടി മുഖം വീർപ്പിച്ച് ചായേടെ വെള്ളമുണ്ടാക്കാൻ അകത്തേയ്ക്ക് പോയിട്ടുണ്ടാവണം. 

എന്റെ ഓർമ്മയിൽ അവരെ “തെണ്ടി മയിസ്രേട്ട്“ എന്ന് വിളിയ്ക്കാത്ത ഒരേ ഒരാൾ അമ്മീമ്മയായിരുന്നു, രഹസ്യമായോ പരസ്യമായോ ആ പേര് അമ്മീമ്മ ഉപയോഗിച്ചിരുന്നില്ല. ഞാനോ അനിയത്തിയോ അബദ്ധത്തിലെങ്ങാനും പറഞ്ഞു പോയാൽ അമ്മീമ്മ കലശലായി ദേഷ്യപ്പെടുകയും ചെയ്തിരുന്നു.

“എന്നോട് ആ അമ്മ്യാരു പെണ്ണ് എന്താ പറഞ്ഞേന്ന് കേക്കണോ? ഞാൻ പട്ടമ്മാര്ടവിടന്ന് ഒരു തുള്ളി വെള്ളം കുടിയ്ക്കില്ല, അതിനി അവളല്ല അവൾടെ ചത്തു പോയ തന്ത ദേവേന്ദ്രന്റെ അച്ഛൻ മുത്തുപ്പട്ടര് തന്നാലും … പട്ടമ്മാരൊക്കെ കെട്ടും കെടയായിറ്റ് ഈ നാട് വിട്ട് പോണത് കാണാനാ ഞാനിങ്ങനെ തെണ്ടി നടക്കണത്.“ 

ഭയങ്കരമായ കിതപ്പും കടുത്ത അന്തക്ഷോഭവുമുള്ള ശാപം പോലത്തെ വാക്കുകൾ.

“പട്ടമ്മാരോട് ഇത്ര പകേള്ള നിങ്ങളെന്ത്നാ പിന്നെ ഈ അമ്മ്യാര് തരണ ചായേം വലിച്ച് കുടിച്ച് ഇവ്ടെ നിൽക്കണേ?“ 

പാറുക്കുട്ടിയുടേതാണ് ചോദ്യം. 

“ചായ ഇബടെ വെച്ചിട്ട് നീയകത്തേയ്ക്ക് പോക്കോ പാറൂട്ടി.“ അമ്മീമ്മ ഒരു നിമിഷം പോലും കളയാതെ പാറുക്കുട്ടിയെ വിലക്കുന്നത് എനിയ്ക്ക് കേൾക്കാം. വലിയൊരു തർക്കമൊഴിവാക്കാനാണ് അമ്മീമ്മ ശ്രമിയ്ക്കുന്നതെന്ന് മനസ്സിലാകുന്നുമുണ്ട്. അമ്മീമ്മയോട് കളിതമാശയൊക്കെ പറയുമെങ്കിലും ആ സ്വരം മാറുന്നത് പാറുക്കുട്ടിയെ എപ്പോഴും ഭീരുവാക്കിയിരുന്നു.

“പോട്ടെ, ജാനകിയമ്മേ. അവളു വിവരല്ലാണ്ട് ഓരോന്നെഴുന്നള്ളിയ്ക്കണതല്ലേ? അത് വിട്ടു കളഞ്ഞിട്ട് ചായ കുടിയ്ക്കു.“

“ചായ ഞാൻ കുടിയ്ക്കാം.പക്ഷെ, പെണ്ണ്ങ്ങൾക്ക് ഇങ്ങനെ വിവരല്ല്യാണ്ടാവണത് നന്നല്ല. വെറും പീറ പട്ടമ്മാരേം മനുഷ്യസ്ത്രീയോളേം കണ്ടാൽ മനസ്സിലാവണം. ഒരുമേങ്കിലും  വേണം, പെണ്ണങ്ങള്ക്ക്. ഇഞ്ഞി വിവരം ത്തിരി കൊറവാണെങ്കി…. അല്ലാണ്ട്  ഒരു പെണ്ണിനെ സങ്കടപ്പെടുത്തണ്ട്ന്ന് കണ്ടാ ബാക്കി പെണ്ണുങ്ങളൊക്കെ ആ സങ്കടപ്പെടുത്തണോരടെ ഒപ്പം നില്ക്കലാ വേണ്ട്?”

“ജാനകിയമ്മ, ഒക്കെ മറക്കാൻ നോക്കു. അല്ലാണ്ട് ഞാനെന്താ പറയാ‍….“

“ഈ ജന്മത്ത് അത് പറ്റ്ല്യാ.. പതിനേഴ് വയസ്സേ ഉണ്ടായിരുന്നുള്ളൂ എന്റെ കുട്ടിയ്ക്ക്.. അത് എങ്ങനെയാ മറ്ക്കാ.. ഞാൻ പെറ്റ തള്ളയല്ലേ? കല്ലുകൊണ്ട് ഇടിച്ചിടിച്ച് പിന്നെ പൊഴേൽക്ക് എറിഞ്ഞിട്ടാ അവളെ കൊന്നത്. കൈത്തണ്ടേമ്മേം കഴുത്തിലും ബ്ലയിഡോണ്ട് വരഞ്ഞു. ന്ന്ട്ട് ചാടിച്ചത്തൂന്നാക്കി. ടീച്ചറ്ക്ക് അറിയോ? എല്ലാ പട്ടമ്മാരടേം പെരത്തറ ഒരു കല്ലില്ലാണ്ട് ഇടിഞ്ഞ് പൊളിയണ കാണണം എനിയ്ക്ക്… അതിന്റെടേല് എന്റെ ഈ ജമ്മം ഇങ്ങനെ എരന്നങ്ങ്ട് തീരട്ടെ.“

ഉഗ്രശാപം കേട്ട് സൂര്യൻ ഒരു രക്ഷാമന്ത്രവും തോന്നാതെ ഞെട്ടിപ്പിടഞ്ഞു മുഖം മേഘങ്ങൾക്കിടയിൽ ഒളിപ്പിച്ചു. വെയിൽ മങ്ങിയത് ജനലിലൂടെ കണ്ടുകൊണ്ട് അലസമായി കിടക്കുകയായിരുന്ന ഞാൻ അടിയേറ്റതു പോലെ എഴുന്നേറ്റിരുന്നു പോയി. ഒരമ്മയിൽ നിന്ന് ഇത്രയും കഠിനമായ ശാപ വചസ്സുകൾ ഉതിരുവാൻ  കാരണമായവർ ആരായിരിയ്ക്കും?

അമ്മീമ്മയ്ക്ക് അതറിയാമെന്ന് എന്തുകൊണ്ടോ എനിയ്ക്കൊരു നിമിഷം വെളിപാടുണ്ടായി. 

“ജാനകിയമ്മ, പൊറുക്കു. വേറെ എന്താ ഒരു വഴി? ദിവാകരൻ നായര് എഴ്ത്ത് വല്ലതും അയയ്ക്കാറുണ്ടോ?“ 

“നിങ്ങ്ക്ക് വല്ല പ്രാന്തുണ്ടോ ന്റെ അമ്മ്യാരേ? എഴുത്ത് അയച്ചാ ഞാനത് വായിയ്ക്കോ? പട്ടമ്മാരെ പേടിച്ച്  നാട് വിട്ട് പോയതല്ലേ നായര്? ഞാൻ കൂടെ പോവില്ലാന്ന് തീർത്ത് പറഞ്ഞേര്ന്നു അന്ന്ന്നെ. പിന്നെന്തിനാ എനിയ്ക്ക് എഴുത്ത് അയയ്ക്ക്ണേ?“

“വയസ്സാവ്മ്പോ മനുഷ്യന്റെ മനസ്സ് മാറില്ലേ ജാനകിയമ്മേ“

“അതേയ്, ആണൊരുത്തന്റൊപ്പം കഴിയാത്തോണ്ടാ നിങ്ങ്ക്ക് ഈ വിഡ്ഡിത്തരം തോന്നണത്. പെറ്റ വയറിന്റെ കടച്ചില് പെറീച്ചോന് ഒരു കാലത്തും വരില്ല. അത് നിശ്ശംണ്ടോ? അവര്ക്കെന്താ? ആകേം പോകേം…  തൊടങ്ങ്മ്പളും ഒട്ങ്ങുമ്പളും ഒരു തരിപ്പ് …. അത്രേന്നേള്ളൂ. അപ്പോ ദിവാരൻ നായര്ക്ക് സ്വന്തം മോള് അമ്മൂട്ടീനെ മറ്ക്കാം……. പട്ടമ്മാരോട് പൊറ്ക്കാം, അവര് ടെ പിച്ചക്കാശും മേടിച്ച് നാട് വിട്ട് പൂവാം. പോണ പോക്കില് പെങ്കുട്ടി ആരേം പ്രേമിയ്ക്കാണ്ടേ അവളേ നല്ലോണം പോലെ നോക്കി വളർത്ത്ണ്ട ജോലി തള്ള്ടെ മാത്രം ആയിരുന്നൂന്ന് അലറാം. ആ ജോലി തള്ള മര്യാദയ്ക്ക് ചെയ്യ്യാത്തോണ്ടാ ഈ ഗതി വന്നേന്ന് നെഞ്ചത്തിടിച്ച് കാണിയ്ക്കാം. വിത്ത്ടണ പണി കഴിഞ്ഞാ പിന്നെ കുറ്റം പറേണതല്ലാണ്ട് വേറൊരു പണീല്ല്യാ…… മീശേം കാലിന്റേടേല് എറ്ച്ചിക്കഷ്ണോം മാത്രള്ള ചെല കാളോൾക്ക്.“

അഭിപ്രായ പ്രകടനങ്ങൾക്ക് ശേഷം മയിസ്രേട്ട് ശക്തിയായി കാർക്കിച്ചു തുപ്പുന്ന ശബ്ദം കേൾക്കുന്നുണ്ടായിരുന്നു.

പുരുഷന്മാരെക്കുറിച്ച് സ്ത്രീകൾ ഇങ്ങനെ അരിശം കൊള്ളുകയും പ്രാകുകയും ഒക്കെ ചെയ്യുമ്പോൾ അമ്മീമ്മ വെറുതെ കേൾക്കുക മാത്രം ചെയ്തു പോന്നു. ഒരു പുരുഷനാലും സ്പർശിയ്ക്കപ്പെടാതെ ജീവിച്ച അവർ ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിൽ തികച്ചും വിമുഖയായിരുന്നു. ലൈംഗികബന്ധത്തേയും ഗർഭധാരണത്തേയും പ്രസവത്തേയും കുറിച്ചെല്ലാം വിവിധ തരക്കാരായ സ്ത്രീകൾ അമ്മീമ്മയോട് അടക്കിപ്പിടിച്ച് സംസാരിയ്ക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ആ സമയത്ത് ഞാനോ അനിയത്തിയോ അവിടെ പോകുന്നത് അമ്മീമ്മ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. അതുകൊണ്ട്  ആരുടേയും കൃത്യമായ വിവരങ്ങളോ കഥകളോ ഒന്നും ഞങ്ങൾക്കറിയുമായിരുന്നില്ല. 

അങ്ങനെയൊക്കെയാണെങ്കിലും പത്തു പതിനേഴു വയസ്സായിരുന്ന എനിയ്ക്ക്  മയിസ്രേട്ടിന്റെ കഠിന ജീവിതം ഒറ്റ നിമിഷം കൊണ്ട് വെളിവായി. അമ്മൂട്ടിയെ ചതിച്ചത് ഏതു മഠത്തിലെ  മകനാണെന്ന് മാത്രമേ ഇനി അറിയാനുള്ളൂ. അവളുടെ മരണത്തിനുത്തരവാദികൾ ആരെല്ലാമാണെന്നും കൂടി അറിഞ്ഞു കഴിഞ്ഞാൽ കനൽ പോലെ ചുവന്നു നീറുന്ന ഒരമ്മയുടെ കഥയ്ക്ക് അടിവരയിടാം. 

പുറത്തു നിന്നും പിന്നെ കുറെ നേരത്തേക്ക് ഒച്ചയൊന്നും കേൾക്കുകയുണ്ടായില്ല. ചായ കുടിച്ച് അമ്മീമ്മയോട് യാത്രയും പറഞ്ഞ് അവർ പടിയിറങ്ങിയിരിയ്ക്കണം. 

എങ്കിലും, പാറുക്കുട്ടിയുടെ ക്ഷോഭം ശമിച്ചിട്ടുണ്ടായിരുന്നില്ല. 

നനവുള്ള തോർത്തുമുണ്ടെടുത്ത്  വിങ്ങുന്ന തലയിൽ ഒരു കെട്ടും കെട്ടി ഞാൻ അമ്മീമ്മയുടെ അടുക്കൽ ചെന്നിരുന്നപ്പോഴായിരുന്നു പാറുക്കുട്ടിയുടെ ഈറ പിടിച്ച ചോദ്യമുയർന്നത്.

“ഞാനറിയാണ്ട് ചോദിയ്ക്കാ, ഇങ്ങനെ പട്ടമ്മാരെ മുഴോൻ തെറീം കേട്ടാലറയ്ക്കണ വാക്കോളും പറഞ്ഞ് നട്ക്കണ ആ തെണ്ടി മയിസ്രേട്ടിന് എന്തിനാ ചായ കൊടുക്കണേ? നിങ്ങക്ക് വല്ല നേർച്ചീണ്ടാ? പട്ടമ്മാരടെ ഒന്നും തിന്ന്ല്യാത്രെ…. ന്ന്ട്ട് ഇബ്ട്ന്ന് എന്ത് കൊടുത്താലും വെട്ടിവിഴുങ്ങൂലോ നശൂലം……“

അമ്മീമ്മ പാറുക്കുട്ടിയെ രൂക്ഷമായി നോക്കി, എങ്കിലും ആ നോട്ടത്തിനു ചേരാത്തത്ര മെല്ലെ പറഞ്ഞു.

“നിനക്കറീല്യാ പാറൂട്ടി. ഒരു തീക്കടലാണ് ആ  നെഞ്ചില്, ചൂടു തട്ടിയാ ഈയാമ്പാറ്റ പോലെ കരിഞ്ഞു പോകും ഇന്നാട്ടിലെ പലരും. അമ്മൂട്ടീനെ കഴിച്ചേ ഒരു പെങ്കുട്ടിണ്ടായിരുന്നുള്ളൂ. അത്രയ്ക്ക് ചേല്ണ്ടായിരുന്നു. ഗർഭാവണ വരെ അവള് ഒക്കെ ഒളിപ്പിച്ചു. ഗർഭം ഒളിപ്പിയ്ക്കാൻ പറ്റില്ലല്ലോ. വയറ്റിലുണ്ടാക്കിയവൻ അവളെ കല്യാണം കഴിയ്ക്കണംന്ന് ജാനകിയമ്മ കട്ടായം പറഞ്ഞതാ ബ്രാഹ്മണർക്ക് പിടിയ്ക്കാണ്ട് പോയത്…. ഇന്നാട്ടിലെ ഒറ്റ ആണൊരുത്തൻ അമ്മൂട്ടീടെ ഭാഗം പറയാൻ ഉണ്ടായില്ല. ചെലവിനു കൊടുക്കണ ആണുങ്ങളെ എതിർത്ത് അവര്ടെ വായിലിരിയ്ക്കണത് കേൾക്കണ്ടാന്ന് വിചാരിച്ച്ട്ടാവും  ഒറ്റ പെണ്ണുങ്ങളും അമ്മൂട്ടീടെ ഭാഗം പറഞ്ഞില്ല. 

പോലീസൊക്കെ വന്നൂ…ന്നാലും കാശ് കിട്ടിയാ മാറാത്ത കേസുണ്ടോ?… അങ്ങനെ ആദർശത്തില് വിശ്വാസളള പോലീസുണ്ടോ നമ്മ്ടെ നാട്ടില്. ജാനകിയമ്മേം മോളും സ്വഭാവശുദ്ധിയില്ലാത്തവരാണെന്ന് പറയാൻ നാട്ടാര്ക്ക് മാത്രല്ല, ദിവാകരൻ നായര്ക്കും ഒരു മടിയും ഉണ്ടായില്ല. കാശും പിന്നെ, പേടീം ഉണ്ടാവും കാരണായിട്ട്.“

പാറുക്കുട്ടി ശബ്ദിച്ചില്ല. കുറച്ചു കഴിഞ്ഞ് ദീർഘ നിശ്വാസത്തോടെ ചോദിച്ചു.

“ഒരു അമ്മ്യാരായിട്ടും ടീച്ചറോട് എന്താ ജാനകിയമ്മയ്ക്ക് ദേഷ്യല്ലാത്തത്?“ 

അമ്മീമ്മ ചിരിച്ചു. വേദന തുളുമ്പുന്ന ചിരി.

“എന്നെ തറവാട്ട് മഠത്തീന്ന് ഇറക്കി വിട്ട ദിവസാ‍ണ് ജാനകിയമ്മ ആദ്യം എന്നോട് മിണ്ടീത്. ഞാൻ പൊഴേച്ചാടിച്ചാവാൻ പോയതായിരുന്നു. അപ്പോ സമാധാനിപ്പിച്ച് ചിത്തീടെ മഠത്തില് കൊണ്ടാക്കീതാ…….. പിന്നെ എന്നെ അന്വേഷിയ്ക്കാത്ത ദിവസണ്ടായിട്ടില്ല. കുട്ടികള് ഇവടെ വന്ന് താമസിയ്ക്കണ വരെ എന്നും രാത്രീല് ഈ വ്രാന്തേല് വന്ന് കെട്ക്കും. ഇന്നാട്ടില് ആരും എന്നോട് മിണ്ടാത്ത മുഖത്ത് നോക്കാത്ത ഒരു കാലണ്ടായിരുന്നു, അന്നും ജാനകിയമ്മ മിണ്ടീരുന്നു. എനിയ്ക്കത് മറക്കാൻ പറ്റില്ല.“

പാറുക്കുട്ടി അമ്മീമ്മയെ നിറഞ്ഞ സ്നേഹത്തോടെയും സഹതാപത്തോടെയും നോക്കിക്കൊണ്ടിരുന്നതല്ലാതെ ചുണ്ടനക്കിയില്ല.

ആരായിരുന്നു ആ കാമുകനെന്ന് അറിയണമെന്നുണ്ടായിരുന്നു എനിയ്ക്ക്. ചോദിച്ചാൽ അമ്മീമ്മ പറയുമോ എന്ന സംശയവും പേടിയും നിമിത്തം എന്റെ അമ്മാതിരി ചോദ്യങ്ങൾ ഉത്തരങ്ങളില്ലാതെ എന്നിൽത്തന്നെ അമർന്നു. 

പിന്നീട് അധിക കാലമൊന്നും ഞാൻ ആ വീട്ടിൽ താമസിച്ചില്ല. ജീവിതത്തിലുണ്ടായ ഒരുപാട് വലിയ മാറ്റങ്ങളുടെ ഉരുൾപ്പൊട്ടലുകളിൽ കുടുങ്ങി ഞാൻ, എല്ലാവരിൽ നിന്നും അകന്നു പോയി. എനിയ്ക്ക് തന്നെയും  നിശ്ചയമില്ലാത്ത കഠിന വഴിത്താരകളിലൂടെ അനാഥമായി എന്റെ ജീവിതം മുടന്തി നീങ്ങി.

ഇപ്പോൾ അനവധി വർഷങ്ങൾക്കു ശേഷം, രണ്ടു ദിവസം മുൻപൊരു തിളയ്ക്കുന്ന ഉച്ചയ്ക്ക്……. 

വിദേശത്തെ വൻ നഗരത്തിൽ നിന്ന് എന്റെ ഒരു അക്കാ എനിയ്ക്ക് ഫോൺ ചെയ്തിരുന്നു. അക്കാ തേങ്ങിക്കരഞ്ഞുകൊണ്ടാണ് എന്നോട് സംസാരിച്ചത്. ദാമ്പത്യത്തിലെ ഒരിയ്ക്കലും നേരെയാവാത്ത താളപ്പിഴകളും കിടക്ക വിട്ട് എണീയ്ക്കാനാവാത്ത മക്കളുടെ അതീവ വിചിത്രമായ ദീനങ്ങളും ജോലി സ്ഥലത്തെ എണ്ണിയാൽ ഒടുങ്ങാത്ത വെല്ലുവിളികളും ചേർന്ന് അവരുടെ ജീവിതം ഒരു നിത്യ നരകമായിരുന്നു.

“മക്കൾക്ക് വല്ല വിഷവും കൊടുത്തിട്ട് ഞാൻ സൂയിസൈഡ് ചെയ്തുവെന്ന് ചിലപ്പോൾ നീ കേൾക്കും.“

ഒന്നു ഞെട്ടിയെങ്കിലും ഒരു മന്ദബുദ്ധിയ്ക്കു മാത്രം സാധിയ്ക്കുന്ന മനസ്സാന്നിധ്യത്തോടെ അവരെ ആശ്വസിപ്പിയ്ക്കാൻ ഞാൻ ശ്രമിച്ചു. ജീവിതം വളരെ  വിലപിടിപ്പുള്ളതാണെന്നും മറ്റും നോവലുകളിലും കഥകളിലും വായിച്ചിട്ടുള്ളതെന്തെല്ലാമോ പറഞ്ഞു കേൾപ്പിച്ചു. അപ്പോഴാണ് അക്കാ എന്നോട് ചോദിച്ചത്.

“നിനക്ക് വല്ലതും അറിയാമോ? നീ നാട്ടിൽ വളർന്നവളല്ലേ?“

“എന്തറിയാമോ എന്നാണ്..“

“ഞാൻ ഇവിടെയുള്ള ഒരു ജ്യോതിഷിയെ കണ്ടിരുന്നു. അദ്ദേഹം പറഞ്ഞു. നമ്മുടെയെല്ലാം ജീവിതത്തിൽ തീക്കനൽ‌പ്പാടമായി ഒരു ശാപം വീണുകിടപ്പുണ്ട്. കടലോളം കണ്ണീരു വേണ്ടി വരും അതു കെടുത്തുവാനെന്ന്…… നീ എന്തെങ്കിലും കേട്ടിട്ടുണ്ടോ?“

കൂടുതൽ ഒന്നും കേൾക്കുവാൻ ഞാൻ ആഗ്രഹിച്ചില്ല. 

മനസ്സിന്റെ തിരശ്ശീലയിൽ വിങ്ങിപ്പൊട്ടുന്ന ഓർമ്മകളും ചോരയിറ്റുന്ന അനുഭവങ്ങളും കാളിമയോടെ നിരന്നു നിന്നപ്പോൾ ഞാൻ തളർന്നിരുന്നു പോയി. 

മഠത്തിൽ നിന്നിറക്കിവിടപ്പെട്ട പെരിയമ്മമാർ…  പിറന്ന മഠത്തിൽ ഒരിയ്ക്കലും തിരിച്ചു പോകാൻ സാധിയ്ക്കാതെ തെരുവിൽ ഗതികെട്ടു വീണു പോയ അമ്മ.

കാൻസറിന്റെ നീരാളിപ്പിടുത്തത്തിൽ ഒരു തുള്ളി വെള്ളം ഇറക്കാനാവാതെ വേദനിച്ചു മരിച്ച മാമാ.

ഭാര്യ ഉപേക്ഷിച്ച അണ്ണാ..

ഗ്യാസ് സ്റ്റൌവിൽ നിന്ന് തീ പിടിച്ചു മരിച്ച ഗർഭിണിയായിരുന്ന അക്കാ..

മക്കളും കൊച്ചുമക്കളും ഭർത്താവും അപകടത്തിൽ മരിയ്ക്കുകയും ഒരു പോറൽ പോലുമേൽക്കാതെ രക്ഷപ്പെടുകയും ചെയ്ത മാമി….

ഒരിയ്ക്കൽ പോലും അപ്പാവെ കാണാത്തവരും, നിർബന്ധമായും അമ്മയെ മറക്കേണ്ടി വന്നവരുമായ മക്കൾ..

വൃദ്ധ സദനങ്ങളിൽ മരണത്തെ മാത്രം കാത്തു കഴിയുന്ന, അവസാനമില്ലാത്ത നാമ ജപങ്ങളിൽ മുഴുകിയ താത്താവും പാട്ടിയും .

നീണ്ട മുപ്പതു വർഷങ്ങളിലെ ഒട്ടനവധി സിവിൽ കേസുകൾക്കു ശേഷം ഒരു കല്ലു പോലും ശേഷിയ്ക്കാതെ ഇടിഞ്ഞു തകർന്ന എട്ടുകെട്ട്…..അതെല്ലാവരുടേതുമായിരുന്നു…എന്നാൽ എന്റെയും നിന്റെയും എന്ന പിടിവലിയിൽ അത് ആരുടേതുമായില്ല. 

മരണം പോലെ തണുത്തുറഞ്ഞ ഏകാന്തതയിൽ പാത വക്കിലെ പൊടി പിടിച്ച കുറ്റിച്ചെടി മാതിരി അനാഥരായിത്തീർന്ന മനുഷ്യരുടെ തറവാട്…ബ്രാഹ്മണ്യത്തിന്റെയും അതിരില്ലാത്ത ധനത്തിന്റേയും കൊടിയ അഹന്തകൾക്കു മീതെ ആരുടെയെല്ലാമോ കണ്ണീരും ശാപവും കരിനിഴലായി പടർന്ന ജീവിതങ്ങൾ. 

അതിനു ശേഷം എനിയ്ക്ക് ഒട്ടും ഉറങ്ങാൻ സാധിച്ചിട്ടില്ല. യുക്തിയുടെയും ബുദ്ധിയുടേയും ശാസ്ത്രീയ വിശകലനങ്ങളുടേയും കൂർത്ത മുനയിലും മിന്നുന്ന വെളിച്ചത്തിലും ശാപമൊന്നുമില്ല എന്ന് ഉറപ്പിയ്ക്കുമ്പോൾ പോലും തെണ്ടി മയിസ്രേട്ടെന്ന ജാനകിയമ്മ എന്റെ മുൻപിൽ ചക്രവാളത്തോളം വലുപ്പമാർന്നു നിൽക്കുന്നു. വിശ്വരൂപം ദൈവങ്ങൾക്കു  മാത്രമാണെന്ന് പറഞ്ഞത് ആരാണ്? കണ്ണീരിനേക്കാൾ വലിയ പ്രളയം ഏതു യുഗത്തിലാണുണ്ടായത്? മരണത്തിലും വലിയ സാക്ഷ്യം ഏതായിരുന്നു?

ഭയം വരുമ്പോൾ ചൊല്ലാനായി, ചെറുപ്പന്നേ ഞാൻ മന:പാഠം പഠിച്ച എല്ലാ കവച മന്ത്രങ്ങളും ഇപ്പോൾ മറന്നു പോയിരിയ്ക്കുന്നു……


Tuesday, December 13, 2011

പെൺ പരിസ്ഥിതി


“ചില പരിസ്ഥിതി വിചാരങ്ങൾ “എന്ന പേരിൽ മാധ്യമം ദിനപ്പത്രത്തിന്റെ കുടുംബ മാധ്യമം  പേജിലും  “പെൺ പരിസ്ഥിതി“ എന്നപേരിൽ ബൂലോകം ഓൺലൈൻ ബ്ലോഗ് പത്രത്തിലും നാളത്തെ കേരളം എന്ന ബ്ലോഗിലും ഈ ലേഖനം വന്നിട്ടുണ്ട്.


ലോകമാകമാനം പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി അക്ഷീണം സമരം ചെയ്ത, ഇപ്പോഴും സമരം ചെയ്യുന്ന എല്ലാവരാലും അറിയപ്പെടുന്നവരും അതേ സമയം ആരാലും അറിയപ്പെടാത്തവരും, അംഗീകരിയ്ക്കപ്പെടാത്തവരുമായ ഒട്ടനവധി നല്ല മനുഷ്യർക്കും ഈയിടെ അന്തരിച്ച പരിസ്ഥിതി പോരാളിയായ വംഗാരി മതായിയ്ക്കും മുൻപിൽ ആദരവോടെ………

പലപ്പോഴും പൂർണമായും ഉത്തരവാദികൾ ആവാറില്ലെങ്കിലും, എല്ലാ തിക്തഫലങ്ങളും വരിവരിയായി പെണ്ണുങ്ങളെ തേടി വരാറുണ്ട് എന്ന കാ‍രണത്താൽ ഈ മഹാ പ്രപഞ്ചത്തിന്റെ ഏതു പ്രശ്നവും എല്ലായ്പ്പോഴും പെൺപ്രശ്നം കൂടിയാണ്. പരിസ്ഥിതിയെ നിർലജ്ജം ചൂഷണം ചെയ്ത് നശിപ്പിയ്ക്കുന്ന ആധിപത്യ മൂല്യങ്ങൾ, അധിനിവേശ ക്രൂരതകൾ, പരിഗണനയില്ലായ്മയും അനുതാപക്കുറവും, വെറുതേ ഒരു ഗമയും പൊലിപ്പും കാണിച്ചു കൂട്ടലുമാകുന്ന ആഡംബര പ്രദർശനം,  പ്രപഞ്ച പത്തായത്തിൽ ടൺ കണക്കിന് നീക്കിയിരിപ്പുണ്ടെന്ന തെറ്റിദ്ധാരണയിൽ ചെയ്തുകൂട്ടുന്ന അനിയന്ത്രിതമായ ഉപഭോഗം….. ഇപ്പറഞ്ഞതിന്റെയെല്ലാം ഒഴിവാക്കാനാവാത്ത ദുരന്തങ്ങൾ കൂടുതൽ പേറുന്നത് സ്ത്രീകളും കുട്ടികളുമാണ്.

രാഷ്ട്രീയ തീരുമാനങ്ങളിലോ സാമ്പത്തിക തീരുമാനങ്ങളിലോ മത തീരുമാനങ്ങളിലോ ശാസ്ത്ര കലാ സാഹിത്യ സാംസ്ക്കാരിക ചരിത്ര (വിട്ടു പോയ മേഖലകൾ പൂരിപ്പിയ്ക്കണമെന്ന അപേക്ഷയോടെ) തീരുമാനങ്ങളിലോ ഒന്നും നേരിട്ടൊരിയ്ക്കലും പങ്ക് വഹിയ്ക്കാൻ കാര്യമായ അവസരമില്ലാത്തതു പോലെ (ഇടയ്ക്ക് ബിനാമിയാവാൻ പറ്റാറുണ്ടേ!) പരിസ്ഥിതി തീരുമാനങ്ങളിലും വലിയ അവസരമൊന്നും സ്ത്രീകൾക്ക് കിട്ടാറില്ല. എങ്കിലും എല്ലാറ്റിന്റേയും സൈഡ് ഇഫക്ടുകളും നേരിട്ടുള്ള ഇഫക്ടുകളും കൂടുതൽ ആഞ്ഞടിയ്ക്കുമെന്നതുകൊണ്ട് സ്ത്രീകൾക്ക് ഇവയെക്കുറിച്ചെല്ലാം ഉൽക്കണ്ഠപ്പെട്ടേ മതിയാകൂ എന്ന ചുമതലയുമുണ്ട്. 

അല്ലാ, സ്ത്രീകൾക്ക് മാത്രം മതിയോ ഈ പരിസ്ഥിതി? മനുഷ്യ രാശിയ്ക്ക് മുഴുവൻ നിലനിൽ‌പ്പ് ഉണ്ടാവേണ്ടുന്ന കാര്യമായതുകൊണ്ട് പുരുഷന്മാർക്കും വേണ്ടേ? അതുകൊള്ളാം, അപ്പോൾ ഈ മനുഷ്യർക്ക് മാത്രമായിട്ടെങ്ങനെയാണ് നിലനില്പ് വരുന്നത്?എന്നുവെച്ചാൽ സമസ്ത ജീവജാലങ്ങൾക്കും ജീവനില്ലാത്ത ജാലങ്ങൾക്കുമൊക്കെ വേണം ഈ പറഞ്ഞ പരിസ്ഥിതി. എന്നാൽ മറ്റു ജീവജാലങ്ങൾക്കില്ലാത്ത വിവേകവും വിവേചന ബുദ്ധിയുമുണ്ടെന്നഭിമാനിയ്ക്കുന്ന മനുഷ്യർ ഏറ്റവും കൂടുതൽ നിന്ദിയ്ക്കുന്നതും, അപമാനിയ്ക്കുന്നതും, ബലാത്സംഗം ചെയ്യുന്നതും, തകർത്തു തരിപ്പണമാക്കി മുച്ചൂടും മുടിച്ചു കളയുന്നതും ഈ പരിസ്ഥിതിയെയാണല്ലോ.

പ്രപഞ്ചത്തിലെ എല്ലാ സഹജീവികളോടുമുള്ള പരിഗണന, ഉത്തരവാദിത്തം, ചുമതല ഇതെല്ലാം ചേർന്നതായിരിയ്ക്കേണ്ടേ പരിസ്ഥിതിയോടുള്ള ഓരോ മനുഷ്യരുടേയും ഇടപെടൽ? അതു വെറുതേ ഏതെങ്കിലും (ഉദാഹരണത്തിന് ഇപ്പോഴത്തെ കണക്കിൽ ജനിതക മാറ്റം വരുത്തിയ വിത്തുകൾ ഉപയോഗിച്ചുള്ള) മരം നട്ടു പിടിപ്പിയ്ക്കലും “അയ്യോ! മനുഷ്യാ വെട്ടല്ലേ വെട്ടല്ലേ മരം വെട്ടല്ലേ“ എന്ന കരച്ചിലും മാത്രമല്ലല്ലോ. അതൊരു സമ്പൂർണ ജീവിത പദ്ധതിയാവണം.  ഒറ്റക്കാര്യത്തിൽ മാത്രമായി പരിസ്ഥിതി അവബോധവും സംരക്ഷണവും സാധ്യമല്ല.

നൂറു കണക്കിന് പരുത്തി വസ്ത്രങ്ങൾ (വിലകൂടിയ ഡിസൈനർ വസ്ത്രങ്ങളോ അല്ലെങ്കിൽ സാധാരണ വസ്ത്രങ്ങളോ ആവട്ടെ) അലമാരിയിൽ ശേഖരിച്ച് സൂക്ഷിച്ചു വെച്ച് ഞാൻ പരുത്തി വസ്ത്രം മാത്രം ധരിയ്ക്കുന്നവനാണെന്ന്, സിന്തെറ്റിക് വസ്ത്രങ്ങൾ സ്പർശിയ്ക്കാത്തവനാണെന്ന് സിദ്ധാന്തിയ്ക്കുന്ന ഒരാൾ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് സമഗ്രമായി ആലോചിയ്ക്കുന്നുണ്ടോ?ഇല്ല, കാരണം, അയാൾ ആവശ്യത്തിലും വളരെയേറെ പരുത്തി ഉപഭോഗം ചെയ്യുന്നു. അതിനൊപ്പം പരോക്ഷമായി മറ്റ് ഒട്ടനവധി കാര്യങ്ങളും അനാവശ്യമായി ചെലവഴിയ്ക്കപ്പെടുന്നുണ്ടല്ലോ. ഉദാഹരണമായി ചായം, തുന്നാൻ വേണ്ട നൂല്, വസ്ത്രമുണ്ടാക്കാൻ വരുന്ന അധ്വാനം, ഇവയെല്ലാം  എത്തിയ്ക്കാനാവശ്യമായ ഗതാഗതം, അതിനു വേണ്ട ഇന്ധനം… ഇതൊരു നീളമേറിയ പാതയാണ്. അതിന്റെ ഒരു കൈവഴിയ്ക്ക് മാത്രമായി പരിസ്ഥിതി സംരക്ഷണം നടക്കുമോ? 

മരം വെട്ടരുതെന്ന് മുദ്രാവാക്യം മുഴക്കി പൊരിവെയിലിൽ മരത്തെ കെട്ടിപ്പിടിച്ച് നിന്ന് സമരം ചെയ്യുന്നവർ ടിഷ്യു പേപ്പർ കൊണ്ട് വിയർപ്പ് തുടയ്ക്കുന്നതു മാതിരിയുള്ള തൊലിപ്പുറത്തെ പരിസ്ഥിതി ഉൽക്കണ്ഠകൾ പോരാ നമുക്ക്. വിദേശ രാജ്യങ്ങളിൽ കാര്യക്ഷമമായ പ്രവർത്തനങ്ങൾ പലതും ഉണ്ടെന്നും ഇവിടെ ഒന്നുമില്ലെന്നും അരിശം കൊള്ളാറുണ്ട് പലരും. ഇങ്ങനെ അരിശപ്പെടുമ്പോൾ അവിടങ്ങളിലെ ഭൂവിസ്തൃതിയും മനുഷ്യരുടെ എണ്ണത്തിലുള്ള കുറവും ചില കാര്യങ്ങളെങ്കിലും ഭംഗിയായി നടപ്പിലാക്കാനുള്ള ആർജ്ജവവും രാഷ്ട്രീയമായ ഇച്ഛാശക്തിയും കൂടി നമ്മൾ കണക്കിലെടുക്കണം. താരതമ്യം തികച്ചും സമഗ്രമാകണം എന്നർഥം.

തടുക്കാൻ ഒരു തരത്തിലും പ്രാപ്തിയില്ലാത്തവരുടെ തലയിൽ, സ്വന്തം വീട്ടിലെ മാലിന്യം നമ്മൾ വലിച്ചെറിഞ്ഞുകൊടുക്കുമ്പോഴല്ലേ വിളപ്പിൽശാലകളും ബ്രഹ്മപുരങ്ങളും ലാലൂരുകളും ഞെളിയൻപറമ്പുകളും ഉണ്ടാകുന്നത്? അമേരിയ്ക്കയിൽ നിന്ന് കൊച്ചിയിലേയ്ക്ക് പലതരം മാലിന്യങ്ങൾ കപ്പൽ കയറി വരുന്നതും  നമ്മൾ ഓരോരുത്തരും രാവിലെ കുടുംബശ്രീ സ്ത്രീകൾക്ക് എടുത്തുകൊണ്ടു പോകാനും, മേൽ‌പ്പറഞ്ഞ ഏതെങ്കിലും പറമ്പുകളിൽ ഉപേക്ഷിക്കാനുമായി വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് ബക്കറ്റിൽ നിറച്ചു വെയ്ക്കുന്നതും തമ്മിൽ പറയത്തക്ക വലിയ വ്യത്യാസമില്ല. ഈ പറമ്പുകൾ ഉണ്ടാവാതെയിരിയ്ക്കാൻ നമ്മൾ എന്തുചെയ്യണം? നമ്മുടെ പങ്ക് മാലിന്യമെങ്കിലും അവിടങ്ങളിൽ ചെന്ന് ചേരാതിരിയ്ക്കാനും അങ്ങനെ അവിടങ്ങളിലെ സഹോദരർക്ക് ശല്യമുണ്ടാവാതിരിയ്ക്കാനും നമ്മൾ ശ്രദ്ധിയ്ക്കണം. വിദൂരസ്ഥമായ സ്ഥലങ്ങളിൽ മാലിന്യം ഉപേക്ഷിയ്ക്കാൻ വേണ്ടി വരുന്ന ഭീമമായ ചെലവിനെക്കുറിച്ചും ഈയവസരത്തിൽ നമ്മൾ ഓർക്കേണ്ടതാണ്. വാഹനമോടിയ്ക്കാൻ ആവശ്യമായ ഇന്ധനമുൾപ്പടെ, ആ വാഹനം ഉണ്ടാക്കുന്ന പരിസ്ഥിതി മലിനീകരണം ഉൾപ്പടെ……….. ഫ്ലാറ്റുകളിലും വീടുകളിലും താമസിയ്ക്കുന്ന നമ്മളുണ്ടാക്കുന്ന മാലിന്യം സ്വയം നിർമ്മാർജ്ജനം ചെയ്യുമെന്ന ഒരു നിലപാടിലെത്തുകയും അതു പ്രാവർത്തികമാക്കുകയും വേണം.

ഓയിൽക്കമ്പനികളുടെ മുന്നിൽ കൈകൂപ്പി മുട്ടിലിഴഞ്ഞ് മൂക്കുകൊണ്ട് “ക്ഷ“ വരയ്ക്കുന്ന സർക്കാർ നയങ്ങൾ ഗ്യാസ് സിലിണ്ടറിന് വില കൂട്ടുമ്പോൾ ഒരു ജനത എന്ന നിലയിൽ എന്തു ചെയ്യാനാകുമെന്ന് നമ്മൾ ആലോചിയ്ക്കണം. ഒരു കെട്ട് വിറകിനും ഒരു ബക്കറ്റ് വെള്ളത്തിനും ഒരു പിടി ധാന്യത്തിനും വേണ്ടിപ്പോലും പലർക്കും മുൻപിൽ തുണിയഴിയ്ക്കേണ്ടി വരുന്ന പട്ടിണിപ്പാവങ്ങളായ സ്ത്രീകൾ നിറഞ്ഞ ഇന്ത്യയിലാണ് നാം കഴിയുന്നതെന്നും കൂടി ഓർമ്മിച്ച്, മാലിന്യങ്ങളിൽ നിന്ന് ഗ്യാസുണ്ടാക്കുന്ന പദ്ധതികൾ പോലെയുള്ള വ്യവസ്ഥേതരമായ ബദൽ ജീവിതരീതികൾ ആവേശത്തോടെ ഏറ്റെടുത്ത് നടപ്പിലാക്കുവാൻ നമ്മൾ ശ്രദ്ധിയ്ക്കേണ്ടതില്ലേ?

കറുത്ത ഗ്ലാസ്സിട്ട കൂറ്റൻ വാഹനങ്ങളിലെ വലിയൊരു ഇരിപ്പിടത്തിൽ ഒറ്റയ്ക്കിരുന്ന് ചീറിപ്പായുന്നതിലല്ല അന്തസ്സെന്ന് നമ്മൾ അറിയണം. അത്യധികം ഇന്ധനച്ചെലവുണ്ടാക്കുന്ന വാഹനങ്ങളോടുള്ള ഭ്രമം കുറയുമ്പോൾ മാത്രമേ നമുക്ക് നടപ്പാതകളുണ്ടാവൂ. സൈക്കിൾ പാതകളുണ്ടാവൂ. നമ്മുടെ പൊതുവാഹനങ്ങളെ കുറ്റമറ്റതാക്കി സംരക്ഷിയ്ക്കുന്ന മനോഭാവം വളരൂ. യാതൊരു ഗത്യന്തരവുമില്ലെങ്കിൽ മാത്രമേ നമ്മൾ സ്വകാര്യ വാഹനത്തെ ശരണം പ്രാപിയ്ക്കാവൂ. ഈ മനോഭാവമുള്ള ജനതയ്ക്കു മുൻപിൽ വികലമായ നയങ്ങൾ മാറ്റിയെഴുതുവാൻ ചിലപ്പോൾ സർക്കാർ നിർബന്ധിതമായേക്കും. അതിന് ആദ്യം വേണ്ടത്  മറ്റുള്ളവർ എല്ലാം മാറട്ടെ എന്നിട്ട് ഞാൻ മാറാം എന്ന നിലപാട് ഓരോരുത്തരും അവരവർക്കാവുന്ന ഏറ്റവും ലളിതമായ രീതിയിലെങ്കിലും തിരുത്തിയെഴുതുകയാണ്.

സ്വർണവും വജ്രവും അതി കേമമായ നിക്ഷേപമാണെന്ന് പൊതുവേ വിശ്വസിയ്ക്കപ്പെട്ടു വരുന്നുണ്ട്. സ്ത്രീകളുടെ ആഭരണഭ്രമത്തെക്കുറിച്ച് എല്ലാവരും നെടുങ്ങനെയും കുറുങ്ങനെയും സംസാരിയ്ക്കുകയും എഴുതുകയും അഭിനയിയ്ക്കുകയും തമാശ പറയുകയും ഒക്കെ ചെയ്യാറുണ്ട്.  പണം ചെലവഴിയ്ക്കാൻ പ്രാപ്തി (പർച്ചേസിംഗ് പവർ) അധികമുള്ള പുരുഷന്റെ സമ്മതമില്ലാതെ ഈ ഭ്രമം സ്ത്രീയ്ക്ക് പൂർത്തീകരിയ്ക്കാൻ കഴിയില്ലെങ്കിലും ആഭരണത്തോടുള്ള ആശ അവൾക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടതത്രെ. സ്വർണവും വജ്രവും ഏറ്റവും മനുഷ്യത്വ വിരുദ്ധമായ സാഹചര്യങ്ങളിൽ ഖനനം ചെയ്യപ്പെടുന്നവയാണ്, വളരെ ലഭ്യതക്കുറവുള്ളവയാണ്, പരിസ്ഥിതിയെ അമ്പേ തകർത്തുകൊണ്ട് സൃഷ്ടിയ്ക്കപ്പെടുന്നവയുമാണ്. ഓരോ കഴഞ്ച് സ്വർണത്തിലും ഏറ്റവും ചെറിയ വജ്രത്തരിയിലും പോലും ഒരുപാട് ദരിദ്ര മനുഷ്യരുടെ രക്തവും കണ്ണീരും വിയർപ്പും ജീവനുമുണ്ട്. ഈ നഷ്ടപ്പെടലുകൾക്ക് പകരമായി അവർക്കോ അവരുടെ പരിസ്ഥിതിയ്ക്കോ ഒന്നും ലഭ്യമാവുന്നില്ലെന്നു മാത്രമല്ല, സർവ നാശത്തിലേയ്ക്ക് അതവരെ എത്തിയ്ക്കുകയും ചെയ്യുന്നു. ഏറ്റവും കൂടുതൽ സ്വർണവും വജ്രവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് നമ്മുടേത്. അതേറ്റവും അധികം വാങ്ങുന്നവർ മലയാളികളും. ഈ ദു:ശ്ശീലത്തിൽ നിന്ന് നമുക്ക് മോചനമുണ്ടാവേണ്ടേ?

ഗോവധം പാടില്ലെന്ന് ഘോരഘോരം വാദിയ്ക്കുന്നവർ പോലും പ്ലാസ്റ്റിക് പാക്കറ്റുകൾ തിന്നു ശ്വാസം മുട്ടി, നുരയും പതയും തുപ്പി മരിയ്ക്കുന്ന നാൽക്കാലികളെ വളരെ കുറച്ചേ കാണാറുള്ളൂ. കാരണം പാടില്ലെന്ന് പറയുന്ന ഞാനും ആവാമെന്ന് പറയുന്ന നീയും ഉൾപ്പെടുന്ന എല്ലാവരും വലിച്ചെറിയാറുണ്ടല്ലോ ഈ പ്ലാസ്റ്റിക് പാക്കറ്റുകൾ! വേദനയേയും രോഗങ്ങളേയും മരണത്തേയും പോലെ മനുഷ്യ നിർമ്മിതമായ പരിസ്ഥിതി നാശത്തിനും രാജ്യാതിർത്തികളോ ജാതി മത വർഗ വർണ ഭേദമോ ഇല്ല. 

എന്തിനും ഏതിനും വാഹനമോടിയ്ക്കുമ്പോൾ, വാഹനങ്ങളിലിരുന്ന് പ്ലാസ്റ്റിക് കുപ്പിയും പാത്രങ്ങളും മാലിന്യങ്ങളും നദികളിലും റോഡുകളിലും അലക്ഷ്യമായി വലിച്ചെറിയുമ്പോൾ, മരങ്ങളെ നിഷ്ക്കരുണം കൊന്നൊടുക്കുമ്പോൾ, ആഹാരവും വെള്ളവും ഊർജ്ജവും പ്രകൃതീ പദാർഥങ്ങളും നിരുത്തരവാദപരമായി പാഴാക്കുമ്പോൾ, ആർത്തി പെരുത്ത് അന്തരീക്ഷവും വിളഭൂമിയും കൊടും വിഷങ്ങളാൽ  മലിനമാക്കുമ്പോൾ മനുഷ്യന്റെ മുഖച്ഛായ തന്നെ മാറുന്നു. അവിടെ  മനുഷ്യത്തത്തിനു പകരം സ്വാർഥതയും പരിഗണനയില്ലായ്മയും നീചതയും കൈവരുന്നു. അതാണോ നമ്മൾ സ്വാംശീകരിയ്ക്കേണ്ട മൂല്യമെന്ന് സ്വയം തീരുമാനിയ്ക്കേണ്ടതാണ്. 

തച്ചു തകർക്കപ്പെടുന്ന പരിസ്ഥിതിയോട് യാതൊരു പരിഗണനയും ഇല്ലാതെ, നശിപ്പിയ്ക്കാവുന്നതിന്റെ പരമാവധിയും ചെയ്തതിനു ശേഷം  ജാതിയും മതവും സൂക്ഷിച്ചു നോക്കി തരം തിരിച്ച്, അല്പം പണവും സഹായവും അനാഥാലയങ്ങളിലോ അമ്പലത്തിനോ പള്ളിയ്ക്കോ  നൽകിയുള്ള പാപം പോക്കൽ കൊണ്ട് ഒരു പ്രയോജനവുമില്ല. അങ്ങനെ എളുപ്പവഴിയിൽ പരിഹരിച്ച് കുറ്റബോധമില്ലാതാക്കാനാവാത്തതാണ് പരിസ്ഥിതിയെ നശിപ്പിയ്ക്കുന്ന നമ്മുടെ സ്വാർഥത എന്നർഥം. ആ സ്വാർഥതയെ അതിജീവിയ്ക്കാൻ കൃത്യമായ ലക്ഷ്യബോധവും നിരന്തര പരിശ്രമവും ആവശ്യമാണ്. എത്ര കുറവ് മാലിന്യം സൃഷ്ടിയ്ക്കപ്പെടുന്നുവെന്നും പ്രകൃതിയോടും പരിസ്ഥിതിയോടും എന്തുമാത്രം സമതുലനം പുലർത്തുന്നുവെന്നും കണക്കാക്കി മാത്രമേ നമ്മുടെ സംസ്ക്കാരവും  നമ്മുടെ ജാതിയും മതവും നമ്മുടെ രാജ്യവും നമ്മുടെ ലിംഗവും കേമം മഹാ കേമം എന്ന് ആർപ്പു വിളിയ്ക്കാവൂ. അപ്പോൾ ആർക്കും ആർപ്പു വിളിയ്ക്കാൻ ശേഷിയുണ്ടാവുകയില്ലെന്ന് നമുക്കറിയാമല്ലോ. നിങ്ങളിൽ പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്നാണല്ലോ.

തീർത്തും അത്യാവശ്യമുള്ള സമയത്തു മാത്രം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് ശരിയായ പരിസ്ഥിതി സംരക്ഷണമാകുന്നത്. പ്രപഞ്ചത്തിലെ എല്ലാം സഹജീവികൾക്കും  നമ്മെപ്പോലെ തന്നെ ഉപയോഗിയ്ക്കാൻ അവകാശമുള്ള നീക്കിയിരിപ്പിനെയാണ്, സമ്പത്തിനെയാണ് നമ്മൾ ഉപഭോഗം ചെയ്യുന്നതെന്ന ഓർമ്മയോടെ, അതിന്റെ കാവലാകാനുള്ള നിതാന്ത ജാഗ്രതയോടെ ജീവിയ്ക്കുന്നതാണ് യഥാർത്ഥമായ പരിസ്ഥിതി അവബോധം. അതിന് അനുഭാവം, അനുതാപം, പരിഗണന, ഉത്തരവാദിത്തം, ചുമതലാബോധം എന്നിവ കൂടിയേ കഴിയൂ. 

സ്ത്രീത്വത്തിന് പരിസ്ഥിതി സംരക്ഷണത്തിലെ പ്രത്യേക റോൾ എന്താണെന്ന് ആലോചിയ്ക്കുമ്പോഴാണ് പെണ്മയെപ്പറ്റി നമുക്ക് ഇങ്ങനെ വിശദീകരിയ്ക്കേണ്ടത്. അങ്ങേയറ്റത്തെ തീവ്ര വിപ്ലവകാരിയോ, പദവികളുള്ള ഉദ്യോഗസ്ഥയോ, അവാർഡുകൾ നേടിയ എഴുത്തുകാരിയോ സാധാരണ തൂപ്പുകാരിയോ ആരുമാവട്ടെ, ഒരു പുതു ജന്മത്തെ ജീവിതത്തിലേയ്ക്ക് കൊണ്ടു വരികയും പോറ്റി വളർത്തുകയും ജീവിത കാലം മുഴുവൻ അതിനെക്കുറിച്ച് ചിന്തിച്ച് ഉൽക്കണ്ഠപ്പെടുകയും ഒക്കെ ചെയ്യുന്നവളാണല്ലോ സ്ത്രീ. മറ്റൊരു ജിവന്റെ നന്മയ്ക്കാ‍യി സ്വന്തം ജീവിതവും സുഖങ്ങളും സൌകര്യവും എല്ലാം ചക്രവാളത്തിന്റെ അതിരോളം മാറ്റി വെയ്ക്കാൻ കഴിവുള്ളവൾ.

അവൾ ആഭരണങ്ങളും പലതരം വസ്ത്രങ്ങളുമണിഞ്ഞ് വെളുക്കാനുള്ള  ക്രീമുകളും തല മുടി വളരാനുള്ള എണ്ണകളും വാരിത്തേച്ച് അയ്യോ! പയറുകറിയുണ്ടാക്കാനറിയില്ലെങ്കിൽ ഈ ജീവിതം കൊണ്ടെന്തു കാര്യം എന്നു സങ്കടപ്പെടേണ്ടവളല്ല. ഭ്രാന്തോളം വളരുന്ന ഭക്തിയും ആന കുത്തിയാൽ ഇളകാത്ത അന്ധവിശ്വാസങ്ങളുമായി ടി വി സീരിയലിലെ മന്ദബുദ്ധികളും ആത്മാഭിമാനമില്ലാത്തവരുമായ നല്ല സ്ത്രീകളാണെന്ന് ഭാവിച്ചും സ്ഥാപിച്ചും കഴിയേണ്ടവളല്ല. അങ്ങനെയല്ലാത്ത  പെണ്ണുങ്ങളെ വല്ലപ്പോഴുമെങ്കിലും കാണേണ്ടി വന്നാൽ അവരെ പരിഹസിച്ചും നിന്ദിച്ചും അപമാനിച്ചും ഒറ്റപ്പെടുത്തേണ്ടവളല്ല. തോരാത്ത കണ്ണീർപ്പുഴയിലൊഴുകി വീട്ടു മൂർത്തിയായ ഒരു അമ്മപ്പൈങ്കിളിത്തേങ്ങലായി ങ്ഹും.. ങുഹും.. എന്ന് മോങ്ങേണ്ടവളുമല്ല……
 
ഇമ്മാതിരിയുള്ള ബുദ്ധിശൂന്യതകൾക്ക്  പകരം അനീതിയേയും ചൂഷണത്തിനേയും എതിർക്കുവാനും പ്രകൃതിയേയും പരിസ്ഥിതിയേയും സഹജീവികളേയും ബഹുമാനിച്ചാദരിച്ച് സ്നേഹിയ്ക്കുവാനും മൂല്യബോധവും ഉത്തരവാദിത്തവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാനും വേണ്ട  ചുമതലയെ ഏറ്റെടുക്കുവാൻ കെൽ‌പ്പുള്ളവളാകണം സ്ത്രീ. ഏറ്റവും കുറഞ്ഞ ഉപഭോഗവും ഏറ്റവും കുറഞ്ഞ മാലിന്യ ഉല്പാദനവുമാണ് ഏറ്റവും ശ്രേഷ്ഠമായ പരിസ്ഥിതി അവബോധമെന്ന് സ്വയം പഠിയ്ക്കാനും അടുത്ത തലമുറയെ അത് ചൂണ്ടിക്കാണിയ്ക്കാനും സ്ത്രീയ്ക്ക് കഴിയണം.

ആണത്തമെന്നാൽ പഴക്കം കൊണ്ട് കെട്ടു നാറി പുളിച്ചു പോയ ജീർണ മൂല്യങ്ങളെയും എന്തിനേയും ചൂഷണം ചെയ്യാൻ മടിയ്ക്കാത്ത വ്യവസ്ഥാപിത നയങ്ങളേയും നെഞ്ചോട് ചേർത്ത്, പ്രകൃതിയെയും പരിസ്ഥിതിയേയും പ്രപഞ്ചത്തേയും സ്ത്രീയേയും ഭാവി തലമുറയേയും വരുതിയിൽ നിറുത്തി കീഴടക്കിയെന്ന് മീശ പിരിയ്ക്കുന്നതും രാഷ്ട്രീയവും ഭരണപരവും മതപരവും ചരിത്രപരവും സാമ്പത്തികവുമായ മേൽക്കോയ്മ പ്രകടിപ്പിച്ച് അട്ടഹാസവും ബലാത്സംഗവും മർദ്ദനങ്ങളും യുദ്ധങ്ങളും അധിനിവേശങ്ങളും ആഘോഷിയ്ക്കുന്നതുമാണെന്ന സർവാബദ്ധ ധാരണയിൽ നിന്ന് പുരുഷന്മാരും മോചിതരാകേണ്ടതുണ്ട്. 

എല്ലാത്തരം ചൂഷണങ്ങൾക്കും എതിരെ സമരം ചെയ്യുകയും പ്രകൃതിയേയും പരിസ്ഥിതിയേയും ബഹുമാനിച്ച് ആദരിയ്ക്കുകയും എല്ലാ സഹജീവികളോടും സമത്വത്തിലധിഷ്ഠിതമായ സ്നേഹമര്യാദകൾ പുലർത്തുകയും ഭാവി തലമുറയോട് നൂറു ശതമാനം ഉത്തരവാദിത്തമുള്ളവരാകുകയും അവരെയും പൂർണമായും പ്രചോദിപ്പിയ്ക്കുകയും ചെയ്യുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ പുരുഷനാകുന്നുള്ളൂവെന്ന ബോധവൽക്കരണം പുരുഷന്മാർക്ക് തീർച്ചയായും ആവശ്യമുണ്ട്.

ഭൂമി സർവംസഹയൊന്നുമല്ലെന്നും ഭൂമിയുടെ വളരെച്ചെറിയ ഒരു പ്രതിഷേധം പോലും മാനവരാശിയെ മുച്ചൂടും മുടിച്ചു കളയുമെന്നും നമ്മൾ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. പ്രകൃതിയെക്കുറിച്ചും ഭൂമിയുടെ എല്ലാ അവകാശികളെക്കുറിച്ചും എഴുതിക്കൊണ്ടിരുന്ന ഒരാളുണ്ടായിരുന്നു നമുക്കിടയിൽ. അദ്ദേഹം നമ്മെ നിരന്തരമായി ഓർമ്മിപ്പിച്ചിരുന്നുവല്ലോ. 

“ഇതാ അന്തിമകാഹളം മുഴങ്ങുന്നു.“

നമ്മൾ കേൾക്കുന്നുണ്ടോ?