Thursday, February 11, 2010

വെറുതെ…. ഒന്ന്…… കാണാൻ മാത്രം

https://www.facebook.com/groups/thaliyola/permalink/2099717016724640/
താളിയോല

https://www.facebook.com/echmu.kutty/posts/907626416083320
 എച്മുക്കുട്ടി

എത്ര ശ്രമിച്ചിട്ടും അയാൾക്ക് കണ്ണുനീർ ഒതുക്കാൻ കഴിഞ്ഞില്ല.

തനിക്ക് നാലാളറിയുന്ന ഉത്തരവാദപ്പെട്ട ജോലിയും സമൂഹത്തിൽ ഒരു പദവിയും ഉണ്ടെന്ന് അയാൾ മറന്നു കഴിഞ്ഞിരുന്നു.

ഇങ്ങനെ തകർന്ന് ചിതറിപ്പോകുന്നത് ശരിയല്ല എന്ന് മറ്റേത് സന്ദർഭത്തിലാണെങ്കിലും അയാൾ ഓർമ്മിക്കുമായിരുന്നു.

ഇപ്പോൾ ഒന്നിനും കഴിയുന്നില്ല.

കൂടാരം പോലെ  ഉയർത്തി നിറുത്തിയ ബാൻഡേജിനുള്ളിൽ കിടക്കുന്നത് അവളാണ്.

അവൾ മരണം കാത്ത് കിടക്കുകയാണ്.

സൂചിയിറക്കാൻ പോലും ഞരമ്പില്ലാതെ, രക്ഷപ്പെടുവാൻ സാധ്യത തീരെയില്ലാത്ത വിധത്തിലുള്ള പൊള്ളലിൽ അവൾ കരിവാളിച്ചു കഴിഞ്ഞിരിക്കുന്നു.

ഇത്രയും വേദന സഹിച്ചു വേണമോ അവൾക്ക് യാത്രയാകാൻ?

പരിചയം ഭാവിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു. ‘ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്തതാണ്. എല്ലാവരെയും അറിയിക്കാൻ പറഞ്ഞിട്ടുണ്ട്. ഭർത്താവും മറ്റ് ബന്ധുക്കളും ഒക്കെ പുറത്തുണ്ട്. സാറിന് അവരെ കാണണമെങ്കിൽ ……….’

അയാൾ പ്രതികരിച്ചില്ല. തനിക്ക് അവരെയൊന്നും കാണേണ്ട കാര്യമില്ലെന്ന് ഈ ഡോക്ടറെ പറഞ്ഞു മനസ്സിലാക്കിയിട്ടെന്ത്?

പൊടുന്നനെയാണ് ചങ്ക് തകരുന്ന നിലവിളിയുമായി ആരോ മുറിയിലേക്ക് ഓടിക്കയറിയത്.

അയാൾ കണ്ണീർ മറയിലൂടെ ശ്രദ്ധിച്ചു, അവളുടെ അച്ഛൻ......

എട്ട് വർഷങ്ങൾക്ക് മുൻപത്തെ ഔന്നത്യമാർന്ന പ്രതാപം അയാൾ ഓർമ്മിച്ചു, ആ വൈകുന്നേരത്തെ ഓർമ്മിച്ചു.

‘ഇറങ്ങടാ നായേ, ഈ മുറ്റത്തൂന്ന്‘ എന്ന ആക്രോശത്തെ ഓർമ്മിച്ചു.

അപമാനത്താലും നഷ്ടബോധത്താലും തകർന്ന് ചിതറി പൊട്ടിക്കരഞ്ഞു പോയ താഴ്ന്ന ജാതിക്കാരനായ  കാമുകനെ ഓർമ്മിച്ചു.

‘എന്റെ മോളെ അവൻ കൊന്നതാ ഡോക്ടറെ‘…. അവളുടെ അച്ഛൻ ഡോക്ടറുടെ കൈയിൽ ബലമായി പിടിച്ചുകൊണ്ട് ഏങ്ങുകയാണ്.

അയാൾ സ്തബ്ധനായി നിന്നു.

ആണെങ്കിൽ തന്നെ എല്ലാ തെളിവുകളും നശിപ്പിയ്ക്കപ്പെട്ടിരിയ്ക്കും.

ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതം കൊണ്ട് അയാൾക്കത്രയും മനസ്സിലായിരുന്നു. വീട്ടിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ തെളിയിക്കപ്പെടുന്നത് ഏത് കണ്ണു പൊട്ടനും യാതൊരു സംശയവുമില്ലാതെ മനസ്സിലാക്കാനാവുന്ന അടയാളങ്ങൾ ബാക്കിയാവുമ്പോൾ മാത്രമാണ്. 

അവൾക്ക് കുഞ്ഞുങ്ങളുണ്ടായിരിക്കുമോ?

അവളുടെ കുഞ്ഞുങ്ങൾ……….

ആ ഓർമ്മയിൽ അയാളുടെ മനസ്സ് കനൽക്കട്ടയായി പൊള്ളിയടർന്നു.

കണ്ണുകൾ തുടച്ചുകൊണ്ട് അയാൾ ചുറ്റും നോക്കി. താനിവിടെ വന്നിട്ട് എത്ര സമയമായെന്ന് ഓർമ്മിയ്ക്കാൻ കഴിയുന്നില്ല. ആ ഡോക്ടറുടെ മുഖത്ത് നിരാശ മാത്രമേയുള്ളൂ. യാതൊന്നും പ്രതീക്ഷിക്കാനില്ലെന്ന് അദ്ദേഹത്തിന് തികഞ്ഞ നിശ്ചയമുണ്ടോ? എന്നാലും വെറുതെ ഒരു ആശ ആ മുഖത്ത് തെളിയിച്ചു കൂടെ?

അവളുടെ അച്ഛൻ ഒരു പ്രതിമയെപ്പോലെ നിൽക്കുന്നു.

അയാൾ വളരെ പതിയെ അദ്ദേഹത്തിന്റെ തോളിൽ കൈവച്ചു.

അപ്പോൾ അവർക്കിടയിൽ ജാതികളുടെയോ സ്ഥാനമാനങ്ങളുടെയോ ഭാരമുണ്ടായിരുന്നില്ല.

മരണത്തിന്റെ കരിഞ്ഞ ഗന്ധം മാത്രം അവശേഷിച്ചിരുന്നു.

അദ്ദേഹം യാതൊരു മുഖംമൂടിയും ഇല്ലാതെ പൊട്ടിക്കരഞ്ഞു. അയാളും നിയന്ത്രിക്കാനാകാതെ ഏങ്ങലടിച്ചു പോയി.

11 comments:

ശ്രീ said...

ജാതിമത വ്യവസ്ഥകളുടെ പേരും പറഞ്ഞ് യഥാര്‍ത്ഥ പ്രണയത്തെ കണ്ടില്ലെന്ന് നടിക്കുന്നവര്‍ക്ക് തിരിച്ചറിവു വരുമ്പോഴേയ്ക്കും ഇങ്ങനെ കുറേ വൈകിയിരിയ്ക്കും.

തിരുത്താനാകാത്ത ചില തീരുമാനങ്ങളെ പറ്റി ഓര്‍ത്ത് വേദനിയ്ക്കാന്‍ മാത്രം പറ്റും.

പട്ടേപ്പാടം റാംജി said...

വീട്ടിനുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ തെളിയിക്കപ്പെടുന്നത് ഏത് കണ്ണു പൊട്ടനും യാതൊരു സംശയവുമില്ലാതെ മനസ്സിലാക്കാനാവുന്ന അടയാളങ്ങൾ ബാക്കിയാവുമ്പോൾ മാത്രമാണ്

വളരെ ഒതുക്കമുള്ള ശൈലി.
ആശംസകള്‍.

ജയരാജ്‌മുരുക്കുംപുഴ said...

ellaa nanmakalum nerunnu.........

Typist | എഴുത്തുകാരി said...

നമുക്കു ചുറ്റും നടന്നുകൊണ്ടേയിരിക്കുന്ന ഒരു കഥ.

നന്ദന said...

അളവിൽ കവിഞ്ഞ സ്നേഹവും നിരാശയും അതിക്രമത്തിന്റെ പാതസ്വീകരിക്കുമായിരിക്കും എന്തോ? ആ കരിഞ്ഞ മൃതദേഹം മനസ്സിലൊരു കനലായി നിൽക്കുന്നു.

Echmukutty said...

വായിച്ച് അഭിപ്രായം പറഞ്ഞ് പ്രോത്സാഹിപ്പിയ്ക്കുന്ന എല്ലാവർക്കും നന്ദി.
ജയരാജിനും എഴുത്തുകാരിയ്ക്കും പ്രത്യേകം സ്വാഗതവും നന്ദിയും അറിയിയ്ക്കട്ടെ.
ഇനിയും വരുമല്ലോ.

Jyothi Sanjeev : said...

valare nannaayittund katha. jaathi matham ennokke paranju illaathaavunna pranayangal , pinne athinte peril illaathaavunna jeevithangal.
nannayittund.

മുകിൽ said...

Avasanam 'Maranathinte karinja gantam mathram avaseshippichu'.. katha nannayirikkunnu..

Echmukutty said...

ജ്യോതിയ്ക്ക് സ്വാഗതം. പ്രോത്സാഹനത്തിന് നന്ദി.ഇനിയും വരുമല്ലോ.
സതിയ്ക്ക് നന്ദി.

Sabu Hariharan said...

Good visuals.

ajith said...

കൊണ്ടാല്‍ മാത്രം പഠിക്കുന്നവര്‍