അമ്മീമ്മയുടെ അപ്പാ അവർക്ക് വാങ്ങി കൊടുത്ത വീടിനും പറമ്പിനും അവർ, തന്റെ അനുജത്തിയുടെ മകളുടെ പേർക്ക് വില്പത്രം എഴുതി തന്റെ മരണശേഷമുള്ള പൂർണാവകാശം നൽകിയിരുന്നു. പന്ത്രണ്ടു വയസ്സിൽ ഒരു മുപ്പത്കാരനെ രക്ഷിതാക്കളുടേയും വാധ്യാരുടേയും പരിപൂർണ സമ്മതത്തോടെ, തമിഴ് ബ്രാഹ്മണാചാരപ്രകാരമുള്ള എല്ലാ പൂജാവിധികളും നിർവഹിച്ച് ഭർത്താവായി സ്വീകരിച്ചിട്ടും, വെറും നാലു ദിവസത്തിൽ ആ മഹാ ബ്രാഹ്മണനാൽ ഉപേക്ഷിക്കപ്പെടുവാൻ ഇടവന്ന ഒരു സ്ത്രീയായിരുന്നു അവർ. തികഞ്ഞ അഭിമാനിയായ അവർ സ്വന്തം ജീവിതത്തിലേക്ക് മറ്റൊരു പുരുഷനേയും പിന്നീട് പ്രവേശിപ്പിച്ചതുമില്ല. ഒരു സ്ത്രീ ജീവിതത്തിന്റെ പരമോന്നത പദവിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള മാതാവ് എന്ന സ്ഥാനം ആ അർഥത്തിൽ അവർക്കുണ്ടായില്ല. മാനസികമായി അമ്മയുടെ വാത്സല്യവും ചുമതലാബോധവുമുണ്ടാകാൻ പുരുഷസാമീപ്യം ആവശ്യവുമില്ലല്ലോ. ഏഴരപ്പതിറ്റാണ്ട് നീണ്ട ആ ജീവിതത്തിന്റെ സദാചാരധർമനിഷ്ഠകൾ വെൺപട്ടു പോലെ ശുഭ്രസുന്ദരവും തിളക്കമാർന്നതുമായിരുന്നു. വില്പത്രം എഴുതി നിയമപ്രകാരം രജിസ്റ്റർ ചെയ്ത്, അനവധി വർഷങ്ങൾ കഴിഞ്ഞാണ് അവർ മരിച്ച് പോയത്. അതെഴുതുമ്പോൾ അവരുടെ അനുജത്തിയുടെ മകൾക്ക് വിവാഹപ്രായമാകുന്നതേയുണ്ടായിരുന്നുള്ളൂ, അതു കഴിഞ്ഞ് ഏറെ വർഷങ്ങൾക്ക് ശേഷമാണ് ആ മകൾ വിവാഹിതയായത്.
അമ്മീമ്മ മരിച്ച് കഴിഞ്ഞപ്പോൾ സ്വാഭാവികമായി ആ വീടിനും പറമ്പിനും ഉടമസ്ഥയായി മാറിയ അനുജത്തിയുടെ മകൾ പഞ്ചായത്ത് ഓഫീസിൽ കെട്ടിട നികുതി അടയ്ക്കുവാൻ പോയി. പുതിയ ഉടമസ്ഥ എന്ന നിലയിൽ വേണ്ടപ്പെട്ട കടലാസ്സുകൾ ഒക്കെ അധികാരികളെ കാണിച്ച് ബോധ്യപ്പെടുത്തി.വില്ലേജ് ഓഫീസിലെ പറമ്പ് നികുതിയുടെ പുതിയ രശീതിയും വിൽപ്പത്രവും ഉൾപ്പടെ മുഴുവൻ രേഖകളും പരിശോധിച്ച ശേഷമാണ് പുതിയ ഉടമസ്ഥ ആ ആവശ്യത്തിലേക്ക് ഒരപേക്ഷ എഴുതി കൊടുക്കണമെന്ന് അധികാരികൾ ഉത്തരവായത്. അപേക്ഷയിൽ ഭർത്താവിന്റെ പേരും കൂടി വെക്കണമെന്നായിരുന്നു അവരുടെ നിർബന്ധം. ആ പേരു കിട്ടേണ്ട താമസമേ ഉണ്ടായുള്ളൂ കെട്ടിട നികുതി രശീതിയിൽ അദ്ദേഹത്തിന്റെ നാമം എഴുതപ്പെടാൻ !!!! സായിപ്പിന്റെ രീതികളൊക്കെ മഹാ മോശമാണെന്നാണ് ഭാരതീയ സംസ്ക്കാരം പഠിപ്പിക്കുന്നതെങ്കിലും ഭാര്യയുടെ പേരിനൊപ്പം ഭർത്താവിന്റെ പേരും കൂട്ടി എഴുതുന്ന പരിഷ്ക്കാരം ആർക്കും ഒട്ടും മോശമായി തോന്നിയിട്ടില്ല. അതനുസരിച്ച് രശീതിയും പഞ്ചായത്ത് അസസ്സ്മെന്റ് രജിസ്റ്ററും തയാറാക്കി. നമ്മുടെ പേരിൽ നമ്മൾ പറയാതെ കൂട്ടിച്ചേർക്കലുകൾ നടത്താൻ ഏതെങ്കിലും ഒരു സർക്കാർ ഉദ്യോഗസ്ഥനു അധികാരമുണ്ടോ? ഈ ഗുലുമാല് നമ്മൾ പെണ്ണുങ്ങൾക്ക് മാത്രം സ്വന്തമാണ്. താടിമീശക്കാരനോട് ഏതെങ്കിലും അപേക്ഷാഫോറത്തിൽ ഭാര്യയുടെ പേരു വെക്കാൻ ഇന്നത്തേ തീയതി വരെ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ? ഓ പോട്ടെ പറയാതെ തന്നെ അദ്ദേഹമങ്ങ് വെച്ചാൽ പോലും ഇങ്ങനെ രശീതികളിൽ അദ്ദേഹത്തിന്റെ പേരിനൊപ്പം ഭാര്യയുടെ പേരു പതിച്ച് തരുമോ? ലക്ഷ്മിയുടെ പൂർവികമായി കിട്ടിയ സ്വത്തിനടച്ച നികുതി രശീതിയിൽ ലക്ഷ്മി വിഷ്ണു എന്ന് പതിച്ച് തരും, അല്ലെങ്കിൽ ലക്ഷ്മി, വിഷ്ണുവിന്റെ ഭാര്യ എന്ന് പതിച്ച് തരും. വിഷ്ണുവിന്റെയാണു സ്വത്തെങ്കിൽ വിഷ്ണു ലക്ഷ്മി എന്നോ വിഷ്ണു, ലക്ഷ്മിയുടെ ഭർത്താവ് എന്നൊ ഈ ജന്മത്തിലോ വരുന്ന മൂന്നാലു ജന്മങ്ങളിലോ പതിച്ച് തരില്ല. രശീതി തിരുത്തി തരുവാൻ പഞ്ചായത്തിലെ അധികാരികൾ വൈമനസ്യം പ്രകടിപ്പിച്ചു. പലർക്കും രോഷമുണ്ടായി, ഭർത്താവിന്റെ പേരു അതിൽ വെച്ചാൽ ഒരു പ്രശ്നവും ഇല്ലെന്നും സാധാരണ അതാണ് നാട്ടു നടപ്പെന്നും അവർ പറഞ്ഞു മനസ്സിലാക്കാൻ നോക്കി. എല്ലാ ലക്ഷ്മിമാരെയും പോലെ ഈ ലക്ഷ്മിക്കും അവരോട് ശാഠ്യം പിടിച്ച് സ്വന്തം നിലപാട് അംഗീകരിപ്പിക്കാൻ അന്ന് സാധിക്കാതെ പോയി.
കാര്യങ്ങൾ അവിടം കൊണ്ട് തീർന്നില്ല.
വീണ്ടും ശരിയായ പേരു പതിച്ച് തരണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് ഓഫീസിൽ ചെന്നപ്പോഴല്ലേ ഭാര്യയുടെ പേരിൽ ഭൂമിയും വീടും ഉണ്ടാകുന്ന അവസ്ഥ എത്ര മേൽ അസാധാരണവും അസംഭവ്യവുമാണെന്ന് ഈ ലക്ഷ്മിക്കും മനസ്സിലാക്കേണ്ടി വന്നത്. ഭർത്താവിന്റെ പേരിലുള്ള വീട് അദ്ദേഹം അറിയാതെ സ്വന്തം പേരിലേക്ക് മാറ്റുകയാണോ എന്നതായിരുന്നു അവരുടെ പ്രധാന സംശയം. ഭാര്യയ്ക്ക് മാത്രമായിട്ട് വീടും പറമ്പും എങ്ങനെ കിട്ടുമെന്നതായിരുന്നു അടുത്ത സംശയം. സ്ത്രീധനമായിട്ട് കൊടുത്തതാണെങ്കിൽ ഭർത്താവിനല്ലേ കൊടുക്കേണ്ടത്, അതിൽ പിന്നെ ഭാര്യയുടെ പേരെങ്ങനെ വരാനാണ്? പെണ്ണുങ്ങളുടെ പേരിൽ മാത്രമായിട്ട് അങ്ങനെ ഭൂമിയും വീടും ഒന്നും സാധാരണ പതിവില്ലാത്ത കാര്യങ്ങളാണ്. നമ്മുടെ പേരിൽ ഭൂമിയും വീടും ഉണ്ടായിപ്പോയതിനു ഒരു മോഷ്ടാവിനോടെന്ന പോലെ അധികാരികൾ സംശയവും അപമാനവും നിന്ദയും ചൊരിയുന്ന ക്രൌര്യം നമ്മൾ പെണ്ണുങ്ങൾക്ക് മാത്രം അവകാശപ്പെട്ടതായിരിക്കും. പഞ്ചായത്ത് ഓഫീസിലെ ആധികാരികവും ബഹു കണിശവുമായ രജിസ്റ്റർ പ്രകാരം വീടും പറമ്പും ലക്ഷ്മി വിഷ്ണുവിന്റെയാണ്. അതിൽ നിന്ന് വിഷ്ണുവിന്റെ പേരു മാറ്റാൻ നിർവാഹമില്ല. പിന്നെ വില്ലേജാഫീസിൽ നിന്ന് കൈവശാവകാശ സർട്ടിഫിക്കറ്റ് കൊണ്ടു വന്നാൽ, ലക്ഷ്മിക്ക് മാത്രം അവകാശം സിദ്ധിക്കുന്ന വിൽപ്പത്രം കൊണ്ടു വന്നാൽ, മരിച്ച വല്യമ്മയുടെ മരണ സർട്ടിഫിക്കറ്റ് കൊണ്ടു വന്നാൽ, പിന്നെ തിരുത്തിത്തരാനുള്ള അപേക്ഷ എഴുതി നേരത്തെ പറഞ്ഞ രേഖകളുടെയെല്ലാം ഫോട്ടോസ്റ്റാറ്റ് കോപ്പി സഹിതം അപേക്ഷിച്ചാൽ വിശദ പരിശോധനകൾക്കു ശേഷം പഞ്ചായത്തധികാരികൾ ഉചിതമായ തീരുമാനത്തിലെത്തുന്നതാണ്.
വില്ലേജ് ഓഫീസിലുള്ളവർക്കും ഭർത്താവിന്റെ പേര് രശീതിയിലുണ്ടാവുന്നത് നല്ലതല്ലേ ഒരുറപ്പല്ലേ എന്ന അഭിപ്രായം തന്നെ ആയിരുന്നു. വേറെയൊരു വിലപ്പെട്ട സംശയവും അവർ രേഖപ്പെടുത്തി. ഒരു സ്ത്രീയായ അമ്മീമ്മയല്ലല്ലോ പുരുഷനായ അവരുടെ ഭർത്താവല്ലേ വിൽപ്പത്രം എഴുതേണ്ടത്? സ്ത്രീക്ക് ചെയ്യാവുന്ന പണിയാണോ അത്? എങ്കിലും അവിടത്തെ രജിസ്റ്റർ പ്രകാരം ഭൂമി ലക്ഷ്മിയുടെ പേരിലായിരുന്നതു കൊണ്ട് വിൽപ്പത്രവും മറ്റ് രേഖകളും പരിശോധിച്ച് ഒത്ത് നോക്കി അവർ കൈവശാവകാശ സർട്ടിഫിക്കറ്റ് അവൾക്ക് കൊടുത്തു. അങ്ങനെ എല്ലാ രേഖകളും കിട്ടി, പരിശോധിച്ച്, നോക്കി ബോധ്യപ്പെട്ട ശേഷം ബഹുമാനപ്പെട്ട പഞ്ചായത്ത് സദയം അവരുടെ പുതിയ രശീതിയിലും രജിസ്റ്ററിലും ലക്ഷ്മി എന്നെഴുതാമെന്നു സമ്മതിച്ചു. ഭർത്താവിന്റെ സ്വത്ത് അദ്ദേഹമറിയാതെ സ്വന്തം പേരിലാക്കി മാറ്റുകയാണോ എന്നു സംശയം പ്രകടിപ്പിച്ച അധികാരികളിൽ ആർക്കും തന്നെ ഏകാകിനിയായ ഒരു വയസ്സിയുടെ സ്വത്ത് സ്വന്തം പേരിലാക്കുകയാണോ എന്ന് ചോദിക്കാൻ തോന്നിയില്ല, വെറുതെയെങ്കിലും. സ്വത്തും പണവും അധികാരവും അവകാശങ്ങളും ആണിനു മാത്രമെ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം.
പെണ്ണുങ്ങൾ അങ്ങനെ സ്വന്തം പേരിൽ മാത്രമായിട്ട് ഭൂമിയും വീടും സാധാരണയായി രേഖപ്പെടുത്താറില്ലത്രെ!!! ഈ അതിശയം അവർക്ക് താങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല. ഇങ്ങനെയും ഒരു ലക്ഷ്മിയോ, വിഷ്ണുവിന്റെ പേരു വേണ്ടാത്തവൾ…
ഇന്ത്യയിൽ കഴിഞ്ഞ ഒൻപത് വർഷത്തിനുള്ളിൽ ഒന്നര ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തിട്ടുണ്ട്. ഓരോ അരമണിക്കൂറിലും ഒരു ആത്മഹത്യ, ഇതിൽ കർഷകരുടെ കോളത്തിൽ ഒരു പെണ്ണ് പെടുകയില്ല, കാരണം അവൾക്ക്, പെണ്ണിന് സ്വന്തം പേരിൽ ഭൂമിയില്ല.
ലോകമാകമാനമുള്ള സ്വകാര്യഭൂമിയിൽ പെണ്ണിന്റെ ഉടമസ്ഥത വെറും ഒരു ശതമാനമാണ്, ഒരേയൊരു ശതമാനം.
ജീവിതത്തിന്റെ സമസ്തമേഖലകളിലും ഒരു പെണ്ണിനു കിട്ടുന്ന പരിഗണന മാത്രമെ പുരുഷന്മാർക്ക് ലഭ്യമാകൂ എന്നൊരവസ്ഥയെക്കുറിച്ച് ദുഃസ്വപ്നം കാണാനുള്ള ധൈര്യം പോലും ആണുങ്ങൾക്കുണ്ടാവില്ല.
താടിമീശയുടെ ഗർവ്വം അവസാനിക്കാത്ത സൌജന്യങ്ങളിൽ അധിഷ്ഠിതമാകുന്നു.
7 comments:
Nattunadappukal, vividha reethikalil ariyunnu. Nannayirikkunnu.
ഓരോരുത്തരുടേയും പേരു് അവരുടേതു് മാത്രമാണു്, ആകണം. അതിനു വാലായിട്ടു് അച്ഛനോ ഭർത്താവോ അപ്പൂപ്പനോ ഒന്നും വേണമെന്നില്ല.
സ്വന്തം കാര്യത്തിൽ നടപ്പിലാക്കാൻ കഴിഞ്ഞില്ലെങ്കിലും കൂടെയുള്ളവരുടെ (ഭാര്യയുടേയും മകളുടേയും) പേരുകളെങ്കിലും അത്തരത്തിൽ സ്വതന്ത്രമാക്കി നിലനിർത്താൻ വർഷങ്ങളായി ക്ലേശരഹിതമായ യുദ്ധം ചെയ്തുകൊണ്ടിരിക്കയാണു് ഞാൻ. എംബസ്സികളിലും സർക്കാർ ഓഫീസുകളിലും എന്തിനു് വാക്സിനേഷൻ എടുക്കാൻ പോവുന്ന ആശുപത്രികളിൽ പോലും മകളുടെ പേരിനു് അച്ഛന്റെ വാലു വേണമത്രേ.
“അച്ഛന്റെ പേരു് അച്ഛന്റെയാണു്. അതിനൊരു കോളമുണ്ടെങ്കിൽ അവിടെ എഴുതാം. അല്ലാതെ മകളുടെ പേരായി എഴുതാൻ പറ്റില്ല. അങ്ങനെ ഒരു നിർബന്ധമുണ്ടെങ്കിൽ പാസ്പോർട്ട്/സർട്ടിഫിക്കറ്റു്/വാക്സിനേഷൻ തരാൻ പറ്റില്ലെന്നു എഴുതിത്തന്നോളൂ.” - എന്ന വാശിയ്ക്കുമുൻപിൽ അവർക്കൊക്കെ മുട്ടുമടക്കേണ്ടിവന്നു. ഏറെ കഷ്ടനഷ്ടങ്ങളുണ്ടായെങ്കിലും.
“എന്താപ്പോ ഒരു പേരിലിത്തറ പെരുംകാര്യം?” എന്നേ സാധാരണക്കാരൊക്കെ ചോദിക്കൂ. അവർക്കതു മനസ്സിലാവില്ല. പെണ്ണിനെ കന്നുപൊലെ കയറിൽ കെട്ടിയിടുന്നതിന്റെ ആദ്യത്തെ കുരുക്കാണു് ഈ പേരു്.
പേരിനെക്കുറിച്ച് നല്ലൊരു ചർച്ച മുൻപ് ബൂലോഗത്തു നടന്നിട്ടുണ്ട്: ഇതു നോക്കൂ...
:)
ചില കാര്യങ്ങള്‍ വായിക്കുമ്പോള്‍ എച്മി തികഞ്ഞ സ്ത്രീ പക്ഷമായി പോവുന്നില്ലേ എന്ന് തോന്നുന്നു.
ഭാര്യയുടെ പേരില്‍ സ്വതുണ്ടാകുന്നതിനു എതിര്‍പോന്നുമില്ല, ഭര്‍ത്താവിന്റെ പേര് വെക്കണം എന്ന് നിര്‍ബന്ധമില്ല താനും.
പക്ഷെ എഴുത്തിലുടനീളം അങ്ങിനെ തോന്നി.
പിതാ രക്ഷതി കൌമാരേ...
" ലോകമാകമാനമുള്ള സ്വകാര്യഭൂമിയിൽ പെണ്ണിന്റെ ഉടമസ്ഥത വെറും ഒരു ശതമാനമാണ്, ഒരേയൊരു ശതമാനം. "
ഞെട്ടല്‍ ..... !!! പുരുഷ കേന്ത്രീകിത സമൂഹത്തിന്റെ നേര്‍കാഴ്ച . . . .
" താടിമീശയുടെ ഗർവ്വം അവസാനിക്കാത്ത സൌജന്യങ്ങളിൽ അധിഷ്ഠിതമാകുന്നു. "
വിശ്വപ്രഭ പറയുന്ന അഭിപ്രായത്തോട് യോചിക്കുന്നു . താങ്കളുടെ ശ്രമങ്ങള്‍ക് ആശംസകള്‍ .
വിവാഹം കഴിഞ്ഞാൽ പേര് മാറ്റുന്നതിനോട് താല്പര്യമില്ലായിരുന്നു എങ്കിലും ഇത്രയൊന്നും ആലോചിച്ചില്ല...
Post a Comment