Monday, September 21, 2020

ഇന്ന് പൂരാടം..


29/08/2020

അമ്മീമ്മ ഉത്രാട സദ്യക്കുള്ള ഒത്തിരി ഒരുക്കങ്ങൾ ചെയ്തു തീർക്കുന്ന സമയമാണിത്. സന്ധ്യാവെളിച്ചം പോയിത്തുടങ്ങുമ്പോഴേക്കും അടുക്കള ജോലികൾ നിറുത്തി അമ്മീമ്മ മേലു കഴുകി വന്ന് വിളക്ക് കൊളുത്തും. പിന്നെ ഉഷാറായി നാമം ചൊല്ലണം. കാച്ചിയ പാൽ, പുളിയിഞ്ചി, ശർക്കരപുരട്ടി, കായ വറുത്തുപ്പേരി, മാങ്ങാക്കറി, വെള്ള നാരങ്ങാക്കറി, കാളൻ ഇവരൊക്കെ നേദിക്കപ്പെടും.

എനിക്കും അനിയത്തിമാർക്കും ഈ ഉത്രാടസ്സദ്യ അത്ര ഇഷ്ടപ്പെടുന്ന ഒരു കാര്യമായിരുന്നില്ല.

അന്നത്തെ വിശിഷ്ടാതിഥികൾ ഒരു നെയ്ത്തുകാരനും സുമതിയമ്മ എന്നൊരു വീട്ടമ്മയുമായിരിക്കും എന്നതാണ് ഞങ്ങളുടെ ഇഷ്ടക്കുറവിനു കാരണം.

നെയ്ത്തുകാരൻ തോർത്തുമുണ്ട്, കർട്ടൻ പോലത്തെ സാരി ഒക്കെ അമ്മീമ്മക്ക് വിറ്റിട്ട്, തലേന്ന് നേദിച്ച ആ കാച്ചിയ പാൽ ഉറയൊഴിച്ച് കിട്ടുന്ന തൈരും മറ്റു വിഭവങ്ങളും കുമ്പളങ്ങസ്സാമ്പാറും പപ്പടവും പയറു മെഴുക്കുപുരട്ടിയും ഗോതമ്പ് പായസവും കഴിച്ച് സന്തോഷത്തോടെ മടങ്ങും.

നെയ്ത്തുകാരൻറെ ആ സാരി ഞങ്ങൾക്ക് ഇഷ്ടമേ അല്ലാരുന്നു. പരുക്കൻ സാരി. മുറിച്ച് മുണ്ടായി ഉടുക്കാം. തോർത്തുമുണ്ടുകൾ നല്ല വലുപ്പമുള്ളതുകൊണ്ട് താത്പര്യമായിരുന്നു. ഞങ്ങളുടെ നീണ്ട തലമുടി തോർത്തി വട്ടത്തിൽ കെട്ടിവെക്കാൻ കൃത്യം പാകമായിരുന്നു അവ.

ഇതൊക്കെ കഴിഞ്ഞു ഒരു മൂന്നു മണിയാവുമ്പോഴാണ് സുമതിയമ്മ വരിക. അവരുടെ വീട്ടിൽ ഒക്കെയുണ്ട്. നെല്ല്, തേങ്ങ, പച്ചക്കറികൾ, അത്യാവശ്യം കാശും പണവും. അവർ സ്വന്തം വീട്ടിൽ ഉഷാറായി ഉത്രാടസ്സദ്യ തയാറാക്കും. ഭർത്താവിനേം മൂന്നു ആൺമക്കളേം വയറു നിറയെ കഴിപ്പിക്കും. എന്നിട്ട് പണികളൊക്കെ തീർത്ത് മേല് കഴുകി മുടി ചീകി പൊക്കി കെട്ടി വെച്ച് എന്തേലും പൂവും ചൂടി ചുവപ്പോ പച്ചയോ കരയുള്ള മുണ്ടും അതിന് ഒത്ത ബ്ളൗസും ഇട്ട് വലിയ സിന്ദൂരപ്പൊട്ട് കുത്തി ചുട്ടിയുള്ള വെളുത്ത തോർത്ത് ഒരു ജാഡയിലൊക്കെ പുതച്ചാണ് വരിക.

എന്തിനാണ് വരുന്നത്?

പടിഞ്ഞാറ് വശത്തെ തിണ്ണയിൽ ഇരുന്ന് പ്ളാവിൻറെ കാറ്റുമേറ്റ് നാക്കിലയിൽ അമ്മീമ്മ വിളമ്പുന്ന ഉത്രാടസ്സദ്യ കഴിക്കാൻ...

നാണാവില്ലേന്ന് ചോദിക്കാൻ തോന്നില്ലേ മനുഷ്യർക്ക് ആർക്കായാലും...

ഉണ്ണുന്ന ആൾക്കും വിളമ്പുന്ന ആൾക്കും ആ സംഗതി അടുത്തു കൂടി പോലും പോയിട്ടില്ല.

നല്ല പിടി പിടിക്കും സുമതിയമ്മ. കഷണങ്ങൾ ഒക്കെ ചവച്ചരച്ച് സ്വാദ് അറിഞ്ഞ് സമയമെടുത്ത് നല്ല വിശദമായിട്ടാണ് ഉണ്ണുക.

എന്നിട്ട് പറയും.. 'എൻറെ ടീച്ചറെ, ഈയൊരു ഊണാണ് കൊല്ലത്തിലെ ഒര് സുഖം. എനിക്ക് ഒരാളും ഒരു കാപ്പിടെ വെള്ളം കാച്ചിത്തരാൻ ല്യ. ഒക്കെ വെച്ച് വെളമ്പി തീറ്റ കൊട്ക്കാം. ഞാൻ കഴിച്ചോന്നും കൂടി ആരും ചോദിക്കില്ല. പിന്ന്യല്ലേ ഇണ്ടാക്കി ഇര്ത്തി വെളമ്പിത്തരല്...

എനിക്ക് സദ്ദിക്ക് പോവ്വാനും കടപ്പണ്ടം തിന്നാനും വലിയ കൊത്യാന്നാ മൂപ്പര് പറേണ്. ശര്യന്ന്യാ ടീച്ചറേ, ഞാൻ പൊക ഊതാണ്ട് എനിക്ക് ഒരാള് ഒക്കെ ഇണ്ടാക്കി വെളമ്പിത്തര്ണത് തിന്നാൻ എനിക്ക് കൊതിയന്നെയാ...

അതില് വല്ല കുറ്റോം ണ്ടോ എൻറെ ടീച്ചറേ..'

അടുക്കളയുടെ ഭാരം ചുമന്ന് തുടങ്ങിയപ്പോഴാണ് സുമതിയമ്മ യുടേയും അമ്മീമ്മയുടേയും സൗഹൃദം എനിക്ക് മനസ്സിലായത്...