Thursday, February 13, 2014

നീല ഡയലുള്ള വാച്ച് .


https://www.facebook.com/echmu.kutty/posts/246852945494007

തിരക്കേറിയ നഗര വീഥിയിലേയ്ക്കാണ് കോളേജിന്റെ മെയിൻ ഗേറ്റ് തുറക്കുന്നത്. അവിടെ ആരെങ്കിലും കാത്ത് നിന്നാല്‍ പോലും  കാണാൻ വിഷമമാണ്. റോഡ് മുറിച്ച് നടന്ന് പുരാതനവും അതീവ വിസ്തൃതവുമായ മൈതാനം  താണ്ടി മാത്രമേ ട്യൂഷൻ ക്ലാസ്സിലേയ്ക്ക് പോകാനാവൂ. കോളേജ് വിട്ടാൽ ഒറ്റ മിനിറ്റ് പോലും പാഴാക്കാതെ അങ്ങോട്ട്  ഓടണം, എത്തേണ്ട താമസം ക്ലാസ്സ് തുടങ്ങുകയായി.

ഭാവി ഡോക്ടർമാരും എൻജിനീയർമാരും ശ്രദ്ധിച്ചിരുന്ന് പഠിയ്ക്കുകയും ധിറുതിയിൽ നോട്ട് കുറിയ്ക്കുകയും ചെയ്യും.

എനിക്ക്  വലിയ ആശയൊന്നുമുണ്ടായിരുന്നില്ല, ഒരു  ഡോക്ടറാകാൻ. പക്ഷേ, അമ്മയ്ക്ക് ഞാന്‍  ഡോക്ടറാകണമെന്നുണ്ടായിരുന്നു. ഞാൻ മെഡിസിനു പഠിയ്ക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നു പറഞ്ഞ് അമ്മയെ വേദനിപ്പിയ്ക്കാൻ കഴിയില്ല. അതു കൊണ്ട് മാത്രം ഞാന്‍  ആത്മാർത്ഥമായി ശ്രമിച്ചു പോന്നു.

ഒരു ദിവസം പച്ചപ്പുല്ലു നിറഞ്ഞ മൈതാനത്തിലൂടെ,  തുമ്പികളും ചിത്രശലഭങ്ങളും ആഹ്ലാദത്തോടെ പാറിപ്പറക്കുന്നതും  ശ്രദ്ധിച്ച് നടക്കുമ്പോഴാണ് നീല ഡയലുള്ള വാച്ച് കെട്ടിയ ഒരു കൈത്തണ്ട വഴി തടഞ്ഞത്. ഞാന്‍  ഞെട്ടുകയും വിളറുകയും വല്ലാതെ ഭയപ്പെടുകയും ചെയ്തു. ആ പരിഭ്രാന്തിയില്‍ കുനിഞ്ഞു പോയ  തല ഉയർത്തി ‘ആരാണിത്‘ എന്നു രൂക്ഷമായി നോക്കാൻ  ഒരു മിനിറ്റ് താമസിച്ചു പോയി.

അപ്പോഴേയ്ക്കും അതീവ മൃദുലമായ ഒരു ശബ്ദം എന്നെ തേടിയെത്തി. അത്ര മേൽ മൃദുലമായ, കാരുണ്യവും ദയയുമുള്ള, പൌരുഷം  തുളുമ്പുന്ന ഒരു ശബ്ദം ഞാന്‍  അതു വരെ കേട്ടിട്ടുണ്ടായിരുന്നില്ല.  ക്രോധവും പുച്ഛവും പരിഹാസവും മാത്രം നിറഞ്ഞ ഒച്ച കേട്ട് പരിചയിച്ചിരുന്ന എന്‍റെ  കാതുകൾക്ക്  ആ  വാക്കുകൾ സംഗീതമായി തോന്നി.

‘ഞാൻ.... എൻജീനിയറിംഗിനു പഠിയ്ക്കുന്നു. ലാസ്റ്റ് സെമസ്റ്ററായി.’

എന്നില്‍  വിയർപ്പു  പൊട്ടി.  ശരീരത്തില്‍ ആവി ഉയര്‍ന്നു. ഹൃദയം  ഇടിക്കുന്നത്  നെഞ്ചിനു പുറത്തായിത്തീര്‍ന്നു.

‘താൻ ഇപ്പോഴേ ഇങ്ങനെ ഭയന്നാലോ? ഞാനൊന്നും പറഞ്ഞില്ലല്ലോ ഇതു വരെ.‘

ഞാന്‍  തലയുയർത്തി, പ്രയാസത്തോടെ അയാളുടെ മുഖത്തേയ്ക്ക് നോക്കി. സ്നേഹവും കരുണയും തുളുമ്പുന്ന കണ്ണുകളാണ് അയാളുടേതെന്ന് എനിക്ക്  തോന്നി . അല്പം കുഴിഞ്ഞ കവിളുകളും കുറച്ച് വളർന്ന മുഖ രോമങ്ങളും നെറ്റിയിലേക്ക് പാറി വീഴുന്ന മുടിയിഴകളും കിളരം കൂടിയ അയാൾക്ക് സുന്ദരമായ ഒരു വിഷാദച്ഛായ നൽകുന്നുണ്ടായിരുന്നു. 

എന്‍റെ  ശബ്ദത്തില്‍ വിറ പൂണ്ടിരുന്നു.

‘എന്റെ വഴി തടയുന്നതെന്തിനാണ്?‘ ചോദിച്ച് കഴിഞ്ഞപ്പോൾ എനിക്ക് തല ചുറ്റുന്നതു മാതിരിയുണ്ടായിരുന്നു. കുറച്ചു നേരം കൂടി നിന്നാൽ  അവിടെത്തന്നെ ഉരുണ്ട് വീണു മരിച്ചു പോകുമെന്ന്  ഞാന്‍  ഭയന്നു. 

‘ എനിയ്ക്ക് തന്നെ ഇഷ്ടമാണെന്നു പറയാൻ. പഠിത്തം കഴിഞ്ഞാൽ തനിക്കൊപ്പം  ജീവിക്കണമെന്ന്  ആഗ്രഹിയ്ക്കുന്നുവെന്ന് പറയാൻ‘

ഞാന്‍ ശരം വിട്ടതു പോലെ നടന്നു, അല്ല. ഓടി. ട്യൂഷൻ ക്ലാസ്സിൽ ചെന്ന് ഒന്നു രണ്ട് ഗ്ലാസ്സ് നിറയെ പച്ചവെള്ളം കുടിച്ചു. എന്നിട്ടും ശരീരമാകമാനം വ്യാപിച്ച വേവുന്ന ചൂട് തണുത്തില്ല. അന്ന്  പഠിപ്പിച്ച യാതൊന്നും തന്നെ എനിക്ക് മനസ്സിലായില്ല. 

ഈ ആൺകുട്ടികൾക്ക് വേറെ ഒരു ജോലിയുമില്ലേ? ഒപ്പം ജീവിയ്ക്കാൻ നടക്കുന്നു! 

എനിക്ക് ഒപ്പം  ജീവിക്കുക എന്നു കേൾക്കുന്നതേ പേടിയാണ്. പഠിച്ച് നല്ലൊരു ജോലി വാങ്ങി അമ്മയെയും കൊണ്ട് വേറെ ഏതെങ്കിലും ഒരു നാട്ടിൽ പോയി താമസിയ്ക്കണമെന്നാണ് എന്‍റെ  ആഗ്രഹം.  പത്മരാജന്‍റെ  ഒരു  സിനിമയിലെപ്പോലെ ദൂരെ ദൂരെ സേഫായ ഒരു സ്ഥലത്ത്…………ആ നാട്ടിൽ ഞാനും അമ്മയും കൂടി ഭയമില്ലാതെ കളിച്ചു ചിരിച്ച് തമാശയൊക്കെ പറഞ്ഞ് സന്തോഷമായി ജീവിയ്ക്കും. നല്ല ഭക്ഷണമുണ്ടാക്കി ആഹ്ലാദത്തോടെ കഴിയ്ക്കും, പ്ലേറ്റുകൾ വലിച്ചെറിയാൻ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ ഊണുമുറി. ഇഷ്ടപ്പെട്ട പാട്ടുകൾ കേട്ട്, അമ്മ പറയുന്ന കഥകൾ ശ്രദ്ധിച്ച്, കൈകാലുകള്‍ കൊണ്ട്  കലഹിക്കാന്‍ ആരും വരാത്ത ഒരിടത്തായിരിയ്ക്കും ആ കിടപ്പുമുറി. 

മുതിര്‍ന്നു വരുന്തോറും  അച്ഛനും അമ്മയും തമ്മിലൂള്ള  കലഹങ്ങള്‍ എനിക്ക് താങ്ങാവുന്നതിനപ്പുറമായിത്തീര്‍ന്നു കഴിഞ്ഞിരുന്നു. എന്തുകാരണമായാലും അച്ഛന്‍ അമ്മയോട്  ശാരീരികമായി കലഹിക്കുന്നത് എനിക്കൊരിക്കലും  ക്ഷമിക്കാന്‍ സാധിച്ചില്ല.

നാളെ അയാളെ കണ്ടാൽ മുഖത്ത് നോക്കി ഉറപ്പിച്ച് പറയും. പോയി പണി നോക്കാൻ, ഒരുത്തൻ ഇഷ്ടപ്പെടാനും  ഒപ്പം ജീവിയ്ക്കാനും ഇറങ്ങിയിരിയ്ക്കുന്നു! 

എങ്കിലും രാത്രി വളരെ വൈകുന്നതു വരെ  നീല ഡയലുള്ള വാച്ച് കെട്ടിയ കൈത്തണ്ട മനസ്സിനെ ശല്യം ചെയ്തു കൊണ്ടിരുന്നു. 

പിറ്റേന്ന് ക്ലാസ്സിൽ ചെന്നപ്പോൾ അനു ഒരു കള്ളച്ചിരിയുമായി അടുത്ത് വന്നു.

‘ഇന്നലെ നിന്നെ കല്യാണം കഴിയ്ക്കാനൊരാളു വന്നെന്ന് കേട്ടല്ലോ.’

നല്ല ഗൌരവത്തിൽ അവളുടെ മുഖത്ത് തറപ്പിച്ചു നോക്കി.അവൾ യാതൊരു ഭാവഭേദവുമില്ലാതെ പിന്നെയും ചിരിച്ചു.

‘നീ എന്നെ നോക്കി പേടിപ്പിയ്ക്കണ്ട, പാവം! അയാൾ എന്റെ നെയ്ബറാണ്. എത്ര കാലമായി നിന്നെ സ്വപ്നം കാണുന്നുവെന്നറിയാമോ? ഇന്നലെ അങ്ങു തുറന്നു പറഞ്ഞു പോയി. അത്രയേയുള്ളൂ.‘

‘എനിയ്ക്ക് കേൾക്കണ്ട‘ നല്ല കടുപ്പത്തിലാണ് മറുപടി പറഞ്ഞത്.

പെട്ടെന്ന് അനുവിന്റെ മുഖം കർക്കശമായി.

‘നീ കേൾക്കണം. കേട്ടേ തീരു. എടീ കഴുതേ, ഈ ലോകത്തിലെ വീടുകളെല്ലാം നിന്‍റെ വീടു  പോലെയാണോ? 

 ഒരിക്കലുമല്ല.  സ്നേഹവും മര്യാദയും ദയയും ഒക്കെ വീട്ടിലും ധാരാളാമായി  പ്രകടിപ്പിക്കുന്ന സാധാരണ മനുഷ്യരും പിറന്നിട്ടുണ്ട് ഈ ഭൂമിയില്. അയാൾ അങ്ങനൊരു മനുഷ്യനാണ്.’

ഒന്നും പറയാൻ തോന്നിയില്ല.

‘അയാൾക്ക് ഒരു ജോലി കിട്ടട്ടെ, അയാളുടെ അമ്മ നിന്റെ വീട്ടിൽ വരും. നിന്റെ പനങ്കുലത്തലമുടി കണ്ട് ആ പാവം ചെറുക്കന്റെ ഞരമ്പുകളൊക്കെ തളർന്ന് പോയിരിയ്ക്കാണ്. അപ്പോഴാണ് അവളുടെ ഒരു ഗമ. ഞാനയാളെ പ്രേമിച്ചേനെ, പണ്ടേ. അതിനയാൾക്ക് എന്നോട് പ്രേമം വരില്ല. ഫ്രോക്കിട്ട് നടന്ന കാലം മുതൽ അറിയണത് കൊണ്ട് അയാൾക്ക് എന്നോട് വാത്സല്യാത്രെ, പ്രേമം നഹി. നിന്നെപ്പോലെ ഒരു അരസികയെയാണ് അയാൾക്കിഷ്ടം.’

ഇതൊക്കെ കേൾക്കാൻ രസമുണ്ട്. സങ്കല്‍പ്പിക്കാന്‍  സുഖമുണ്ട്. അതു മതി. കൂടുതൽ ഒന്നും ആവശ്യമില്ല.

എങ്കിലും എന്നും വൈകുന്നേരം മൈതാനത്തിലെത്തുമ്പോഴേയ്ക്കും കണ്ണുകൾ അയാളെ തേടുവാൻ തുടങ്ങി. നേരത്തെ കണ്ടു കഴിഞ്ഞാൽ കാണാത്ത ഭാവത്തിൽ പോകുകയുമാകാമല്ലോ.എന്നിലെ  ആ കള്ളത്തരം എന്നെ അമ്പരപ്പിക്കാതിരുന്നില്ല.  പരസ്പരം കാണുന്ന നിമിഷത്തിൽ ഞാന്‍ ഒരു കുറ്റവാളിയെപ്പോലെ മുഖം കുനിയ്ക്കുകയോ കണ്ണുകൾ പിൻ വലിയ്ക്കുകയോ ചെയ്തു പോന്നു. 

പതുക്കെ പതുക്കെ പരിഭ്രമം കുറഞ്ഞു കൊണ്ടിരുന്നു. ഒരു ദിവസം കണ്ണുകൾ കൂട്ടി മുട്ടിയപ്പോൾ ഞാന്‍  എന്നെ അറിയാതെ  ചിരിച്ചു പോയി . ആ നിമിഷത്തിൽ അയാളുടെ കണ്ണുകൾ പ്രകാശിച്ചു. അത്രയും തിളക്കമുള്ള ഒരു മന്ദഹാസം ഞാന്‍ അന്നു വരെ കണ്ടിരുന്നില്ല. വിസ്മയത്തില്‍  എന്‍റെ  കണ്ണുകൾ മിഴിഞ്ഞ് വിടർന്നു.

അയാൾ അടുത്ത് വന്നു പറഞ്ഞു.

‘ഓ, ഒന്നു ചിരിച്ചുവല്ലോ. ഭാഗ്യം!‘

അത് പതിവായി, ഒരു ചെറിയ ചിരി. അപ്പോൾ ആ കണ്ണുകളിൽ പരക്കുന്ന ദീപ്തി ……… എനിക്ക് നിഗൂഢമായ ആഹ്ലാദം തോന്നുവാൻ തുടങ്ങി. എന്‍റെ  മണിക്കൂറുകളിൽ നെറ്റിയിലേക്ക് മുടി വീണു കിടക്കുന്ന അയാളുടെ മുഖം സ്ഥാനം പിടിച്ചു. ലോകം ഞാന്‍ കരുതിയിരുന്നത്രയും നിറം കെട്ടതല്ല. പ്രഭാതത്തിന് അമ്മയുടെ കലങ്ങിയ കണ്ണിന്റേതല്ലാത്ത  ഒരു ചുവപ്പ് നിറമുണ്ട്, കിളികളുടെ പാട്ടിന് തേങ്ങലിന്റേതു മാത്രമല്ലാത്ത ഒരു ഈണമുണ്ട്, ജനല്‍ കര്‍ട്ടന്‍ തട്ടിത്തെറിപ്പിക്കുന്ന  കാറ്റിനു  പൂക്കളൂടെ  സുഗന്ധമുണ്ട്. ഓങ്ങിവരുന്ന കൈയിനും കൂടി   അപരിചിതമായ ഒരു മൃദുലതയുണ്ട്,  നിലാവിന് കണ്ണീരിന്റെ തിളക്കത്തിലും  വെള്ളിച്ചായം പുരട്ടുവാൻ കഴിയും…….

ഉറങ്ങാൻ തുടങ്ങുമ്പോൾ ഞാന്‍  തലയിണയോട് മന്ത്രിച്ചു, ‘ ഞാൻ ഉറങ്ങീ…..നീയോ? പഠിച്ചതു മതി,  ഇനി ഉറങ്ങിക്കോളൂ...ഇല്ലെങ്കില്‍ ക്ഷീണമാവും..’  

പിന്നെപ്പിന്നെ എനിക്ക് മനസ്സിലായി, ഞാന്‍  അയാളോട് ഒരുപാട് സംസാരിയ്ക്കുന്നുണ്ടെന്ന്. ആരും കാണാതെ, ആരും കേൾക്കാതെ, മറ്റാർക്കും മനസ്സിലാവാത്ത ഭാഷയിൽ അയാളോടു മാത്രമായി …….ഞാന്‍  ആരും കാണാതെ ചിരിച്ചു, കരഞ്ഞു, ചിലപ്പോൾ നാണിച്ചു….മടിച്ചു മടിച്ച് വിരൽ നീട്ടി അയാളെ തൊട്ടു. കുളിമുറിയിൽ നിൽക്കുമ്പോൾ  മാറു മറയും വിധം തോർത്തുടുത്തു. എന്നിട്ടും അയ്യേ! എന്ന്  എന്നോടു തന്നെപലകുറി മന്ത്രിച്ചു. എല്ലായ്പോഴും അയാൾ അരികിലുണ്ടെന്ന തോന്നലിൽ   തനിച്ച്,  എന്ന ഭീതിയും ആകുലതയും, എന്നിൽ നിന്നൂർന്നു പോയി. അന്നുവരെ എനിക്കപരിചിതമായിരുന്ന ഒരു മധുരമുള്ള ലജ്ജ എത്ര ശ്രമിച്ചാലും ഊരി മാറ്റാനാവാത്ത നനുത്ത  കുപ്പായമായി എന്നെ പൊതിഞ്ഞു.

മനസ്സ് ഓളം വെട്ടിയപ്പോഴും ഞാന്‍  ആരോടും  ഒന്നും പറഞ്ഞില്ല. ചന്ദ്രനിൽ നിന്നിറങ്ങി വരുന്ന രാജകുമാരനെക്കുറിച്ച് , രാജകുമാരന്‍  കാണിയ്ക്കുന്ന സുന്ദരസ്വപ്നങ്ങളെക്കുറിച്ച്, ലോകത്തിന് പെട്ടെന്ന് മഴവിൽ വർണ്ണം പകർന്നതിനെക്കുറിച്ച്….

ഭയമുണ്ടായിരുന്നു, ഉള്ളിൽ. രാജകുമാരൻ വന്നതു പോലെ പ്രകാശ വീചികളുടെ തേരിൽ ഒന്നും പറയാതെ തിരിച്ചു പോയാലോ. വീണ്ടും തനിച്ചായിപ്പോയാലോ..ഈ അരുമയുള്ള ആനന്ദം തൽക്കാലം ആരോടും പറയേണ്ട.. 

പരീക്ഷാക്കാലം ആരംഭിക്കുകയായിരുന്നു. കോളേജില്‍  ഓട്ടോഗ്രാഫുകള്‍ കണ്ണീര്‍പ്പുഴകളില്‍ നീന്തുന്നുണ്ടായിരുന്നു. ദീര്‍ഘനിശ്വാസങ്ങളും ശോകഗാനങ്ങളും  കോളേജിനെ  നീലിമയോലുന്ന വിഷാദത്തിലാഴ്ത്തിയിരുന്നു. 

അവസാനത്തെ ക്ലാസ്സിന്‍റെ ദിവസം ... അന്ന് അയാള്‍ എന്‍റൊപ്പം മൈതാനത്തിലൂടെ  നടക്കുവാന്‍ തയാറായി... കുറെ കുട്ടികള്‍ പന്തുകളിക്കുന്നുണ്ടായിരുന്നു. തുമ്പികളും പല വര്‍ണങ്ങളുള്ള  ചിത്രശലഭങ്ങളും പാറിപ്പറക്കുന്നുണ്ടായിരുന്നു. അവര്‍ക്കെല്ലാമിടയിലൂടെ ഞങ്ങള്‍ ഒന്നിച്ചു നടന്നു. 
  
അടുത്ത ദിവസം  ബാംഗളൂരില്‍ ട്രെയിനിംഗിനു പോകുന്നതിനെപ്പറ്റിയും  ജോലിയില്‍ പ്രവേശിച്ചു  കഴിഞ്ഞാല്‍  ഏറ്റവും പെട്ടെന്ന്  എന്നെ സ്വന്തമാക്കുമെന്നതിനെപ്പറ്റിയും ... ഒക്കെ അയാള്‍ സംസാരിച്ചു. ഒട്ടും  ചാപല്യമില്ലാതെ.. പ്ലാന്‍ വരച്ച്  ഒരു  കെട്ടിടത്തെപ്പറ്റി  വിശദീകരിക്കുന്ന സൂക്ഷ്മതയോടെ.. 

ഞാന്‍ ഒന്നും പറഞ്ഞില്ല. ആ  ആഗ്രഹത്തിന്‍റെ  തീക്ഷ്ണതയും  വാക്കുകളിലെ സത്യസന്ധതയുമൊന്നും  അപ്പോഴെനിക്ക്  കൃത്യമായി വെളിവായിരുന്നില്ല. പതിനേഴു വയസ്സ് ജീവിതത്തേയോ   മനുഷ്യരേയോ  തിരിച്ചറിയാനുള്ള  ബുദ്ധിയോ വിവരമോ  പക്വതയോ  ഇല്ലാത്ത പ്രായമാണ്. 

ഞാന്‍  ട്യൂഷന്‍ ക്ലാസ്സിന്‍റെ ഗേറ്റു  കടക്കുമ്പോള്‍ അയാള്‍ റോഡിനപ്പുറത്ത് നിന്ന്  കൈവീശി. ഞാന്‍  ചിരിച്ചു. ഒരു നിമിഷം എന്നെ ഉള്ളിലേക്ക്  വലിച്ചെടുക്കുന്നതു പോലെ  നോക്കി നിന്നിട്ട് അയാള്‍ തിരിഞ്ഞു നടന്നു. ഇപ്പോഴും  എനിക്കതെല്ലാം ഓര്‍മ്മയുണ്ട്... തല  ഉയര്‍ത്തിപ്പിടിച്ചുള്ള  ആ നടത്തം.. വെളുപ്പില്‍  ചെമ്പും ഇളം നീലയും വരകളുള്ള ഷര്‍ട്ട്..  

സ്റ്റഡി ലീവിന്‍റെ എട്ടാമത്തെ ദിവസമായിരുന്നു.  

അതിരാവിലെയാണ് അനു ഫോണ്‍ ചെയ്തത്.  ഭാഗ്യത്തിനു  ഞാന്‍  മാത്രമേ ഉണര്‍ന്നിരുന്നുള്ളൂ.  അനുവിന്‍റെ ശബ്ദം  മാത്രമല്ല അവള്‍ തന്നെയും  മരിച്ചു പോയിരുന്നു... എന്നോടത്  പറയുമ്പോള്‍ ... 

വെറും  ഒരപകടം  മാത്രമായിരുന്നു... വന്‍ നഗരങ്ങളിലെ നിരത്തുകളില്‍  സാധാരണ സംഭവിക്കുന്ന ഒന്ന്.. 

ഞാന്‍  കണ്ണുകള്‍ മുറുക്കിയടച്ച്  വായ് പൊത്തിപ്പിടിച്ച്  കുളിമുറിയിലേക്ക് ഓടി...  ഷവര്‍ തുറന്നു വിട്ടു... ഒരു കട്ട  സോപ്പ്  മുഴുവന്‍  അലിഞ്ഞു തീരുവോളം കുളിച്ചു.. 

പിന്നെ എനിക്ക്  ഒന്നും പഠിക്കാന്‍  കഴിഞ്ഞില്ല... ഞാന്‍  മെഡിസിനു പഠിക്കണമെന്ന അമ്മയുടെ  ആശയും എന്‍റെ  അധ്യാപകരുടെ  പ്രതീക്ഷയും  ഒന്നും  ഞാന്‍ നിറവേറ്റിയില്ല... അപ്പോള്‍ മാത്രമല്ല,  പിന്നീടൊരിക്കലും.

ഏഴെട്ടു മാസങ്ങള്‍ കടന്നു പോയിരിക്കും. 

 ഒരു ദിവസം അപ്രതീക്ഷിതമായി അനു ഫോണ്‍ ചെയ്തു... അവള്‍ അതിനകം എന്‍ട്രന്‍സ് പരീക്ഷ എഴുതുകയും  മെഡിക്കല്‍ കോളേജില്‍ ചേരുകയും ചെയ്തിരുന്നു. അവള്‍ കൂടുതല്‍ തിരക്കുകളിലേക്ക് കൂപ്പുകുത്തിയതുകൊണ്ട്  ഞങ്ങള്‍  തമ്മില്‍  അങ്ങനെ കാണാറൂണ്ടായിരുന്നില്ല,  സംസാരിക്കാറൂണ്ടായിരുന്നില്ല.

പിറ്റേന്നു ഒരു  പതിനൊന്നു മണിയോടെ അനു  അയാളുടെ അമ്മയേയും കൂട്ടിക്കൊണ്ട്  വീട്ടിലെത്തി. വീട്ടില്‍  ഞാന്‍  മാത്രമേ ഉണ്ടായിരുന്നുള്ളൂ.

അവര്‍ ഒന്നും പറഞ്ഞില്ല. കണ്ണിമയ്ക്കാതെ എന്നെ നോക്കിക്കൊണ്ടിരുന്നു. ഞാനും  ഒന്നും പറഞ്ഞില്ല. അവര്‍ക്ക് തനിച്ചു  താമസിക്കാന്‍ വയ്യാത്തതുകൊണ്ട്  ബോംബെയിലുള്ള  ജ്യേഷ്ഠത്തിയ്ക്കൊപ്പം  താമസിക്കാന്‍  തീരുമാനിച്ചുവെന്ന്  ഒടുവില്‍  അനു  എന്നോട് വെളിപ്പെടുത്തി.  അവര്‍  അപ്പോഴും  ഒന്നും  പറഞ്ഞില്ല.  അത്  സമ്മതിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല. 

വിറക്കുന്ന വിരലുകള്‍ കൊണ്ട്  എന്‍റെ  കൈകള്‍  കൂട്ടിപ്പിടിച്ച്  അവര്‍   മൌനമായിരുന്നു.

Sunday, February 9, 2014

അലിഞ്ഞില്ലാതാകുന്ന കൃഷ്ണശിലകള്‍


https://www.facebook.com/groups/yaathra/permalink/581876081902450/

( ഫേസ് ബുക്കിലെ യാത്രാഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തത് )

പോണ്ടിച്ചേരി യാത്രകളുടെ എണ്ണം ഞാനറിയാതെ തന്നെ വര്‍ദ്ധിച്ചുവര്‍ദ്ധിച്ചു വരികയായിരുന്നു. അരഡസനോളം തവണ പോണ്ടിച്ചേരി ചുറ്റിക്കഴിഞ്ഞിരുന്നതുകൊണ്ട്  ഇത്തവണത്തെ യാത്രയെ അത്ര ആവേശത്തോടെയല്ല ഞാന്‍ മനസ്സിലേറ്റത്. പോകണമോ? എന്നാല്‍ ശരി,  പോയിക്കളയാം.. എന്ന മട്ടായിരുന്നു എനിക്ക് .
പോണ്ടിച്ചേരി ടൌണില്‍ നിന്നും മുപ്പതിലധികം  കിലോ മീറ്റര്‍ അപ്പുറത്ത് വണ്ണൂരിലേക്ക് തികച്ചും  അപ്രതീക്ഷിതമായി  ഒരു യാത്ര തരപ്പെട്ടത്  എന്‍റെ  തണുപ്പന്‍ യാത്രാവിചാരത്തെ പൂര്‍ണമായും മാറ്റിമറിച്ചു. ചെന്നൈയില്‍ കുറച്ചധികകാലം  താമസിക്കുമ്പോള്‍ നമ്മള്‍  പതുക്കെപ്പതുക്കെ  അറിയാന്‍  തുടങ്ങുകയാണ് തമിഴര്‍ക്കും  കാര്‍ഷികവൃത്തി വേണ്ടാതായിത്തുടങ്ങുന്നുവെന്ന വലിയ സത്യം... റിയല്‍  എസ്റ്റേറ്റ്  ബൂം  തമിഴ് നാട്ടിലും ജൈത്രയാത്രയില്‍ തന്നെ. ചെന്നൈ നിവാസികള്‍ വിദൂരമായ  തമിഴ് നാട് മേഖലകളില്‍  ഗ്രൌണ്ടുകളായി തിരിക്കപ്പെട്ട  ഭൂമി  സ്വന്തമാക്കുന്നു, അഞ്ചാറു കൊല്ലം കഴിയുമ്പോള്‍  മോഹവിലക്ക് വില്‍ക്കാമെന്ന ധാരണയോടെ. അതുവരെ കൃഷി ചെയ്യപ്പെട്ടിരുന്ന ആ  ഭൂമി ചെന്നൈക്കാരുടെ  സ്വന്തമാകുന്നതോടെ വെറും തരിശായി മാറുന്നു. 

ഈ ദൈന്യത്തെ  വളരെ അടുത്തു നിന്ന് പരിചയപ്പെടുകയായിരുന്നു ഞാനിപ്രാവശ്യം..
ഹൈവേയിലൂടെയുള്ള യാത്ര ആനന്ദകരമായിരുന്നു. രണ്ടാള്‍ വട്ടം പിടിച്ചാല്‍  എത്താത്ത  പുളിമരങ്ങളും  പടു കൂറ്റന്‍  കരിമ്പനകളും വഴിക്കിരുപുറവും  നിരന്നു നിന്നിരുന്നു. ആകാശത്തിന്‍റെ  നിറം പോലും കരിമ്പച്ചയായി തോന്നുന്ന ഹരിത സമൃദ്ധി അത് കാഴ്ചവെച്ചു.  പല പുരയിടങ്ങളും ആരേയും  മോഹിപ്പിക്കുന്നവിധം സസ്യശ്യാമളകോമളവുമായിരുന്നു.  തമിഴ് നാട്ടിന്‍റെ ഉള്‍ഭാഗങ്ങളിലൂടെയുള്ള യാത്ര പലപ്പോഴും എന്നെ  അതിശയിപ്പിച്ചിട്ടുണ്ട്.  കിണറും  പെരിയകുളവും  ചിന്നക്കുളവും  ഏരിയും  നിര്‍മ്മിക്കുന്നതിലും അവയെ കാത്തു സൂക്ഷിക്കുന്നതിലും  തമിഴര്‍ കാണിക്കുന്ന  അസാമാന്യമായ  പാടവം അല്‍ഭുതകരമാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള  ഏരികള്‍ ( ബണ്ടു കള്‍ ) ഇന്നും തികച്ചും പ്രവര്‍ത്തനക്ഷമമത്രേ. കിട്ടുന്ന  വെള്ളം  മുഴുവന്‍ അവ കാത്തു  വെക്കുന്നു.  മഴവെള്ളം വെറുതേ ഒഴുക്കിക്കളഞ്ഞാല്‍ പോരാ  എന്ന്  തമിഴ് കര്‍ഷകര്‍  കാലങ്ങളായി  പഠിച്ചു കഴിഞ്ഞിരിക്കുന്നു. കൃഷി ചെയ്യാന്‍ വെള്ളം കൂടിയേ തീരുവല്ലോ. നമ്മെപ്പോലെ  മൂന്നു നേരം സോപ്പു തേച്ചു കുളിക്കുവാന്‍ മാത്രമല്ല  തമിഴര്‍ വെള്ളം ഉപയോഗിക്കുന്നതെന്ന്  ഏക്കര്‍ കണക്കിനു പരന്നു കിടക്കുന്ന ഏരികളുടെ ദൃശ്യവും അവയിലൂടെ വീശിവരുന്ന  കുളിരോലുന്ന  തമിഴ്  നാടന്‍  കാറ്റും  എന്നെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു.
മൂന്നു വശത്തും കനാലുകളുള്ള ഗ്രാമത്തിന്‍റെ  വലിയൊരു ഭൂഭാഗത്തിലാണു ഞാന്‍  യാത്ര  അവസാനിപ്പിച്ചത്. കനാലുകള്‍ പൂര്‍ണമായും വറ്റി വരണ്ടിരുന്നു. ചക്രവാളത്തിന്‍റെ  അതിരില്‍ കടുപച്ച  നിറമുള്ള  മരങ്ങള്‍ കാണപ്പെടുന്നുണ്ടായിരുന്നുവെങ്കിലും വരണ്ടുണങ്ങി മണ്‍ കട്ടകളായി വെടിച്ചു കീറിയ ഭൂമിയായിരുന്നു എന്നെ സ്വാഗതം ചെയ്തത്. ഇറച്ചിക്കായി  മാത്രം വളര്‍ത്തപ്പെടുന്ന  പ്രത്യേക ജനുസ്സില്‍ പെട്ട ആട്ടിന്‍പറ്റങ്ങള്‍ മേ മേ  എന്ന് കരഞ്ഞുകൊണ്ട് ആ ഉണക്കു ഭൂമിയില്‍ അലഞ്ഞുകൊണ്ടിരുന്നു. ആടുകളെ മേയാന്‍  വിടുന്ന ഭൂമി, അവയുടെ ചവുട്ടടിയിലും അവ ചിതറുന്ന കാഷ്ഠത്തിലും  കുതിര്‍ന്ന് , പിന്നീട്  വിതയ്ക്കു പാകമാകുമെന്നാണ് ഗ്രാമീണ വിശ്വാസം. അവിടെ നല്ല വിളവു ലഭിക്കുമെന്നും കരുതപ്പെടുന്നു. അവിടവിടെ കാണുന്ന കുറ്റിച്ചെടികളും  ഒട്ടും ഫലപ്രദമല്ലാത്ത രീതിയില്‍ നട്ടു പിടിപ്പിക്കാന്‍ ശ്രമിച്ച ഒരു  മാന്തോപ്പുമായിരുന്നു ആ ഭൂഭാഗത്തിന്‍റെ  ആകെയുള്ള സസ്യസമൃദ്ധി.   തൊട്ടപ്പുറത്ത് ധാരാളം യൂക്കാലിമരങ്ങള്‍ ആരോഗ്യത്തോടെ വളരുന്നുണ്ടായിരുന്നു. തമിഴര്‍ തൈലമരമെന്ന് വിളിക്കുന്ന യൂക്കാലിയെ കടിച്ചു ചവയ്ക്കാന്‍ ആ ആടുകളും മുതിരുന്നുണ്ടായിരുന്നില്ല. 

പാറകള്‍ക്കുള്ളില്‍ സുരക്ഷിതമായ ഒരു വലിയ കുളവും  അതിന്‍റെ കരയിലെ മോട്ടോറും  അവിടെ കൃഷിയുണ്ടായിരുന്നതിന്‍റെ ലക്ഷണങ്ങളായി.  കാവല്‍ക്കാരനെന്ന് പരിചയപ്പെടുത്തിയ ആള്‍ അഞ്ചുവര്‍ഷം  മുന്‍പ്  വരെ അവിടമാകെ പച്ച പുതച്ച  നെല്‍പ്പാടമായിരുന്നുവെന്നും പിന്നീട്  ഭൂമി  കൈമാറ്റത്തിനുശേഷം കൃഷിയുണ്ടായില്ലെന്നും  പറഞ്ഞു. ആടുകള്‍ മേയുന്നതുകൊണ്ട് നല്ല വിളവുള്ള കെട്ടിടങ്ങള്‍ ഉയര്‍ന്നു വരുമെന്നും അങ്ങനെ നൂറുമേനി  വിളവ് എന്ന സങ്കല്‍പം പൂര്‍ത്തിയാകുമെന്നും പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു. 

എനിക്ക്  വല്ലായ്മ തോന്നി.

ക്രഷറിന്‍റെ ഭീതിദമായ  രൌദ്രതാളം എവിടേയോ മുഴങ്ങുന്നുണ്ടായിരുന്നു. തൊട്ടപ്പുറത്ത്  പാറമടകളുണ്ടെന്നും പാറകളെല്ലാം കഷണങ്ങളായി  യാത്ര പോവുകയാണെന്നും യൂക്കാലിത്തോട്ടത്തില്‍  കള  പറിക്കുന്ന സ്ത്രീകളാണ് പറഞ്ഞു  തന്നത്.  നാലഞ്ചു  വര്‍ഷങ്ങള്‍ക്കുള്ളില്‍ യൂക്കാലിമരങ്ങള്‍  വില്‍പനക്കു  തയാറാകുമെന്നും അവര്‍ പറഞ്ഞു.

നെല്ലു വിളയുന്ന  ഭൂമി  വാങ്ങി, അവിടെ  കെട്ടിടം   വിളയും വരെയുള്ള  കാലത്തിനിടയ്ക്ക് ചെയ്യുന്ന  ഇടവിളയാണ് തൈലമരമെന്ന യൂക്കാലി.. 

നല്ല വെയിലായിരുന്നു. പൊടി ഉയരുന്ന  ചെമ്മണ്‍ നിരത്തില്‍  ഒറ്റയ്ക്കും തെറ്റയ്ക്കും ചിലര്‍ കടന്നുപോയിക്കൊണ്ടിരുന്നു.  പനയും ഏരിയുടെ പരിസരങ്ങളില്‍ വളരുന്ന പുല്ലും ചേര്‍ത്ത് നിര്‍മ്മിച്ച മേല്‍ക്കൂരകളും മണ്ണുരുട്ടി നിര്‍മ്മിച്ച ചുവരുകളുമുള്ള പഴയ കാല ഗൃഹനിര്‍മ്മിതികള്‍  ഏകദേശം പൂര്‍ണമായും അപ്രത്യക്ഷമായിക്കഴിഞ്ഞു. എം ജി ആര്‍  നല്‍കിയ വീടുകള്‍ പുതുക്കിപ്പുതുക്കി  ഇപ്പോള്‍ ഏകദേശം എല്ലാം തന്നെ കോണ്‍ ക്രീറ്റ്  നിര്‍മ്മിതികളാണ്. 

ഒരു പഴയ  വീട്  കാണിച്ചു തരാമോ എന്ന് ചോദിച്ചത്  മൂക്കറ്റം കുടിച്ചിരുന്ന ഒരാളോടായിപ്പോയി.  ദുര്‍ഗന്ധമൊഴികെ  മദ്യപന്‍റെ മറ്റു  യാതൊരു ചേഷ്ടകളും അയാളിലുണ്ടായിരുന്നില്ല.  ആ ദുര്‍ഗന്ധം നാടന്‍  ചാരായത്തിന്‍റെയാണെന്ന് മനസ്സിലാക്കാനുള്ള പരിചയവും  വിശേഷ ബുദ്ധിയും എനിക്കുണ്ടായിരുന്നുമില്ല.
പക്ഷെ, അയാള്‍  തമിഴ് നാട് സംസ്ക്കാരത്തിന്‍റെ  എല്ലാ  ഔന്നത്യവും പ്രദര്‍ശിപ്പിച്ചു. എന്‍റൊപ്പം നടക്കാതെ അല്‍പം ഉച്ചത്തില്‍  സംസാരിച്ചുകൊണ്ട് അയാള്‍  ദളിതരുടെ കോളനിയിലേക്ക്  എന്നെ കൊണ്ടുപോയി..  അവിടെ  പഴയ  മണ്‍വീടുകളുണ്ടായിരുന്നു.  വീടുകള്‍ക്ക് പുറത്ത് ചാണകം മെഴുകിയ അടുപ്പുകളും. എല്ലാ  വെള്ളിയാഴ്ചയും വീടുകളും  അടുപ്പുമെല്ലാം  സ്ത്രീകള്‍  ചാണകവും  മണ്ണും കൂട്ടി  മെഴുകുമെന്ന്  അവര്‍  പറഞ്ഞു. തൈലമരത്തിന്‍റെ  ശാഖകള്‍  അടുപ്പിച്ചടുപ്പിച്ച്  കുഴിച്ചിട്ട്  മറച്ചുണ്ടാക്കിയതാണ് അവരുടെ  കുളിമുറിയും മറപ്പുരയും. പണ്ടെന്നോ വായിച്ചു മറന്ന  ഏതോ  റഷ്യന്‍  കഥയിലെ ചെമ്പുമരത്തിന്‍റെ കൊമ്പുകളേയും ഇലകളേയും അവ  അനുസ്മരിപ്പിച്ചു. ഏരിക്കരയില്‍ എത്ര വേണമെങ്കിലും മേച്ചില്‍പ്പുല്ലും പനങ്കഴകളും  കിട്ടുമെന്നും കൂലികൊടുത്ത് വെട്ടിക്കാമെങ്കില്‍  ഒരു ബുദ്ധിമുട്ടുമില്ലാതെ വീടുണ്ടാക്കാമെന്നും എനിക്ക് മനസ്സിലായി. മണ്‍ചുവരില്‍   സ്വിച്ച്  ബോര്‍ഡുണ്ടായിരുന്നു. അതിശയമെന്ന് പറയട്ടെ,  നന്നെക്കുറച്ച് വീടുകളിലേ ടീ വി  ഉണ്ടായിരുന്നുള്ളൂ. 

ചെന്നൈയിലെ  ധനികര്‍ക്ക് ഭൂമി  കൈമാറി  നഗരത്തിലേക്ക് താമസം മാറ്റുന്നതാണ് നല്ലതെന്ന വിശ്വാസത്തിലാണ് പൊതുവേ ഗ്രാമീണര്‍. കൃഷി നഷ്ടത്തിലാണെന്നും  മണ്‍വീടുകള്‍ താമസിക്കാന്‍ കൊള്ളാത്തതാണെന്നും അവര്‍  ഉറപ്പിച്ചു  പറഞ്ഞു. നഗരത്തിലാവുമ്പോള്‍ ഏതെങ്കിലും ജോലിയൊക്കെ ചെയ്ത്  എങ്ങനെയെങ്കിലും ജീവിക്കാന്‍  കഴിയുമെന്ന് അവര്‍ സ്വപ്നം കാണുന്നു.

പൊടുന്നനെ ഒരു ഏക്കര്‍  ഭൂമിക്ക് അഞ്ചും എട്ടും  ലക്ഷം രൂപ കിട്ടുകയും  അത്  അത്രയും  പൊടുന്നനെ  തന്നെ  ചെലവായിപ്പോവുകയും ചെയ്യുമ്പോള്‍ ഇങ്ങനെ  അനവധി കൂട്ടം മനുഷ്യര്‍ നഗരത്തെരുവുകളില്‍  അടിഞ്ഞു കൂടുന്നു. അന്നം തരുന്ന ഭൂമിക്കു  പകരമാകുന്നില്ല  എത്ര  ലക്ഷം രൂപയും. പിന്നീട്  സെപ്റ്റിക് ടാങ്കും  സീവറേജ് പൈപ്പുകളും  വൃത്തിയാക്കുന്ന തൊഴിലുകളിലേക്ക്   ഉള്‍പ്പടെ നഗരം അവരെ അതിക്രൂരമായി  വിഴുങ്ങിക്കളയുന്നു.  ഇത്തരം പൈപ്പുകളില്‍ കുടുങ്ങി  മരണപ്പെടുന്ന ഗ്രാമീണത്തൊഴിലാളികള്‍  ഇന്ന്  ചെന്നൈയുടെ ഒരു  വാര്‍ത്ത പോലുമാകുന്നില്ല.

ഗൈഡായി കൂടെ വന്നയാള്‍ അഞ്ചു രൂപ പോലും പ്രതിഫലം വാങ്ങാതെ  സ്ഥലം  വിടുകയായിരുന്നു.  അയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന്  ഞാനറിയാതിരിക്കണമെന്നു  കരുതിയാവണം  അങ്ങനെ  ചെയ്തത്.  എന്തായാലും ആ ഗ്രാമീണ മാന്യത എന്നെ  അല്‍ഭുതപ്പെടുത്താതിരുന്നില്ല.
വെദേര്‍ഡ് റോക്ക്  എന്ന് വിളിക്കുന്ന  പ്രതിഭാസം  ഞാനിത്ര രൂക്ഷമായി കണ്ണില്‍ക്കുത്തിക്കയറും  പോലെ കണ്ടതും  അവിടെയായിരുന്നു.  പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍  പഴക്കമുള്ള  കരിമ്പാറകള്‍ മഴയും  മഞ്ഞും വെയിലുമേറ്റ്  ഉണക്കം ബാധിച്ച് പൊടിഞ്ഞുപൊടിഞ്ഞു മണ്ണാകുന്ന അതിശയ ദൃശ്യം. കല്ലില്‍ക്കൊത്തിവെച്ചതു പോലെ  എന്ന്  ഇനി  എവിടെയും എഴുതരുതെന്ന് , അങ്ങനെ  എഴുതിക്കാണുന്നത്  വിശ്വസിക്കരുതെന്ന് എന്‍റെ കൈയില്‍ പൊടിഞ്ഞില്ലാതാകുന്ന   കറുത്ത പാറക്കഷണം മന്ദഹസിച്ചു . ഈ കാണുന്നതൊക്കെയും  നശ്വരമാണെന്ന് മണ്ണോടു മണ്ണായിത്തീരുന്നതാണെന്ന്  മുന്നില്‍   പാറകള്‍  യൌവനത്തോടെ  കറുത്തുതിളങ്ങുന്നതു ചൂണ്ടിക്കാട്ടി ആ  മണല്‍ത്തരികള്‍, എന്നെ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു.