Wednesday, February 19, 2020

റിപ്പബ്ലിക് ദിനം... ചില ഓർമ്മകൾ



2020 ലെ ഈ ദിവസത്തിന് മറ്റൊരിക്കലുമില്ലാതിരുന്ന പ്രത്യേകതയുണ്ട്. ഇന്ത്യ നമ്മൾ എല്ലാവരുടേയും റിപ്പബ്ലിക് ആണ്. സവർണ ഹൈന്ദവതയുടേയോ അത് തീരുമാനിക്കുന്നവരുടേയോ അല്ല എന്ന് നമ്മൾ ഓരോരുത്തരും ഉറക്കെ പ്രഖ്യാപിക്കേണ്ട ദിവസമാണിന്ന്..

ചെറുപ്പകാലത്ത് റേഡിയോയിൽ റിപ്പബ്ലിക് ദിനത്തിൻറെ ശബ്ദരേഖ കേൾക്കാറുണ്ട്. അമ്മീമ്മയുടെ ശിഷ്യരിൽ ചിലർ പട്ടാളക്കാരും സൈന്യത്തിലെ സിവിലിയൻ ഓഫീസർമാരും ആയി തൃക്കൂരിലുണ്ടായിരുന്നു . അവർ ദില്ലിയിൽ ജോലി ചെയ്തിട്ട് അവധിക്ക് വരുമ്പോൾ റിപ്പബ്ലിക് ദിനപരേഡിൻറെ വർണ ശബളിമയെക്കുറിച്ച് വിവരിക്കും... അതു കേട്ട് ഞങ്ങൾ, ഞാനും റാണിയും അന്തം വിട്ടിരുന്നിട്ടുണ്ട്. മാതൃഭൂമി പത്രത്തിലെ വിവരണങ്ങൾ വള്ളിപുള്ളി വിടാതെ വായിച്ച് ആ പരേഡ് സങ്കല്പിച്ചു നോക്കും.

ടിവി വന്നപ്പോഴാണ് പരേഡ് ലൈവായി കണ്ടു തുടങ്ങിയത്.

ദില്ലിയിലെ ജീവിതകാലത്ത് ആദ്യമാദ്യം യാതൊന്നും തന്നെ എനിക്ക് ആകർഷണീയമായി തോന്നിയിരുന്നില്ല. മോളെ നഷ്ടപ്പെട്ട തീവ്രവേദനയിൽ ഞാൻ രാജ്യത്തിൻറേയോ മതങ്ങളുടേയോ രാഷ്ട്രീയത്തിൻറേയോ വ്യക്തികളുടേയോ ഒരു കെട്ടുകാഴ്ചയേയും തീരേ ശ്രദ്ധിച്ചിരുന്നില്ല.

ഗീതു മോൾ വന്നപ്പോഴാണ് അക്കൊല്ലം ജനുവരി 26 ൻറെ പരേഡിന് പോകണമെന്ന് അവൾ പ്രഖ്യാപിച്ചത്. അതും ഇങ്ങനെ... 'ദെൽഹീല് റിബ്ളബിക് പലേഡ് കാണാമ്പറ്റുംന്നാ വിചാലിച്ചേ... പോയാലല്ലേ കാണാമ്പററൂ.. വെലുതേ പരഞ്ഞാ മതിയോ?'

കുഞ്ഞിക്കണ്ണുകളിൽ ഒരു തരം ദേഷ്യവും വാശിയും പിണക്കവുമാണ്..

അവൾ ഞങ്ങളോട് സ്നേഹത്തിലാവണമെന്നത് ഞങ്ങളുടെ അത്യാവശ്യമാണല്ലോ. അവൾ എന്ന കുഞ്ഞുദേവി ഞങ്ങളിൽ പ്രസാദിക്കണമല്ലോ.

ഞാൻ ഇന്ത്യാഗേറ്റിൻറവിടെ ഉണ്ടായിരുന്ന ടിക്കറ്റ് ഖറിൽ പോയി ഞങ്ങളുടെ മേസന്മാർക്കും മെക്കാട് പണിക്കാർക്കും ഉൾപ്പെടെ ടിക്കറ്റു വാങ്ങിച്ചു. അതിരാവിലെ മൂടൽമഞ്ഞു നിറഞ്ഞ വഴിയിലൂടെ കമ്പിളി വസ്ത്രങ്ങളിൽ പൊതിഞ്ഞ് ഞങ്ങൾ ഒരു ജാഥയായി ആ ജനുവരി 26 ന് യാത്ര ആരംഭിച്ചു.

ചലോ ചലോ രാജ്പഥ് ചലോ..

മോൾ ആവേശത്തിലായിരുന്നു, അവൾ പറയുന്നത് കേൾക്കുന്ന അമ്മയും അച്ഛനും... ഒപ്പമുള്ള ജോലിക്കാർക്കാണെങ്കിൽ അവളാണല്ലോ ബിഗ് ബോസ്.

ബസ്സ് യാത്ര അധികനേരം ഇല്ലായിരുന്നു. നടന്നെത്തുക തന്നെ വേണം. മോൾ എല്ലാവരുടേയും ചുമലുകളിൽ മാറി മാറി ഇരുന്ന് ഉല്ലാസത്തോടെ യാത്ര ചെയ്തു. രാവിലെ ഏഴുമണിയോടെ ഞങ്ങൾ ഒരു സംഘമായി രാജ്പഥിലെ ഇരുപ്പിടങ്ങളിൽ അമർന്നു കഴിഞ്ഞിരുന്നു.

നല്ല തണുപ്പ് അനുഭവപ്പെട്ടു.. ദൂരേയ്ക്ക് കാഴ്ചയും കുറവായിരുന്നു. എന്നാലും എല്ലാവരും സന്തോഷത്തോടെ പരേഡും കാത്തിരുന്നു.

ഞങ്ങളുടെ സംഘത്തിൽ ഇന്ത്യയുടെ ഏകദേശം മുഴുവൻ സംസ്ഥാന ങ്ങളുമുണ്ടായിരുന്നു. അവരിലാരും അതുവരെ പരേഡ് കണ്ടിരുന്നില്ല. അവർ എല്ലാവരും തന്നെ പട്ടിണിയും പരിവട്ടവും പ്രാരാബ്ധവുമായി ജീവിതത്തോട് മല്ലിടുന്ന കെട്ടിടനിർമ്മാണത്തൊഴിലാളികൾ മാത്രമായിരുന്നല്ലോ.

ഒമ്പതു മണിക്കാണ് പരേഡ് തുടങ്ങിയത്. നരസിംഹ റാവു പ്രധാനമന്ത്രിയും ശങ്കർ ദയാൽ ശർമ്മ പ്രസിഡന്റുമായിരുന്നു. മുഖ്യ അതിഥിയായി വന്നത് ബ്രിട്ടീഷ് പ്രധാനമന്ത്രി ജോൺ മേജർ.

മോൾ വളരെ ആഹ്ളാദത്തോടെ പരേഡ് വീക്ഷിച്ചു. ഞങ്ങളുടെ സഹപ്രവർത്തകരും രാജ്യത്തിൻറെ അവതരിപ്പിക്കപ്പെടുന്ന വർണവൈവിധ്യവും സാംസ്കാരിക മഹിമയും സൈനികകേമത്തവും കണ്ട് സന്തോഷചിത്തരായി.. 'ഹം ബഹുത്ത് അച്ഛേ ഹേ, ഹം ബടേ താക്കത്ത് വാലേ ഹേ' എന്നൊക്കെ അവരുടെയെല്ലാം ഹൃദയം രാജ്യസ്നേഹത്താൽ വിജൃഭിംതമായി.

ഒരു പതിനൊന്നു മണിയോടെ ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു. മോൾ എല്ലാവരുടേയും ചുമലുകളിൽ മാറി മാറി ഇരുന്ന് ഉറക്കം തൂങ്ങുകയായിരുന്നു. അതിനിടയിൽ ബംഗാളികളായ കുറച്ച് ജോലിക്കാർ ഒരു കാലിഡബ്ബ തട്ടിക്കളിച്ച് യാത്രാവഴികളിൽ ഒരു ഫുട്‌ബോൾ മൽസരത്തിൻറെ ആവേശം പകർന്നു. ബംഗാളികളുടെ രക്തത്തിൽ ഫുട്‌ബോൾ ഒരു ആവേശമാണെന്ന് അന്ന് തോന്നിപ്പോയി.

പിന്നീട് എല്ലാ വർഷവും അതൊരു പതിവായി.

കുറച്ചു വർഷങ്ങൾക്കു ശേഷം ഫ്ളോട്ടുകൾ ചെയ്യുവാൻ തുടങ്ങിയപ്പോൾ പരേഡിന് വളരേ മുമ്പേ ടാഗോർ ഗാർഡൻസ് എനിക്കും ഗീതുവിനും ചിരപരിചിതമായിത്തീർന്നു. അവിടെ നിറുത്തിയിട്ടിരിക്കുന്ന ഝാംകികളിൽ അനേകമനേകം ഫ്ളോട്ടുകളുടെ പണി നടന്നിരുന്നു. ഫ്ളോട്ടുപണിയുടെ അവസാനസമയമാവുമ്പോഴേക്കും അവിടം സുരക്ഷാ സൈനികരെക്കൊണ്ട് നിറയും.

പരേഡിനു മുൻപ് ഒരു ഫുൾ ഡ്രസ്സ് റിഹേഴ്സൽ ഉണ്ട്. സുരക്ഷാ പരിശോധന കർശനമാവും എന്നാണ് വെപ്പ്. ഇന്ത്യാമഹാരാജ്യത്തിൻറെ സകലമാന സുപ്രധാന വ്യക്തികളും സന്നിഹിതരാവുന്ന പരേഡ് ആണല്ലോ.

നമ്മുടെ സുരക്ഷാ പദ്ധതികളുടെ പാളിച്ചകൾ ശ്രദ്ധയിൽ പെട്ടിട്ടുള്ളതും അങ്ങനെയാണ്. അലക്ഷ്യമായ പരിശോധനകളും പരിശീലനം സിദ്ധിച്ചിട്ടില്ലാത്ത സുരക്ഷാ ഉദ്യോഗസ്ഥരും കൂടി കാണിച്ചു കൂട്ടുന്ന പരിശോധനാപ്രഹസനങ്ങൾ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്.

പോക്കറ്റിൽ സ്വിസ് നൈഫും കൊച്ചു കൊലേരിയും ആർക്കിടെക്റ്റ് നൈഫുമായി പ്രസിഡന്റ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുത്തു മടങ്ങാനാവുമെന്നു ഞങ്ങൾ അറിഞ്ഞു.

രാജ്യത്തെ തകർക്കുന്നത് ചാവേറുകൾക്ക് ജീവിതലക്ഷ്യമാവുമ്പോൾ പോലീസിനും സുരക്ഷാ ഉദ്യോഗസ്ഥർക്കും സുരക്ഷ യൊരുക്കലെന്നത് ഉദ്യോഗം മാത്രമാണെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞത് ഇത്തരം പരിപാടികളിൽ പങ്കെടുത്തതുകൊണ്ടാണ്. അത് സങ്കടകരമായ ഒരു സത്യമാണ്. വല്ലപാടും മതി എന്ന രീതി അവസാനിച്ചാലേ നമ്മുടെ കാര്യങ്ങൾ ഭംഗിയാവൂ എന്നർഥം.

എല്ലാവർക്കും റിപ്പബ്ലിക് ദിനാശംസകൾ..ഇനിയും അനവധിയനവധി റിപ്പബ്ളിക് ദിനങ്ങൾ ആശംസിക്കാൻ നമുക്കോരോരുത്തർക്കും അവസരമുണ്ടാവട്ടെ....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ദില്ലി  റിപ്പബ്ലിക് ദിനയോർമ്മകൾ