Thursday, August 13, 2009

കർക്കടകം…രാമായണം…..വാവ്

ഒരുപാട് ചീത്തപ്പേരു കേട്ടിട്ടുള്ള ഒരു തല്ലിപ്പൊളി മാസമാണ് കർക്കടകം.
കള്ളക്കർക്കടകം, പഞ്ഞകർക്കടകം, പഷ്ണികർക്കടകം അങ്ങനെയങ്ങനെ പല പേരുകൾ.
പട്ടിണി കിടന്ന് പൊറുതി മുട്ടിയ പാവം ജനത്തിന് പ്രാകാനല്ലേ കഴിയുമായിരുന്നുള്ളൂ.
തിന്നാനൊന്നും കിട്ടാതെ ബോറടിച്ച് പ്രാന്തു പിടിച്ച വായ വെറും തോന്നലുകളിലാണ് അക്കാലം കഴിച്ച് കൂട്ടിയിരുന്നത്.
അതുകൊണ്ട് വായിൽത്തോന്നിയതെല്ലാം, അല്ലെങ്കിൽ വായയ്ക്ക് തോന്നിയതെല്ലാം വിളിച്ചു.
എത്രയെത്ര ശകാരങ്ങളും ചീത്തപ്പേരുകളുമാണ് ചുമ്മാ മാർജിൻ ഫ്രീ ആയി കിട്ടിയത്.
സംഗതി എന്തായാലും കർക്കടകത്തിന്റെ ചീത്തപ്പേരും ശകാരങ്ങളും ഇപ്പോൾ മാറിയിട്ടുണ്ട്.
നല്ല കാര്യം.
അതു മാത്രമോ? സ്റ്റാറ്റസും നല്ലോണം മെച്ചപ്പെട്ടില്ലേ ?
ഇപ്പൊ കർക്കടകം എന്നും മറ്റും വല്ല വെവരദോഷികളുമേ പറയൂ.
വിവരമുള്ളവർ രാമായണ മാസമെന്ന് ആദരവോടെയും ഭക്തിയോടെയും ഉരുവിടും.

ജനത്തിനെ രാമായണം വായിക്കാൻ പ്രേരിപ്പിക്കുന്നതിൽ നമ്മുടെ പത്രങ്ങളും ടി വി ചാനലുകളും തമ്മിൽ എന്തൊരു പത്തും തികഞ്ഞ പൊരുത്തമാണെന്നോ. കഥാസാരമായിട്ടും പ്രഗൽഭമതികളുടെ വിശദീകരണമായിട്ടും ക്വിസ് പരിപാടികളായിട്ടും കാര്യങ്ങൾ കസറുന്നുണ്ട്. രാമായണപുസ്തകത്തിന്റെ വില്പനയും ഉഷാറാകുന്നതുകൊണ്ട് പുസ്തകക്കച്ചവടക്കാർക്കും കള്ളക്കർക്കടകം എന്നു പറയേണ്ട കാര്യമില്ലാതായി.

തുണിപ്പീടികക്കാർക്കും നല്ലൊരു സുവർണ കാലത്തെയാണ് കർക്കടകം ഇപ്പോൾ സ്വന്തം ചുമലിൽ കയറ്റി കൊണ്ടുവരുന്നത്. ആടിപ്പെരുക്ക്, കിഴിവുകൾ, പലതരം സമ്മാന പദ്ധതികൾ… എല്ലാം കണ്ട് ജനം തുണിപ്പീടികയിൽ ഇരമ്പിക്കയറുന്നു. പഞ്ഞമോ എന്തു പഞ്ഞം? അതെ അതെ, രാമായണ മാസം പോലെ കർക്കടകമൊരു ജൌളി മാസം തന്നെ.

സ്വർണത്തിനു വിലയേറിയാൽ പോലും, സ്വർണപ്പീടികളിൽ കർക്കടകക്കിഴിവായി പണിക്കൂലി കുറച്ച് കിട്ടുമെന്ന ആകർഷണമുണ്ട്. കർക്കടകത്തിൽ സ്വർണം വാങ്ങുമ്പോൾ ഐശ്വര്യം സ്വർണപ്പീടികയിൽ നിന്ന് നമ്മുടെയൊക്കെ വീടുകളിലേക്ക് സ്ട്രെയിറ്റായി ഒരു വളവും തിരിവും കൂടാതെ കയറി വരുമെന്ന അറിയിപ്പും കൂടിയായാൽ പിന്നെ സ്വർണം വാങ്ങാതെ കഴിയുമോ ? അപ്പോൾ രാമായണമാസം പോലെ, ജൌളിമാസം പോലെ കർക്കടകമൊരു സ്വർണമാസം തന്നെ.
ഔഷധ കഞ്ഞിക്കും വിവിധ തരം മരുന്നു സേവയ്ക്കും ധാര, പിഴിച്ചിൽ, തിരുമ്മുകൾക്കും ഒക്കെ പറ്റിയ കാലമാണ് കർക്കടകം. എല്ലാ വൈദ്യവിശാരദന്മാരും പ്രത്യേകം പ്രത്യേകം മരുന്നുകളും കഞ്ഞിക്കിറ്റുകളും ഗംഭീരമായി തയാറാക്കുന്നുണ്ട്. ആരോഗ്യ കാര്യത്തിൽ ബഹു കണിശക്കാരായ നമ്മൾ മരുന്നുകളും കഞ്ഞിയുമെല്ലാം ഓടി നടന്നു സംഘടിപ്പിച്ച് വീട്ടിൽ കൊണ്ടു പോയി കുടിയെടാ കുടി. സ്റ്റാറ്റസ് ഉയർന്നുയർന്ന് രാമായണമാസം പോലെ, ജൌളിമാസം പോലെ സ്വർണമാസം പോലെ കർക്കടകമൊരു ഔഷധമാസം കൂടിയായിരിക്കുന്നു.

ഇനി ഇതിലൊന്നും പെടാതെ പട്ടിണിക്കാരനോ പഞ്ഞക്കാരനോ ആയ വല്ല ദാരിദ്രവാസിയും ബാക്കിയുണ്ടെങ്കിൽ അവന് കർക്കടകത്തെ പഞ്ഞ മാസമെന്നോ കഞ്ഞി മാസമെന്നോ വായയ്ക്ക് രുചി തോന്നിയതു പോലെ വിളിക്കാവുന്നതാണ്.

അപ്പോൾ പിന്നെ ബാക്കിയാകുന്നത് കർക്കടക വാവാണ്. വർഷത്തിലൊരിക്കൽ സ്വന്തം അമ്മയമ്മൂമ്മമാർക്കും അച്ഛനപ്പൂപ്പന്മാർക്കും നമ്മൾ ശാപ്പാട് കൊടുത്ത് ദോഷങ്ങളെല്ലാമകറ്റി പുണ്യം സമ്പാദിക്കുന്ന ദിവസം. വർഷത്തിൽ ആ ഒരു ദിവസം അവർക്കുവേണ്ടിയും, ബാക്കി വർഷം മുഴുവൻ മക്കൾക്കും ചെറുമക്കൾക്കും വേണ്ടിയും ശാപ്പാട് കൊടുക്കുവാൻ പ്രയത്നിച്ച് കഴിയുന്ന മനുഷ്യന്റെ ജന്മം, വർഷത്തിലൊരിക്കൽ മാത്രം ശാപ്പാട് കിട്ടുന്ന ആ പ്രത്യേക സ്റ്റാറ്റസിലേക്ക് ഏതു നിമിഷത്തിലും മാറാവുന്നതേയുള്ളൂ.

അതിന് രാമായണം, തുണി, സ്വർണം, മരുന്ന് എന്നു തുടങ്ങിയ ആരുടേയും അനുമതി വേണ്ട.
കർക്കടകം തന്നെ ആവണമെന്നുമില്ല.

4 comments:

Dr.jishnu chandran said...

വൈദ്യവിശാരദന്‍ മാരെ പറ്റി പറഞ്ഞത് ഇഷ്ടപ്പെട്ടു.. കുറെയൊക്കെ സത്യം തന്നെ ആണ്. കര്‍ക്കിടക കഞ്ഞി എന്നൊക്കെ പറഞ്ഞ് ആള്‍കാരെ പറ്റിക്കുകയാണ് ശരിക്കും മരുന്ന് കമ്പനിക്കാര്‍ ചെയ്യുന്നത്. ആയുര്‍വേദത്തിലെ മഹത്തായ ഒരു സിദ്ധാന്തത്തെ കച്ചവട ലാക്കാക്കി വളച്ചൊടിക്കുകയാണ് ചെയ്യുന്നത്.

Echmukutty said...

ആയുർവേദവും അലോപ്പതിയും ഒന്നും തമ്മിൽ ഒരു ഭേദവുമില്ല.എല്ലാം നമ്മുടെ ഒരു ഭാഗ്യം പോലെ ഇരിക്കും.
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.
തുടർന്നും വായിക്കുമല്ലൊ.

ajith said...

ഇപ്പോള്‍ പഞ്ഞം അത്ര വ്യാപകമല്ലല്ലോ.
അഥവാ പഞ്ഞമാണെങ്കില്‍ത്തന്നെ വൃഥാഭിമാനം കൊണ്ട് കോണകം പുരപ്പുറത്ത് ഇടും. അല്ല, ആര്‍ക്കുമൊട്ട് ശ്രദ്ധിക്കാന്‍ സമയവുമില്ല അയല്പക്കത്ത് അടുപ്പ് പുകയുന്നുണ്ടോന്ന്.

mirshad said...

മലയാളികളുടെ ഇപ്പോഴത്തെ സംസ്കാരവുമായിട്ടുള്ള കൂട്ടിവായന ...