Thursday, May 1, 2014

ഗുര് വായ്‍ രപ്പനാണ് സത്യം ....


https://www.facebook.com/echmu.kutty/posts/269101589935809

( 2014 ഏപ്രില്‍ 28 ന് ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തത് )


അല്ലാന്‍റെ  നയിസ് ചേച്ച്യേ ... ങ്ങനെ അടി കൊള്ളാന്‍  ഇനി പറ്റ്‍ല്യാന്ന് വെച്ചു.. 

ആര് ?
 
ഉണ്ണി.. ഈ ഉണ്ണിയന്നെ ..  

ങാഹാ! ആരാ ഉണ്ണിയെ  അടിക്കണത്? അമ്മ്യോ  അച്ഛനോ?
 
ഉം.. അത് പിന്നെ അമ്മ്യാ ..  . 

അച്ഛന്‍  അടിക്കില്ല ല്ലേ?  വഴക്കു പറയോ ?

ഊഹും. അച്ഛനു ജോലിത്തെരക്കാ ... എപ്പഴും ആപ്പീസിലാ അച്ഛന്‍. 

വീട്ടില്  ഉണ്ണി  മാത്രേ ഉള്ളൂ?
 
അല്ലല്ല,  ചേട്ടനും ചേച്ചീണ്ട്...  

അവരു മോന്‍റെ സ്കൂളിലാണോ പഠിയ്ക്കുന്നത്?

കയിഞ്ഞ കൊല്ലം വരെ...  ഇപ്പോ, കോളേജിലാ പഠിക്കണത്.. 

അപ്പോ അവര്ക്കൊന്നും അടി കിട്ട്‍ ല്യാ ല്ലേ ?  ഉണ്ണിക്കു മാത്രേ കിട്ടൂ.. ല്ലേ.

ചേച്ചിക്ക് അത്ര  കിട്ട്‍ല്യാ ... ചേട്ടന് നല്ല  ചുട്ട പെട കിട്ടും. 

എന്തിനാ  പെട കിട്ടാറ്?
 
മാര്‍ക്ക് കൊറഞ്ഞ് ട്ട്... പിന്നെ അമ്മുവാന്‍റീടെ മോളോട്   വര്‍ത്തമാനം   പറഞ്ഞേനു... അമ്പലത്തീ പോവാത്തേന് ... ങ്ങനെ ഓരോന്നിനൊക്കെ  ചേട്ടനു ചുട്ട പെട കിട്ടും. ബെല്‍റ്റോണ്ടും  ഹാംഗറോണ്ടും ഒക്കെ നല്ല ചുളൂചുളാന്ന് പെട  കിട്ടും..അതാ ങ്ങനെ  അടി കൊള്ളാമ്പറ്റ്‍ല്യാന്ന് ഉണ്ണി  നിശ്ചേയ്‍ചത്. ചേട്ടന്‍  അടി കിട്ട്യാലിങ്ങനെ അട്ട പോലെ ചുരുണ്ടിരുന്ന് കരയ്യേ  ഉള്ളൂ.. ഉണ്ണിക്കങ്ങനെയാവാന്‍  വയ്യാന്നേയ്.. 

അപ്പോ ഒക്കെ  കല്‍പിച്ചു കൂട്ടി  ചെയ്തതാ ല്ലേ... 

അത് ... ഇത്ര കൊഴപ്പാവുംന്ന് ഉണ്ണി വിചാരിച്ചില്ല... നയിസ് ചേച്ചീ.. 

എങ്ങന്യാ  ഇതൊക്കെ സാധിച്ചേ ഉണ്ണീ.. 

കാലത്ത് കാപ്പീം പലാരോം കഴിച്ച്ട്ട് .... 

എന്തായിരുന്നു പലഹാരം ഉണ്ണ്യേ?  

നെയ്യൊഴിച്ച്  മൊരിച്ച  അമ്മ്യാരു ദോശേം  ഒട്ടും എരിവില്ലാത്ത ചമ്മന്തീം..  ഉണ്ണി നാലു ദോശ തിന്നു. രണ്ടെണ്ണം ചമ്മന്തി  കൂട്ടീ.. പിന്നെ രണ്ടെണ്ണം ശര്‍ക്കര ചീവീത് കൂട്ടി.. 

എന്നിട്ട്.. 

മുറ്റത്തേക്ക് വന്നപ്പോ  അമ്മേടെ ഡാലിഹ പൂവ്  ല്യേ  അത്  ,  അമ്മ ഓണത്തിനു കാച്ചണ  വല്യൊരു പപ്പടം  പൊലെ ങ്ങനെ ...  പൂത്തിട്ട് ... ങ്ങനെ നില്‍ക്കാ.. ആ  ചോന്ന പൂവില് വല്യോരു  പൂമ്പാറ്റേം.. ഉണ്ണി  പൂമ്പാറ്റേടെ പിന്നാലെ  പോവായിരുന്നു... ങ്ങനെ.. പമ്മിപമ്മിപ്പതുങ്ങീട്ട്... അപ്പോഴാ  അമ്മ  ഉണ്ണ്യേ  പഠിക്ക്... പഠിക്ക്.. ഹോംവര്‍ക്ക്... ചെയ്യ്... ചെയ്യടാന്ന് പറഞ്ഞ് പിന്നാലെ..  ഒരു  ഭംഗീള്ള കാഴ്ച കണ്ടാ നോക്കി നില്ക്ക്‍ല്ല്യേ .. ഉണ്ണി ങ്ങനെ നിന്നു... അപ്പോത്തൊടങ്ങീലോ  അമ്മ വഴക്ക്..  പറഞ്ഞാ  അപ്പോ  കേട്ടിട്ടില്ലെങ്കി അമ്മയ്ക്ക് കലി  വരും.. പിന്നെ അമ്മേ വെലല്യാ...അമ്മോട് സ്നേഹല്യാ...   അമ്മായീടേം ചെറിയമ്മടേം പോലെ  ആപ്പീസ്   ജോലിക്കൊന്നും അമ്മ പോവാത്തോണ്ട്  അമ്മേ പുശ്നാണെന്ന് ഒക്കെ പറഞ്ഞ് വഴക്കങ്ങട്  തൊടങ്ങും..  കൂട്ടത്തില് വടീട്ത്ത്  ച്ഛ്‍ലും പ്‍ലും  ന്ന് അടിയോടടി.. പഠിക്കടാ... പഠിക്കടാ.. ന്നാലേ വല് താമ്പോ നല്ല ജോലി കിട്ട് ള്ളൂന്ന് പറഞ്ഞ്.... 

ഉണ്ണിയ്ക്ക് നല്ലോണം വേദനിച്ചോ... 

അത് പ്പോ  അടിക്കുമ്പോ വേദനിക്കൂലോ ... അതിനല്ലേ അടിക്കണ്...   ഉണ്ണി  ഇപ്പോ  ഹോംവര്‍ക്ക്  ചെയ്യുന്ന് സമാധാനിച്ചാ  മതീല്ലേ അമ്മയ്ക്ക്.. അല്ലാണ്ടിങ്ങനെ  അടിക്കണോ... ചെലപ്പോ അച്ഛനോടോ അച്ഛമ്മ്യോടോ  പെണങ്ങീട്ട്ണ്ടാവും  അമ്മ കാലത്ത്... അപ്പ്ഴൊക്ക്യാ അമ്മ  അടിക്കണേന്നാ ചേട്ടന്‍ പറയണത്... 

ഉം.. ന്ന്‍ട്ട്. 

അപ്പഴാ ഉണ്ണീ  ഒറ്റ ഓട്ടത്തിനു പടി  കടന്ന് പോയേ... പടി കടന്ന് പോയപ്പോ അമ്മേം  റോഡിലിക്ക് എറങ്ങി വന്ന് വടി ങ്ങനെ  പൊക്കിക്കാട്ടിട്ട് ‘ ഇങ്ങട്ട്  വാടാ... വന്ന്ട്ട്  വേണം പറഞ്ഞാ കേക്കാത്ത  നിന്നെ തല്ലിക്കൊല്ലാന്‍ ‘എന്നൊക്കെ വിളിച്ച്  പറ്ഞ്ഞു..  

അതൊക്കെ അമ്മ വെറുതേ  പേടിപ്പിക്കാന്‍  പറയണതല്ലേന്‍റെ  ഉണ്ണീ.. 

എന്നാലും ങ്ങന്യൊക്കെ  പറയാമ്പാടുണ്ടോ? തല്ലിക്കൊല്ലുന്നൊക്കെ... കൊല്ലേ ... ഈ  ഉണ്ണ്യേ കൊല്ലേ.. പിന്നെങ്ങ്ന്യാ ഉണ്ണിക്കുട്ടാന്നൊക്കെ വിളിക്ക്യാ... മടീലിരുത്തി കൊഞ്ചിക്ക്യാ... ദേഷ്യം വന്നാ കണ്ണ് കാണാണ്ടാവരുത്... അമ്മ്യായാലും അച്ഛ്‍നായാലും... 

പിന്നെ ഉണ്ണി  എന്താ  ചെയ്തേ ?
 
റോഡീക്കൂടി വന്ന്  ജോണി ഡോക്ടറ്‍ടെ  ക്ലിനിക്കിന്‍റെവിടുന്ന് മതിലുമ്മേ  കേറി ... ആ പവിഴമല്ലീടെ കൊമ്പിലു പിടിച്ച്  വീട്ടില്‍ത്തെ മതിലുമ്മേ ഒരു കാല് ചവിട്ടി മറ്റേ കാലു തൊളസിത്തറേമ്മെ വെച്ച് പറമ്പില് ക്ക് എറങ്ങി... ന്ന്ട്ട് തൊളസി തൊട്ട് തൊഴ് തു... തറേമ്മേ ചവ്‍ട്ടീതല്ലേ? തൊഴ്തില്ലെങ്കി പാവം കിട്ടും... ന്ന്ട്ട് മിണ്ടാണ്ട് കോണി കേറി ചെറ്യേ ജനലീക്കൂടി മച്ചുമ്പറത്ത് ചെന്ന് ആ പഴേ കട്ട് ലിന്‍റെ അടീല് കെടന്നു. അവടെ പഴേ പാത്രോം  കടലാസ്സും  തുണീം  ചേട്ടന്‍റേം  ചേച്ചീടേം പഴേ ബുക്കും കൊറേ കെടക്ക്ണ്ട്.. ആ പൊടീലാ കെട്ന്നു...

എല്ലാരും  ഉണ്ണ്യേ അന്വേഷിച്ച്‍  നടന്ന്  പരോശായി ല്ലേ.... 

ഉണ്ണ്യൊക്കെ  കേക്ക്ണ്ടായിര്ന്ന്.. ഉണ്ണീ... ഉണ്ണീ... മുത്തേ  ചക്കരേ ... ന്നൊക്കെ എല്ലാരും ഒറക്കൊറക്കെ  വിളിക്ക്ണത്.. കൊല്ലുന്ന് പറഞ്ഞ്‍ ല്ല്യേ ... അമ്മ  ഉണ്ണ്യേ  കാണാണ്ട്   ഒന്ന് പേടിക്കട്ടെ ... കരഞ്ഞോണ്ട്   വിളിക്ക്‍ട്ടെ..  ഉണ്ണീ ... അമ്മേടേ  ചക്കരേ... അമ്മേടേ മുത്തേന്നൊക്കെ...നി  തല്ല് ല്ല്യാ ന്നൊക്കെ സ്നേഹത്തില് പറേട്ടെ...    അതുവരെ  മിണ്ടാണ്ട്  അവ് ടെ കെടക്കാന്ന് വെച്ചു.. അപ്പോ...ങ്ങ്ട്  ഒറങ്ങിപ്പോയി... കാലത്ത്  ണീറ്റതാണേയ്... അമ്പല് ‍ത്ത് ‍ല് പോവാന്.. പിന്നെ അടി കിട്ടീപ്പോ.... കൊറെ കരഞ്ഞില്ല്യേ... ഒക്കെയായ്‍ട്ട്  അങ്ങ്ട് ഒറങ്ങിപ്പോയ്.... 

അതാല്ലേ... കൊഴപ്പായത്... 

ഉണ്ണ്യേ കാണാണ്ട്..  അമ്മ ബോധംകെട്ട് വീഴുന്നും  ആശൂത്രീല് കൊണ്ട് വരണ്ടി വരുന്നും ഗുള്‍ക്കൊസ് കുത്തണ്ടി വരുന്നൊന്നും  ഉണ്ണി വിചാരിച്ചില്ല്യാ...സത്യായിട്ടും വിചാരിച്ചില്ല്യാ... ഗുര് ‍വായൂരപ്പ്‍നാണ് സത്യം.. ന്‍റെ അമ്മയ്ക്ക്  സൂക്കടൊക്കെ  വേം  മാറ്യാ മത്യായിരുന്ന്... ഇപ്പോ  മാറ്ല്ലേ  നയിസ് ചേച്ചീ... ന്‍റെ അമ്മയ്ക്ക്  ഇപ്പോ  മാറ് ല്ല്യേ ...

ഉവ്വ്... ഉണ്ണീ ... ഇപ്പോ മാറും..  ഇദൊരു ചെറ്യ്  ബോധക്കേടല്ലേ..  അമ്മയ്ക്ക് ഒക്കെ  ഇപ്പോ  മാറും..  ഉണ്ണി ഇവടെ  ഇരുന്നോളൂ...  അമ്മ ഇപ്പോ  വിളിക്കും ഉണ്ണ്യേന്ന്...    

Sunday, April 27, 2014

രണ്ട് പ്രണയ ലേഖനങ്ങളും ദേവാനന്ദിന്‍റെ ബോംബെ നഗരവും


https://www.facebook.com/echmu.kutty/posts/268726076640027

ഇന്ന്  മുംബൈ എന്നു പേരു വിളിക്കുന്ന  പഴയ ബോംബെ നഗരത്തെപ്പറ്റി  ഏറ്റവും കാല്‍പനികമായ  നിറച്ചാര്‍ത്തോടെയുള്ള  സ്വപ്നങ്ങള്‍ എനിക്കു പകര്‍ന്നു തന്നിട്ടുള്ളത് ഞാന്‍ കണ്ടു തീര്‍ത്ത  ഹിന്ദിസിനിമകളോ  സ്വപ്നാത്മകമായ  വിചിത്ര  ഭാവനകളോടെ ഞാന്‍ വായിച്ചവസാനിപ്പിച്ച ഹിന്ദി നോവലുകളോ  സ്ഥിരം  മുംബൈക്കാര്‍ ആയ എന്‍റെ അനവധി  സുഹൃത്തുക്കളോ അല്ല.

അമ്മീമ്മയാണ്. 

അമ്മീമ്മയുടെ  മനസ്സിന്‍റെ ഒരു ഭാഗം  എന്നും ബോംബെയെ ധ്യാനിച്ചിരുന്നു. ആ  നഗരത്തെപ്പറ്റിയുള്ള ഏതു  വര്‍ത്തമാനവും   അവര്‍ എപ്പോഴും  താല്‍പര്യപൂര്‍വം  അറിഞ്ഞു . ദേവാനന്ദ്  പാടിയഭിനയിച്ച  പാട്ടുകള്‍  റേഡിയോയില്‍ കേള്‍ക്കുന്നത്   അമ്മീമ്മയുടെ  ഒരു ദൌര്‍ബല്യമായിരുന്നു. പില്‍ക്കാലത്ത്  ടി വിയില്‍ ദേവാനന്ദിനെ കാണുവാന്‍ സാധിക്കുമ്പോഴൊക്കെയും  അമ്മീമ്മ  ഏറെ  ആഹ്ലാദവതിയായി. ‘ഖൊയാ ഖൊയാ ചാന്ദ്  ഖുലാ  ആസ്‍മാന്‍’  എന്ന പാട്ടു കേള്‍ക്കുമ്പോള്‍  ആ  മുഖം  അല്‍പം  ലജ്ജയുടെ ചുവപ്പു പുരണ്ട്  അതീവ സുന്ദരമായിത്തീരുന്നത്   ഞങ്ങള്‍ തമാശയോടെ  വീക്ഷിച്ചു. അമ്മീമ്മയുടെ മൃദുലസ്വപ്നങ്ങളെ  ഏതെങ്കിലും ഒരു  കാലത്ത് ദേവാനന്ദ്  വര്‍ണാഭമാക്കിയിരുന്നിരിക്കണം... 
  
ഇരുപതുവയസ്സുകളിലെ കുറെക്കൊല്ലങ്ങള്‍ അമ്മീമ്മ ബോംബെ നഗരത്തില്‍  ചെലവാക്കിയിട്ടുണ്ടെന്ന്  എനിക്കറിയാമായിരുന്നു.  ആചാരങ്ങളിലും  മാമൂലുകളിലും ഉറച്ചു വിശ്വസിച്ചിരുന്ന   അമ്മീമ്മയുടെ മഠത്തില്‍ നിന്ന്  അക്ഷരമറിയാത്ത അവര്‍  എങ്ങനെ ബോംബെയില്‍  എത്തിപ്പെട്ടുവെന്നും അവിടെ എങ്ങനെ ജീവിച്ചുവെന്നും ഞാന്‍ അതിശയിച്ചിട്ടുണ്ട്. മലയാളവും തമിഴുമൊന്നും എഴുതാനറിയാതിരുന്ന അവര്‍  ബോംബെയില്‍ വെച്ച്  ചില  അയല്‍പ്പക്കക്കാരികളായ സ്ത്രീകളില്‍  നിന്ന്  ഹിന്ദി  എഴുതാനും വായിക്കാനും പഠിക്കുകയും ഏതാനും  ചില ചെറിയ  ഹിന്ദി പരീക്ഷകള്‍ പാസ്സാവുകയും ചെയ്തു.  തുച്ഛ വരുമാനമായിരുന്നെങ്കിലും, ആ പരീക്ഷകളുടെ  ബലത്തില്‍,   നന്നെ ചെറിയ ചില   ജോലികളും അവര്‍ അവിടെ ചെയ്യുകയുണ്ടായി. 

അമ്മീമ്മയുടെ  സഹോദരന്മാരാണ് അവരെ  ബോംബെയിലേക്ക്  കൊണ്ടു പോയത്.  ഭര്‍ത്താവില്ലാത്ത പെണ്ണ് അടുക്കളക്കെട്ടില്‍ നിന്ന്  പുറത്തിറങ്ങരുതെന്ന്,  അരവയര്‍ ഭക്ഷിച്ച്, തെരുതെരെ നാമം ചൊല്ലി താഴോട്ടു മാത്രം നോക്കി  കഴിഞ്ഞു കൂടണമെന്ന് ഉറച്ചു  വിശ്വസിച്ചിരുന്ന അവരെ  ഇമ്മാതിരിയൊരു  കാര്യം ചെയ്യാന്‍  പ്രേരിപ്പിച്ചതെന്തായിരിക്കും.?

അമ്മീമ്മയ്ക്ക്  വായിച്ചറിയാന്‍ പോലും സാധിക്കാതെ പോയ  രണ്ടു പ്രണയലേഖനങ്ങളായിരുന്നുവത്രേ ആ  പ്രേരണ ! 

അമ്മീമ്മയുടെ അപ്പാ ഗ്രാമത്തിലെ  ഒരു മുഖ്യനായിരുന്നു.  ധാരാളം പണം, കനത്ത  ഭൂസ്വത്ത്, ആണ്‍ മക്കള്‍ക്കെല്ലാം വന്‍നഗരങ്ങളില്‍ വലിയ  ഉദ്യോഗങ്ങള്‍...  ഇതൊക്കെയല്ലേ  സാധാരണ ഗതിയില്‍  ഒരാളെ  മുഖ്യനാക്കി  മാറ്റുന്നത്?  ബന്ധുക്കളും സുഹൃത്തുക്കളും പരിചയക്കാരും ആശ്രിതരുമായി അനവധി പേര്‍ എപ്പോഴും ആ മഠത്തിലുണ്ടാകുമായിരുന്നു. 

അവരില്‍  രണ്ടുപേരാണ് ആ കുഴപ്പമുണ്ടാക്കിയത്.

ഒരാള്‍ പെട്ടെന്നു പെട്ടെന്ന് കവിത കെട്ടിയുണ്ടാക്കുന്ന  മിടുക്കനായിരുന്നു. എപ്പോള്‍ വേണമെങ്കിലും എത്ര വേണമെങ്കിലും പ്രേമം തുളുമ്പുന്ന വരികള്‍ ചൊല്ലാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നു. ഭാര്യയും അനവധി  മക്കളുമുണ്ടായിരുന്ന  അയാള്‍  ഉയര്‍ന്ന ജാതിക്കാരനായ ഒരു  ജന്മിയായിരുന്നുവത്രെ. 

മറ്റൊരാള്‍  ആയുര്‍വേദം അരച്ചു കലക്കിക്കുടിച്ചിരുന്ന ഒരു  വൈദ്യനായിരുന്നു. ഒറ്റമൂലികളില്‍ സമര്‍ഥനായിരുന്ന അയാളും ഉന്നത ജാതിക്കാരനും ഒരു  ഭര്‍ത്താവും  കുറെ കുട്ടികളുടെ അച്ഛനുമായിരുന്നു.  അയാള്‍ക്കും നല്ല ധനശേഷിയുണ്ടായിരുന്നു. 

‘ പടിപ്പുരയുടെ  ചുവരിനരികിലായി ഭംഗിയുള്ള ഒരു കടലാസ് വെച്ചിട്ടുണ്ട് .  എടുത്ത്  നോക്കു’   എന്നായിരുന്നു കവി  വചനമെങ്കില്‍ വൈദ്യന്‍ ‘മുഖക്കുരുവിനുള്ള  മരുന്ന്  കടലാസ്സില്‍  വെച്ചിട്ടുണ്ട്. തൊഴുത്തിനടുത്താണ് അത്  വെച്ചിരിക്കുന്നത്. ആരും  കാണാതെ പോയി അതെടുത്തോളൂ .  പിന്നെ വിവരം തന്നാല്‍ മതി’   എന്നാണ് പറഞ്ഞത്. 

അമ്മീമ്മ   രണ്ടു  കടലാസ്സും  പോയി എടുക്കുകയും അതീവ  വിഷണ്ണയാവുകയും ചെയ്തു.  കാരണം  അതില്‍  എഴുതിയിരുന്നതെന്താണെന്ന്  വായിച്ചു മനസ്സിലാക്കാനുള്ള അറിവ്  അവര്‍ക്കില്ലായിരുന്നു. അക്ഷരമറിയാത്തവളാണ് അമ്മീമ്മയെന്ന് എഴുത്തുകള്‍  എഴുതിയവര്‍  അറിഞ്ഞിരുന്നുമില്ല. ജീവിതത്തിലാകെക്കൂടി കിട്ടിയ  രണ്ട് പ്രണയലേഖനങ്ങള്‍   വായിച്ചു മനസ്സിലാക്കാന്‍  പോലും കഴിയാതിരുന്നതാണ് അമ്മീമ്മയുടെ പ്രണയഭാഗ്യം.

അമ്മീമ്മ  പക്ഷെ, കൃത്യമായി പിടിക്കപ്പെട്ടു.

മഠത്തില്‍ പേമാരിയും  കൊടുങ്കാറ്റും മാത്രമല്ല  അഗ്നിപാതവും  ഉണ്ടായി.  അമ്മീമ്മ പിഴച്ചുവെന്നതിന്‍റെ അല്ലെങ്കില്‍ പിഴയ്ക്കാന്‍ കൊതിച്ചുവെന്നതിന്‍റെ  ഉത്തമ ദൃഷ്ടാന്തമായിരുന്നുവല്ലോ  ആ കത്തുകള്‍.  

ഒരേ ദിവസം  രണ്ട് പുരുഷന്മാരില്‍ നിന്ന്  കത്തുകള്‍ കിട്ടുന്ന  പെണ്ണോ   ... അവള്‍  ഭയങ്കരി തന്നെ.

ഇത്തിരി തീയില്ലാതെ  ഇത്തിരി പുകയുണ്ടാവുമോ 

ആണുങ്ങളെ  കണ്ണു കാണിച്ചാല്‍  ഏതു സുന്നരീടെ ഭര്‍ത്താവായാലും  എത്ര മക്കളുടെ  അച്ഛനായാലും അവര്‍  കത്തെഴുതി  കൊടുക്കില്ലേ..  പെണ്ണല്ലേ  കരുതിയിരിക്കേണ്ടത്..

ഇതിനു മുന്‍പ്  ആരൊക്കെ കത്തു കൊടുത്തിട്ടുണ്ടെന്ന് ആര്‍ക്കറിയാം.. 

അല്ലെങ്കിലും  ആണുങ്ങളുള്ള  ഭാഗത്ത് ചുറ്റിപ്പറ്റി നില്ക്കലുണ്ട് ഇവള്‍ക്ക് .. 

ഇങ്ങനെ വാക്കുകള്‍ കൊണ്ട് ക്രൂരമായി   ആക്രമിക്കുമ്പോഴും നീണ്ട മുടിപിടിച്ചുലയ്ക്കുമ്പോഴും  കരണത്തടിയ്ക്കുമ്പോഴും മുറിയില്‍  പൂട്ടിയിടുമ്പോഴും   കിട്ടിയ കത്തുകള്‍  ആ പെണ്‍കുട്ടിയ്ക്ക് വായിക്കാന്‍ കൂടി കഴിയില്ലെന്ന്  ആരും  ഓര്‍മ്മിച്ചില്ല. 

അക്ഷരമറിയാത്തതിന്‍റെ ദണ്ഡമെന്നത്  ചിലപ്പോഴൊക്കെ അങ്ങനെയും  കൂടിയാണ്. 

‘ഈ സങ്കടമൊക്കെ കുടിച്ചിറക്കുമ്പോള്‍ മരിക്കാന്‍ തോന്നിയിട്ടില്ലേ’   എന്ന ചോദ്യത്തിനുത്തരമായി   ആത്മഹത്യ ചെയ്യുന്നവരെ ഭീരുക്കള്‍  എന്നും മറ്റും  വിളിച്ച് പരിഹസിക്കരുതെന്നും ആത്മഹത്യ കലയായും ചിലപ്പോള്‍  ഒരു  രാഷ്ട്രീയ പ്രവര്‍ത്തനമായും  മാറാറുണ്ടെന്നും   അപ്പോഴാണ് അമ്മീമ്മ  പറഞ്ഞു  തന്നത് . പൊതുസമൂഹത്തിന്‍റെ മിക്കവാറും  എല്ലാ  മുന്‍വിധികളോടും പഴഞ്ചൊല്ലുകളോടും അമ്മീമ്മ  എന്നും  ഇടം തിരിഞ്ഞുനിന്നിരുന്നു.  നിശിതമായി  ആലോചിക്കാതെ ആ പഴഞ്ചൊല്ലുകളും മുന്‍വിധികളും  അങ്ങനെ എല്ലാവരേയും  പോലെ എടുത്തുപയോഗിക്കുന്നത്  അവര്‍ ഒട്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങള്‍ കുട്ടികളിലും ആ ശീലം വളര്‍ത്താന്‍  അവര്‍  എപ്പോഴും പരിശ്രമിച്ചിരുന്നു. 

സഹോദരന്‍റെ  ഭാര്യയുടെ പ്രസവ ശുശ്രൂഷയ്ക്കായാണ് അമ്മീമ്മ ആദ്യമായി ബോംബെയിലേക്ക്  പോയത്. അമ്മീമ്മ പിഴച്ചു പോവാതിരിക്കാന്‍,  മഠത്തിനു  ചീത്തപ്പേരു വരാതിരിക്കാന്‍,  എന്ന ന്യായം സഹോദരന്മാരുടെ ആ  പ്രവൃത്തിയെ  തികഞ്ഞ ഉപകാരമായി കാണാന്‍ എല്ലാവരേയും പ്രേരിപ്പിച്ചു. പിന്നീട് ആറേഴു വര്‍ഷങ്ങള്‍ക്ക്  ശേഷമേ  സഹോദരന്മാര്‍ അമ്മീമ്മയെ ഗ്രാമത്തിലേക്ക്  തിരിച്ചുകൊണ്ടുവന്നുള്ളൂ. അപ്പോഴേക്കും  സഹോദരഭാര്യമാരുടെ പ്രസവങ്ങള്‍ നിലയ്ക്കുകയും ശുശ്രൂഷകള്‍ വേണ്ടാതാവുകയും കുട്ടികള്‍ മുതിരുകയും  ചെയ്തുകഴിഞ്ഞിരുന്നു. 

പ്രസവ ശുശ്രൂഷ വിചിത്രമായ ഒരനുഭവമാണെന്ന് അമ്മീമ്മ പറഞ്ഞു . തികച്ചും  അവശയായ സ്ത്രീക്ക് ശുശ്രൂഷയും  ശുശ്രൂഷിക്കുന്ന സ്ത്രീയും ഹൃദ്യമായി തോന്നാമെങ്കിലും അവശത കുറയുന്നതനുസരിച്ച് ഹൃദ്യതയും സ്വീകാര്യതയും കുറഞ്ഞുകുറഞ്ഞു വരും. പിന്നെപ്പിന്നെ സഹായിയായി തോന്നിയ സ്ത്രീ അനാവശ്യവും എത്രയും പെട്ടെന്ന്  നാടു കടത്തപ്പെടേണ്ടവളും കുടുംബത്തിലെ  ശല്യവും ആയിത്തീരും. അവള്‍ അനാഥയാണെങ്കില്‍  പിന്നെ, തികച്ചും  വെറുക്കപ്പെട്ടവള്‍  ആയതു തന്നെ. അവള്‍ക്കു വേണ്ടി ചെലവാക്കപ്പെടുന്ന അരിമണികളും തുണിക്കഷണങ്ങളുമെല്ലാം  കുടുംബവരുമാനത്തിന്‍റെ  താളം  തെറ്റിക്കും.  

ഹിന്ദിയില്‍  ബില്ലെഴുതുന്ന  ചില്ലറക്കടകളില്‍  പാര്‍ട്ട് ടൈം  ജോലിക്കു  പോവാന്‍  അമ്മീമ്മയ്ക്ക് കഴിഞ്ഞത്  ഈ അനാവശ്യതയും  വെറുപ്പും അനാഥത്വവും ഒഴിവാക്കപ്പെടലും  ഒക്കെക്കൊണ്ടു തന്നെയായിരുന്നു.

വിക്ടോറിയ ടെര്‍മിനസ്സും  ഫ്ലോറാ ഫൌണ്ടനും ചര്‍ച്ച് ഗേറ്റും  ജൂഹു ബീച്ചും  അമ്മീമ്മയുടെ  ബോംബെ സ്മരണകളില്‍ നിറഞ്ഞുനിന്നു.  ബോബെയുടെ നിരത്തുകളിലെയും  റെയില്‍വേ സ്റ്റേഷനുകളിലെയും അനുസ്യൂതമായ ജനപ്രവാഹത്തെപ്പറ്റിയും ഡബ്ബാവാലകളുടെ മാനേജുമെന്‍റ്  സ്കില്ലിനെപ്പറ്റിയും അവര്‍  വിശദീകരിച്ചു. ബോംബെയിലെ ചേരികളില്‍ അടിഞ്ഞു കൂടുന്ന  ഇന്ത്യന്‍ ജനതയുടെ  കഠിനയാതനകളെപ്പറ്റി വെറുതേയുള്ള  നിരീക്ഷണങ്ങളിലൂടെ മാത്രം  അവര്‍ ശരിയായി മനസ്സിലാക്കിയിരുന്നു.  ദാദര്‍, താനെ, ചെമ്പൂര്‍, മാട്ടുംഗ, സയാണ്‍, ബാന്ദ്ര, മലബാര്‍ ഹില്‍സ്,  മലാഡ്, ഗോരെഗാണ്‍, വൈലെപാര്‍ലേ  എന്നൊക്കെയുള്ള സ്ഥലപ്പേരുകളും അവര്‍ കൃത്യമായി ഓര്‍മ്മിച്ചിരുന്നു. മൈഥിലീ ശരണ്‍  ഗുപ്തയുടെയും ഹരിവംശറായ് ബച്ചന്‍റെയും  കവിതകള്‍  അവര്‍   ചൊല്ലിക്കേള്‍പ്പിച്ചിട്ടുണ്ട്. പ്രേംചന്ദിന്‍റെ കഥകളും അവര്‍ക്കറിയാമായിരുന്നു.  ഷണ്‍മുഖാനന്ദ ഹാളില്‍ കമലാലക്ഷ്മണന്‍റേയും ലളിതാ പത്മിനിമാരുടേയും  ബാല സരസ്വതിയുടേയും  വൈജയന്തിമാലയുടേയും നൃത്തപരിപാടികള്‍ ഉണ്ടാകുന്നതിനെപ്പറ്റിയും അത്  കാണാന്‍ അവര്‍ മോഹിച്ചിരുന്നതിനെപ്പറ്റിയും ഒക്കെ അമ്മീമ്മ വാചാലയായിരുന്നു. എം എസ്  സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാനും അവര്‍ക്ക്  ആഗ്രഹമുണ്ടായിരുന്നു. 

പാഴ്സികളുടെ ശ്മശാനമായ  ടവര്‍ ഓഫ് സൈലന്‍സിനെപ്പറ്റിയും ശവശരീരം കഴുകന്മാര്‍ക്കും മറ്റും  തിന്നാന്‍ നല്‍കി  സംസ്ക്കരിക്കുന്നതിനെപ്പറ്റിയും അമ്മീമ്മ  പറഞ്ഞു തന്നപ്പോള്‍ ഞങ്ങള്‍ ശരിക്കും അസ്വസ്ഥരായി.  ഞങ്ങള്‍ കുട്ടികള്‍  മാത്രമല്ല, കേട്ടുകൊണ്ടിരുന്ന മുതിര്‍ന്നവര്‍ക്കു പോലും  ആ ശവസംസ്ക്കാരരീതി  കഠിനമായി തോന്നി.  ഗ്രാമത്തിന്‍റെ  ചുരുങ്ങിയ വട്ടത്തില്‍ നിന്ന്  പുറത്തിറങ്ങുമ്പോള്‍ ലോകവും  അതിലെ  മനുഷ്യരും   എത്രമാത്രം വൈവിധ്യപൂര്‍ണമാകാമെന്ന് മനസ്സിലാക്കിത്തരികയായിരുന്നു അമ്മീമ്മ. ദാരുവാല, ഘീവാല, ഊണ്‍വാല  എന്നൊക്കെ  കുടുംബപ്പേരുകളുള്ള പാഴ്സികളെപ്പറ്റി ,  ബ്രിട്ടിഷ് ഇന്ത്യയില്‍  താജ് മഹല്‍ എന്ന  ഹോട്ടല്‍  നിര്‍മ്മിച്ച്  അതിനു മുന്നില്‍ ‘ഇംഗ്ലീഷുകാര്‍ക്കും പട്ടികള്‍ക്കും  പ്രവേശനമില്ല’ എന്ന് ഒരു  ദിവസമെങ്കില്‍ ഒരു ദിവസം  ബോര്‍ഡു  തൂക്കാന്‍ ധൈര്യം കാണിച്ച ടാറ്റ എന്ന പാഴ്സിയെപ്പറ്റിയൊക്കെ അമ്മീമ്മ വിശദമായി സംസാരിച്ചിരുന്നു. കടം  കയറി തരിപ്പണമായതുകൊണ്ട്  ജുഹു ബീച്ചില്‍ ചെന്ന് കുടുംബസമേതം ആത്മഹത്യ  ചെയ്ത അയല്‍ക്കാരും അവരുടെ പിഞ്ചുകുഞ്ഞുങ്ങളും എന്നും  അവരുടെ നൊമ്പരമായി. കോളിളക്കം സൃഷ്ടിച്ച നാനാവതി കൊലക്കേസിനെക്കുറിച്ചും അമ്മീമ്മ   പറഞ്ഞു തന്നിട്ടുണ്ട്.

കുറെനാള്‍ ബോബെയില്‍    ജീവിച്ച,  വ്യത്യസ്തമായ  അനവധി  ചിന്തകളുള്ള   അമ്മീമ്മ എന്തുകൊണ്ട് ഒരു  പ്രണയത്തിലകപ്പെട്ടില്ല ആരെയെങ്കിലും വിവാഹം കഴിച്ചില്ല എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എന്നിലുയര്‍ന്നു വന്നിട്ടൂണ്ട്. പ്രണയകഥകളും പുരുഷന്‍റെ  മധുരകരമായ സ്നേഹവുമൊക്കെ വായനകളില്‍ ധാരാളമായി കടന്നു വന്ന യൌവനാരംഭത്തില്‍, തീര്‍ച്ചയായും എന്നിലും അനിയത്തിയിലും ഈ ചോദ്യങ്ങളുണ്ടായിരുന്നു. 
അമ്മീമ്മ  തന്ന മറുപടി  എനിക്കൊരിക്കലും മറക്കാനും കഴിഞ്ഞിട്ടില്ല. 

‘പ്രണയം  ഒരു  യുദ്ധമാണ്  കുട്ടീ. അതിലേര്‍പ്പെടുവാന്‍  ഒരുപാട് ധൈര്യം വേണം. അത് സാക്ഷാത്കരിക്കാന്‍, നില നിറുത്താന്‍ , അത് നഷ്ടപ്പെടുത്താന്‍  എല്ലാറ്റിനും അസാമാന്യമായ  ധൈര്യം ആവശ്യമാണ്. പ്രേമിക്കാന്‍ കഴിവുള്ളവരാകുന്നത് ശരിക്കും വളരെക്കുറച്ചു പേര്‍ മാത്രമാണ്. അധികം പേരും പ്രേമം പോലെ  തോന്നിപ്പിക്കുന്ന  എന്തോ ചില  കുഞ്ഞ് ആകര്‍ഷണങ്ങളില്‍ കുടുങ്ങി കഷ്ടപ്പെടുന്നവരാണ്. അതുകൊണ്ടാണ് വെല്ലുവിളികളുടെ കഠിന സന്ദര്‍ഭങ്ങളില്‍  പ്രേമമില്ലെന്ന് തിരിച്ചറിഞ്ഞ്   നെഞ്ചത്തടിക്കുന്നത്  ‘
 
പ്രേമിക്കാനുള്ള  ധൈര്യമില്ലായിരുന്നുവെന്ന്,  പ്രേമത്തിനു വേണ്ടി  ലോകത്തെ  ചോദ്യം ചെയ്യാനുള്ള ആത്മവിശ്വാസം പകരാനാവുന്ന ഒരു വ്യക്തിയേയും ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടിയതുമില്ലെന്ന് , അമ്മീമ്മ തുറന്നു സമ്മതിച്ചു..    

ബോംബെ നഗരം  വീണ്ടും കാണണമെന്ന് അവര്‍  എന്നും  മോഹിച്ചിരുന്നു . പക്ഷെ, ആ മോഹമൊരിക്കലും  പൂവണിയുകയുണ്ടായില്ല.

ഓരോ തവണ ബോംബെ നഗരത്തില്‍ പോവുമ്പോഴും  അമ്മീമ്മ പകര്‍ന്നു നല്‍കിയ  ബോംബെ സ്മരണകള്‍,  എന്നെ കൌതുകം വിടരുന്ന മിഴികളുള്ള  ഒരു കൊച്ചുകുട്ടിയാക്കി മാറ്റുന്നു.