നമ്മുടെയൊക്കെ തലേലിങ്ങനെ ഇഷ്ടം പോലെ കിളിർത്തു നിൽക്കണ രോമങ്ങൾക്ക് എന്താ ഒരു പവറ് എന്ന് ആലോചിച്ചാൽ തന്നെ, അതൊക്കെ കൊഴിഞ്ഞു തല നല്ല മാനം പോലെ വെടിപ്പാവാനുള്ള ഒരു സ്കോപ്പുണ്ട്. അത്ര പ്രാധാന്യമാ ഈ രോമങ്ങൾക്ക്. അതു നമ്മൾ പെണ്ണുങ്ങളുടെ തലേലാണെങ്കിൽ പിന്നെ സ്കോപ്പിന്റെ അനന്തവിശാല ചക്രവാളമാ തുറന്ന് കിട്ടുന്നത്. പെൺ തലേല് ഈ രോമങ്ങളിങ്ങനെ ആർത്തു പെരുത്ത് കിളിർത്ത് വരാനും വേണ്ടി എന്തോരം എണ്ണയും കൊഴമ്പും ഗുളികകളുമാ മാർക്കറ്റ് നിറച്ചും പരത്തി വെച്ചിരിക്കണത്. ആൺതലക്ക് ആകെപ്പാടെ ഒരു ഗൾഫ്ഗേറ്റ് മാത്രമാണാശ്രയം. പണ്ട് കഷണ്ടി ആണിനൊരു ഗമയായിരുന്നുവത്രെ, ഇന്നിപ്പൊ അതൊരു മോശമാ.
പെൺ തലക്ക് എന്തായാലും നല്ലോണം രോമം ഉള്ളതു തന്നെയാണു അന്തസ്സ്. പെണ്ണായാ തലേം മൊലേം വേണം എന്നാണല്ലോ നമ്മുടെ ബനാനാ ചൊല്ല്. കാലം എത്ര പുരോഗമിച്ചാലും പെണ്ണുങ്ങളുടെ കാര്യത്തിൽ മാത്രം നൂറ്റാണ്ടുകള് കീഴോട്ട് എണ്ണിപ്പോണതാണല്ലോ അതിന്റെ ഒരു രീതി. ജീവിക്കണത് ഇരുപത്തൊന്നാം നൂറ്റാണ്ടിലാണെങ്കിലും പെണ്ണുങ്ങൾക്ക് ചിന്തേം വിചാരോം സങ്കല്പോം വിവരോം അവകാശോം ഒക്കെ പതിനെട്ടോ പതിനേഴോ നൂറ്റാണ്ടുകളിലെപ്പോലെയൊക്കെ പോരേ? നമ്മുടെ സംസ്ക്കാരോം കുടുംബോം സമൂഹോം നല്ലോണം പോലെ പുലരേണ്ടേതിനു വേറെ എന്താ ഒരു മാർഗ്ഗം?
അപ്പോ പെൺ തലക്ക് നല്ല ഉഷാറായ രോമങ്ങൾ നിർബന്ധാണ്. നല്ല രോമസൌഭാഗ്യമുണ്ടെങ്കിൽ പെട്ടെന്ന് മംഗല്യഭാഗ്യം കൂടി തരമാകും. അതാണല്ലോ ഈ രോമങ്ങൾ വളർത്തിയുണ്ടാക്കാൻ നമ്മുടെ അമ്മമാരും അമ്മൂമ്മമാരുംവല്ല്യമ്മമാരും ചെറിയമ്മമാരും അമ്മായിമാരും ചേച്ചിമാരും അനിയത്തിമാരുമടങ്ങുന്ന പെൺജന്മങ്ങൾ ഇത്ര പെടാപ്പാട് പെടുന്നത്. അയ്യോ തലമുടി കൊഴിയുന്നുവെന്ന് പറയുമ്പോൾ പെൺജന്മങ്ങൾക്ക് ജീവൻ പോകുന്ന ദണ്ഡമുണ്ടാകും. ഉണ്ടാകണമെന്ന് സൌന്ദര്യശാസ്ത്രത്തിലും വിവിധ വനിതാ മാസികകളിലും വിധിച്ചിട്ടുണ്ട്.
പെണ്ണിന്റെ സൌന്ദര്യം തികഞ്ഞ പനങ്കുല തലമുടിയിൽ ഒളിച്ചു കളിക്കാനൊക്കെ ആണുങ്ങൾക്ക് ഇഷ്ടം തന്നെ. വടക്കൻ പാട്ടിലെപ്പോലെ സുന്ദരിക്കോതയുടെ തലമുടിയിൽ മറഞ്ഞിരുന്ന കാമുകനാകാനും ഒരു രസമൊക്കെയുണ്ട്. പക്ഷെ ഈ നാശം ചീർപ്പിൽ കണ്ടാൽ, തറയിൽ കണ്ടാൽ അവനു കലി കയറും. പിന്നെയാണ് ഭക്ഷണത്തിൽ കാണുന്നത്. ആ കഞ്ഞിക്കിണ്ണം വലിച്ചെറിഞ്ഞ് ‘അവളുടെ ഒരു മുടി‘ എന്നു ആക്രോശിച്ചില്ലെങ്കിൽ അവനു ആണാവാൻ പറ്റുമോ? ‘കൂട്ടാനിൽ ഒരു മുടി കണ്ടിട്ട് ചേട്ടൻ നാലു ദിവസത്തേക്ക് ആഹാരം കഴിച്ചില്ല‘ എന്ന് വിമ്മിട്ടപ്പെടുകയും തന്നെത്താൻ താഴ്ത്തിക്കാണിക്കുകയും ചെയ്തില്ലെങ്കിൽ അവൾക്ക് പെണ്ണാവാൻ പറ്റുമൊ?
കാര്യങ്ങളിങ്ങനെയൊക്കെയായാലും പഴയ കാലത്ത് ഒരു നാലു വയസ്സുകാരിക്കു പുറം മറഞ്ഞു കിടക്കുന്ന മുടിയുണ്ടാവുന്നതു എന്തു വലിയ ഭാഗ്യമായിട്ടാണ് വിചാരിക്കപ്പെട്ടതെന്ന് പറയാനുണ്ടോ? പുതിയ കാലമായിരുന്നെങ്കിൽ പരസ്യത്തിലൂടെ എന്ത് മാത്രം കാശ് വരാനുള്ള വഴിയായേനെ. പഴയ കാലമായതു കൊണ്ട് പെണ്ണുങ്ങളുടെയും കുട്ടികളുടെയും ‘ഹായ് എന്തോരം തലമുടിയാ‘ എന്ന അതിശയപ്പെടലും അസൂയ നിറച്ച നോട്ടങ്ങളും മാത്രമേ വന്നുള്ളു. നല്ല വെന്ത വെളിച്ചെണ്ണ തേപ്പിച്ചും, പറമ്പിൽ നിൽക്കണ വെള്ളിലത്താളിയും തമിഴന്റെ ചീവക്കായ് പൊടിയും ചേർത്ത് മെഴുക്കിളക്കിയും ഈരെഴ തോർത്ത് കൊണ്ട് ഒപ്പി വെള്ളം കളഞ്ഞും മുടി സിൽക്നൂലു പോലെയാക്കി എടുക്കാൻ കുട്ടീടെ അമ്മീമ്മക്ക് നല്ല വൈഭവമുണ്ടായിരുന്നു. സ്കൂൾടീച്ചറായിരുന്ന അവരുടെ ഏറ്റവും വലിയ സ്വകാര്യ സന്തോഷമായിരുന്നു കുട്ടിയുടെ ആരോഗ്യവും തിളക്കമുള്ളതുമായ തലമുടി. അതു പിന്നിയിട്ട് കനകാമ്പരവും മുല്ലപ്പൂവും ചൂടിച്ച് അവർ കുട്ടിയെ ഒരു പാപ്പാത്തിയാക്കി വളർത്തിക്കൊണ്ടിരുന്നു.
അങ്ങനെ ഒരു ദിവസം കുട്ടീടെ അമ്മ പട്ടണത്തിൽ നിന്ന് അനുജത്തിയേയും ഒക്കത്തേറ്റി വന്നെത്തി. ഒക്കിലിരിക്കുന്ന കുട്ടിക്കു പുറമെ അമ്മയുടെ വയറ്റിലും ഒരു കുട്ടിയുണ്ടായിരുന്നു, അതു ഒരു അനുജനാകുമെന്നു അമ്മയോടു വീട്ടുപണിക്കു സഹായിക്കാൻ വരുന്ന പാറുവമ്മ പറയുന്നതു കുട്ടിയും കേട്ടു. അമ്മക്ക് പക്ഷേ ഒരു സന്തോഷവും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, സദാ കരച്ചിലുമായിരുന്നു.
അമ്മയുടെ വീർത്ത മുഖം കണ്ട് കാരണം തിരക്കിയ അലക്കുകാരിയോട് അടക്കിയ ശബ്ദത്തിൽ പാറുവമ്മ പിറുപിറുത്തു, അതേയ്, മൂത്തോരെ മാനം കെടുത്തി തന്നിഷ്ടത്തിനു ജാതീം മതോം കളഞ്ഞ് സമ്മന്തണ്ടാക്കിയാൽ ഇങ്ങനെയാവും. ഒടുക്കം ആരുണ്ടാവില്ല. കുട്ടിക്ക് കാര്യം മുഴുവൻ തിരിഞ്ഞില്ലെങ്കിലും എന്തൊ പ്രശ്നമുണ്ടെന്ന് മനസ്സിലായി. ഓർമകളാരംഭിക്കുന്ന ചെറുപ്രായത്തിൽ തന്നെ, ചുറ്റും ചൂഴ്ന്ന് നിൽക്കുന്ന കുഴപ്പത്തിന്റെയും പ്രശ്നങ്ങളുടെയും എട്ടുകാലി വലകൾ കുട്ടിയുടെ തലച്ചോറിൽ വ്യാപിക്കാൻ തുടങ്ങിയതങ്ങനെയാണ്.
അനുജത്തിയുടെ തലയിലപ്പടി ചൂടുകുരുവായിരുന്നു, ചിലതെല്ലാം പഴുത്തും പൊട്ടിയുമിരുന്നു. അവൾ അടുത്ത് വരുമ്പോൾ ഒരു നാറ്റമുയരുന്നതായി കുട്ടി അമ്മീമ്മയോട് പരാതിപ്പെട്ടു. അവളുടെ തല പരിശോധിച്ച ശേഷം അമ്മീമ്മയും പാറുവമ്മയും അമ്മയും കൂടി മുടി പറ്റെ വടിച്ച് മരുന്നു പുരട്ടേണ്ടതുണ്ടെന്നു നിശ്ചയിച്ചു.അതനുസരിച്ച് പിറ്റേന്ന് രാവിലെ അമ്മീമ്മ സ്കൂളിൽ പോയി കുറച്ച് കഴിഞ്ഞപ്പോൾ മുടി വെട്ടുന്ന രാമൻ സ്വന്തം പണിസ്സാധനങ്ങളടങ്ങിയ ഒരു മുഷിഞ്ഞ സഞ്ചിയുമായി വന്നെത്തി. അമ്മയുടെ സങ്കടം തുളുമ്പുന്ന മുഖം ശ്രദ്ധിച്ച രാമൻ പാറുവമ്മയോട് വിവരം തെരക്കാനും അവർ അമ്മയെ കുറ്റപ്പെടുത്തുന്ന മറുപടി കൊടുക്കാനും തന്നെയാണ് ആദ്യം സമയം കണ്ടെത്തിയത്. കുട്ടിയുടെ സാന്നിധ്യം, രസം പിടിച്ച് അമ്മയെ വിമർശിക്കുന്ന തിരക്കിൽ അവർ പാടെ വിസ്മരിച്ചു. കുട്ടിക്ക് ആകെപ്പാടെ ഒന്നും അത്ര പിടിക്കുന്നുണ്ടായിരുന്നില്ല.
അനുജത്തിയുടെ തലയിൽ രാമൻ കൈ കൊണ്ട് പതുക്കെ ഒന്നു തൊട്ടതേയുള്ളൂ, അവൾ വായ് മുഴുക്കെ തുറന്ന് അതിഭയങ്കരമായ ശബ്ദത്തിൽ കരഞ്ഞു തുടങ്ങി. അമ്മ മടീലിരുത്തീട്ടും കൊഞ്ചിച്ചിട്ടും പഞ്ചാര വായിലിട്ടു കൊടുത്തിട്ടുമൊന്നും അവളുടെ കരച്ചിൽ നിന്നില്ല. അവൾക്ക് പേടിയായിട്ടാണെന്നായിരുന്നു ഒടുവിൽ അമ്മയും പാറുവമ്മയും കൂടി തീരുമാനിച്ചത്. അവളുടെ പേടി മാറ്റാൻ അവർ കണ്ടു പിടിച്ച വഴിയായിരുന്നു അതിഭയങ്കരം! പാറുവമ്മ കുട്ടിയെ വാരിയെടുത്ത് മടിയിലിരുത്തി, എന്നിട്ട് അതിവേഗം മുടിപ്പിന്നലുകളഴിച്ചു. കുട്ടിക്ക് കരയാനോ പ്രതിഷേധിക്കാനോ ഇട കിട്ടും മുൻപേ രാമന്റെ മൂർച്ചയേറിയ കത്രിക കുട്ടിയുടെ തലയിൽ ഓടാൻ തുടങ്ങി. അതു കണ്ടിട്ടാവണം സ്വിച്ചിട്ട പോലെ അനുജത്തി കരച്ചിൽ മതിയാക്കി അമ്മേടെ മടീലിരുന്ന് പഞ്ചാര നുണയാനാരംഭിച്ചു. അതിവേഗം ബഹുദൂരം എന്ന് പറയുമ്പോലെ കുട്ടി ചടപടേന്ന് ഒരു മൊട്ടപ്പാറുവായി മാറി. ട്രാജഡി അവിടെയും തീർന്നില്ല. മൊട്ടച്ചേച്ചിയെ കൺകുളിരേ കണ്ട് രസിച്ചിട്ടും അമ്മേടെ മടീലിരുന്ന് പഞ്ചാര തിന്നിട്ടും രാമൻ തലയിൽ തൊട്ടപ്പോൾ അവൾ പഴയതിലും ഉറക്കെ അലറിക്കരഞ്ഞു. അമ്മയും പാറുവമ്മയും രാമനും പഠിച്ച വിദ്യകളെയെല്ലാം അവൾ സ്വന്തം കരച്ചിലു കൊണ്ട് പൊളിച്ചടുക്കി.
വൈകുന്നേരം സ്കൂൾ വിട്ട് വന്ന അമ്മീമ്മ സ്ത്ബ്ധയായി നിന്ന്, കുട്ടിയെ സൂക്ഷിച്ച് നോക്കി. അവർക്ക് അതിയായ സങ്കടം തിങ്ങുന്നുണ്ടെന്ന് കുട്ടിക്ക് മനസ്സിലായി, എങ്കിലും എന്തു ചെയ്യണമെന്നു കുട്ടിക്ക് അറിഞ്ഞില്ല. കുട്ടി കരഞ്ഞാൽ അമ്മക്ക് സങ്കടമാകുമല്ലോ എന്നും കരയാതെ ബലം പിടിച്ച് നിന്നാൽ കുട്ടിയുടെ സങ്കടം ആർക്കുമറിയാനാവില്ലല്ലോ എന്നും കുട്ടി പരിഭ്രമിച്ചു. കുട്ടിയുടെ കൊച്ച് കണ്ണുകളിൽ ഇതെല്ലാം എഴുതപ്പെട്ടിരുന്നു. ‘നീ ഇങ്ങനെ ചെയ്തു കളഞ്ഞല്ലോ‘ എന്നു മാത്രമായിരുന്നു വളരെ നേരത്തെ മൌനത്തിനു ശേഷമുള്ള അമ്മീമ്മയുടെ പ്രതികരണം. അമ്മ സങ്കടപ്പെടുകയും അബദ്ധം പറ്റിയതിൽ വിഷമിക്കുകയും ഒക്കെ ചെയ്തു. അമ്മ അല്ലെങ്കിലും ദുഃഖിതയാണല്ലോ എന്ന സങ്കടം കുട്ടിയെപ്പോലെ അമ്മീമ്മക്കും ഉണ്ടല്ലോ എന്നും കുട്ടി മനസ്സിലാക്കി.
പിന്നെ ദിവസങ്ങൾ പോകെപ്പോകെ കുട്ടിയുടെ തലമുടി വീണ്ടും വളർന്നു, ആദ്യമാദ്യം കുറ്റിമുടിയായി, പതുക്കെ ചീകാറായി, പിന്നെ നിറന്തലയിൽ ഒരു പൊടിപ്പു പോലെ റിബൺ വെച്ച് കെട്ടാറായി. അമ്മ പട്ടണത്തിൽ നിന്ന് വരുമ്പോൾ പല നിറത്തിലുള്ള റിബണുകൾ കൊണ്ടു വന്നു കൊടുത്തു. എന്തു കൊണ്ടോ കുട്ടീടെ അച്ഛന് അവളുടെ തലമുടിയിലൊന്നും ഒരു താല്പര്യവും ഉണ്ടായിരുന്നില്ല. ഇവരെക്കാൾ നല്ല മക്കളും കൂടുതൽ നല്ല ഭാര്യയും തനിക്ക് ലഭിക്കേണ്ടതായിരുന്നുവെന്ന ആത്മാനുതാപത്തിന്റെ വിവിധ ഭാവപ്രകടനങ്ങളിലാണ് അച്ഛൻ എന്നും കഴിഞ്ഞു പോന്നത്. അമ്മയുടെ വയറ്റിലിരുന്നതു ഒരു അനുജത്തി തന്നെയായിരുന്നു. അമ്മയും അച്ഛനും അവളെ മാത്രമാണു ഒപ്പം നിർത്തിയത്. അതുകൊണ്ട് കരച്ചിലുകാരിയും കുട്ടീടെ കൂടെ അമ്മീമ്മക്കൊപ്പം ഗ്രാമത്തിൽ തന്നെ കഴിഞ്ഞു. കുട്ടീടെ മുടി വളർന്ന് വരുന്നതു പോലെ അനുജത്തിക്കുട്ടിയും കരച്ചിലൊക്കെ നിർത്തി വലുതാകുകയായിരുന്നു. അവൾക്കു താഴെ വേറൊരാൾ കൂടി വന്ന സ്ഥിതിക്ക് ഇനി കുഞ്ഞു കളിക്കാൻ പാടില്ലല്ലോ എന്ന് അവളും വേഗം മുതിർന്നു.
കുട്ടി ചന്തമുള്ള റിബണും കെട്ടി റോസാപ്പൂവും ചൂടി സ്കൂളിൽ പോകാൻ തുടങ്ങി. ആർക്ക് സമ്മതമുണ്ടായാലും ഇല്ലെങ്കിലും സമയം അങ്ങനെ പോകുമല്ലൊ. വെട്ടിക്കളഞ്ഞ രോമങ്ങളും നഖങ്ങളും വളരുകയും ചെയ്യും ഏകദേശം പതിന്നാലു വയസ്സാകുമ്പോഴേക്കും കാൽമുട്ടിനൊപ്പം എത്തുന്ന, അഴിച്ചിടുമ്പോൾ കറുത്തിരുണ്ട തിരമാലകളെപ്പോലെ തോന്നിപ്പിക്കുന്ന തലമുടിയുടെ ഉടമസ്ഥയായി മാറി അവൾ. അവളുടെ പുറകിൽ ഞാന്ന് കിടക്കുന്ന മുടിപ്പിന്നൽ നോക്കി ഗ്രാമത്തിലെ കുറുമ്പൻ കുട്ടികൾ അവളെ പടവലങ്ങേ എന്നു നീട്ടി വിളിച്ചു. സ്കൂളിലും കോളേജിലുമെല്ലാം അവൾ തലമുടിയുടെ പേരിലും അറിയപ്പെട്ടു. വണ്ടിൻ പുറം പോലെ മിന്നുന്ന ആ മുടിയിലൊന്നു തലോടിയിട്ടു മരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച സൌന്ദര്യാരാധകരും ധാരാളമുണ്ടായിരുന്നു.
കാൽമുട്ടിനു താഴെക്ക് മുടി വളരുവാൻ അമ്മീമ്മ ഒരിക്കലും അനുവദിച്ചില്ല. സീതക്കും ദ്രൌപതിക്കും മുട്ടിനു താഴെക്ക് നീണ്ട മുടി ദുഃഖം മാത്രമേ നൽകിയുള്ളൂവെന്നായിരുന്നു അവർ അതിനു ന്യായമായി പറഞ്ഞത്. എങ്ങനെ ജീവിക്കുന്നവരായാലും ദുഃഖം വരരുത് എന്നാണല്ലോ ആഗ്രഹിക്കുക. ദുഃഖം പരിചയമുണ്ടല്ലോ എന്നാൽ പിന്നെ വന്നോട്ടെ എന്നാരും വിചാരിക്കാറില്ലല്ലോ. അവളുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഉണ്ടാകരുതെന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നു. മുട്ടിനു കീഴോട്ട് മുടി വളരാൻ വിടാതെയും ഗ്രാമപരിസരങ്ങളിലുള്ള എല്ലാ അമ്പലങ്ങളിലും വഴിപാടുകൾ കഴിച്ചും വാർദ്ധക്യത്താൽ ബലം കുറഞ്ഞു വരുന്ന സ്വന്തം മനസ്സും നട്ടെല്ലും കൊണ്ട് ആകാവുന്നത്ര പട വെട്ടിയും അവർ അവളെയും അനുജത്തിയെയും ഒരു നിധി കാക്കുന്ന ഭൂതത്തിന്റെ ശുഷ്കാന്തിയോടെ പോറ്റിവളർത്തി.
എല്ലാ ഭൂതങ്ങൾക്കും കഴിവുകൾ ഒരു കാലം കുറയുമെന്നാണല്ലോ നമ്മുടെ കഥകൾ പറയുന്നത്. ഇവിടെയും അങ്ങനെ തന്നെ സംഭവിച്ചു. ഒരിക്കലുമൊരിക്കലും പ്രവേശിക്കാൻ പാടില്ലാത്ത ഒരു പുരുഷജീവിതത്തിലേക്ക് മനസ്സ് നിറയെ പ്രേമവും തികഞ്ഞ സമർപ്പണവും പിന്നെ ആ തലമുടിയുമായി അവൾ ചെന്നു ചേർന്നു. സ്വന്തം മൂലധനത്തിന്റെ പ്രസക്തിയില്ലായ്മ വളരെ പെട്ടെന്നു തന്നെ അവൾക്ക് ബോധ്യപ്പെടാൻ തുടങ്ങി. ആ ജീവിതത്തിന്റെ ഭാഷയും വ്യാകരണവും അവളുടെ എല്ലാ ഗ്രഹണശക്തിക്കും അപ്പുറത്തായിരുന്നു. അവളുടെ ആകാശത്തിൽ ദുരന്തങ്ങളുടെ വെള്ളിടി വെട്ടുകയും ഭൂമിയിൽ കണ്ണീരിന്റെ പ്രളയം തേമ്പുകയും ചെയ്തു. പ്രേമമെന്നത് നിന്ദാപമാനത്തിന്റെയും സമർപ്പണമെന്നത് ദുഃഖയാതനകളുടെയും അർഥാന്തരങ്ങളായി മാറി. തലമുടിയിൽ ചുറ്റിപ്പിടിച്ച് കറക്കിയാൽ തോക്കിൻ കുഴലിലൂടെ വിപ്ലവം വരുത്താമെന്നു വിശ്വസിക്കുന്നവർ പോലും നിന്നിടത്ത് നിന്ന് പിടയുമെന്നും നിറുത്താതെ മൂത്രമൊഴിക്കുമെന്നുമുള്ള വെറും സത്യം അവളുടെ മുൻപിൽ കൊടും വേദനയായി തെളിഞ്ഞു . ആ വേദനക്ക് കൂട്ടായി പലപ്പോഴും അവളുടെ വായിലൂടെയും മൂക്കിലൂടെയും ചുടുരക്തമൊഴുകി. മനുഷ്യകുലത്തിന്റെയാകമാനം ചരിത്രമെടുത്ത് പരിശോധിച്ചാൽ മറ്റൊരാളുടെ രക്തമെന്നും പ്രേമത്തിനും ബലിക്കും വിപ്ലവത്തിനും ചുവപ്പ് പകർന്നിട്ടല്ലേയുള്ളൂ, പിന്നെന്താണു സ്ത്രീയെ ഇത്രമാത്രം വേവലാതിപ്പെടാൻ എന്നാണ് പുരോഗമനക്കാർക്കും ഈശ്വരവിശ്വാസികൾക്കും വിപ്ലവകാരികൾക്കും ഒന്നുപോലെ പറയാനുണ്ടായിരുന്നത്. വീട്ടു മൂർത്തികളായ, നന്മ നിറഞ്ഞ മറിയത്തേക്കാൾ നല്ലവരായ പെണ്ണുങ്ങളും, അവരെ ആകമാനം വാഴ്ത്തിപ്പാടുന്ന തികഞ്ഞ പുണ്യവാന്മാരായ ആണുങ്ങളും പറയുന്നതു പോലെ അങ്ങനെ സകല നന്മകളുടേയും കേദാരം മാത്രമല്ല കുടുംബമെന്നും അതിൽ അങ്ങേയറ്റം നിന്ദ്യവും നീചവുമായ ആർത്തിയും കാപട്യവും നിറഞ്ഞ അനവധി പാക്കേജുകളുണ്ടെന്നും, അതുകൊണ്ടു തന്നെ എല്ലാ തിന്മകളുടെയും കൂടി ഇരിപ്പിടമാകുവാൻ കുടുംബത്തിനു സാധിക്കുമെന്നും അവൾ പഠിച്ചു. നിന്ദാപമാനങ്ങളാൽ ഉരുകിത്തീരുന്ന സ്വന്തം ശരീരഭാഗങ്ങളെ അറുത്തെറിയുവാൻ അവൾ വെമ്പൽ കൊണ്ടുവെങ്കിലും ആത്മാവിൽ ആഘാതമായി ഉറച്ച് പോയ ഭയം നിമിത്തം, നഖവും തലമുടിയും പിന്നെ വെണ്ടക്കയും മുരിങ്ങക്കയും മുറിക്കാനുള്ള കഴിവു മാത്രമെ അവൾക്ക് ഉണ്ടായുള്ളൂ. ഭയം ആകാശത്തിന്റെ അതിരോളം വളർന്ന് ഇനി വളരാൻ കഴിയാതെ പൊട്ടിച്ചിതറിയ ഒരു ദിവസം അവളുടെ കലണ്ടറിലുമുണ്ടായി, ഏതു കൊടിച്ചിപ്പട്ടിക്കും ഒരു ദിവസമുണ്ടാകുമെന്ന സുവർണവചനം പോലെ. മുട്ടൊപ്പമായിരുന്ന മുടിയുടെ നീളം ഏകദേശം പകുതിയിലധികമായി കുറഞ്ഞു കാണപ്പെട്ട ആ ദിവസത്തിൽ, അതു മുഴുവൻ ഒന്നിച്ച് വെട്ടിക്കളഞ്ഞ്, മാനം നോക്കി രോമങ്ങളുമായി അവൾ ആ പുരുഷനിൽ നിന്നകലങ്ങളിലേക്ക് നടന്നു പോയി. അന്നു മുതൽ അവൾ പെൺ തലയും അതിന്റേതു മാത്രമായ സൌന്ദര്യശാസ്ത്രവിധികളും വേണ്ടെന്നു തീർച്ചപ്പെടുത്തി. അപ്പോൾ മാത്രമാണ് അവളുടെ അച്ഛന് തിരമാല പോലിരുന്ന തലമുടിയെ ഓർമ്മ വരാൻ തുടങ്ങിയതും അവൾ മാനം നോക്കി രോമക്കാരിയായതു ഒട്ടും ശരിയായില്ലെന്ന് എല്ലാവരോടും പറയാൻ അച്ഛൻ പെടാപ്പാട് പെട്ടതും.
പൊടുന്നനെ ആൺ തല കിട്ടിയപ്പോൾ, പുണ്യജന്മത്തിൽ നിന്ന് അവധി കിട്ടിയ സമയത്തിൽ ആ തലയുമായി ഇരുന്ന അവളുടെ സമീപം അവളൊരാണാണെന്ന് തെറ്റിദ്ധരിച്ച് ചിലപ്പോഴെങ്കിലും ആണുങ്ങൾ വന്നിരുന്നു. പക്ഷെ, അവൾക്ക് ആൺ തല മാത്രമെ ഉള്ളൂ എന്നറിയുമ്പോഴേക്കും അവരൊക്കെ ആസനത്തിൽ തേളു കുത്തിയതു പോലെ ചാടിയെണീറ്റ് സ്ഥലം മാറിപ്പോയി. വെറും ഭീരുവും ശുദ്ധ പാവവുമായ തന്റെ കുറ്റിത്തലമുടി നോക്കി ധീരരും കേമന്മാരുമായ ആണുങ്ങൾ പെട്ടെന്ന് ഞെട്ടുന്നതു അവൾ ബാലിശമായ ഒരു കൌതുകത്തോടെ കണ്ട് രസിച്ചു. തന്റെ മാനം നോക്കി രോമങ്ങളെ ആർക്കും ചുറ്റിപ്പിടിക്കാനാവില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് കാലിപ്പാട്ട കൊട്ടി ഒരു അടിപൊളി പാട്ടു പാടാൻ തോന്നി.
അങ്ങനെ കഴിഞ്ഞു പോകുന്ന കാലത്താണു ഒരു പോലീസുകാരൻ കറുത്തു മെലിഞ്ഞ ഒരു എട്ടു വയസ്സുകാരിയുടെ വിരലോളം പോന്ന തലമുടി ചുറ്റിപ്പിടിച്ച് കുട്ടിയെ തറയിൽ നിന്നുയർത്തി മോഷണക്കുറ്റം തെളിയിക്കുന്ന ചിത്രം അവൾ ഒരു വഴിയോര പ്രദർശനമായി കണ്ടത്. മുൻപൊക്കെ അവൾ പിടയാറുള്ളതു പോലെ ആ കുഞ്ഞും പിടഞ്ഞു കരയുന്നുണ്ടായിരുന്നു. അപ്പോഴാണു നീളം കുറഞ്ഞ രോമമായാലും പിടിച്ച് വലിക്കാൻ ബുദ്ധിമുട്ടില്ലെന്ന് അവൾക്ക് തിരിഞ്ഞത്. താടിയും തലമുടിയും നീട്ടി വളർത്തിയവരും മേലൊക്കെ ധാരാളം രോമമുള്ളവരുമായ ആണുങ്ങളെ കിട്ടിയാൽ പോലീസുകാർക്ക് ഓണക്കളി കളിക്കാമെന്നും അവൾക്ക് പിടി കിട്ടി. പെണ്ണിനെയാവുമ്പോൾ ബലാത്സംഗം ചെയ്തും കൂടി ഓണക്കളി കൊഴുപ്പിക്കാമെന്നേയുള്ളൂ. കാശും കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങണ പോലെയാണു , കൊഴമ്പും എണ്ണേം താളീം തേച്ച് വളർത്തിയെടുക്കണ രോമത്തിന്റെ കാര്യം. സംഗതി ആണുങ്ങളുടെ താടീം തലമുടീം നോക്കിയാൽ ചെല ജാതി മതങ്ങളെയൊക്കെ അറിയാൻ പറ്റുമെങ്കിലും, ആരെങ്കിലും പിടിച്ച് വലിച്ചാൽ എത്ര ധീരനും വീരനും എന്നും പെണ്ണിന്റെ തലമുടി ചുറ്റിപ്പിടിച്ച് കറക്കുന്ന ഏത് എമണ്ടൻ ആണും മുള്ളിപ്പോവില്ലേ ?
കുറ്റിത്തലമുടിയുള്ള ഒരു പെൺ തലയുടെ സംശയങ്ങൾ, ചില്ലറ ചോദ്യങ്ങൾ, പിന്നെ ചില തീരുമാനങ്ങൾ…….. ചില അനാവശ്യ രോമങ്ങളെപ്പോലെ…..
7 comments:
Theevrathayulla oru thirayilakkathode nalla ozhukku. Gambeeram. Athimanoharam!
jeevitham .... !!!
അതെ ചേച്ചിപ്പെണ്ണെ, കഥ പോലെ ഒരു ജീവിതം.
അതെനിക്കിഷ്ടപ്പെട്ടു ആ മുടി പുരാണം. ഇത്ര ഭംഗിയായി എഴുതി. ഏതായാലും ഭക്ഷണത്തില് മുടി കാണുന്നതിനു ഭാര്യയോടു പിണങ്ങുന്നവരുടെ കൂട്ടത്തില് നിന്ന് ഞാന് ഒഴിഞ്ഞു മാറുന്നു.
ക്ഷമിക്കണം വലിയ പോസ്റ്റ് ആയ കാരണം അവിടെയും ഇവിടെയും വായിച്ചു. മുടി പുരാണം അല്ലെ. അടുത്തതിലേക്ക് പോയി നോക്കാതെ. (ഇത് വഴിപാടോന്നുമല്ല കേട്ടോ)
ഹോ ഒരു കേശഭാരം പോസ്റ്റ്
രോമ പുരാണം ..ചിരിയും ചിന്തയും ഒന്നിച്ചു
സമ്മാനിച്ചു..എച്ച്മുവിനു നര്മവും നന്നായി വഴങ്ങും കേട്ടോ..ആശസകള്...
ഓരോ പോസ്റ്റും വായിക്കുമ്പോ ഓരോ രഹസ്യം ചുരുളഴിയുന്നതുപോലെ.. അപ്പൊ അതാണോ ഈ മുടിയുടെ രഹസ്യം.. പേരിലും പ്രഭാവത്തിലുമെല്ലാം സിംബോളിസം ഉണ്ടല്ലേ...
Post a Comment