കൊച്ചൂട്ടിയുടെ പലചരക്ക് കടക്ക് മുൻപിൽ ബസ്സ് കാത്തു നിൽക്കുകയായിരുന്നു വെച്ചൂരെ ശ്രീദേവി. രാവിലെ ഏഴരമണിക്കുള്ള ബസ്സ് പിടിച്ച് വേണം ശ്രീദേവിക്ക് നഗരത്തിലുള്ള പാരലൽ കോളേജിലെത്താൻ. അവൾ അവിടെ ബി.എ ക്ക് പഠിക്കുകയാണ്. പഠിക്കാനത്ര ആഗ്രഹമൊന്നും ഉണ്ടായിട്ടല്ല. പക്ഷെ വെറുതെ വീട്ടിലിരിക്കുന്ന ബോറടി ഒഴിവാക്കാമല്ലോ, കാലത്തെ യൂണിഫോം ധരിച്ച് പോവുകയുമാവാം. കന്യാസ്ത്രീകൾ നടത്തുന്ന കോളേജിൽ ഈ ഒരു കാര്യമേ അവൾക്കിഷ്ടപ്പെടാതെയുള്ളൂ , അതവരുടെ യൂണിഫോം ധരിപ്പിക്കലാണ്. ഇത്ര നല്ല പ്രായത്തിൽ ഇങ്ങനെ പ്ലെയിൻ നിറങ്ങളിലുള്ള പാവാടയും ബ്ലൌസും ഇട്ട്, ഒരു മേക്കപ്പും ചെയ്യാതെ , നിരാഭരണരായി പിള്ളേരെ കോളേജിൽ വരാൻ നിർബന്ധിക്കണത് അവരുടെ തനിക്കുശുമ്പാണെന്നാണ് അവൾക്ക് തോന്നീട്ടുള്ളത്. ശ്രീദേവിക്കങ്ങനെയൊക്കെ തോന്നാം, വെളുത്ത നിറവും ചുരുണ്ട തലമുടിയും അവയവ ഭംഗി തികഞ്ഞ ദേഹവുമുള്ള അവളെപ്പോലെയാണോ കരിഞ്ഞുണങ്ങിയ ദേഹവും എലിവാലു പോലത്തെ തലമുടിയുമുള്ള ഭൂരിഭാഗം കുട്ടികൾ? നല്ല കുപ്പായോം ആഭരണോം ഒന്നും ചാർത്തീല്ലെങ്കിലും ശ്രീദേവിയെപ്പോലെയുള്ളവരെ കാണുമ്പോൾ ആ കുട്ടികൾക്ക് നന്നെ വിഷമം തോന്നും. കന്യാസ്ത്രീകൾക്ക് എല്ലാവരെയും പഠിപ്പിക്കേണ്ടേ? പിന്നെ വെച്ചൂരെ വീട്ടിലെ പെണ്ണ്, അതും ഒരു വലിയ കേമത്തം തന്നെ. പണ്ട് ധനസ്ഥിതി കുറച്ച് മോശമായിരുന്നെങ്കിലും ശ്രീദേവിയുടെ അച്ഛന്റെ പ്രയത്നം കൊണ്ട് ഇപ്പോൾ ഒക്കെ ഒരുവിധം ഭംഗിയായിട്ട് കഴിഞ്ഞു പോകുന്നുണ്ട്. ഗോപാലൻ നായർക്ക് ശ്രീദേവിയെ കേമമായി പഠിപ്പിക്കണമെന്ന് ആശയുണ്ടായിരുന്നു. അതിനു ശ്രീദേവിക്ക് വായിക്കണതു വല്ലതും തലയിൽ കേറേണ്ടേ? സത്യം പറയാലോ , ഗോപാലൻ നായരെ പേടിച്ചിട്ടും ബസ്സിലൊക്കെ കയറി പട്ടണത്തിൽ പോകാനുള്ള ആഗ്രഹം കൊണ്ടും മാത്രമാണ് ശ്രീദേവി കോളേജിൽ പോകുന്നത്.
അവൾ പഠിച്ച് ജോലിക്ക് പോയി സമ്പാദിച്ചിട്ട് വേണ്ട തറവാട് കഴിയാൻ എന്ന് ഗോപാലൻ നായർ ഇടക്കിടക്ക് വീമ്പ് പറയാറുണ്ട്, ഈയിടെയായി പറച്ചിലിന് ഊക്ക് കൂടിവരികയുമാണ്. ശ്രീദേവിയെ വേഗം തന്നെ കല്യാണം കഴിപ്പിച്ചേക്കുമെന്ന് വിശാലുവമ്മയും – ശ്രീദേവിയുടെ അമ്മ – പറയാൻ തുടങ്ങിയതോടെ നല്ലൊരു കല്യാണസദ്യയും കാത്തിരുപ്പായി നാട്ടുകാരുമെന്നു പറഞ്ഞാൽ മതിയല്ലോ. അതുകൊണ്ടാണ് ഞായറാഴ്ച ശ്രീദേവിയെ പെണ്ണ് കാണാൻ ഒരു ചെക്കൻ വന്ന വിവരം നാട്ടിലെല്ലാവരും വേഗം അറിഞ്ഞത്. കേട്ടവർ കേൾക്കാത്തവരോടും കണ്ടവർ കാണാത്തവരോടും മണത്തവർ മണക്കാത്തവരോടും പറഞ്ഞു. അപ്പോഴതാ, തിങ്കളാഴ്ച രാവിലെ, ശ്രീദേവി ഒന്നും സംഭവിക്കാത്തതു പോലെ കോളേജിൽ പോവാൻ ബസ്സ് കാത്ത് നിൽക്കുന്നു. കൊച്ചൂട്ടിക്ക് വിവരങ്ങളറിയാതെ ശ്വാസം മുട്ടുകയായിരുന്നു. അതുകൊണ്ട് ചുറ്റിവളക്കാനൊന്നും നിൽക്കാതെ നേരെയങ്ങോട്ട് കാര്യമന്വേഷിച്ചു.
“കുട്യേ കാണാൻ ന്നലെ ആളോള് വന്നിരുന്നൂന്ന് ആരോ പറഞ്ഞേയ്, ഞായീ പീടികേലിരിക്കണ കാരണം ഇങ്ങനെ ഓരോരുത്തരോരോന്ന് പറേണത് കേക്കും, അതോണ്ട് ചോയിക്യേ,“
“ഉവ്വെന്റെ കൊച്ചൂട്യേമേ, ചെക്കനും അച്ഛനും അമ്മേം അമ്മാമനും അമ്മായീം ഒക്കെയായിട്ട് നല്ല ആളുണ്ടായിരുന്നു. ഉഴുന്നു വടേം മിച്ചറും ഉപ്പുമാവും പഴംനുറുക്കും ഒക്കെ നല്ലോണം ചെലുത്തേം ചെയ്തു, പിന്നെ ചായേം അസ്സലായിട്ട് കുടിച്ചു.“
ശ്രീദേവിയുടെ സ്വരത്തിൽ പരിഹാസമാണോ അതോ വെറും കൌതുകമാണോ എന്ന് കൊച്ചൂട്ടിക്ക് മനസ്സിലായില്ല.
“അതിപ്പോ വെച്ചൂരേ വീട്ട്ല് വന്നാ തിന്നാനെന്താ കൊറവ് എന്റെ മോളേ, വിശാലു അമ്മേടേ കൈപ്പുണ്യം നിക്കറീയില്ലേ, എന്നിട്ട് ചെക്കൻ എങ്ങനെണ്ട്? കുട്ടി നല്ലോണം പോലെ നോക്കിയോ?“
‘അത്ര അധികൊന്നും നോക്കീല്യ,‘ ശ്രീദേവി ഒരു സുഖവുമില്ലാത്ത ഒച്ചയിൽ മെല്ലെ പറഞ്ഞു.
“അതിപ്പോ നല്ല തറവാട്ടീപ്പെറന്ന പെൺകുട്യോള് അങ്ങനെ ആണങ്ങള്ടെ മോത്തോക്കി ഇരിക്ക് ല്യാ. ഞീം ധാരാളം സമേണ്ടല്ലോ അപ്പോ വയറ് നെറച്ചും കാണ്ണാം. ചെക്കൻ എന്താ പറഞ്ഞേ, എന്നത്തേക്ക്ണ്ടാവും പൊടമുറി?“
‘പൊടമുറീം കൊടമുറീം ഒന്നൂല്യാ, അയാൾക്ക് എന്നെ പിടിച്ച്ല്യാത്രേ‘ ശ്രീദേവി താഴോട്ട് നോക്കിക്കൊണ്ട് പിറുപിറുത്തു. എത്ര ശ്രമിച്ചിട്ടും അത് പറയുമ്പോൾ അവളുടെ ശബ്ദം ചിലമ്പിച്ചു.
കൊച്ചൂട്ടിക്കത് അവിശ്വസനീയമായിരുന്നു. ശ്രീദേവിയെ വേണ്ടെ ചെക്കന്? പിന്നെ ഏത് സുന്ദരിക്കോതയെ ആണവനു വേണ്ടത്? ഈ ആണുങ്ങളുടെ ഒരു കാര്യം, പെണ്ണിന് എന്തൊക്കെയുണ്ടായാലും അതൊന്നുമല്ലാത്ത വേറേ എന്തോ ഒരു സാധനമാണവർക്ക് വേണ്ടത്. എന്നിട്ട് ജീവിതകാലം മുഴുവൻ കിട്ടാത്ത ആ സാധനം തേടിനടന്നിട്ട് കൈയിൽ കിട്ടിയ നൂറ് സാധനവും അവരു കാണാണ്ട് പോകും, അങ്ങനെ കിട്ടിയതെല്ലാം തട്ടിക്കളയും. ഒടുവിലൊന്നും ബാക്കിയുണ്ടാവില്ല. അപ്പോ പെണ്ണിനെ കരേപ്പിച്ചും പിള്ളേരെ വെഷമിപ്പിച്ചും ഇടക്ക് സ്വയം കരഞ്ഞും ജന്മങ്ങ് ഒടുങ്ങും.
“അതിപ്പൊ, എന്തായാള് അങ്ങനെ പറയാൻ? അയാള് നിന്നെ ശരിക്ക് കണ്ടില്ലേ?“
‘എനിക്ക് എങ്ങനെയാ അറിയ്യാ ന്റെ കൊച്ചുട്യേമേ? ചെലപ്പൊ അയാൾടെ കണ്ണില് മത്ത കുത്തീട്ട്ണ്ടാവും. അല്ലാണ്ട് എനിക്കെന്താ ഒരു കൊറവ്? തലമുടീല്ല്യേ, വെളുത്ത നെറല്ല്യേ, പഠിപ്പ്ല്ല്യേ, പിന്നെ കാശ് എത്ര വേണച്ചാലും അച്ഛൻ കൊടുക്കൂലോ.‘ ശ്രീദേവി തന്റെ അഴകാർന്ന മുടിപ്പിന്നൽ അരുമയോടെ എടുത്ത് മാറത്തേക്കിട്ടു കൊണ്ട് ഒന്ന് ഞെളിഞ്ഞു.
കൊച്ചൂട്ടിക്ക് വലിയ വിഷമം തോന്നി, എന്നാലും ആ ചെക്കൻ അങ്ങനെ പറഞ്ഞു കളഞ്ഞല്ലോ. വെച്ചൂരെ വീട്ടിനു തന്നെ ഒരു നാണക്കേടായി.
“ഒരു നാണക്കേടായീലോ മോളെ, പോട്ടെ സാരല്യാ. ഗോപാലൻ നായര് വേറെ നല്ല ചെക്കനെ കൊണ്ടരും. ഈ നാണക്കേട് മോളങ്ങട്ട് മറന്ന് കള.“
എന്തുകൊണ്ടോ ശ്രീദേവിയുടെ മറുപടി വളരെ ശാന്തമായിരുന്നു.
“എനിക്കെന്ത് നാണക്കേടാ ന്റെ കൊച്ചൂട്ട്യേമേ, അയാൾക്കല്ലേ നാണക്കേട് ? പരിചയൊന്നൂല്യാത്ത ഒരു വീട്ടിൽ വരാ, നല്ലോണം ചായേം പലഹാരോം തട്ടാ, എന്ന്ട്ട് അവടത്തെ പെൺകുട്യേ പിടിച്ച്ല്യാന്ന് പറഞ്ഞ് പൂവ്വാ. നാണള്ളോര് ഇങ്ങനെ കാണീക്കോ?“
കൊച്ചൂട്ടിക്ക് ഒന്നും പറയാൻ സമയം കിട്ടിയില്ല. അപ്പോഴേക്കും ബസ്സ് വന്നു.
7 comments:
ee malayaalam lipi oru rakshem illalo!
hi hi rasondu, gopalan nairkku pattathi perulla oru bharya!
sathyam......
അതേ അത് തന്നെയാ അതിന് പറയേണ്ടത്.
ഒരു നാണവും മാനവും ഇല്ലാത്ത മനുഷ്യന്.
ഹി ഹി.
കിട്ടാത്ത മുന്തിരി കുറുക്കന് എന്നും പുളിച്ചിട്ടെ ഉള്ളൂ.
ഇനി ഞാനായിട്ട് വേറെ ഒന്നും പറയുന്നില്ല.
വെറുതെ വായനക്കാരെ ആലോചിപ്പിച്ച് കാട് കയറ്റാന്...ഇനിയിപ്പോ അയാള് ശ്രീദേവിയെ വേണ്ടാന്ന് പറഞ്ഞതിന്റെ കാരണം എന്താവ് വോ? അറിയാണ്ട് ഒറക്കം വരൂലാ..
ഞാന് ഒരുഉട്ടം പറയാം . .. അല്ലെ വേണ്ട , പിന്നെ പറയാം
മനുഷ്യസഹചമായ ആകാംക്ഷയുടെ മുനയില് നിര്തുന്നതിനെന്തിനു ... ?
ഈ ആണുങ്ങളുടെ ഒരു കാര്യം, പെണ്ണിന് എന്തൊക്കെയുണ്ടായാലും അതൊന്നുമല്ലാത്ത വേറേ എന്തോ ഒരു സാധനമാണവർക്ക് വേണ്ടത്. എന്നിട്ട് ജീവിതകാലം മുഴുവൻ കിട്ടാത്ത ആ സാധനം തേടിനടന്നിട്ട് കൈയിൽ കിട്ടിയ നൂറ് സാധനവും അവരു കാണാണ്ട് പോകും, അങ്ങനെ കിട്ടിയതെല്ലാം തട്ടിക്കളയും. നന്നായി പറഞ്ഞു..
Post a Comment