ചിത്രഗുപ്തന്‍റെ മുഖത്ത് യാതൊരു പ്രസാദവുമില്ലെന്ന് ദൈവത്തിനു
ബോധ്യമായി...
‘ഊം’ എന്നു ചോദ്യരൂപത്തില്‍ മൂളിയപ്പോള്‍ ‘എനിക്ക് വയ്യ... ഞാന്‍ തോറ്റു’ എന്ന
ഉത്തരമാണ് കിട്ടിയത്. അത് മഹത്തായ
പാരമ്പര്യമുള്ള ദേവഭാഷകളിലൊന്നുമായിരുന്നില്ല.
വെറും പച്ച മലയാളത്തില്‍... ആ ശൈലിയോ? നട്ടുച്ചയ്ക്ക് വീട്ടു പണികള്‍ തീര്‍ത്ത് ഒന്നു നടുവ് നിവര്‍ത്തുന്ന സാദാ വീട്ടമ്മമാര്‍ മടുപ്പോടെ പറയുന്നതുപോലെ...
ദൈവത്തിനു ലേശം മുഷിവ് തോന്നാതിരുന്നില്ല.
‘എന്തു
പറ്റി ’ എന്ന്
ദൈവവും അതുകൊണ്ട് മലയാളത്തില്‍ തന്നെയാണ് ചോദിച്ചത്.
‘ ഈ
സ്ത്രീയെ സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ
എവിടേക്ക് അയക്കണമെന്ന് അറിയുന്നില്ല,
ദൈവമേ... കണക്കുകള്‍ എന്നെ പരാജയപ്പെടുത്തുന്നു.’
അത്രയും പറഞ്ഞ് ചിത്രഗുപ്തന്‍
നിറുത്തി. ഈ എഴുതിയുണ്ടാക്കുന്ന പാപപുണ്യങ്ങളുടെ കണക്കുകളിലും അതനുസരിച്ചുള്ള സ്വര്‍ഗ നരക വേര്‍തിരിവുകളിലുമൊന്നും
ചിത്രഗുപ്തനു യാതൊരു വിശ്വാസവുമില്ല. അങ്ങനെയായിട്ട്, യഥാര്‍ഥത്തില്‍ യുഗങ്ങളേറെയായി താനും. എങ്കിലും ഇതുവരെ പറഞ്ഞിട്ടില്ല. എല്ലാമറിയുന്ന ദൈവത്തിനെ
ഇനി അത് പ്രത്യേകമായി പറഞ്ഞറിയിക്കേണ്ട കാര്യമുണ്ടോ?
‘
ചിത്രഗുപ്തനു കണക്കില്‍ പരാജയമോ? ‘ എന്ന്
ദൈവം അല്‍ഭുതം ഭാവിച്ചു.
‘ ആരാണ് ആ
സ്ത്രീ ?’ പുകഴ്ത്തലില്‍ വഴുക്കി വീഴാതെ മൌനം തുടരുകയാണ് ചിത്രഗുപ്തനെന്ന്
കണ്ടപ്പോള്‍ ദൈവത്തിനു ആരായാതിരിക്കാന്‍ കഴിഞ്ഞില്ല.
‘ ഇതാ , ഇവള്‍ തന്നെ ...’ ചിത്രഗുപ്തന്‍ നിവര്‍ത്തിവെച്ച കണക്കു
പുസ്തകത്തിലെ താള്‍ ദൈവം പരിശോധിക്കാന്‍ തുടങ്ങി. വലിയ കാര്യമൊന്നുമുണ്ടാവില്ല എന്ന് വിചാരിക്കാന്‍ തന്നത്താന്‍ യത്നി ച്ചുകൊണ്ട്...
കാരണം, ദൈവത്തിനറിയാം.... ഈ
പരിശോധന കുഴപ്പമാണെന്ന്..
ചില ദിവസങ്ങളില്‍ ചിത്രഗുപ്തന്‍
ഇങ്ങനെയാണ്. അനാവശ്യമായി ആത്മവിമര്‍ശനത്തിനു
തുനിയും. മടുത്തുവെന്നും നിത്യവും ഒരേ പോലെ വിരസമായ ഈ കണക്കെടുപ്പും അതനുസരിച്ചുള്ള തീരുമാനങ്ങളും എടുക്കാന്‍ വയ്യെന്നും പറയും.
കുറെക്കൂടി ഫലപ്രദമായ, സൃഷ്ട്യുന്മുഖമായ മറ്റേതെങ്കിലും ജോലി ചെയ്യാന്‍
ആഗ്രഹമുണ്ടെന്ന് അറിയിക്കും. ചെയ്യുന്ന ജോലി വേണ്ടെന്നു വെയ്ക്കാന്‍ ഒരു കാരണം കണ്ടുപിടിക്കുന്നതു പോലെ എന്തൊക്കെയോ പറഞ്ഞ് ഘനമുള്ള വിഷാദത്തില്‍ ചെന്നു
വീഴും. അങ്ങനെയെല്ലാമാണെങ്കിലും ചെയ്യുന്ന ജോലിയില്‍ യാതൊരു വീഴ്ചയും
അബദ്ധവും ഒരിക്കലും കാണിക്കുകയുമില്ല.
താളിലൂടെ
കണ്ണോടിക്കവേ ദൈവം ശരിക്കും ഞെട്ടി.
അപകടം! അപകടം! എന്ന്
ദൈവമനസ്സ് താക്കീതു ചെയ്തു.
‘ ചിത്രഗുപ്താ’, ദൈവം സ്വന്തം
വൈവശ്യം പുറത്തു കാട്ടാതെ
ആവുന്നത്ര ഘനഗാംഭീര്യത്തോടെ വിളിച്ചു.
ചെന്നിയില്‍
കൈയമര്‍ത്തി തലയും കുമ്പിട്ടിരുന്ന
ചിത്രഗുപ്തന്‍ എണീറ്റ് യാത്ര
പുറപ്പെടാന്‍ തയാറായി.
ചിത്രഗുപ്തനോളം ദൈവത്തെ അറിയുന്നവര്‍ ആരുണ്ട്?
എല്ലാവരും ദൈവത്തെ അറിഞ്ഞു അറിയുന്നു
ദാ, ഇപ്പോള്‍ ഇങ്ങനെ ചെയ്താല്‍ ഉടനെ അറിയും എന്നൊക്കെ വമ്പ് പറയുമെന്നല്ലാതെ... ഘനം കൂടിയ പുസ്തകങ്ങളും മറ്റും ധാരാളമായി എഴുതി
സ്വന്തം കേമത്തം കാണിക്കുമെന്നല്ലാതെ.. പുതിയതായി കണ്ടുപിടിച്ച് മനസ്സിലാക്കിയത് എന്ന് സ്വയം കരുതുന്ന ഭീമാബദ്ധങ്ങളെ ശാശ്വത സത്യങ്ങളെന്ന
മട്ടില്‍ എഴുന്നള്ളിക്കുമെന്നല്ലാതെ... ദൈവാനുഭവത്തെ, പല മാതിരി
വ്യാഖ്യാനിച്ച ആരെങ്കിലും എപ്പൊഴെങ്കിലും വാസ്തവമായി ദൈവത്തെ അറിയുന്നുവോ?
ആ സ്ത്രീ
ഊര്‍ദ്ധ്വന്‍ വലിക്കുകയാണ്. അധിക
സമയം കളയാനില്ല. തീരുമാനം
പെട്ടെന്നെടുക്കണം. അതാണല്ലോ
ഇപ്പോള്‍ ചിത്രഗുപ്തനു പറ്റാതാകുന്നതും..
അന്നദാനം , വസ്ത്രദാനം , പാദുക ദാനം , ഔഷധ ദാനം , ധനദാനം , ജീവ ദാനം ഈ ദാനങ്ങള്‍ക്കും ഇവയിലേതെങ്കിലും ചെയ്തവര്‍ക്കും
ഒക്കെ പ്രത്യേകം കണക്കും വ്യത്യസ്തമായ അനുഗ്രഹങ്ങളും പല ഇളവുകളുമുണ്ട്. പക്ഷെ,
ഇങ്ങനെയൊരു ദാനം ചെയ്താല്‍... ഈ
മാതിരിയൊരു ദാനത്തെപ്പറ്റി കണക്കുകളുടേയും അനുഗ്രഹങ്ങളുടേയും ഇളവുകളുടേയും നീതി ന്യായത്തിന്‍റേയും ബൃഹദ് ഗ്രന്ഥത്തില്‍ ഇതുവരെ ഒറ്റ
വാക്കും എഴുതിയിട്ടില്ല.
അന്ത്യശ്വാസം
വലിക്കുന്ന സ്ത്രീയുടെ
ചുറ്റും കൂടിയിരുന്ന് കരയുന്നവരെ
കണ്ട് ... സത്യം
പറഞ്ഞാല്‍ അവരുടെ എണ്ണത്തെ കണ്ട് ദൈവം വിസ്മയിച്ചു..
എണ്ണം കണ്ടുപിടിച്ച ദൈവത്തിനു തന്നെ എണ്ണം തെറ്റുന്നത്രയും ആളുകള്‍.
ഇത്രയധികം
ആളുകളെ തൃപ്തിപ്പെടുത്തിയിരുന്നോ, സന്തോഷിപ്പിച്ചിരുന്നോ ഈ
സ്ത്രീ ... താലികെട്ടിയവനേയോ
പെറ്റിട്ട മക്കളേയോ പോലും വേണ്ട മാതിരി
തൃപ്തിപ്പെടുത്താനോ സന്തോഷിപ്പിക്കാനോ പറ്റാത്തവരാണ് പുറം കാഴ്ചകളിലെ ഭൂരിഭാഗം സ്ത്രീകളും .. എന്നിട്ടിവിടെ ഒരു ജനസഞ്ചയം.. സങ്കടത്തിന്‍റെ മഹാസമുദ്രങ്ങള്‍
കണ്ണുകളില്‍ ഒതുക്കിപ്പിടിച്ച്... ഉരുണ്ടു
കൂടുന്ന മുഴുത്ത നീര്‍മണികളെ മിഴിയോരങ്ങളില്‍
നിയന്ത്രിച്ച് ...
ചിത്രഗുപ്തന്‍ ദൈവത്തിന്‍റെ അതിമനോഹരമായ
വിരലുകളില്‍ മെല്ലെ അമര്‍ത്തി.
‘ അല്‍ഭുതപ്പെടുന്നതിനു
മുന്‍പ് ആ ജനതയെ നോക്കു..
അവരാരാണെന്ന് സൂക്ഷിച്ചു നോക്കു.’
ഒരു വെള്ളിടി കൊണ്ടത് പോലെ ആ
നിമിഷം ദൈവത്തിന്‍റെ കണ്ണ്
മഞ്ഞളിച്ചു. ... എല്ലാം പ്രത്യേകതയുള്ള സൃഷ്ടികള്‍, കള്ളികളില്‍
വേര്‍ തിരിക്കപ്പെട്ട മനുഷ്യജന്മങ്ങള്‍.. മന്ദബുദ്ധികള്‍,
അംഗവിഹീനര്‍, കുള്ളര്‍, കുഷ്ഠരോഗികള്‍, വേശ്യകള്‍, ഷണ്ഡന്മാര്‍, വന്ധ്യകള്‍, ഹിജഡകള്‍, സ്വവര്‍ഗാനുരാഗികള്‍..
‘ചിത്രഗുപ്താ’ ദൈവം പാരവശ്യത്തോടെ വിളിച്ചു. ചിത്രഗുപ്തന്‍
മറുപടിയായി കണ്ണുയര്‍ത്തി നോക്കുക മാത്രമേ ചെയ്തുള്ളൂ. ദൈവത്തിനു
മനസ്സിലായി ... തീരുമാനമെടുക്കൂ
എന്ന് പറയാതെ പറയുകയാണ്... ചുമതല ഓര്‍മ്മിപ്പിക്കുകയാണ്..
‘ ആ സ്ത്രീ ഇവര്‍ക്കെല്ലാം അതു കൊടുത്തിട്ടുണ്ട്. അവളെ തന്നെയും അവളെപ്പോലെ കൊടുക്കുവാന്‍ മനസ്സുള്ളവരേയും ഒന്നിച്ചു ചേര്‍ത്ത് അവര്‍ക്കെല്ലാം ഒരിക്കലെങ്കിലും ... ആ ആനന്ദം.‘
‘ അതെയോ
ചിത്രഗുപ്താ.. എല്ലാവര്‍ക്കും
കൊടുത്തിരിക്കുന്നുവോ?’
ആ തല സമ്മതമട്ടില്‍ ആടുന്നതു കണ്ട് ദൈവത്തിന്‍റെ സംശയങ്ങള്‍ എല്ലാം അകന്നു. അവരെ
സൂക്ഷിച്ചു നോക്കിയപ്പോള്‍ ദൈവത്തിനു തോന്നി.. അവര്‍ക്കൊക്കെ അവളോട് അതിലുമധികം
ബന്ധമുണ്ടെന്ന് ... അങ്ങനെയൊരു കാര്യം മാത്രമല്ല കൊടുത്തിട്ടൂള്ളതെന്ന്..
ചിത്രഗുപ്തന്‍ ചിരിച്ചു.
‘ അതാണ് ദൈവമേ ഏറ്റവും വലിയ പ്രശ്നം. അവള്‍ പാപമായി ഒന്നും ചെയ്തില്ല. അവള്‍ എല്ലാം
കര്‍മ്മമായി ചെയ്തു. പാപത്തിനു നരകവും പുണ്യത്തിനു സ്വര്‍ഗവും നല്‍കാം. എന്നാല്‍ നിസ്വാര്‍ഥ കര്‍മ്മത്തിന് എന്ത് നല്‍കണം?’
‘ കര്‍മ്മത്തിനു പ്രതിഫലം നല്‍കണമല്ലോ..’
‘അവളെപ്പോലൊരു സ്ത്രീക്ക് കിട്ടുന്ന പണത്തേയും പ്രതിഫലമായി എണ്ണണമോ ദൈവമേ, നീയും നിന്‍റെ ചില സൃഷ്ടികളെപ്പോലെ അങ്ങനെ ഓര്‍മ്മിപ്പിക്കുകയാണോ?’ ഒന്നു നിറുത്തിയിട്ട് ചിത്രഗുപ്തന്‍ തുടര്‍ന്നു. ‘ എന്നാല്‍ കേള്‍ക്കു, അമ്മാതിരി
പ്രതിഫലക്കണക്കുകള്‍ തെറ്റിയത്
അവിടെയാണ് . അവള്‍
പ്രതിഫലമില്ലാതെ കര്‍മ്മം ചെയ്തവളാണ്.’
ദൈവം
പറഞ്ഞു. ‘ മനസ്സിലായില്ല.
പ്രതിഫലം ലഭിക്കാതെ പിന്നെ...’
‘ അവള്‍ അവര്‍ക്കൊന്നും സാധാരണയായി കിട്ടാത്ത
ഒന്നിനെയാണ് നല്‍കിയത്. ഭക്ഷണവും
തുണിയും അങ്ങേയറ്റം പണവും
ഇവരെപ്പോലെ കുറവുകളില്ലാത്തവരെന്ന്
സ്വയം കരുതുന്ന പലരും ഈ
ആളുകള്‍ക്ക് നല്‍കും. സംഘടനകള്‍ താമസസൌകര്യം
ചെയ്തു കൊടുക്കും. രാഷ്ട്രീയക്കാര്‍ ഭരണസഭകളില്‍
അംഗങ്ങളാക്കും. ചിലര്‍ വിനോദങ്ങളിലും
കലകളിലും ഒക്കെ ശ്രദ്ധ പിടിച്ചു പറ്റും.
അങ്ങനെ സമൂഹ ശ്രേണിയില്‍
ശ്രദ്ധിക്കപ്പെടുന്നവര്‍ക്ക് ഇവളില്‍ നിന്നല്ലാതെയും ഇവളുടെ
സഹായമില്ലാതെയും അതു കിട്ടിയിരിക്കാം.
എന്നാല്‍ ശ്രദ്ധിക്കപ്പെടാതെ
അഴുക്കുകളില്‍ മാത്രം ജീവിക്കുന്നവര്‍ക്ക് ... ദാരിദ്ര്യം കുടിക്കുന്നവര്‍ക്ക്... പട്ടിണി തിന്നുന്നവര്‍ക്ക്... ചൂഷണത്തില്‍
വേവുന്നവര്‍ക്ക്... ‘
ദൈവം അക്ഷമ കാട്ടി..
‘ സമയം
വൈകുന്നു ചിത്രഗുപ്താ.. വേഗം .. ‘
ചിത്രഗുപ്തന്‍റെ മുഖത്ത് മരുഭൂമിയോളം
വരണ്ട ഒരു ചിരി പ്രത്യക്ഷപ്പെട്ടു.
ദൈവത്തിനും ഇതൊന്നും കേള്‍ക്കാന്‍ താല്‍പര്യമില്ല. എല്ലാ
സ്രഷ്ടാക്കളും അങ്ങനെയാണ്. സൃഷ്ടികളുടെ നിത്യവും ചുവന്നു നീറുന്ന, കനച്ചു പുകയുന്ന പ്രശ്നങ്ങളെപ്പറ്റി,
പരിഹരിക്കേണ്ട പോരായ്മകളെപ്പറ്റി പറഞ്ഞാല്‍
സ്രഷ്ടാവിന്‍റെ കുറവിനെയാണ്
ചൂണ്ടിക്കാണിക്കുന്നതെന്ന് തെറ്റിദ്ധരിക്കും. എല്ലാ സ്രഷ്ടാക്കളും തണുപ്പും ഇളം
കാറ്റുമുള്ള, സ്തുതികളുടെ സംഗീതം
അലയടിക്കുന്ന, മറ്റാരേയും
കാണാന്‍ സാധിക്കാത്ത നേര്‍മ്മയുള്ള
ഇരുട്ടിനെ , മാത്രം വല്ലാതെ കൊതിക്കുന്നവരാണ്.
എന്ന് വെച്ച് ചിത്രഗുപ്തനു കണക്കുകള്‍ മറന്നു പോവാന്‍ കഴിയില്ലല്ലോ.
‘ അതെ, ചുണ്ടുകള്‍ ഉണ്ടാവുന്നത് ചുംബിക്കാനും
ചുംബിക്കപ്പെടാനും വേണ്ടിയാണ്. മാറിടമുണ്ടാവുന്നത് താലോലിക്കാനും
താലോലിക്കപ്പെടാനും വേണ്ടിയാണ്.. അത്
ഏതു രൂപത്തിലായാലും ആരുടെ
ശരീരത്തിലായാലും.. ചുണ്ടുകളും മാറിടവും
മാത്രമല്ല... എല്ലാ ... ‘
‘ ചിത്രഗുപ്താ.. അംഗസൌഭാഗ്യങ്ങളുടെ കണക്കുകള്‍
എണ്ണിക്കേള്‍പ്പിക്കണമെന്നില്ല. എല്ലാറ്റിനും
അതതിന്‍റെ ധര്‍മ്മമുണ്ട്. അതനുഷ്ഠിക്കാനാണല്ലോ സൃഷ്ടികളില്‍
മോഹം, ദാഹം, ആശ, കാമം എല്ലാം വേണ്ടത്ര ഉള്‍ച്ചേര്‍ത്തിരിക്കുന്നത്.
നിയതമായ സമയത്ത് നിയതമായ അളവില്‍.. ‘
‘അതിനപ്പുറം നിയതമായ ഇടത്തേയും നിയതമായ
പങ്കാളികളേയും തെരഞ്ഞെടുക്കുന്നതില്‍ നിന്‍റെ സൃഷ്ടികള്‍ സമ്പൂര്‍ണമായും പരാജയപ്പെട്ടു
പോകുന്നുവല്ലോ ദൈവമേ.. അവരുടെ ഓരോ പരാജയവും അവരെ കൂടുതല്‍ കൂടുതല്‍ ആര്‍ത്തിക്കാരും
പ്രകൃതിപ്പറ്റില്ലാത്തവരും ആക്കുന്നു. സ്വന്തം തെറ്റുകളെ എപ്പോഴും ശരിയെന്ന് സ്ഥാപിക്കാന്‍ എന്തു തെറ്റും ചെയ്യുന്നവരാക്കുന്നു.‘
ദൈവം മൌനം
പൂണ്ടു. ചിത്രഗുപ്തന്‍ സംസാരിക്കാന്‍
തുടങ്ങുമ്പോഴെല്ലാം അല്‍പ നേരം കഴിഞ്ഞാല്‍
ദൈവമിങ്ങനെ മൌനത്തിന്‍റെ കറുത്ത രാത്രിയെ വാരിപ്പുതയ്ക്കാറുണ്ട്. എല്ലാ കണക്കുകളും വിരല്‍ത്തുമ്പിലുള്ള
ചിത്രഗുപ്തനെ ദൈവത്തിനു അത്ര ഫലപ്രദമായി ഒരിക്കലും നേരിടാന്‍ കഴിയാറില്ല..
എപ്പോഴും ദൈവത്തിനു തോന്നും.. ചിത്രഗുപ്തന്‍ തെറ്റാണെന്ന് പറയാതെ തന്നെ തെറ്റുകളെ ചൂണ്ടിക്കാണിക്കുകയാണോ? അതുകൊണ്ട് ആ നാവനങ്ങിത്തുടങ്ങിയാല്‍ ദൈവം ഉറച്ച വിശ്വാസങ്ങളുടേയും അപൂര്‍വ ന്യായങ്ങളുടെയും
മഹാസങ്കല്‍പങ്ങളുടേയും ബൃഹദ് ഗ്രന്ഥമെടുത്ത്
പകുത്ത് വായിക്കും...
‘നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ മന്ദബുദ്ധിയെ
പ്രസവിക്കാതെ നോക്കാമായിരുന്നു.
ദുശ്ശകുനമാണിവര്‍
...
കള്ളനെ വിശ്വസിച്ചാലും
കുള്ളനെ വിശ്വസിക്കരുത്..
കുഷ്ഠരോഗമുള്ളവര്‍
കഴുത്തില്‍ ഒരു മണി കെട്ടി നടക്കണം.
വേശ്യ
ചാരിത്ര്യത്തെപ്പറ്റി പ്രസംഗിക്കുന്നുവോ?
ഷണ്ഡന്‍റെ കാമം
പോലെ..
മുജ്ജന്മപാപമാണ്
വന്ധ്യത്വം..
അറപ്പാണിവരെ
പറ്റി ഓര്‍ക്കുമ്പോള്‍..’
ചിത്രഗുപ്തന്‍ എല്ലാം തികഞ്ഞവരെന്നു സ്വയം കരുതുന്ന ദൈവസൃഷ്ടികളുടെ വചനങ്ങളെ, പഴഞ്ചൊല്ലുകളെ ഇങ്ങനെ ഓരോന്നോരാന്നായി ശ്ലോകം പോലെ വചനം
പോലെ ഓതി കേള്‍പ്പിക്കുന്നതെന്തിനാണ് ?
‘ ഒന്നു നിറുത്തു, ചിത്രഗുപ്താ..’
‘ഞാനൊന്നും പുതിയതായി പറഞ്ഞില്ല.. ഇതൊക്കെ യുഗങ്ങളായി ഈ പ്രപഞ്ചത്തില്‍ കേട്ടു വരുന്ന
കാര്യങ്ങള്‍ മാത്രമാണ്. ജീവികളെല്ലാം
കൊതിക്കുന്നുണ്ട്... ഞരമ്പുകളെ ത്രസിപ്പിക്കുന്ന ആ
ആഗ്രഹത്തിനു പൂര്‍ത്തി വരുത്തി വിശ്രാന്തിയുടെ തീരങ്ങളില്‍ ഒരിക്കലെങ്കിലും
തളര്‍ന്നുറങ്ങാന്‍ .. അത് ചിലരുടെ മാത്രം
... ചുണ്ടുകള്‍ തളരുവോളവും ... അരക്കെട്ടുകള്‍
ഒഴിയുവോളവും എന്നാണോ... നിന്‍റെയും
തീരുമാനം? സൃഷ്ടികളില്‍
എല്ലാവര്‍ക്കും എല്ലാം എപ്പോഴും ഇല്ലെങ്കിലും... ഈ ദാഹം ...
ശരീരത്തിന്‍റെ ഈ ആനന്ദം .. ജീവിതത്തില്‍
എപ്പോഴെങ്കിലും ഒരിക്കല്‍ ... അല്ലെങ്കില്‍ രണ്ടു തവണ ’
ദൈവം
ചിത്രഗുപ്തനെ തുറിച്ചു നോക്കി.
‘ അവള്‍
അതാണ് നല്‍കിയത്... ഒരിക്കലെങ്കിലും അവളെ
തേടി വന്നവരെ അവള്‍ പൂര്‍ണമായും സ്വീകരിച്ചു... അവര്‍ ആരെന്ന്, അവരുടെ സ്ഥിതി എന്തെന്ന്
അവള്‍ നോക്കിയില്ല.... അവര്‍ക്ക് ആരില്‍
നിന്ന് എന്തു വേണമെന്ന് മറ്റാരേക്കാളും നന്നായി
അവള്‍ അറിഞ്ഞു,
സ്വന്തം പ്രയത്നത്തിലൂടെ അത് ദാനം നല്‍കി.‘
ദൈവത്തിനു അസ്വസ്ഥത തോന്നി.
‘മറ്റാരേക്കാളും’ എന്ന
വാക്കിനു ചിത്രഗുപ്തന്‍
ആവശ്യത്തിലുമധികം ഊന്നല്‍ കൊടുത്തുവോ?
ചിത്രഗുപ്തന്‍
തുടരുക തന്നെയാണ്..
ശാരീരികാനന്ദത്തിന്‍റെ പാരമ്യത്തില്‍ മയങ്ങിപ്പോകുന്നവരുടെ നെറ്റിയില്‍
ഒരു തൂവലിനെപ്പോലെ ഘനം കുറഞ്ഞ വാല്‍സല്യത്തിന്‍റെ ചുണ്ടുകള്‍
അവള്‍ പതിപ്പിച്ചു. അത് അവര്‍
മറന്നില്ല... കാരണം അത് പണം കൊടുത്തുകൊണ്ടായിരുന്നില്ല. എഴുതി വെച്ച ബന്ധങ്ങള്‍
ഉണ്ടാക്കിയുമായിരുന്നില്ല. ചുംബനങ്ങള്‍ കൊണ്ട് പൊരുതുന്നതെങ്ങനെയെന്ന്, ആലിംഗനങ്ങള്‍
കൊണ്ട് സമരം ചെയ്യുന്നതെങ്ങനെയെന്ന്
ഒന്നിച്ചു കഴിയുന്നതു കൊണ്ടും എല്ലാമെല്ലാം പങ്കുവെക്കുന്നതുകൊണ്ടും മാത്രം എല്ലാ അതിര്‍ത്തികളേയും മാറ്റി വരക്കുന്നതെങ്ങനെയെന്ന് അവള്‍ അവരെ
പഠിപ്പിച്ചു. ആ വിദ്യയായിരുന്നു, ആ പിന്തുണയായിരുന്നു അവളുടെ
കര്‍മം.. അവളുടെ സേവനം..
അവളില്ലാതായാലും
ചിലപ്പോള്‍ ഇങ്ങനെയൊക്കെ ഇനിയുമുണ്ടായേക്കാം ..കാരണം, അവള്‍ പകര്‍ന്നു കൊടുത്ത ആനന്ദപാഠങ്ങള്‍ അവരില്‍പ്പലരും വായിക്കുന്നു.
ദൈവത്തിന്‍റെ പൂര്‍ണ സൃഷ്ടികള്‍ക്ക് പലപ്പോഴും
തൊടാനാവാത്ത, മനസ്സിലാക്കാനാവാത്ത സ്നേഹത്തെ തൊടുന്നു. കാരണം അവരെ
ആനന്ദിപ്പിക്കാന്‍, അവരെ സ്നേഹിക്കാന്‍, അവര്‍ക്ക്
നിര്‍വൃതി പകരാന്‍ മറ്റ് ആരുമില്ല.
രാജ്യവും നിയമവും നീതിയും സങ്കല്‍പങ്ങളും വിശ്വാസങ്ങളുമില്ല.’
‘ചിത്രഗുപ്താ’ ..
ദൈവം ഉമിനീരിറക്കി.
' നീ
കാണുന്നുവോ ദൈവമേ, മതിലിനപ്പുറത്ത് രാജ്യത്തിന്‍റെ പടയാളികള്‍, നിയമത്തിന്‍റെ കാവല്‍ക്കാര്‍ കാത്തു നില്‍ക്കുന്നത് കാണുന്നുവോ.. അവസാനശ്വാസമെടുക്കുന്ന അവളുടെ
അരികില്‍ ആ കരം ഗ്രഹിച്ചിരിക്കുന്ന
മന്ത്രിയുടെ മകനെ കാണുന്നുവോ?'
ദൈവം
മന്ദമായി തലയാട്ടി.
‘ ആ മകന്‍ നിയമക്കുരുക്കില്‍ വീഴാതെ ഇവിടം കടന്ന് പോകാനാണവര്‍
കാത്തുനില്‍ക്കുന്നത്. അതിനുശേഷമേ അവരിവിടെ കടന്നു വരൂ. കാരണം ഇമ്മാതിരി മനുഷ്യരുടെ സ്നേഹം, അടുപ്പം, ചുംബനം,
ആലിംഗനം എല്ലാം നിയമവിരുദ്ധമാണ്.. ഇവരുടെ ശാരീരികാനന്ദം ചികില്‍സിച്ചു മാറ്റേണ്ട
മാനസികരോഗമാണെന്ന് നിന്‍റെ പൂര്‍ണ സൃഷ്ടികളും അവരുണ്ടാക്കിയ നിയമങ്ങളും
വ്യാഖ്യാനിക്കുന്നു.. ‘
‘സൃഷ്ടികളില്‍ അനന്ത
വൈചിത്ര്യങ്ങളുണ്ടല്ലോ .. . അവയെ നീ വേര്‍തിരിച്ച് സ്നേഹിക്കുന്നുവോ? ഒന്ന് ഒന്നിലും വലുതെന്ന് , കേമമെന്ന് പറയുന്നുവോ? നിനക്ക്
അടിമകളും ഉടമകളും എന്ന് ഭേദമുണ്ടോ? സൃഷ്ടികളില്‍
നീയാണെനിക്ക് പ്രിയപ്പെട്ടവനെന്ന് ആരോ ആരേയോ പറ്റി തമാശ പറഞ്ഞതല്ലേ?
സൃഷ്ടികളുടെ കര്‍ണ ഞരമ്പിനേക്കാള്‍ അടുത്ത്
നിന്നിട്ടും അവരെ അറിയാതിരിക്കുന്നുവോ..
ദൈവമേ... ‘
ഒരുത്തരവും
പറയാതെ ദൈവം തീര്‍ത്തും നിശ്ശബ്ദമായി
നിലകൊണ്ടു .
മുട്ടിയാല്‍ തുറക്കപ്പെടുമെന്നും അറിയാതെ ഒരില പോലും
പൊഴിയില്ലെന്നുമാണെങ്കിലും ചിലപ്പോഴൊക്കെ അരൂപിയായ നിര്‍ഗുണ പരബ്രഹ്മമാവുന്നത് തന്നെയാണ്
ഉചിതമെന്ന് ദൈവവും
മനസ്സിലാക്കിയിട്ടുണ്ട്.
കാരണം ദൈവമൊരു ഏകാകിയാണ്...
ഒറ്റയ്ക്ക്
ഒന്നും സൃഷ്ടിക്കാനാവാത്ത ഏകാകി.
പറ്റിയ
അബദ്ധങ്ങളെ തിരിച്ചറിയുമ്പോള്‍ പോലും ഒറ്റയ്ക്ക് അവയെ തിരുത്താന്‍ കെല്‍പില്ലാത്ത ഏകാകി..
ഈ കണക്കെല്ലാം എഴുതിയിട്ടും ഇത്രയെല്ലാം ആലോചിച്ചിട്ടും എപ്പോഴും
കൂടെയുണ്ടായിട്ടും ചിത്രഗുപ്തനും
അത് മനസ്സിലാക്കാന്‍ കഴിയുന്നില്ലല്ലോ. ....