Tuesday, September 22, 2020

മഴക്കാലം…


02/09/2020
Mini Vish എഡിറ്റർ ആയ ഇത്തവണത്തെ മുഖം മാസികയിൽ എഴുതിയ കുറിപ്പ്.

മഴക്കാലം…

തൃക്കൂരിനെ ചുറ്റിപ്പറ്റിയാണ് മഴക്കാല ഓർമ്മകൾ അധികവും. പിന്നീട് മുതിർന്ന പ്പോൾ ആലിപ്പഴം വീഴുന്ന മഴയും പൊടി പോലെ ഐസ് തൂവുന്ന പിശറൻ മഴയും മരുഭൂമിയിലെ ലൂ എന്ന പൊടിക്കാറ്റിനൊപ്പം വരുന്ന പ്രാന്തൻ മഴയും ഒക്കെ ധാരാളമായി കണ്ടിട്ടുണ്ടെങ്കിലും തൃക്കൂര് വീട്ടിലേയും നാട്ടിലേയും മഴയാണ് എന്നും മഴയോർമ്മകളായി ആദ്യം മുന്നിൽ വിരിയുന്നത്.

മഴക്കാലം വരും മുമ്പെ മേല്പുരയിലെ അകന്ന ഓടുകൾ അടുപ്പിക്കുക, ഇടയിൽ കാണുന്ന വലിയ വിടവുകളിൽ പാളക്കഷണങ്ങളും വേസ്റ്റ് ഏക്സ്റെ ഫിലിമുകളും തിരുകുക, ഓട്ടിൻ പുറത്തേയും പാത്തികളിലേയും ചപ്പുചവറുകൾ എടുത്തു കളയുക, പട്ടിക, ഉത്തരം, കഴുക്കോൽ എന്നിവയിലൊക്കെ കശുവണ്ടി എണ്ണ പൂശുക എന്നതൊക്കെ അമ്മീമ്മ എല്ലാ വർഷവും മുടക്കമില്ലാതെ ചെയ്തു പോരുന്ന അറ്റകുറ്റപ്പണി കളായിരുന്നു.

ചെറിയ മഴകൾ ആഹ്ളാദമായിരുന്നു എന്നും. ചേമ്പിലയിൽ വെള്ളം ഉരുണ്ട് കൂടി മുത്തു മണികളായി താഴോട്ട് പതിക്കുന്നതും ആ മുത്തുമണികളാൽ ഒരു ഉശിരൻ മാല പണിയിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ അമ്മീമ്മ പൊട്ടിച്ചിരിച്ചതും ഞാൻ ഇന്നും ഓർക്കുന്നുണ്ട്.

മഴ പെയ്താൽ അതുവരെ പൊടിയണിഞ്ഞ് ചളിക്കുട്ടികളായി നിന്നിരുന്ന എല്ലാ ചെടികളും എണ്ണേം സോപ്പും തേച്ച് കുളിച്ച് മിനുസമുള്ള മുടിയും വിതിർത്തിട്ട് ഉല്ലാസവതികളായി നടന്നു പോകുന്ന ഗ്രാമീണ തരുണികളാകും. പൂക്കളിൽ വൈരമൂക്കുത്തി പോലെ വെള്ളത്തുള്ളി പറ്റി നില്ക്കുന്നുണ്ടാവും.

ഞാനും റാണിയും ഇതു കണ്ടു വല്ലാതെ അതിശയപ്പെടുമായിരുന്നു. ഞങ്ങൾ ചെടികൾക്കെല്ലാം ധാരാളം വെള്ളം ഒഴിക്കാറുണ്ട്, വേനല്ക്കാലത്ത്. എന്നാലും ചെടികൾ ഒരിക്കലും ഇങ്ങനെ പ്രസാദവതികളും സുന്ദരികളും അനുഗ്രഹദായിനികളുമായി തെളിഞ്ഞു മിന്നാറില്ല.

സാവധാനം ഞങ്ങൾക്ക് അതു മനസ്സിലായി മഴയും ചെടികളും തമ്മിൽ ദിവ്യമായ ഒരു രസതന്ത്രമുണ്ട്. അതിലിടപെടാൻ മനുഷ്യന് കഴിവില്ല.

ഞാനും റാണിയും അമ്മീമ്മയുമായി മഴക്കാലത്ത് നനഞ്ഞ് കുതിർന്ന് സ്കൂളിൽ പോകും. വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ നടക്കണം. സ്കൂളിലേക്ക്.. അതൊരു രസകരമായ നടപ്പായിരുന്നു. മേക്കട്ടിപ്പാടത്തെത്തുമ്പോൾ ഇരുവശവും നെല്പാടങ്ങളായിരുന്നതുകൊണ്ടും കാറ്റ് മഴത്തുള്ളികളെ ഇങ്ങനെ ചരിച്ചു വീഴ്ത്തുന്നതു കൊണ്ടും എങ്ങനെ ആയാലും ഞങ്ങൾ നനയും. കാര്യം ബസ്‌ അതിലേ പോകുമെങ്കിലും റോഡിൽ ലക്ഷം കുഴികളും കിടങ്ങുകളും ഉണ്ടായിരുന്നു. നന്നേ സൂക്ഷിച്ചില്ലെങ്കിൽ തുടുത്ത ചായ പോലേയുള്ള ചെളിവെള്ളം മേല് തെറിച്ചു വീഴും. റോഡിനിരുവശവും ഒതുങ്ങി നിന്ന് ഉടുപ്പിൽ ചെളിവെള്ളം വീഴാതെ രക്ഷപ്പെടുന്നത് ഒരു കല തന്നെ ആയിരുന്നു.

സ്ക്കൂളിൽ ഒരു നിര കെട്ടിടം നിർമിച്ചത് പൂർണമായും ഓലഷെഡ് ആയിട്ടാണ്. ചുവരും ഇടച്ചുവരും മേച്ചിലും എല്ലാം ഓല. തറ മണ്ണിട്ട് അല്പം ഉയർത്തി അടിച്ചുറപ്പിച്ചത്. ബെഞ്ച്, ഡസ്ക്, വലിയ ബോർഡ് എല്ലാം ഉണ്ട്. ചോർച്ചയൊന്നുമില്ല. നല്ല ഒന്നാന്തരം ഓലക്കെട്ടിടങ്ങൾ..

മഴ ഭരതമലയുടെ മുകളിൽ നിന്ന് വെള്ളത്തുള്ളികളും പറത്തി താഴ് വാരങ്ങളിലൂടെ ആടിയുലഞ്ഞ് പച്ചച്ച നെല്പാടങ്ങളേയും കുളിപ്പിച്ച് സ്ക്കൂൾ ഗ്രൗണ്ടിൽ കളിച്ചു തിമിർത്ത് ഓലഷെഡ്ഡിൻറെ മുകളിൽ കയറി തിമിർത്താടുമ്പോൾ ടീച്ചർമാർ പഠിപ്പിക്കൽ നിറുത്തി മഴയുടെ രൗദ്രതാളം ആസ്വദിക്കാൻ ഞങ്ങൾ കുട്ടികളെ അനുവദിക്കും. അതൊരു വല്ലാത്ത അനുഭൂതി ആയിരുന്നു. ഇന്നും മഴപെയ്യുമ്പോൾ ആ ശബ്ദം കേൾക്കുന്ന പോലെ എനിക്ക് തോന്നാറുണ്ട്.

'ഓലക്കെട്ടിടം മാറ്റി ഓടുകെട്ടിടം പണിയൂ പഞ്ചായത്തേ, വിദ്യാർത്ഥി ഐക്യം സിന്ദാബാദ് 'എന്നൊക്കെ വിളിച്ച് പത്താം ക്ളാസ്സിലെ ചേട്ടന്മാരും ചേച്ചിമാരും കല്ലൂരുള്ള പഞ്ചായത്ത് ഓഫീസിലേക്ക് ജാഥയായി പോകും. അന്ന് സ്ക്കൂളിൽ സമരമായിരിക്കും. എന്തായാലും ഒന്നു രണ്ടു വർഷത്തിനുള്ളിൽ ഓലക്കെട്ടിടം മാറ്റി ഓടിട്ട കെട്ടിടം വന്നു. സമരത്തിന് ഫലമുണ്ടായി.

ഞാനും അനിയത്തിമാരും അമ്മീമ്മ യുമായി തൃക്കൂരുള്ള അമ്മീമ്മയുടെ വീട്ടിൽ പാർക്കുമ്പോൾ രാത്രിയിൽ മഴ പെയ്യുന്നതും ഇടിയും മിന്നലും ഉഗ്രമായി അനുഭവപ്പെടുന്നതും ഞങ്ങൾ കുട്ടികളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു. അന്നൊക്കെ ചെറുകാറ്റടിച്ചാൽ മതി, വൈദ്യുതി പോകാൻ.. പാവം. അമ്മീമ്മ! ഭയന്നു വിറക്കുന്ന ഞങ്ങളെ ധൈര്യപ്പെടുത്തിക്കൊണ്ട് കോഴിമുട്ട വിളക്കിൻറെ വെളിച്ചത്തിൽ പാചകവും ആഹാരം തരലും സമാധാനപ്പിച്ച് കിടത്തി ഉറക്കലും എല്ലാം ചെയ്യും. അവരെ സമാധാനിപ്പിക്കാൻ ആരുമില്ലാത്തതുകൊണ്ട് അമ്മീമ്മ ഒരിക്കലും ഭയമോ കണ്ണീരോ പുറത്തു കാണിച്ചിരുന്നില്ല.

മഴക്കാലരാത്രികൾ എനിക്ക് ശൈശവം മുതൽ എന്നും കടുത്ത അസ്വസ്ഥതയും ഭയവും മാത്രമേ തന്നിട്ടുള്ളൂ. അത് മാറ്റാനാവശ്യമായ മാധുര്യമൊന്നും ജീവിതത്തിൽ ഒരുകാലത്തും കടന്നുവന്നതുമില്ല..

കുട്ടികളായിരിക്കേ മഴക്കാലത്ത് പല സ്ത്രീകളും അമ്മീമ്മയെ വന്നു കാണുമായിരുന്നു. അടുക്കള വരാന്തയിലായിരിക്കും അവരുടെ ഒച്ച താഴ്ത്തിയുള്ള സംഭാഷണം. ഓലകൾ, തടിക്കമ്പുകൾ, പഴയ തഴപ്പായ, പഴയ പുതപ്പ്, പഴയ സാരി ഇതൊക്കെ ആവും അവരുടെ ആവശ്യങ്ങൾ… ചിലർ അരിയും കഞ്ഞിവെള്ളവും വാങ്ങാറുണ്ട്.

മഴക്കാലത്തിൻറെ മധുരിമ, കുളിർമ, ആഹ്ളാദം…. എന്നൊക്കെ എല്ലാവരും പറയുകയും പാടുകയും ചെയ്യുമ്പോൾ ഞാൻ ഭയഭീതമായ രാത്രികളേയും ചെറിയ ആവശ്യങ്ങൾക്കായി അമ്മീമ്മയെ കാണാൻ വന്നിരുന്ന ആ സ്ത്രീകളേയും ഓർക്കും…

അതാവും എനിക്ക് മഴക്കുളിരില്ലാതായത്...

2 comments:

© Mubi said...

വ്യത്യസ്തമായ ഒരു മഴക്കാല കുറിപ്പ്... 

Muralee Mukundan , ബിലാത്തിപട്ടണം said...

തൃക്കൂരെ ഓർമ്മകൾ